ശൈത്യകാലത്തിന്റെ വരവിനെ വിളിച്ചറിയിച്ചെത്തിയ മൂടൽമഞ്ഞിന്റെ കുളിരിൽ ഡൽഹിനഗരം മയങ്ങിക്കിടക്കുന്നു. സുവർണവെളിച്ചം ചൊരിഞ്ഞുനിൽക്കുന്ന നിയോൺ ലൈറ്റുകൾക്കടിയിലൂടെ, ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥികളെ ചലനാത്മകമാക്കി കുതിച്ചുപായുന്ന വാഹനവ്യൂഹത്തിന്റെ ഇരമ്പൽമാത്രം, ഈ സുന്ദരമായ പ്രഭാതത്തിന്റെ നിശബ്ദതയെ ഭേദിച്ച് ഇടയ്ക്കിടെ കടന്നുപോകുന്നുണ്ട്. പക്ഷെ രാത്രിയുടെ യാമങ്ങളിൽ മാത്രം അനുഭവിക്കുവാൻ കഴിയുന്ന നഗരവീഥികളിലെ ഈ ശാന്തത നൈമിഷികം മാത്രമാണ്.... ഉദയസൂര്യന്റെ പൊൻകിരണങ്ങൾ, ഡൽഹിയെന്ന പുരാതനനഗരത്തെ പുണർന്നുകഴിയുമ്പോൾ, ശൂന്യമായിക്കിടക്കുന്ന ഈ വീഥികൾ, അണപൊട്ടിയൊഴുകിയെത്തുന്ന ജനപ്രവാഹത്തെ ഉൾക്കൊള്ളുവാൻ ആകാതെ, വീർപ്പുമുട്ടി പിടഞ്ഞുതുടങ്ങും... അതിനുമുൻപേ ഡൽഹിനഗരത്തിന്റെ അതിർത്തികൾ പിന്നിടുവാനുള്ള പരക്കംപാച്ചിലിൽ ആയിരുന്നു ഞങ്ങൾ. കോമൺവെൽത്ത് ഗയിംസിന്റെ ഭാഗമായി നിർമ്മിച്ച മനോഹരമായ പാതയിലൂടെ, നൂറ്കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുകയാണ് മൂന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റുകളും, ഒരു ബജാജ് പൾസറും. ഡൽഹിയിലെ പ്രശസ്തമായ ടിബറ്റൻ മാർക്കറ്റിന്റെ സമീപത്തുനിന്നും ആരംഭിച്ച ഈ യാത്ര ഞങ്ങളെ നയിക്കുന്നത് അനശ്വരപ്രേമത്തിന്റെ പ്രതീകമെന്ന് പേരുകേട്ട, ലോകമഹാത്ഭുതങ്ങളുടെ പട്ടികയിൽ ഇടംതേടി ഓരോ ഭാരതീയന്റെയും ശിരസ്സിൽ അഭിമാനത്തിന്റെ പൊൻതൂവൽ ചാർത്തിക്കൊണ്ട്, യമുനാനദിക്കരയിൽ തലയുയർത്തിനിൽക്കുന്ന താജ്മഹൽ എന്ന വെണ്ണക്കൽ കൊട്ടാരത്തിലേയ്ക്കാണ്.

2011 നവംബർ 13 ഞായറാഴ്ച രാവിലെയാണ് ഞങ്ങളുടെ ഈ യാത്ര ഡൽഹിയിൽനിന്നും ആരംഭിക്കുന്നത്. കൃത്യം 6:30-ന് ടിബറ്റൻ മാർക്കറ്റിന്റെ പ്രവേശനകവാടത്തിനു സമീപത്തുനിന്നും യാത്ര ആരംഭിക്കണം എന്നായിരുന്നു തീരുമാനമെങ്കിലും, സംഘത്തിലെ മൂന്ന് അംഗങ്ങൾ എത്തിച്ചേരുമ്പോൾ സമയം 7 മണിയോടടുത്തിരുന്നു. ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിനേടിയ വജീറാബാദ് പാലം, ഒരു പ്രതിബന്ധമായി അവരുടെ പാതയിൽ സ്ഥിതി ചെയ്യുന്നതിനാൽ, സമയനഷ്ടത്തേക്കുറിച്ച് പരിഭവിച്ചിട്ട് കാര്യമില്ലല്ലോ. നഷ്ടപ്പെട്ടുപോയ അരമണിക്കൂർ, അത് യാത്രാമദ്ധ്യേ അല്പം വേഗത കൂട്ടിയാൽ പരിഹരിക്കാവുന്നതേ ഉള്ളൂ. കൃത്യം 7-മണിക്കുതന്നെ യാത്രയുടെ ആഘോഷങ്ങളിലേയ്ക്ക് ഫസ്റ്റ്ഗിയർ വീണു....
ഡൽഹി നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ അരമണിക്കൂറോളം യാത്ര ചെയ്ത്, ഞങ്ങൾ ഹരിയാനയിലേയ്ക്ക് പ്രവേശിച്ചു. മനോഹരമായ വഴികളെങ്കിലും, മലയാളികൾ ധാരാളം വസിക്കുന്ന, ഫരീദാബാദ് എന്ന വഴിയോരപട്ടണം പിന്നിടുന്നതുവരെ ഗതാഗതക്കുരുക്ക് സാരമായിത്തന്നെ യാത്രയെ ബാധിച്ചുകൊണ്ടിരുന്നു. ഞായറാഴ്ചത്തിരക്കിന്റെ ആഘോഷവുമായി നിരത്ത് നിറഞ്ഞൊഴുകുന്ന ജനക്കൂട്ടം.....യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുവരുന്ന ഓട്ടോറിക്ഷകളും, സൈക്കിൾറിക്ഷകളും, അലഞ്ഞുതിരിയുന്ന കന്നുകാലിക്കൂട്ടവും.... ഉത്തരേന്ത്യൻ തെരുവുകളുടെ എല്ലാ തിരക്കുകളും നിറഞ്ഞുനിൽക്കുന്ന വഴികളിലൂടെ ഫസ്റ്റ്ഗിയറിലും, സെക്കന്റ് ഗിയറിലും മാത്രം ഇഴഞ്ഞുനീങ്ങിയ ബുള്ളറ്റുകൾ, ഫരീദാബാദ് കഴിഞ്ഞതോടെ വിശ്വരൂപം പ്രദർശിപ്പിച്ചുതുടങ്ങി. 350- CC എഞ്ചിനിൽനിന്നും ഒഴുകിയെത്തുന്ന കുതിരശക്തിയുടെ ബലത്തിൽ സ്പീഡോമീറ്റർസൂചി 100-നും 110-നുമിടയിൽ തുള്ളിക്കളിക്കുവാൻ തുടങ്ങി. ഡൽഹിയിലെ ഇടുങ്ങിയ തെരുവുകളിലെ ഗതാഗതക്കുരുക്കിൽ ഇഴഞ്ഞുനീങ്ങിയതിന്റെ വിഷമം തീർക്കുകയായിരുന്നു ഓരോ യാത്രികരും. കൂട്ടത്തിലെ കുഞ്ഞനായ 135 CC പൾസർപോലും തൊണ്ണൂറുകിലോമീറ്റർ സ്പീഡിൽനിന്നും താഴെയിറങ്ങാതെ ബുള്ളറ്റുകൾക്കൊപ്പം പിടിച്ചുനിന്നു. N.H-2 വിന്റെ വിശാലമായ വീഥികളിലൂടെ എല്ലാ വാഹനങ്ങളെയും പിൻതള്ളി കുതിച്ചുപായുമ്പോൾ, സാഹസികർക്കുമാത്രം പറഞ്ഞിട്ടുള്ള വേഗതയുടെ ത്രിൽ ആസ്വദിക്കുകയായിരുന്നു എല്ലാവരും...കൊടുങ്കാറ്റിന്റെ കൈകളിലേറിയുള്ള ഒരു യാത്ര പോലെ...................
![]() |
അല്പം വിശ്രമം... |
ഭക്ഷണവും കഴിച്ച് പുറത്തിറങ്ങിയ ഞങ്ങളെ കാത്ത്, അതിമനോരമായ ഒരു കാഴ്ച കാത്തിരിക്കുന്നുണ്ടായിരുന്നു. ഹോട്ടലിന്റെ പിൻവശത്തുനിന്നും സുവർണസാഗരംപോലെ പരന്നുകിടക്കുന്ന ഗോതമ്പുവയലുകൾ.. രാത്രിയിൽ ഉതിർന്നുവീണ മഞ്ഞിൻകണങ്ങളെ ശിരസ്സിലേറ്റി, ഉദയസൂര്യന്റെ രശ്മികളേറ്റ് സ്വർണവർണത്തിൽ തിളങ്ങിനിൽക്കുന്ന ഗോതമ്പുകതിരുകൾ... വാക്കുകൾകൊണ്ട് വിവരിക്കുവാൻ ആവുന്നതായിരുന്നില്ല ആ കാഴ്ചയുടെ ഭംഗി.. മനസ്സിനെ ഉന്മത്തമാക്കുന്ന ആ കാഴ്ചയിലേയ്ക്ക്, ക്യാമറയുമായി ആദ്യം ചാടിയിറങ്ങിയത് ഞാനായിരുന്നു... മതിവരുവോളം ചിത്രങ്ങൾ പകർത്തിയശേഷം ഗോതമ്പുപാടങ്ങളിൽനിന്നും തിരികെക്കയറുമ്പോൾ, ഏറെ നാളായി ജീവിതത്തിൽനിന്നും അകറ്റിനിർത്തപ്പെട്ടിരുന്ന പ്രകൃതിയുടെ സ്പർശനം, തൊട്ടറിയുവാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ.
അല്പനേരത്തെ വിശ്രമത്തിനുശേഷം, എത്ര ഓടിച്ചാലും കൊതി തീരാത്ത വഴികൾതേടി ബൈക്കുകൾ വീണ്ടും കുതിച്ചിറങ്ങി... ഉച്ചക്കു മുൻപേതന്നെ ആഗ്രയിൽ എത്തണമെന്ന് തീരുമാനിച്ചിരുന്നതിനാൽ 80-90 കിലോമീറ്റർ വേഗതയിലാണ് ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നത്.
പത്തുമണികഴിഞ്ഞതോടെ താജ്മഹൽ ലക്ഷ്യമാക്കി നീങ്ങുന്ന വാഹനങ്ങളെക്കൊണ്ട് വഴി നിറഞ്ഞുതുടങ്ങി. അതോടെ അല്പം വേഗത കുറച്ച്, കഴിയോരങ്ങളിലെ കാഴ്ചകൾ ആസ്വദിച്ചായി ഞങ്ങളുടെ യാത്ര... ഇരുവശവും പരന്നുകിടക്കുന്ന ഗോതമ്പുവയലുകൾ... ഇടയ്ക്കിടെ മഞ്ഞപ്പുതപ്പ് വിരിച്ചതുപോലെ പ്രത്യക്ഷപ്പെടുന്ന കടുകുപാടങ്ങൾ.. സുന്ദരമായ പ്രകൃതിയിലേയ്ക്ക്, കറുത്തിരുണ്ട വിഷപ്പുക തള്ളിവിട്ട് ഉയർന്നുനിൽക്കുന്ന കൂറ്റൻ പുകക്കുഴലുകൾ.. പൊടിപടലങ്ങൾ അടിഞ്ഞുകൂടിയ വഴിയോരത്തെ തീക്കുണ്ഡങ്ങൾക്കുസമീപം ചടഞ്ഞിരുന്ന് കുളിരകറ്റുന്ന ഗ്രാമീണജീവിതങ്ങൾ..... ഇടയ്ക്കിടെ കടന്നുവരുന്ന ഗ്രാമങ്ങളെയും, ചെറു പട്ടണങ്ങളെയും പിൻതള്ളിയ ഞങ്ങൾ 12 മണിയോടെ മഥുരയ്ക്ക് സമീപമുള്ള, ജയ് ഗുരുദേവ് ടെമ്പിൾ എന്നറിയപ്പെടുന്ന ഗുരുദ്വാരയുടെ സമീപത്ത് എത്തിച്ചേർന്നു.
![]() |
ജയ് ഗുരുദേവ് ടെമ്പിൾ |
സിക്കന്ദ്രയിലേയ്ക്കുള്ള വഴിമധ്യേ, യാത്രയുടെ രസച്ചരട് പൊട്ടിച്ചുകൊണ്ട് ഒരു ബുള്ളറ്റ് പ്രതിഷേധം പ്രകടിപ്പിച്ചുതുടങ്ങി. ആക്സിലറേറ്റർ എത്ര കൊടുത്താലും 50-കിലോമീറ്റർ സ്പീഡിനു മുകളിൽ കയറില്ലെന്ന് വാശിപിടിച്ചുനിന്ന ബുള്ളറ്റിനെ വരുതിയിലാക്കാൻ, വഴിയോരത്തുനിന്നും കണ്ടെത്തിയ മെക്കാനിക്കിന്, ഏതാണ്ട് അരമണിക്കൂറോളം പ്രയത്നിക്കേണ്ടിവന്നു. വാഹനത്തിന്റെ തകരാർ പരിഹരിച്ചശേഷം സിക്കന്ദ്രയിലെത്തുമ്പോഴേക്കും, സമയം ഏറെ വൈകിയിരുന്നു. ഇനി സിക്കന്ദ്രയിലെ കാഴ്ചകൾക്കായി ചിലവിടുവാൻ സമയമില്ല. അങ്ങനെയെങ്കിൽ അക്ബറിന്റെ ശവകുടീരത്തിന്റെ കാഴ്ചകൾ, അടുത്തദിവസത്തേയ്ക്ക് മാറ്റി വയ്ക്കാം എന്നു തീരുമാനമായി.
ഇനി യാത്ര അഗ്രയിലേയ്ക്ക്....
പ്രണയത്തിന്റെ സുഗന്ധം വിരിയിച്ചുനിൽക്കുന്ന വെണ്ണക്കൽക്കൊട്ടാരത്തിനു സമീപം ഒരു സായാഹ്നം ചിലവിടുവാനുള്ള ആവേശത്തോടെ, ഞങ്ങൾ ആഗ്ര ലക്ഷ്യമാക്കി കുതിച്ചു.
![]() |
സിക്കന്ദ്രയിലെ അക്ബറിന്റെ ശവകുടീരം |
ആഗ്രയിലെത്തിയ ഉടൻതന്നെ, ഞങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടൽമുറികളിൽ എത്തിച്ചേർന്നു. താജ്മഹലിൽനിന്നും കേവലം 200 മീറ്റർ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ, ഒരു റൂമിന്റെ വാടക 650 രൂപ മാത്രമായിരുന്നു. സാമാന്യം സൗകര്യമുള്ള മുറികൾ.. അല്പസമയം സൊറപറഞ്ഞ് സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി, ഒരു ചെറിയ നടുമുറ്റവും........ റൂമിലെത്തി അല്പമൊന്ന് വിശ്രമിച്ച്, ക്ഷീണം അകറ്റിയശേഷം വിശപ്പിന്റെ വിളി സഹിക്കുവാനാകാതെ എല്ലാവരും പുറത്തിറങ്ങി.
താമസസ്ഥലത്തുനിന്നും താജ്മഹലിന്റെ സമീപത്തേയ്ക്ക് പോകുവാനുള്ള വഴിയുടെ ഇരുവശവും, ചെറിയ റസ്റ്റോറന്റുകൾ ധാരാളമുണ്ട്. കൊതിപ്പിക്കുന്ന സുഗന്ധം നിറഞ്ഞുനിൽക്കുന്ന തെരുവുകൾ, ഞങ്ങളുടെ വിശപ്പിന്റെ തീവ്രതയെ വീണ്ടും വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. വ്യത്യസ്തത നിറഞ്ഞുനിൽക്കുന്ന പ്രാദേശികഭക്ഷണം വേണമെന്നുള്ള ആഗ്രഹം ഞങ്ങളെ കൊണ്ടെത്തിച്ചത് ഒരു മുഗൾ റസ്റ്റോറന്റിന്റെ മുൻപിലായിരുന്നു. 'ഇന്നത്തെ സ്പെഷ്യൽ' ആയ 'മുഗൾ ചിക്കൻ ബിരിയാണി'യ്ക്ക് ഓർഡർ കൊടുത്ത്, ഞങ്ങൾ കാത്തിരിപ്പ് തുടങ്ങി. ആ കാത്തിരിപ്പിനിടയിലാണ്, റസ്റ്റോറന്റുകളിൽ ഭക്ഷണം തൂക്കിവിളമ്പുന്ന കൗതുകകരമായ കാഴ്ച, ജീവിതത്തിൽ ആദ്യമായി ഞാൻ കാണുന്നത്. അടുക്കളയുടെ ഒരു വശത്ത് ത്രാസുമായി കുത്തിയിരിക്കുന്ന ഒരാൾ, സമീപത്തുവച്ചിട്ടുള്ള കലത്തിൽനിന്നും തൂക്കിയെടുക്കുന്ന 200 ഗ്രാമോളം മാത്രം വരുന്ന ബിരിയാണിചോറിന്റെ മുകളിൽ, പുഴുങ്ങിയെടുത്ത കോഴിയുടെ രണ്ട് എല്ലിൻകഷണങ്ങളും ഇട്ട്, സവാളയുടെ രണ്ട് കഷണങ്ങളും, ഒരു തക്കാളിക്കഷണവും, നിരത്തി മേശപ്പുറത്ത് എത്തിയതോടെ 'മുഗളായി ചിക്കൻ ബിരിയാണി'യുടെ കഥ പൂർത്തിയായി. വൃത്തിഹീനമായ റസ്റ്റോറന്റിന്റെ അന്തരീക്ഷത്തോടൊപ്പം, ബിരിയാണിയുടെ അവസ്ഥയും കൂടി കണ്ടതോടെ, മനസ്സിൽനിന്നും വിശപ്പ് പറപറന്നു. ചിക്കൻ ബിരിയാണി ആദ്യമായി കാണുന്നതുകൊണ്ടാണെന്ന് തോന്നുന്നു, ഉത്തരേന്ത്യൻ സുഹൃത്തുക്കൾ, ആവേശത്തോടെതന്നെ വെളുത്തുവിളറിയ കോഴിക്കഷണങ്ങളുമായി ഗുസ്തിപിടുത്തം തുടങ്ങി. നമ്മുടെ സ്വന്തം കോഴിക്കോടൻ ബിരിയാണിയുമായി താരതമ്യപ്പെടുത്തിയാൽ 'കടലും കടലാടിയും ' തമ്മിലുള്ള സാമ്യം മാത്രമേ കാണുവാൻ കഴിയുകയുള്ളൂ എങ്കിലും, വയറിന്റെ നിലവിളി സഹിക്കുവാനാകാതെ വന്നതോടെ ഭക്ഷണവുമായുള്ള യുദ്ധത്തിൽ, സുഹൃത്തുക്കൾക്കൊപ്പം ഞാനും പങ്കുചേർന്നു....
![]() |
ആഗ്രയിലെ റെഡ്ഫോർട്ട്. |
![]() |
സൂഫി വിശുദ്ധനായ സലിം ചിസ്തിയുടെ ശവകുടീരം. |
വിജ്ഞാനത്തിന്റെ അനന്തസാഗരങ്ങളായിരുന്ന 'നവരത്ന'ങ്ങൾ എന്നറിയപ്പെട്ടിരുന്ന പ്രതിഭാശാലികൾ ജന്മമെടുത്തതും ഈ കൊട്ടാരക്കെട്ടുകളിലായിരുന്നു. അവരിലെ പ്രധാനിയായിരുന്നു സംഗീതചക്രവർത്തിയായിരുന്ന മിയാൻ താംസൺ. മേഘരാഗം പാടി മഴ പെയ്യിച്ചിരുന്ന താംസന്റെ ശ്രുതിമധുരമായ ഗാനങ്ങൾ അലയടിച്ചിരുന്ന കൊട്ടാരക്കെട്ടുകളുടെ കാഴ്ചകളിലേയ്ക്കാണ്, ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഫത്തേപ്പൂരിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര, ആഗ്രാകോട്ടയുടെ സമീപത്തുകൂടെയായിരുന്നു. താജ്മഹലിന്റെ സമീപത്തുനിന്നും 3-കിലോമീറ്ററോളം മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട, ആഗ്രയിലെ 'ലാൽകില' (Red Fort) എന്നാണ് അറിയപ്പെടുന്നത്. 94 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കോട്ടയുടെ പരിസരം മുഴുവൻ സ്വദേശികളും, വിദേശികളുമായ സന്ദർശകരെക്കൊണ്ട് നിറഞ്ഞിരുന്നു. സമയക്കുറവുമൂലം കോട്ടയുടെ കാഴ്ചകൾ വഴിയിൽനിന്നുതന്നെ ആസ്വദിച്ചശേഷം, ഞങ്ങൾ യാത്ര തുടർന്നു.
കൃത്യം നാലുമണിക്കുതന്നെ ഞങ്ങൾ ഫത്തേപ്പൂർ സിക്രിയിൽ എത്തിച്ചേർന്നു.
................................................................................................................................................................
'ബുള്ളറ്റ് റൈഡ് ടു താജ്മഹൽ' എന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗമായ 'മാതളപുഷ്പം കൊഴിഞ്ഞപ്പോൾ'. എന്ന വിവരണത്തിലേയ്ക്കുപോകുവാൻ ഇവിടെ ക്ലിക് ചെയ്യുക.
പതിവു പോലെ മനോഹരമായ വിവരണം...പതിവിൽ നിന്ന് വ്യത്യസ്തമായ രീതിയിലെ (ബൈക്ക് ട്രിപ്) യാത്രയുടേതായപ്പോൾ അനുഭവവേദ്യമായി..ആ ഗോതമ്പുകതിരിന്റെ ചിത്രമാണ് ഷിബുവിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
ReplyDeleteസസ്നേഹം,
പഥികൻ
'ബുള്ളറ്റ് റൈഡ് ടു താജ്മഹൽ' എന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗമായ 'മാതളനാരകപുഷ്പം കൊഴിഞ്ഞപ്പോൾ'. എന്ന വിവരണത്തിലേയ്ക്കുപോകുവാൻ ഇവിടെ ക്ലിക് ചെയ്യുക.
ReplyDeleteഈ ലിങ്ക് വർക്ക് ചെയ്യുന്നില്ല..എന്റെ സിസ്റ്റത്തിന്റെ പ്രശ്നം ആണോ എന്നറിയില്ല.
യാത്ര തുടരട്ടെ....
ReplyDeleteപഥികൻ..ആ ലിങ്ക് വർക്ക് ചെയ്യാത്തതിൽ അദ്യമേ ക്ഷമ ചോദിക്കുന്നു... രണ്ടു പോസ്റ്റുകൾ ഒന്നിച്ച് ഇടണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് ആ ലിങ്ക്, കൊടുത്തിരുന്നത്.പക്ഷെ അവസാനസമയത്ത് അല്പം എഡിറ്റിംഗ് ആവശ്യമായി വന്നതുകൊണ്ട്
ReplyDelete'മാതളനാരകപുഷ്പം കൊഴിഞ്ഞപ്പോൾ' എന്ന പോസ്റ്റ് പ്രസിദ്ധീകരിക്കുവാൻ സാധിച്ചില്ല...നാളെ തീർച്ചയായും ആ പോസ്റ്റ് ഇടുന്നതായിരിക്കും..സ്നേഹപൂർവ്വം ഷിബു തോവാള.
നല്ല വിവരണം. ഫോട്ടോകള്‍ അത്യുഗ്രന്‍. അവ ആര്‍ട്ടിസ്റ്റിന്റേതാണെന്ന് വിളിച്ചു പറയുന്നുണ്ട്.
ReplyDeleteവിവരണം നന്നായിട്ടുണ്ട്. കൂടുതൽ ഇഷ്ടപ്പെട്ടതു് ഗോതമ്പിന്റെ പടം തന്നെ.
ReplyDelete'മാതളനാരകം" കാണാൻ ഞാനും ഒന്നു ശ്രമിച്ചുനോക്കി. ഇനി പോസ്റ്റ് വരുമ്പോൾ വയിക്കാം.
ഞാനും കുറച്ചു വർഷങ്ങൾക്കു മുൻപ് പോയിട്ടുണ്ട് താജ് മഹൽ കാണാൻ. ഇനിയും ഒരിക്കൽ കൂടി കാണാൻ മോഹവുമുണ്ട്.
അതിമനോഹരമായ ചിത്രങ്ങള്‍. വളരെ പണ്ട് ഈ വഴിയിലൂടെ നടത്തിയ യാത്രയുടെ ഓര്‍മ്മകള്‍ പതഞ്ഞു. തുടര്‍ഭാഗം പ്രതീക്ഷിച്ചു കൊണ്ട്...
ReplyDeleteസ്നേഹപൂര്‍വ്വം,
ലാസര്‍
വളരെ ചെറുപ്പത്തില്‍ കണ്ട ഡല്‍ഹി മാത്രമാണ് ഓര്‍മ്മയില്‍ ഉള്ളത്. വളരെ കാലമായി വീണ്ടും ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു. ഈ കുരിപ്പികള്‍ ആ ആഗ്രഹം കൂട്ടുന്നു.......സസ്നേഹം
ReplyDeleteഡൽഹി സന്ദർശിച്ചതു പോലെയായി.. നന്നായിട്ടുണ്ട്.. ഭാവുകങ്ങൾ
ReplyDeleteനന്നായി. ഒരുപാട് നടന്ന വഴികള്‍. ഓര്‍മ്മിപ്പിച്ചതിന് നന്ദി.
ReplyDeleteബൈക്കിലെ യാത്രകൾ മറ്റു യാത്രകളെ അപേക്ഷിച്ച് കൂടുതൽ സ്വാതന്ത്രയവും രസകരവുമാണ്. ബുള്ളെറ്റിൽ ഡൽഹിയാത്ര ആസ്വദിച്ചു. ചിത്രങ്ങളും വളരെ നന്നായി..
ReplyDeleteഎല്ലാാ ആശംസകൾ
സൂപ്പര്‍ വിവരണം ഷിബു.ചിത്രങ്ങള്‍ കുറച്ചു കൂടി ആകാമായിരുന്നു..
ReplyDeleteപണ്ടു കണ്ട ദില്ലിയിലൂടെ ഒരിക്കല്‍ക്കൂടി യാത്രചെയ്തപോലെ. ഇതിനിടയില്‍ തന്നെയാണ് മുകുന്ദന്റെ ദില്ലിഗാഥകളുടെ വായനയും
ReplyDeleteടി.ബി. ലാല്‍
അതിമനോഹരമീവിവരണം...
ReplyDeleteഡൽഹിയെപ്പറ്റി ആധികാരികമായി യാത്രാവിവരണങ്ങൾ തപ്പി ഓൺലൈനിലുള്ളവർക്ക് മറ്റൊരിടത്തും പോകേണ്ടി വരില്ല ഷിബുവിന്റെ ഈ ബ്ലോഗുള്ളപ്പോൾ. എന്നാലും.... ഇതൊരുമാതിരി വല്ലാത്ത കൊതിപ്പിക്കലായിപ്പോയി:) ബുള്ളറ്റിൽ ഇങ്ങനെ ഒരു യാത്ര എന്നാൽ ഒരു വലിയ മോഹം തന്നെയാണ്.
ReplyDelete