Tuesday, November 20, 2012

വശ്യപ്പാറയിൽ മഴപെയ്യുമ്പോൾ....

'ചിന്നാർ കാടുകളിലേയ്ക്ക്... ന്നത്രാവിവത്തിന്റണ്ടാം ാഗമാണ്  'വശ്യപ്പാറയിൽ മഴപെയ്യുമ്പോൾ....'  ഒന്നാം ാഗത്തിലേയ്ക്ക് പോകുവാൻ ഇവിടെ ക്ലിക്ക് െയ്യുക. 
..............................................................................................................................................................
            ചിന്നാർ ചെക്ക്പോസ്റ്റിനരികിലെ എക്കോടൂറിസത്തിന്റെ ഓഫീസിനുള്ളിൽ, വൈശ്യപ്പാറയിലേയ്ക്ക്, ഞങ്ങൾക്കൊപ്പം വരുന്ന വാച്ചർക്കുവണ്ടിയള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ.ണ്ട് 15 മിനിറ്റുനേരത്തെ കാത്തിരിപ്പിനുശേഷം മൂന്ന് വാച്ചർമാർ ഓഫീസിലേയ്ക്ക് എത്തിച്ചേർന്നു.

ഗോപാലൻ എന്ന വാച്ചറായിരുന്നു വശ്യപ്പാറയിലേയ്ക്ക് വരുവാനായി ഓഫീസിലേയ്ക്ക് കയറിവന്നത്.... കാഴ്ചയിൽ വളരെ ചെറിയ ഒരു മനുഷ്യൻ... നിഷ്കളങ്കമായ ചിരി... നീളമുള്ള ഒരു വെട്ടുകത്തി എടുത്ത് അരയിൽ കെട്ടിയിരുന്ന തോർത്തിനിടയിൽ തിരുകി, ഗോപാലൻ ചേട്ടൻ പെട്ടന്നുതന്നെ യാത്രയ്ക്ക് തയ്യാറായി.
വാച്ചർ ഗോപാലൻ ചേട്ടൻ.
           സമയം അധികം നഷ്ടപ്പെടുത്താതെ ഞങ്ങൾ മൂന്നുപേരും ബൈക്കിൽ യാത്ര ആരംഭിച്ചു. ചിന്നാർ ചെക്ക്പോസ്റ്റിൽനിന്നും, മറയൂരിലേയ്ക്കുള്ള വഴിയേ കുറച്ചുദൂരം സഞ്ചരിച്ചശേഷമാണ്, വനത്തിലൂടെ വശ്യപ്പാറയിലേയ്ക്കുള്ള യാത്ര ആരംഭിയ്ക്കുന്നത്. മെയിൻറോഡിലൂടെ കഷ്ടിച്ച് രണ്ടുകിലോമീറ്റർ പിന്നിട്ടുകാണണം, വഴിയുടെ ഇടതുവശത്തായി പാമ്പാറിന്റെ കരയിലെ വ്യക്ഷങ്ങൾക്കിടയിലൂടെ ഒരു ആദിവാസി ഊരിന്റെ  ദൃശ്യങ്ങൾ കണ്ടുതുടങ്ങി.

" സാറേ, ഞങ്ങളെ ഇവിടെ ഇറക്കിയിട്ട് ഈ വഴിയേ തോടിനക്കരെ കാണുന്ന, കുടിയിലേയ്ക്ക് പൊയ്ക്കോ. ഞങ്ങൾ രണ്ടുപേരും നടന്നുവരാം.. വഴി വളരെ മോശമാ.. എല്ലാവർക്കുംകൂടി ആ വഴിയേ, ബൈക്കിൽ പോകാൻ പറ്റില്ല" ആദിവാസിക്കുടിയിലേയ്ക്ക് തിരിയുന്ന ഒരു കാട്ടുവഴിയുടെ സമീപമെത്തിയപ്പോൾ ഗോപാലൻ ചേട്ടൻ പറഞ്ഞു.

രണ്ടുപേരേയും വഴിയിലിറക്കിയശേഷം മലവെള്ളപ്പാച്ചിലിൽ ചാലുതിരിഞ്ഞുകിടക്കുന്ന വഴിയേ ഞാൻ പാമ്പാറിന്റെ തീരത്തേയ്ക്കിറങ്ങി. ചരലുകളും, കല്ലുകളും ഇളകിക്കിടക്കുന്ന പരുക്കൻ വഴി.... കൂടാതെ കുത്തനെയുള്ള ഇറക്കവും... വീഴാതെ, വണ്ടി പാമ്പാറിന്റെ കരയിൽവരെ എത്തിയ്ക്കുവാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു.. ഇവിടെ ഒരു ബൈക്കിനു സുഖമായി കടന്നുപോകാവുന്നത്ര വീതിയിൽ, പാമ്പാറിനു കുറുകെയായി ഒരു കോൺക്രീറ്റ്പാലം പണീതീർത്തിട്ടുണ്ട്...... പാലത്തിനടിയിലൂടെ കണ്ണീർ പോലെ തെളിഞ്ഞ, പർവ്വതനിരയുടെ പനിനീരുമായി പാമ്പാർ ഒഴുകുന്നു.. 

പാലം കടന്ന് അക്കരെയെത്തുന്നതോടെ ആദിവാസികളുടെ വീടുകൾ ആരംഭിയ്ക്കുകയായി.... അവയിൽ ഏറെയും ഗവണ്മെന്റിന്റെ പദ്ധതികളിൽപ്പെടുത്തി നിർമ്മിയ്ക്കപ്പെട്ട വീടുകളാണെന്ന് ആദ്യകാഴ്ചയിൽ തന്നെ തിരിച്ചറിയാം... വീട് ലഭിയ്ക്കാത്തവരാകണം, കാട്ടുമരച്ചില്ലകളിൽനിന്നും വലിച്ചുക്കെട്ടിയ പടുതയുടെ കീഴിൽ താമസിയ്ക്കുന്നവരുമുണ്ട്.... ആ ചെറിയ പടുതയുടെ കീഴിലാണ്,  അടുപ്പും, കിടപ്പും, കുട്ടികളും, ആടുകളും, നായ്ക്കളുമൊരുമിച്ച് ഒരു കുടുംബം മുഴുവൻ ദിവസങ്ങൾ തള്ളിനീക്കുന്നത്.
ഗോപാലൻ ചേട്ടന്റെ വീട്.
        നമ്മുടെ സർക്കാരുകൾ ആദിവാസി - പിന്നോക്കവിഭാഗങ്ങളുടെ പുനരുദ്ധാരണം എന്ന പേരിൽ കോടിക്കണക്കിന് തുക ചിലവഴിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു  നാട്ടിലാണ് ഈ ആദിവാസികുടുംബങ്ങൾ, ജീവിയ്ക്കുവാൻ മാർഗ്ഗവുമില്ലാതെ ഒരു പ്ലാസ്റ്റിക്‌ഷീറ്റിനടിയിൽ ദുരിതജീവിതം തള്ളിനീക്കുന്നത്... വൈദ്യുതിയോ, വെള്ളമോ, എന്തിനേറെ പ്രാഥമികസൗകര്യങ്ങൾപോലും ഈ കുടികളിലുള്ളവർക്ക് ഒരു വിദൂരസ്വപ്നം മാത്രമായി ഇന്നും അവശേഷിയ്ക്കുന്നു.. സ്വന്തമായി വാഹനമില്ലാത്ത ആദിവാസികൾക്കായി പണിയുന്ന റോഡുകൾ പാഴ്ചിലവാകുമെന്ന് ഭയന്നിട്ടാകണം, പാമ്പാറിനുകുറുകെ ഒരു പാലം നിർമ്മിച്ചതൊഴിച്ചാൽ ബാക്കിയുള്ള നടപ്പാതകൾ, കാട്ടുവഴികളായിത്തന്നെ ഇന്നും അവശേഷിയ്ക്കുന്നത്...

ചരലും, പാറക്കെട്ടുകളും, കുന്നും, കുഴിയും നിറഞ്ഞുകിടക്കുന്ന ആ വഴികളിലൂടെ ഒരു ബൈക്ക് യാത്രപോലും സാഹസികമായി തോന്നിയെങ്കിൽ അത്ഭുതപ്പെടാനില്ല.. അത്ര ദുഷ്കരമായിരുന്നു ആ വഴിയിലൂടെയുള്ള യാത്ര... പാതയുടെ ഒരു വശത്ത് പാമ്പാർ നദിയും, മറുവശത്ത് മുൾക്കാടുകൾ നിറഞ്ഞ വനഭൂമിയും.... അതിന്റെ മദ്ധ്യത്തിലുള്ള ഈ കുടിയിലെ  താമസക്കാർ 'മലപ്പുലയർ' എന്ന പേരിലറിയപ്പെടുന്ന ആദിവാസി വിഭാഗമാണ്.. ബൈക്കുമായി കുടിയുടെ മദ്ധ്യത്തിലെത്തുമ്പോഴേയ്ക്കും ജോണിയും, ഗോപാലൻചേട്ടനും അവിടേയ്ക്ക് നടന്നെത്തിക്കഴിഞ്ഞിരുന്നു.. അല്ലെങ്കിലും ദുർഘടമായ ഈ കാട്ടുവഴികളിൽ ചക്രം ഘടിപ്പിച്ച യന്ത്രങ്ങളേക്കാൾ വേഗത, മനുഷ്യന്റെ കാലുകൾക്കു തന്നെയാണെന്നതിൽ സംശയമില്ല.

വഴിയോരത്ത് പടർന്നുകിടക്കുന്ന ഒരു കാട്ടുമരത്തിന്റെ തണലിൽ ബൈക്ക് നിറുത്തിയശേഷം ഞങ്ങൾ ഗോപാലൻ‌ചേട്ടന്റെ വീട്ടിലേയ്ക്ക് നടന്നു. ഇവിടെ വീടുകളെല്ലാംതന്നെ ഏതാണ് ഒരേ മാതൃകയിൽത്തന്നെ നിർമ്മിച്ചവയാണ്... രണ്ടുമുറികളിൽ തീർത്ത ചെറിയ കോൺക്രീറ്റ് വീടുകൾ.. പുതിയ സന്ദർശകരെ കണ്ടിട്ടാകണം,  കുട്ടികളുടെ സംഘങ്ങൾ പലയിടത്തുനിന്നും എത്തിനോക്കുന്നുണ്ട്.. വർണ്ണപ്പകിട്ടുള്ള കുപ്പായങ്ങളും, നാവിന്റെ രസമുകുളങ്ങളിൽ സ്വാദിന്റെ അനുഭൂതികൾ സൃഷ്ടിയ്ക്കുവാൻ കഴിയുന്ന ഭക്ഷണങ്ങളും, ആഡംബരങ്ങളുമായി ഒരു സമൂഹം ജീവിതം ധൂർത്തടിയ്ക്കുമ്പോൾ, അവയൊന്നും സ്വപ്നങ്ങളിൽപ്പോലും കടന്നുവരാൻ മാർഗ്ഗമില്ലാതെ, കീറിത്തുന്നിയ കുപ്പായങ്ങളും, അരോഗ്യമില്ലാത്ത ശരീരവുമായി  ജീവിതം തള്ളിനീക്കുകയാണ് കാടിനുള്ളിലെ ഈ പുതുതലമുറ.

സാറേ, നിങ്ങൾ ഭക്ഷണം വല്ലതും കൊണ്ടുവന്നിട്ടുണ്ടോ..? വേനലായതുകൊണ്ട് അവിടെ കുടിയ്ക്കുവാനുള്ള വെള്ളം പോലും ഈ സമയത്ത് കിട്ടുകേല"  ഭക്ഷണത്തിന്റെ കാര്യത്തേക്കുറിച്ച് ഗോപാലൻചേട്ടൻ ചോദിയ്ക്കുമ്പോഴാണ് ഞങ്ങൾ അതേക്കുറിച്ച് ചിന്തിയ്ക്കുന്നത് തന്നെ... ബാഗിലുണ്ടായിരുന്ന രണ്ട് ബോട്ടിൽ വെള്ളമല്ലാതെ, മറ്റൊന്നും ഞങ്ങളുടെ കൈവശമുണ്ടായിരുന്നില്ല.. യാത്രയുടെ തിരക്കിൽ, മറ‌യൂരിൽ എത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ ഞങ്ങൾ മറന്നുപോയിരുന്നു.

"സാരമില്ല സാറേ, വെള്ളം ഒരു ഇരുപത് ലിറ്ററെങ്കിലും ഇവിടെനിന്നും നമുക്ക് കൊണ്ടുപോകേണ്ടിവരും... മലമുകളിൽ അത്രയ്ക്ക് ചൂടാണ്... റേഷനരി കഴിയ്ക്കുമെങ്കിൽ നമുക്ക് അരി കൊണ്ടുപോകാം..... അവിടെ കഞ്ഞിയും. കറിയും വെയ്ക്കാനുള്ള സൗകര്യമൊക്കെയുണ്ട്." എവിടെയാണെങ്കിലും, ഭക്ഷണത്തിന്റെ കാര്യത്തിൽ വലിയ നിബന്ധനകളൊന്നും വച്ചുപുലർത്തുന്ന സ്വഭാവമില്ലാത്തതിനാൽ, തോർത്തിനുള്ളിൽ, അരിയും, തക്കാളിയും, പരിപ്പും പൊതിഞ്ഞുകെട്ടി, വലിയ ഒരു കന്നാസിൽ നിറയേ വെള്ളവുമായി ഞങ്ങൾ യാത്രയ്ക്ക് തയ്യാറായി. കോളനിയ്ക്കടുത്തുള്ള ഉണങ്ങിവരണ്ട ഒരു കൈത്തോട് മുറിച്ചുകടന്ന് ഞങ്ങൾ കാടിനുള്ളിലേയ്ക്ക് കയറി. ഇവിടെ കാടിന്റെ അതിർത്തികളിൽ, കാട്ടുമൃഗങ്ങളുടെ ശല്യം തടയുവാനായി ഇലക്ട്രീക് വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ കൂടുതൽ ഭാഗങ്ങളും തകർന്നാണ് കിടക്കുന്നത്..

"ഇത് കാട്ടാനയുടെ പണിയാണ്.. അവർക്ക് ഇങ്ങോട്ട് കടക്കണമെന്ന് തോന്നിയാൽ  വല്ല കമ്പോ, തടിയോ ഒക്കെ എടുത്ത് ഈ വേലിയോക്കെ തല്ലിത്തകർക്കും. അവർക്ക് നമ്മളേക്കാളും ബുദ്ധിയുണ്ട്" ഗോപാലൻചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒരു വഴിയോര ദൃശ്യം.
 കാട് തുടങ്ങുന്ന ഈ ഭാഗങ്ങളിലെല്ലാം ആദിവാസികളുടെ ആട്ടിൻകൂട്ടങ്ങൾ മേഞ്ഞുനടക്കുന്നു. ഇടയ്ക്ക് കുറേ പശുക്കളുമുണ്ട്... ഗോപാലകന്മാരായി കുറേ കുട്ടികൾ അടുത്തുള്ള മരച്ചുവട്ടിലൂടെ കളിച്ചുനടക്കുന്നു.

"ഈ ആടുവളർത്തൽ മാത്രമാണ് ഞങ്ങളുടെ ജീവിതമാർഗ്ഗം.. പിന്നെ ഈ വാച്ചർപണിയിൽനിന്നു കിട്ടുന്ന ശമ്പളവും.. ഇതാണെങ്കിൽ സ്ഥിരമായിട്ടൊന്നുമില്ല സാറേ.. പിന്നെ നിങ്ങളേപ്പോലുള്ളവർ ട്രക്കിംഗിനായി വരുമ്പോഴാണ് ഞങ്ങൾക്ക് എന്തെങ്കിലും കിട്ടുന്നത്... കടുത്ത വേനലായതുകൊണ്ട് ഇപ്പോൾ അതുമില്ല.. മഴക്കാലത്ത് റേഷനരിയും, ആറ്റിൽ നിന്നും പിടിയ്ക്കുന്ന മീനും ഒക്കെ വേവിച്ചുതിന്നാണ് ഞങ്ങൾ കഴിഞ്ഞുകൂടുന്നത്." ജീവിതത്തിന്റെ ബുദ്ധിമുട്ടുകളേക്കുറിച്ച്, മലകറാൻ തുടങ്ങുന്നതിനിടെ  ഗോപാലൻചേട്ടൻ പറഞ്ഞുതുടങ്ങി.

വശ്യപ്പാറയിലേയ്ക്ക് ഇനിയുള്ള  ദൂരം മുഴുവൻ, കുത്തനേയുള്ള കയറ്റമാണ്.... കത്തിയെരിയുന്ന വെയിൽ...  മുൾക്കാടുകളും, കൂറ്റൻ കള്ളിച്ചെടികളും നിറഞ്ഞ വനത്തിലൂടെ വളഞ്ഞും, പുളഞ്ഞും കിടക്കുന്ന കാട്ടുവഴികൾ.. അതിവിശാലമായ ചിന്നാർ താഴ്വരയുടെ മദ്ധ്യത്തിൽ, വലിയ മുഴപോലെ ഉയർന്നുനിൽക്കുന്ന കുന്നിന്റെ മുകളിലേയ്ക്കാണ് ഞങ്ങൾ കയറിക്കൊണ്ടിരുന്നത്.. വെയിലിന്റെ തീവ്രതയും, കയറ്റവും കൂടിവരുന്തോറും, വെള്ളം നിറഞ്ഞ കുപ്പികൾ കാലിയായിക്കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള മലമടക്കുകളിൽ  മുൾക്കാടുകൾ, ചെറുമരങ്ങൾ തിങ്ങിവളർന്നുനിൽക്കുന്ന ചോലക്കാടുകളായി രൂപാന്തരം പ്രാപിയ്ക്കുന്നുമുണ്ട്..... അവയുടെ തണലിലേയ്ക്കും, കുളിരിലേയ്ക്കും എത്തുമ്പോൾ മാത്രമായിരുന്നു കടുത്ത ചൂടിൽനിന്നും അല്പമെങ്കിലും ആശ്വാസം അനുഭവപ്പെട്ടിരുന്നത്.
ചെമ്പകമെട്ടിൽ അല്പസമയം വിശ്രമം...
മലകയറി ഒരു കിലോമീറ്ററോളം പിന്നിട്ടുകഴിഞ്ഞപ്പോൾ നിരപ്പായ ഒരു പാറയുടെ മുകളിലേയ്ക്ക്, ഞങ്ങൾ എത്തിച്ചേർന്നു. ചിന്നാറിൽനിന്നുമുള്ള യാത്രതുടങ്ങിയതിനുശേഷം കണ്ട, മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. താഴ്വരയിലേയ്ക്ക് കുത്തനെ കിടക്കുന്ന പാറക്കൂട്ടത്തിന്റെ വരമ്പിൽ തഴച്ചുവളർന്ന് പൂവിട്ട് നിൽക്കുന്ന രണ്ട് ചെമ്പകമരങ്ങൾ.. യാത്രയുടെ ക്ഷീണം വീശി‌യകറ്റിക്കൊണ്ട്, ഒഴുകിയെത്തുന്ന കുളിർകാറ്റ്.. ചുവപ്പും, മഞ്ഞയും, ഓറഞ്ചും നിറങ്ങളിൽ തളിരിട്ടുനിൽക്കുന്ന താഴ്വരയിലെ കാടുകൾ... ഈ കാഴ്ചകൾ കൊണ്ട് കണ്ണും, മനസ്സും നിറച്ച് അല്പസമയം ഞങ്ങൾ അവിടെ വിശ്രമിച്ചു.

വിയർത്തൊട്ടിയ ഷർട്ടുകൾ അഴിച്ചുമാറ്റി, ചെമ്പകമരങ്ങളുടെ തണലിലേയ്ക്ക്  ജോണിയും, ഗോപാലൻ ചേട്ടനും നീണ്ടുനിവർന്ന് കിടന്നപ്പോൾ ഞാൻ ക്യാമറയുമെടുത്ത് ചുറ്റുവട്ടത്തെ കാടുകളിലേയ്ക്ക് നടന്നു. കാടുകൾക്കുള്ളിലേയ്ക്ക് അല്പം കയറിപ്പോൾതന്നെ കണ്ണിൽപ്പെടുന്നത് പഴക്കമേറിയതും, പുതിയതുമായ ആനപ്പിണ്ടങ്ങളാണ്.. കാട്ടുപോത്തുകളുടെയും, മാൻകൂട്ടങ്ങളുടെയും കുളമ്പടയാളങ്ങൾ... കാട്ടുമൃഗങ്ങൾ ആരേയും ഭയപ്പെടാതെ, കൂത്താടിനടക്കുന്ന സ്ഥലങ്ങളാണിതെന്ന് ആദ്യനോട്ടത്തിൽതന്നെ വ്യക്തമായി... കൂടാതെ പരിചയമില്ലാത്ത സ്ഥലങ്ങളും.. അധികം ഉള്ളിലേയ്ക്ക് കയറാതെ, അല്പനേരം ചുറ്റിനടന്ന്, സമീപത്തെ കുറ്റിക്കാടുകൾക്കിടയിലൂടെ പറന്നുകളിച്ചിരുന്ന ചില കിളികളുടെ ചിത്രങ്ങളും പകർത്തി, ഞാൻ തിരികെ നടന്നു.

ചെമ്പകമേട്ടിലെത്തുമ്പോൾ ജോണിയും, ചേട്ടനും വിശ്രമം അവസാനിപ്പിച്ച് യാത്രയ്ക്ക് തയ്യാറായിരുന്നു. അല്പദൂരംകൂടി നിരന്നുകിടക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ചശേഷം ഞങ്ങൾ വീണ്ടും മലകയറ്റം ആരംഭിച്ചു... ഇതുവരെ കണ്ടിട്ടില്ലാത്ത, അപൂർവ്വ മരങ്ങളുടെ പ്രദർശനമാണ്  വഴിയോരങ്ങളിൽ... വിവിധ ആകൃതിയിലും, വലിപ്പത്തിലുമുള്ള മുൾച്ചെടികൾ... കുറ്റിക്കാടുകൾക്കു മുകളിലൂടെയും, മരങ്ങളിലൂടെയും പടർന്നുകിടക്കുന്ന ചങ്ങലംപരണ്ടകൾ... നാലു മൂലകളുള്ള നീണ്ട ക്യാപ്സൂളുകൾ കോർത്തിണക്കിയ ചങ്ങല പോലെയാണ് ഈ  ചെടി കാണപ്പെടുന്നത്.. അതുകൊണ്ടുതന്നെയാകണം ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്‌. Bone setter Plant (Cissus quadrangularis) എന്നറിയപ്പെടുന്ന, ആയൂർവ്വേദ ചികിത്സയിൽ ഏറെ ഉപയോഗിയ്ക്കപ്പെടുന്ന മുന്തിരി‌യുടെ കുടുംബത്തിൽപ്പെടുന്ന ചങ്ങലംപരണ്ടകൾ, ചിന്നാർ കാടുകളിലെവിടെയും ഒരു സാധാരണ കാഴ്ചയാണ്.
പ്രകൃതിയുടെ ചിത്രവിദ്യ : കെളുവം
             ആദ്യമായി ഈ കാടുകളിലൂടെ സന്ദർശിയ്ക്കുന്നവരെ ഏറെ ആകർഷിയ്ക്കുന്ന ചില മരങ്ങളെ ഗോപാലൻ ചേട്ടൻ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു.. കടും പച്ചനിറമുള്ള തൊലിയിൽ, പ്രത്യേക തരത്തിലുള്ള ഡിസൈനുകൾ നിറഞ്ഞ കെളുവം എന്ന് മരമാണ് അവയിൽ ഏറെ ആകർഷകം... ഇരുണ്ട കാടിനുള്ളിൽ അലൂമിനിയം പൗഡർ തേച്ചുപിടിപ്പിച്ചതുപോലെ, തിളക്കമുള്ള തായ്ത്തടിയുമായി വളരുന്ന സ്റ്റീൽമരം... നാടൻ നാരങ്ങയുടെ ഇരട്ടി സുഗന്ധവുമായി നിറയേ കായ്ച്ചുനിൽക്കുന്ന കാട്ടുനാരകങ്ങൾ... നിലാവ് ഉദിയ്ക്കുന്ന  രാത്രികളിൽ, ചന്ദ്രപ്രഭയെ ഇലകളിൽ പ്രതിഫലിപ്പിച്ച്, ഫ്ലൂറസന്റ് വെളിച്ചം വിതറുന്ന അപൂർവ്വമരങ്ങൾ..... അങ്ങനെ പ്രകൃതിയുടെ അത്ഭുതങ്ങളെ തനിയ്ക്കറിയാവുന്ന വിധത്തിലെല്ലാം ചേട്ടൻ ഞങ്ങൾക്ക് വിവരിച്ചു തന്നുകൊണ്ടിരുന്നു.

ഏതാണ്ട് അരമണിയ്ക്കൂർസമയം കൂടി ഞങ്ങൾ കുത്തനേയുള്ള കയറ്റം കയറിക്കൊണ്ടിരുന്നു.. പുല്ലുകൾ വളർന്നുനിൽക്കുന്ന ഇടവഴികളിൽ കാട്ടുമുയലുകൾ പലപ്പോഴും കുറുകേ പാഞ്ഞുകൊണ്ടിരുന്നു.. ഇടതൂർന്നു കിടക്കുന്ന വൃക്ഷപ്പടർപ്പുകളിൽ മലയണ്ണാന്മാരുടെ കൂടുകൾ... വളരെ അപൂർവ്വമായ ചാമ്പൽ മലയണ്ണാൻ എന്നയിനത്തിന്റെ സുരക്ഷിതസങ്കേതം കൂടിയാണ് ഈ ചിന്നാർകാടുകൾ... അവർതന്നെയാകണം ഈ കൂടുകളുടെയും നിർമ്മാതാക്കൾ... അധികം ഉയരത്തിലല്ലാതെ, കരിയിലകൾ കൂട്ടിയുണ്ടാക്കിയ ഒരു കൂടിന്റെ ചിത്രമെടുക്കുവാനായി ഞാൻ കാട്ടിലേയ്ക്കിറങ്ങി.

" ആ കൂടിനകത്ത് ഒന്നും കാണത്തില്ല സാറേ, അതൊക്കെ അവർ പരുന്തിനേ പറ്റിയ്ക്കുവാൻ വേണ്ടി ഉണ്ടാക്കുന്നതാ.. ഒരു എട്ടൊൻപത് കൂടെങ്കിലും ഇതുപോലെ അവർ ഒരു സ്ഥലത്തുതന്നെ ഉണ്ടാക്കും... പക്ഷേ അതിൽ ഒന്നുമാത്രമേ ഉപയോഗിയ്ക്കുകയുള്ളു.. വൈകുന്നേരം ഈ കൂട്ടിലൂടെയൊക്കെ കയറിയിറങ്ങി നടക്കുമെങ്കിലും, ഇരുട്ടാകുമ്പോൾ എറ്റവും സുരക്ഷിതമായി ഉണ്ടാക്കിവച്ചിരിയ്ക്കുന്ന കൂട്ടിലേയ്ക്ക് പോകും..  അതിലായിരിയ്ക്കും കുഞ്ഞുങ്ങളും ഉണ്ടാകുക" കൂടിന്റെ ചിത്രമെടുത്തശേഷം കയറി ച്ചെന്നപ്പോൾ ചേട്ടൻ പറഞ്ഞു.
വശ്യപ്പാറയിലെ കുടിൽ.
             ഞങ്ങൾ വശ്യപ്പാറയിലെ കുടിലിന്റെ സമീപത്തേയ്ക്ക് എത്തിച്ചേർന്നിരുന്നു... മലമുകളിലേയ്ക്ക് കയറിച്ചെല്ലുന്തോറും മലയടിവാരത്തിലുടനീളം പരന്നുകിടക്കുന്ന കാടുകളുടെ സൗന്ദര്യം, മറയില്ലാതെ ദൃശ്യമായിത്തുടങ്ങി.. അതിനുമപ്പുറം കോട്ടകെട്ടിയതുപോലെ ഉയർന്നുനിൽക്കുന്ന കൂറ്റൻ ഗിരിനിരകൾ... ഒരു പാറക്കെട്ടിനടിയിലൂടെ നടന്നുകയറിയതോടെ വശ്യപ്പാറയിലെ മൺകുടിൽ ഞങ്ങളുടെ കണ്മുൻപിലേയ്ക്ക് തെളിഞ്ഞു.

ആദ്യകാലകുടിയേറ്റക്കാർ മണ്ണുകൊണ്ട് നിർമ്മിച്ചിരുന്ന ചെറുകുടിലുകളുടെ മാതൃകയിൽത്തന്നെയാണ് വശ്യപ്പാറയിലെ മൺകുടിലിന്റെയും നിർമ്മാണം.. കാട്ടുപുല്ലുകൾകൊണ്ട് മേഞ്ഞ്, അതിനടിയിൽ പരമ്പ് അടിച്ച് വൃത്തിയാക്കിയിരിയ്ക്കുന്ന ഈ കൊച്ചുവീടിന് രണ്ട് മുറികളാണുള്ളത്.. ഒരേസമയം 4 -5 സഞ്ചാരികൾക്ക് താമസിയ്ക്കുവാനുള്ള സൗകര്യമുണ്ട്.. വെളിയിൽ വൃത്തിയായി നിർമ്മിച്ചിരിയ്ക്കുന്ന ബാത്റും.. അല്പം മാറി ഭക്ഷണം പാകം ചെയ്യുവാനുള്ള ഒരു ചെറിയ അടുക്കളയുമുണ്ട്..
മഴപെയ്തു വരുമ്പോൾ...
വീടിനുള്ളിൽനിന്നും ചൂരൽക്കസേരകളെടുത്ത് വെളിയിലിട്ട്, ഞങ്ങൾ വശ്യപ്പാറയുടെ സൗന്ദര്യത്തിലേയ്ക്ക് മനസ്സുതുറന്നു.. കേരളത്തിലെ പല വനമേഖലകളിലൂടെയും സഞ്ചരിയ്ക്കുവാനായിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ, പുതിയ ഒരു അനുഭവം തന്നെയായിരുന്നു വശ്യപ്പാറയിലെ കാഴ്ചകൾ പകർന്നുതന്നത്.... കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന താഴവരകൾ വിദൂരതയിലുള്ള നീല മലനിരകളുമായി ലയിച്ചുചേരുന്ന കാഴ്ചയാണ് ഏറെ ആകർഷണീയം.... അതിൽ ഒരു ഭാഗം ചെന്ന് ചേരുന്നത് ഇന്ദിരാഗാന്ധി കടുവ സങ്കേതത്തിലേയ്ക്കാണ്. മറുവശത്ത് തേങ്ങാമല എന്ന് ഗോപാലൻ ചേട്ടൻ പരിചയപ്പെടുത്തിയ കൂറ്റൻ മലനിരകൾ......  ഇതിന്റെയൊക്കെ ഇടയിലായി കഞ്ചാവുകൃഷിയിലൂടെ
കുപ്രസിദ്ധിയാർജ്ജിച്ച കമ്പക്കല്ല് - കടവരി മലനിരകളുടെ മങ്ങിയ ദൃശ്യങ്ങൾ. കാടും, മലയും, സമതലവും, കത്തിയെരിയുന്ന ചൂടും, ഇടയ്ക്ക് ആശ്വാസമായി എത്തുന്ന കാറ്റും..... എല്ലാം കൊണ്ടും വ്യത്യസ്തമായ പ്രകൃതിഭാവങ്ങളുടെ ഒരു മായാമനോഹരസമന്വയം.... അകമ്പടിയായി വിദൂരതയിലെ മലനിരകൾക്കു പിന്നിൽനിന്നും ഒഴുകിവരുന്ന മഴമേഘങ്ങ.... പ്രകൃതിയുടെ എല്ലാ ഭാവങ്ങളും, ആത്മാർത്ഥമായ പരിസ്ഥിതിസ്നേഹം മനസ്സിൽ സൂക്ഷിയ്ക്കുന്നവർക്കുമാത്രം അനുഭവവേദ്യമാക്കുവാനായി, ഈ മലമടക്കുകൾക്കിടയിൽ ആരുമറിയാതെ ഒളിപ്പിച്ചുവച്ചിരിയ്ക്കുകയാണെന്നുതന്നെ പറയാം....
താഴ്വരയിൽനിന്നൊരു ദൃശ്യം.
താഴ്വരയിലെ കാടുകളിൽനിന്നും ഏതൊക്കെയോ മൃഗങ്ങളുടെയും, പക്ഷികളുടെയും ശബ്ദങ്ങൾ ഉയർന്നുവരുന്നുണ്ട്.. പക്ഷേ അവയിൽ തിരിച്ചറിയുവാൻ കഴിയുന്നത് പുള്ളിമാനുകളുടെയും, മയിലിന്റെയും, കാട്ടുകോഴിയുടെയും ശബ്ദം മാത്രമാണ്.. അവയെങ്കിലും പുറത്തേയ്ക്കിറങ്ങുമെന്ന് പ്രതീക്ഷിച്ച് ഏറെനേരം താഴ്വരയിലേയ്ക്ക് കണ്ണുംനട്ടിരുന്നുവെങ്കിലും, ഞങ്ങളെ നിരാശ്ശരാക്കി, അവ കാടുകൾക്കുള്ളിൽത്തന്നെ മറഞ്ഞിരുന്നു.....

" ഈ മെട്ട് കയറി മുകളിലെത്തിയാൽ നല്ല കാഴ്ചകളുണ്ട്.. മഴ വരുന്നതിനുമുൻപ് നിങ്ങൾ അവിടെയൊക്കെ നടന്നു കാണ്.. ഞാൻ അപ്പോഴേയ്ക്കും ചോറ് വയ്ക്കുവാൻ തുടങ്ങാം" ഒരു നടപ്പുവഴി  കാണിച്ചുതന്നശേഷം, പരിസരത്തുനിന്നും ഒടിച്ചെടുത്ത ഒരു കെട്ട് ചുള്ളിക്കമ്പുകളുമായി ഗോപാലൻ ചേട്ടൻ അടുക്കളയിലേയ്ക്ക് നടന്നു.
മഴ പെയ്തു വരുമ്പോൾ....
നരച്ച താഴ്വരക്കാഴ്ചകളോട് യാത്ര പറഞ്ഞ്, ക്യാമറകളുമെടുത്ത് കുടിലിന്റെ പിന്നിലുള്ള പാറക്കെട്ടിലൂടെ ഞങ്ങൾ മുകളിലേയ്ക്ക് കയറി.. എത്രത്തോളം ഉയരത്തിലേയ്ക്ക് കയറുന്നുവോ, അത്രത്തോളം താഴ്വര ക്കാഴ്ചകളുടെ ഭംഗി കൂടിവരുന്നു..  പാറക്കെട്ടിന്റെ മുകളിലെത്തിയാൽ നാലുപാടും കാടിന്റെ പച്ചക്കടൽ ഇളകിമറിയുന്ന കാഴ്ച മാത്രം.. ഏതാണ്ട് 2-3 കിലോമീറ്ററുകളെങ്കിലും അകലെയായി തേങ്ങാമല  ആകാശത്തെ സ്പർശിയ്ക്കുവാനെന്നപോലെ തലയുയർത്തി നിൽക്കുന്നു..  പാറക്കെട്ടിന്റെ മുകളിൽ ഒരു ചെറിയ പാറക്കുഴിയുണ്ട്... വശ്യപ്പാറയിലെത്തുന്ന സഞ്ചാരികൾക്കായി വെള്ളം സംഭരിച്ചുവയ്ക്കുവാനുള്ള പ്രകൃതിദത്തമായ ഒരു ജലസംഭരണികൂടിയായി ഇത് ഉപയോഗിയ്ക്കാറുണ്ട്... പക്ഷേ എന്നോ പെയ്തുതോർന്ന മഴയിൽ നിറഞ്ഞുകിടന്ന വെള്ളത്തിൽ, ഇപ്പോൾ കൂത്താടിയും, പുഴുക്കളും നിറഞ്ഞിരിയ്ക്കുന്നു.. കാട്ടുപോത്തുകളും, മാൻകൂട്ടവും വെള്ളം തേടി പതിവായി ഇവിടെ വരാറുണ്ടെന്ന് പരിസരക്കാഴ്ചകളിൽ നിന്നും വ്യക്തമാണ്.. ഇളകിയ ചെളിമണ്ണിൽ നിറയെ കുളമ്പടയാളങ്ങൾ... മരത്തൊലികളും, കുറ്റിക്കാടുകളും പറ്റെ കാട്ടുമൃഗങ്ങൾ തിന്നുതീർത്തിരിയ്ക്കുന്നു.. ഒരു മണിയ്ക്കൂറോളം അവിടെ  ചുറ്റിത്തിരിഞ്ഞ് കുറച്ചു പക്ഷികളേയും, ഓന്തുകളേയുമൊക്കെ ക്യാമറയിൽ പകർത്തി ഞങ്ങൾ തിരികെയിറങ്ങി.
ദൂരെ, കമ്പക്കല്ല് - കടവരി മലനിരകൾക്കുമുകളിലൂടെ മഴമേഘങ്ങൾ ഒഴുകിവന്നുകൊണ്ടിരുന്നു.. ഒപ്പം ശക്തിയേറിയ കാറ്റും..... ഉണങ്ങിവരണ്ട മണ്ണിനുമുകളിലേയ്ക്ക് മഴത്തുള്ളികൾ ചിതറി വീണുതുടങ്ങി... പൊടിമണ്ണിന്റെ മത്തുപിടിപ്പിയ്ക്കുന്ന ഗന്ധം വായുവിലെങ്ങും നിറഞ്ഞു... ഒരു മഴയ്ക്കായി കാത്തിരുന്ന കാടിനേയും,  കാട്ടുമൃഗങ്ങളേയും ഉന്മത്തരാക്കി പേമാരി തകർത്തുപെയ്തു തുടങ്ങിയതോടെ ഞങ്ങൾ കുടിലിനുള്ളിലേയ്ക്ക് ഓടിയിറങ്ങി.

" സാറേ, ആനക്കൂട്ടം.... താഴെ വന്നിട്ടുണ്ട്...." പെരുമഴയുടെ ചന്തം, ആസ്വദിച്ച്  കുടിലിന്റെ തിണ്ണയിലിരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് മഴയ്ക്കിടയിലൂടെ ഗോപാലൻ ചേട്ടൻ ഓടിയെത്തി... ഏറെ അകലെയായി മഴനനഞ്ഞ് നീങ്ങിക്കൊണ്ടിരുന്ന ആനകളെ ചേട്ടൻ ചൂണ്ടിക്കാണിച്ചുതന്നപ്പോഴാണ് ഞങ്ങൾ കാണുന്നത്... ഒന്നുരണ്ട് കുട്ടികളടക്കം ഏഴോ എട്ടോ ആനകൾ അടങ്ങുന്നതായിരുന്നു ആ കൂട്ടം.... കനത്ത മഴയും, വെളിച്ചക്കുറവും, ദൂരവും ആനച്ചിത്രങ്ങൾ പകർത്തുവാൻ തടസ്സമായെങ്കിലും, കണ്ണുകൾക്ക് വിരുന്നായി തുറസ്സായ സ്ഥലത്തുകൂടി അവ ദൂരേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു..
വശ്യപ്പാറയിലെ പാചകപ്പുര.
ആനക്കൂട്ടം കാടുകൾക്കിടയിലേയ്ക്ക് മറഞ്ഞതോടെ ഞങ്ങൾ ഊണുകഴിയ്ക്കുവാൻ നീങ്ങി.. നല്ല ചാക്കരിച്ചോറും, പരിപ്പും തക്കാളിയും, പുളിയും  ചേർത്തുണ്ടാക്കിയ കറിയും.. മലകയറി ഇറങ്ങിയതിന്റെ ക്ഷീണം തീർക്കുവാൻ അത് ഞങ്ങൾക്ക് ധാരാളമായിരുന്നു. കാര്യമായ ചേരുവകളോന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും പരിപ്പുകറികൂട്ടിയുള്ള ഊണ് അതീവരുചികരമായിരുന്നുവെന്ന് പറയാതെ പറ്റില്ല.... ഗോപാലൻ ചേട്ടന്റെ പാചകം ഗംഭീരം തന്നെ.. !

അരമണിയ്ക്കൂറോളം തകർത്തുപെയ്തശേഷം മഴയുടെ ശക്തി കുറഞ്ഞുവന്നു.. അന്തരീക്ഷം വീണ്ടും തെളിയുകയാണ്.. മേഘക്കീറുകൾക്കിടയിലൂടെ വെയിലും, മലനിരകൾക്കു പിന്നിൽനിന്നും കോടമഞ്ഞും ഒരുപോലെ ഉയർന്നുതുടങ്ങി. ഒപ്പം താഴ്വരയിൽനിന്നും പുള്ളിമാനുകളുടെ ബഹളവും.. അല്പനേരം മറഞ്ഞിരുന്ന് ബഹളം വച്ചശേഷം മാൻകൂട്ടങ്ങൾ വെളിയിലേയ്ക്കിറങ്ങി.. പല ഭാഗങ്ങളിൽനിന്നായി കടന്നുവന്ന മാനുകൾ  ഒരു വലിയ കൂട്ടമായി താഴ്വരയിലൂടെ തുള്ളിച്ചാടി നടക്കുവാൻ തുടങ്ങി.
താഴ്വരയിലെത്തിയ മാൻകൂട്ടങ്ങൾ.
കുറച്ചുനേരം മാൻകൂട്ടങ്ങളുടെ കാഴ്ചകൾ ആസ്വദിച്ചിരുന്നശേഷം, കാടിനുള്ളിലൂടെ ഞങ്ങൾ മൂന്നുപേരും ഒരിയ്ക്കൽകൂടി നടക്കുവാനിറങ്ങി. മഴ തോർന്നുവെങ്കിലും മരങ്ങൾ പെയ്തുകൊണ്ടേയിരുന്നു... ഒരു മഴ പെയ്തതോടെ കാടിന്റെ മനസ്സിന് ഏറെ മാറ്റങ്ങൾ സംഭവിച്ചതുപോലെ... വഴിയ്ക്ക് കുറുകേ, ഉറക്കെചിലച്ച് കാട്ടുകോഴികൾ ഓടിമറയുന്നു... ഓറഞ്ച് നിറമുള്ള മിനിവെറ്റുകളും (Rosy Minivet-Pericrocotus roseus), കാടിന്റെ ഹരിതവർണ്ണത്തെ തൂവലുകളിൽ ചാർത്തിയ ഇലക്കിളികളും (Jerdon's Leafbird-Chloropsis jerdoni) പേരറിയാത്ത നിരവധി ചെറുകിളികളും.... മഴ പകർന്ന ഉത്സവലഹരിയിൽ ഇളകിപ്പറന്നുകൊണ്ടിരുന്ന അവയുടെ ചിത്രങ്ങൾ പകർത്തി ഏറെനേരം ഞങ്ങൾ കാടുകളിലൂടെ അലഞ്ഞു നടന്നു..
മഴയ്ക്കുശേഷം...


മൂന്നുമണിയായതോടെ ഞങ്ങൾ കാടുകളിലൂടെയുള്ള യാത്ര അവസാനിപ്പിച്ച് കുടിലിലേയ്ക്ക് മടങ്ങി... കുടിലിന്റെ മുൻപിലെത്തുമ്പോൾ ഒരു കൂട്ടം കാട്ടുപോത്തുകൾകൂടി താഴ്വരയിലേയ്ക്കെത്തിയിരുന്നു.. ഒരു വിദൂരക്കാഴ്ചയായിരുന്നുവെങ്കിലും, അല്പനേരം കാട്ടിക്കൂട്ടങ്ങളുടെ ഘോഷയാത്ര ആസ്വദിച്ചശേഷം ഞങ്ങൾ മലയിറക്കം തുടങ്ങി..

ഒരു പുതുമഴയ്ക്ക് വനഭൂമികളെ ഏത്രത്തോളം ചലനാത്മകമാക്കുവാൻ സാധിയ്ക്കും എന്ന് മനസ്സിലാക്കണമെങ്കിൽ അത് ഉൾക്കാടുകളിലൂടെ നടന്ന്, നേരിട്ട് അനുഭവിച്ചറിയുക തന്നെവേണം... മലകയറിയപ്പോൾ വരണ്ടുണങ്ങി നിശബ്ദമായിരുന്ന കാടിന് കൈവന്ന പുതുജീവൻ, ഞങ്ങൾക്ക് അത്തരമൊരു അനുഭവം പകർന്നുനൽകുകയായിരുന്നു. കാടും, കാട്ടുമൃഗങ്ങളും മൊത്തത്തിൽ സജീവമായിക്കഴിഞ്ഞിരിയ്ക്കുന്നു....  കുറ്റിക്കാടുകൾക്കിടയിലൂടെ കാട്ടുകോഴികളുടെ കൂട്ടങ്ങൾ ഓടിമറയുന്നു.. മരച്ചില്ലകളെ ഇളക്കിമറിച്ച് മലയണ്ണാന്മാർ.... കാടിന് അപരിചിതമായ കാലൊച്ചകൾ കേട്ടാകണം, വഴിയോരത്തെ പാറക്കെട്ടുകൾക്കിടയിൽനിന്നും ഒരു ചെങ്കീരി തലയുയർത്തിനോക്കിയശേഷം കാടിനുള്ളിലേയ്ക്ക് മറഞ്ഞു.....
മറ്റൊരു വശ്യപ്പാറക്കാഴ്ച...


മലയിറങ്ങി ഞങ്ങൾ ചെമ്പകമരങ്ങൾ വളർന്നുനിന്നിരുന്ന മെട്ടിന്റെ സമീപമെത്തി...എവിടെയോ മരക്കൊമ്പുകൾ വലിച്ചൊടിയ്ക്കുന്ന ശബ്ദം, മലയിറങ്ങിയെത്തുമ്പോൾത്തന്നെ കേട്ടുതുടങ്ങിയിരുന്നു.... ആനക്കൂട്ടമോ, കാട്ടുപോത്തോ ആയിരിയ്ക്കണം... ഞങ്ങളുടെ ചുവടുവയ്പ്പുകൾ സാവധാനത്തിലായി...  തൊട്ടുമുൻപിൽ ചിതറിക്കിടക്കുന്ന ചെറിയ പാറക്കൂട്ടങ്ങളാണ്.. ആ പാറക്കെട്ടിന്റെ മുകളിലേയ്ക്ക് ഞങ്ങൾ പതിയേ നടന്നു. അവിടെ ഞങ്ങൾക്ക് പോകേണ്ട വഴിയുടെ മധ്യത്തിലായി, മരക്കൊമ്പുകൾ വലിച്ചൊടിച്ചുകൊണ്ട് നിൽക്കുകയാണ് രണ്ട് ആനകൾ.. രണ്ടുപേരുടെയും ഇടയിലായി ഒരു ചെറിയ കുഞ്ഞും... ആനകളുടെയും ഞങ്ങളുടെയും ഇടയിൽ ഉയർന്നു നിന്നിരുന്ന കുറ്റിക്കാടുകൾ ചിത്രങ്ങൾ പകർത്തുവാനും, കാഴ്ചയ്ക്കും തടസ്സമായിരുന്നതിനാൽ ഞാൻ ക്യാമറയുമായി അല്പം കൂടി താഴേയ്ക്കിറങ്ങിച്ചെന്നു... കഷ്ടിച്ച് 50-60 മീറ്റർമാത്രം ദൂരത്തിലുള്ള ഒരു പാറയുടെ മുകളിലിരുന്ന് ഒരു ചിത്രമെടുത്ത് ലൈറ്റ് പരിശോധിയ്ക്കുന്നതിനിടയിലാണ് ആനയുടെ ചിന്നംവിളിയും, ഗോപാലൻ ചേട്ടന്റെ ശബ്ദവും ഒന്നിച്ചുയർന്നത്.. ഒപ്പം അവർ നിന്നിരുന്ന ഭാഗത്തേയ്ക്ക് കാടിനുള്ളിൽനിന്നും ഓടിയടുക്കുന്ന മറ്റൊരു ആനയുടെ അവ്യക്തമായ ദൃശ്യവും... പിന്നെ ചിത്രങ്ങൾ പകർത്തുവാനോ, ചിന്തിച്ചുനിൽക്കുവാനോപോലും നേരമുണ്ടായിരുന്നില്ല.. ക്യാമറയുമെടുത്ത് സമീപത്തെ വരണ്ട അരുവി മുറിച്ചുകടന്ന്, അല്പം ദൂരെയായി ചെരിഞ്ഞുകിടന്ന ഒരു വലിയ പാറക്കെട്ടിന്റെ മുകളിലേയ്ക്ക് ഞങ്ങൾ മൂന്നുപേരും ഓടിക്കയറി.
വഴി തടഞ്ഞൊരു ആനക്കൂട്ടം...
പാറക്കെട്ടിന്റെ മുകളിലെത്തി സുരക്ഷിതത്വം ഉറപ്പാക്കിയശേഷം ആനക്കൂട്ടം നിന്ന ഭാഗത്തേയ്ക്ക് നോക്കുമ്പോഴാണ് സംഭവിച്ചതെന്താണെന്ന് മനസ്സിലായത്. ഞങ്ങൾ കണ്ട ആനകളേക്കൂടാതെ വലിയ ഒരു കൂട്ടം, വഴിയുടെ മറുവശത്തെ കാടുകളിൽ ഉണ്ടായിരുന്നത് വനവിശേഷങ്ങൾ പറഞ്ഞിറങ്ങിയ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല... വനയാത്രകളിൽ ഒരിയ്ക്കലും സംഭവിയ്ക്കുവാൻ പാടില്ലാത്ത അശ്രദ്ധ തന്നെയായിരുന്നു കാരണമെന്ന് പറയാം... ഞങ്ങൾ ആനക്കൂട്ടത്തോട് ഏറെ അടുത്തെത്തിയതും, കൂട്ടത്തിലെ കുഞ്ഞുങ്ങളുടെ സാന്നിധ്യവുമായിരിയ്ക്കണം ആനക്കൂട്ടത്തെ പ്രകോപിതരാക്കിയത്. ഞങ്ങളുടെ സാമീപ്യവും, ഓട്ടത്തിന്റെ ഒച്ചയും, ബഹളവും കേട്ടാകണം ആനക്കൂട്ടവും വഴിവിട്ട് മലയുടെ മറുവശത്തേയ്ക്ക് നീങ്ങിത്തുടങ്ങി..

ഞങ്ങൾ ഓടിക്കയറിയത് രാത്രികാലങ്ങളിൽ വാച്ചർമാർ വിശ്രമിയ്ക്കുന്ന ഒരു പാറയിടുക്കിന്റെ സമീപത്തേയ്ക്കായിരുന്നു.. വേട്ടക്കാരുടെയും, ചന്ദനക്കൊള്ളക്കാരുടെയും നീക്കങ്ങൾ നിരീക്ഷിയ്ക്കുവാൻ തികച്ചും അനുയോജ്യമായ സ്ഥലം.. ഇവിടെ താഴ്വരയിലേയ്ക്ക് തള്ളിനിൽക്കുന്ന ഈ പാറയുണ്ട്. അതിന്റെ മുകളിൽനിൽക്കുന്ന കാവൽക്കാർക്ക്  വനത്തിന്റെ അതിവിശാലമായ ഒരു ഭാഗം മുഴുവൻ ഇവിടെ നിന്നാൽ നിരീക്ഷിയ്ക്കുവാൻ സാധിയ്ക്കും.. അല്പസമയത്തേയ്ക്ക് ഞങ്ങളും ആ വനഭൂമിയുടെ താൽക്കാലിക കാവൽക്കാരായി മാറി ആ പാറയുടെ മുകളിലേയ്ക്ക് സ്ഥാനം പിടിച്ചു... ഇവിടെയും ഒരു കാഴ്ചയായി താഴ്വരയിലൂടെ മാൻകൂട്ടങ്ങൾ മേഞ്ഞുനടക്കുന്നുണ്ടായിരുന്നു.. ഏറെ ദൂരെയായി രണ്ട് മ്ലാവുകളും....
സമയം 5:30 കഴിഞ്ഞിരിയ്ക്കുന്നു... ഞങ്ങൾ യാത്ര തുടർന്നു... തിരികെ ആദിവാസിക്കോളനിയിൽ എത്തിച്ചേരുമ്പോഴേയ്ക്കും മറ്റൊരു മഴയ്ക്കുള്ള കോളുമായി മേഘങ്ങൾ പടിഞ്ഞാറേചെരിവിലേയ്ക്ക് വീണ്ടും ഉരുണ്ടുകൂടുന്നുണ്ടായിരുന്നു..സൂര്യൻ ആ മഴമേഘങ്ങൾക്ക് പിന്നിലൂടെ മലനിരകൾക്ക് പിന്നിലേയ്ക്ക് തല ചായ്ച്ചുകഴിഞ്ഞു. തികച്ചും വ്യത്യസ്തമായ ഒരു വനയാത്രയുടെ മറക്കുവാനാകാത്ത ഒരു പിടി അനുഭവങ്ങൾ  ഞങ്ങൾക്ക് സമ്മാനിച്ചശേഷം ഈ പകലും മറയുകയാണ്..ആ അനുഭവങ്ങളുടെ സുഖത്തിൽ മുഴുകിപ്പോയ മനസ്സ്, കാടിറങ്ങുവാൻ അനുവദിയ്ക്കുന്നില്ല എങ്കിലും, ഇന്നത്തെ യാത്രകൾ അവസാനിപ്പിച്ച് ഞങ്ങൾക്ക് മടങ്ങുവാനുള്ള സമയമായിരിയ്ക്കുന്നു.. അതുകൊണ്ടുതന്നെ ആസ്വദിച്ച് മതിവരാത്ത കാടിന്റെ വിസ്മയക്കാഴ്ചകൾ തേടി ഇനിയും ചിന്നാർകാടുകളിലേയ്ക്ക് വരുമെന്ന് തീർച്ച... ഇനിയും കാണാത്ത കാഴ്ചകൾ തേടി, വീണ്ടുമെത്തിച്ചേരാമെന്ന ഉറപ്പുനൽകി, ഞങ്ങൾ ഗോപാലൻ ചേട്ടനോടും, ചിന്നാർ കാടുകളോടും യാത്ര പറഞ്ഞു.... അടുത്ത വനയാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾക്കായി ഒരു ഇടവേളതേടി ഇനി ഞങ്ങൾ തോവാളയിലേയ്ക്ക്.....
..................................................................................................................................................................

26 comments:

  1. ചിന്നാർകാടുകളിലൂടെ നടത്തിയ ഒരു ചെറു യാത്രയുടെ അല്പം നീണ്ട വിവരണം... കാടിനെ സ്നേഹിയ്ക്കുന്നവരും, വനയാത്രകൾ ആസ്വദിയ്ക്കുന്നവരും തീർച്ചയായും സന്ദർശിച്ചിരിയ്ക്കേണ്ട ഒരു സ്ഥലം... അടുത്ത മാസം ഞങ്ങൾ വീണ്ടും അവിടെയ്ക്ക് യാത്ര പോകുന്നു.. കൂടുതൽ വനജീവിതത്തിന്റെ അനുഭൂഠികൾ ആസ്വദിയ്ക്കുവാനായി.....

    ReplyDelete
  2. ഞാനാണല്ലേ ആദ്യം.. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത വനയാത്ര കാണിച്ച് കൊതിപ്പിക്കുകയാണല്ലേ.. കൊതിയോടെ, കുറച്ച് അസൂയയോടെ വായിച്ചു.. കുറച്ച് കൂടി ചിത്രങ്ങള്‍ ആവാമായിരുന്നു. ആന പേടിപ്പിച്ചതു കാരണമാണോ ചിത്രങ്ങള്‍ കുറഞ്ഞത്? അപ്പോളടുത്ത യാത്രയില്‍ കാണാം.. ( പുതിയ സ്ഥലത്തേക്കൊക്കെ പോയി.. ഇരുന്ന് എഴുതാനുളള മടി കാരണം അതിപ്പോളും മനസ്സിലാണ്.. ഇനി നാട്ടില്‍ പോയി വന്നിട്ടേയുളളൂ.. നവംബര്‍ 29- ജനുവരി1 നാട്ടിലുണ്ടാവും..)

    ReplyDelete
    Replies
    1. ഏയ്.. കൊതിപ്പിയ്ക്കുകയൊന്നുമല്ല... ഇപ്പോൾ വനയാത്രകൾ എല്ലാവർക്കും പറ്റുന്ന കാര്യം തന്നെയാണ്.. കുറേ നടക്കുവാനുള്ള സന്മനസ്സ് വേണമെന്ന് മാത്രം... ഫാമിലിയായി പോകാവുന്ന അനേകം സ്ഥലങ്ങൾ ഇന്നുണ്ട്... ചിത്രങ്ങൾ കുറഞ്ഞുപോയി എന്നറിയാം.. അടുത്ത തവണ കൂടുതൽ ചിത്രങ്ങൾ ഇടാം....

      ഞാനും നാട്ടിലേയ്ക്കുണ്ട്.. ഡിസംബർ 22- ജനുവരി 13 വരെ.. പക്ഷേ യാത്രകൾക്കൊന്നും ഇത്തവണ സമയം കാണുമെന്ന് തോന്നുന്നില്ല...

      മടി പിടിച്ചിരിയ്ക്കാതെ എല്ലാം എഴുതിയിടൂ.. ഞങ്ങൾ കൂടി പുതിയ സ്ഥലങ്ങൾ ആസ്വദിയ്ക്കട്ടെ...

      Delete
  3. കിടിലന്‍...ആന ഓടിച്ചപ്പം പേടിച്ചോ?!

    ReplyDelete
    Replies
    1. ഏയ് പേടിച്ചില്ല... കാരണം ഇത് ആദ്യത്തെ അനുഭവമല്ല..കാട്ടിലേയ്ക്കുള്ള യാത്രാനുഭവങ്ങൾ എഴുതുവാൻ തുടങ്ങുന്നത് ഇപ്പോഴാണെങ്കിലും, യാത്രകൾ ചെറുപ്പം മുതലേ ഊണ്ടായിരുന്നു... കഴിഞ്ഞയിടെ കൊടൈക്കനാലിലെ ചോലക്കാട്ടില് വച്ച് കാട്ടുപോത്തും പിന്നാലെ വന്നിരുന്നു.. അല്ലെങ്കിലും ഇവയേ അകാരണമായി പേടിയ്ക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അനുഭവങ്ങൾ... നമ്മൾ അവയെ അനാവശ്യമായി ശല്യപ്പെടുത്തിയില്ലെങ്കിൽ എല്ലാ കാട്ടുമൃഗങ്ങളും നിരുപദ്രവകാരികളാണ്..

      Delete
  4. Nannayitund. Ezhuthum chitrangalum randum ishtapettu.

    http://rajniranjandas.blogspot.in

    ReplyDelete
  5. പ്രിയപ്പെട്ട ഷിബു,

    വശ്യപ്പാറ പേര് മുതല്‍ എല്ലാം രസകരം...........!എത്ര കഷ്ടപ്പെട്ടാണ്, ഈ യാത്ര നടത്തിയത്. മലമുകളിലെ മനോഹരമായ ആ കുടിലില്‍,ഒരു ദിവസമെങ്കിലും താമസിക്കാന്‍ കൊതിയാകുന്നു.

    ഉയരങ്ങളില്‍, വേറൊരു ലോകം.......അവിടെ വേറിട്ടൊരു ജീവിതം. ആനക്കൂട്ടം ശരിക്കും പേടിപ്പിച്ചു,അല്ലെ ?

    അപകടം പിടിച്ച യാത്രക്ക് മുന്‍പേ,ഒരു മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കു .മലമുകളിലും, ആകാശം നോക്കി, ഒന്ന് മുട്ട്കുത്തി പ്രാര്‍ഥിക്കു .

    വരികള്‍, മനോഹരം. ഫോട്ടോസ് അതിമനോഹരം.

    ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനുപമ, വശ്യപ്പാറ എന്ന പേര് മനോഹരം തന്നെ... പക്ഷേ ആ പേര് വന്നതിനുപിന്നിൽ ഒരു കഥയുണ്ട്.. അത് അടുത്ത വിവരണത്തിൽ ഞാൻ പറയാം... അടുത്തമാസം ഒരു രാത്രി ഞങ്ങൾ അവിടെ താമസിയ്ക്കുവാനായി പോകുന്നുണ്ട്... മൂന്ന് ദിവസം ചിന്നാർ കാടുകളിലൂടെ അലഞ്ഞു നടക്കുക... അതാണ് ഉദ്ദേശ്യം...

      ഉയരങ്ങളിലെ ആ ലോകം തികച്ചും വ്യത്യസ്തമാണ്... പക്ഷേ അതിമനോഹരം..സാധിയ്ക്കുമെങ്കിൽ ഒരിയ്ക്കലെങ്കിലും അവിടം സന്ദർശിയ്ക്കുക... ആനക്കൂട്ടം ഒന്ന് പേടിപ്പിയ്ക്കുവാൻ ശ്രമിച്ചു.... അത്രമാത്രം.... :)

      Delete
  6. വശ്യമായ പാറ തന്നെ
    സത്യം പറഞ്ഞാല്‍ എന്റെ ആഗ്രഹം റിട്ടയര്‍ ചെയ്ത് കഴിഞ്ഞ് ഇങ്ങനെ വല്ല മലമുകളിലും ജീവിക്കണമെന്നാണ്. പക്ഷെ വാമഭാഗം സമ്മതിക്കേണ്ടേ?

    ഇത്തവണ വെറും യാത്രാവിവരണമല്ലല്ലോ ഒരു ആക്റ്റിവിസ്റ്റിന്റെ സ്വരവും വന്നു വിവരണത്തില്‍.

    ചിതരങ്ങളും വിവരണവും എല്ലാം കൊതിയുണര്‍ത്തുന്നുണ്ട് കേട്ടോ ഷിബു.

    ReplyDelete
    Replies
    1. അജിത്തേട്ടാ, എന്റെയും ആഗ്രഹം അതുതന്നെയാണ്... ആൾത്തിരക്കില്ലാത്ത, ചുറ്റുപാടും, കാടും, മേടും, കാട്ടുമൃഗങ്ങളും നിറഞ്ഞ ഒരിടം.... അത് പക്ഷേ എന്റെ വാമഭാഗത്തിനും ഇഷ്ടമാണ് കേട്ടോ... ഞാൻ ഒരു സ്ഥലവും കണ്ടുവച്ചിട്ടുണ്ട്.. പറ്റിയാൽ 2 വർഷത്തിനകം അല്പം സ്ഥലം ഞാൻ അവിടെ മേടിയ്ക്കും...

      സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും ഏറെ നന്ദി അജിത്തേട്ടാ.. ...

      Delete
  7. ആ ഓന്തിന്റെ ചിത്രത്തിന്റെ ടൈമിങ് അപാരം ! നന്നായി....

    പണ്ട് 12 മണിക്കൂർ നടന്ന് കുക്കെസുബ്രഹ്മണ്യത്തിനടുത്തെ ഇടകുമേരി എന്ന ഉപേക്ഷിക്കപ്പെട്ട സ്റ്റേഷനിൽ ഒരു രാത്രി കഴിച്ചു കൂട്ടിയിട്ടുണ്ട്.. ഒരു മലയാളി വാച്ചറോടൊപ്പം....ആ ഓർമ്മകൾ മനസ്സിലേക്കു വന്നു :)

    ReplyDelete
    Replies
    1. ഒരു ഫോട്ടൊയ്ക്കായി കുറേനേരം ആ ഓന്തിന്റെ പിറകേ നടക്കേണ്ടിവന്നു... പക്ഷേ മിനക്കെട്ടതിനു ഫലമുണ്ടായി.. കുറേ നല്ല ചിത്രങ്ങൾ കിട്ടി...

      നല്ല സ്ഥലങ്ങൾ ഉണ്ടെങ്കിൽ അറിയിയ്ക്കൂ പഥികാ... അടുത്ത തവണ നാട്ടിലെത്തുമ്പോൾ പറ്റിയാൽ ഒന്നു സന്ദർശിയ്ക്കാം... വനപ്രദേശങ്ങൾ ആണെങ്കിൽ ഏറെ സന്തോഷം.. :)

      Delete
  8. വശ്യമായ രചനയിലൂടെ തന്നെ വശ്യപ്പാറയും,
    അവിസ്മരണീയമായ ആ ആനവിരട്ടലും അവതരിപ്പിച്ച്
    ഷിബു വീണ്ടും വായക്കാരുടെ പ്രിയപ്പെട്ടവനായി മാറിയിരിക്കുന്നൂ
    അഭിപ്രായങ്ങൾ ഇട്ടില്ലെങ്കിലും ടാബലറ്റു വായനയിലൂടെ ബൂലോഗത്തപ്പന്മാരെ
    മുഴുവൻ അപ്പപ്പോൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട് കേട്ടൊ ഭായ്

    ReplyDelete
    Replies
    1. വളരെ നന്ദി മുരളിയേട്ടാ... സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും... :) അല്പം താമസിച്ചാണെങ്കിലും വായിയ്ക്കുവാനായി മുരളിയേട്ടൻ എത്തുമെന്ന് തീർച്ചയാണ്... നിങ്ങളുടെയൊക്കെ പ്രോത്സാഹനം കൊണ്ടാണ് ഇതൊക്കെ എഴുതുവാൻ സാധിയ്ക്കുന്നത്.. തുടർന്നും ആ സഹകരണങ്ങൾ പ്രതീക്ഷിയ്ക്കുന്നു,,

      ബൂലോകത്തപ്പന്മാരെ കണ്ടുകൊണ്ടിരുന്നാൽ മാത്രം മതിയോ മുരളിയേട്ടാ... ഞങ്ങൾക്കായി എരിവും, പുളിയുമൊക്കെ പാകത്തിനുചേർത്ത് എന്തെങ്കിലുമൊക്കെ എഴുതുവാനും ആരംഭിയ്ക്കൂ...

      Delete
  9. അതിമനോഹരമായ ഈ കാണാകാഴ്ചകള്‍ക്ക് വളരെ നന്ദി,പ്രിയ ഷിബു.

    ReplyDelete
  10. നന്നായിരിക്കുന്നു.
    മൂന്നാര്‍ - പൊള്ളാച്ചി വഴിയില്‍ ഇതുവരെ യാത്രചെയ്തിട്ടില്ല. മഴനിഴല്‍പ്രദേശം എന്ന പ്രത്യേക കാലാവസ്ഥാഭൂപ്രകൃതി ഇത്ര അടുത്തുണ്ടായിട്ടും അനുഭവിച്ചിട്ടില്ല എന്ന് ചുരുക്കം. എന്നെങ്കിലും...
    ഇത്തരം യാത്രകളുടെ തുടര്‍ച്ചകള്‍ പ്രതീക്ഷിച്ചുകൊണ്ട്...

    ReplyDelete
  11. ഒപ്പം മല കയറിയ പ്രതീതി.
    ചിത്രങ്ങളും വിവരണവും പതിവുപോലെ മനോഹരം.

    ReplyDelete
  12. എന്ത് ഭംഗിയായി വിവരിച്ചിരിക്കുന്നു..!!
    വശ്യപ്പാറക്ക് വല്ലാത്ത ഒരു വശ്യത !

    ReplyDelete
  13. ഫോട്ടോസിന്റെ കാര്യം എടുത്തു പറയണ്ടല്ലോ മനോഹരമായിട്ടുണ്ട് ട്ടോ !

    ReplyDelete
  14. your EZHUTHU is so.. attractive. Photos are very beautiful. I wish i could write like this. Even I have done such journeys, but My blog entries ends up with only Photos.

    ReplyDelete
  15. 'ആനക്കൂട്ടം കാടുകൾക്കിടയിലേയ്ക്ക് മറഞ്ഞതോടെ ഞങ്ങൾ ഊണുകഴിയ്ക്കുവാൻ നീങ്ങി.. നല്ല ചാക്കരിച്ചോറും, പരിപ്പും തക്കാളിയും, പുളിയും ചേർത്തുണ്ടാക്കിയ കറിയും.. മലകയറി ഇറങ്ങിയതിന്റെ ക്ഷീണം തീർക്കുവാൻ അത് ഞങ്ങൾക്ക് ധാരാളമായിരുന്നു. കാര്യമായ ചേരുവകളോന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും പരിപ്പുകറികൂട്ടിയുള്ള ഊണ് അതീവരുചികരമായിരുന്നുവെന്ന് പറയാതെ പറ്റില്ല.... ഗോപാലൻ ചേട്ടന്റെ പാചകം ഗംഭീരം തന്നെ.. !'

    വശ്യപ്പാറയുടെ വശ്യതയും, മുന്നാറും ചിന്നാറും താഴ്വരകളും കാടും മേടും മറ്റുമെല്ലാം നടന്ന് കാണുന്ന തരത്തിൽ ഒരു അനുഭൂതി. അതാണ് ഏട്ടന്റെ പോസ്റ്റ് വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം. വളരെയധികം ഇന്ററസ്റ്റിംഗാ ഈ തരത്തിലുള്ള പോസ്റ്റുകൾ വായിക്ക്വാ ന്ന് പറഞ്ഞാൽ, കാരണം എനിക്കീ അടുത്ത കാലത്തൊന്നും ഇങ്ങനൊരു പോക്ക് നടക്കുമെന്ന് തോന്നുന്നില്ല. അപ്പോൾ ഇങ്ങനുള്ള പോസ്റ്റ് വായിക്ക്വാ ന്ന് പറഞ്ഞാലുള്ള സുഖം പറഞ്ഞാൽ നിങ്ങൾക്കറിയുമോ ന്നറിയുകയില്ല. എന്തായാലും ഇത്തരം അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന പോസ്റ്റിട്ട ഏട്ടന് ആശംസകൾ.

    ReplyDelete
  16. വശ്യമായ എഴുത്തും ചിത്രങ്ങളും. കൊതിപ്പിക്കുന ഈ വിവരണം കാട്ടിലേക്ക് മാടി വിളികുകയാണ്. മുമ്പൊരിക്കൽ കൊട്ടിയൂർ വനങ്ങളിലൂടെ ഒരു ദിവസം നടന്ന ഓർമ്മ കുതിച്ചെത്തി. വളരേ സാഹസികമായ ഇത്തരം യാത്രകളിൽ ഏറ്റവും വലിയ മുതൽക്കൂട്ട് ആത്മവിശ്വാസവും അനുഭവ്പരിചയവും തന്നെയാണ്. ആശംസകൾ! ആ ഓന്ത് ചിത്രം.... Unbelievable timing!

    ReplyDelete
  17. ഒരു ലോഡ് കുശുംബ് ഇവിടെ തട്ടിയിട്ട് പോകുന്നു .
    വായിച്ചു കഴിഞ്ഞാല്‍ ഒരു യാത്ര തുടങ്ങിയിരിക്കും മനസ്സ് .
    പക്വമായ , മനോഹരമായ വിവരണം

    ReplyDelete
  18. great .... വായിക്കാന്‍ നല്ല സുഖം, യാത്ര ചെയ്ത സുഖം പൂര്‍ണമായും ആസ്വദിക്കാന്‍ പറ്റി. ഒരുപാട് നന്ദിയുണ്ട്. ഇത്തരം പോസ്റ്റുകള്‍ തുടക്കക്കാരനായ എന്നെപ്പോലുള്ളവര്‍ക്ക് വളരെയധികം പ്രയോജനം ചെയുന്നതാണ്. കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete