Saturday, August 20, 2011

ഹുമയൂണിന്റെ ശവകുടീരം : ഭാഗം രണ്ട്

ഹുമയൂൺ ടോംമ്പ് : ഭാഗം ഒന്നിലേയ്ക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
.................................................................................................................................................................
വെസ്റ്റ് ഗേറ്റിന്റെ ഉള്ളിൽ, ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ടു മുറികളിലായി, ഈ മ്യൂസിയം സംവിധാനം ചെയ്തിരിക്കുന്നു. ഇരുവാതിലുകളുടെയും നടുവിലായി തൂങ്ങിക്കിടക്കുന്ന വളരെ പുരാതനമെന്നു തോന്നിക്കുന്ന റാന്തൽവിളക്കിന്റെ ചിത്രങ്ങൾ പകർത്തിയശേഷം, മ്യൂസിയത്തിനുള്ളിലെ കാഴ്ചകളിലേക്കു ഞാൻ കടന്നു.
മ്യൂസിയം സ്ഥിതി ചെയ്യുന്ന വെസ്റ്റ് ഗേറ്റ്
'മ്യൂസിയം' എന്ന പേരിനെ അന്വർത്ഥമാക്കുന്ന, പുരാവസ്തു ക്കളുടെ കാഴ്ചകൾ ഒന്നും തന്നെ ഉള്ളിൽ കാണുവാനില്ലെങ്കിലും, ഹുമയൂണിന്റെ ശവകുടീരത്തേയും, അതിനോടുചേർന്നുള്ള ചരിത്ര സ്മാരകങ്ങളേയും കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ, ഉള്ളിലുള്ള ചിത്രങ്ങളിൽനിന്നും സന്ദർശകർക്ക് ലഭ്യമാകും. മ്യൂസിയത്തിനുള്ളിലെ കാഴ്ചകളിൽ ആകർഷണീയം എന്നു പറയാവുന്നത്, ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ, പൂർണമായും ഉൾക്കൊള്ളിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു മാതൃകയാണ്. ശവകുടീരത്തിന്റെ വിവിധ ദിശകളിൽ നിന്നുള്ള ഫോട്ടോ ഗ്രാഫുകൾ, പൂന്തോട്ടത്തിനുള്ളിൽ വളർത്തിയിട്ടുള്ള പ്രധാനപ്പെട്ട വൃക്ഷങ്ങളെയും, വിവിധ ഇനം ചെടികളെയും ഉൾക്കൊള്ളിച്ചുള്ള വിവരണങ്ങൾ, പുരാതനമായ ചില മുഗൾചിത്രങ്ങളുടെ പകർപ്പുകൾ എന്നിവയോടെ മ്യൂസിയത്തിനുള്ളിലെ കാഴ്ചകൾ ഏതാണ്ട് പൂർണമാവുകയാണ്. മ്യൂസിയം എന്നതിലുപരി, ഒരു  'ചിത്രപ്രദർശനശാല' എന്ന പേര് ഉപയോഗിക്കുകയായിരിക്കും ഇവിടെ കൂടുതൽ ഉചിതമെന്ന്, മ്യൂസിയം കണ്ടിറങ്ങുമ്പോൾ എനിക്ക് തോന്നിപ്പോയി. ഇനിയാണ് താജ്മഹലിനോളം പേരുകേട്ടതല്ലെങ്കിലും, അനശ്വരസ്നേഹത്തിന്റെ മറ്റൊരു പ്രതീകമായിത്തന്നെ നിർമ്മിക്കപ്പെട്ട, ഹുമയൂണിന്റെ ശവകുടീരത്തിന്റെ മനോഹരമായ കഴ്ചകൾ ആരംഭിക്കുന്നത്.
ഹുമയൂൺ ടോംമ്പ്
വെസ്റ്റ് ഗേറ്റിനു സമീപത്തുനിന്നും ആരംഭിക്കുന്ന 'ചാർ ബാഗ് ഗാർഡന്റെ'  മദ്ധ്യത്തിലായാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. ആഗാ ഖാൻ ട്രസ്റ്റിന്റെയും, പുരാവസ്തു സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന പുനരുദ്ധാരണപ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനയെന്നതുപോലെ, മാസങ്ങൾക്കുമുൻപ് സന്ദർശിച്ചപ്പോൾ, വരണ്ടുണങ്ങി കിടന്നിരുന്ന ചാലുകളിൽ ഇപ്പോൾ നീരൊഴുക്ക് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സൗത്ത് ഏഷ്യയിൽ ആദ്യമായി നിർമ്മിക്കപ്പെട്ട, മുപ്പത് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പേർഷ്യൻ ശൈലിയിലുള്ള ഈ പൂന്തോട്ടത്തിന്റെ പ്രധാന സവിശേഷതയും ഈ നീർച്ചാലുകൾ തന്നെയാണ്. ഇസ്ലാം മതവിശ്വാസ മനുസരിച്ച്, സ്വർഗ്ഗത്തിൽനിന്നും ഉത്ഭവിക്കുന്ന നാലു നദികളെ സൂചിപ്പിക്കുന്ന ഈ ചാലുകൾ, പൂന്തോട്ടത്തിനെ കൃത്യമായ നാലു ഭാഗങ്ങളായി വിഭജിച്ച്, പ്രധാന നടപ്പാതകളുടെ മധ്യത്തിലൂടെ കടന്നുപോകുന്ന വിധത്തിൽ സംവിധാനം ചെയ്തിരിക്കുന്നു. ഈ നാലു ഭാഗങ്ങളെ വീണ്ടും 36 സമചതുരങ്ങളായി വിഭജിച്ച് തോട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലൂടെയും, ഈ നീരൊഴുക്ക് എത്തിച്ചേരുന്ന വിധത്തിലുള്ള 'ചാർ ബാഗ് 'എന്ന മുഗൾ നിർമ്മാണശൈലിയെ അടിസ്ഥാനമാക്കിയാണ് ഈ പൂന്തോട്ടം രൂപകല്പന ചെയ്തിരിക്കുന്നത്. പൂന്തോട്ടത്തിനുള്ളിലെ  പ്രധാന നടപ്പാതയുടെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന, ചെറിയ ജലധാരയുടെ സമീപത്തുനിന്നും ഉള്ളിലെ കാഴ്ചകൾക്ക് തുടക്കമിടുന്നു. ഈ ജലധാരയുടെ സമീപത്തുനിന്നും ശവകുടീരത്തിന്റെ മനോഹരമായ കാഴ്ച ലഭ്യമാകുമെന്നതിനാൽ,  സന്ദർശകരിലേറെയും, ചിത്രങ്ങൾ പകർത്തുന്നതിനായി, ഇവിടെയാണ് സമയമേറെയും ചിലവഴിക്കുന്നത്.
ചാർ ബാഗ് ഗാർഡൻ : ശവകുടീരത്തിനു മുകളിൽ നിന്നുള്ള ദൃശ്യം.

ജലധാരയുടെ സമീപത്തുനിന്ന്, കുറച്ചു ചിത്രങ്ങൾ പകർത്തിയശേഷം ശവകുടീരത്തിന്റെ കാഴ്ചകൾ ലക്ഷ്യമാക്കി നടന്നു. ഹുമയൂണിന്റെ ഭാര്യയായിരുന്ന 'ഹമീദ ബാനു ബീഗ'ത്തിന്റെ നിർദ്ദേശപ്രകാരം,1572-ൽ പേർഷ്യൻ വാസ്തുശില്പിയായിരുന്ന 'മിറാക് മിർസ ഗിയാത്തി'ന്റെ മേൽനോട്ടത്തിലാണ്, ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ ഈ ആദ്യ പൂന്തോട്ടശവകുടീരം നിർമ്മിച്ചത്. 1556 ജനുവരി 20 ന് ഹുമയൂൺ മരണമടഞ്ഞുവെങ്കിലും, ഒൻപതു വർഷങ്ങൾ പിന്നിട്ടശേഷം 1565-ലാണ് ഈ ശവകുടീരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണകാലഘട്ടത്തിനിടെ  പ്രധാന വാസ്തുശില്പിയായിരുന്ന 'മിർസ ഗിയാത്തി'ന്റെ മരണത്തെത്തുടർന്ന് മകൻ 'സയ്ദ് മുഹമ്മദ് ഇബ്ൻ മിറാക് ഗിയാത്തുദ്ദീനിന്റെ' നേതൃത്വത്തിൽ, ഏകദേശം പതിനഞ്ചു ലക്ഷത്തോളം രൂപ ചിലവഴിച്ച് 1572-ൽ ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചു. അതിനു ശേഷമാണ് പഞ്ചാബിലെ സിറിന്ധിൽ സംസ്കരിക്കപ്പെട്ടിരുന്ന ഹുമയൂണിന്റെ ശരീരം തിരികെകൊണ്ടുവന്ന്  ഈ കല്ല്ലറക്കുള്ളിൽ സംസ്ക്കരിച്ചത്.
                           36 തുല്യഭാഗങ്ങളായി വിഭജിക്കപ്പെട്ട പൂന്തോട്ടത്തിന്റെ മധ്യഭാഗത്തായി, പേർഷ്യൻ-മുഗൾ ശില്പകലയുടെ പര്യായമായി, 30 അടിയോളം ഉയരമുള്ള പ്ലാറ്റ്ഫോമിനു മുകളിലായാണ് 47 മീറ്ററോളം ഉയരമുള്ള ഈ ശവകുടീരം തലയുയർത്തി നിൽക്കുന്നത്.
പ്ലാറ്റ്ഫോമിലേയ്ക്ക് കയറുവാനുള്ള വഴി.
തറയിൽ കരിങ്കൽ പാളികൾ പതിച്ച്, വശങ്ങളിൽ ചുവന്ന കല്ലുകളും ജാലികളും ഉപയോഗിച്ച് മനോഹരമായി നിർമ്മിച്ചിരിക്കുന്ന നടകളിൽ നിന്ന് ചിത്രങ്ങൾ പകർത്തുവാനുള്ള തിരക്കിലാണ് സന്ദർശകരിലേറെയും. നടകളിലെ തിരക്കൊഴിഞ്ഞശേഷം ഫോട്ടോ എടുക്കുക അസാധ്യമായതിനാൽ തിരക്കുകളിൽനിന്നൊഴിഞ്ഞ്, ചുവപ്പും വെള്ളയും നിറഞ്ഞ കല്ലുകളിൽ മെനഞ്ഞിരിക്കുന്ന പേർഷ്യൻ നിർമ്മാണവൈദഗ്ധ്യം  ആസ്വദിച്ച്,  പ്ലാറ്റ്ഫോമിന്റെ മുകളിലേയ്ക്കുകയറാൻ തീരുമാനിച്ചു. ശവകുടീരത്തിനു നാലുചുറ്റും വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്ലാറ്റ്ഫോമിനു മുകളിലെത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽപെടുന്നത് കമാനാകൃതിയിലുള്ള സ്മാരകത്തിന്റെ മുൻവശമാണ്. രണ്ടുനിലകളിലായി  നിർമ്മിച്ചിരിക്കുന്ന മനോഹരമായ മട്ടുപ്പാവുകളും, കൊത്തുപണികളാൽ അലംകൃതമായ മാർബിൾ ജനാലകളും ഒന്നുചേർന്നലങ്കരിക്കുന്ന ഈ മുഖഭാഗത്തിന്റെ  കാഴ്ചകൾ ആസ്വദിക്കുന്നതിനായി വലിയൊരു കൂട്ടം വിദേശികളും എത്തിച്ചേർന്നിട്ടുണ്ട്. വലിപ്പമേറിയ ടെലി-മാക്രോ ലെൻസുകളുമായി സൂക്ഷമായ ശില്പവിദ്യകൾപോലും ഒപ്പിയെടുക്കുന്ന അവർക്കൊപ്പം നടന്ന് കുറച്ചു ചിത്രങ്ങൾ പകർത്തിയശേഷം, മനോഹര സൗധത്തിന്റെ ഉള്ളിലുള്ള പ്രധാന ശവകുടീരത്തിനു സമീപത്തേയ്ക്കു നടന്നു.
ഉള്ളിലേയ്ക്ക് നടക്കുമ്പോൾ പ്ലാറ്റ്ഫോമിന്റെ വശങ്ങളിലുള്ള കല്ലറകളുടെ മനോഹാരിതയിൽ ഒരു നിമിഷം കണ്ണുകൾ പതിഞ്ഞു. ജീവിച്ചിരുന്ന കാലത്ത്, ഒരു ജനതയുടെമുഴുവൻ  ആദരവുകൾ ഏറ്റുവാങ്ങിയ വ്യക്തികൾ.....മരണത്തിന്റെ തിരശ്ശീലക്കുപിന്നിൽ മറഞ്ഞ് കാലങ്ങൾക്കുശേഷം, മഞ്ഞും, മഴയും, വെയിലുമേറ്റ് വിസ്മൃതിയുടെ ആഴങ്ങളിൽ അവസാന നിദ്രയിലാണ്ടുകിടക്കുന്നു... വയലിലെ പുല്ലുപോലെ വാടിക്കരിഞ്ഞുപോകുന്ന മർത്യജീവിതത്തിന്റെ അർത്ഥശൂന്യത വെളിവാക്കും പോലെ.....
                ശവകുടീരത്തിന്റെ വിവിധ വശങ്ങളിലായി സ്ഥിതിചെയ്യുന്ന ഈ കല്ലറകളിൽ ചിലവ, ശില്പഭംഗികൊണ്ട് തികച്ചും വ്യത്യസ്ഥത പുലർത്തുന്നവയാണ്. തൂവെള്ള മാർബിളുകളിൽ നിർമ്മിക്കപ്പെട്ട ചില കല്ലറകൾ, സൂക്ഷ്മമായ കൊത്തുപണികളുടെ മനോഹാരിതയാൽ, ഹുമയൂണിന്റെ ശവക്കല്ലറയെയും മറികടക്കുന്നു. അവയിൽ പ്രത്യേകം ശ്രദ്ധ ആകർഷിക്കുന്ന കുറച്ചു കല്ലറകളുടെ ചിത്രങ്ങൾകൂടി പകർത്തിയശേഷം ഹുമയൂണിന്റെ ശവക്കല്ലറയുടെ സമീപത്തേയ്ക്ക് നടന്നു.
                                   സ്മാരകത്തിന്റ ഉള്ളിലേയ്ക്കു പ്രവേശിച്ച ഞാൻ  ആദ്യം എത്തിച്ചേർന്നത് ഒറ്റക്കൽ പ്പാളികളിൽ കൊത്തിയെടുത്ത ജനാലകൾ നിറഞ്ഞ ഒരു ചെറിയ മുറിയിലേയ്ക്കാണ്. ഈ മുറി പിന്നിട്ട് എത്തുന്ന വിശാലമായ ഹാളിന്റെ മധ്യഭാഗത്തായി, കട്ടപിടിച്ച ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന പ്രകാശക്കീറുകളുടെ പ്രതിഫലനത്തിൽ തിളങ്ങുന്ന, മാർബിൾ കല്ലുകളാൽ നിർമ്മിതമായ ഹുമയൂണിന്റെ ശവകുടീരം, മനോഹരമായ ഒരു കാഴ്ചതന്നെ പ്രദാനം ചെയ്യുന്നു..
ഹുമയൂണിന്റെ ശവക്കല്ലറ
ഇരുണ്ടുകിടക്കുന്ന മുറിക്കുള്ളിൽ, ഇളം വെയിലിൽ തിളങ്ങുന്ന കല്ലറയുടെ  ഭംഗി അവർണ്ണനീയമെങ്കിലും, ക്യാമറയിൽ പകർത്തുക എന്നത് ഒരു വെല്ലുവിളിയായിത്തന്നെ മാറുന്നു. കൂടാതെ ഇടമുറിയാതെ വന്നുകൊണ്ടിരിക്കുന്ന സന്ദർശകരുടെ ഒഴുക്കുകൂടി ആയപ്പോൾ ചിത്രം പകർത്തൽ തികച്ചും അസാധ്യം തന്നെ. തിരക്കു കുറയുവാനായി കാത്തുനിന്നനേരം കൊണ്ട് മുറിക്കുള്ളിലെ ചിത്രപ്പണികളിലൂടെ ഒന്ന് കണ്ണോടിച്ചു.തെക്കെ ഇന്ത്യയിലെ ക്ഷേത്രങ്ങളിലോ കൊട്ടാരങ്ങളിലോ കാണപ്പെടുന്ന ശില്പങ്ങളും, സൂക്ഷ്മമായ കൊത്തുപണികളും വടക്കേ ഇന്ത്യയിലെ നിർമ്മിതികളിൽ ദർശിക്കുവാനാകില്ല എങ്കിലും, പേർഷ്യൻ വാസ്തുവിദ്യയുടെ തനതു ശൈലിയിലുള്ള ചിത്രപ്പണികൾ പകരുന്ന കാഴ്ചാസുഖവും ആസ്വദനീയം തന്നെ..
ഇതിനിടയിൽ വിദേശികളായ സന്ദർശകരുടെ സംഘം, ഉള്ളിലേയ്ക്ക് എത്തിയതോടെ ബാക്കിയുള്ള സന്ദർശകർ വശങ്ങളിലേയ്ക്ക് ഒതുങ്ങിത്തുടങ്ങി. പതിവുപോലെ സ്മാരകത്തിന്റെ വളരെ ചെറിയ ശില്പവിദ്യകൾവരെ ക്യാമറയിൽ പകർത്തിയ അവരോടൊപ്പംതന്നെ ആവശ്യമായ ചിത്രങ്ങൾ ഞാനും പകർത്തി.. മഴ പെയ്യുവാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കിയാകാം, സന്ദർശകർ കാഴ്ചകൾ അവസാനിപ്പിച്ച് മടങ്ങുവാൻ തിരക്കു കൂട്ടിത്തുടങ്ങിയിരുന്നു.....
                         ഉത്തരേന്ത്യൻ ഗ്രാമീണതയുടെ നിറപ്പകിട്ടാർന്ന വേഷവിധാനങ്ങളോടെ എത്തിയ ഒരു കൂട്ടം സന്ദർശകർ കല്ലറയുടെ മുകളിൽ കയറി ഇരുന്നും, നിന്നുമൊക്കെയാണ് ചിത്രങ്ങൾ പകർത്തുന്നത്. അധികാരത്തിന്റെ നാളുകളിൽ, മുൻതലമുറകളെ അടിച്ചമർത്തി ഭരിച്ചവന്റെ ശിരസ്സിനു മുകളിൽ, നൂറ്റാണ്ടുകൾക്കുശേഷം പുതുതലമുറ താണ്ഡവനൃത്തമാടുമ്പോൾ ലഭിക്കുന്ന സായൂജ്യമാണോ അപ്പോൾ അവരുടെ മുഖങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് എനിക്ക് തോന്നിപ്പോയി. എങ്കിലും ഇത്രയും ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളിലെത്തുന്ന സന്ദർശകരുടെ, വികലമായ ഇത്തരം പെരുമാറ്റങ്ങളെ നിയന്ത്രിക്കുവാനുള്ള സംവിധാനമെങ്കിലും അധികൃതർ ഒരുക്കേണ്ടതായിരുന്നു.  ഗ്രാമീണനിഷ്കളങ്കതയുടെ ആഹ്ലാദാരവങ്ങളോടെ, കാഴ്ചകൾ അവസാനിപ്പിച്ച് അവർകൂടി പുറത്തേയ്ക്ക് ഇറങ്ങിയതോടെ ആരുടെയും ശല്യമില്ലാതെ കാഴ്ചകൾ ആസ്വദിക്കുവാനുള്ള സുവർണാവസരമാണ് കൈവന്നത്..
                               പൂർണ്ണമായും മാർബിൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്ന തറയിൽ ഉയർത്തി നിർമ്മിച്ചിരിക്കുന്ന ചെറു പ്ലാറ്റ്ഫോമിലാണ് ശവകുടീരത്തിന്റെ ഈ മാതൃക (Cenotaph-Empty Tomb) സ്ഥിതി ചെയ്യുന്നത്. യഥാർത്ഥ കല്ലറ, സന്ദർശകരുടെ കാഴ്ചകളിൽ നിന്നകന്ന്, ഈ മാതൃകയുടെ താഴെയുള്ള, പ്ലാറ്റ്ഫോമിനുൾവശത്തെ മുറിയിൽ മറഞ്ഞിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കാതെയാണ്, ഭൂരിഭാഗം സന്ദർശകരും, ഈ സ്മാരകത്തിനുള്ളിലെ കാഴ്ചകളിലൂടെ കടന്നുപോകുന്നത്. താജ്മഹൽ ഉൾപ്പടെ പേരുകേട്ട പല ഉത്തരേന്ത്യൻ ശവകുടീര സ്മാരകങ്ങളിലും ഇത്തരത്തിലുള്ള മാതൃകകൾ മാത്രമാണ് സന്ദർശകർക്കായി തുറന്നുകൊടുത്തിരിക്കുന്നത്. വിശേഷദിവസങ്ങളിൽ നടത്തപ്പെടുന്ന ചില പ്രത്യേക പ്രാർത്ഥനകൾക്കായി മാത്രമേ, യഥാർത്ഥ കല്ലറകൾ സ്ഥിതി ചെയ്യുന്ന ഈ മുറികൾ തുറക്കപ്പെടാറുള്ളു എന്നാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിയുവാൻ സാധിച്ചത്.
ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രധാന മുറിയുടെ വശങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ചെറിയ മുറികളിലാണ് മുഗൾ രാജവംശത്തിലെ പ്രമുഖരായിരുന്ന ദാരാ ഷിക്കൊഖ്, ഹമീദ ബാനു ബീഗം, ജഹന്തർ ഷാ, ഫറൂക്‌സിയർ രണ്ടാമൻ എന്നീ വ്യക്തികളുടെ ശവക്കല്ലറകളും സ്ഥിതി ചെയ്യുന്നത്.ശവകുടീരത്തിലെ മുറികളെല്ലാം ഒന്നിനോടൊന്ന് ബന്ധമില്ലാത്ത രീതിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ, ഓരോ മുറികളിലെയും കാഴ്ചകൾക്കുശേഷം പുറത്തിറങ്ങിമാത്രമേ അടുത്ത മുറികളിലേയ്ക്ക് കടക്കുവാനാകൂ. അവശേഷിച്ച മൂന്ന് മുറികളിലെ കല്ലറകളുടെ കാഴ്ചകളിലൂടെ കയറിയിറങ്ങി, അവസാനമുറിയുടെ സമീപം എത്തിയപ്പോൾ, നിർമ്മാണപ്രവർത്തനങ്ങൾ മൂലമാകാം, വാതിലുകൾ ബന്ധിച്ച നിലയിലാണ് കാണപ്പെട്ടത്.
                                    സ്മാരകത്തിന്റെ  ഉള്ളിലെ കാഴ്ചകൾ അവസാനിപ്പിച്ച് പുറത്തേയ്ക്കിറങ്ങുമ്പോൾ മഴത്തുള്ളികൾ വീണുതുടങ്ങിയിരുന്നു... പളുങ്കുമണികൾപോലെയുള്ള മഴത്തുള്ളികൾ ശരീരത്തിൽ ചിതറി വീഴുമ്പോൾ  പറഞ്ഞറിയിക്കുവാനാകാത്ത അനുഭൂതി........മഴയൊരു ശല്യമായിക്കണ്ട് കാഴ്ചക്കാരിൽ പലരും കെട്ടിടങ്ങൾക്കുള്ളിൽ അഭയം തേടുമ്പോൾ,  ഈ മഹത്തായ സ്മാരകത്തിന്റെ മുറ്റത്തെ ചാരുബെഞ്ചിൽ, പ്രകൃതിയുടെ പരിലാളനകളേറ്റ് അല്പ‌സമയം ഇരിക്കുവാൻ ഞാൻ തീരുമാനിച്ചു....... അല്ലെങ്കിലും മഴയും, മഞ്ഞും, വെയിലും, ഇളം കാറ്റും,പൂക്കളും, പൂമ്പാറ്റയും, നീർച്ചാലുകളും അങ്ങനെ പ്രകൃതിയുടെ ഓരോ കണങ്ങളിലും നിറഞ്ഞുനിൽക്കുന്ന വർണവിസ്മയങ്ങൾ, പ്രകൃതിയോടിഴുകി ചേർന്ന് അനുഭവിച്ചാസ്വദിക്കുമ്പോൾ മാത്രമാണല്ലോ ഇങ്ങനെയുള്ള ഓരോ യാത്രയും, യാത്രികന്റെ മനസ്സിൽ മധുരമുള്ള ഒരു ഓർമ്മയായി അവശേഷിക്കുന്നത്.
 ചിരിയും കരച്ചിലും മാറിമാറി വിരിയുന്ന, സൗന്ദര്യം തുളുമ്പുന്ന പിഞ്ചുകുഞ്ഞിന്റെ മുഖഭാവമാണ് ഇപ്പോൾ പ്രകൃതിക്ക്....വിതുമ്പി നിൽക്കുന്ന ചുണ്ടുകളിൽ പൊടുന്നനെ പൊട്ടിവിരിയുന്ന പാൽപുഞ്ചിരി പോലെ, കാർമേഘങ്ങൾക്കിടയിലൂടെ  സായാഹ്നസൂര്യന്റെ രശ്മികൾ ചിതറി വീഴുവാൻ തുടങ്ങിയിരിക്കുന്നു. ശവകുടീരത്തിനെ വലയം ചെയ്ത് നിലകൊള്ളുന്ന മതിൽകെട്ടുകൾക്കുള്ളിൽ ചിതറിക്കിടക്കുന്ന നിരവധി ചെറുസ്മാരകങ്ങളുടെ കാഴ്ചകളിലേയ്ക്കാണ് ഇനിയുള്ള യാത്ര....
പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകമരങ്ങളുടെ തണലിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ശവകുടീരങ്ങൾ... പൊഴിഞ്ഞു വീണ വേപ്പിലകളും, ഒടിഞ്ഞുകിടക്കുന്ന മരച്ചില്ലകളും, ചിതറിക്കിടക്കുന്ന കല്ലറകളുടെ കാഴ്ചകളിൽ മുഴുകി നിൽക്കുമ്പോൾ, മനുഷ്യജീവിതത്തിന്റെ അർത്ഥശൂന്യതയുടെ വിളറിയ ചിത്രം, പായൽ പിടിച്ച്, പൊട്ടിയടർന്നുവീണ കല്ലുകളിൽ തെളിഞ്ഞുവരുന്നതുപോലെ..... രാജകീയ പ്രൗഢിയുടെ മാർബിൾ കെട്ടുകൾക്കുള്ളിൽ ഇടം പിടിക്കാതെ പോയ അജ്ഞാതവ്യക്തികൾക്ക്, ഇളം കാറ്റിൽ അടർന്നുവീഴുന്ന ചെമ്പകപ്പൂക്കളുടെ സുഗന്ധം മാത്രം ഇപ്പോൾ കൂട്ടിനെത്തുന്നു....
കല്ലറയുടെ സമീപത്തുനിന്നും,പൂന്തോട്ടത്തിനെ വലംവച്ചുകിടക്കുന്ന നടപ്പാതയാണ്, ഇനിയുള്ള കാഴ്ചകൾക്ക് അനുയോജ്യം. പാതയോരത്തു പടർന്നുകിടക്കുന്ന ചെറുമരങ്ങൾക്കുകീഴിൽ പൂത്തുലയുന്ന പ്രണയവസന്തത്തിന്റെ കളിചിരികൾക്കിടയിലൂടെ അരികെയുള്ള ഹമാമിനു(Hamam-Bath House) സമീപമെത്തി...North pavilion എന്നറിയപ്പെടുന്ന ഈ മന്ദിരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കിണറിനുള്ളിൽ നിന്നും ഉത്ഭവിക്കുന്ന നീരൊഴുക്കാണ് പൂന്തോട്ടത്തിലെ നീർച്ചാലുകളിൽ എത്തിച്ചേരുന്നത്.
ഹമാം-(Bath House
നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതുമൂലമാകാം, പണിക്കാരനെന്നുതോന്നിക്കുന്ന ഒരാൾ ഉള്ളിലേയ്ക്കുള്ള പ്രവേശനം തടഞ്ഞു...മുകളിലേയ്ക്കുള്ള നടയിൽ, ഉച്ചത്തിൽ ശബ്ദമുയർത്തി, വഴി തരാതെ നിന്നുള്ള അയാളുടെ പ്രകടനം, അമർഷം ഉയർത്തിയെങ്കിലും, അതു പുറമെ പ്രകടിപ്പിക്കാതെ തിരികെയിറങ്ങി. എന്നാൽ ഹമാമിന്റെയും, ഉള്ളിൽനിന്നും ഒഴുകിയെത്തുന്ന നീർച്ചാലിന്റെയും ചിത്രങ്ങൾ പകർത്തുമ്പോൾ, അവിടെയെത്തിച്ചേർന്ന ഒരു കൂട്ടം പെൺകുട്ടികൾ യാതൊരു തടസ്സങ്ങളുമില്ലാതെ ഉള്ളിലേയ്ക്കു കയറുന്നതുകണ്ടപ്പോൾ ദേഷ്യം അടക്കുവാനായില്ല. 'അനുവദിച്ചില്ലെങ്കിലും കുറച്ചു ചിത്രങ്ങൾ എടുക്കണം' എന്നു തീരുമാനിച്ചുറച്ചുതന്നെയാണു്, വീണ്ടും ഉള്ളിലേയ്ക്കു കയറിച്ചെന്നത്. അതു മനസ്സിലാക്കിട്ടാണോ എന്നറിയില്ല, ഇത്തവണ പണിചെതുകൊണ്ടിരുന്നവർ, തടസ്സവാദങ്ങളൊന്നും  ഉന്നയിച്ചതുമില്ല.. ഉള്ളിൽ കാര്യമായ കാഴ്ചകളൊന്നുംതന്നെ ഇല്ലെങ്കിലും, ഒന്നു രണ്ടു ചിത്രങ്ങൾ പകർത്തിയശേഷം പുറത്തേയ്ക്കിറങ്ങി.
                               ഹമാമിന്റെ സമീപത്തുനിന്നും നടപ്പാതയിലൂടെയുള്ള യാത്രയിലെ മറ്റൊരു ആകർഷകമായ കാഴ്ച, വഴിയരികിലെ ഓറഞ്ചുതോട്ടമാണ്. മുഗൾഭരണാധികാരികളുടെ ഉദ്യാനങ്ങളിലെ പ്രധാനപ്പെട്ട നാലിനം വൃക്ഷലതാതികൾ, ഓറഞ്ച്,മാതളനാരകം,മാവ്, ചെമ്പരത്തി എന്നിവയായിരുന്നു. ഇവയുടെ തോട്ടങ്ങൾ, ഹുമയൂണിന്റെ ശവകുടീരത്തിന്റെ നാലുഭാഗങ്ങളെയും പച്ച പുതപ്പിച്ച് വളർന്നു നിൽക്കുന്നത് വളരെ ആകർഷകമായ കാഴ്ച തന്നെ. ഓറഞ്ചുതോട്ട ത്തിനുള്ളിൽ നിന്നും കാഴ്ചക്കാരുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നുണ്ട്.. ഉള്ളിലേയ്ക്ക് കടന്നുചെന്നപ്പോൾ, മൂപ്പെത്താത്ത ഓറഞ്ച് പൊട്ടിച്ച് കൂടുകളിലാക്കുകയാണ് ഒരു കൂട്ടം പെൺകുട്ടികൾ... ഓറഞ്ച് മരങ്ങളുടെ ഇളക്കവും, സംസാരവും കേട്ട് കാവൽകാരുടെ നോട്ടം, അവിടേയ്ക്ക് എത്തിയതോടെ ഞാൻ തോട്ടത്തിനു പുറത്തു കടന്നു...ഓറഞ്ചുതൊട്ടവും പിന്നിട്ട് മുൻപോട്ടുള്ള യാത്രയിൽ, പാതയോരത്തായി മതിലിനോടുചേർന്ന് ഒട്ടനവധി മുറികളാണ് പൊടിപിടിച്ച് ഇരുൾമൂടി കിടക്കുന്നത്..ഈ മുറികളോടുചേർന്ന് മതിലിനു വെളിയിലായി, തൂവെള്ളമാർബിളിന്റെ പ്രൗഢിയിൽ, ഉയർന്നു നിൽക്കുന്ന സിഖ് ആരാധനാലയമായ ഗുരുദ്വാര.. വൻവേപ്പുമരങ്ങളിൽ കൊക്കുരുമ്മിയിരിക്കുന്ന അരിപ്രാവുകളുടെ കുറുകലും, ചിതറിക്കിടക്കുന്ന കരിയിലകൾക്കിടയിൽ കൊത്തിപ്പെറുക്കി നടക്കുന്ന മൈനയുടെ സംഗീതവും ആസ്വദിച്ച്, ആർത്തുവളരുന്ന മാതളതോട്ടത്തിനുള്ളിൽ ഇനി അല്പസമയം ചിലവഴിക്കാം...
                   
                 നിറയെ കായ്കൾ നിറഞ്ഞ മാതളച്ചെടികളിൽ നിന്നും മനുഷ്യസാമീപ്യമറിഞ്ഞതോടെ  അനവധി നാട്ടുതത്തകളാണ് ചിറകടിച്ചുയർന്നത്.... വിരിഞ്ഞുവരുന്ന ഇളംകായ്കൾ, പൂവുൾപ്പടെ തത്തക്കൂട്ടം അരിഞ്ഞു തള്ളിയിരിക്കുകയാണ്...... ഇളംകാറ്റിന്റെ തലോടലിൽ, മാതളചെടികളിൽനിന്നും പെയ്തുപോയ മഴയുടെ അവശേഷിക്കുന്ന തുള്ളികൾ പളുങ്കുമണികൾപോലെ ഉടലാകെ ചിതറിവീഴുന്നു..... ഒപ്പം കൊടുംചൂടിൽ വെന്തുപൊള്ളിക്കിടക്കുന്ന ഭൂമിയിൽനിന്നും, വേനൽമഴയുടെ സാന്ത്വനത്തിൽ തണുത്ത പുതുമണ്ണിന്റെ ഗന്ധം, ഒരു ലഹരി പോലെയാണ് മനസ്സിലേയ്ക്ക് പടരുന്നത്........... മാതളത്തോട്ടത്തിനു സമീപവും ഇടിഞ്ഞുപൊളിഞ്ഞ നിലയിലുള്ള മതിൽക്കെട്ടുകളും അതിനോടനുബന്ധിച്ചുള്ള ചെറു മുറികളും ധാരാളം കാണപ്പെടുന്നുണ്ട്...മതിൽ ഭിത്തികളോടുചേർന്ന്, കൂരിരുട്ടിന്റെ അഗാധതയിലേയ്ക്കു ഒരു ചെറു ഗുഹാ കവാടം വായ തുറന്നിരിക്കുന്നു... കാടുപിടിച്ച്, കരിയിലകൾ നിറഞ്ഞ കൽപ്പടവുകളിലൂടെ, ഗുഹയുടെ ഉള്ളിലേയ്ക്ക് ചുവടുകൾ വച്ചുവെങ്കിലും കൂരിരുട്ടും, ഉള്ളിൽനിന്നും വരുന്ന ദുർഗന്ധവും മനസ്സിനെ പിന്നിലേയ്ക്ക് വലിക്കുന്നു... ഗുഹയുടെ കാഴ്ചകളിൽനിന്നും അതിവേഗം തിരികെക്കയറി, മാതളചെടികൾക്കിടയിലൂടെ, സായാഹ്നസൂര്യന്റെ കുങ്കുമവർണത്തിൽ കുളിച്ചു നിൽക്കുന്ന ബർദരിയുടെ (pavilion with twelve doors) സമീപത്തേയ്ക്കാണ് പിന്നീട് നടന്നത്.

                                  നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി, വെള്ളപൂശി മനോഹരമാക്കിയ ബർദരിയുടെ പന്ത്രണ്ടു വാതിലുകളും ബന്ധിച്ച് ഭദ്രമാക്കിയിരിക്കുന്നു..കഴിഞ്ഞ സന്ദർശനവേളയിൽ  തുറന്ന വാതിലുകളുമായി കാത്തിരുന്ന ബർദരിയുടെ ഭിത്തികൾ ഏതാണ്ട് മുഴുവനായും, കലാനൈപുണ്യം നിറഞ്ഞ സന്ദർശകരാൽ രചിക്കപ്പെട്ട ചുമർ ചിത്രങ്ങളാൽ നിറഞ്ഞിരുന്നു...ഈ സ്മാരകങ്ങൾ സന്ദർശകരുടെ കാഴ്ചകളിൽനിന്നും കൊട്ടിയടക്കപ്പെടുമെന്ന വസ്തുത അന്നേ മനസ്സിൽ ഉറപ്പിച്ചിരുന്നു... ഇപ്പോൾ അത് യാഥാർഥ്യവുമായി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് യമുനാ നദി ഒഴുകിയിരുന്നത് ഈ മതിൽകെട്ടുകൾക്കു സമീപത്തുകൂടെയായിരുന്നു. ഹുമയൂണിന്റെ ശവകുടീരത്തിൽ എത്തുന്ന രാജകുടുംബാംഗങ്ങൾക്ക് യമുനയുടെ ഭംഗി ആസ്വദിക്കുന്നതിനുവേണ്ടിയാകാം, ബർദരിയുടെ ഉള്ളിലായി പുറം കാഴ്ചകൾ ആസ്വദിക്കുവാനുതകുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു മട്ടുപ്പാവുണ്ട്..... കഴിഞ്ഞ യാത്രയിൽ, മട്ടുപ്പാവിൽനിന്നുള്ള കാഴ്ചകൾ ആസ്വദിക്കുവാൻ കഴിഞ്ഞതു ഭാഗ്യമായി.. ഇനി ആ കാഴ്ചകൾ, സന്ദർശകർക്കുമുൻപിലെ അടഞ്ഞ അധ്യായമായി, ഒരു പക്ഷെ മാറിയേക്കാം... ബർദരിയുടെ പുറം കാഴ്ചകളിലൂടെ ഓടിച്ചൊന്ന് കയറിയിറങ്ങി.... ഇനി അവശേഷിക്കുന്നത്  മറ്റൊരു പ്രധാന സ്മാരകമായ 'ക്ഷുരകന്റെ ശവകുടീരമാണ്' (Barbers Tomb).
ക്ഷുരകന്റെ ശവകുടീരം-(Barbers Tomb)
ഹുമയൂണിന്റെ പ്രിയങ്കരനായ ബാർബർക്കുവേണ്ടി ഈ ശവകുടീരം നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നുവെങ്കിലും, അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നുംതന്നെ  ലഭ്യമായിട്ടില്ല. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള മാർബിൾ കല്ലുകൾകൊണ്ടാണ് ഈ സ്മാരകം പൂർണമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഉയരമുള്ള പ്ലാറ്റ്ഫോമിലേയ്ക്കുള്ള ഏഴ് നടകൾ കയറി മുകളിലെത്തുമ്പോൾ, പ്രണയത്തിന്റെ പൂമരച്ചോട്ടിൽ എന്നപോലെ ഓരോ വാതിൽപ്പടിയിലും സ്ഥാനംപിടിച്ചിരിക്കുന്ന പ്രണയജോഡികൾ.. ഡൽഹിയിലെ വിവിധ പാർക്കുകളിലൂടെയുള്ള സന്ദർശനങ്ങൾകൊണ്ട്, ഇത്തരക്കാരുടെ അടക്കുവാനാകാത്ത പ്രണയചേഷ്ടകളെ അവഗണിക്കുവാനും ഇപ്പോൾ പഠിച്ചുകഴിഞ്ഞിരിക്കുന്നു.  ശവകുടീരത്തിനുള്ളിലേയ്ക്ക് കടന്നാൽ പ്രധാനകാഴ്ചകളായി, 1590-91 കാലഘട്ടത്തിൽ നിർമിക്കപ്പെട്ട  രണ്ട് കല്ലറകളാണുള്ളത്. ഇരുണ്ടുമൂടിയ മുറിക്കുള്ളിലെ പൊടിപിടിച്ചുകിടക്കുന്ന കല്ലറകൾക്കുമുകളിൽ, ആരോ വച്ചിട്ടു പോയ വാടിയ ചെമ്പരത്തിപ്പൂവുകൾ മാത്രം....കാര്യമായ മറ്റുകാഴ്ചകൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ ഉള്ളിൽനിന്നും ഒന്നുരണ്ടു ചിത്രങ്ങൾ പകർത്തിയശേഷം പുറത്തേയ്ക്കിറങ്ങി. ഇനി അവശേഷിക്കുന്ന ഏക സ്മാരകം. തെക്കുവശത്തുള്ള കവാടം മാത്രമാണ്. ക്ഷുരകന്റെ ശവകുടീരത്തിന്റെ ചരിത്രത്തോടും കാഴ്ചകളോടും വിടപറഞ്ഞ് South Gate എന്നറിയപ്പെടുന്ന ആ കവാടത്തിനു സമീപത്തേയ്ക്കു നടന്നു. ഹുമയൂണിന്റെ ശവകുടീരത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കവാടത്തിന്റെ മുൻ‌വശം, ചുവപ്പും വെള്ളയും നിറങ്ങളിലുള്ള മാർബിൾകല്ലുകൾകൊണ്ടാണ് . മനോഹരമാക്കിയിരിക്കുന്നത്. എന്നാൽ അവശേഷിക്കുന്ന ഭാഗങ്ങളുടെ നിർമ്മാണത്തിനായി,  ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ സുലഭമായ, സാധാരണ മണൽ കല്ലുകൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി തലയുയർത്തി നിൽക്കുന്ന ഈ കൂറ്റൻ കവാടത്തിന്റെ വാതിലുകൾ, അടുത്ത കാലത്ത് പുതുക്കി മനോഹരമാക്കിയിട്ടു ണ്ടെങ്കിലും, സന്ദർശകർക്കുമുൻപിൽ കാലങ്ങളായി അടഞ്ഞുതന്നെ കിടക്കുകയാണ്..കാഴ്ചകൾ എല്ലാംതന്നെ  അവസാനിച്ചതിനാൽ, പ്രൗഢഗംഭീരമായ കവാടത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട്, വിശാലമായ പുൽത്തകിടിയിൽ  വെറുമൊരു കാഴ്ചക്കാരനെപ്പോലെ അല്പസമയം ഇരുന്നു...
                                
                                      ഹുമയൂൺ ടോംബിനെ കുങ്കുമവർണത്തിൽ കുളിപ്പിച്ച് അസ്തമയസൂര്യൻ മറയാൻ തുടങ്ങിക്കഴിഞ്ഞു... സന്ദർശന സമയം അവസാനിക്കുവാൻ തുടങ്ങുന്നതിന്റെ സൂചനയെന്നവണ്ണം കാവൽക്കാരന്റെ വിസിൽ ശബ്ദം മുഴങ്ങിത്തുടങ്ങി... ചരിത്രത്തോടൊപ്പം, ഈ മണ്ണിൽ  ഉറങ്ങിക്കിടക്കുന്ന ഒരു കൂട്ടം ആത്മാക്കളോടും  യാത്ര പറയേണ്ട സമയം ആയിരിക്കുന്നു...സ്മാരകത്തിന്റെ വിവിധ ഭാഗങ്ങളിലായി കാഴ്ചകളും വിശ്രമവുമായി സമയം ചിലവിട്ടിരുന്ന സന്ദർശകർ പുറത്തേയ്ക്കിറങ്ങി ത്തുടങ്ങി...  എങ്കിലും പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കിയ കാഴ്ചകളുടെ ഈ വസന്തം, ഇനിയും എത്തിച്ചേരാനിരിക്കുന്ന സഞ്ചാരികൾക്കായി, പുതുമയേറിയ ദൃശ്യങ്ങളുമായി,വരുന്ന പ്രഭാതത്തിലും  ഈ മതിൽക്കെട്ടുകൾക്കുള്ളിൽ കാത്തിരിക്കും....ഒരു പക്ഷെ ഞാനും  ആ സഞ്ചാരികളിലൊരാളായി പുതുമ നിറഞ്ഞ കാഴ്ചകൾക്കായി വീണ്ടും ഇവിടെയെത്തിയേക്കാം.... പുൽക്കൊടിത്തുമ്പിലും, പൂവിലും, പ്രപഞ്ചത്തിലെ ഓരോ കണികയിലും വ്യത്യസ്തത നിറഞ്ഞുതുളുമ്പുന്ന, സൗന്ദര്യം കണ്ടെത്താൻ ആഗ്രഹിക്കുന്നവന്റെ കണ്ണുകളിൽ, കാഴ്ചയുടെ നിറപ്പകിട്ടിന് ഒരിക്കലും അവസാനമുണ്ടാകുന്നില്ലല്ലോ.....
                                       
.........................................................................................................................................................................


8 comments:

  1. ഫൊട്ടോസും വിവരണവും അസ്സലായിരിക്കുന്നു.

    ReplyDelete
  2. ഹൃദ്യമായ വിവരണവും ഫോട്ടോകളും...ഡൽഹിയിലെ ചുവന്ന മുഗൾ സ്മാരകങ്ങളിലെ സായാഹ്നം അതിമനോഹരമ്മാണ്‌...ഒരു സായാഹ്നം കുത്തബ് മീനാറിൽ കഴിച്ചുകൂട്ടാനുള്ള ഒരവസരം എനിക്കുണ്ടായിട്ടുണ്ട്

    ReplyDelete
  3. easajim@gmail.com ഇതിലേയ്ക്കൊരു മെയിൽ അയക്കുക. അല്ലെങ്കിൽ മെയിൽ ഐ.ഡി ഇവിടെ കമന്റ് ചെയ്യുക
    ഒരു ആവശ്യമുണ്ട്

    ReplyDelete
  4. വിവരണം നന്നായിരിക്കുന്നു.......... ഫോട്ടോസ് ഉഗ്രന്‍

    ReplyDelete
  5. informative.ആദ്യഭാഗം വായിച്ചാണ് ഇവിടെ എത്തിയത്.കവിത തുളുമ്പുന്ന വിവരണം.ഒരിക്കല്‍ പൊള്ളുന്ന വേനല്‍ക്കാലത്ത് ഞാന്‍ ഡെല്‍ഹി കാണാന്‍ വന്നിട്ടുണ്ട്.അന്ന് ഒരു വഴിപാട് പോലെ പലതും സന്ദര്‍ശിച്ചു.പക്ഷേ ഇവിടെയെത്താന്‍ കഴിഞ്ഞില്ല.മനോഹരമായിരിക്കുന്നു ചിത്രങ്ങളും വിവരണവും.ആശംസകള്‍

    ReplyDelete
  6. നല്ല ഫോട്ടോസ്… വിവരണവും ഉഗ്രൻ

    ReplyDelete
  7. നല്ല പച്ചപ്പുള്ള ചിത്രങ്ങൾ. വിവരണവും കേമമായി. ബാർബേർസ് ടൂംബിനെപ്പറ്റി കൂടുതൽ വിവരം എങ്ങും ലഭ്യമല്ലേ ? ഡൽഹി മാത്രമായി ഒരു പുസ്തകം തന്നെ ഇറക്കാനുള്ള ജോലി ഷിബു ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഇതിന്റ് എല്ലാം പ്രിന്റ് എടുത്ത് വേണം അടുത്ത പ്രാവശ്യം ഡൽഹിക്ക് പോകാൻ.

    ReplyDelete