Monday, May 6, 2013

തൂവാനവും, ചാമ്പൽ മലയണ്ണാനും

         "കാടിന്റെ കാടത്തമറിയണമെങ്കിൽ ചിന്നാർ കാടുതന്നെ കയറണം... അവിടെ കയറിയിറങ്ങുന്നവൻ ഏത് കാട്ടിലും കയറും". കാടകങ്ങളുടെ മനസ്സറിയുന്ന വന്യജീവി ഫോട്ടോഗ്രാഫർ എൻ. എ. നസീർ, ചിന്നാർക്കാടുകളേക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. (മാതൃഭൂമി യാത്ര)

      വരണ്ട പാറക്കെട്ടുകൾ നിറഞ്ഞ ചെങ്കുത്തായ മലനിരകളിലൂടെ കയറിയിറങ്ങി, പാമ്പാറിന്റെ കുളിർമ്മയുള്ള നീരൊഴുക്കിൽ മുങ്ങിനിവർന്ന്, മഴനിഴൽക്കാടുകളുടെ ഉൾത്തുടിപ്പുകളിലൂടെ അലഞ്ഞ്, കാട് പറഞ്ഞുതരുന്ന കഥകൾ കേട്ടും, അനുഭവിച്ചും ഒരു ദിവസമെങ്കിലും ചിലവഴിച്ചിട്ടുള്ളവർക്കുമാത്രം മനസ്സിലേറ്റുവാൻ സാധിയ്ക്കുന്ന ഒരു യാഥാർത്ഥ്യമാണ്, ചിന്നാർകാടുകളെ അടുത്തറിയാവുന്ന ഈ പ്രകൃതിസ്നേഹിയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്...
   
          കോടാനുകോടി ജൈവവൈവിധ്യങ്ങൾകൊണ്ട് സമ്പന്നമാണെങ്കിലും, ഹരിതവർണ്ണപുതപ്പിൽ മറഞ്ഞുകിടക്കുന്ന പശ്ചിമഘട്ടമഴക്കാടുകളോട് താരതമ്യപ്പെടുത്തുമ്പോൾ പ്രകടമായ വ്യത്യാസങ്ങൾ ആദ്യകാഴ്ചയിലേ അനുഭവിച്ചറിയുവാൻ സാധിയ്ക്കുന്നതാണ് വരണ്ട ഭൂപ്രകൃതിയും, നരച്ച പച്ചനിറവും മാത്രം നിറഞ്ഞു നിൽക്കുന്ന ഈ പരുക്കൻ കാടുകളുടെ കാഴ്ചകൾ. പടർന്നുപന്തലിച്ചു വളരുന്ന കുള്ളൻമരങ്ങളും, കുറ്റിച്ചെടികളും... പിന്നിലേയ്ക്ക് കൊളുത്തിവലിയ്ക്കുന്ന മുൾക്കാടുകൾ...... വൻമരങ്ങളോളം പോന്ന കള്ളിമുൾച്ചെടികളും, ദുർഘമമായ പാറക്കൂട്ടങ്ങളും......  ഇവയ്ക്കെല്ലാം മീതെയായി, ശരീരത്തിനോടൊപ്പം മനസ്സിനേപ്പോലും തളർത്തുന്നത്ര ശക്തമായ കൊടുംവെയിലും. കാടിന്റെ മനസ്സറിയുവാനെത്തുന്ന ഏതൊരു സഞ്ചാരിയുടെയും ആവേശത്തെ തുടക്കത്തിൽത്തന്നെ നുള്ളിയെറിയുവാൻ പര്യാപ്തമായ എല്ലാവിധ വെല്ലുവിളികളുമുയർത്തുന്ന, അപൂർവ്വമായൊരു പ്രകൃതിയാണ് ഈ മലമടക്കുകൾക്കിടയിൽ മറഞ്ഞിരിയ്ക്കുന്നതെന്ന് നിസംശയം പറയാം..
ഒരു വഴിയോരക്കാഴ്ച...
          കേരളത്തിന്റെ മണ്ണിലേയ്ക്ക് പുതുജീവൻ പകർന്ന് കാലവർഷം തകർത്തുപെയ്യുമ്പോഴും, ഒരു മലയുടെ മാത്രം കയറ്റിയിറക്കങ്ങൾക്കപ്പുറം ഇവിടെ, തമിഴ്മണ്ണിൽനിന്നും വീശിയെത്തുന്ന വരണ്ട കാറ്റും, ചുട്ടുപൊള്ളിയ്ക്കുന്ന വെയിലും മാത്രമാണ് യാത്രികർക്കൊപ്പം സഹചാരികളായി കൂടെയെത്തുന്നത്... ഏതൊരു സഞ്ചാരിയുടെയും യാത്രാഭിനിവേശത്തിനു മുൻപാകെ, കാലാവസ്ഥ തീർക്കുന്ന കനത്ത മതിൽക്കെട്ടുകൾ ഒരു തടസ്സമായി നിലകൊള്ളുമ്പോഴും, പ്രകൃതിയെ പ്രണയിച്ച്, അതിന്റെ മനസ്സിനെ തൊട്ടറിയുവാൻ  ദൂരങ്ങൾ താണ്ടിയെത്തുന്നവർക്കു മുൻപിൽ  ഒളിപ്പിച്ചു വച്ചിരിയ്ക്കുന്ന കാഴ്ചകളുടെ അത്ഭുതചെപ്പ് തുറന്ന്, വിസ്മയങ്ങൾ വാരിവിതറുവാനും കഴിയുന്ന ചിന്നാറിന്റെ ജാലവിദ്യകളാണ് ഇവിടേയ്ക്കുള്ള ഓരോ യാത്രയിലും എനിയ്ക്ക് അനുഭവിയ്ക്കുവാൻ സാധിച്ചിട്ടുള്ളത്...

         വെള്ളക്കാട്ടുപോത്ത്, ചാമ്പൽ മലയണ്ണാൻ, നക്ഷത്രആമ,  ആനക്കൂട്ടങ്ങൾ, പുള്ളിമാനുകൾ, വർണ്ണപ്പകിട്ടാർന്ന ചിത്രശലഭങ്ങൾ, അത്യപൂർവ്വ ഇനങ്ങളിൽപ്പെട്ട  പക്ഷികൾ, തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ജീവിവർഗ്ഗങ്ങളും, വൈവിധ്യം നിറഞ്ഞ സസ്യലതാദികളും... കാടെന്ന മഹാപ്രപഞ്ചത്തിന്റെ ഉള്ളറകളിൽ മറഞ്ഞിരിയ്ക്കുന്ന അത്യപൂർവ്വങ്ങളായ പല അറിവുകളും എനിയ്ക്കു മുൻപിൽ തുറന്നുതന്നത് ചിന്നാർ കാടുകളായിരുന്നു. വശ്യപ്പാറയിലെ കാട്ടുപോത്തിൻ കൂട്ടങ്ങളും, പെരിയക്കൊമ്പിലെ മലമുകളിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചുള്ളിക്കൊമ്പൻ എന്ന ഒറ്റയാനും, പാമ്പാറിന്റെ തീരത്തെ അത്യപൂർവ്വങ്ങളായ പക്ഷികളും ചിത്രശലഭങ്ങളും... ഓരോ യാത്രയിലും പുതിയ പുതിയ പാഠങ്ങൾ... ക്യാമറയുടെ മുൻപിലേയ്ക്ക് ഒട്ടനവധി പുതിയ കാഴ്ചകൾ...... ഈ വനാന്തരങ്ങൾക്കുള്ളിൽ ചിലവിട്ട ഓരോ നിമിഷങ്ങളിലും  പ്രകൃതിയോടുള്ള പ്രണയവും, കാടുകളുടെ പ്രാധാന്യത്തേക്കുറിച്ചുള്ള തിരിച്ചറിവുകളും ഒരു ജലപ്രവാഹം പോലെ മനസ്സിനുള്ളിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു...
      പിന്നീട് എത്രയെത്ര യാത്രകൾ... കോടമഞ്ഞിന്റെ കുളിരിൽ മുങ്ങിയ മൂന്നാറിന്റെ സൗന്ദര്യത്തിനുമപ്പുറം, ചിന്നാറിന്റെ വരണ്ട മണ്ണ് ഇന്നും പഴയ ആവേശത്തോടെ തന്നെ ഇന്നും എന്റെ മനസ്സിനെ അവിടേയ്ക്ക്  വലിച്ചടുപ്പിയ്ക്കുന്നു.. വശ്യപ്പാറ, കൂട്ടാർ, ആലംപെട്ടി, പാമ്പാർ, കരിമല, ചുരുളിപ്പെട്ടി എന്നിവിടങ്ങളിലൂടെ, ഉൾക്കാടുകളുടെ മണവും മനവുംതേടി ചുട്ടുപൊള്ളുന്ന പാറക്കെട്ടുകൾ താണ്ടി കടന്നുപോയ എത്രയോ ദിനരാത്രങ്ങൾ... ഓരോ യാത്രകളിലും ചിന്നാറിന്റെ പുതിയ കാഴ്ചകൾ തേടിപ്പിടിയ്ക്കുവാൻ സഹായിച്ച് എനിയ്ക്കുമുൻപേ ഒരു കൂട്ടം ആദിവാസി സുഹൃത്തുക്കളുമുണ്ടായിരുന്നു... ഗോപാലൻ, വിജയൻ, പളനിസാമി, മുരുകൻ‌ചേട്ടൻ, മണികണ്ഠൻ... എല്ലാവരും ഈ കാടിന്റെ മടിത്തട്ടിൽ ജനിച്ചുവളർന്നവർ.... കാടിനോടും, കാട്ടുമൃഗങ്ങളോടും മല്ലിട്ട്, കാടിനുള്ളിൽനിന്നും ഔഷധച്ചെടികളും, തേനും, നെല്ലിയ്ക്കയും, മേച്ചിൽപുല്ലുകളും ശേഖരിച്ച്, മറയൂറിലെയും, ഉടുമൽപേട്ടിലെയും മാർക്കറ്റുകളിലെത്തിച്ച് വിറ്റാൽ കിട്ടുന്ന, വളരെ തുച്ഛമായ തുകകൊണ്ട് ജീവിതം തള്ളിനീക്കിയിരുന്നവർ..... ദാരിദ്ര്യത്തിന്റെ കയ്പ്പുമാത്രം രുചിച്ചറിഞ്ഞിരുന്ന ഇന്നലെകളിൽനിന്നും, ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിൽനിന്നും അവർക്കുള്ള മോചനമായിരുന്നു,  ചിന്നാറിലെ ഇക്കോ-ടൂറിസ്സം പദ്ധതികളുടെ ആവിർഭാവം.

 ഇന്ന് ചിന്നാർകാടുകളിലെ വാച്ചർമാരും, ഗൈഡുകളുമായി ജോലിനോക്കുന്ന ആദിവാസികൾക്ക് കാടിനുള്ളിലെ പ്രദേശങ്ങളെല്ലാം സ്വന്തം വീടുപോലെതന്നെ മന:പാഠമാണ്. കാടുകാണുവാനെത്തുന്ന സഞ്ചാരികളോട്, അത് വിദേശി - സ്വദേശി വ്യത്യാസമില്ലാതെ അവർ കാണിയ്ക്കുന്ന സ്നേഹവും ആത്മാർത്ഥതയും,  പ്രത്യേകം എടുത്തു പറയേണ്ട - അഭിനന്ദനാർഹമായ കാര്യം തന്നെ...

കാടിന്റെയും, കാട്ടുമൃഗങ്ങളുടെയും ചലനങ്ങൾ മണത്തറിഞ്ഞ്, അവയുടെ പാതകൾ പിന്തുടർന്ന്, ഉൾവനങ്ങളിലെ അപരിചിതവഴികളിലൂടെ, കരുതലുള്ള വഴികാട്ടികളായി  ഇവരും, ഓരോ യാത്രയിലും എന്നോടൊപ്പം ഉണ്ടായിരുന്നു.
മുരുകൻ ചേട്ടൻ: ഞങ്ങളുടെ വഴികാട്ടി.
     തൂവാനം വെള്ളച്ചാട്ടമായിരുന്നു ഇത്തവണ ഞങ്ങളുടെ യാത്രയിലെ ആദ്യലക്ഷ്യം... മൂന്നാറിനോട് അടുത്തപ്പോൾ തന്നെ മുരുകൻചേട്ടന്റെ ഫോണിൽനിന്നും വിളികൾ വന്നു തുടങ്ങി... ആലംപെട്ടിയിലെ ഇക്കോ-ടൂറിസത്തിന്റെ ഓഫീസിൽ, മുരുകൻചേട്ടൻ ഞങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്നു.....  പതിവില്ലാത്തതുപോലെ സന്ദർശകരുടെ വൻതിരക്ക് ഇന്ന് തൂവാനത്ത് അനുഭവപ്പെടുന്നുണ്ട്. അവധിദിനങ്ങളോടനുബന്ധിച്ച് കാടുകയറുവാൻ തമിഴ്നാട്ടിൽ നിന്നും കുടുംബസമേതമെത്തിയവരാണ് അവരിലേറെയും. കടുത്ത വെയിലും, കുത്തനേയുള്ള കയറ്റവും, ഉരുളൻ കല്ലുകൾ നിറഞ്ഞ പരുക്കൻ കാട്ടുവഴികളും  അധികനേരത്തെ നടപ്പിന് അനുവദിയ്ക്കാത്തതിനാൽ  തൂവാനം വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ അകലെനിന്നുതന്നെ കണ്ടാസ്വദിച്ച് പലരും യാത്ര അവസാനിപ്പിയ്ക്കുകയാണ്.. അതിനാൽ കൂടുതൽ സംഘങ്ങളോടെപ്പം യാത്രകൾ നടത്തി, മെച്ചപ്പെട്ടൊരു തുക സമ്പാദിയ്ക്കുവാനുള്ള സുവർണ്ണാവസരമാണ് വാച്ചർമാർക്ക് കൈ വന്നിരിയ്ക്കുന്നത്.

     അതിരാവിലെതന്നെ സന്ദർശകരോടൊത്ത് തൂവാനത്ത് പോയശേഷം, മടങ്ങിവന്ന് ഞങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്നു... ഇനിയും ഒരു യാത്രയ്ക്കുള്ള സമയം കൂടി കിട്ടുമോ എന്നറിയണം. അത് അറിയുന്നതിനുവേണ്ടിയാണ് തിരക്കിട്ട ഈ ഫോൺവിളി... എത്ര വേഗതയിൽ പോയാലും കുറഞ്ഞത് രണ്ടരമണിയ്ക്കൂറെങ്കിലും വേണ്ടിവരും ഞങ്ങൾക്ക് മൂന്നാറിൽനിന്നും ആലംപെട്ടിയിലെത്തുവാൻ.... ഒരു യാത്രയ്ക്കുള്ള അവസരം കൂടി കിട്ടുന്നു എന്ന കാര്യം മുരുകൻ‌ ചേട്ടനെ സന്തോഷിപ്പിച്ചുവെന്ന് സംസാരത്തിൽനിന്നും വ്യക്തമായി. അവിചാരിതമായി മാത്രം വീണുകിട്ടുന്നതാണ് അവർക്ക് ഇത്തരം തിരക്കുനിറഞ്ഞ ദിവസങ്ങൾ... അത് എന്തിന് പാഴാക്കണം... ഞങ്ങൾ എത്തിച്ചേരുന്നതിനുമുൻപേ മടങ്ങിവരാമെന്ന് ഉറപ്പു നൽകി ചേട്ടൻ സംസാരം അവസാനിപ്പിച്ചു....
          ഒരു ദിവസം സമ്പാദിയ്ക്കുന്ന തുച്ഛമായ തുകകൊണ്ട് ജീവിതം കൂട്ടിമുട്ടിയ്ക്കുവാൻ ബദ്ധപ്പെടുന്ന ദരിദ്രന്മാരാണ് ഇവിടെയുള്ള ആദിവാസികളിലേറെയും. സന്ദർശകരില്ലാത്ത സീസണുകളിലാകട്ടെ ഉപജീവനത്തിനായി വനവിഭവങ്ങൾ തേടി ഇവരിൽ പലരും കാടു കയറുന്നു. നല്ല വീട്... വൈദ്യുതി.. കുട്ടികളുടെ വിദ്യാഭ്യാസം... ഉയർന്ന നിലയിലുള്ള ജീവിതസാഹചര്യങ്ങൾ.... ഇതെല്ലാം ഇന്നും അവരുടെ മനസ്സിൽ ഒരു സ്വപ്നം മാത്രമാണെന്ന് അവരോടൊത്ത് ജീവിയ്ക്കുവാൻകഴിഞ്ഞിട്ടുള്ള ചുരുങ്ങിയ കാലഘട്ടങ്ങൾകൊണ്ട് മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്. അതോടൊപ്പം മദ്യപാനം എന്ന മാരകവിപത്ത് കുടികളിൽ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന സാമൂഹിക പ്രശ്നങ്ങൾ വേറെയും......

          ആദിവാസിവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി സർക്കാർ ഖജനാവുകളിൽനിന്നും  കോടികൾ ചിലവഴിയ്ക്കപ്പെടുമ്പോഴും, യഥാർത്ഥ ആദിവാസിയാകട്ടെ ഇതൊന്നുമറിയാതെ അവഗണനയുടെ പ്രതീകം പോലെ, കാടുകൾക്കുള്ളിൽ കഷ്ടപ്പാടുകൾ മാത്രം നിറഞ്ഞ ദിവസങ്ങൾ തള്ളിനീക്കുന്നു..
            ലക്കം വെള്ളച്ചാട്ടത്തെയും, ചന്ദനസുഗന്ധം നിറയുന്ന കാടുകളെയും പിന്നിലാക്കി മറയൂരിനെ സമീപിച്ചു തുടങ്ങിയപ്പോൾതന്നെ ചൂടുകാറ്റിന്റെ ആലിംഗനങ്ങളിൽ, വസ്ത്രങ്ങൾ ശരീരത്തിലേയ്ക്ക് വിയർത്ത് ഒട്ടിത്തുടങ്ങി.... കരിഞ്ഞുണങ്ങിയ കർഷകപ്രതീക്ഷകളുടെ പ്രതീകാത്മകചിത്രം പോലെ,  പാതയോരത്തുടനീളം പരന്നുകിടക്കുന്ന വരണ്ടുണങ്ങിയ  കരിമ്പിൻപാടങ്ങൾ...... കാരറ്റും, കാബേജും, ബീൻസും, ഉരുളക്കിഴങ്ങും ഉൾപ്പടെയുള്ള ശീതകാല പച്ചക്കറികൾ വിളഞ്ഞിരുന്ന വയലേലകളിൽ വിണ്ടുപൊട്ടിയ മൺരേഖകൾ മാത്രം അവശേഷിച്ചിരിയ്ക്കുന്നു..... മലനിരകളിൽനിന്നും ചെരിഞ്ഞിറങ്ങുന്ന പാറക്കെട്ടുകളിലൂടെ, എന്നോ സമൃദ്ധമായി ഒഴുകിയിരുന്ന ജലപാതങ്ങൾ അവശേഷിപ്പിച്ച വിളറിയ, നേർത്ത വെള്ളചാലുകൾ..  ഒരു വേനൽമഴയുടെ തലോടലിനായി മനം തുറന്ന് കാത്തുകിടക്കുന്ന ഊഷരഭൂമിയായി  മറയൂർ മാറിക്കഴിഞ്ഞിരിയ്ക്കുന്നു....

     നിറപ്പകിട്ടാർന്ന പ്ലാസ്റ്റിക് കുടങ്ങളിൽ ശേഖരിച്ച കുടിവെള്ളവുമായി, ദൂരങ്ങൾ പിന്നിട്ടെത്തിയ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങൾ, വയൽവരമ്പുകളിലൂടെ കുടിലുകൾ ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന ദൃശ്യങ്ങളും വഴിയോരത്തെ സാധാരണ കാഴ്ചകളിലൊന്നു മാത്രം.... അവരുടെ വികാരരഹിതമായ  മുഖങ്ങളിലേയ്ക്ക് വീണുകിടക്കുന്നതും വറുതി സമ്മാനിച്ച ഇരുണ്ട നിഴൽപ്പാടുകൾ മാത്രമാകണം..... .

     കരിമുട്ടിയിലെ ചെക്ക്പോസ്റ്റ് പിന്നിട്ടിറങ്ങിയപ്പോൾ മുതൽ വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ ഒഴുക്ക് ആരംഭിച്ചു തുടങ്ങി..... വഴിയോരങ്ങളിൽ വാഹനങ്ങൾ നിർത്തി കാഴ്ചകൾ ആസ്വദിയ്ക്കുന്നവരുടെ തിരക്ക്.... ഏറെയും തമിഴ്നാട്ടിൽനിന്നുള്ള സന്ദർശകർ.. ഒപ്പം വിദേശികളുൾപ്പെടുന്ന ചെറുസംഘങ്ങൾ..  വിദൂരതയിലേയ്ക്ക് പരന്നുകിടക്കുന്ന കാടുകളും, മലനിരകളും, തൂവാനം വെള്ളച്ചാട്ടവുമാണ് കാഴ്ചക്കാരെ ഈ പാതയോരത്ത് പിടിച്ചുനിറുത്തുന്നത്.. തിരക്ക് ഏറിവന്നതോടെ ഇടുങ്ങിയ മലമ്പാതയിൽ ഗതാഗതതടസ്സത്തിനുള്ള സാധ്യതയും കണ്ടുതുടങ്ങിയതോടെ, വഴിയോരക്കാഴ്ചകൾക്ക് സമയം കൊടുക്കാതെ ഞങ്ങൾ ആലംപെട്ടി ലക്ഷ്യമാക്കി നീങ്ങി.
ഹനുമാൻ കുരങ്ങ്.
     കരിമുട്ടി ചെക്ക്പോസ്റ്റിൽനിന്നും അധികദൂരം യാത്രചെയ്യുന്നതിനുമുൻപേതന്നെ ആലംപെട്ടിയിൽ എത്തിച്ചേരും... തൂവാനം വെള്ളച്ചാട്ടമുൾപ്പടെയുള്ള പ്രദേശങ്ങളിലേയ്ക്ക് വനത്തിനുള്ളിലൂടെ യാത്ര ചെയ്യുവാൻ ആഗ്രഹിയ്ക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ ഇവിടെയുള്ള എക്കോ- ടൂറിസത്തിന്റെ ഓഫീസിൽനിന്നും ലഭ്യമാണ്... ഞങ്ങൾ എത്തിച്ചേരുമ്പോൾ ഓഫീസും, പരിസരങ്ങളും ആകെ തിരക്കിൽ മുങ്ങിനിൽക്കുകയാണ്... സ്വദേശികളും, വിദേശികളുമായ സന്ദർശകരാണ് എവിടെയും...  വിദേശികളായ ഒരു കൂട്ടം ചെറുപ്പക്കാർ കാടുകളിലേയ്ക്കുള്ള ട്രക്കിംഗിനായി തയ്യാറെടുക്കുകയാണ്.. അവർക്കായി നിർദ്ദേശങ്ങൾ നൽകുന്ന വാച്ചർമാരോടൊപ്പം ഓഫീസിന്റെ വരാന്തയിൽത്തന്നെ മുരുകൻചേട്ടൻ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.. ബൈക്കുകൾ സമീപത്തുള്ള മരത്തണലിലേയ്ക്ക് ഒതുക്കിവച്ചശേഷം ഞങ്ങൾ ഓഫീസിലേയ്ക്ക് നീങ്ങി.

     " സാറേ, ബൈക്കിൽ കെട്ടിവച്ചിരിയ്ക്കുന്ന ബാഗുകൾ ഓഫീസിലേയ്ക്ക് വച്ചോ.. ഇല്ലെങ്കിൽ തിരികെ വരുമ്പോഴേയ്ക്കും കുരങ്ങന്മാർ എല്ലാം നാശമാക്കും" ചെറുപ്പക്കാരോടൊപ്പം പുറത്തേയ്ക്കിറങ്ങിയ ഗാർഡ് പിന്നിൽനിന്നും ഞങ്ങളോട് വിളിച്ചുപറഞ്ഞു.

     ചിന്നാറിലേയും ആലംപെട്ടിയിലെയും കുരങ്ങന്മാർ സന്ദർശകർക്ക് പലപ്പോഴും ശല്യമായിമാറാറുണ്ട്.. മനുഷ്യഭയം തീരെയില്ലാത്ത ഇവ, വാഹനങ്ങൾക്കുള്ളിലിരിയ്ക്കുന്ന ആളുകളെപ്പോളും പേടിപ്പിച്ച് ഭക്ഷണസാധനങ്ങൾ മോഷ്ടിയ്ക്കുന്നത് ചിന്നാർ ചെക്ക്പോസ്റ്റിനു സമീപത്തെ ഒരു പതിവ് കാഴ്ചയാണ്.. ഇവിടെയും സ്ഥിതിയ്ക്ക് മാറ്റമുണ്ടാകാൻ വഴിയില്ല.. ബാഗുകൾ അഴിച്ച് ഓഫീസിനുള്ളിൽ വച്ചശേഷം  സമയം നഷ്ടപ്പെടുത്താതെ ഞങ്ങൾ തൂവാനത്തേയ്ക്കുള്ള യാത്ര ആരംഭിച്ചു.
തൂവാനത്തേയ്ക്കുള്ള ഞങ്ങളുടെ വഴി....
     ഇടുങ്ങിയ കാട്ടുവഴികളിലൂടെ കുത്തനെയുള്ള ഇറക്കം ഇറങ്ങി രണ്ട് കിലോമീറ്ററോളം നടന്നു വേണം തൂവാനം വെള്ളച്ചാട്ടത്തിന്റെ സമീപത്തെത്തുവാൻ.. കാടിനുള്ളിലൂടെ അല്പദൂരം നടന്നപ്പോൾതന്നെ തല്യ്ക്കുമുകളിൽ മരച്ചില്ലകൾ ഉലയുന്ന ശബ്ദം കേട്ടുതുടങ്ങി... ഇടതൂർന്നുവളരുന്ന പച്ചപ്പിനിടയിലൂടെ ഉണങ്ങിയ മരച്ചില്ലകൾ ഉതിർന്നുവീണുകൊണ്ടിരുന്നു.... ചാമ്പൽ മലയണ്ണാൻ ആണോ..? പ്രതീക്ഷയോടെ എല്ലാവരുടെയും കണ്ണുകൾ മരത്തലപ്പുകളിലേയ്ക്ക് നീണ്ടു... കാട്ടുവള്ളികളിൽ ഊഞ്ഞാലാടി ഒരു ഹനുമാൻ കുരങ്ങ് അടുത്ത മരത്തിലേയ്ക്ക് കുതിച്ചുചാടി മറഞ്ഞപ്പോൾ എല്ലാ മുഖങ്ങളിലും അല്പം നിരാശ്ശ....

      "അല്പംകൂടി താഴേയ്ക്ക് ഇറങ്ങാം. അവിടെയുള്ള  ഒരു മരത്തിലെ പഴങ്ങൾ തിന്നാൻ മലയണ്ണാൻ പലപ്പോഴും വരാറുണ്ട്..  ഇന്നലെ രാവിലെയും ഒന്നിനെ ആ മരത്തിൽ ഞാൻ കണ്ടിരുന്നു."  വരണ്ടുണങ്ങിയ പാറക്കെട്ടുകളിലൂടെ, ഒഴുക്കുനിലച്ച ഒരു കാട്ടരുവിയിലേയ്ക്ക് ഊർന്നിറങ്ങിക്കൊണ്ട് മുരുകൻ ചേട്ടൻ പറഞ്ഞു.

       ബഹളം വച്ച് നീങ്ങുന്ന സഞ്ചാരികളെ ഒഴിവാക്കുവാനായി പതിവുവഴിയിൽനിന്നും മാറി,  പാമ്പാറിലേയ്ക്ക് ഒഴുകിയെത്തുന്ന കാട്ടരുവിയിലൂടെയാണ് ഞങ്ങൾ മലയിറങ്ങിയത്...  ചുറ്റുപാടും  പാറക്കൂട്ടങ്ങൾ മാത്രം... പായൽ പടർന്നു മെനഞ്ഞ, ചിത്രപ്പണികളാൽ അലങ്കരിയ്ക്കപ്പെട്ട പാറക്കെട്ടുകൾ.... കാലങ്ങളായി തുടരുന്ന നീരൊഴുക്കിൽ കണ്ണാടിപോലെ മിനുങ്ങിയ വെള്ളാരം കല്ലുകൾ... അജ്ഞാതമായ രാസപ്രക്രിയകളാൽ വർണ്ണഭേദം സംഭവിച്ചവ... എവിടെയും വ്യത്യസ്തത  നിറഞ്ഞ പാറക്കൂട്ടങ്ങളുടെ കാഴ്ചകൾ മാത്രം... അവയ്ക്കു മുകളിലൂടെ പ്രകൃതിയുടെ കണ്ണീർപോലെ ഒലിച്ചിറങ്ങുന്ന നേർത്തുപോയ നീർച്ചാലിന്റെ നിറമേതെന്നുപോലും ഇപ്പോൾ തിരിച്ചറിയുവാനാകുന്നില്ല.. കനത്ത വേനലിൽ ഉൾക്കാടുകളിലെ ഉറവച്ചാലുകൾ വറ്റിവരണ്ടതോടെ, ചുവപ്പും, പച്ചയും, ഓറഞ്ചും നിറങ്ങളിൽ കെട്ടിക്കിടക്കുന്ന ചെറിയ ജലത്തുരുത്തുകൾ മാത്രമാണ് ഈ അരുവിയിൽ അവശേഷിയ്ക്കുന്നത്....
     വലിപ്പമേറിയ പാറക്കൂട്ടങ്ങൾക്കുമുകളിലൂടെ കയറിയിറങ്ങിയും, കുത്തനെക്കിടക്കുന്ന ചെരിവുകളിലൂടെ നിരങ്ങിയിറങ്ങിയും ഞങ്ങൾ മുരുകൻചേട്ടനെ പിന്തുടർന്ന്, ഓറഞ്ചുനിറമുള്ള ചെറുപഴങ്ങൾ നിറഞ്ഞു കിടക്കുന്ന മരത്തിനടുത്തെത്തി... പക്ഷേ നിരാശയായിരുന്നു ഫലം....  മലയണ്ണാനെ എവിടെയും കാണുവാനില്ല... സമീപത്തെ മരങ്ങളിൽ, മറഞ്ഞിരുന്ന് നോക്കുന്ന ഹനുമാൻ കുരങ്ങുകളാകട്ടെ ധാരാളമുണ്ട്... ഞങ്ങളുടെ നോട്ടമെത്തുമ്പോൾ അവ മരച്ചില്ലകൾക്കിടയിലേയ്ക്ക് മറയും... വീണ്ടും പുറത്തേയ്ക്ക് തലനീട്ടി ഞങ്ങളുടെ ചലനങ്ങൾ വീക്ഷിയ്ക്കും... ഒരു ഒളിച്ചുകളിപോലെ...  അല്പനേരത്തെ കാത്തിരിപ്പിനുശേഷം ഇലക്കൂട്ടങ്ങളുടെ മറവിൽനിന്നും ഓരോന്നായി അവ പുറത്തേയ്ക്കിറങ്ങിത്തുടങ്ങി... ശല്യക്കാരല്ല എന്ന് തോന്നിയതിനാലാകണം അല്പനേരത്തിനുശേഷം, ഞങ്ങളുടെ മേലുള്ള നിരീക്ഷണങ്ങൾ അവസാനിപ്പിച്ച് മരത്തിന്റെ തളിരിലകൾ ഒടിച്ച്  അവ തീറ്റയിൽ മുഴുകി...
          ഇൻഡ്യയുടെ പല ഭാഗങ്ങളിലായി ഏതാണ്ട് ഏഴോളം ഇനത്തിൽപ്പെട്ട ഹനുമാൻ കുരങ്ങുകൾ കാണപ്പെടുന്നു... അവയിലെ tufted gray langur (Semnopithecus priam) എന്ന പേരിൽ അറിയപ്പെടുന്ന കുരങ്ങുവർഗ്ഗമാണ് ചിന്നാറിലും പരിസരപ്രദേശങ്ങളിലും കാണപ്പെടുന്നത്... കറുത്ത മുഖവും, ഇളം മഞ്ഞയും വെളുപ്പും ഇടകലർന്ന രോമങ്ങളും,  നീളം കൂടിയ ശരീരപ്രകൃതിയും ഇവയെ മറ്റു കുരങ്ങുവർഗ്ഗങ്ങളിൽനിന്നും ഒറ്റനോട്ടത്തിൽ തിരിച്ചറിയുവാൻ സഹായിയ്ക്കുന്നു... മധുരവും, പുളിരസവും നിറഞ്ഞ തളിരിലകളും, കാട്ടുപഴങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം..  ഞങ്ങളുടെ മുൻപിലുണ്ടായിരുന്ന കുരങ്ങിൻ കൂട്ടവും തമ്പടിച്ചിരിയ്ക്കുന്നത് ഒരു വലിയ കാട്ടുപുളിമരത്തിലാണ്... മനുഷ്യസാമീപ്യം തെല്ലും ഗൗനിയ്ക്കാതെ, ഇളംതളിരുകൾ ആർത്തിയോടെ തിന്നുന്ന അവയുടെ കുറച്ച് ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങൾ യാത്ര തുടർന്നു.
      അല്പം കൂടി താഴേയ്ക്ക് ഇറങ്ങിയതോടെ, വഴിയിൽ നിന്നും സഞ്ചാരികളുടെ ബഹളങ്ങൾ കേട്ടുതുടങ്ങി... കൂവലും, ഉച്ചത്തിലുള്ള ഗാനമേളയും, ആർപ്പുവിളിയും.... തൂവാനത്തുനിന്നും മടങ്ങിവരുന്ന സംഘങ്ങളുടെ ആഹ്ലാദപ്രകടനങ്ങളാണ് കാടിന്റെ നടുവിൽ ഉയർന്നുകേൾക്കുന്നത്.. ഇക്കോ- ടൂറിസം പദ്ധതികൾ പ്രകൃതിയെ എങ്ങനെയാണ് ദോഷകരമായി ബാധിയ്ക്കുന്നത് എന്നറിയുവാൻ ഇത്തരത്തിലുള്ള കാഴ്ചകൾതന്നെ ധാരാളമാണ്.. കാടിന്റെ ശാന്തതയേയും, കാട്ടുമൃഗങ്ങളുടെ സ്വൈര്യജീവിതത്തെയും ദോഷകരമായി ബാധിയ്ക്കുന്ന ഇത്തരം പ്രവൃത്തികൾ നിയന്ത്രിയ്ക്കുവാൻ കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുവെങ്കിലും അവയൊന്നും പലപ്പോഴും പാലിയ്ക്കപ്പെടാറില്ല, അല്ലെങ്കിൽ സാധിയ്ക്കാറില്ല എന്നതാണ് വസ്തുത.

      സംഘങ്ങളായി എത്തുന്ന ഇത്തരക്കാരോടൊപ്പം ഒന്നോ രണ്ടോ ഗാർഡുമാരോ, വാച്ചർമാരോ ഉണ്ടാകാറുണ്ടെങ്കിലും പലപ്പോഴും അവരുടെ നിയന്ത്രണങ്ങൾ അവഗണിച്ചും ആഹ്ലാദപ്രകടനങ്ങൾ പരിധി വിട്ടുപോകുന്നു.  അതിന്റെ കാരണവും ചേട്ടൻ പറഞ്ഞു " അവരൊക്കെ വലിയ ആൾക്കാരല്ലേ സാറേ.. ഞങ്ങൾ വെറും ദിവസക്കൂലിക്കാർ... എത്ര പറഞ്ഞുകൊടുത്താലും ചിലർ അനുസരിയ്ക്കില്ല.. കർശനമായി  എന്തെങ്കിലും പറഞ്ഞുപോയാൽ നിന്റെയൊക്കെ പണി തെറുപ്പിയ്ക്കും എന്ന് പറയുന്നവരാണ് ഇത്തരക്കാരിൽ ഏറെയും.. കൂടാതെ ചീത്തവിളിയും... ആരെങ്കിലും ഒരു പരാതി ഞങ്ങൾക്കെതിരേ ഓഫീസിൽ കൊടുത്താൽ ഞങ്ങളുടെ പണിയും പോകും.... എന്തിനാ സാറേ അറിഞ്ഞുകൊണ്ട് ഈ പൊല്ലാപ്പൊക്കെ തലയിലെടുത്ത് വയ്ക്കുന്നത്"

        ഒരു നേരത്തെ അന്നത്തിനുവേണ്ടി മറ്റുള്ളവന്റെ കാൽച്ചുവട്ടിൽ ശിരസ്സ്  കുനിയ്ക്കേണ്ടിവരുന്നവന്റെ ആത്മനൊമ്പരവും, അമർഷവും, സങ്കടവുമെല്ലാം മുരുകൻചേട്ടന്റെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു.

     അരുവിയുടെ മധ്യത്തിലുള്ള വിശാലമായ പാറപ്പുറത്തായിരുന്നു സംഘത്തിന്റെ ഗാനമേള... മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാർതന്നെയാണ് സംഘാംഗങ്ങൾ.... അവരുടെ പ്രകടനങ്ങൾ ആസ്വദിച്ചുകൊണ്ട് മറ്റു യാത്രക്കാരും സമീപത്തുള്ള മരച്ചുവടുകളിൽ വിശ്രമിയ്ക്കുന്നു..... പാട്ടും, ഡാൻസും, ആഹ്ലാദാരവങ്ങളുമായി അരങ്ങുതകർക്കുന്ന സംഘങ്ങളെയും, കാഴ്ചക്കാരേയും പിന്നിലാക്കി ഞങ്ങൾ കാടിനുള്ളിലേയ്ക്ക് കയറി.
ചിന്നാറിന്റെ സ്വന്തം... ചാമ്പൽ മലയണ്ണാൻ
     എന്തിനാണ് ഇത്തരം ആഘോഷങ്ങളുമായി ഈ ചെറുപ്പക്കാർ ശാന്തത നിറഞ്ഞുനിൽക്കുന്ന കാടുകൾക്കുള്ളിലേയ്ക്കുതന്നെ കടന്നുവരുന്നത്..? പാർക്കുകളിലോ, ബീച്ചുകളിലോ, ഡാൻസ് ബാറുകളിലോ മാത്രം ആഘോഷമാക്കേണ്ടുന്ന ഇത്തരം രീതികൾ  കാടിനേയും, പ്രകൃതിയെ സ്നേഹിച്ചെത്തുന്നവരുടെ മനസ്സിനേയും എത്രമാത്രം അലോസരപ്പെടുത്തുന്നു എന്ന വസ്തുത ഇവർക്ക് തിരിച്ചറിയുവാൻ സാധിയ്ക്കാത്തതാകുമോ കാരണം...? ദൈനംദിനജീവിതത്തിൽ കടന്നുവരുന്ന അപരിചിതസാഹചര്യങ്ങളിൽ പാലിയ്ക്കേണ്ടുന്ന സാമാന്യമര്യാദകളേപ്പറ്റി സ്വയം ഒന്നു ചിന്തിച്ചാൽ പരിഹരിയ്ക്കാവുന്ന പെരുമാറ്റദൂഷ്യങ്ങളാണ് ഇവയെല്ലാം എന്നതിൽ  ആർക്കും സംശയമുണ്ടാകില്ല.... പക്ഷേ സാമാന്യമര്യാദകളേക്കുറിച്ച് ചിന്തിച്ച് മണിയ്ക്കൂറുകൾ പാഴാക്കുവാൻ ആർഭാടങ്ങളും, ആഘോഷങ്ങളും മാത്രം ശീലമാക്കിയ ഒരു യുവതലമുറയ്ക്ക് എവിടെയാണ് സമയം... സാമൂഹ്യജീവിയെന്ന നിലയിൽ ഒഴിവാക്കിനിർത്തേണ്ട ഇത്തരം പെരുമാറ്റരീതികളെ ഉത്സവങ്ങളാക്കിമാറ്റുന്ന ഈ യുവത്വങ്ങളെ തിരുത്തിയെടുത്ത്, പ്രകൃതിയുടെ കാവലാളുകളാക്കി മാറ്റുവാൻ സാധിച്ചിരുന്നുവെങ്കിൽ...! പാമ്പാറിന്റെ തീരത്തേയ്ക്കുള്ള ഇറക്കം ഇറങ്ങിച്ചെല്ലുമ്പോൾ ഈ ചോദ്യങ്ങളായിരുന്നു ഞങ്ങളുടെ ചിന്തകളിലും സംഭാഷണങ്ങളിലും നിറഞ്ഞുനിന്നത്.
     ചരൽമണ്ണും, കല്ലുകളും നിറഞ്ഞ കാട്ടുവഴിയിലൂടെ ഇറങ്ങിച്ചെല്ലുമ്പോഴാണ് സമീപത്തെ മരത്തിലെ ഇലയനക്കങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്... "ചാരയണ്ണാൻ' മുരുകൻ ചേട്ടൻ പതിയെ പറഞ്ഞു...

         'ചാമ്പൽ മലയണ്ണാൻ' എന്നാണ് സാധാരണ വിളിയ്ക്കാറെങ്കിലും നാട്ടുഭാഷയിൽ 'ചാര അണ്ണാൻ' എന്ന പേരിലാണ് ഇവ  അറിയപ്പെടുന്നത്. വഴിയിൽനിന്നും അല്പം മാത്രം ദൂരെയായി, 15 - 20 അടിമാത്രം ഉയരമുള്ള ഒരു മരത്തിൽ നിന്നും ഇലകൾ അടർത്തി തിന്നുന്ന തിരക്കിലായിരുന്നു പൂർണ്ണവളർച്ചയെത്തിയ, അഴകുനിറഞ്ഞ ഒരു അണ്ണാൻ. വഴിയിലെ ആളനക്കങ്ങൾ തിരിച്ചറിഞ്ഞതോടെ ഇടതൂർന്നുവളരുന്ന ഇലക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് അവൻ പതിയെ പിൻവലിഞ്ഞു. ഞങ്ങളെ കണ്ടെങ്കിലും കാര്യമായ ഭയം പ്രകടിപ്പിയ്ക്കുവാനോ, ഓടിയകലുവാനോ  ശ്രമിയ്ക്കാതിരുന്നതിനാൽ, പുറത്തേയ്യ്ക്ക് വരുമെന്നുറപ്പിച്ച് ഞങ്ങൾ കാത്തിരിയ്ക്കുവാൻ തീരുമാനിച്ചു.. മരച്ചില്ലകളുടെയും ഇലകളുടെയും അനക്കങ്ങളിലൂടെ അവന്റെ സാമീപ്യം മാത്രം ഇടയ്ക്കിടെ ഞങ്ങൾ ഉറപ്പിച്ചുകൊണ്ടിരുന്നു.. ഏതാണ്ട് അഞ്ചുമിനിറ്റ് നേരത്തെ കാത്തിരിപ്പ്... സാവധാനത്തിൽ തല വെളിയിലേയ്ക്കിട്ട് അല്പനേരം പരിസരമാകെ വീക്ഷിച്ചശേഷം ഇലച്ചിലുകൾക്കിടയിൽനിന്നും അത് പുറത്തേയ്ക്കിറങ്ങി... അത്രയും സമയം ധാരാളമായിരുന്നു... പൂർണ്ണമായും അണ്ണാൻ വെളിയിൽ വന്നിരുന്നില്ലെങ്കിലും നല്ല കുറേ ഫ്രെയിമുകൾ വഴിയിൽനിന്നുകൊണ്ടുതന്നെ ക്യാമറയിലേയ്ക്ക് ഒപ്പിയെടുത്തു...
കൂട് നിർമ്മിയ്ക്കുന്ന അണ്ണാൻ.. ചിന്നാറിൽനിന്നൊരു ദൃശ്യം.
        മൂന്നു മാസങ്ങൾക്കുമുൻപുള്ള യാത്രയിൽ, ചിന്നാർ ചെക്ക്പോസ്റ്റിന്റെ സമീപത്തുനിന്നുമാണ്  ചാമ്പൽ മലയണ്ണാന്റെ ആദ്യ ചിത്രം എനിയ്ക്ക് ലഭിയ്ക്കുന്നത്. ചിന്നാർപുഴയുടെ തീരത്തുള്ള ഒരു വന്മരത്തിന്റെ ഉയരങ്ങളിൽ കൂടുണ്ടാക്കുന്ന തിരക്കിലായിരുന്നു രണ്ട് ഇണകൾ. സമീപത്തെ മരങ്ങളിലൂടെ കയറിയിറങ്ങി, ഇലകളും, ചെറുകമ്പുകളും ശേഖരിച്ചുകൊണ്ടുവന്നിരുന്ന അവയുടെ പിന്നാലെ, അന്ന് മണിയ്ക്കൂറുകളോളം ക്യാമറയുമായി നടന്നുവെങ്കിലും മരത്തിന്റെ ഉയരക്കൂടുതലും, പടർന്നുകിടന്നിരുന്ന ചില്ലകളും  ഒരു നല്ല ചിത്രം പകർത്തുന്നതിന് തടസ്സമായി മാറുകയായിരുന്നു. അന്ന് നഷ്ടപ്പെട്ടുപോയ അവസരമാണ് ഇവിടെ കൈവന്നിരിയ്ക്കുന്നത്..
        മലയണ്ണാന്റെ പൂർണ്ണമായ ഒരു ചിത്രം... അതായിരുന്നു ഇവിടെ എന്റെ ലക്ഷ്യം.. വഴിയിൽ നിന്നും അല്പം മാത്രം ദൂരെയാണ് മരത്തിന്റെ സ്ഥാനം.... എങ്കിലും വഴിയിൽ നിന്നുകൊണ്ട് അത്  പകർത്തുക തീർത്തും അസാധ്യമാണെന്നതിനാൽ  മരത്തിന്റെ സമീപത്തേയ്ക്ക് നീങ്ങാതെ നിവൃത്തിയില്ല..  പക്ഷേ ചലനങ്ങളിലുണ്ടാകുന്ന ഒരു ചെറിയ വ്യത്യാസം... അതു മതിയാകും അണ്ണാനെ ഭയപ്പെടുത്തുവാൻ..... അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരുന്നു ഓരോ ചുവടുവയ്പ്പും...

       മരത്തിനോട് ഏറെ അടുത്തിട്ടും അണ്ണാന് യാതൊരു ഭാവമാറ്റവുമില്ല എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.. ഒരു പക്ഷേ സന്ദർശകരെ സ്ഥിരമായി കണ്ടുപഴകിയതിനാലാകാം, മരച്ചുവട്ടിൽ എത്തിയിട്ടും എന്നെ ശ്രദ്ധിയ്ക്കാതെ അവൻ തീറ്റയിൽ തന്നെ മുഴുകിയിരുന്നു.. ഏതാണ്ട് 15 അടി മുകളിലുള്ള മരക്കൊമ്പിലാണ് അവന്റെ ഇരിപ്പ്... സമീപത്തുണ്ടായിരുന്ന ഒരു  ചെറിയ പാറയിലേയ്ക്ക് കയറിനിന്നതോടെ നല്ല ഒരു ഫോട്ടോയ്ക്കുള്ള വഴി തെളിഞ്ഞു.... മനോഹരമായ കുറേ ചിത്രങ്ങൾ.. ഇടയ്ക്ക് തല ഉയർത്തി ഒന്ന് നോക്കുക കൂടി ചെയ്തതോടെ ചാമ്പൽ മലയണ്ണാന്റെ നല്ല  ചിത്രങ്ങൾ പകർത്തുക എന്ന ആഗ്രഹം സഫലമായി.. ഏതാണ് മുപ്പതോളം ചിത്രങ്ങൾ പകർത്തിയശേഷമാണ്  ആ പാറയുടെ മുകളിൽനിന്നും ഞാൻ താഴേയ്ക്ക് ഇറങ്ങിയത്...
        കേരളത്തിൽ, ചിന്നാറിലെ കാടുകളിൽ മാത്രമാണ് ചാമ്പൽ മലയണ്ണാൻ (grizzled Giant squirrel-Ratufa makrura) കാണപ്പെടുന്നത്.. മറ്റു കാടുകളിൽ കാണപ്പെടുന്ന മലയണ്ണാനുമായി (Malabar giant squirrel-Ratufa indica)താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് വലിപ്പം കുറവാണ്.. തമിഴ്നാട്ടിലെ ശ്രീബലിപ്പത്തൂർ വന്യജീവി സങ്കേതത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. അതിനാൽ ചാമ്പൽ മലയണ്ണാന്റെ പേരിലാണ് ഈ വന്യജീവി സങ്കേതം അറിയപ്പെടുന്നത്..

    ചിന്നാർ കാടുകളിൽ ഇവയുടെ നിലനില്പ് ഇന്ന് ആശങ്കാജനകമായിരിയ്ക്കുന്നു... ഈ കാടിനുള്ളിലുള്ള 11 ആദിവാസിക്കുടികളിൽനിന്നുള്ള നൂറുകണക്കിന് ആടുമാടുകൾ സൃഷ്ടിയ്ക്കുന്ന  നിയന്ത്രണമില്ലാത്ത വനനശീകരണവും, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഭക്ഷണലഭ്യതയിലുണ്ടായ കുറവും, അപൂർവ്വ ജീവികളുടെ ഗണത്തിൽപ്പെടുന്ന ചാമ്പൽ മലയണ്ണാന്റെ  നിലനില്പിനേത്തന്നെയും ബാധിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് പുതിയ നിരീക്ഷണങ്ങൾ തെളിയിയ്ക്കുന്നു.
       മലയണ്ണാന്റെ ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങൾ പാമ്പാറിന്റെ തീർത്തേയ്ക്ക് ഇറങ്ങിച്ചെന്നു. മലഞ്ചെരിവുകളിൽ കാണപ്പെടുന്ന വരണ്ട ഭൂപ്രദേശത്തിൽനിന്നും വ്യത്യസ്തമായി, പുഴയോരത്ത്, കാടിന്റെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമാണ് സംഭവിച്ചിരിയ്ക്കുന്നത.. പാമ്പാറിന്റെ ജലസമൃദ്ധിയിൽ വളർന്നുമുറ്റിനിൽക്കുന്ന വന്മരങ്ങൾ ഒന്നുചേർന്ന് ഒരു മഴക്കാടിന്റെ പ്രതീതി ജനിപ്പിച്ചിരിയ്ക്കുന്നു... വള്ളിപ്പടർപ്പുകളും, കുറ്റിച്ചെടികളും, പൂമരങ്ങളും, ചിത്രശലഭങ്ങളും ധാരാളം.. പേരറിയാത്ത പക്ഷികളുടെ ചൂളം വിളികൾ... . തൂവാനത്തിന്റെ ജലകണികകളെ ഒപ്പിയെടുത്ത് കൊണ്ടുവരുന്ന  തണുത്ത കാറ്റ്, വിയർത്തൊട്ടിയ ശരീരത്തിലേയ്ക്ക് അവാച്യമായൊരു കുളിർമ്മയാണ് പകർന്നു നൽകിയത്.  കാടിന്റെ തണലിൽനിന്നും, പഞ്ചാരമണൽത്തിട്ടകളും പാറക്കൂട്ടങ്ങളും പിന്നിട്ട് തൂവാനം വെള്ളച്ചാട്ടത്തിന്റെ പതനസ്ഥാനത്തേയ്ക്ക് ഞങ്ങൾ എത്തിച്ചേർന്നു.

       സഞ്ചാരികളെല്ലാവരും തൂവാനത്തുനിന്നും മടങ്ങിക്കഴിഞ്ഞിരുന്നു. ജലപ്രവാഹത്തിന്റെ മനോഹാരിത ആവോളം ആസ്വദിയ്ക്കുവാൻ ഈ ഏകാന്തതയിൽ ഞങ്ങൾ മൂന്നുപേർമാത്രം.... വിയർത്തൊഴുകുന്ന ശരീരത്തിന്റെ ചൂടിനെ ശമിപ്പിയ്ക്കുവാൻ ഞങ്ങൾ നീരൊഴുക്കിലേയ്ക്കിറങ്ങി.

     ആനമലയുടെ അടിവാരങ്ങളിൽനിന്നും പിറവികൊണ്ട്, കാട്ടുപച്ചകളുടെ ഔഷധഗുണങ്ങളുമായി ഒഴുകിവരുന്ന അരുവിയുടെ തണുപ്പിലേയ്ക്ക് മുങ്ങിനിവർന്നപ്പോൾ പറഞ്ഞറിയിയ്ക്കുവാനാകാത്ത ആശ്വാസം.. വെയിലിന്റെ ചൂടും, യാത്രയുടെ ക്ഷീണവും മെല്ലെ ഓളപ്പരപ്പിലൂടെ ഒഴുകി അകന്നുപോയി.... ആ തണുപ്പിലേയ്ക്ക് അലിഞ്ഞുകൊണ്ട് കുറേസമയം ഞങ്ങൾ ആ നീരൊഴുക്കിൽ നീന്തിത്തുടിച്ചു.
       വെള്ളച്ചാട്ടത്തിൽനിന്നും ഏറെ അകലെയല്ലാതെ, മലഞ്ചെരുവിൽ, തടികൊണ്ട് നിർമ്മിച്ച ഒരു ചെറിയ വീടുണ്ട്... വെള്ളച്ചാട്ടത്തിന്റെ എല്ലാ സൗന്ദര്യവും ആസ്വദിച്ച്, ഒരു രാത്രിയും പകലും ഇവിടെ താമസിയ്ക്കുവാൻ ആഗ്രഹമുള്ളവരെ ഉദ്ദേശിച്ചാണ് ഈ വീട് നിർമ്മിച്ചിരിയ്ക്കുന്നത്. രണ്ടുനേരത്തെ ഭക്ഷണം ഉൾപ്പടെയുള്ള പായ്ക്കേജിന് 1500 രൂപ ഒരു ദിവസത്തേയ്ക്ക് വനം വകുപ്പ് ഈടാക്കുന്നു.. കൂടുതലായി വരുന്ന സംഘാംഗങ്ങൾ, ആളോഹരി 300 രൂപയും നൽകണം. പ്രകൃതിയുടെ സംഗീതവും, വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളും, ഭാഗ്യമുണ്ടെങ്കിൽ ആനക്കൂട്ടവും, കാട്ടുപോത്തുകളും മേഞ്ഞുനടക്കുന്ന കാഴ്ചകളും.....കാടിനെ അറിയുവാനെത്തുന്നവർക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരിയ്ക്കും ഇവിടെ ചിലവഴിയ്ക്കുന്ന ദിനങ്ങൾ സമ്മാനിയ്ക്കുക എന്നതിൽ സംശയമില്ല.

       യാത്രയുടെ ക്ഷീണം ഒരു കുളിയോടെ വിട്ടുമാറിക്കഴിഞ്ഞു... പുഴ മുറിച്ചുകടന്ന്, കുന്നിൻചെരിവിലൂടെ ഞങ്ങൾ വീടിന്റെ സമീപത്തേയ്ക്ക് നടന്നു... കാടിന് അനുയോജ്യമായ രീതിയിൽ പച്ചനിറം പൂശി, വൃത്തിയായി സംരക്ഷിച്ചിരിയ്ക്കുന്ന വീടിന് ചുറ്റിലുമായി കരിങ്കല്ലുകൊണ്ടുള്ള സംരക്ഷണഭിത്തിയും തീർത്തിട്ടുണ്ട്... വേനൽക്കാലങ്ങളിൽ പുഴയിൽ വെള്ളം തേടിയെത്തുന്ന കാട്ടാനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങളെന്ന് പരിസരക്കാഴ്ചകൾ പറഞ്ഞുതരുന്നു... അവയുടെ കടന്നുകയറ്റങ്ങളെ പ്രതിരോധിയ്ക്കുക എന്നതാണ് ഈ കരിങ്കൽഭിത്തിയുടെ നിർമ്മാണോദ്ദേശ്യമെങ്കിലും, മരക്കൊമ്പുകൾകൊണ്ടുള്ള ആനക്കൂട്ടങ്ങളുടെ ആക്രമണങ്ങളിൽ, വെള്ളം സംഭരിയ്ക്കുന്ന പ്ലാസ്റ്റിക്ടാങ്കുകൾ പലപ്പോഴും തകർക്കപ്പെടാറുണ്ട്.
     വീടിന്റെ പരിസരങ്ങളിലെല്ലാം, കാട്ടുമൃഗങ്ങൾ തിന്നുതീർത്ത ചെറിയ ഈറ്റക്കാടുകളും, കുറ്റിച്ചെടികളുമാണ് വളർന്നുനിൽക്കുന്നത്.. അവയ്ക്കിടയിലൂടെ കൊക്കിപ്പറന്നുപോകുന്ന  കാട്ടുകോഴിക്കൂട്ടങ്ങൾ... ഇടയ്ക്കിടെ നാണം കുണുങ്ങിയെത്തുന്ന കാടക്കൂട്ടങ്ങളുടെ കാഴ്ചകൾ......  കരിയിലകൾ ഇളക്കിമറിച്ച് ഇരതേടുന്ന  പൂത്താങ്കീരിക്കൂട്ടങ്ങൾ.. നാകമോഹൻ എന്നും സ്വർഗ്ഗവാതിൽ പക്ഷി എന്നും നാട്ടുഭാഷകളിൽ അറിയപ്പെടുന്ന പാരഡൈസ് ഫ്ലൈ ക്യാച്ചർ.... വെള്ളറിബൺ പോലെയുള്ള നീണ്ട വാലുമായി പറന്നുകളിയ്ക്കുന്ന അവയുടെ ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു... പക്ഷികളെ സ്നേഹിയ്ക്കുന്നവരെയും നിരീക്ഷിയ്ക്കുന്നവരെയും ആകർഷിയ്ക്കുന്ന, അത്യപൂർവ്വങ്ങളായ പറവകളുടെ സുരക്ഷിതസങ്കേതം കൂടിയാണ് ചിന്നാർ കാടുകൾ എന്ന്, ഈ കാഴ്ചകൾ വെളിപ്പെടുത്തുന്നു...
      വീടിന്റെ കാഴ്ചകളിലൂടെ കയറിയിറങ്ങിയശേഷം ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ സമീപത്തേയ്ക്ക് നടന്നു.. ഉയരങ്ങളിൽനിന്നും കുതിച്ചുചാടിയെത്തുന്ന വെള്ളപ്പാച്ചിൽ, ആഴങ്ങളിലെ പാറക്കൂട്ടങ്ങളിലേയ്ക്ക് തല്ലിയലച്ച്, പതഞ്ഞൊഴുകി കാടിന്റെ മധ്യത്തിലൂടെ ഒഴുകിയകലുന്നതിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ ലഭ്യമാകുന്നത് ഈ ഭാഗത്തുനിന്നുമാണ്.

      ഇവിടെ വെള്ളച്ചാട്ടത്തിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു പാറയുണ്ട്.... പായൽ വളർന്ന്, വഴുതുന്ന അതിന്റെ അഗ്രഭാഗത്തുനിന്ന് വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിയ്ക്കുകയെന്നത്, സാഹസികവും, അതോടൊപ്പം മറക്കുവാനാകാത്ത ഒരു അനുഭവവും കൂടിയായിരുന്നു. ഒരു ചെറുകാറ്റിൽ മഞ്ഞിൻ തുണ്ടുകൾപോലെ ചിതറിയെത്തിയ വെള്ളത്തിന്റെ നനുത്ത കണികകൾ നിമിഷങ്ങൾകൊണ്ട് ഞങ്ങളെ പൂർണ്ണമായും പൊതിഞ്ഞു... നിമിഷങ്ങൾകൊണ്ട് ചെറുകണികൾ ഒന്നുചേർന്ന് വലിയ തുള്ളികളായി മാറി മുടിയിഴകളെ നനച്ച് ശരീരത്തിലൂടെ ഒഴുകിയിറങ്ങിത്തുടങ്ങി...  ഓരോ രോമകൂപങ്ങളിലും പ്രകൃതിയുടെ തണുപ്പ് അരിച്ചിറങ്ങുന്നു.. ശാന്തതമാത്രം നിറഞ്ഞ ഈ കാടിന്റെ മടിത്തട്ടിൽ, നീരൊഴുക്കിന്റെ താളവും, തലോടലും അനുഭവിച്ചറിഞ്ഞ്, കിളികളുടെ സംഗീതവും കേട്ട്, പാതി മയങ്ങിയ മനസ്സുമായി ഒരു തപസ്സിലെന്നപോലെ മണിയ്ക്കൂറുകൾ ചിലവഴിയ്ക്കുവാൻ ആരേയും മോഹിപ്പിച്ചു പോകുന്നതായിരുന്നു തൂവാനം  പകർന്നുനൽകുന്ന അനുഭവങ്ങൾ.
       കലർപ്പില്ലാത്ത പ്രകൃതിയുടെ ഗന്ധങ്ങളും, സുന്ദമായ ദൃശ്യങ്ങളും ആസ്വദിച്ച് ഏറെ സമയം ആ പാറക്കെട്ടിന്റെ അഗ്രഭാഗത്ത് ഞങ്ങൾ ഇരുന്നു. ഒന്നും സംസാരിയ്ക്കുവാനില്ലാതെ, പ്രകൃതിയിൽ മാത്രം മനസ്സർപ്പിച്ച് ചിലവഴിച്ച കുറേ നിമിഷങ്ങൾ... മൗനത്തിന്റെ വാൽമീകത്തിനുള്ളിൽനിന്നും ഞങ്ങളെ ഉണർത്തിയത് മലയിറങ്ങിവന്നുകൊണ്ടിരുന്ന അടുത്ത സംഘത്തിന്റെ സംഭാഷങ്ങളായിരുന്നു. ലോഗ് ഹൗസിലേയ്ക്കുള്ള സഞ്ചാരികളാണവർ.. ഇന്നത്തെ ഈ ദിവസം തൂവാനത്തിന്റെ  കാഴ്ചകൾ അവർക്കായി മാത്രം മാറ്റിവച്ചിരിയ്ക്കുകയാണ്..  നിലാവുള്ള ഈ രാത്രിയിൽ, പാൽ പോലെ ചിതറിവീഴുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച്, കാട്ടാനകളുടെ ചിന്നംവിളികളും, രാപ്പറവകളുടെ ഗാനങ്ങളും കേട്ട് അവർക്ക് ചിലവഴിയ്ക്കാം.. അവർക്കായി വഴിമാറി, ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു...

പാമ്പാറിന്റെ നടുവിലെ വിശാലമായ പാറക്കെട്ടിലേയ്ക്കാണ് ഇനി യാത്ര... ചിന്നാർകാടുകളിൽ മറഞ്ഞിരിയ്ക്കുന്ന മറ്റു  കാഴ്ചകൾ തേടി, ഇനിയുള്ള രണ്ടു ദിവസങ്ങൾ ഞങ്ങൾ അവിടെയാണ് ചിലവഴിയ്ക്കുന്നത്.. തൂവാനത്തോട് വിടപറഞ്ഞ് കാട്ടുമൃഗങ്ങളെ തേടിയും, കാടിനെ അറിഞ്ഞും അലഞ്ഞുനടക്കുവാനായി മാത്രം മാറ്റി വച്ചിരിയ്ക്കുന്ന രണ്ടു ദിനരാത്രങ്ങളിലേയ്ക്ക് ഞങ്ങളുടെ യാത്ര തുടർന്നു...
..............................................................................................................................................................