'ബുള്ളറ്റ് റൈഡ് ടു താജ്മഹൽ' എന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗമാണ് 'മാതളപുഷ്പം കൊഴിഞ്ഞപ്പോൾ'. ഒന്നാം ഭാഗത്തിലേയ്ക്കുപോകുവാൻ ഇവിടെ ക്ലിക് ചെയ്യുക.
.................................................................................................................................................................പ്രധാനപാതയിൽ നിന്നും ഫത്തേപ്പൂരിലേയ്ക്ക് തിരിയുന്ന വഴിയുടെ സമീപത്തായി വളരെയധികം ചെറുപ്പക്കാർ കൂടിനിൽക്കുന്നുണ്ടായിരുന്നു. ഏറ്റവും മുൻപിലായി സഞ്ചരിച്ചിരുന്ന, ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ് ഹെഡും, യാത്രാസംഘത്തിന്റെ നേതാവുമായ അഹമ്മദിന്റെ ബൈക്ക് അവർ തടഞ്ഞുനിറുത്തുന്നത് ഞങ്ങൾ ദൂരെനിന്നേ കണ്ടു. എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയതുകൊണ്ട് ഞങ്ങളും അതിവേഗം കൂടെയെത്തി. ഇരുകൂട്ടരും ശബ്ദമുയർത്തി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ആറു വർഷത്തെ ഡൽഹിജീവിതത്തിനു ശേഷവും എന്റെ ഹിന്ദിപരിജ്ഞാനം കാര്യമായി വളർച്ച പ്രാപിച്ചിട്ടില്ലാത്തതിനാലാകാം, അവർ സംസാരിച്ചതിൽ ഏറെയൊന്നും എനിക്ക് മനസ്സിലാക്കുവാനായില്ല എന്നതാണ് യാഥാർത്ഥ്യം. ഏതാണ്ട് പത്തുമിനിറ്റോളം ഇരുകൂട്ടരും പരസ്പരമുള്ള വാക്കുതർക്കം തുടർന്നശേഷം, ചെറുപ്പക്കാരുടെ കൂട്ടത്തിൽനിന്നൊരാൾ പ്രവീണിന്റെ പൾസറിന്റെ പിന്നിലേയ്ക്ക് കയറിയിരുന്നു... എന്തായാലും തല്ല് കിട്ടുന്ന കാര്യമല്ലെന്ന് മനസ്സിലായി... തുടർന്നുള്ള യാത്രയിലാണ്, അഹമ്മദ് കാര്യങ്ങളുടെ വസ്തുത വിവരിച്ചുതന്നത്.
![]() |
അസ്തമയത്തിന്റെ നിറച്ചാർത്തിനടിയിൽ ഫത്തേപ്പൂർസിക്രി |
ഫത്തേപ്പൂർസിക്രിയിലെത്തുന്ന യാത്രികർക്കൊപ്പം ടൂറിസ്റ്റ്ഗൈഡായി സഞ്ചരിച്ച്, പണം സമ്പാദിക്കുന്ന ചെറുപ്പക്കാരുടെ സംഘം, ഈ വഴിയോരങ്ങളിൽ സജീവമാണ്. പക്ഷെ ഉദരപൂരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഈ മാർഗ്ഗം, നടപ്പിൽ വരുത്തുന്ന രീതി കാണുമ്പോൾ, നമ്മുടെ നാട്ടിലെ ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് മാത്രം. അതിരാവിലെ മുതൽ പാതയോരങ്ങളിൽ തമ്പടിച്ചിരിക്കുന്ന ഈ സംഘം, വിനോദയാത്രികരുടെ വാഹനങ്ങൾ ബലമായി തടഞ്ഞുനിറുത്തുകയും, സന്ദർശകർക്ക് താത്പര്യമുണ്ടെങ്കിലും, ഇല്ലെങ്കിലും തങ്ങളുടെ ഒരു സംഘാംഗത്തെ, ഗൈഡായി വാഹനങ്ങളിൽ കയറ്റിവിടുകയാണ് ചെയ്യുന്നത്.
അങ്ങനെ ഒരു ഗൈഡിനെ ഞങ്ങളുടെ കൂടെ പറഞ്ഞുവിടുവാനുള്ള ശ്രമ്മായിരുന്നു അവസാനം തർക്കത്തിൽ കലാശിച്ചത്. തർക്കിച്ചുനിന്നാൽ സമയം ഏറെ നഷ്ടപ്പെടുമെന്നു തോന്നിയതിനാൽ, അവസാനം ഞങ്ങൾക്ക് അവരുടെ ആവശ്യത്തിന് വഴങ്ങേണ്ടിവന്നു.

1986-ൽ യുനെസ്കൊ, ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫത്തേപ്പൂർസിക്രി, ചരിത്രസ്മാരകങ്ങളുടെ ഒരു കലവറ തന്നെയാണെന്ന് പറയാം. 1999-2000 കാലഘട്ടങ്ങളിൽ പുരാവസ്തു വകുപ്പ് നടത്തിയ പര്യവേക്ഷണങ്ങളിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. ഒന്നോ രണ്ടോ ദിവസം പൂർണമായും ഇവിടെ ചിലവഴിച്ചാൽ പോലും ഇവിടെയുള്ള എല്ലാ സ്മാരകങ്ങളും കണ്ടുതീർക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. സമയത്തിന്റെ പരിമിധികൊണ്ട് പ്രധാനകാഴ്ചകളിൽ ഒന്നായ ജുമാ മസ്ജിദും, അതുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന സ്മാരകങ്ങളും കണ്ടുതീർക്കുവാനുള്ള സമയം മാത്രമേ അവശേഷിക്കുന്നുള്ളു.
![]() |
സ്മാരകങ്ങൾക്കുള്ളിലേയ്ക്ക്......... |
![]() |
സ്മാരകത്തിനുള്ളിലെ ശവക്കല്ലറകൾ. |
![]() |
മാർബിളിൽ തീർത്ത മറ്റൊരു കല്ലറ |
അല്പനേരംകൂടി കല്ലറകളുടെയും, ശില്പഭംഗി നിറഞ്ഞ തൂണുകളുടെയും കാഴ്ചകൾ ആസ്വദിച്ചശേഷം, ഞങ്ങൾ അനാർക്കലി ഗുഹയുടെ സമീപം എത്തിച്ചേർന്നു. അടച്ചുപൂട്ടിയ നിലയിൽ കാണപ്പെട്ട ഈ ഗുഹ നീണ്ടുകിടക്കുന്നത്, ഡൽഹിയിലെ ലാൽകില(Red Fort)യിലേയ്ക്കും, പാക്കിസ്ഥാനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഷാഹി കില(Shahi Kila) എന്ന കോട്ടയിലേയ്ക്കുമാണത്രെ.
മുഗൾചരിത്രത്തിലെ അനശ്വരപ്രേമത്തിന്റെ പ്രതീകമായി താജ്മഹലിനെ ലോകമെങ്ങും വാഴ്ത്തിപ്പാടുമ്പോൾ, സ്നേഹിച്ച പുരുഷനുവേണ്ടി, രണ്ടു മതിലുകൾക്കിടയിൽ ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു ഒരു ദാസിപ്പെണ്ണിന്റെ, മനസ്സിനെ നോവിപ്പിക്കുന്ന ഓർമ്മകളുമായി, വെണ്ണക്കൽകൊട്ടാരത്തിന്റെ പകിട്ടോ, ആകർഷണീയതയോ ഒന്നുമില്ലാതെയാണ് അനാർക്കലിഗുഹ, സന്ദർശകരുടെപോലും കാഴ്ചകളിൽനിന്നും അകന്ന്, ഈ മതിൽക്കെട്ടുകളുടെ ഒരു കോണിൽ മറഞ്ഞുകിടക്കുന്നത്.
![]() |
അനാർക്കലി- ഒരു മുഗൾ പെയിന്റിംഗ്. അനാർക്കലി ഗുഹ |
സലിമിന്റെ ആഗമനത്തിനുശേഷം കൊട്ടാരത്തിൽ നടത്തപ്പെട്ട നൃത്ത, സംഗീത ആഘോഷങ്ങളുടെ ബാക്കിപത്രമായാണ്, നാദിറ എന്ന പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക്, ദുരന്തങ്ങളുടെ കാർമേഘങ്ങൾ നിഴൽവിരിച്ചെത്തിയ സംഭവങ്ങൾ തുടക്കമിടുന്നത്.
അക്ബറിന്റെ പ്രിയപ്പെട്ട ദാസിയായിരുന്ന, നൂർ ഖാൻ അർഗുണിന്റെ മകളായിരുന്ന നദീറ, അവർണ്ണനീയമായ സൗന്ദര്യംകൊണ്ടും, നൃത്തകലയിൽ നേടിയെടുത്ത പ്രാഗത്ഭ്യംകൊണ്ടും ആ കാലഘട്ടങ്ങളിൽ, ലാഹോറിലും പരിസരപ്രദേശങ്ങളിലും കീർത്തിനേടിയെടുത്ത ഒരു നർത്തകി ആയിരുന്നു. ഒരു പൂവുപോലെ വിടർന്നുവരുന്ന സൗന്ദര്യത്തിൽ ആകൃഷ്ടനായ അക്ബർ ചക്രവർത്തിയാണ് "മാതളനാരകത്തിന്റെ പുഷ്പം" എന്ന അർഥം വരുന്ന 'അനാർക്കലി' എന്ന നാമം നാദിറയ്ക്ക് സമ്മാനിച്ചത്.
![]() |
മാതളനാരകത്തിന്റെ പുഷ്പം-ഹുമയൂണിന്റെ ശവക്കല്ലറയുടെ സമീപത്തുനിന്നും പകർത്തിയത് |
എന്നാൽ തന്റെ പ്രേമഭാജനമായിരുന്ന അനാർക്കലിയെ തടങ്കൽപാളയത്തിൽ ഉപേക്ഷിക്കുവാൻ സലിം തയ്യാറായിരുന്നില്ല. തന്റെ സുഹൃത്തുക്കളുമൊത്തുനടത്തിയ അനവധി ഉദ്യമങ്ങൾക്കുശേഷം, അനാർക്കലിയെ തറവിൽനിന്നും മോചിപ്പിച്ച സലിം,തന്റെ വിശ്വസ്തരായ പടയാളികളുമൊത്ത് പിതാവിനെതിരെ ഒരു പടയൊരുക്കം തന്നെ നടത്തി. എന്നാൽ ശക്തമായ സൈന്യവിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന അക്ബറിനെ തോൽപ്പിക്കുക എളുപ്പമായിരുന്നില്ല. യുദ്ധത്തിൽ സലിമിന്റെ സൈന്യം തോറ്റോടി. പരാജയപ്പെട്ട സലിമിനെ, ചക്രവർത്തിയുടെ സൈന്യം, തടവുകാരനായി പിടികൂടുകയും ചെയ്തു.
തടവിലായ സലിമിന്റെ മുൻപിൽ രണ്ട് ഉപാധികളായിരുന്നു അക്ബർ അവതരിപ്പിച്ചത്. ഒന്നുകിൽ അനാർക്കലിയെ അക്ബറിന്റെ മുൻപിലെത്തിക്കുക, അല്ലെങ്കിൽ മരണത്തെ നേരിടുക. എന്നാൽ ആത്മാർത്ഥവും, സത്യസന്ധവുമായ പ്രണയം മനസ്സിൽ സൂക്ഷിച്ചിരുന്ന സലിം രാജകുമാരൻ, അനാർക്കലിയെ തിരികെയെത്തിക്കുവാനുള്ള ആജ്ഞ അവഗണിച്ച്, മരണശിക്ഷ സ്വീകരിക്കുവാൻ സന്നദ്ധനാവുകയാണ് ചെയ്തത്. ഒളിവിലായിരുന്നുവെങ്കിലും വിവരങ്ങൾ എല്ലാം അറിഞ്ഞിരുന്ന അനാർക്കലി, സലിമിനെ മരണത്തിൽനിന്നും രക്ഷിക്കുവാൻ സ്വയം കൊട്ടാരത്തിൽ എത്തിച്ചേർന്ന്, സലിമിന്റെ ജീവനുവേണ്ടി ചക്രവർത്തിയോടപേക്ഷിച്ചു. രാജകുമാരന്റെ ജീവനുവേണ്ടി, സ്വയം മരണശിക്ഷ ഏറ്റുവാങ്ങാൻ സന്നദ്ധയായ അനാർക്കലിക്ക് ഒരു അപേക്ഷ മാത്രമേ ചക്രവർത്തിയുടെ മുൻപിൽ സമർപ്പിക്കുവാൻ ഉണ്ടായിരുന്നുള്ളു. താൻ ജീവനുതുല്യം സ്നേഹിക്കുന്ന സലിം രാജകുമാരനുമൊത്ത് ഒരു ദിവസത്തെ ജീവിതം....മരണശിക്ഷക്കു വിധിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ അവസാനത്തെ ആഗ്രഹത്തിന് ചക്രവർത്തി അനുവാദം നൽകുകയും ചെയ്തു.
ഹൃദയത്തെ കീറിമുറിക്കുന്ന നൊമ്പരം, മനസ്സിൽ സൂക്ഷിച്ച് ഒരു രാത്രിയിലെ ജീവിതം....ജീവനേക്കാൾ അധികം സ്നേഹിക്കുന്ന രണ്ടു മനസ്സുകൾ, ഈ രാത്രിക്കുശേഷം എന്നെന്നേയ്ക്കുമായി വേർപിരിയുകയാണ്..... സൂര്യോദയം അടുത്തുവന്നതോടെ, തന്റെ പേരിനു കാരണമായിത്തീർന്ന ഒരു മാതളനാരകപുഷ്പമുപയോഗിച്ച് സലിമിനെ മയക്കിക്കിടത്തിയശേഷം, കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി നേർന്ന്, അനാർക്കലി പടയാളികൾക്കൊപ്പം യാത്രയായി.
ലാഹോറിനടുത്ത് ഇന്നും 'അനാർക്കലി മാർക്കറ്റ്' എന്നറിയപ്പെടുന്ന സ്ഥലത്തിനടുത്ത് തയ്യാറാക്കിയിരുന്ന വലിയ കിടങ്ങിലായിരുന്നു മരണശിക്ഷ നടപ്പിലാക്കുവാൻ നിശ്ചയിച്ചിരുന്നത്. കൂറ്റൻ ഇഷ്ടികകൾകൊണ്ട് നിർമ്മിച്ച കിടങ്ങിനുള്ളിലേയ്ക്ക്, അക്ബറിന്റെ സാന്നിധ്യത്തിൽത്തന്നെ, ഒരു തടിക്കഷണത്തിൽ ബന്ധിക്കപ്പെട്ട അനാർക്കലിയെ ഇറക്കിയശേഷം, മുകൾവശവും ഇഷ്ടികകൾക്കൊണ്ട് അടച്ചുകെട്ടി, അതിക്രൂരമായിത്തന്നെ മരണത്തിനു വിട്ടുകൊടുത്തു.
![]() |
മസ്ജിദ് |
അനാർക്കലിയോട് അതിയായ വാത്സല്യം മനസ്സിൽ സൂക്ഷിച്ചിരുന്ന അക്ബർ, അനാർക്കലിക്ക് വധശിക്ഷ വിധിക്കുവാൻ ഇടയായതിൽ അതീവ ദു:ഖിതനായിരുന്നു. ഏതെങ്കിലും വിധത്തിൽ, അനാർക്കലിയെ മരണത്തിൽനിന്നും രക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്ന അക്ബർ, അനാർക്കലിയുടെ അമ്മയ്ക്കുനൽകിയ വാഗ്ദാനമനുസരിച്ച്, വധശിക്ഷ ഇളവുചെയ്തുകൊടുക്കുവാൻ തീരുമാനിച്ചു. എന്നാൽ രാജസദസ്സിന്റെയും, പൊതുജനത്തിന്റെയും മുൻപിൽ വിധിക്കപ്പെട്ട മരണശിക്ഷ, ഇളവുചെയ്യുവാൻ നിർവ്വാഹമില്ലാതിരുന്നതിനാൽ അക്ബർ നടത്തിയ ഒരു നാടകമായിരുന്നുവത്രെ രണ്ടു മതിലുകൾക്കിടയിൽ നടത്തിയ വധശിക്ഷ..... ലാഹോർമുതൽ ഡൽഹി, ആഗ്ര, ഫത്തേപ്പൂർസിക്രി തുടങ്ങിയ പ്രധാന മുഗൾകോട്ടകളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന തുരങ്കങ്ങളോട് ചേർന്നായിരുന്നു, വധശിക്ഷ നടപ്പാക്കുവാനുള്ള കിടങ്ങ് നിർമ്മിച്ചിരുന്നത്. ഇനി ഒരിക്കലും ലാഹോറിലേയ്ക്ക് മടങ്ങിവരുവാൻ പാടില്ല എന്ന കർശനനിർദ്ദേശം നൽകിയശേഷം, കിടങ്ങും ഗുഹയുമായി ബന്ധിച്ചിരുന്ന ഒരു വഴിയിലൂടെ രക്ഷപെടുവാനുള്ള അവസരം, അക്ബർ അനാർക്കലിക്കു നൽകിയെന്ന് ഈ ചരിത്രം പറയുന്നു.
ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്താതെപോയ ഒരു ദുരന്തത്തിന്റെ യഥാർത്ഥചിത്രം, അത് എന്തുതന്നെ ആയാലും രണ്ടാമത്തെ കഥ വിശ്വസിക്കുവാനായിരുന്നു എനിക്ക് താത്പര്യം. അതിന്റെ പിന്നിൽ തികച്ചും ബാലിശമെന്ന് തോന്നാവുന്ന ഒരു കാരണവുമുണ്ട്. ചെറുപ്പം മുതലേ വായിച്ചുവളർന്ന സചിത്ര കഥകളിലെ നായകരായിരുന്നുവല്ലോ മഹാനായ അക്ബർ ചക്രവർത്തിയും, ബുദ്ധിമാനായ ഉപദേശകൻ ബീർബലും. നീതിയും ന്യായവും നിറഞ്ഞ വിധികളിലൂടെയും, കൗശലം നിറഞ്ഞുനിൽക്കുന്ന പ്രവൃത്തികളിലൂടെയും മനസ്സിൽ കുടിയേറിയിരുന്ന, മഹാനായ ചക്രവർത്തിയുടെ ചിത്രത്തിനു മങ്ങലേല്പിക്കാതെ സൂക്ഷിക്കുവാൻ, ഈ കഥയാണ് സത്യം എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചല്ലേ മതിയാകൂ....

അനാർക്കലിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു മനോഹരചിത്രമാണ് മുഗൾ-എ-അസം(Mughal-E-Azam). ഡൽഹിയിൽ തിരിച്ചെത്തിയാൽ ഉടൻ ഈ ചിത്രം കാണണമെന്ന് മനസ്സിൽ ഉറപ്പിച്ച് ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.
![]() |
സലിം ചിസ്തിയുടെ കബറിടം. |
വിശുദ്ധനോടുള്ള പ്രാർത്ഥനകളോ, ബഹുമാനപ്രകടനമോ ആകണം, മൂന്നുപേർ സമീപത്തെ മാർബിൾതറയിലിരുന്ന് ഗാനങ്ങൾ ആലപിക്കുന്നുണ്ടായിരുന്നു. സ്വരമാധുര്യം ഏറെയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും, ശ്രോതാക്കളുടെ ഹൃദയങ്ങളെ ആകർഷിക്കുന്ന ഒരു ശോകച്ഛവി ആ ഗാനങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. അനാർക്കലിയുടെ ജീവിതദുരന്തത്തെക്കുറിച്ച് കേട്ടറിഞ്ഞ്, അല്പനിമിഷങ്ങൾക്കുശേഷം, അതിന്റെ തുടർച്ചയെന്നവണ്ണം ഈ ഗാനങ്ങൾകൂടി ആസ്വദിക്കുമ്പോൾ, വാക്കുകൾകൊണ്ട് വിവരിക്കുവാൻ അകാത്ത ഒരു അവസ്ഥയിലേയ്ക്ക് മനസ്സ് വഴുതിവീഴുന്നതുപോലെ..... അല്പസമയം ഗായകരുടെ സമീപം ചിലവഴിച്ചശേഷം, മന്ദിരത്തിനുള്ളിൽ കടന്ന്, വിശുദ്ധന്റെ കബറിടവും സന്ദർശിച്ച് ഞങ്ങൾ പുറത്തുകടന്നു.
![]() |
സലിം ചിസ്തിയുടെ കല്ലറ. |
ഫത്തേപ്പൂരിലെ മനോഹരമായ കാഴ്ചകളുടെ ഏറിയ ഭാഗവും ഇത്തവണ കാണുവാൻ സാധിക്കില്ലാത്തതിനാൽ, ഒരിക്കൽകൂടി ഇവിടേയ്ക്ക് വരേണ്ടിവരുമെന്ന് തീർച്ച..... യാത്രയുടെ ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങുന്നത് അന്നാകാം എന്നു തീരുമാനിച്ച്, കച്ചവടക്കാരുടെ ഇടയിൽനിന്നുമുള്ള പടികൾ ഇറങ്ങി ഞങ്ങൾ കാഴ്ചകളിലേയ്ക്ക് കടന്നു.
![]() |
കോട്ടയുടെ വെളിയിലുള്ള ദൃശ്യം. |
![]() |
മസ്ജിദിനുസമീപത്തെ ശില്പവിദ്യകൾ. |
![]() |
ബുലന്ദ്-ദർവാസ. |
'The world is a Bridge, pass over it, but build no houses upon it. He who hopes for a day, may hope for eternity; but the World endures but an hour. Spend it in prayer for the rest is unseen."
ഇരുളിന്റെ നിഴലിൽ മറഞ്ഞുതുടങ്ങിയ ബുലന്ദ്-ദർവാസയുടെ കുറച്ചു ചിത്രങ്ങൾകൂടി പകർത്തിയശേഷം, ഞങ്ങൾ മടക്കയാത്രക്കൊരുങ്ങി.
ശൈത്യകാലങ്ങളിൽ ആറുമണിയോടെതന്നെ, ഉത്തരേന്ത്യയിൽ ഇരുൾ വീണുതുടങ്ങും. കൂരിരുട്ടിനൊപ്പം, വാഹനത്തിരക്കുകൂടി ഏറെ അനുഭവപ്പെട്ടതിനാൽ മടക്കയാത്ര വളരെ സാവധാനമാണ് നീങ്ങിയത്. കൂടാതെ 300 കിലോമീറ്ററിലേറെയുള്ള യാത്രയും, എല്ലാവരെയും തളർത്തിയിരുന്നു.
ഏതാണ്ട് ഒൻപതു മണിയോടെ ഞങ്ങൾ തിരികെ ആഗ്രയിലെത്തി. താമസസ്ഥലത്തെത്തി കുളിച്ച് ക്ഷീണമകറ്റിയതോടെ വിശപ്പിന്റെ വിളി ഉയർന്നുതുടങ്ങി. ഉച്ചയ്ക്കു കഴിച്ച മുഗളായി ചിക്കന്റെ ഓർമ്മ മനസ്സിൽനിന്നും മാറാതിരുന്നതിനാൽ, സാധാരണ ഭക്ഷണം മതിയെന്ന തീരുമാനം എല്ലാവരും മുൻകൂറായിത്തന്നെ സ്വീകരിച്ചിരുന്നു. ചെറുതെങ്കിലും വൃത്തിയുള്ള ഒരു റസ്റ്റോറന്റിൽനിന്നും ചൂടുചപ്പാത്തിയും ചിക്കൻകറിയും കഴിച്ചശേഷം ഞങ്ങൾ തെരുവുകളിലൂടെ ചുറ്റിത്തിരിയാനിറങ്ങി. ഈ യാത്രയുടെ ഉദ്ദേശ്യവും ഭക്ഷണമല്ലാതെ മറ്റൊന്നായിരുന്നില്ല.... മധുരപ്രിയരായ ഉത്തരേന്ത്യൻ സുഹൃത്തുക്കളെ ആകർഷിക്കുന്ന, വ്യത്യസ്തങ്ങളായ മണവും,രുചിയും, സുഗന്ധവും നിറഞ്ഞ അനവധി മധുരപലഹാരങ്ങൾ ഈ തെരുവുകളിൽ ലഭ്യമാണ്. പേരറിയാത്ത അനവധി മധുര പലഹാരങ്ങൾ, മൺകപ്പുകളിൽ ലഭിക്കുന്ന മസാലച്ചായകൾ, നിരവധി രുചികളിൽ ലഭ്യമാകുന്ന ലസ്സികൾ, അങ്ങനെ അനവധി ഭക്ഷണസാധനങ്ങളുടെ രുചികൾ ആസ്വദിച്ച് 11- മണിവരെ ഞങ്ങൾ തെരുവുകളിലൂടെ അലഞ്ഞുനടന്നു.
അർദ്ധരാത്രിയിൽപ്പോലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന അനവധി വിദേശികളെയും, തെരുവുകളിൽ കാണുവാൻ സാധിച്ചു. പക്ഷെ അവരുടെ യാത്രകൾ തികച്ചും വ്യത്യസ്തത നിറഞ്ഞതായാണ് എനിക്ക് അനുഭവപ്പെട്ടത്. വഴിയോരകച്ചവടക്കാരുമായും, സാധാരണ ജനങ്ങളുമായും സംവദിച്ച്, അവരോട് സ്ഥലകാലചരിത്രങ്ങൾ അന്വേഷിച്ച്, ഓരോ നാടിനെയും, സംസ്കാരങ്ങളെയും അനുഭവിച്ചറിഞ്ഞുള്ള യാത്രകളാണ് അവരുടേത്. അതുപോലെയുള്ള യാത്രകൾ........അതാണ് എന്റെയും സ്വപ്നം..... പക്ഷെ സാഹചര്യങ്ങൾ പലപ്പോഴും അതിനു തടസ്സമായിനിൽക്കുന്നു എന്നുമാത്രം....
രാത്രിയിലും ഉണർന്നിരിക്കുന്ന ആഗ്രയുടെ തെരുവുകളിൽനിന്നും, ഞങ്ങൾ റൂമിലേയ്ക്ക് മടങ്ങി. അതിരാവിലെ തന്നെ താജ്മഹലിന്റെ കാഴ്ചകളിലേയ്ക്ക് പോകണം.. പ്രഭാതസൂര്യന്റെ സുവർണരശ്മികളിൽ കുളിച്ചുനിൽക്കുന്ന സുന്ദരിയായ താജ്മഹലിന്റെ ദൃശ്യം..... എത്ര മനോഹരമായിരിക്കും അത്.. ഇതിനുമുൻപ് പലതവണ താജ്മഹലിന്റെ കാഴ്ചകൾക്കായി എത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു കാഴ്ചക്കായി കാത്തിരിക്കുന്നത് ആദ്യമായാണ്.... നവംബറിന്റെ കുളിരിൽനിന്നും രക്ഷതേടി കമ്പിളിയ്ക്കടിയിലേയ്ക്ക് നുഴഞ്ഞുകയറുമ്പോഴും മനസ്സിൽ ആ കാഴ്ച മാത്രമായിരുന്നു...പൊൻവെയിലിൽ തിളങ്ങിനിൽക്കുന്ന സുന്ദരിയായ താജ്മഹൽ മാത്രം........
വിവരണങ്ങള്‍ അസ്സലായി.
ReplyDeleteഫോട്ടോയില്‍ നോക്കി ഇരുന്നു പോകും.
ഒരു പാഠഭാഗം പോലെ തോന്നിച്ചു
അഭിനന്ദനങ്ങള്‍
നന്നായിരിക്കുന്നു ഷിബൂ..ഇതു വരെ എഴുതിയതിൽ വച്ച് ഏറ്റവും നന്നായി എന്ന് ഞാൻ പറയും...അറിയാത്ത എത്ര എത്ര കഥകൾ
ReplyDeleteമാരുതിക്കു വേണ്ടി ജോലി ചെയ്തിരുന്ന കാലത്ത് ഔദ്യോഗികമായി ഡൽഹിയിൽ പലതവണ വരാൻ അവസരമുണ്ടായിട്ടുണ്ടെങ്കിലും താജ് മഹലും ലാൽ കിലയുമൊന്നും കണ്ടിട്ടില്ല...ഒരു സ്വകാര്യസന്ദർശനത്തിൽ സൌകര്യമായി കാണാം എന്നു കരുതി മാറ്റി വയ്ക്കുകയായിരുന്നു..ഇനി ഒരവസരം എന്നാണാവോ?
സസ്നേഹം,
പഥികൻ
തകര്‍പ്പന്‍ വിവരണം,ഷിബു.(ഇതാണു ഞാന്‍ നേരത്തെ ആഗ്രയാത്രയെക്കുറിച്ചൊക്കെ പറഞ്ഞത് )
ReplyDeleteയാത്രയുടെ സുഖം അവതരിപ്പിച്ചു. ആശംസകള്‍..
ReplyDeleteഫോട്ടോയും വിവരണവും നന്നായി.യാത്ര പോകാന്‍ കൊതിപ്പിക്കും ഇതു പോലുള്ള പോസ്റ്റുകള്‍.ആശംസകള്‍
ReplyDeleteനാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ReplyDeleteശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......
manassu kondu njanum ee yathrayil pankali aayi , athrkku manoharamayi paranju..... aashamsakal.............
ReplyDeleteഷിബുവിന്റെ വിവരണം ഒന്നാന്ത്രമാണ്. ചിത്രങ്ങള്‍ മനോഹരമായവയും. മഹാനായ അക്ബര്‍ ചക്രവര്‍ത്തി അനാര്‍ക്കലിയെ രക്ഷപ്പെടുത്തിയിട്ടുണ്ടാവുമെന്ന് ഞാനും
ReplyDeleteവിശ്വസിക്കുന്നു.
നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ
ReplyDeleteഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......
ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക
ഷിബു വിവരണം മനോഹരം. ചിത്രങ്ങളും സുപെര്ബ്
ReplyDeleteസജീവ്
അവിടെ വരെ വന്നതില്‍ വളരെ സന്തോഷം ..അത് കാരണം ഈ പോസ്റ്റ് എനിക്കും കാണാന്‍ സാധിച്ചു .വളരെ നല്ല യാത്രാ വിവരണം !!..ഇതൊക്കെ ഒരിക്കല്‍ എനിക്കും കാണണം എന്ന് വലിയ ആഗ്രഹം ആണ് .എന്നാലും ഈ യാത്രാ വിവരണം വായിച്ചപ്പോള്‍ എല്ലാം നേരിട്ട് കണ്ടപ്പോലെ തന്നെ .അത്രയും നല്ല പോലെ എഴുതിയിരിക്കുന്നു ..ഇനിയും എഴുതൂ ,എല്ലാ വിധ ആശംസകളും ..
ReplyDeleteഷിബു ചേട്ടാ നല്ല വിവരണവും നല്ല ചിത്രങ്ങളും ദുബായിലേക്ക് വരൂ കുറെ എഴുതാന്‍ ഉണ്ടാകും ..ക്രിസ്തുമസ് ആശംസകള്‍
ReplyDeleteHRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.............
ReplyDeleteഉഗ്രൻ ഫോട്ടോഗ്രാഫിയടക്കം സാഹിത്യത്തിൽ ചാലിച്ച് മനോഹരമായി എഴുതിയിരിക്കുന്ന ഒരിക്കലും കൊഴിഞ്ഞുപോകാത്ത ഈ മാതള പുഷ്പങ്ങളൂടെ പരിമളം ബൂലോഗത്തെ സുഗന്ധമയിയാക്കിയിരിക്കുന്നു കേട്ടൊ ഷിബു.
ReplyDeleteThis comment has been removed by the author.
ReplyDeleteഎനിക്കസൂയ തോന്നുന്നു ..എന്നാണു എനിക്കിങ്ങനെയൊരു യാത്ര നടത്താന്‍ കഴിയുക എന്നറിയില്ല ..ഇനി സാധിച്ചില്ലെങ്കിലും സങ്കടമില്ല ..ഈ യാത്രാ വിവരണം വായിച്ചപ്പോള്‍ യാത്രപോയതുപോലെ തന്നെ ഹൃദ്യം....അല്ലലും അലച്ചിലുമില്ലാതെ എയര്‍ കണ്ടിഷന്‍ കീഴിലിരുന്നു മനോയാനം തുഴഞ്ഞൊരു യാത്ര.
ReplyDeleteഎന്താ പറയുക !!
ReplyDelete