ഹുമയൂൺ ടോംമ്പ് : ഭാഗം ഒന്നിലേയ്ക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
.................................................................................................................................................................വെസ്റ്റ് ഗേറ്റിന്റെ ഉള്ളിൽ, ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ടു മുറികളിലായി, ഈ മ്യൂസിയം സംവിധാനം ചെയ്തിരിക്കുന്നു. ഇരുവാതിലുകളുടെയും നടുവിലായി തൂങ്ങിക്കിടക്കുന്ന വളരെ പുരാതനമെന്നു തോന്നിക്കുന്ന റാന്തൽവിളക്കിന്റെ ചിത്രങ്ങൾ പകർത്തിയശേഷം, മ്യൂസിയത്തിനുള്ളിലെ കാഴ്ചകളിലേക്കു ഞാൻ കടന്നു.
മ്യൂസിയം സ്ഥിതി ചെയ്യുന്ന വെസ്റ്റ് ഗേറ്റ് |
ഹുമയൂൺ ടോംമ്പ് |
ചാർ ബാഗ് ഗാർഡൻ : ശവകുടീരത്തിനു മുകളിൽ നിന്നുള്ള ദൃശ്യം. |
ജലധാരയുടെ സമീപത്തുനിന്ന്, കുറച്ചു ചിത്രങ്ങൾ പകർത്തിയശേഷം ശവകുടീരത്തിന്റെ കാഴ്ചകൾ ലക്ഷ്യമാക്കി നടന്നു. ഹുമയൂണിന്റെ ഭാര്യയായിരുന്ന 'ഹമീദ ബാനു ബീഗ'ത്തിന്റെ നിർദ്ദേശപ്രകാരം,1572-ൽ പേർഷ്യൻ വാസ്തുശില്പിയായിരുന്ന 'മിറാക് മിർസ ഗിയാത്തി'ന്റെ മേൽനോട്ടത്തിലാണ്, ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ ഈ ആദ്യ പൂന്തോട്ടശവകുടീരം നിർമ്മിച്ചത്. 1556 ജനുവരി 20 ന് ഹുമയൂൺ മരണമടഞ്ഞുവെങ്കിലും, ഒൻപതു വർഷങ്ങൾ പിന്നിട്ടശേഷം 1565-ലാണ് ഈ ശവകുടീരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണകാലഘട്ടത്തിനിടെ പ്രധാന വാസ്തുശില്പിയായിരുന്ന 'മിർസ ഗിയാത്തി'ന്റെ മരണത്തെത്തുടർന്ന് മകൻ 'സയ്ദ് മുഹമ്മദ് ഇബ്ൻ മിറാക് ഗിയാത്തുദ്ദീനിന്റെ' നേതൃത്വത്തിൽ, ഏകദേശം പതിനഞ്ചു ലക്ഷത്തോളം രൂപ ചിലവഴിച്ച് 1572-ൽ ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചു. അതിനു ശേഷമാണ് പഞ്ചാബിലെ സിറിന്ധിൽ സംസ്കരിക്കപ്പെട്ടിരുന്ന ഹുമയൂണിന്റെ ശരീരം തിരികെകൊണ്ടുവന്ന് ഈ കല്ല്ലറക്കുള്ളിൽ സംസ്ക്കരിച്ചത്.
36 തുല്യഭാഗങ്ങളായി വിഭജിക്കപ്പെട്ട പൂന്തോട്ടത്തിന്റെ മധ്യഭാഗത്തായി, പേർഷ്യൻ-മുഗൾ ശില്പകലയുടെ പര്യായമായി, 30 അടിയോളം ഉയരമുള്ള പ്ലാറ്റ്ഫോമിനു മുകളിലായാണ് 47 മീറ്ററോളം ഉയരമുള്ള ഈ ശവകുടീരം തലയുയർത്തി നിൽക്കുന്നത്.
പ്ലാറ്റ്ഫോമിലേയ്ക്ക് കയറുവാനുള്ള വഴി. |
ഉള്ളിലേയ്ക്ക് നടക്കുമ്പോൾ പ്ലാറ്റ്ഫോമിന്റെ വശങ്ങളിലുള്ള കല്ലറകളുടെ മനോഹാരിതയിൽ ഒരു നിമിഷം കണ്ണുകൾ പതിഞ്ഞു. ജീവിച്ചിരുന്ന കാലത്ത്, ഒരു ജനതയുടെമുഴുവൻ ആദരവുകൾ ഏറ്റുവാങ്ങിയ വ്യക്തികൾ.....മരണത്തിന്റെ തിരശ്ശീലക്കുപിന്നിൽ മറഞ്ഞ് കാലങ്ങൾക്കുശേഷം, മഞ്ഞും, മഴയും, വെയിലുമേറ്റ് വിസ്മൃതിയുടെ ആഴങ്ങളിൽ അവസാന നിദ്രയിലാണ്ടുകിടക്കുന്നു... വയലിലെ പുല്ലുപോലെ വാടിക്കരിഞ്ഞുപോകുന്ന മർത്യജീവിതത്തിന്റെ അർത്ഥശൂന്യത വെളിവാക്കും പോലെ.....
ശവകുടീരത്തിന്റെ വിവിധ വശങ്ങളിലായി സ്ഥിതിചെയ്യുന്ന ഈ കല്ലറകളിൽ ചിലവ, ശില്പഭംഗികൊണ്ട് തികച്ചും വ്യത്യസ്ഥത പുലർത്തുന്നവയാണ്. തൂവെള്ള മാർബിളുകളിൽ നിർമ്മിക്കപ്പെട്ട ചില കല്ലറകൾ, സൂക്ഷ്മമായ കൊത്തുപണികളുടെ മനോഹാരിതയാൽ, ഹുമയൂണിന്റെ ശവക്കല്ലറയെയും മറികടക്കുന്നു. അവയിൽ പ്രത്യേകം ശ്രദ്ധ ആകർഷിക്കുന്ന കുറച്ചു കല്ലറകളുടെ ചിത്രങ്ങൾകൂടി പകർത്തിയശേഷം ഹുമയൂണിന്റെ ശവക്കല്ലറയുടെ സമീപത്തേയ്ക്ക് നടന്നു.
സ്മാരകത്തിന്റ ഉള്ളിലേയ്ക്കു പ്രവേശിച്ച ഞാൻ ആദ്യം എത്തിച്ചേർന്നത് ഒറ്റക്കൽ പ്പാളികളിൽ കൊത്തിയെടുത്ത ജനാലകൾ നിറഞ്ഞ ഒരു ചെറിയ മുറിയിലേയ്ക്കാണ്. ഈ മുറി പിന്നിട്ട് എത്തുന്ന വിശാലമായ ഹാളിന്റെ മധ്യഭാഗത്തായി, കട്ടപിടിച്ച ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന പ്രകാശക്കീറുകളുടെ പ്രതിഫലനത്തിൽ തിളങ്ങുന്ന, മാർബിൾ കല്ലുകളാൽ നിർമ്മിതമായ ഹുമയൂണിന്റെ ശവകുടീരം, മനോഹരമായ ഒരു കാഴ്ചതന്നെ പ്രദാനം ചെയ്യുന്നു..
ഹുമയൂണിന്റെ ശവക്കല്ലറ |
ഇതിനിടയിൽ വിദേശികളായ സന്ദർശകരുടെ സംഘം, ഉള്ളിലേയ്ക്ക് എത്തിയതോടെ ബാക്കിയുള്ള സന്ദർശകർ വശങ്ങളിലേയ്ക്ക് ഒതുങ്ങിത്തുടങ്ങി. പതിവുപോലെ സ്മാരകത്തിന്റെ വളരെ ചെറിയ ശില്പവിദ്യകൾവരെ ക്യാമറയിൽ പകർത്തിയ അവരോടൊപ്പംതന്നെ ആവശ്യമായ ചിത്രങ്ങൾ ഞാനും പകർത്തി.. മഴ പെയ്യുവാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കിയാകാം, സന്ദർശകർ കാഴ്ചകൾ അവസാനിപ്പിച്ച് മടങ്ങുവാൻ തിരക്കു കൂട്ടിത്തുടങ്ങിയിരുന്നു.....
ഉത്തരേന്ത്യൻ ഗ്രാമീണതയുടെ നിറപ്പകിട്ടാർന്ന വേഷവിധാനങ്ങളോടെ എത്തിയ ഒരു കൂട്ടം സന്ദർശകർ കല്ലറയുടെ മുകളിൽ കയറി ഇരുന്നും, നിന്നുമൊക്കെയാണ് ചിത്രങ്ങൾ പകർത്തുന്നത്. അധികാരത്തിന്റെ നാളുകളിൽ, മുൻതലമുറകളെ അടിച്ചമർത്തി ഭരിച്ചവന്റെ ശിരസ്സിനു മുകളിൽ, നൂറ്റാണ്ടുകൾക്കുശേഷം പുതുതലമുറ താണ്ഡവനൃത്തമാടുമ്പോൾ ലഭിക്കുന്ന സായൂജ്യമാണോ അപ്പോൾ അവരുടെ മുഖങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് എനിക്ക് തോന്നിപ്പോയി. എങ്കിലും ഇത്രയും ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളിലെത്തുന്ന സന്ദർശകരുടെ, വികലമായ ഇത്തരം പെരുമാറ്റങ്ങളെ നിയന്ത്രിക്കുവാനുള്ള സംവിധാനമെങ്കിലും അധികൃതർ ഒരുക്കേണ്ടതായിരുന്നു. ഗ്രാമീണനിഷ്കളങ്കതയുടെ ആഹ്ലാദാരവങ്ങളോടെ, കാഴ്ചകൾ അവസാനിപ്പിച്ച് അവർകൂടി പുറത്തേയ്ക്ക് ഇറങ്ങിയതോടെ ആരുടെയും ശല്യമില്ലാതെ കാഴ്ചകൾ ആസ്വദിക്കുവാനുള്ള സുവർണാവസരമാണ് കൈവന്നത്..
പൂർണ്ണമായും മാർബിൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്ന തറയിൽ ഉയർത്തി നിർമ്മിച്ചിരിക്കുന്ന ചെറു പ്ലാറ്റ്ഫോമിലാണ് ശവകുടീരത്തിന്റെ ഈ മാതൃക (Cenotaph-Empty Tomb) സ്ഥിതി ചെയ്യുന്നത്. യഥാർത്ഥ കല്ലറ, സന്ദർശകരുടെ കാഴ്ചകളിൽ നിന്നകന്ന്, ഈ മാതൃകയുടെ താഴെയുള്ള, പ്ലാറ്റ്ഫോമിനുൾവശത്തെ മുറിയിൽ മറഞ്ഞിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കാതെയാണ്, ഭൂരിഭാഗം സന്ദർശകരും, ഈ സ്മാരകത്തിനുള്ളിലെ കാഴ്ചകളിലൂടെ കടന്നുപോകുന്നത്. താജ്മഹൽ ഉൾപ്പടെ പേരുകേട്ട പല ഉത്തരേന്ത്യൻ ശവകുടീര സ്മാരകങ്ങളിലും ഇത്തരത്തിലുള്ള മാതൃകകൾ മാത്രമാണ് സന്ദർശകർക്കായി തുറന്നുകൊടുത്തിരിക്കുന്നത്. വിശേഷദിവസങ്ങളിൽ നടത്തപ്പെടുന്ന ചില പ്രത്യേക പ്രാർത്ഥനകൾക്കായി മാത്രമേ, യഥാർത്ഥ കല്ലറകൾ സ്ഥിതി ചെയ്യുന്ന ഈ മുറികൾ തുറക്കപ്പെടാറുള്ളു എന്നാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിയുവാൻ സാധിച്ചത്.
ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രധാന മുറിയുടെ വശങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ചെറിയ മുറികളിലാണ് മുഗൾ രാജവംശത്തിലെ പ്രമുഖരായിരുന്ന ദാരാ ഷിക്കൊഖ്, ഹമീദ ബാനു ബീഗം, ജഹന്തർ ഷാ, ഫറൂക്സിയർ രണ്ടാമൻ എന്നീ വ്യക്തികളുടെ ശവക്കല്ലറകളും സ്ഥിതി ചെയ്യുന്നത്.ശവകുടീരത്തിലെ മുറികളെല്ലാം ഒന്നിനോടൊന്ന് ബന്ധമില്ലാത്ത രീതിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ, ഓരോ മുറികളിലെയും കാഴ്ചകൾക്കുശേഷം പുറത്തിറങ്ങിമാത്രമേ അടുത്ത മുറികളിലേയ്ക്ക് കടക്കുവാനാകൂ. അവശേഷിച്ച മൂന്ന് മുറികളിലെ കല്ലറകളുടെ കാഴ്ചകളിലൂടെ കയറിയിറങ്ങി, അവസാനമുറിയുടെ സമീപം എത്തിയപ്പോൾ, നിർമ്മാണപ്രവർത്തനങ്ങൾ മൂലമാകാം, വാതിലുകൾ ബന്ധിച്ച നിലയിലാണ് കാണപ്പെട്ടത്.
സ്മാരകത്തിന്റെ ഉള്ളിലെ കാഴ്ചകൾ അവസാനിപ്പിച്ച് പുറത്തേയ്ക്കിറങ്ങുമ്പോൾ മഴത്തുള്ളികൾ വീണുതുടങ്ങിയിരുന്നു... പളുങ്കുമണികൾപോലെയുള്ള മഴത്തുള്ളികൾ ശരീരത്തിൽ ചിതറി വീഴുമ്പോൾ പറഞ്ഞറിയിക്കുവാനാകാത്ത അനുഭൂതി........മഴയൊരു ശല്യമായിക്കണ്ട് കാഴ്ചക്കാരിൽ പലരും കെട്ടിടങ്ങൾക്കുള്ളിൽ അഭയം തേടുമ്പോൾ, ഈ മഹത്തായ സ്മാരകത്തിന്റെ മുറ്റത്തെ ചാരുബെഞ്ചിൽ, പ്രകൃതിയുടെ പരിലാളനകളേറ്റ് അല്പസമയം ഇരിക്കുവാൻ ഞാൻ തീരുമാനിച്ചു....... അല്ലെങ്കിലും മഴയും, മഞ്ഞും, വെയിലും, ഇളം കാറ്റും,പൂക്കളും, പൂമ്പാറ്റയും, നീർച്ചാലുകളും അങ്ങനെ പ്രകൃതിയുടെ ഓരോ കണങ്ങളിലും നിറഞ്ഞുനിൽക്കുന്ന വർണവിസ്മയങ്ങൾ, പ്രകൃതിയോടിഴുകി ചേർന്ന് അനുഭവിച്ചാസ്വദിക്കുമ്പോൾ മാത്രമാണല്ലോ ഇങ്ങനെയുള്ള ഓരോ യാത്രയും, യാത്രികന്റെ മനസ്സിൽ മധുരമുള്ള ഒരു ഓർമ്മയായി അവശേഷിക്കുന്നത്.
ചിരിയും കരച്ചിലും മാറിമാറി വിരിയുന്ന, സൗന്ദര്യം തുളുമ്പുന്ന പിഞ്ചുകുഞ്ഞിന്റെ മുഖഭാവമാണ് ഇപ്പോൾ പ്രകൃതിക്ക്....വിതുമ്പി നിൽക്കുന്ന ചുണ്ടുകളിൽ പൊടുന്നനെ പൊട്ടിവിരിയുന്ന പാൽപുഞ്ചിരി പോലെ, കാർമേഘങ്ങൾക്കിടയിലൂടെ സായാഹ്നസൂര്യന്റെ രശ്മികൾ ചിതറി വീഴുവാൻ തുടങ്ങിയിരിക്കുന്നു. ശവകുടീരത്തിനെ വലയം ചെയ്ത് നിലകൊള്ളുന്ന മതിൽകെട്ടുകൾക്കുള്ളിൽ ചിതറിക്കിടക്കുന്ന നിരവധി ചെറുസ്മാരകങ്ങളുടെ കാഴ്ചകളിലേയ്ക്കാണ് ഇനിയുള്ള യാത്ര....
പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകമരങ്ങളുടെ തണലിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ശവകുടീരങ്ങൾ... പൊഴിഞ്ഞു വീണ വേപ്പിലകളും, ഒടിഞ്ഞുകിടക്കുന്ന മരച്ചില്ലകളും, ചിതറിക്കിടക്കുന്ന കല്ലറകളുടെ കാഴ്ചകളിൽ മുഴുകി നിൽക്കുമ്പോൾ, മനുഷ്യജീവിതത്തിന്റെ അർത്ഥശൂന്യതയുടെ വിളറിയ ചിത്രം, പായൽ പിടിച്ച്, പൊട്ടിയടർന്നുവീണ കല്ലുകളിൽ തെളിഞ്ഞുവരുന്നതുപോലെ..... രാജകീയ പ്രൗഢിയുടെ മാർബിൾ കെട്ടുകൾക്കുള്ളിൽ ഇടം പിടിക്കാതെ പോയ അജ്ഞാതവ്യക്തികൾക്ക്, ഇളം കാറ്റിൽ അടർന്നുവീഴുന്ന ചെമ്പകപ്പൂക്കളുടെ സുഗന്ധം മാത്രം ഇപ്പോൾ കൂട്ടിനെത്തുന്നു....
കല്ലറയുടെ സമീപത്തുനിന്നും,പൂന്തോട്ടത്തിനെ വലംവച്ചുകിടക്കുന്ന നടപ്പാതയാണ്, ഇനിയുള്ള കാഴ്ചകൾക്ക് അനുയോജ്യം. പാതയോരത്തു പടർന്നുകിടക്കുന്ന ചെറുമരങ്ങൾക്കുകീഴിൽ പൂത്തുലയുന്ന പ്രണയവസന്തത്തിന്റെ കളിചിരികൾക്കിടയിലൂടെ അരികെയുള്ള ഹമാമിനു(Hamam-Bath House) സമീപമെത്തി...North pavilion എന്നറിയപ്പെടുന്ന ഈ മന്ദിരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കിണറിനുള്ളിൽ നിന്നും ഉത്ഭവിക്കുന്ന നീരൊഴുക്കാണ് പൂന്തോട്ടത്തിലെ നീർച്ചാലുകളിൽ എത്തിച്ചേരുന്നത്.
ഹമാം-(Bath House |
ഹമാമിന്റെ സമീപത്തുനിന്നും നടപ്പാതയിലൂടെയുള്ള യാത്രയിലെ മറ്റൊരു ആകർഷകമായ കാഴ്ച, വഴിയരികിലെ ഓറഞ്ചുതോട്ടമാണ്. മുഗൾഭരണാധികാരികളുടെ ഉദ്യാനങ്ങളിലെ പ്രധാനപ്പെട്ട നാലിനം വൃക്ഷലതാതികൾ, ഓറഞ്ച്,മാതളനാരകം,മാവ്, ചെമ്പരത്തി എന്നിവയായിരുന്നു. ഇവയുടെ തോട്ടങ്ങൾ, ഹുമയൂണിന്റെ ശവകുടീരത്തിന്റെ നാലുഭാഗങ്ങളെയും പച്ച പുതപ്പിച്ച് വളർന്നു നിൽക്കുന്നത് വളരെ ആകർഷകമായ കാഴ്ച തന്നെ. ഓറഞ്ചുതോട്ട ത്തിനുള്ളിൽ നിന്നും കാഴ്ചക്കാരുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നുണ്ട്.. ഉള്ളിലേയ്ക്ക് കടന്നുചെന്നപ്പോൾ, മൂപ്പെത്താത്ത ഓറഞ്ച് പൊട്ടിച്ച് കൂടുകളിലാക്കുകയാണ് ഒരു കൂട്ടം പെൺകുട്ടികൾ... ഓറഞ്ച് മരങ്ങളുടെ ഇളക്കവും, സംസാരവും കേട്ട് കാവൽകാരുടെ നോട്ടം, അവിടേയ്ക്ക് എത്തിയതോടെ ഞാൻ തോട്ടത്തിനു പുറത്തു കടന്നു...ഓറഞ്ചുതൊട്ടവും പിന്നിട്ട് മുൻപോട്ടുള്ള യാത്രയിൽ, പാതയോരത്തായി മതിലിനോടുചേർന്ന് ഒട്ടനവധി മുറികളാണ് പൊടിപിടിച്ച് ഇരുൾമൂടി കിടക്കുന്നത്..ഈ മുറികളോടുചേർന്ന് മതിലിനു വെളിയിലായി, തൂവെള്ളമാർബിളിന്റെ പ്രൗഢിയിൽ, ഉയർന്നു നിൽക്കുന്ന സിഖ് ആരാധനാലയമായ ഗുരുദ്വാര.. വൻവേപ്പുമരങ്ങളിൽ കൊക്കുരുമ്മിയിരിക്കുന്ന അരിപ്രാവുകളുടെ കുറുകലും, ചിതറിക്കിടക്കുന്ന കരിയിലകൾക്കിടയിൽ കൊത്തിപ്പെറുക്കി നടക്കുന്ന മൈനയുടെ സംഗീതവും ആസ്വദിച്ച്, ആർത്തുവളരുന്ന മാതളതോട്ടത്തിനുള്ളിൽ ഇനി അല്പസമയം ചിലവഴിക്കാം...
നിറയെ കായ്കൾ നിറഞ്ഞ മാതളച്ചെടികളിൽ നിന്നും മനുഷ്യസാമീപ്യമറിഞ്ഞതോടെ അനവധി നാട്ടുതത്തകളാണ് ചിറകടിച്ചുയർന്നത്.... വിരിഞ്ഞുവരുന്ന ഇളംകായ്കൾ, പൂവുൾപ്പടെ തത്തക്കൂട്ടം അരിഞ്ഞു തള്ളിയിരിക്കുകയാണ്...... ഇളംകാറ്റിന്റെ തലോടലിൽ, മാതളചെടികളിൽനിന്നും പെയ്തുപോയ മഴയുടെ അവശേഷിക്കുന്ന തുള്ളികൾ പളുങ്കുമണികൾപോലെ ഉടലാകെ ചിതറിവീഴുന്നു..... ഒപ്പം കൊടുംചൂടിൽ വെന്തുപൊള്ളിക്കിടക്കുന്ന ഭൂമിയിൽനിന്നും, വേനൽമഴയുടെ സാന്ത്വനത്തിൽ തണുത്ത പുതുമണ്ണിന്റെ ഗന്ധം, ഒരു ലഹരി പോലെയാണ് മനസ്സിലേയ്ക്ക് പടരുന്നത്........... മാതളത്തോട്ടത്തിനു സമീപവും ഇടിഞ്ഞുപൊളിഞ്ഞ നിലയിലുള്ള മതിൽക്കെട്ടുകളും അതിനോടനുബന്ധിച്ചുള്ള ചെറു മുറികളും ധാരാളം കാണപ്പെടുന്നുണ്ട്...മതിൽ ഭിത്തികളോടുചേർന്ന്, കൂരിരുട്ടിന്റെ അഗാധതയിലേയ്ക്കു ഒരു ചെറു ഗുഹാ കവാടം വായ തുറന്നിരിക്കുന്നു... കാടുപിടിച്ച്, കരിയിലകൾ നിറഞ്ഞ കൽപ്പടവുകളിലൂടെ, ഗുഹയുടെ ഉള്ളിലേയ്ക്ക് ചുവടുകൾ വച്ചുവെങ്കിലും കൂരിരുട്ടും, ഉള്ളിൽനിന്നും വരുന്ന ദുർഗന്ധവും മനസ്സിനെ പിന്നിലേയ്ക്ക് വലിക്കുന്നു... ഗുഹയുടെ കാഴ്ചകളിൽനിന്നും അതിവേഗം തിരികെക്കയറി, മാതളചെടികൾക്കിടയിലൂടെ, സായാഹ്നസൂര്യന്റെ കുങ്കുമവർണത്തിൽ കുളിച്ചു നിൽക്കുന്ന ബർദരിയുടെ (pavilion with twelve doors) സമീപത്തേയ്ക്കാണ് പിന്നീട് നടന്നത്.
നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി, വെള്ളപൂശി മനോഹരമാക്കിയ ബർദരിയുടെ പന്ത്രണ്ടു വാതിലുകളും ബന്ധിച്ച് ഭദ്രമാക്കിയിരിക്കുന്നു..കഴിഞ്ഞ സന്ദർശനവേളയിൽ തുറന്ന വാതിലുകളുമായി കാത്തിരുന്ന ബർദരിയുടെ ഭിത്തികൾ ഏതാണ്ട് മുഴുവനായും, കലാനൈപുണ്യം നിറഞ്ഞ സന്ദർശകരാൽ രചിക്കപ്പെട്ട ചുമർ ചിത്രങ്ങളാൽ നിറഞ്ഞിരുന്നു...ഈ സ്മാരകങ്ങൾ സന്ദർശകരുടെ കാഴ്ചകളിൽനിന്നും കൊട്ടിയടക്കപ്പെടുമെന്ന വസ്തുത അന്നേ മനസ്സിൽ ഉറപ്പിച്ചിരുന്നു... ഇപ്പോൾ അത് യാഥാർഥ്യവുമായി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് യമുനാ നദി ഒഴുകിയിരുന്നത് ഈ മതിൽകെട്ടുകൾക്കു സമീപത്തുകൂടെയായിരുന്നു. ഹുമയൂണിന്റെ ശവകുടീരത്തിൽ എത്തുന്ന രാജകുടുംബാംഗങ്ങൾക്ക് യമുനയുടെ ഭംഗി ആസ്വദിക്കുന്നതിനുവേണ്ടിയാകാം, ബർദരിയുടെ ഉള്ളിലായി പുറം കാഴ്ചകൾ ആസ്വദിക്കുവാനുതകുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു മട്ടുപ്പാവുണ്ട്..... കഴിഞ്ഞ യാത്രയിൽ, മട്ടുപ്പാവിൽനിന്നുള്ള കാഴ്ചകൾ ആസ്വദിക്കുവാൻ കഴിഞ്ഞതു ഭാഗ്യമായി.. ഇനി ആ കാഴ്ചകൾ, സന്ദർശകർക്കുമുൻപിലെ അടഞ്ഞ അധ്യായമായി, ഒരു പക്ഷെ മാറിയേക്കാം... ബർദരിയുടെ പുറം കാഴ്ചകളിലൂടെ ഓടിച്ചൊന്ന് കയറിയിറങ്ങി.... ഇനി അവശേഷിക്കുന്നത് മറ്റൊരു പ്രധാന സ്മാരകമായ 'ക്ഷുരകന്റെ ശവകുടീരമാണ്' (Barbers Tomb).
ക്ഷുരകന്റെ ശവകുടീരം-(Barbers Tomb) |
ഹുമയൂൺ ടോംബിനെ കുങ്കുമവർണത്തിൽ കുളിപ്പിച്ച് അസ്തമയസൂര്യൻ മറയാൻ തുടങ്ങിക്കഴിഞ്ഞു... സന്ദർശന സമയം അവസാനിക്കുവാൻ തുടങ്ങുന്നതിന്റെ സൂചനയെന്നവണ്ണം കാവൽക്കാരന്റെ വിസിൽ ശബ്ദം മുഴങ്ങിത്തുടങ്ങി... ചരിത്രത്തോടൊപ്പം, ഈ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന ഒരു കൂട്ടം ആത്മാക്കളോടും യാത്ര പറയേണ്ട സമയം ആയിരിക്കുന്നു...സ്മാരകത്തിന്റെ വിവിധ ഭാഗങ്ങളിലായി കാഴ്ചകളും വിശ്രമവുമായി സമയം ചിലവിട്ടിരുന്ന സന്ദർശകർ പുറത്തേയ്ക്കിറങ്ങി ത്തുടങ്ങി... എങ്കിലും പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കിയ കാഴ്ചകളുടെ ഈ വസന്തം, ഇനിയും എത്തിച്ചേരാനിരിക്കുന്ന സഞ്ചാരികൾക്കായി, പുതുമയേറിയ ദൃശ്യങ്ങളുമായി,വരുന്ന പ്രഭാതത്തിലും ഈ മതിൽക്കെട്ടുകൾക്കുള്ളിൽ കാത്തിരിക്കും....ഒരു പക്ഷെ ഞാനും ആ സഞ്ചാരികളിലൊരാളായി പുതുമ നിറഞ്ഞ കാഴ്ചകൾക്കായി വീണ്ടും ഇവിടെയെത്തിയേക്കാം.... പുൽക്കൊടിത്തുമ്പിലും, പൂവിലും, പ്രപഞ്ചത്തിലെ ഓരോ കണികയിലും വ്യത്യസ്തത നിറഞ്ഞുതുളുമ്പുന്ന, സൗന്ദര്യം കണ്ടെത്താൻ ആഗ്രഹിക്കുന്നവന്റെ കണ്ണുകളിൽ, കാഴ്ചയുടെ നിറപ്പകിട്ടിന് ഒരിക്കലും അവസാനമുണ്ടാകുന്നില്ലല്ലോ.....
.........................................................................................................................................................................
ഫൊട്ടോസും വിവരണവും അസ്സലായിരിക്കുന്നു.
ReplyDeleteഹൃദ്യമായ വിവരണവും ഫോട്ടോകളും...ഡൽഹിയിലെ ചുവന്ന മുഗൾ സ്മാരകങ്ങളിലെ സായാഹ്നം അതിമനോഹരമ്മാണ്...ഒരു സായാഹ്നം കുത്തബ് മീനാറിൽ കഴിച്ചുകൂട്ടാനുള്ള ഒരവസരം എനിക്കുണ്ടായിട്ടുണ്ട്
ReplyDeleteeasajim@gmail.com ഇതിലേയ്ക്കൊരു മെയിൽ അയക്കുക. അല്ലെങ്കിൽ മെയിൽ ഐ.ഡി ഇവിടെ കമന്റ് ചെയ്യുക
ReplyDeleteഒരു ആവശ്യമുണ്ട്
വിവരണം നന്നായിരിക്കുന്നു.......... ഫോട്ടോസ് ഉഗ്രന്‍
ReplyDeleteinformative.ആദ്യഭാഗം വായിച്ചാണ് ഇവിടെ എത്തിയത്.കവിത തുളുമ്പുന്ന വിവരണം.ഒരിക്കല്‍ പൊള്ളുന്ന വേനല്‍ക്കാലത്ത് ഞാന്‍ ഡെല്‍ഹി കാണാന്‍ വന്നിട്ടുണ്ട്.അന്ന് ഒരു വഴിപാട് പോലെ പലതും സന്ദര്‍ശിച്ചു.പക്ഷേ ഇവിടെയെത്താന്‍ കഴിഞ്ഞില്ല.മനോഹരമായിരിക്കുന്നു ചിത്രങ്ങളും വിവരണവും.ആശംസകള്‍
ReplyDeleteനല്ല ഫോട്ടോസ്… വിവരണവും ഉഗ്രൻ
ReplyDeletegreat :)
ReplyDeleteawesome fotos n infrmtn
നല്ല പച്ചപ്പുള്ള ചിത്രങ്ങൾ. വിവരണവും കേമമായി. ബാർബേർസ് ടൂംബിനെപ്പറ്റി കൂടുതൽ വിവരം എങ്ങും ലഭ്യമല്ലേ ? ഡൽഹി മാത്രമായി ഒരു പുസ്തകം തന്നെ ഇറക്കാനുള്ള ജോലി ഷിബു ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഇതിന്റ് എല്ലാം പ്രിന്റ് എടുത്ത് വേണം അടുത്ത പ്രാവശ്യം ഡൽഹിക്ക് പോകാൻ.
ReplyDelete