ഇടുക്കി.......ഞങ്ങളുടെ സ്വന്തം ജില്ല.വിനോദസഞ്ചാരികളുടെ പറുദീസാ....ഗുണമേന്മയുള്ള കറുത്ത പൊന്നും,ഏലക്കായും ഉള്‍പ്പടെയുള്ള സുഗന്ധദ്രവ്യങ്ങള്‍ പല ദേശങ്ങളിലേയ്ക്കും കയറ്റി അയച്ച് പേരും പെരുമയും നേടിയെടുത്ത നാട്..'ദൈവത്തിന്റെ
സ്വന്തം നാട്ടില്‍' പ്രകൃതിസൌന്ദര്യം ആവോളം നല്‍കി ദൈവം
അനുഗ്രഹിച്ചെങ്കിലും ഭൂമിശാസ്ത്രപരമായ പരിമിതികളെ
മറികടക്കുവാന്‍ ഇന്നും ഇടുക്കിജില്ലക്ക് കഴിഞ്ഞിട്ടില്ല.അതോടൊപ്പം
ടൂറിസത്തില്‍നിന്നുള്ള വരുമാനത്തെ മാത്രം ലക്‌ഷ്യം വയ്ക്കുന്ന
അധികാരവര്‍ഗ്ഗത്തിന്റെ, അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്നതില്‍
കാണിക്കുന്ന അവഗണനയും, ദീര്‍ഘവീക്ഷണമില്ലാത്ത വികസന
പ്രവര്‍ത്തനങ്ങളും കൂടി ആയപ്പോള്‍ പ്രകൃതിരമണീയങ്ങളായ പല
സ്ഥലങ്ങളും ഇന്നും,സഞ്ചാരികള്‍ക്ക് മുന്‍പില്‍ ബാലികേറാമലകളായി അവശേഷിക്കുന്നു.
ഇത്തരത്തില്‍ രാജ്യാന്തരതലത്തില്‍വരെ പ്രശസ്തിയാര്‍ജിക്കാമായിരുന്ന ഒരു മനോഹര
പ്രദേശത്തെ ജനങ്ങളില്‍നിന്ന് എത്രമാത്രം അകറ്റിനിറുത്താം എന്നതിന്റെ ഉത്തമ ഉദാഹര
ണമാണ് ഇത്തവണ ഞങ്ങള്‍ സന്ദര്‍ശിച്ച ഹില്‍വ്യൂ പാര്‍ക്ക്.
ചെറുതോണി പാറേമാവില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ആയുര്‍വേദആശുപത്രിയിലേയ്ക്കുള്ള യാത്രയാണ്
ഞങ്ങളെ ഈ പാര്‍ക്കിലെത്തിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനസമയത്തെക്കുറിച്ച് വ്യക്തമായ
ധാരണയില്ലാത്തതിനാല്‍ അതിരാവിലെ തന്നെ,ഞാനും സജിയും തോവാളയില്‍നിന്നു യാത്ര തിരിച്ചു.
യാത്ര ബൈക്കിലായിരുന്നതിനാല്‍,പ്രതീക്ഷിച്ചിരുന്നതിലും നേരത്തെതന്നെ ആശുപത്രിയിലെത്തി
യെങ്കിലും ഫലമുണ്ടായില്ല.അതിരാവിലെതന്നെ,എന്തൊക്കെയോ ഉദ്ഘാടനമഹാമഹങ്ങളുമായി
M .L .A .യും കളക്ടറും,പരിവാരങ്ങളും എത്തി ചേര്‍ന്നിട്ടുണ്ട്. അതിനാല്‍ ഡോക്ടര്‍ താമസിച്ചേ എത്തൂ,
ചീട്ട് എടുക്കുന്ന സ്ഥലത്തുനിന്നും അറിയിപ്പ് മുന്‍കൂറായി കിട്ടി.
ആവശ്യക്കാരന് കാത്തിരിക്കാതെ വയ്യല്ലോ.........ആ കാത്തിരിപ്പ് ഏറെ സമയം നീണ്ടെങ്കിലും,
ആ സമയംകൊണ്ട് ആശുപത്രിയും,പരിസരങ്ങളും നന്നായി കണ്ടു മനസ്സിലാക്കാന്‍ സാധിച്ചു.ഒറ്റ
വാക്കില്‍ പറഞ്ഞാല്‍,പരാധീനതകളുടെയും,അസൗകര്യങ്ങളുടെയും നടുവില്‍,ഒറ്റപ്പെട്ട ഒരു സ്ഥലത്ത്
പ്രവര്‍ത്തിക്കുന്ന ആശുപത്രി. എങ്കിലും വളരെയേറെ ആളുകള്‍ രാവിലെതന്നെ എത്തിയിട്ടുണ്ട്.
കൂട്ടത്തിലുള്ള അമ്മച്ചിമാരുടെ നാട്ടുവര്‍ത്തമാനങ്ങളും,പഴമ്പുരാണങ്ങളും കേട്ട് ഞങ്ങള്‍ ഒരു മൂലയില്‍
ഇരിപ്പുറപ്പിച്ചു.പല ആശുപത്രികളിലെയും ചികിത്സക്കുശേഷം എത്തിയവരാണ് ഏറെയും.ഇവിടുത്തെ
ചികിത്സയില്‍ പൂര്‍ണതൃപ്തരും..സാമ്പത്തികമായ ലാഭവും മറ്റൊരു കാരണമാകാം.ആശുപത്രിവികസന
ത്തിനായി,ഈടാക്കുന്ന രണ്ടുരൂപ രജിസ്‌ട്രേഷന്‍ ഫീസ് മാത്രമാണ് ഇവിടുത്തെ ചികിത്സാചിലവ്.
ആര്‍ഭാടജീവിതത്തിനുവേണ്ടി കോടികള്‍ അനാവശ്യമായി ചിലവാക്കുന്ന ഇക്കാലത്ത്,രണ്ടു രൂപയ്ക്ക്
കിട്ടുന്ന വൈദ്യ സഹായത്തിന്റെ മഹത്ത്വം എത്ര പേര്‍ തിരിച്ചറിയുന്നുണ്ട് എന്നത് ഒരു ചോദ്യമായി
തന്നെ അവശേഷിപ്പിക്കുന്നു.............
കാത്തിരിപ്പിനൊടുവില്‍ സുരേഷ്ഡോക്ടര്‍ എത്തി.അതിരാവിലെ മുതല്‍ കാത്തിരിക്കുന്നവരുടെ,ഊഴം
കഴിഞ്ഞപ്പോള്‍ ഞങ്ങളും അകത്തു കയറി.ഇത്രയും ആളുകള്‍ ഡോക്ടര്‍ക്കുവേണ്ടി മാത്രം കാത്തിരി
ക്കുന്നതിന്റെ രഹസ്യം,ഡോക്ടറോട് സംസാരിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി..ചികിത്സയിലുള്ള
അറിവിനേക്കാളുപരി,ഒരു രോഗി ആഗ്രഹിക്കുന്ന വാക്കുകള്‍....അതാണ് ഡോക്ടറുടെ സംസാരത്തിന്റെ
പ്രത്യേകത.ലോകകാര്യങ്ങളെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ്,രോഗകാര്യങ്ങളി
ലേയ്ക്ക് കടന്നത്.വിശദമായ പരിശോധനകള്‍ക്ക്ശേഷം,മരുന്നിന്റെ കുറിപ്പടികളും വാങ്ങി ഞങ്ങള്‍
ഡോക്ടറോട് യാത്ര പറഞ്ഞു.ഇനി എങ്ങോട്ട്.......?എന്തായാലും ഒരു ദിവസം കണക്കുകൂട്ടി
ഇറങ്ങിയതാണ്.എവിടെയെങ്കിലും കാട്ടിലോ,മലയിലോ കയറാതെ വീട്ടില്‍ പോകുന്നതെങ്ങനെ?
അധികം ചിന്തിക്കാന്‍ നില്‍ക്കാതെ നേരെ,നഗരംപാറ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് യാത്രയായി.
അവിടെയാണ് ഞങ്ങളുടെ സുഹൃത്തും,തോവാളക്കാരനുമായ ഫിലിപ്പ് ജോലി ചെയ്യുന്നത്.ഫിലിപ്പിന്റെ
സഹായത്തോടെ ഇടുക്കിവനത്തിന്റെ ഏതെങ്കിലും ഭാഗത്തേയ്ക്ക് ഒരു ചെറിയ യാത്ര...ഈ ഉദ്ദേശ്യ
ത്തോടെയാണ് ഞങ്ങള്‍ അവിടെ എത്തിയത്.അവിടെയെത്തി ഫോണ്‍ ചെയ്തപ്പോഴാണ്
അറിയുന്നത്,ആള്‍ ഓഫീസിലേയ്ക്കുള്ള യാത്രയിലാണ്.എത്തിച്ചേരാന്‍ ഇനിയും സമയമെടുക്കും.
"ഇനി എന്ത് ചെയ്യും?"ആലോചിച്ചു മുഖത്തോടു മുഖം നോക്കി നില്‍ക്കുമ്പോളാണ്,വരുന്ന വഴിയില്‍
പലപ്പോഴും കണ്ടിട്ടുള്ള ഹില്‍വ്യൂ പാര്‍ക്കിന്റെ ബോര്‍ഡ്,ഓര്‍മ വന്നത്."എങ്കില്‍പിന്നെ ഇന്നത്തെ യാത്ര അങ്ങോട്ട് തന്നെ" പറഞ്ഞപ്പോള്‍ സജിക്കും പൂര്‍ണസമ്മതം.വഴി വ്യക്തമായി അറിയില്ലെങ്കിലും
ചെറുതോണി..തൊടുപുഴ റോഡില്‍ കൊലുമ്പന്‍ സമാധിക്കരികില്‍നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞുള്ള
വഴിയെ ഞങ്ങള്‍ യാത്രയായി. കാട്ടില്‍ക്കൂടിയാണ് യാത്ര.വഴി ചോദിക്കാമെന്നുവച്ചാല്‍ ഒരാളെപ്പോലും
കാണാനുമില്ല.കാട്ടുമൃഗങ്ങളെ ഈ വഴിയില്‍ കാണുവാനുള്ള സാധ്യത കുറവാണെന്നത് മാത്രമാണ്
കുറച്ചെങ്കിലും ആശ്വാസം പകരുന്നത്.യാത്രക്കിടയില്‍ വഴിയരികില്‍ കുറച്ചു കെട്ടിടങ്ങളും,ചെറിയ
ചെക്ക്പോസ്‌റ്റും കണ്ടെങ്കിലും ഞങ്ങള്‍ മുന്‍പോട്ടുതന്നെ യാത്രയായി.

തൊട്ടു മുന്‍പിലായി അടച്ചു പൂട്ടിയ ഒരു ഗേറ്റ് കണ്ടപ്പോഴാണ് ,വഴി തെറ്റിയെന്നു ഞങ്ങള്‍ക്ക്
മനസ്സിലായത് .ചെറുതോണി ഡാമിലേയ്ക്കുള്ള പ്രവേശന കവാടത്തിനു മുന്‍പിലാണ് ഞങ്ങള്‍
എത്തിപ്പെട്ടിരിക്കുന്നത്.അവിടെയ്ക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍
തിരികെപ്പോരാതെ നിവൃത്തിയില്ല.കാട്ടില്‍കയറി അല്പം ചുറ്റിത്തിരിയാമെന്നുവച്ചാല്‍,ഇവിടെ
അതിനുള്ള സൗകര്യങ്ങളുമില്ലാത്തതിനാല്‍ഇനി പാര്‍ക്ക് തന്നെ ശരണം.കുന്നിന്മുകളിലേയ്ക്കുള്ള
വഴി നോക്കിയായിരുന്നു മടക്കയാത്ര.ചെക്കുപോസ്റ്റ് മറികടന്നു ഇടുക്കി ടി.ബി.യുടെ സമീപമെത്തി
യപ്പോഴാണ് ചെളിയും പായലും പിടിച്ച സുന്ദരമായ ബോര്‍ഡ് കണ്ടത്.
'ഹില്‍വ്യൂ പാര്‍ക്കിലേയ്ക്ക് സ്വാഗതം.'
ബോര്‍ഡുനോക്കി ടി.ബി.യുടെ മുന്‍പിലെത്തിയപ്പോഴേ പാര്‍ക്കിന്റെ സ്ഥാനം മനസ്സിലായി.ബൈക്കു
മായി മുകളിലേയ്ക്ക് കയറാന്‍ ഒരു ശ്രമം നടത്തിയെങ്കിലും,റോഡിന്‍റെ ശോചനീയാവസ്ഥ ആ
സാഹസത്തില്‍നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചു.വഴിയോരത്തെ തണലില്‍ ബൈക്ക് വച്ചതിനു
ശേഷം പാര്‍ക്കിലേയ്ക്കുള്ള കയറ്റം കയറി,ടിക്കറ്റ് കൌണ്ടറിന് സമീപമെത്തി.സമീപത്തായി
പണ്ടെന്നോ സ്ഥാപിച്ച ഒരു ശിലാഫലകം കാടുപിടിച്ച് കിടക്കുന്നുണ്ട്.കൌണ്ടറിന്റെ ഭിത്തിയില്‍
ടിക്കറ്റ് നിരക്കുകള്‍മാത്രം വളരെ വൃത്തിയായി എഴുതി വച്ചിട്ടുണ്ട്.ക്യാമറയ്ക്കും ടിക്കറ്റുണ്ടെങ്കിലും,
തത്കാലം അത് ഒഴിവാക്കി 10 രൂപയുടെ ടിക്കറ്റുമെടുത്തു ഞങ്ങള്‍ പാര്‍ക്കിനുള്ളിലേയ്ക്ക് നടന്നു.
മുകളില്‍നിന്നു ഉച്ചത്തില്‍ സംസാരം കേള്‍ക്കുന്നുണ്ട്..ഞങ്ങളെപ്പോലെതന്നെ നട്ടുച്ചയ്ക്ക് പാര്‍ക്കു
കാണാന്‍ വന്ന ഒരു കുടുംബമാണ്.പാവങ്ങള്‍ വെയിലുകൊണ്ട് നന്നായി ക്ഷീണിച്ചിട്ടുണ്ട്.
"വേണ്ടിയിരുന്നില്ല"എന്നൊരു ഭാവം മാതാപിതാക്കളുടെ മുഖത്തുണ്ടോ എന്നൊരു സംശയം.
എന്തായാലും കുട്ടികള്‍,യാത്ര നന്നായി ആസ്വദിച്ച രീതിയിലാണ് ഇറങ്ങി വരുന്നത്.തൊട്ടുമുകളിലായി
ആദ്യത്തെ നിരപ്പില്‍ എത്തിയപ്പോള്‍ത്തന്നെ മനസ്സു നിറഞ്ഞു.'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം' എന്ന് പറഞ്ഞതുപോലെയാണ് ഭൂപ്രകൃതി.ഇടുക്കി ജലാശയത്തിന്റെ
നീലനിറവും,പൂത്തുലഞ്ഞുനില്‍ക്കുന്ന മരുതിമരങ്ങളുടെ ചുവപ്പുനിറവും,കടുത്ത പച്ചനിറവും ചേര്‍ന്നൊരു
വര്‍ണപ്രപഞ്ചം.മൂന്ന് അണക്കെട്ടുകളുടെ ഈ സംഗമഭൂമിയില്‍, ഇടുക്കി,ചെറുതോണി എന്നീ
പ്രധാനപ്പെട്ട അണക്കെട്ടുകളുടെ ദൃശ്യങ്ങള്‍ ഇവിടെ നിന്ന് നന്നായി ആസ്വദിക്കാന്‍ സാധിക്കും.
മറ്റൊന്ന് കുളമാവ് അണക്കെട്ട് ആണ്.ഇടുക്കിവനത്തിനു നടുവിലൂടെ കടന്നുപോകുന്ന തൊടുപുഴ റോഡി
ലൂടെയുള്ള യാത്രയില്‍,ഈ അണക്കെട്ടിന്റെയും മനോഹരമായ കാഴ്ചകള്‍ കാണുവാന്‍ സാധിക്കും.
പാര്‍ക്കില്‍നിന്നുള്ള ദൃശ്യങ്ങള്‍ വളരെ മനോഹരമാണെങ്കിലും,അവസ്ഥ വളരെ പരിതാപകരം തന്നെ.
1999..ല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി കൌണ്ടറിനടുത്തുള്ള ശിലാഫലകത്തില്‍നിന്നും
മനസ്സിലാക്കുവാന്‍ കഴിഞ്ഞുവെങ്കിലും,അതിനുശേഷം എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ
എത്തിനോക്കിയതായിപ്പോലും തോന്നുന്നില്ല.ചുറ്റുപാടും കാടുപിടിച്ച ചെരിവുകള്‍ മാത്രം.ഉയര്‍ന്നുവളരുന്ന
പുല്ലുകള്‍ക്കിടയിലൂടെ അണക്കെട്ടിന്റെ നിര്‍മ്മാണകാലഘട്ടത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍
ഉയര്‍ന്നു കാണാം.കഷ്ടപ്പെട്ട് ഈ മല കയറിയത് വെറുതെ ആയോ എന്നായി ചിന്ത.ആദ്യത്തെ
ആവേശം കെട്ടടങ്ങിയെങ്കിലും,ജലാശയത്തിന്റെയും,മലകളുടെയും പാശ്ചാത്തലത്തില്‍ കുറെ ഫോട്ടോ
യുമെടുത്തു വീണ്ടും മുകളിലേയ്ക്ക് നടന്നുതുടങ്ങിയപ്പോഴേയ്ക്കും ഒരാള്‍ ഞങ്ങള്‍ക്കരികിലെത്തി കൈ
നീട്ടി."ദൈവമേ ഈ മലമുകളിലും പിരിവോ?"ചോദ്യം ചോദിക്കേണ്ടിവന്നില്ല.അതിനു മുന്‍പേ അയാള്‍
ടിക്കറ്റ് ആവശ്യപ്പെട്ടു. കൊടുത്ത ടിക്കറ്റ് രണ്ടു കഷണമാക്കി തന്നു.കൂട്ടത്തില്‍ "മുകളിലാണ് നല്ല കാഴ്ച"
എന്നൊരു ഉപദേശവും കൂടി നല്‍കി അയാള്‍ നടന്നു.
പാര്‍ക്കിന്റെ ഭൂപ്രകൃതിയെ ഒരു മൂന്നുനില കെട്ടിടത്തോട് ഉപമിക്കാം.രണ്ടാമത്തെ നിലയിലെ കാഴ്ചകളിലേയ്ക്കാണ് ഞങ്ങള്‍ എത്തിയത്.ഉയര്‍ന്നു വളരുന്ന പുല്ലുകള്‍ അല്ലാതെ ഇവിടെയും
പ്രത്യേകിച്ച് കാഴ്ചകള്‍ ഒന്നുംതന്നെ ഇല്ല.കുറച്ചു ദൂരെയായി സുരക്ഷാവേലി കെട്ടിയിരിക്കുന്ന
ഭാഗത്തേയ്ക്ക് ഞങ്ങള്‍ നടന്നു.വഴിയിലെല്ലാം ചുവന്ന പരവതാനി വിരിച്ചതുപോലെ ചെറിയ പുല്ലു
കള്‍ വളര്‍ന്നു നില്‍ക്കുന്നു.നടന്നെത്തിയത് അഗാധമായ ഒരു കുഴിക്കരികിലാണ്.ഡാമിന്റെ നിര്‍മാണ
ആവശ്യങ്ങള്‍ക്കായി,പാറ പൊട്ടിച്ചുണ്ടാക്കിയ ക്വാറിയെ ഒരു ചെറുതടാകമാക്കി രൂപപ്പെടുത്തിയിരി
ക്കുന്നു.ഇളംപച്ചനിറത്തിലുള്ള ജലാശയത്തില്‍ ആരെങ്കിലുമൊക്കെ എത്തുമെന്ന പ്രതീക്ഷയില്‍
രണ്ടോ മൂന്നോ പെഡല്‍ ബോട്ടുകള്‍ വിശ്രമിക്കുന്നുണ്ട്.സമീപത്തായി പാര്‍ക്ക് മനോഹരമാക്കാനുള്ള
നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.നല്ല കാര്യം തന്നെ.....പക്ഷെ കേരളത്തിലെ വികസന
പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലയിലുംതന്നെ കാണാനാവുന്ന ഈ ആരംഭശൂരത്വം,എത്ര നാള്‍
നീണ്ടുനില്‍ക്കും എന്നത് മാത്രമാണ് സംശയം.
തിരികെ വരുമ്പോള്‍ ചുവന്ന പരവതാനിപുല്ലില്‍ ഇരുന്നു കുറെ ഫോട്ടോയുമെടുത്തു,പാര്‍ക്കിന്റെ ഏറ്റവും മുകളിലേയ്ക്കുള്ള നടകള്‍ കയറി.വഴിയുടെ ഇരുവശവും പേരറിയാത്ത ഏതോ ചെടി,നിറയെ
മഞ്ഞപൂക്കളുമായി പടര്‍ന്നുകിടക്കുന്നു.കത്തിയുരുകുന്ന ചൂടില്‍,ഒരു കുപ്പി വെള്ളംപോലുമില്ലാതെയാണ്
മല കയറാന്‍ എത്തിയത്.ഇടുക്കിയിലെ ഏത് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോയാലും ഒരു കുപ്പി
വെള്ളമെങ്കിലും,കൈയില്‍ കരുതിയിരിക്കണം എന്ന പാഠം,ഈ യാത്രകൊണ്ട് പഠിച്ചു.നടകള്‍ കയറിയെത്തുന്നത് പ്രധാന ആകര്‍ഷണകേന്ദ്രമായ വാച്ച്ടവറിനരികിലേയ്ക്കാണ്. ടവറിന്റെ
ഭിത്തികള്‍,ഈ വഴി കടന്നുപോയ സന്ദര്‍ശകരുടെയും,കാമുകീകാമുകന്മാരുടെയും പേരുകളാല്‍ അലം
കൃതമാണ്.കേരളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള കമിതാക്കളുടെ സെന്‍സസ് എടുക്കണമെങ്കില്‍ വേറെ
എങ്ങും പോകേണ്ടതില്ല എന്ന് തോന്നുന്നു.ടവറിനു ചുറ്റിലും മഞ്ഞപൂക്കള്‍ നിറഞ്ഞ പുല്ലുകള്‍ ഒരാള്‍
ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്.കാറ്റടിയ്ക്കുമ്പോള്‍ മഞ്ഞകടല്‍ പോലെ ഇളകുന്ന ആ പുല്ലുകള്‍
ക്കിടയിലൂടെ,പാര്‍ക്കിന്റെ മറ്റൊരു വശത്തേയ്ക്കുള്ള കോണ്‍ക്രീറ്റ്നടപ്പാത നീണ്ടു കിടക്കുന്നു.
നടപ്പാതയുടെ വശങ്ങളില്‍ പണ്ടെന്നോ സ്ഥാപിച്ച വിളക്ക്തൂണുകളുടെ അവശിഷ്ടങ്ങള്‍.നല്ല രീതിയില്‍
ആരംഭിച്ച പദ്ധതിയാണെങ്കിലും,തുടര്‍ന്നുള്ള പരിചരണത്തിന്റെ അഭാവത്താല്‍ നശിപ്പിക്കപെട്ടതാ
ണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. കുന്നിന്റെ മുകളില്‍ നടപ്പാത അവസാനിക്കുന്ന ഭാഗത്ത്
നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്.അല്‍പസമയം അവിടെ നിന്ന് മലനിരകളുടെ വിദൂര കാഴ്ച
ആസ്വദിച്ചശേഷം പാര്‍ക്കിന്റെ മറുവശത്തെ കാഴ്ച്ചകളിലേയ്ക്ക് നടന്നു.കീഴ്ക്കാംതൂക്കായ ഈ ഭാഗ
ത്തുനിന്നാണ് ജലാശയത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യം ലഭ്യമാകുന്നത് .നട്ടുച്ചനേരത്ത് കിട്ടുന്ന
ഇളംകാറ്റും,മനോഹരമായ പ്രകൃതിയും ഏറെനേരം ഞങ്ങളെ അവിടെ പിടിച്ചിരുത്തി.എങ്കിലും വെയിലിന്റെ കാഠിന്യവും,സമയക്കുറവുംമൂലം കുറച്ചു ഫോട്ടോകള്‍ കൂടി എടുത്തശേഷം ഞങ്ങള്‍ മടക്ക
യാത്ര തുടങ്ങി.തിരികെ ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോഴേയ്ക്കും ഫിലിപ്പ് എത്തിച്ചേര്‍ന്നിരുന്നു.
ഓഫീസിനു നേരെ എതിര്‍വശത്താണ് 'ചാരന്‍സ് കേവ്'.റോഡില്‍നിന്നും നടകള്‍ കെട്ടിയിറങ്ങി
യിട്ടുണ്ടെങ്കിലും,സന്ദര്‍ശകര്‍ ഇവിടേയ്ക്ക് വരാറുള്ളതിന്റെ ലക്ഷണമൊന്നും കാണുവാനില്ല.വഴി
അടഞ്ഞു ,വളര്‍ന്നു മറിഞ്ഞു കിടക്കുന്ന പുല്ലുകള്‍ വകഞ്ഞുമാറ്റി വേണം താഴേയ്ക്ക് ഇറങ്ങാന്‍.ഒരു
വലിയ പാറയുടെ അടിയില്‍ ഒരാള്‍ക്ക് ഇഴഞ്ഞു കയറാവുന്ന രീതിയില്‍,25 അടിയോളം നീളത്തില്‍ ഒരു
ഗുഹ.അതാണ് ചാരന്‍സ് കേവ്.ഹില്‍വ്യൂ പാര്‍ക്കില്‍നിന്നും വ്യത്യസ്തമായി,പ്രകൃതി ഒരുക്കിയിരിക്കുന്ന
എയര്‍കണ്ടീഷന്‍ കാലാവസ്ഥയാണ് ഇവിടെ അനുഭവിക്കാന്‍ കഴിയുക.ഗുഹയുടെ സമീപത്തും പരിസര
പ്രദേശങ്ങളിലും മദ്യക്കുപ്പികള്‍ ചിതറിക്കിടക്കുന്നുണ്ട്. അല്ലെങ്കിലും മനോഹരങ്ങളായ സ്ഥലങ്ങളില്‍
ആദ്യം എത്തിചേരുന്നത് "അച്ചാറും കുപ്പിയുമായി അടിക്കാന്‍ സ്ഥലം തപ്പിനടക്കുന്ന" മദ്യപാനി
കളാണല്ലോ.പ്രകൃതിസ്നേഹികള്‍ക്ക് ഈക്കാര്യത്തില്‍ രണ്ടാം സ്ഥാനമേ ഉള്ളൂ എന്ന് തീര്‍ച്ച.ഗുഹയുടെ
സമീപത്തായി ആരുടെയോ കല്ലറ കാണുവാനുണ്ട്.ഇടുക്കി അണക്കെട്ടിന്റെ സ്ഥാനം കണ്ടുപിടിക്കുവാന്‍
സഹായിച്ച കൊലുമ്പന്റെ ശവകുടീരമാണെന്ന് അറിഞ്ഞെങ്കിലും,അതിനു വ്യക്തമായ സ്ഥിരീകരണം
ലഭിച്ചില്ല.ഗുഹയുടെ സമീപത്തുനിന്നും ജലാശയത്തിലേയ്ക്ക് വനത്തിലൂടെയുള്ള യാത്ര ദുഷ്ക്കരമാ
യതിനാല്‍ തിരികെ റോഡിലെത്തി കൊലുമ്പന്‍സമാധിക്കരികില്‍ക്കൂടി വനത്തിലേയ്ക്കിറങ്ങി.
വഴിയരികില്‍ ഇക്കോടൂറിസത്തിന്റെ ഭാഗമായി നിര്‍മിച്ച കോട്ടേജുകള്‍ അടച്ചുപൂട്ടിയിട്ടിരിക്കുന്നു.
സമീപത്തുള്ള മരങ്ങളിലെല്ലാം തകര്‍ന്നുകിടക്കുന്ന അവസ്ഥയില്‍ അനവധി ഏറുമാടങ്ങള്‍.ഇക്കോ
ടൂറിസത്തിന്റെ ആരംഭകാലഘട്ടങ്ങളില്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരുന്ന ഇവ,ടൂറിസം
പല മേഖലകളിലേയ്ക്കും വഴിതെറ്റുന്നു എന്ന് കണ്ടപ്പോള്‍ അടച്ചു പൂട്ടുകയായിരുന്നു.അങ്ങനെ നന്നായി
നടക്കേണ്ടിയിരുന്ന ഒരു പദ്ധതികൂടി ഇവിടെ അകാലമൃത്യു വരിച്ചു.വഴിയരികിലെ മരത്തില്‍ കണ്ട ഒരു
ഏറുമാടത്തില്‍ കയറാന്‍ ഒരു ശ്രമം നടത്തിയെങ്കിലും,കാലപ്പഴക്കത്താല്‍ തകര്‍ന്ന ഏണിപ്പടികള്‍
ചതിക്കുമെന്ന് തോന്നിയതിനാല്‍ ആ സാഹസത്തില്‍ നിന്ന് പിന്മാറി.
വേനല്‍ക്കാലങ്ങളില്‍ വനത്തിനുള്ളിലെ നീര്‍ച്ചാലുകള്‍ വറ്റുമ്പോള്‍,ജലാശയത്തിലേയ്ക്ക് ആനകള്‍
എത്തുന്ന,ആനത്താരയിലൂടെയാണ് ഞങ്ങള്‍ നടന്നിറങ്ങിക്കൊണ്ടിരുന്നത്. ഇത്തവണ മഴ കാര്യമായി
ലഭിച്ചതിനാല്‍,ഈ സമയങ്ങളില്‍ ആന ഇറങ്ങുവാനുള്ള സാധ്യത ഇല്ലെങ്കിലും,അല്പം ശ്രദ്ധിച്ച് തന്നെയാണ്. നടന്നത്.കാട്ടുവള്ളികള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ കടന്നുവരാന്‍
സൂര്യപ്രകാശം പോലും മടിക്കുന്നു.ചീവീടുകളുടെയും,പേരറിയാത്ത അനേകം പക്ഷികളുടെയും കച്ചേരി
കേട്ട്,കാടിന്റെ സുഗന്ധമുള്ള ഇളം കാറ്റുമടിച്ചു തടാകത്തിനടുത്തെത്തി.ശക്തമായ മഴമൂലം ജലനിരപ്പ്
ഉയര്‍ന്നിരുന്നതുമൂലം,ജലാശയത്തിനരികിലൂടെയുള്ള കാട്ടുവഴികള്‍ എല്ലാംതന്നെ അടഞ്ഞു
പോയതിനാല്‍,ആ വഴിയെ വനയാത്ര നടത്താമെന്ന മോഹവും,മുളയിലെ നുളേളണ്ടി വന്നു.തണുത്ത
വെള്ളത്തില്‍ ഇറങ്ങി മുഖമൊന്നു കഴുകിക്കഴിഞ്ഞപ്പോഴേയ്ക്കും ക്ഷീണം അപ്രത്യക്ഷമായി.
സമീപത്തുള്ള ഇല്ലിക്കൂട്ടത്തിലും,മറ്റൊരു ഉയര്‍ന്ന മരത്തിലുമായി ഇവിടെയുമുണ്ട് തകര്‍ന്നുകിടക്കുന്ന
രണ്ടു ഏറുമാടങ്ങള്‍.അല്‍പനേരം സമീപത്തുള്ള കാട്ടില്‍ക്കൂടി ചുറ്റിത്തിരിഞ്ഞശേഷം മടങ്ങാന്‍
തീരുമാനിച്ചു.
അടുത്തുള്ള ഓഫീസില്‍ ഉണ്ടായിരുന്ന ഫിലിപ്പിന്റെ സുഹൃത്തിനെയും കണ്ടശേഷം ഞങ്ങള്‍ തിരികെ
മടങ്ങി.മടക്കയാത്രയില്‍ വഴിയരികിലുള്ള കൊലുമ്പന്‍സ്മാരകത്തിലും ഒരു സന്ദര്‍ശനം നടത്തി.
വഴിയരികിലുള്ള മതില്‍കെട്ടിനകത്തായി,മാര്‍ബിള്‍ ഉപയോഗിച്ച് കെട്ടിയുയര്‍ത്തിയ തറയാണ്
കൊലുമ്പന്‍ സമാധി എന്നറിയപ്പെടുന്നത്.കാര്യമായ ശ്രദ്ധ കിട്ടാത്തതിനാല്‍ മാര്‍ബിളുകള്‍ പൊട്ടി
അടര്‍ന്നുപോയിരിക്കുന്നു.ഇടുക്കിജില്ല എന്നെന്നും ഓര്‍ത്തിരിക്കേണ്ട ഒരു വ്യക്തിയുടെ സ്മാരകം
കാടുപിടിച്ച് അനാഥമായി കിടക്കുന്നു.അടുത്തുള്ള മരത്തിന്റെ ചുവട്ടിലുള്ള വിളക്ക്തറയില്‍,ആരോ
വിളക്ക് വയ്ക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണാം.അവഗണിക്കപ്പെട്ടു കിടക്കുന്ന ഇത്തരം സുന്ദര
ദൃശ്യങ്ങളുടെ പട്ടികയില്‍ ഇതുവരെ കടന്നതും,ഇനി കടന്നു കൂടാനുള്ളവയും എത്രയെന്നു കാത്തിരുന്നു
തന്നെ കാണാം.........വെയിലിന്റെ കാഠിന്യവും,വിശപ്പിന്റെ വിളിയും ഏറിവന്നതോടെ യാത്ര
മതിയാക്കി മടങ്ങാന്‍ തീരുമാനിച്ചു.ചെറുതോണിയിലെത്തി ചെറുതായി വിശപ്പിനു ശമനം വരുത്തിയ
ശേഷം,യാത്ര നേരെ തോവാളയിലേയ്ക്ക്.........
Nadu kani para tanne anu eee hill view park
ReplyDelete