Sunday, October 2, 2011

ഹൈദർമേടിലെ പൂക്കാലം

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകളുടെ ഓർമ്മകളെ  ചിറകിലേറ്റി, ഒരു ഓണക്കാലം കൂടി വരവായി......... കള്ളക്കർക്കിടകത്തിന്റെ ജലസമൃദ്ധിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെത്തിയും, തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചേർന്നൊരുക്കുന്ന വർണപ്പൊലിമ തേടി തൊടിയിലും, പാടത്തും, പാതവക്കിലും അലഞ്ഞു നടന്നിരുന്ന ഒരു ബാല്യത്തിന്റെ ഓർമ്മകൾ, മനസ്സിന്റെ അടിത്തട്ടിൽ നിന്നും, ചിങ്ങമാസത്തിന്റെ ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന പ്രകൃതിയിലേയ്ക്കുള്ള ഒരു മടക്കയാത്രയ്ക്ക് ആരംഭം കുറിച്ചുകഴിഞ്ഞു....... 
                                   പച്ചപ്പുല്ലിനാൽ മൂടിക്കിടക്കുന്ന കുളത്തിനു ചുറ്റും പറക്കുന്ന, ചുവന്നുതുടുത്ത ഓണത്തുമ്പികളും, പൂത്തുലഞ്ഞു നിൽക്കുന്ന ചെത്തിച്ചെടികളിൽ മരന്ദം നുകരുവാൻ എത്തുന്ന സുന്ദരിശലഭങ്ങളും, കരിവണ്ടുകളും, ഗ്രാമത്തിന്റെ സൗന്ദര്യം നിറഞ്ഞുനിന്നിരുന്ന ചെമ്മൺപാതയുടെ ഇരുവശങ്ങളിലും, നിറങ്ങളുടെ മലർമെത്ത വിരിച്ചുനിന്നിരുന്ന അരിപ്പൂച്ചെടികളും, മനസ്സിന്റെ ചുമരുകളിൽ കാലം വരച്ചുചേർത്ത വർണ ചിത്രങ്ങളായി ഇന്നും സൂക്ഷിക്കാത്തവരായി നമ്മിൽ ആരാണുള്ളത്.
                                  എന്നാൽ ഇന്ന്, ഓണപ്പാട്ടിന്റെ ശീലുകൾ മുഴങ്ങാത്ത നാട്ടിൽ, കാട്ടുപൂക്കൾപോലും വിരിയുവാനില്ലാത്ത തൊടികളിൽ, ഓണത്തുമ്പിയുടെ വെള്ളിച്ചിറകുകളുടെ തിളക്കം തേടി കണ്ണുകൾ അലയുമ്പോൾ, പഴയ ഓണക്കാലത്തിന്റെ ഓർമ്മകൾ വീണ്ടും അനുഭവിക്കുവാൻ, ഒരു യാത്രക്കായി മനസ്സ് തീവ്രമായി ആഗ്രഹിക്കുന്നു... വസന്തം വിരുന്നിനെത്തിയ മലനിരകളിൽ, പൂവിനോടും, പൂമ്പാറ്റയോടും, അണ്ണാറക്കണ്ണനോടും കുശലം പറഞ്ഞ്, ഇളംകാറ്റിലൊഴുകുന്ന അപ്പൂപ്പൻതാടി പോലെ പാറിപ്പറന്നു നടക്കുവാനായിമാത്രം ഒരു യാത്ര.....
ഹൈദർമേടിൽനിന്നൊരു ദൃശ്യം
വർണപുഷ്പങ്ങൾ തലയാട്ടിവിളിക്കുന്ന, ഹരിതനിറം ഉടലാകെ വാരിപ്പൂശി, കോടമഞ്ഞിൻപുതപ്പിനുള്ളിൽ തലയൊളിപ്പിച്ചുനിൽക്കുന്ന, മനോഹരമായ അണക്കരമെട്ടും, ഹൈദർമേടും, അയൽവാസിയും സുഹൃത്തുമായ ജോണിയുടെ വാക്കുകളിലൂടെ മനസ്സിൽ ചേക്കേറിയിട്ട് നാളുകളേറെയായിരിക്കുന്നു. കേരള-തമിഴ്നാട് അതിർത്തിയിൽ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട് മലനിരകളോട് ചേർന്നുകിടക്കുന്ന ഈ സുന്ദരമായ മലമടക്കുകൾ, യാത്രാസൗകര്യത്തിന്റെ അപര്യാപ്തത മൂലം, വിനോദസഞ്ചാരികൾക്ക് ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ഒരു വർഷത്തോളമായി മനസ്സിൽ നിറഞ്ഞുനിന്നിരുന്ന ആ സുന്ദരസ്വപ്നത്തിന്റ് നേർകാഴ്ചകൾക്കായി, നനുത്ത് പെയ്യുന്ന നൂൽമഴയുടെ കുളിരും പേറി ആ മലമടക്കുകൾക്കു മുകളിലേയ്ക്ക്, ഞങ്ങളുടെ യാത്ര ആരംഭിക്കുകയാണ്.
മഞ്ഞുപൊതിയും താഴ്വരയിൽ..............
അതിരാവിലെ മുതൽ പിണങ്ങിനിന്നിരുന്ന മാനം, യാത്രയുടെ ആരംഭത്തിൽ അല്പം പ്രസാദിച്ചുവെങ്കിലും, ചേമ്പളത്ത് എത്തിയതോടെ മുഖം കറുപ്പിച്ചുതുടങ്ങി. നൂൽമഴയുടെ കുളിരിൽനിന്നും, കർക്കിടകപ്പെയ്ത്തിന്റെ രൗദ്രഭാവം ഉൾക്കൊണ്ടതുപോലെ മഴത്തുള്ളികളുടെ ശക്തി കൂടി വന്നുകൊണ്ടിരിക്കുന്നു...അല്ലെങ്കിലും  സുഗന്ധവ്യജ്ഞനങ്ങളുടെ സുഗന്ധം പരത്തുന്ന നെടുങ്കണ്ടത്തിന്റെ കാലാവസ്ഥ, മഴക്കാലത്തിന്റെ തുടക്കത്തോടെ പ്രവചനാതീതമായിത്തീരുക പതിവാണ്. ഇന്ന് പഴമക്കാരുടെ വാക്കുകളിൽ മാത്രം നിറയുന്ന, ഹൈറേഞ്ചിന്റെ പഴയകാലഘട്ടത്തിലെ കാലാവസ്ഥ ആസ്വദിക്കണമെങ്കിൽ, കുമളി-മൂന്നാർ റോഡിൽ, മലനിരകൾക്കിടയിൽ നിലകൊള്ളുന്ന ഈ ചെറുപട്ടണത്തിൽ എത്തിയേ മതിയാകൂ.. ഇടവേളകളില്ലാതെ പെയ്യുന്ന നൂൽമഴയും, മലനിരകൾക്കുമുകളിൽ വെണ്മയുടെ കമ്പളം വിരിക്കുന്ന കോടമഞ്ഞും, പല്ലുകളെ താളമടിപ്പിക്കുന്ന ശീതക്കാറ്റും ഇന്നും നെടുങ്കണ്ടത്തിന് സ്വന്തം.....
                                      കല്ലാറ്റിൽ എത്തിയപ്പോഴേയ്ക്കും മഴ വീണ്ടും ശക്തി പ്രാപിച്ചിരുന്നു. ഹെൽമെറ്റിനും മഴക്കോട്ടിനും പ്രതിരോധിക്കുവാനാകാത്ത വിധം ശക്തമായ തണുപ്പ്, ശരീരത്തിലേയ്ക്ക് അരിച്ചുകടക്കുവാൻ തുടങ്ങി. തൂക്കുപാലത്തിനുള്ള വഴി തിരിയുമ്പോൾ മുതൽ ഇടുക്കിയിലേയ്ക്കുള്ള നീരൊഴുക്കുമായി കല്ലാർ എന്ന ചെറുതോട്, പാതയുടെ ഒരു വശത്ത് തെളിഞ്ഞുവന്നു. മലമടക്കുകൾക്കിടയിൽ നിന്നും ഉറവ  പൊട്ടിയൊഴുകുന്ന വെള്ളച്ചാലുകൾ ഒന്നുചേർന്ന്, കല്ലാറ്റിൽനിന്നും രണ്ടുകിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ തോവാളയിലും, ഇരട്ടയാറിൽനിന്നും ആരംഭിക്കുന്ന അടുത്ത തുരങ്കത്തിലൂടെ കടന്ന് അഞ്ചുരുളിയിലും എത്തിയാണ് ഇടുക്കി ജലാശയത്തോട് ചേരുന്നത്.
അഞ്ചുരുളിയിലെ തുരങ്കം-ഒരു വേനൽക്കാല ചിത്രം
തോടിന്റെ കരയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന വഴികൾ, മഴക്കാലം തല്ലിത്തകർക്കുകകൂടി  ചെയ്തതോടെ, വാഹനയാത്രകൾ കൂടുതൽ ദുർഘടമായി തീർന്നിരിക്കുന്നു. മഴവെള്ളം നിറഞ്ഞുകിടക്കുന്ന കുഴികൾ കയറിയിറങ്ങി, പുളിയന്മലറോഡിൽനിന്നും വലത്തേയ്ക്ക് തിരിഞ്ഞാൽ, രാമക്കൽമേടിന്റെ പ്രവേശനകവാടമായ, തൂക്കുപാലം എന്ന ചെറുപട്ടണത്തിലേയ്ക്കാണ് പ്രവേശിക്കുന്നത്. ഇവിടെനിന്നും അഞ്ചു കിലോമീറ്റർ മാത്രം ദൂരത്തിലായി രാമക്കൽമേട് സ്ഥിതി ചെയ്യുന്നു.
ഒരു വഴിയോരക്കാഴ്ച....
രാമക്കൽമേടിന്റെ കാഴ്ചകൾക്ക് അവധികൊടുത്ത്,  ഞങ്ങളുടെ യാത്ര ഹൈദർമേടിനെ ലക്ഷ്യമാക്കി നീങ്ങി. കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങി അനവധി സുഗന്ധവിളകളുടെ ഫലഭൂയിഷ്ഠതയുടെ നടുവിലൂടെ വളഞ്ഞു പുളഞ്ഞുകിടക്കുന്ന ഇടുങ്ങിയ വഴികൾ, ഏതൊരാളുടെയും ഡ്രൈവിംഗ് വൈദഗ്ധ്യത്തെ ചോദ്യം ചെയ്യാൻ ഉതകുന്നവയാണ്. കുത്തനെയുള്ള കയറ്റങ്ങളും, കയറ്റങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കൊടുംവളവുകളും ഒത്തുചേരുമ്പോൾ പോരുകാളയെപ്പോലെ കുതിച്ചുകയറുന്ന CBZ- ന്റെ കരുത്തുറ്റ എഞ്ചിൻപോലും പലപ്പോഴും പതറിപ്പോകുന്നു. ഇത്തരത്തിലുള്ള അഞ്ചോളം കയറ്റങ്ങൾ പിന്നിട്ട ശേഷം, യാത്ര മൺറോഡിലേയ്ക്ക് വഴിമാറുകയാണ്. ഇളകിക്കിടക്കുന്ന കല്ലുകളും, ചെളിമണ്ണുംചേർന്ന് യാത്ര ദുഷ്കരമാക്കുമ്പോഴും, നീലാകാശത്തെ പുണർന്ന്, അനന്തതയിലേയ്ക്കു പരന്നുകിടക്കുന്ന നീലമലനിരകളും, കനത്ത പുൽമേടുകളും മനസ്സിനു കുളിർമ പകരുന്ന കാഴ്ചകളുമായി കടന്നുവരുന്നു. ഒപ്പം തൂവൽസ്പർശം പോലെ പെയ്തിറങ്ങുന്ന മഴനൂലുകളും......
                                   ചെളിക്കുഴികൾ താണ്ടി അണക്കരമെട്ടിന്റെ മുകൾപ്പരപ്പിനെ സമീപിക്കുമ്പോൾതന്നെ കാറ്റാടിപ്പാടങ്ങളുടെ മുഴക്കം കൊടുങ്കാറ്റുപോലെ കാതുകളിലേയ്ക്കെത്തിത്തുടങ്ങും.. ടൺകണക്കിനു ഭാരമുള്ള കാറ്റാടിച്ചിറകുകൾ വായുവിനെ കീറിമുറിച്ച് കറങ്ങുന്ന കാഴ്ചകൂടി ചേർന്നപ്പോൾ പശ്ചാത്തലത്തിലുള്ള മലനിരകളുടെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിച്ചതുപോലെ.....
അണക്കരമെട്ടിലെ കാറ്റാടിയന്ത്രങ്ങൾ...
വാഹനത്തിലുള്ള  യാത്ര, കാറ്റാടിപ്പടത്തിനു സമീപത്ത് അവസാനിക്കുകയാണ്. വഴിയോരത്തുള്ള വീടിനുസമീപം ബൈക്ക് നിറുത്തിയശേഷം കാൽനടയായുള്ള യാത്രക്ക് ഞങ്ങൾ തുടക്കം കുറിച്ചു. അപൂർവ്വമായിമാത്രമെത്തിച്ചേരുന്ന വാഹനങ്ങൾ ഉണ്ടാക്കിയെടുത്ത വഴിത്താര മുഴുവൻ പുല്ലു വളർന്നു നിൽക്കുന്നു. രക്തഗന്ധം മണത്തുനടക്കുന്ന അട്ടകളുടെയും, വിഷപ്പാമ്പുകളുടെയും ശല്യമുള്ളതിനാൽ, വളരെ ശ്രദ്ധിച്ചുവേണം പുല്ലുകൾക്കിടയിലൂടെ, ഓരോ ചുവടും  മുൻപോട്ടു വയ്ക്കാൻ...
                                            കാട്ടുവഴികളെ പുണരുവാനുള്ള ആവേശത്തിൽ ഇരുവശത്തുനിന്നും വളർന്നിറങ്ങിയിരിക്കുന്ന വൃക്ഷശിഖരങ്ങൾ. അവയിൽനിന്നും പെരുമ്പാമ്പുകളെപ്പോലെ തൂങ്ങിക്കിടക്കുന്ന വള്ളികൾ..വഴിയോരങ്ങളിൽ കാടുപിടിച്ചനിലയിൽ കിടക്കുന്ന തോട്ടങ്ങളിൽ, പിഞ്ചുകായ്കളുമായി നിൽക്കുന്ന ഓറഞ്ചുമരങ്ങളും ധാരാളം.. ഏലയ്ക്കായുടെ വില ഉയർന്നതോടെ ഈ തോട്ടങ്ങളിൽ പണിയായുധങ്ങളുടെ മുഴക്കം ഉയർന്നുതുടങ്ങിയിട്ടുണ്ട്. ..നടപ്പുവഴിവിട്ട് കാടിനുള്ളിലൂടെ അല്പം ഉള്ളിലേയ്ക്കു നടന്നാൽ ധാരാളം ആമകളെ കാണുവാൻ സാധിക്കുന്ന ഒരു കുളവുമുണ്ട്. വേനൽക്കാലത്ത് കുളത്തിലെ ജലനിരപ്പ് താഴുമ്പോഴാണത്രെ, ആമകളെ കൂടുതലായി  കാണുവാൻ സാധിക്കുക.
ചെളിവഴിയിലൂടെ.............
പുല്ലുകൾ വളർന്നുനിന്നിരുന്ന വഴി അവസാനിച്ചതോടെ യാത്ര കൂടുതൽ ദുഷ്ക്കരമായി മാറി. കന്നുകാലികൾ ചവിട്ടിക്കുഴച്ച ചെളിനിറഞ്ഞ പാതയിലൂടെ അരക്കിലോമീറ്ററോളം വരുന്ന ഏറ്റവും ദുർഘടഭാഗം പിന്നിട്ടതോടെ, കാത്തിരുന്ന മലനിരകളുടെ നയനാഭിരാമമായ സുന്ദരദൃശ്യം, ഒരു ജലഛായാചിത്രം പോലെ കണ്മുൻപിൽ തെളിഞ്ഞുവന്നു. അവിടെ ശുഭ്രവസ്ത്രം വിരിച്ചതുപോലെ, പരന്നുകിടക്കുന്ന കനത്ത മൂടൽമഞ്ഞിനടിയിൽ തലയൊളിപ്പിച്ച് നിൽക്കുന്നു ഹൈദർമല.
ഹൈദർമേട്...താഴ്വരയിൽനിന്നൊരു ദൃശ്യം
മനസ്സും ശരീരവും ഉയരങ്ങളിലേയ്ക്കു ഓടിക്കയറും മുൻപ്,  അയൽപക്കബന്ധത്തിന്റെ നൂലിഴകളിൽ നെയ്തെടുത്ത സ്നേഹവുമായി, ഈ മലയുടെ അടിവാരത്തിൽ കാത്തിരിക്കുന്ന ഒരു കൊച്ചുകുടുംബത്തെയും ഞങ്ങൾക്ക് സന്ദർശിക്കേണ്ടതുണ്ട്.. കുഞ്ഞുന്നാളിൽ ഞങ്ങളെ കൈപിടിച്ചുനടത്തിയിരുന്നതിന്റെ ഓർമ്മകൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന, അയൽ‌വാസിയായിരുന്ന ഫിലോചേച്ചിയുടെ കുടുംബം. കന്നുകാലികളെ വളർത്തുവാനുള്ള സൗകര്യം കണക്കിലെടുത്ത്, ചതുരംഗപ്പാറ മലനിരകളിലെ കൃഷിയിടത്തിൽനിന്നും, തങ്കച്ചൻചേട്ടനും, ചേച്ചിയും ഏകമകൻ ജിജോയുമൊത്ത് തങ്ങളുടെ ജീവിതം ഈ മലയടിവാരത്തിലേയ്ക്ക് പറിച്ചുനട്ടിരിക്കുകയാണ്. നമുക്ക് ചിന്തിക്കുവാൻ പോലുമാകാത്ത ഈ അസൗകര്യങ്ങൾക്കിടയിലും, അറുപതോളം കന്നുകാലികളും, ഒട്ടനവധി പക്ഷിമൃഗാദികളുമായി അവയെ സ്നേഹിച്ചും പരിപാലിച്ചും ഈ കൊച്ചുകുടുംബം സന്തോഷമായിത്തന്നെ ഇവിടെ കഴിഞ്ഞുകൂടുന്നു.... 
                                          കന്നുകാലിത്തൊഴുത്തുകൾക്കിടയിലെ കൊച്ചുവീടിനെ സമീപിക്കുമ്പോൾത്തന്നെ നമ്മെ സ്വാഗതം ചെയ്യുവാനെത്തുന്നത് ശുഭ്രവസ്ത്രധാരികളായ അരയന്നങ്ങളാണ്. വെണ്മയുടെ സൗന്ദര്യം  വഴിഞ്ഞൊഴുകുന്ന അരയന്നങ്ങൾക്കുപുറമെ ടർക്കിക്കോഴി, ഗിനിക്കോഴി,  താറാവുകൾ, പാത്തകൾ, വിവിധയിനം കോഴികൾ എന്നിവയും രംഗപ്രവേശം ചെയ്തുതുടങ്ങി. ഇവരെയെല്ലാം കാത്തുസൂക്ഷിക്കുവാൻ കാട്ടാനയുടെയും പുലിയുടെയും മുൻപിൽ പോലും ചെറുത്തുനിൽക്കുന്ന, സമർത്ഥന്മാരായ മൂന്നു വേട്ടനായ്ക്കളും...
മലമുകളിലേയ്ക്ക് കയറുമ്പോൾ.....................
മുട്ടൊപ്പം ചെളിയിൽ മുങ്ങിയുള്ള യാത്രയായിരുന്നതിനാൽ, വീട്ടിലേയ്ക്കു കയറാതെതന്നെ ചേച്ചിയോട് കുറച്ച് വിശേഷങ്ങൾ പങ്കുവച്ചശേഷം, യാത്ര തുടരാൻ ഞങ്ങൾ തീരുമാനിച്ചു. "മഴക്കാലമായതുകൊണ്ട് അട്ടയുടെ ശല്യം വളരെ കൂടുതലാണ്..കുറച്ച് ഉപ്പുകൂടി കൈയ്യിൽ കരുതിക്കോ.." പറഞ്ഞുതീരും മുൻപ്  ഒരു കിഴി ഉപ്പുമായി ചേച്ചി എത്തിക്കഴിഞ്ഞു. ഉപ്പുകിഴിയും വാങ്ങി, പുതിയ കാറ്റാടിപ്പാടത്തിനായി കേരള സർക്കാർ കണ്ടുവച്ചിരിക്കുന്ന, പച്ചപ്പരതാനിപോലെ പരന്നുകിടക്കുന്ന പുൽമേട്ടിലൂടെ ഞങ്ങൾ മുകളിലേയ്ക്കു കയറി...മനോഹരമായ പുൽമേട് ഇടിച്ചുനിരത്തി, മൂന്നു കൈയുള്ള രാക്ഷസന്മാരെപ്പോലെയുള്ള കാറ്റാടിയന്ത്രങ്ങൾ എത്തുന്നതോടെ ഈ മലനിരകളുടെ സ്വഭാവികമായ ഭംഗി നഷ്ടമാകുമെന്നുറപ്പ്...... അതിനു മുൻപ്, സൗന്ദര്യത്തിന്റെ താഴ്വരയിലൂടെയുള്ള യാത്രക്ക് കിട്ടിയ ഈ അവസരത്തെ,  ഒരു ഭാഗ്യമായിത്തന്നെ കരുതാം..
കാറ്റിന്റെ താളത്തിൽ നൃത്തംചവിട്ടും പുൽമേട്ടിലൂടെ.................
മലയുടെ അടിവാരത്തിൽനിന്നും മുകളിലേയ്ക്ക് കയറുമ്പോൾ ജൂറാസിക് കാലഘട്ടത്തിനെ  അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പന്നൽച്ചെടികളും, പേരറിയാത്ത അനവധി ചെടികളും വഴിയിലെമ്പാടും നിറഞ്ഞിരിക്കുന്നു. പ്രകൃതി ഒരുക്കിയ ഫ്ലവർഷോ പോലെ, നിലം പറ്റെ വളരുന്ന എല്ലാ ചെടികളും മഞ്ഞയും, വെള്ളയും, നീലയും നിറങ്ങളിലുള്ള പുഷ്പങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. കുലകൾനിറയെ വെള്ളപ്പൂക്കൾ നിറഞ്ഞുവളരുന്ന, പേരറിയാത്ത ഒരു ചെടിയാണ്, ഏറ്റവും മനോഹരിയായി എനിക്കു തോന്നിയത്. പൂക്കളൂടെ  ചിത്രങ്ങൾ എത്ര പകർത്തിയിട്ടും മതിയാകുന്നില്ല. അവയുടെ മണവും, നിറവും ഇന്ദ്രിയങ്ങളിൽ ഒരു അനുഭൂതിയായി പടർന്നു കയറുന്നു. സഞ്ചാരികൾക്ക് അപ്രാപ്യമായ ഈ മലനിരകളിൽ, ആരുടെയും കണ്ണിൽപ്പെടാതെ  വിരിഞ്ഞു കൊഴിഞ്ഞു പോകേണ്ടിവരുന്ന തങ്ങളുടെ ദുർവിധിയോർത്ത്, ഈ സുന്ദരപുഷ്പങ്ങൾ ഒരുപക്ഷെ സങ്കടപ്പെടുന്നുണ്ടാവാം.............
മലമുകളിലേയ്ക്കെത്തുമ്പോൾ....................
പട്ടുപോലെ നനുത്ത പുല്ല് പുതച്ചുകിടക്കുന്ന പുൽമേട്ടിൽ അല്പസമയം വിശ്രമം...... മേടുകൾ മുഴുവൻ കാട്ടുകിഴങ്ങുകൾ തേടിയെത്തുന്ന കാട്ടുപന്നികൾ കുത്തി മറിച്ചിട്ടിരിക്കുകയാണ്...പുൽമേടുകൾ അവസാനിക്കുന്നതോടെ കുത്തനെയുള്ള പാറക്കെട്ടുകൾക്ക് തുടക്കമായി...കൈകാലുകൾ ഊന്നിയും, കുറ്റിച്ചെടികളിൽ പിടിച്ചുമാണ് ചില സ്ഥലങ്ങളിൽ, പാറക്കെട്ടുകളിലൂടെ മുകളിലേയ്ക്ക് കയറിയത്... കാലൊന്നു വഴുതിയാൽ നൂറ് അടിയിലേറെ താഴ്ചയിലേയ്ക്കായിരിക്കും വീഴുക...മലയെ ചുറ്റിക്കറങ്ങി മുകളിലേയ്ക്കു കയറുവാൻ വഴികൾ ഉണ്ടെങ്കിലും , ചെറിയ സാഹസങ്ങൾ പകർന്നുതരുന്ന സംതൃപ്തികൾക്കാണല്ലോ ഇത്തരം യാത്രകളിൽ പ്രധാനം കൊടുക്കേണ്ടത്....
യാത്രയുടെ മധ്യത്തിൽ, ഒരു വിദൂരക്കാഴ്ച.
മലയുടെ മുകളിൽ എത്തിയപ്പോൾ കാറ്റ് ശക്തമായിക്കഴിഞ്ഞിരുന്നു. ഉയരങ്ങളിൽനിന്നും കനത്ത മൂടൽമഞ്ഞ് മലനിരകളെ പൊതിഞ്ഞ് താഴേയ്ക്ക് ഇറങ്ങിവന്നുകൊണ്ടിരുന്നു. കാറ്റിന്റെ ഓളങ്ങളിൽ മൂടൽമഞ്ഞ് ചിതറിമാറുമ്പോൾ, വൃക്ഷങ്ങളാൽ മൂടപ്പെട്ട മരതകക്കുന്ന്, ഒരു മാന്ത്രികകാഴ്ച പോലെയാണ് തെളിഞ്ഞ് വരുന്നത്.....മലമടക്കുകൾ മൂടൽമഞ്ഞിൻ ധവളവർണത്താൽ മൂടുമ്പോൾ, ചങ്ങാത്തം കൂടി മഴയും ഇരച്ചെത്തി... ചരൽ വാരി എറിയുന്നതുപോലെ കനത്ത മഴത്തുള്ളികൾ..... കുട നിവർത്തിപ്പിടിക്കുവാൻ പോലും നിവൃത്തി ഇല്ലാത്ത കാറ്റിൽ, മഴയുടെ കുളിരിൽ മുങ്ങിക്കുളിച്ച് ഞങ്ങൾ മലയുടെ മുകളിലേയ്ക്ക് യാത്ര തുടർന്നു....
കൂടുതൽ ഉയരങ്ങളിലേയ്ക്ക്..............
ഉയരങ്ങളിലേയ്ക്ക് കയറുംതോറും താഴ്വരയിൽ, കാറ്റിന്റെ കരുത്തിൽ, കാടിന്റെ  പച്ചക്കടൽ ഇളകുന്നതുപോലെ................സമയം നാലുമണിയോടടുത്തിരുന്നു....ഒരു മണിക്കൂർകൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ടത്.....ഇനിയും മുകളിലേയ്ക്ക് കയറിയാൽ ഇരുട്ടിന്റെ മറവിൽ കാട്ടിലൂടെയുള്ള തിരിച്ചുവരവ് അസാദ്ധ്യമായിതീരും....കോടമഞ്ഞിൻപുതപ്പിനടിയിലൂടെ ഊളിയിട്ട്, ഹൈദർമലയുടെ ഉയരങ്ങളിൽ നിലകൊള്ളുന്ന കോട്ടമലയുടെ നിറുകയിൽക്കൂടി കയറുവാൻ മനസ്സ് പ്രേരിപ്പിക്കുന്നുവെങ്കിലും, സമയക്കുറവ് മൂലം മലയുടെ മറുവശത്തെ കാഴ്ചകളിലേയ്ക്ക് ഞങ്ങൾ ഇറങ്ങി.. ഓരോ മടക്കുകളിലും ഇടതൂർന്ന് വളർന്നുനിൽക്കുന്ന കാടുകളാണ്, ഇവിടെ ഭൂപ്രകൃതിയെ ആകർഷണീയമാക്കുന്നത്. ചെറിയ വെള്ളച്ചാലുകളും, വർണപുഷ്പങ്ങളും ഇവിടെ സാധാരണ കാഴ്ചകൾ മാത്രം. വെള്ളച്ചാലുകളുടെ പരിസരങ്ങൾ, അട്ടകൾ  വിളയാട്ടഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. രക്തത്തിന്റെ മണം പിടിച്ച് കാലുകളിലേയ്ക്ക് ഇടക്കിടെ കയറുന്ന അട്ടകളുമായി, ഉപ്പുകിഴിയുടെ ബലത്തിലാണ് ജോണി പോരാടുന്നത്.. അട്ടയുടെ ശല്യം കൂടിവന്നതോടെ വെള്ളച്ചാലുകളിലൂടെയുള്ള യാത്ര, വഴി മാറ്റി ഞങ്ങൾ പുൽമേടുകളിലേയ്ക്ക് കയറി....മഴ മാറി വെയിൽ തെളിഞ്ഞപ്പോൾ വിദൂരതയിൽ രാമക്കൽമേടിന്റെ ഇരുണ്ട പാറക്കെട്ടുകൾ സുര്യരശ്മികൾ പ്രതിഫലിപ്പിച്ച് തിളങ്ങിനിൽക്കുന്നു. അതിനുമപ്പുറം തമിഴ്നാടിന്റെ കാർഷിക സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന പാടശേഖരങ്ങൾ. ഉയർന്നുനിൽക്കുന്ന തെങ്ങിൻ‌തോപ്പുകളും, മാന്തോട്ടങ്ങളും, വൻ പുളിമരങ്ങളും...... കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തമിഴ്നാടിന്റെ ഈ സൗന്ദര്യത്തിനു മാറ്റുകൂട്ടാനെന്നവണ്ണം തലയുയർത്തിനിൽക്കുന്ന  നൂറുകണക്കിനുവരുന്ന കാറ്റാടിയന്ത്രങ്ങൾ, പ്രകൃതിയുടെ കരുത്തിനെ, നാടിന്റെ വികസനത്തിനായി വഴിതിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു...
വെയിലിൽ തിളങ്ങുന്ന രാമക്കൽമേട്.
മലയുടെ ഉയരങ്ങളിൽനിന്നും കാടിനുള്ളിലൂടെ ഒളിച്ചെത്തുന്ന ഒരു കുഞ്ഞരുവി,  ആമപ്പാറയുടെ അരികിലൂടെ ഒഴുകിയെത്തി താഴ്വരയിലേയ്ക്ക് ഒരു ചെറിയ വെള്ളച്ചാട്ടമായി പതഞ്ഞുചാടുന്നു. പുൽമേടുകളും, പുഷ്പങ്ങളും,ചോലവനങ്ങളും, പശ്ചാത്തലത്തിലെ മലനിരകളും മാറ്റുകൂട്ടുന്ന സൗന്ദര്യത്തിൽ മുഴുകി, മലഞ്ചെരുവിലെ പാറക്കെട്ടുകളിൽ അല്പസമയം വിശ്രമത്തിനായും കണ്ടെത്തി. പാറക്കൂട്ടങ്ങൾക്കിടയിൽ നെല്ലിമരങ്ങളും, കാട്ടുപേരകളും ധാരാളമായി വളർന്നുനിൽക്കുന്നുണ്ട്. ഇവിടെ
കുരങ്ങന്മാരുടെ ശല്യം കുറവായതിനാലാകണം, പേരമരങ്ങളിൽ നിറയെ കായ്കൾ പിടിച്ചിരിക്കുന്നു. ഒന്നുരണ്ട് പേരയ്ക്കകൾ പൊട്ടിച്ചെടുത്ത് തിന്നുകൊണ്ട് ഞങ്ങൾ മുൻപോട്ടുനടന്നു. ഇലകളേക്കാൾക്കൂടുതൽ കായ്കളുമായി നിൽക്കുന്ന നെല്ലിമരങ്ങളും ആകർഷകമായ കാഴ്ച തന്നെ. പതിറ്റാണ്ടുകളുടെ പ്രായം ഉണ്ടെങ്കിലും, കേവലം അഞ്ചോ ആറോ അടിമാത്രമാണ് മരങ്ങളുടെ ഉയരം... മലഞ്ചെരിവുകളിലെ ശക്തമായ കാറ്റിനെ അതിജീവിക്കുവാൻ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു മാർഗ്ഗമാണ് ഈ ഉയരക്കുറവ്. പേരയ്ക്കയോടൊപ്പം, മൂപ്പെത്താത്ത പിഞ്ചുനെല്ലിക്കയും ചവച്ച്, കാട്ടുചോലയിലെ തണുത്ത വെള്ളവും കുടിച്ച്,മലഞ്ചെരിവിലൂടെ അലഞ്ഞുതിരിയുമ്പോൾ, സമയം ഏറെ മുൻപോട്ട് പോയതറിഞ്ഞില്ല. സൂര്യൻ മലമടക്കുകൾക്ക് പിന്നിൽ മറയുവാനുള്ള തയ്യാറെടുപ്പിലാണ്. കൂടണയാനുള്ള തിരക്കിൽ കലപില കൂട്ടിപ്പായുന്ന കാട്ടുകാടകളുടെയും, പൂത്താങ്കീരികളുടെയും, ബുൾബുളുകളുടെയും ശബ്ദകോലാഹലത്തിനൊപ്പം ചീവീടുകളുടെ സംഗീതകച്ചേരിയും  അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു.
                                   ദൂരെ മലഞ്ചെരുവിലൂടെ അച്ചടക്കമുള്ളൊരു ജാഥ പോലെ, കന്നുകാലിക്കൂട്ടം നടന്നുവരുന്നുണ്ട്.. കാലികളെ പേരെടുത്തുവിളിച്ചും ശാസിച്ചും തങ്കച്ചൻചേട്ടനും പിന്നാലെയുണ്ട്. കൂടയണാനായി അടിവാരത്തിലൂടെ നീങ്ങിയ കാലിക്കൂട്ടങ്ങൾ കണ്ണിൽനിന്നും മറഞ്ഞതോടെ, ഞങ്ങളും മലയിറക്കം തുടങ്ങി.
ആദ്യം കയ്ക്കും പിന്നെ മധുരിക്കും..............

മലയിറങ്ങിവരുമ്പോൾ ആമപ്പാറയുടെയും, വെള്ളച്ചാട്ടത്തിന്റെയും സമീപദൃശ്യം ആസ്വദിക്കാവുന്ന വിശാലമായ ഒരു പാറക്കെട്ടുണ്ട്.. ഇടതൂർന്ന കാടുകൾക്കും, തെരുവപ്പുല്ലുകൾക്കും ഇടയിലൂടെ കന്നുകാലികൾ ചവിട്ടിയുണ്ടാക്കിയ വഴികളിലൂടെ നിരങ്ങിയും ഉരുണ്ടുവീണുമൊക്കെയാണ് പാറക്കൂട്ടത്തിനടുത്ത് എത്തിച്ചേർന്നത്. തെരുവപ്പുല്ലുകൾ ഇളകുമ്പോൾ ചേക്കേറിയിരുന്ന കാടക്കൂട്ടങ്ങൾ കാൽചുവട്ടിൽനിന്നും ചിതറിപ്പറക്കുന്നു. നൂലുപോലെ വളരുന്ന പുല്ലുകൾ അതിരുതീർത്ത പാറക്കൂട്ടം മുഴുവൻ വെൽവെറ്റുപോലെ മൃദുവായ പായൽകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭാവനാശാലിയായൊരു ചിത്രകാരന്റെ കലാസൃഷ്ടി പോലെ പരന്നുകിടക്കുന്ന താഴ്വാരത്തിന്റെ ഭംഗി ആസ്വദിച്ച് അല്പനേരം പാറയുടെ മുകളിൽ ആകാശവുംനോക്കി കിടന്നു.......എല്ലാം മറന്നുള്ള വിശ്രമം.... പ്രകൃതിയുടെ തലോടലിൽ, ഇളം കാറ്റിന്റെ ചുംബനത്തിൽ, കണ്ണുകൾ മെല്ലെ അടഞ്ഞുപോകുന്നു..... ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അപൂർവ്വമായി മാത്രം ലഭ്യമാകുന്ന ഈ ശാന്തത.....അത് പ്രകൃതിയുടെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുമ്പോഴല്ലാതെ, മറ്റെവിടെനിന്നാണ് ലഭ്യമാകുക....
സുന്ദരമീ പ്രകൃതിയിൽ അല്പനേരം......................
എല്ലാം മറന്ന് പ്രകൃതിയുടെ മടിത്തട്ടിൽ സ്വസ്ഥമായി വിശ്രമിക്കുമ്പോൾ, മടക്കയാത്രക്കുള്ള സമയത്തെ ഓർമ്മിപ്പിക്കുവാനെന്നപോലെ, ഇരുളിന്റെ കരിമ്പടം മലനിരകൾക്കുമുകളിലൂടെ നിരങ്ങിയെത്തി. ഒരാൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ അടിവാരത്തിലെത്തുമ്പോഴേയ്ക്കും നന്നായി ഇരുട്ട് വീണിരുന്നു. ചെളിനിറഞ്ഞ വഴിയിലൂടെ, ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീട്ടിലെത്തുമ്പോൾ ചേച്ചിയും കുടുംബവും ഞങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. മലഞ്ചെരുവിലെ മേച്ചിലിനുശേഷം മടങ്ങിയെത്തിയ കാലികളെ, തൊഴുത്തിൽ കെട്ടുവാനുള്ള തിരക്കിലാണ് ജിജോയും, ചേട്ടനും... നനഞ്ഞ ശരീരത്തിലേയ്ക്ക് ജാക്കറ്റിനിടയിൽക്കൂടി അരിച്ചുകയറുന്ന തണുപ്പിനെ, ചേച്ചിയുണ്ടാക്കിത്തന്ന ചായയുടെ ചൂടുകൊണ്ട് പ്രതിരോധിക്കുവാനുള്ള ശ്രമങ്ങൾ വിഫലമായിത്തീരുന്നു. ചായയോടൊപ്പം അല്പം വിശേഷങ്ങൾ കൂടി പങ്കുവച്ചശേഷം, സമയം കളയാതെ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. കൈയിലുള്ള ഒരു ചെറിയ ടോർച്ചിന്റെ വെളിച്ചത്തിൽ ചെളിയും, കാടുകളും കടന്ന്, ഇനി മടക്കയാത്ര............
 മനസ്സിനെ മോഹിപ്പിച്ച്, ഏറെ അകലങ്ങളിൽ.........
ഇരുട്ടിന്റെ മറവിൽ തല ചായ്ച്ചുറങ്ങുന്ന ഹൈദർമലയുടെ അടിവാരത്തിലൂടെ മടങ്ങുമ്പോൾ, ഉയരങ്ങളിൽ നിന്നും പൂക്കളൂടെ സുഗന്ധവും പേറി ഒരു ചെറുകാറ്റ് ഞങ്ങളുടെ കാതുകളിൽ ശുഭയാത്രയോതുവാനെത്തി... മറുപടിയായി എന്താണ് കാറ്റിന്റെ കൈകളിൽ കൊടുത്തുവിടുക......? മനസ്സിൽ നിറഞ്ഞുതുളുമ്പുന്ന സന്തോഷത്തിന്റെ ഒരംശമോ....? അതോ നിർമ്മലമായ ഈ പ്രകൃതിയുടെ സ്നേഹം അനുഭവിക്കുവാൻ വീണ്ടും എത്തുമെന്ന വാഗ്ദാനമോ..? അതെ.... ഇനിയുമെത്തണം ഈ മലഞ്ചെരുവിൽ........ ആരും കളങ്കപ്പെടുത്തുവാനില്ലാത്ത ഈ പ്രകൃതിയുടെ സൗന്ദര്യത്തിലലിയുവാൻ............. ആരും കടന്നുചെല്ലാത്ത, ഉയരങ്ങളിലെ പുൽമേടുകളിലൂടെ അലസമായി നടക്കുവാൻ.......... പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിച്ച്, ആമപ്പാറയുടെ മുകളിൽക്കിടന്ന് ആകാശത്തിലെ താരകളോട് മനസ്സുകൊണ്ട് സംസാരിക്കുവാൻ ഞങ്ങൾ ഇനിയും തീർച്ചയായും വരും..... മനസ്സിൽനിറഞ്ഞ ആ മറുപടി ഏറ്റുവാങ്ങിയാകാം, മൂടൽമഞ്ഞിനെ തഴുകിമാറ്റി, മരച്ചില്ലകളിൽ താളം പിടിച്ചുകൊണ്ട് ഇളംകാറ്റ് മലമുകളിലേയ്ക്ക് തിരികെപ്പറക്കുമ്പോൾ മനസ്സിൽനിറഞ്ഞ ശാന്തതയുമായി ഞങ്ങളുടെ യാത്രയും മുൻപോട്ടു നീങ്ങി.........
ശുഭയാത്ര നേർന്ന്, മഞ്ഞിറങ്ങും മലനിരകൾ..

11 comments:

  1. കൊള്ളാമല്ലോ ഈ വിവരങ്ങള്‍ പങ്കു വച്ചതിനു വളരെ നന്ദി
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  2. തിരുവനന്തപുരത്തെ പൊന്മുടി പോലെ ഉണ്ട് ഈ സ്ഥലം...രാമക്കല്മേട് വഴി പോയിട്ടുണ്ട്...
    പിന്നെ ഇവിടെ ഫോളോ ചെയ്യാൻ എന്താ വഴി ?

    ReplyDelete
  3. മനോഹരമായ ചിത്രങ്ങള്‍.നല്ല വിവരണം.ഇടുക്കിയുടെ കാണാകാഴ്ചകള്‍ക്ക് നന്ദി,ഷിബു...

    ReplyDelete
  4. nice virtual tour enriched with good photos and narration

    thanks for sharing

    ReplyDelete
  5. ജീവസ്സുറ്റ വിവരണം...ജീവൻ തുടിക്കുന്ന ചിത്രങ്ങളും..പഥികൻ ചോദിച്ചത് ഞാനും ആവർത്തിക്കണു.. ഇവിടെ ഫോളോ ചെയ്യാൻ എന്താ വഴി?

    ReplyDelete
  6. മനോഹരമായ ഒരു യാത്ര ആസ്വദിച്ചു .. ചിത്രങ്ങള്‍ ഗംഭീരമം .. നന്ദി

    ReplyDelete
  7. എന്റെ ബ്ലോഗിൽ വന്ന് തെറ്റുതിരുത്തിയതിനു നന്ദി.ഷിബു,
    തെറ്റ് ചൂണ്ടിക്കാ‍ട്ടിയതിനു നന്ദി! ഗലീലിയോയെ ആണ് ഞാൻ ഉദ്ദേശിച്ചത്. ബ്രൂണോയെയും കോപ്പർനിക്കസിനെയും സഭ പീഡിപ്പിച്ചിട്ടുണ്ട്. ബ്രൂണോ ചുട്ടെരിക്കപ്പെടുകയായിരുന്നല്ലോ!ഈ കമന്റ് ഡിലീറ്റിക്കൊള്ളൂ. ഞാൻ ആ ബ്ലോഗിൽ ഇതിട്ടിട്ടുണ്ട്.

    ഈ പോസ്റ്റിൽ വരാനും കഴിഞ്ഞു. നന്നായി!

    ReplyDelete
  8. യാത്രാവിവരണം വായിച്ചു വായിച്ചു എനിക്കും എഴുതാനുളള ഒരു ഉള്‍വിളി വരുന്നു സൂപ്പര്‍ ഭായി സൂപ്പര്‍

    ReplyDelete
  9. ഇത് ശരിക്കും ഒരു വെർജിൻ ലാന്റ് തന്നെ. ഹോ എന്തൊരു പച്ചപ്പാണ്. മനം നിറഞ്ഞു. ഈ ചിത്രങ്ങൾക്കും കാണാത്തതും കേൾക്കാത്തതുമായ ഒരു സ്ഥലം പരിചയപ്പെടുത്തിയതിനും നന്ദി ഷിബൂ. അഞ്ചുരുളിയിലെ ആ തുരങ്കം മഴക്കാലത്തെങ്ങനെയായിരിക്കും ?

    ReplyDelete