Wednesday, October 31, 2012

ചിന്നാർ കാടുകളിലേയ്ക്ക്....


          വരണ്ടുണങ്ങിയ പാറക്കൂട്ടങ്ങളും, കൂറ്റൻ കള്ളിമുൾച്ചെടികളും, പടർന്നുവളരുന്ന കുറ്റിക്കാടുകളും, അത്യപൂർവ്വങ്ങളായ ജീവജാലങ്ങളും, വിവിധ ഇനങ്ങളിൽപെട്ട വൃക്ഷങ്ങളും നിറഞ്ഞുനിൽക്കുന്ന, തമിഴ്നാടിന്റെ വനമേഖലയുമായി അതിർത്തി പങ്കിടുന്ന ഒരു വന്യമൃഗസംരക്ഷണകേന്ദ്രം.... അതാണ് ചെറിയൊരു വാക്കുകൊണ്ട് വിവരിച്ചാൽ ചിന്നാർ..... നിത്യഹരിതവനമേഖലകൾകൊണ്ട് സമൃദ്ധമായ കേരളത്തിൽ, അവയിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു മഴനിഴൽ ഭൂപ്രദേശത്തിന്റെ ചാരുതയും,  ഒപ്പം അത്യപൂർവ്വങ്ങളായ കാഴ്ചകളുമായി ഈ വനഭൂമി, പ്രകൃതി സ്നേഹത്തോടൊപ്പം അല്പം സാഹസികതയും മനസ്സിൽ സൂക്ഷിയ്ക്കുന്ന സഞ്ചാരപ്രേമികളെ ഇവിടേയ്ക്ക് മാടിവിളിയ്ക്കുന്നു. 

ചാമ്പൽ മലയണ്ണാൻ, മൂക്കൻ അണ്ണാൻ, വെള്ളക്കാട്ടുപോത്ത്, നക്ഷത്രആമ, എന്നിങ്ങനെ ലോകത്തിലെ മറ്റൊരു വനമേഖലയിലും കാണുവാൻ സാധിയ്ക്കാത്ത, വംശനാശഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുന്ന നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് തൊണ്ണൂറ് ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഈ വനപ്രദേശം. ഇത്തരത്തിൽ, വൈവിധ്യമാർന്ന ഒട്ടനവധി അപൂർവ്വകാഴ്ചകളുടെ സംഗമഭൂമിയായ ചിന്നാർകാടുകളുടെ  ഉള്ളറകളിലേയ്ക്കായിരുന്നു ചുരുങ്ങിയ അവധിദിനങ്ങൾക്കിടയിൽ സംഘടിപ്പിച്ച ഞങ്ങളുടെ  യാത്ര.
ഗ്യാപ് റോഡിലേയ്ക്ക്..........
      ഇടവേളകളില്ലാതെ  പെയ്തുകൊണ്ടിരുന്ന ചാറ്റൽമഴയുടെ അകമ്പടിയോടെ, ജോണിയുമൊത്ത് ബൈക്കിൽ യാത്ര ആരംഭിയ്ക്കുമ്പോൾ സമയം പുലർച്ചെ 4:30. തോവാളയിൽനിന്നും മൂന്നാർവരെമാത്രം ഏകദേശം 80 കിലോമീറ്ററോളം ദൂരം പിന്നിടേണ്ടതുണ്ട്..... അവിടെനിന്നും ചിന്നാർവരെ 60 കിലോമീറ്ററും... 10 മണിയ്ക്കുമുൻപേ ചിന്നാറിൽ എത്തിച്ചേരണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും ഇടുങ്ങിയതും, വളഞ്ഞു പുളഞ്ഞുകിടക്കുന്നതുമായ വഴികൾ തുടക്കം മുതൽ തന്നെ യാത്രയുടെ വേഗതയെ കാര്യമായി ബാധിച്ചു കൊണ്ടിരുന്നു....

തണുത്ത് വിറപ്പിച്ചുകൊണ്ടെത്തിയ മഴ, ചേമ്പളവും, നെടുങ്കണ്ടവും, പൂപ്പാറയുമൊക്കെ പിന്നിടുമ്പോഴും സഹയാത്രികനായി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും വീണ്ടും ഉയരങ്ങളിലേയ്ക്ക് കയറിപ്പോകുന്നതിന്റെ സൂചനയെന്നപോലെ, മലനിരകൾക്കിടയിലെ ഗ്യാപ്റോഡിലേയ്ക്ക് പ്രവേശിയ്ക്കുമ്പോഴേയ്ക്കും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം നന്നായി അനുഭവപ്പെട്ടു തുടങ്ങി... ചാറ്റൽമഴയുടെ സ്ഥാനത്ത് കനത്ത മഴയും, കോടമഞ്ഞും വന്നു നിറഞ്ഞു... അതിനൊപ്പം കാഴ്ചകളിൽ കൂടുതൽ കൗതുകം പകർന്ന്, ഭൂപ്രകൃതിയിൽ അനുഭവപ്പെടുന്ന മാറ്റങ്ങളും.... ഒരു വശത്ത് വഴിയിലേയ്ക്ക് ചരിഞ്ഞിറങ്ങുന്ന, മലഞ്ചെരുവിലുടനീളം പടർന്നു കിടക്കുന്ന കാട്ടുബോൾസവും പേരറിയാത്ത നിരവധി പൂച്ചെടികളും....  പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകിയെത്തുന്ന നീർച്ചാലുകൾ... മറുവശത്ത് അഗാധങ്ങളിലേയ്ക്ക് പരന്നുകിടക്കുന്ന കടുത്ത നീലവർണ്ണത്തിൽ മുങ്ങിയ താഴ്വരയുടെ കാഴ്ചകൾ.. ഏതൊരു അരസികന്റെ മനസ്സിലും കവിത വിരിയ്ക്കുവാനുതകുന്ന സൗന്ദര്യം തുളുമ്പുന്ന ആ കാഴ്ചകളെ, മനസ്സിൽ ഒപ്പിയെടുത്തുകൊണ്ട് ഞങ്ങളുടെ യാത്ര മുൻപോട്ട് നീങ്ങി.

തിരമാലകൾപോലെ ഉയർന്നുതാഴ്ന്നുകിടക്കുന്ന അടിവാരങ്ങളിൽനിന്നും, കോടമഞ്ഞിന്റെ കനത്ത കമ്പളം, മലനിരകൾക്കു നടുവിലെ ഗ്യാപ്റോഡിലേയ്ക്ക് ഉരുണ്ടുകയറി വന്ന് ഫോഗ് ലൈറ്റിന്റെ മഞ്ഞക്കണ്ണുകളേപ്പോലും പലപ്പോഴും മൂടിപ്പൊതിഞ്ഞുകൊണ്ടിരുന്നു.  മുൻപോട്ടു നീങ്ങുന്തോറും മഞ്ഞിന്റെ കടുപ്പം ഏറിവരികയാണ്.. മഞ്ഞ്... മഞ്ഞ്... ചുറ്റുപാടും കനത്ത മഞ്ഞുമാത്രം... വഴിയുടെ വളവുകളേയും തിരിവുകളേയും തിരിച്ചറിയുവാനാകാത്തവിധം മഞ്ഞിന്റെ വെളുത്ത മതിൽക്കെട്ട് ഉയർന്നുവന്നതോടെ ഗ്യാപ് റോഡിലെ പാറക്കെട്ടുകൾക്കിടയിലുള്ള കള്ളൻ തങ്കയ്യന്റെ ഗുഹയ്ക്ക് സമീപം അല്പസമയം ചിലവഴിയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.
തസ്കരവീരന്റെ ഗുഹയിലേയ്ക്ക്.....
    ഒരു കാലത്ത് കേരളത്തിന്റെയും, തമിഴ്നാടിന്റെയും അതിർത്തിഗ്രാമങ്ങളെ വിഹാരകേന്ദ്രമാക്കിയിരുന്ന കള്ളൻ തങ്കയ്യന്റെ സംസ്ഥാനാന്തര യാത്രകളിലെ വിശ്രമസങ്കേതമായിട്ടാണ് ഈ ഗുഹ അറിയപ്പെടുന്നത്. കൂറ്റൻ പാറക്കെട്ടിനിടയിലെ,  കോണാകൃതിയിലുള്ള ഗുഹാകവാടത്തിലൂടെ കാഴ്ചക്കാർക്ക് ഉള്ളിലേയ്ക്ക് കടക്കുവാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.  

നടകൾ കയറി, ടോർച്ചിന്റെ വെളിച്ചത്തിൽ ഉള്ളിലെ കാഴ്ചകളിലേയ്ക്ക് കടന്ന ഞങ്ങൾക്ക് തുടക്കത്തിലേ ശ്രമം ഉപേക്ഷിയ്ക്കേണ്ടിവന്നു. മുകൾത്തട്ടിൽനിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികളും, ഈർപ്പം നിറഞ്ഞ കനത്ത വായുവും നിറഞ്ഞുനിൽക്കുന്ന ഗുഹയുടെ ഉൾവശം വഴിയാത്രക്കാർ ഒന്നുചേർന്ന് ഒരു പൊതു കക്കൂസ് ആക്കി മാറ്റിക്കഴിഞ്ഞിരിയ്ക്കുന്നു. സ്വദേശികളും, വിദേശികളുമായ നിരവധി സഞ്ചാരികൾ ചെറിയൊരു കൗതുകത്തിന്റെ പേരിലാണെങ്കിലും കയറിയിറങ്ങിപ്പോകുന്ന ഒരു ചെറുഗുഹയുടെ അവസ്ഥ കാണുമ്പോൾ, മലയാളിയുടെ കപട സൗന്ദര്യ - സദാചാരബോധത്തേക്കുറിച്ചോർത്ത് മൂക്കത്ത് വിരൽവച്ച് സഹതപിയ്ക്കുവാനല്ലാതെ മറ്റെന്താണ് കഴിയുക.

മലനിരകളെ ചുറ്റിപ്പുണർന്നുകിടക്കുന്ന മഞ്ഞിൻപുതപ്പിനടിയിലൂടെ പ്രഭാതസൂര്യന്റെ രശ്മികൾ അരിച്ചരിച്ച്  കടന്നുവരുവാൻ തുടങ്ങിക്കഴിഞ്ഞിരുന്നു....... എങ്കിലും ചെറിയ ചാറ്റൽമഴയും,  കോടമഞ്ഞിന്റെ തണുപ്പും ഒന്നുചേർന്ന് ആക്രമണം തുടർന്നതോടെ ഞങ്ങൾ യാത്ര വീണ്ടും ആരംഭിച്ചു. 

ഗ്യാപ്റോഡ് പിന്നിട്ടതോടെ തേയിലക്കാടുകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും മനോഹരമായ ദൃശ്യങ്ങൾ വഴിയോരങ്ങളിൽ നിരന്നു തുടങ്ങി... അവയ്ക്കിടയിലൂടെ തലയുയർത്തി നിൽക്കുന്ന ഓറഞ്ചുമരങ്ങൾ..... പച്ചയും, മഞ്ഞയും നിറങ്ങളിൽ ഫലസമൃദ്ധിയോടെ മൂന്നാറിന്റെ തണുപ്പിൽ വളർന്നുനിൽക്കുന്ന ഓറഞ്ചു മരങ്ങൾ, ഈ സീസണിൽ സഞ്ചാരികളുടെ മനം കുളിർപ്പിയ്ക്കുന്ന ഒരു കാഴ്ച തന്നെയാണ്. 
ഓറഞ്ചുതോട്ടത്തിൽനിന്നൊരു കാഴ്ച...
     സഞ്ചാരികളുടെ കടന്നുകയറ്റത്തിന്റെ ഫലമാണോ, അതോ തോട്ടമുടമകൾ പറിച്ചുനീക്കിയതുകൊണ്ടോ എന്നറിയില്ല, പാതയോരങ്ങളിലുള്ള ഓറഞ്ചുമരങ്ങളിൽ പഴങ്ങൾ തീർത്തും കുറവായിരുന്നു. പക്ഷേ വഴിയിൽനിന്നും മാറി തേയിലത്തോട്ടങ്ങൾക്കു നടുവിലെ മരങ്ങളിൽ മഞ്ഞപ്പൊട്ടുകൾ ചാർത്തിയതുപോലെ പഴങ്ങൾ നിറഞ്ഞുകിടക്കുന്നുണ്ട്. ഒപ്പം 'ഓറഞ്ച് പറിയ്ക്കരുത്, അതിക്രമിച്ചുകടക്കുന്നവർ ശിക്ഷാർഹരാണ്' എന്നൊക്കെയുള്ള മുന്നറിയിപ്പുകളും ഇടയ്ക്കിടെ കാണാം....... പക്ഷേ എത്ര ബോർഡുകൾ വച്ചാലും, വേലികെട്ടിയാലും, വിജനമായ വഴിയോരങ്ങളിലെ ഈ മധുരക്കനികൾക്കുനേരെ സഞ്ചാരികളുടെ കൈകൾ അറിയാതെ തന്നെ നീളുമെന്ന കാര്യത്തിൽ സംശയമില്ല.....

ഓറഞ്ചുമരങ്ങളുടെയും, തേയിലപ്പരപ്പുകളുടെയും കാഴ്ചകളെ പിൻതള്ളിക്കൊണ്ട്, ബൈക്ക് ആനയിറങ്കൽ ഡാമിന്റെ കാഴ്ചകളിലേയ്ക്ക് ഓടിയിറങ്ങി.... തേയിലപ്പുതപ്പു പുതച്ച മലയിറങ്ങിച്ചെല്ലുമ്പോൾ വഴിയിൽ നിന്നുമുള്ള ഡാമിന്റെ കാഴ്ച, അതിമനോഹരം തന്നെയാണ്... പ്രത്യേകിച്ച് കോടമഞ്ഞ് പുതച്ചു നിൽക്കുന്ന പ്രഭാതങ്ങളിൽ കൺമുൻപിൽ തെളിഞ്ഞുവരുന്ന കാഴ്ചകൾ, വാക്കുകൾകൊണ്ട് വർണിയ്ക്കുവാൻ കഴിയാത്തവിധം വിസ്മയകരമായിത്തീരുന്നു.. കോടമഞ്ഞിന്റെ ആവരണത്തിനടിയിലൂടെ, നീണ്ടുനിന്ന വേനൽക്കാലം കുടിച്ചുവറ്റിച്ച ശുഷ്കമായ ജലനിരപ്പിന്റെ വിദൂരദൃശ്യങ്ങൾ...... പ്രഭാതസൂര്യന്റെ സുവർണ കിരണങ്ങൾക്കു നടുവിലൂടെ ജലപ്പരപ്പിൽനിന്നും ഉയർന്നുവരുന്ന പുകമഞ്ഞ്, വൃക്ഷത്തലപ്പുകളെയും, മലനിരകളേയും പിന്നിട്ട് ആകാശത്തേയ്ക്ക് ഉയർന്ന് പരക്കുന്നുമുണ്ട്... മൂന്നാർവഴിയിൽനിന്നും അല്പം വഴിമാറി സഞ്ചരിച്ചാൽ ഡാമിന്റെ ഈ  മനോഹരദൃശ്യങ്ങൾ അടുത്തറിഞ്ഞ്  ആസ്വദിയ്ക്കുവാൻ സാധിയ്ക്കും. ഡാമിന്റെ കാഴ്ചകൾ  ഞാൻ പലവട്ടം ആസ്വദിച്ചിട്ടുള്ളതാണെങ്കിലും, ജോണി ആദ്യമായാണ് ഈ വഴി വരുന്നത്... അതുകൊണ്ടുതന്നെ കല്ലുകൾ ഇളകി മോശമായ വഴിയിലൂടെ, കുഴികൾ കയറിയിറങ്ങി ഞങ്ങൾ ഡാമിന്റെ സമീപത്തേയ്ക്ക് നീങ്ങി...
എന്താ... ഒരു കൈ നോക്കുന്നോ......
        തുഷാരകണങ്ങൾ പൊഴിയുന്ന വന്മരങ്ങൾക്കിടയിലൂടെ യാത്രതുടരുമ്പോൾ വഴിയോരങ്ങളിലെ കാഴ്ചകൾക്കും മാറ്റം സംഭവിച്ചു കൊണ്ടിരുന്നു.. ഇവിടെ തേയിലത്തോട്ടങ്ങൾ ഏലകൃഷിയ്ക്ക് വഴിമാറി ക്കഴിഞ്ഞിരിയ്ക്കുന്നു.. 'സുഗന്ധവ്യജ്ഞനങ്ങളുടെ റാണി'യാണെന്ന പേരുണ്ടെങ്കിലും അതിന്റെ പകിട്ടൊന്നും ഈ തോട്ടങ്ങളിൽ കാണുവാനില്ലെന്നു മാത്രം... വഴിയോരങ്ങളിലെല്ലാം കാട്ടുപന്നികൾ കുത്തിയിളക്കിയ മൺകൂനകൾ.. ഡാമിനെ സമീപിയ്ക്കാറായപ്പോഴാണ് സമീപത്തെ കാടുകൾക്കിടയിലെ ഇളക്കം ശ്രദ്ധയിൽപെട്ടത്. "കാട്ടുപന്നിയാണ്. കുറെയെണ്ണമുണ്ട്. വണ്ടി നിറുത്ത്".. ജോണി പതിയെ പറഞ്ഞു..  വഴിയോരത്തെയ്ക്ക് വണ്ടി ഒതുക്കുന്നതിനിടയിൽത്തന്നെ കാടുകൾ ഇളക്കിമറിച്ച് കാട്ടുപന്നിക്കൂട്ടം ഒരു കാഴ്ചയായി വഴിയിലേയ്ക്കിറങ്ങിത്തുടങ്ങി. ഇളം തവിട്ടുനിറത്തിൽ വെളുത്തവരകളുള്ള സുന്ദരന്മാരായ കുഞ്ഞുങ്ങൾ ഉൾപ്പടെ, പതിനഞ്ചോളംവരുന്ന ഒരു കൂട്ടം.. പുല്ലുകൾക്കിടയിലൂടെ പരതിനടക്കുന്ന അവയുടെ അടുത്തേയ്ക്ക് ക്യാമറയുമായി നീങ്ങിയതോടെ, സംഘത്തിന്റെ പിന്നിലുണ്ടായിരുന്ന വലിയ ഒരു കാട്ടുപന്നി പതിയെ തിരിഞ്ഞുനിന്നു. കൂട്ടത്തിന്റെ തലവനാകണം... നോട്ടത്തിലും ചലനങ്ങളിലും ഒരു  ആക്രമണ ഭാവം... കൂട്ടം മുഴുവൻ കാട്ടിലേയ്ക്ക് കയറുമ്പോൾ, ഞങ്ങളുടെ ചലനങ്ങൾ വീക്ഷിച്ച്, വേണമെങ്കിൽ ഒരു കൈ നോക്കാം എന്ന ഭാവത്തിലാണ് നിൽപ്പ്... പക്ഷേ  എനിയ്ക്ക് അത്രയും സമയം ധാരാളമായിരുന്നു...  ആവശ്യമായത്ര ചിത്രങ്ങൾ ക്യാമറയുടെ ഫ്രെയിമുകളിലേയ്ക്ക് പതിഞ്ഞുകൊണ്ടിരുന്നു.... എല്ലാവരും കാട്ടിലേയ്ക്ക് കയറിക്കഴിഞ്ഞതോടെ, അല്പസമയംകൂടി ഞങ്ങളെ നോക്കിനിന്നശേഷം, ശല്യക്കാരല്ലെന്ന് തോന്നിയതിനാലാകാം കൂട്ടത്തെ പിൻതുടർന്ന്  അവൻ പതിയെ കാടുകൾക്കിടയിലേയ്ക്ക് നടന്നു.

ഒരു സാധാരണ യാത്രികനെ സംബന്ധിച്ചിടത്തോളം, കാട്ടുപന്നികൾ ഒരു പ്രത്യേകതയുള്ള കാഴ്ചയെന്ന് പറയുവാനാകില്ല.. കാരണം കേരളത്തിലെ ഏതൊരു കാടിന്റെ പരിസരങ്ങളിലും, ജനവാസമേഖലകളിലും സർവ്വസാധാരണമാണ് പന്നിക്കൂട്ടങ്ങൾ.. പക്ഷേ കാടിന്റെ ഹൃദയസ്പന്ദനങ്ങളെ അടുത്തറിയുവാൻ ആഗ്രഹിയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ചെറുകിളിയുടെ സംഗീതത്തിനും, കാട്ടുപൂക്കളുടെയും, പുൽക്കൊടിത്തുമ്പുകളുടെയും, മഞ്ഞുതുള്ളികളുടെയും കാഴ്ചകൾക്കുപോലും ഏറെ നവോന്മേഷം പകർന്നു തരുന്ന അസുലഭമുഹൂർത്തങ്ങളായിത്തീരുവാൻ സാധിയ്ക്കുമെന്ന് തീർച്ചയാണ്... അതുകൊണ്ടാകണം ഈ തണുത്ത പ്രഭാതത്തിൽ കടന്നുവന്ന കാട്ടുപന്നിക്കൂട്ടങ്ങൾപോലും ഞങ്ങൾക്ക് ഒരു കാഴ്ചയായി മാറിയത്... കാടുകയറിപ്പോകുന്ന കൂട്ടത്തിന്റെ ഒന്നുരണ്ട് ചിത്രങ്ങൾകൂടി പകർത്തിയതിനു ശേഷം ഞങ്ങൾ ഡാമിന്റെ കാഴ്ചകളിലേയ്ക്ക് കടന്നു.
ആനയിറങ്കൽ ഡാം.. ഒരു പഴയ യാത്രയിൽനിന്ന്..
മലനിരകളുടെ നടുവിൽ സ്ഥിതിചെയ്യുന്ന ഈ നീലജലാശയം, ഈ വഴിയേ കടന്നുപോകുന്ന യാത്രികരെ ഒരുപാട് കൊതിപ്പിയ്ക്കുന്ന ഒരു കാഴ്ചയായി മാറിക്കാഴിഞ്ഞിരിയ്ക്കുന്നു ... മൂന്നാറിന്റെ മനസ്സറിയുവാൻ  മലകയറിയെത്തുന്ന സഞ്ചാരികളിൽ ഏറെയും, ഈ ചെറുഡാമിന്റെ മനോഹാരിത ആവോളം ആസ്വദിച്ച ശേഷം മാത്രമാണ് മൂന്നാറിനോട് യാത്ര പറയാറുള്ളത്.

വേനലിന്റെ കാഠിന്യംകൊണ്ടാകണം, പച്ചപ്പിന്റെ സൗന്ദര്യത്തിന് കാര്യമായിത്തന്നെ മങ്ങലേറ്റിട്ടുണ്ട്.... ജലനിരപ്പ് വളരെയധികം താഴ്ന്നുകഴിഞ്ഞിരിയ്ക്കുന്നു... തീരത്തെ ചെമ്മണ്ണിനുമേൽ, ജലമാപിനിയിലെ അളവുകൾ പോലെ താഴ്ന്നുപോയ ജലനിരപ്പും, ഓളങ്ങളുംചേർന്ന് രൂപംകൊടുത്ത നെടുനീളൻ രേഖകൾ.. പ്രഭാതസൂര്യന്റെ രശ്മികൾ, കനത്ത പുകമഞ്ഞിനിടയിലൂടെ തലനീട്ടിയെത്തിയതോടെ, നിഴലും വെളിച്ചവും ഇടകലർത്തി രൂപംകൊടുത്ത മനോഹരമായ, അനവധി ഫ്രെയിമുകളാണ് കണ്മുൻപിലൂടെ മാറിമറഞ്ഞു പോയിക്കൊണ്ടിരിയ്ക്കുന്നത്. ആനയിറങ്കൽ ഡാമിന്റെ മനോഹരതീരത്തുനിന്ന്, ഈ  ദൃശ്യങ്ങളെല്ലാം ചേർന്നുകാണുമ്പോൾ, പ്രകൃതിയുടെ സൗന്ദര്യത്തിന് എന്തെങ്കിലും കുറവു സംഭവിച്ചിരിയ്ക്കുന്നുവെന്ന്  ഒരു പ്രകൃതിസ്നേഹിയ്ക്കും പറയുവാനാകുമെന്ന് തോന്നുന്നില്ല.
ഇരട്ടത്തലച്ചി. Red-whiskered Bulbul (Pycnonotus jocosus)
 പ്രഭാതങ്ങളിൽ ഈ സ്ഥലങ്ങൾ പക്ഷികളുടെ പറുദീസ തന്നെയാണ്... ഇണകാത്തേവന്റെ കൂട്ടങ്ങൾ ധാരാളം...  കൂടാതെ മനോഹരമായ സംഗീതവുമായി ചൂളകാക്കകൾ... ഇരട്ടത്തലച്ചികൾ, മാടത്തകൾ, കുരുവിക്കൂട്ടങ്ങൾ.... അങ്ങനെ വിവിധ ജാതികളിൽപ്പെട്ട പക്ഷികളാണ് ഇവിടെ നമുക്ക് ചുറ്റുമായി പറന്നു കളിയ്ക്കുന്നത്... അല്പസമയം ഇവിടെ ചിലവഴിയ്ക്കുവാനായാൽ മനോഹരമായ, അനവധി പറവകളുടെ ഫ്രെയിമുകൾ ഇവിടെനിന്നും പകർത്തുവാൻ സാധിച്ചേക്കും.. പക്ഷേ വൈകുവാൻ നേരമില്ലാത്തതുകൊണ്ട് പക്ഷിക്കൂട്ടങ്ങൾക്കുനേരെ കൊതിയോടെ കണ്ണോടിച്ചുകൊണ്ട് ഞങ്ങൾ ആനയിറങ്കൽ ഡാമിനോട് യാത്ര പറഞ്ഞു.
ആനയിറങ്കൽ ഡാം : ഇന്നത്തെ കാഴ്ച..
അടുത്ത ലക്ഷ്യം മൂന്നാറാണ്.. പക്ഷേ അവിടെയും കാഴ്ചകൾക്കായി ചിലവഴിയ്ക്കുവാൻ  ഞങ്ങൾക്ക് സമയമുണ്ടായിരുന്നില്ല. പ്രഭാതഭക്ഷണത്തിനുള്ള അല്പസമയം കൊണ്ട് മാട്ടുപ്പെട്ടിറോഡിലുള്ള ഒരു തമിഴ്ഹോട്ടലിൽനിന്നും മസാലദോശയും, വടയും, ചായയും... ഒപ്പം വാഴയിലയിൽ പൊതിഞ്ഞെത്തിയ ഇഡ്ഡലിയും ചൂടുസാമ്പാറും, പിഞ്ചുകടല അരച്ചുചേർത്ത തേങ്ങാച്ചട്നി കൂടിയായതോടെ പ്രഭാതഭക്ഷണം കേമമായി... ബിൽ അല്പം കനത്തതായി തോന്നിയേക്കാമെങ്കിലും ഭക്ഷണത്തിന്റെ രുചിയിൽ അതൊക്കെ മറക്കാവുന്നതേയുള്ളു..

സമയം 8 മണി കഴിഞ്ഞിരുന്നുവെങ്കിലും മൂന്നാർ ഉണർന്നുവരുന്നതേയുള്ളു.. മഴയുടെ ശല്യവും, മൂടൽമഞ്ഞും ഭയന്നിട്ടാവണം, മൂന്നാറിന്റെ വഴികൾ സഞ്ചാരികളില്ലാതെ ശൂന്യമായിരുന്നു.. അതുകൊണ്ടുതന്നെയാകണം കടകളിൽ ഏറെയും അടഞ്ഞുതന്നെ കിടക്കുന്നു....  മഴയെ പ്രതിരോധിയ്ക്കുവാനായി വർണ്ണപകിട്ടുള്ള പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു നീങ്ങുന്ന പ്രദേശവാസികളായ തൊഴിലാളികൾ മാത്രമാണ് വഴികളിൽ ഏറെയും.. അവരെയൊക്കെ പിന്നിട്ട്, മഴയിൽ കുതിർന്നുകിടക്കുന്ന തെരുവുകളിലൂടെ ഞങ്ങളുടെ യാത്ര ചിന്നാർ ലക്ഷ്യമാക്കി നീങ്ങി.

13 കിലോമീറ്റർ പിന്നിട്ടപ്പോൾ രാജമലയായി.. കഴിഞ്ഞ യാത്രയിൽ കണ്ട ജനത്തിരക്കോ, ടിക്കറ്റിനായുള്ള നീണ്ട നിരകളോ ഒന്നും ഇപ്പോൾ അവിടെ കാണുവാനേയില്ല. വിരലിലെണ്ണാവുന്നത്ര സന്ദർശകർ മാത്രം.... വരയാടുകൾക്ക് ഇന്നെങ്കിലും അവയുടെ ആവാസവ്യവസ്ഥയിലൂടെ സ്വസ്ഥമായി, സന്ദർശകഭയമില്ലാതെ സഞ്ചരിയ്ക്കുവാൻ സാധിയ്ക്കുമെന്ന് തോന്നുന്നു.. 

അടുത്തത് ലക്കം വെള്ളച്ചാട്ടത്തിന്റെ കാഴ്ചയായിരുന്നു.. അവിടെയും  സ്ഥിതി വിഭിന്നമായിരുന്നില്ല.... സന്ദർശകബഹളങ്ങളില്ലാതെ ശൂന്യമായ വഴിയോരങ്ങൾ... പക്ഷേ കാടുകളിൽ പെയ്തൊഴിഞ്ഞ മഴയുടെ കരുത്തിൽ, കഴിഞ്ഞ യാത്രയിൽ കണ്ടതിനേക്കാൾ വെള്ളച്ചാട്ടം കൂടുതൽ കരുത്താർജ്ജിച്ചിരിയ്ക്കുന്നു.  ഉയരത്തിൽനിന്നും പാറക്കെട്ടുകൾക്കുമുകളിലൂടെ പതഞ്ഞുചാടുന്ന ജലപാതം, ഇന്ന് സഞ്ചാരികൾക്ക് മനോഹരമായ ഒരു ദൃശ്യവിരുന്നായി മാറിയിട്ടുണ്ട്..... ഉള്ളിലേയ്ക്ക് കയറാതെ വഴിയിൽനിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം അല്പനേരം ആസ്വദിച്ചശേഷം ഞങ്ങൾ യാത്ര തുടർന്നു.
കൊളുന്തുനുള്ളലിന്റെ തിരക്കിൽ....
                 ചിന്നാറിലേയ്ക്ക് ഇനിയും ഏതാണ്ട് 35 കിലോമീറ്ററോളം അവശേഷിയ്ക്കുന്നു... തിരക്കിട്ട് മുൻപോട്ട് നീങ്ങുന്തോറും, അതിലേറെ വേഗതയിൽ ഭൂപ്രകൃതിയിലും ഏറെ മാറ്റങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. കേരളത്തിന്റെ ഹരിതഛായയിൽനിന്നും, തമിഴ്നാടിന്റെ വരണ്ട ഭൂമിയിലേയ്ക്ക് അറിയാതെതന്നെ യാത്ര ഒഴുകിയിറങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.... ചന്ദനക്കാടുകളുടെ കുളിർമയും പച്ചപ്പിന്റെ മനോഹാരിതയും ഇപ്പോൾ ഏറെ പിന്നിലായി ക്കഴിഞ്ഞിരിയ്ക്കുന്നു. മറയൂരിന്റെ കരിമ്പുപാടങ്ങൾ കൂടി പിന്നിട്ടതോടെയാണ്, വരണ്ടുണങ്ങിയ മലനിരകൾക്കുമുകളിലൂടെ വീശിയെത്തുന്ന ചൂടുകാറ്റിന്റെ ശക്തിയെന്താണെന്ന് അറിഞ്ഞു തുടങ്ങിയത്... ... മഴമേഘങ്ങളുടെ നിഴലിൽനിന്നും കത്തിയെരിയുന്ന സൂര്യന്റെ വറചട്ടിയിലേയ്ക്കായിരുന്നു യാത്രയുടെ സാവധാനമുള്ള ഗതിമാറ്റം... മഴക്കോട്ടിനുള്ളിലൂടെ വിയർപ്പുചാലുകളുടെ മൺസൂൺപ്രവാഹം ആരംഭിച്ചിരിയ്ക്കുന്നു...കണ്മുൻപിലെ കാഴ്ചകളിൽ വരണ്ടുണങ്ങിയ പുൽമേടുകൾ മാത്രം...... കടുത്ത വേനലിന്റെ ശക്തിയിൽ കൂറ്റൻ തെങ്ങുകൾ ഉൾപ്പടെയുള്ള കാർഷികവിളകൾ കരിഞ്ഞുണങ്ങിക്കിടക്കുന്ന ദയനീയദൃശ്യങ്ങൾ.. മലനിരകൾക്ക് അപ്പുറമെവിടെയോ മറഞ്ഞിരിയ്ക്കുന്ന മഴമേഘങ്ങളുടെ വരവിനായി ആർത്തിയോടെയും, പ്രാർത്ഥനയോടെയും കാത്തിരിയ്ക്കുകയാവണം ചുട്ടുപഴുത്ത ഈ മണ്ണും, കാർഷിക വൃത്തി തൊഴിലാക്കിമാറ്റിയ അതിലെ മനുഷ്യജന്മങ്ങളും....

യാത്ര മുൻപോട്ടുനീങ്ങുമ്പോൾ വഴിയോരത്ത് വരണ്ടുണങ്ങിപ്പോയ ഒരു വെള്ളച്ചാട്ടത്തിന്റെ അടയാളങ്ങൾ..  ഇതാണ് കരിമുട്ടി വെള്ളച്ചാട്ടം...... ഒരു ചെറിയ നീരൊഴുക്കുപോലും കാണുവാനില്ലാതെ, കരിഞ്ഞുണങ്ങിയ പാറക്കൂട്ടങ്ങൾ മാത്രം ഇപ്പോൾ കാഴ്ചയായി അവശേഷിയ്ക്കുന്നു.. മഴക്കാലത്തിന്റെ ചിറകിലേറിവരുന്ന ശാപമോക്ഷത്തിനായുള്ള കാത്തിരിപ്പിലാണ് ഈ വെള്ളച്ചാട്ടവും...... മൺസൂൺ എത്തുന്നതിനും മുൻപേ പരിസരങ്ങൾ മോടിപിടിപ്പിയ്ക്കുന്നതിനുള്ള പണികൾ തകൃതിയായി നടക്കുന്നുണ്ട്. 

സമീപത്തെ പാറയുടെ മുകളിൽ ഒരുകൂട്ടം വിനോദസഞ്ചാരികൾ ഭക്ഷണം കഴിയ്ക്കുന്ന തിരക്കിലാണ്.. ഭക്ഷണത്തിനുശേഷം തെർമോകോൾ പ്ലേറ്റുകളും, പ്ലാസ്റ്റിക് കപ്പുകളും തോട്ടിനുള്ളിലേയ്ക്ക് പറന്നുവീഴുന്ന കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.
വഴിയോരത്തൊരു അണ്ണാൻകുഞ്ഞ്.
കുറച്ചുദൂരം യാത്ര പിന്നിട്ടുകഴിഞ്ഞപ്പോൾ മലനിരകൾക്കിടയിലൂടെ വെള്ളിനാട കെട്ടിയതുപോലെ പാമ്പാർ ഒഴുകിവരുന്ന കാഴ്ച ദൃശ്യമായിത്തുടങ്ങി.. കബനിയ്ക്കും, ഭവാനിയ്ക്കുമൊപ്പം, കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളിൽ ഒരാൾ... ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവയാണ് പാമ്പാറിന്റെ പ്രധാന ഉപനദികൾ. ആനമലയുടെ അടിവാരങ്ങളിൽ ജന്മം കൊണ്ട്, വനാന്തരങ്ങളിലൂടെ ഒഴുകിനീങ്ങി, തമിഴ്നാട്ടിലെത്തുമ്പോൾ അമരാവതി നദിയായി മാറി, കാവേരിനദിയിലൂടെ സമുദ്രത്തിന്റെ ഓളങ്ങളോടുചേരുവാനുള്ള പാമ്പാറിന്റെ യാത്രയാണിത്.

നീണ്ട യാത്രയ്ക്കിടയിൽ, വന്യസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുവാൻ എന്നവണ്ണം മനോഹരമായ ഒരു ജലപാതത്തിനുകൂടി ഈ നദി രൂപം കൊടുത്തിട്ടുണ്ട്. അതാണ് തൂവാനം വെള്ളച്ചാട്ടം... 'ഇടുക്കിജില്ലക്കാരുടെ ആതിരപ്പിള്ളി' എന്ന്  ഈ വെള്ളച്ചാട്ടത്തെ നമുക്ക് തീർച്ചയായും വിശേഷിപ്പിയ്ക്കു‌വാൻ സാധിയ്ക്കും..  ഉയരത്തിന്റെ കണക്കിൽ അതിരപ്പിള്ളിയോളമെത്തില്ലെങ്കിലും ദർശനഭംഗിയിൽ തൂവാനം ഒട്ടും പിന്നിലല്ല...... പ്രത്യേകിച്ച് വനപാതയിലൂടെ യാത്രചെയ്യുന്ന സഞ്ചാരികളെ ആകർഷിയ്ക്കുവാൻ ഉതകുന്ന വശ്യചാരുത, വിദൂരക്കാഴ്ചയിൽപ്പോലും തൂവാനം വെള്ളച്ചാട്ടം സമ്മാനിയ്ക്കുന്നുണ്ട്. അല്പസമയം വഴിയോരത്ത് ആ ദൃശ്യങ്ങൾ ആസ്വദിച്ചുനിന്ന ഞങ്ങളുടെ അവസ്ഥയും വിഭിന്നമായിരുന്നില്ല... ഒരു സമീപക്കാഴ്ച എന്ന ആഗ്രഹത്തിന്റെ കാന്തികാകർഷണം മനസ്സിനെ ഏറെ പ്രലോഭിപ്പിച്ചിരുന്നുവെങ്കിലും സമയക്കുറവും, ദിവസങ്ങൾക്കുമുൻപേ മനസ്സിൽ കോറിയിട്ട ചിന്നാർകാടുകൾ എന്ന സ്വപ്നവും ഒത്തുചേർന്നപ്പോൾ  തൂവാനം വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം, കണ്ടുമറഞ്ഞ കാഴ്ചകളിലൊന്നായി മലനിരകൾക്കു പിന്നിലെവിടെയോ ഒളിച്ചു..
തൂവാനം വെള്ളച്ചാട്ടം: ഒരു  വിദൂരദൃശ്യം (കടപ്പാട് : ഗൂിൾ)
               ചിന്നാറിന്റെ മഴനിഴൽക്കാടുകളിലൂടെയുള്ള യാത്ര, ഒരു വ്യത്യസ്തമായ അനുഭവം തന്നെയാണ്... ചെങ്കുത്തായ മലനിരകളെ അരിഞ്ഞെടുത്ത് നിർമ്മിച്ചിരിയ്ക്കുന്ന ഇടുങ്ങിയ വഴിയിലൂടെ നീങ്ങുമ്പോൾ യാത്ര സാഹസികവും, അങ്ങേയറ്റം പ്രകൃതിസൗന്ദര്യത്തെ അനുഭവ വേദ്യമാക്കിത്തീർക്കുന്നതുമായിത്തീരുന്നു. ചെങ്കുത്തായ മലയടിവാരത്തിലെ ഇടതൂർന്ന കാടുകൾക്കിടയിലേയ്ക്ക് ഇപ്പോൾ പാമ്പാർ മറഞ്ഞുകഴിഞ്ഞു. വഴിയോരങ്ങളിലെ കാടുകളിൽ ഒളിച്ചിരുന്ന്  മാധുര്യമുള്ള സംഗീതമുതിർക്കുന്ന പേരറിയാക്കിളികൾ..... വനത്തിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുന്ന സഞ്ചാരികളുടെ കൗതുകക്കാഴ്ചയ്ക്ക് ആവേശമായി, ഒരു ആനക്കൂട്ടമോ, കാട്ടുപോത്തുകളുടെ ഘോഷയാത്രയോ, പുള്ളിമാനുകളുടെ നിഷ്കളങ്കനയനങ്ങളോ വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കാം.. അത്രമാത്രം വന്യമൃഗസമ്പത്തുകൊണ്ട് സമൃദ്ധമാണ് ഈ കാടുകൾ.. വനാന്തരങ്ങളുടെ ഉൾക്കാഴ്ച തേടി ഇതുവരെ നടത്തിയ യാത്രകളിലെല്ലാംതന്നെ, കൺനിറയേ കാഴ്ചകൾ കാട് എനിയ്ക്ക്  സമ്മാനിച്ചിട്ടുണ്ട്. ക്യാമറയുടെ ഫ്രെയിമുകളിൽനിന്നും പലപ്പോഴും വഴുതിമാറി പ്പോകുമ്പോഴും, മനസ്സിന്റെ ഉള്ളിൽ മറക്കാതെ സൂക്ഷിയ്ക്കുവാനുതകുന്ന വന്യജീവികളൂടെ കാഴ്ചകൾ എണ്ണിയെടുക്കുവാനാകുന്നതിനും അപ്പുറത്താണ്. അത്തരമൊരു ദൃശ്യം കൺമുൻപിൽ തെളിയുന്നതും പ്രതീക്ഷിച്ച്, വളരെ സാവധാനമാണ് ഞങ്ങൾ മുൻപോട്ടുനീങ്ങിയത്.

ചിന്നാർ ചെക്ക്പോസ്റ്റിനോട് ഏറെ അടുത്തെത്തിയപ്പോഴാണ് ആദ്യകാഴ്ച, ഞങ്ങൾക്കു മുൻപിൽ എത്തിച്ചേർന്നത്... വഴിയോരത്തുകൂടി കൊത്തിപ്പെറുക്കി നടക്കുന്ന മയിൽക്കൂട്ടങ്ങൾ... സുന്ദരന്മാരായ രണ്ട് ആൺമയിലുകളും, കുറച്ച് പെൺമയിലുകളും...വനമദ്ധ്യത്തിലൂടെയുള്ള യാത്രകളിൽ വാഹനം നിറുത്തരുത് എന്ന നിർദ്ദേശമുണ്ടെങ്കിലും, മയിൽക്കൂട്ടങ്ങളുടെ ഒന്നു രണ്ട് ഫ്രെയിമുകൾക്കായി ഞങ്ങൾ വാഹനം നിറുത്തിയിറങ്ങി.
വഴിയോരത്തൊരു സുന്ദരൻ...
ചരക്കുലോറികളുടെ ചീറിപ്പായലിനിടയിലും, ഭയം കാണിയ്ക്കാതെ നടന്നിരുന്ന മയിൽക്കൂട്ടങ്ങൾ, ബൈക്ക് നിറുത്തിയപ്പോൾ തന്നെ കുറ്റിക്കാടുകൾക്കിടയിലേയ്ക്ക് പതിയേ നടന്നുതുടങ്ങി..... കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ ഒരു ആണ്മയിലിന്റെ ഒന്നു രണ്ട് ക്ലോസപ്പ് ചിത്രങ്ങൾ ക്യാമറയിലേയ്ക്ക് പകർത്തി. ഒരു മയിലിന്റെ ചിത്രമാണെങ്കിലും കാഴ്ചയുടെ തുടക്കം കൊള്ളാം.... കാടുകൾക്കിടയിലൂടെ നടന്നുമറയുന്ന മയിൽക്കൂട്ടങ്ങളുടെ കാഴ്ച അല്പനേരം കൂടി ആസ്വദിച്ചശേഷം ഞങ്ങൾ യാത്ര തുടർന്നു.

സമയം 10 മണി കഴിഞ്ഞിരുന്നു. അവിടെനിന്നും ഏകദേശം അരകിലോമീറ്റർകൂടി പിന്നിട്ടതോടെ ഞങ്ങൾ ചിന്നാർ ചെക്ക്പോസ്റ്റിനരികിലെത്തി.. കേരളത്തിന്റെ അതിർത്തി ഇവിടെ അവസാനിയ്ക്കുകയാണ്... ചിന്നാർവനത്തോടുചേർന്നുകിടക്കുന്ന ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിന്റെ ഉള്ളിലൂടെ, ഉടുമൽ പേട്ടിലേയ്ക്ക് നീണ്ടുകിടക്കുന്ന S.H 17-ന്റെ ഇരുവശങ്ങളിലും ഇനിയുള്ളത് തമിഴ്നാടിന്റെ വനഭൂമിയുടെയും, കൃഷിഭൂമികളുടെയും കാഴ്ചകളാണ്.. അതിർത്തിയായതിനാലും, ചന്ദനക്കടത്ത് വ്യാപകമായതുകൊണ്ടും ഈ വഴിയേ കടന്നുപോകുന്ന വാഹനങ്ങളുടെയും, യാത്രക്കാരുടെയും വിവരങ്ങൾ ചിന്നാർ ചെക്ക്പോസ്റ്റിൽ കൊടുക്കേണ്ടതുണ്ട്. വണ്ടിയുടെ നമ്പറും, അഡ്രസ്സും കുറിച്ചുകൊടുത്തശേഷം തൊട്ടരികെയുള്ള ഇക്കോ ടൂറിസത്തിന്റെ ഓഫീസിലേയ്ക്ക് ഞങ്ങൾ നീങ്ങി.
ഞങ്ങൾ തിരക്കിലാണ്......
ചിന്നാർ വനവുമായി ബന്ധപ്പെട്ടുള്ള എല്ലാ യാത്രകളും ക്രമീകരിയ്ക്കുന്നത് ഈ ഓഫീസിൽനിന്നാണ്. ചെക്ക്പോസ്റ്റിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാർ എല്ലാവരും മലയാളികളാണെങ്കിലും, ഇക്കോ ടൂറിസത്തിന്റെ ഓഫീസിലെ ജീവനക്കാരും, വാച്ചർമാരും തമിഴ്വംശജരാണ്. സമീപപ്രദേശങ്ങളിലെ  ആദിവാസി ഊരുകളിൽനിന്നുള്ളവർതന്നെയാണ് അവരിലേറെയും..

പ്രധാനമായും മൂന്ന് വനയാത്രകളാണ് ചിന്നാർ ഫോറസ്റ്റ് ഓഫീസിന്റെ കീഴിൽ നടത്തപ്പെടുന്നത്. കൂടാതെ ഏറുമാടങ്ങളിലും, ക്യാമ്പ് ഷെഡ്ഡുകളിലും രാത്രിയിൽ താമസിയ്ക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. അവയേക്കുറിച്ച് ഓഫീസിലെ പെൺകുട്ടി ഞങ്ങളോട് വിശദീകരിച്ചുതുടങ്ങി.

" സാർ, നിലവിൽ നമ്മുടെ യാത്രകളെല്ലാം മൂന്നുമണിയ്ക്കൂർ മാത്രം നീളുന്നതാണ്. ഒന്ന് പാമ്പാറിന്റെ തീരത്തുകൂടിയുള്ള യാത്രയും, മറ്റൊരെണ്ണം കൂട്ടാറിലേയ്ക്കും, മൂന്നാമത്തേത് വശ്യപ്പാറയിലേയ്ക്കുമാണ്. ഇതിൽ ഏതാണ് താത്പര്യം..?"

"ഞങ്ങൾക്ക് രണ്ട് ദിവസം ഇവിടെ താമസിച്ച്, കാടുകളിലൂടെ സഞ്ചരിച്ച് കാഴ്ച കാണാൻ പറ്റിയ ട്രക്കിംഗ് പ്രോഗ്രാമുകളാണ് വേണ്ടത്... അതിനു പറ്റുന്നതരത്തിലുള്ള യാത്രകൾ ഏതാണെങ്കിലും പറഞ്ഞോളൂ".. ഞങ്ങൾ മനസ്സിലുള്ള ആഗ്രഹം തുറന്നുപറഞ്ഞു.

"ഇല്ല സാർ, താമസിച്ചുള്ള പ്രോഗ്രാമുകളൊന്നുംതന്നെ ഇന്ന് അറേഞ്ച് ചെയ്യാൻ പറ്റില്ല. അതിന് മൂന്നാർ ഓഫീസിൽ മുൻകൂട്ടി പറഞ്ഞ് ബുക്ക് ചെയ്യണം. സ്കൂൾ കുട്ടികൾക്കുള്ള നേച്ചർക്യമ്പ് നടക്കുന്നതു കൊണ്ട് ഇവിടെയാണെങ്കിൽ ഡോർമിറ്ററിയും ഒഴിവില്ല. അതുകൊണ്ട് ഒരു ദിവസത്തേയ്ക്കുള്ള യാത്രകൾ മാത്രമേ നടത്തുവാൻ സാധിയ്ക്കുകയുള്ളൂ. നിങ്ങൾ വൈശ്യപ്പാറയിലേയ്ക്ക് പോയ്ക്കൊള്ളൂ.. അവിടെയാണെങ്കിൽ, കാട്ടുമൃഗങ്ങളെ അടുത്തുകണ്ട്, ഒരു ദിവസം മുഴുവൻ നിങ്ങൾക്ക് കാടിനുള്ളിൽ ചിലവഴിയ്ക്കുവാൻ സാധിയ്ക്കും".

130 കിലോമീറ്ററോളം ബൈക്ക് ഓടിച്ചെത്തിയ ഞങ്ങളെ പൂർണ്ണമായും നിരാശപ്പെടുത്തുന്ന വാക്കുകൾ തന്നെയായിരുന്നു അത്. പക്ഷേ മറ്റു വനയാത്രകൾക്കുള്ള സാധ്യതകൾ ഒന്നും ഇല്ലാതിരുന്നതിനാൽ  വൈശ്യപ്പാറയിലേയ്ക്ക് തന്നെ പോകാം എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നു. യാത്രയുടെ ഫീസ് അടച്ചശേഷം, ഞങ്ങൾക്കൊപ്പം വരുന്ന വാച്ചറേയും പ്രതീക്ഷിച്ച് ഞങ്ങൾ ഓഫീസിനുള്ളിൽ കാത്തിരുപ്പ് ആരംഭിച്ചു.  
...............................................................................................................................................................

30 comments:

 1. കുറെ നാളായല്ലോ വനവാസീ ഒരു യാത്രാചരിതം പോസ്റ്റ് ചെയ്തിട്ട്. എന്തായാലും ചിന്നാര്‍ വിശേഷം അതിന്റെയൊക്കെ കുറവ് തീര്‍ത്തു.

  “യാത്രയുടെ ഫീസ് അടച്ചശേഷം, ഞങ്ങൾക്കൊപ്പം വരുന്ന വാച്ചറേയും പ്രതീക്ഷിച്ച് ഞങ്ങൾ ഓഫീസിനുള്ളിൽ കാത്തിരുപ്പ് ആരംഭിച്ചു.”

  അപ്പോ കഥ തുടരും..അല്ലേ?

  ReplyDelete
 2. പ്രിയ അജിത്തേട്ടാ. സുഖമല്ലേ...? സമയക്കുറവാണ് എപ്പോഴും പ്രശ്നം... ഇത്തവണത്തെ കാര്യങ്ങങ്ങളൊക്കെ അജിത്തേട്ടനും അറിയാമല്ലോ.. അതുകൊണ്ട് കൂടുതൽ യാത്രകളൊന്നുംതന്നെ നടത്തുവാൻ സാധിച്ചില്ല.. പക്ഷേ കുറച്ചു വനയാത്രകൾ ഉടൻ ഉണ്ടാകും.. എല്ലാം വിശദമായി എഴുതുന്നതായിരിയ്ക്കും..

  യാത്ര തീർന്നിട്ടില്ല.. ചിന്നാർ വരെയേ എത്തിയുള്ളു.. വശ്യപ്പാറയിലേയ്ക്ക് ഇനിയും ദൂരമുണ്ട്.. അത് എഴുതിക്കൊണ്ടിരിയ്ക്കുന്നു..
  ഉടൻ പ്രതീക്ഷിയ്ക്കാം...

  ReplyDelete
 3. ബാക്കി കൂടി പോരട്ടെ...

  ReplyDelete
  Replies
  1. എഴുതിക്കൊണ്ടിരിയ്ക്കുന്നു ഫിയോനിക്സ്..മറ്റു തിരക്കുകൾ ഒന്നും ഇടയ്ക്ക് ശല്യപ്പെടുത്തിയില്ലെങ്കിൽ ഉടൻ തന്നെ പ്രതീക്ഷിയ്ക്കാം.. :)

   Delete
 4. വരണ്ടുണങ്ങിയ പാറക്കൂട്ടങ്ങളും, കൂറ്റൻ കള്ളിമുൾച്ചെടികളും, പടർന്നുവളരുന്ന കുറ്റിക്കാടുകളും, അത്യപൂർവ്വങ്ങളായ ജീവജാലങ്ങളും, വിവിധ ഇനങ്ങളിൽപെട്ട വൃക്ഷങ്ങളും നിറഞ്ഞുനിൽക്കുന്ന, തമിഴ്നാടിന്റെ വനമേഖലയുമായി അതിർത്തി പങ്കിടുന്ന ഒരു വന്യമൃഗസംരക്ഷണകേന്ദ്രം.... അതാണ് ചെറിയൊരു വാക്കുകൊണ്ട് വിവരിച്ചാൽ ചിന്നാർ..

  നല്ല ആമുഖത്തോടെയുള്ള വായന തുടരട്ടെ....


  ബൈക്കിൽ യാത്ര ആരംഭിയ്ക്കുമ്പോൾ സമയം പുലർച്ചെ 4:30. തോവാളയിൽനിന്നും മൂന്നാർവരെമാത്രം ഏകദേശം 80 കിലോമീറ്ററോളം ദൂരം പിന്നിടേണ്ടതുണ്ട്..... അവിടെനിന്നും ചിന്നാർവരെ 60 കിലോമീറ്ററും... 10 മണിയ്ക്കുമുൻപേ ചിന്നാറിൽ എത്തിച്ചേരണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും ഇടുങ്ങിയതും, വളഞ്ഞു പുളഞ്ഞുകിടക്കുന്നതുമായ വഴികൾ തുടക്കം മുതൽ തന്നെ യാത്രയുടെ വേഗതയെ കാര്യമായി ബാധിച്ചു കൊണ്ടിരുന്നു....

  അപ്പൊ ബൈക്കിലാണല്ലേ നമ്മുടെ യാത്ര ? ശരി......

  വഴിയുടെ വളവുകളേയും തിരിവുകളേയും തിരിച്ചറിയുവാനാകാത്തവിധം മഞ്ഞിന്റെ വെളുത്ത മതിൽക്കെട്ട് ഉയർന്നുവന്നതോടെ ഗ്യാപ് റോഡിലെ പാറക്കെട്ടുകൾക്കിടയിലുള്ള കള്ളൻ തങ്കയ്യന്റെ ഗുഹയ്ക്ക് സമീപം അല്പസമയം ചിലവഴിയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.

  ഒരു വിശ്രമം ഏത് യാത്രയ്ക്കും ആവശ്യമാ....നടക്കട്ടെ അല്ല ഇരിക്കട്ടെ.


  രു സാധാരണ യാത്രികനെ സംബന്ധിച്ചിടത്തോളം, കാട്ടുപന്നികൾ ഒരു പ്രത്യേകതയുള്ള കാഴ്ചയെന്ന് പറയുവാനാകില്ല.. കാരണം കേരളത്തിലെ ഏതൊരു കാടിന്റെ പരിസരങ്ങളിലും, ജനവാസമേഖലകളിലും സർവ്വസാധാരണമാണ് പന്നിക്കൂട്ടങ്ങൾ..

  നാട്ടിലേ 'പന്നി'കളെക്കൊണ്ട് ശല്ല്യമാ..പിന്നല്ലേ കാടിന്റവസ്ഥ.?


  സമീപത്തെ പാറയുടെ മുകളിൽ ഒരുകൂട്ടം വിനോദസഞ്ചാരികൾ ഭക്ഷണം കഴിയ്ക്കുന്ന തിരക്കിലാണ്.. ഭക്ഷണത്തിനുശേഷം തെർമോകോൾ പ്ലേറ്റുകളും, പ്ലാസ്റ്റിക് കപ്പുകളും തോട്ടിനുള്ളിലേയ്ക്ക് പറന്നുവീഴുന്ന കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

  ഈ ചെത്തുകൾ തുടർന്നാൽ അധികകാലം ആ സുഖമുള്ള അനുഭവങ്ങൾ ഉണ്ടാകില്ല.
  നമ്മൾ തന്നെ നമ്മുടെ സ്വർഗ്ഗത്തെ നരകമാക്കിക്കൊണ്ടിരിക്കുന്നു.

  നല്ലൊരു യാത്രാക്കുറിപ്പ്. വാക്കുകളേക്കാൾ അതിനേക്കാൾ ജീവസ്സുള്ള ചിത്രങ്ങൾ.... എല്ലാം കൂടി പോസ്റ്റ് അതീവ ഹൃദ്യമായി.
  ആശംസകൾ.

  ReplyDelete
  Replies
  1. പ്രിയ മനു.. വിശദമായ വായനയ്ക്കും, അഭിപ്രായത്തിനും ഏറെ നന്ദി.. ശരിയാണ്.. നമ്മുടെ സ്വർഗ്ഗത്തെ നമ്മൾ തന്നെ മലിനമാക്കിക്കൊണ്ടിരിയ്ക്കുകയാണ്...മുൻപ് നമ്മൾ പറയുമായിരുന്നു അറിവില്ലാത്തതിന്റെ കുഴപ്പമാണെന്ന്.. പക്ഷേ ഇത്രയും നാൾ നടത്തിയ യാത്രയിൽനിന്നുള്ള അനുഭവങ്ങൾ കാണിച്ചുതന്നത് തിരിച്ചാണ്.. അനുഭവജ്ഞാനവും, വിദ്യാഭ്യാസവും ഉള്ള പുതുതലമുറയാണ് ഇന്ന് പരിസ്ഥിതി മലിനീകരിയ്ക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന്ത്... എങ്ങനെയാണ് അവരെ പറഞ്ഞുമനസ്സിലാക്കുവാൻ സാധിയ്ക്കുക എന്നറിയില്ല.. ഓരോ വ്യക്തിയും ഈ സമൂഹത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവും, സ്വയം നിറവേറ്റേണ്ട് ഉത്തരവാദിത്വവും മനസ്സിലാക്കുന്ന കാലത്തേ നമ്മുടെ നാട് സ്വർഗ്ഗമായി മാറുകയുള്ളു....

   Delete
 5. പതിവു പോലെ മിഴിവുള്ള ചിത്രങ്ങളും ആകർഷകമായ വിവരണവും കൊണ്ട് ചിന്നാർ യാത്ര രസകരമാക്കി. ചിന്നാർ വിശേഷങ്ങളറിയാൻ അടുത്ത പോസ്റ്റ് കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദി അലി.. ചിന്നാർ വിശേഷങ്ങൾ ഉടൻ പ്രതീക്ഷിയ്ക്കാം... എഴുതിക്കൊണ്ടിരിയ്ക്കുന്നു...

   Delete
 6. നല്ല ഫോട്ടോസിന്‍റെയിടയില്‍ തൂവാനം ഡാമിന്‍റെ പടം കണ്ടപ്പോളൊരു മിസ്മാച്ച് തോന്നി. .പിന്നെയാണ് ക്യാപ്ഷന്‍ നോക്കിയത് , വെറുതെയല്ല ഗൂഗിളിലെ ഫോട്ടോയായതു കൊണ്ടാണ്, ഒരു ഭംഗി തോന്നിയില്ല.. (ഫോട്ടോയെ ഫോട്ടോഷോപ്പ് നക്കി) ..
  കാട്ടു പന്നിയുടെ ഫോട്ടോ ഇത്ര നന്നായി കിട്ടിയല്ലേ. കൊമ്പില്‍ കോര്‍ക്കാന്‍ തോന്നാതിരുന്നത് കൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടു...

  ബാക്കി വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു...

  ReplyDelete
  Replies
  1. സുനി... വായനയ്ക്കും, അഭിപ്രായങ്ങൾക്കും ഏറെ നന്ദി... ശരിയാണ് ... തൂവാനം വെള്ളച്ചാട്ടത്തിന്റെ നല്ല ഒരു ഫോട്ടോ ഗൂഗിളിൽപോലും കിട്ടാനില്ല... മടങ്ങിവരുമ്പോൾ തൂവാനത്തിന്റെ പടം എടുക്കാം എന്ന് പറഞ്ഞ് പോയതാണ്.. പക്ഷേ മടക്കം രാത്രിയിൽ ആയിപ്പോയി.. എന്തുചെയ്യാം..

   ആ പന്നിയ്ക്ക് കൊമ്പൊന്നും ഇല്ലായിരുന്നു.. അതുകൊണ്ട് ഞങ്ങൾ രക്ഷപെട്ടു.. :)

   Delete
 7. മറയൂര്‍ വരെ മുമ്പ് വന്നിട്ടുണ്ട്. സമയക്കുറവ് കാരണം ചിന്നാര്‍ പിന്നെ ഒരു അവസരത്തിലേക്ക് മാറ്റിവെച്ചു. ഈ ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ പ്രധാന കാഴ്ചകള്‍ അതിര്‍ത്തിക്കപ്പുറം തമിഴ്നാട്ടിലാണോ? ട്രെക്കിംഗും മറ്റും കേരളാ ടൂറിസം വകുപ്പും അനുവദിക്കുന്നില്ലെ?
  കഴിഞ്ഞതവണ ക്യാമറ പണിമുടക്കിയതിന്റെ കേട് ഇത്തവണ തീര്‍ത്തു. ഫോട്ടോസ് കിടുകിടിലം........

  ReplyDelete
  Replies
  1. പ്രിയ ഹാഷിക്.. വായനയ്ക്കും, അഭിപ്രായത്തിനും ഏറെ നന്ദി.. ചിന്നാർ ഒരിയ്ക്കലെങ്കിലും കാണേണ്ട സ്ഥലം തന്നെയാണ്.. പ്രധാന കാഴ്ചകൾ രണ്ട് സ്ഥലത്തുമുണ്ട്. കേരളത്തിലും, തമിഴ്നാട്ടിലും... കേരളത്തിന്റെ ഭാഗത്താണ് ട്രക്കിംഗുകൾ ഏറെയുള്ളത്.. നമുക്കും സൗകര്യപ്രദം അതു തന്നെയാണ്.. എല്ലാം നല്ല ട്രക്കിംഗ്പ്രോഗ്രാമുകൾ തന്നെയെന്ന് പറയാം... മുൻകൂടി അറിയിച്ചാൽ ഡൊർമിറ്ററിയും ലഭിയ്ക്കും.. തമിഴ്നാട്ടിലേയ്ക്ക് പോകണമെന്നുണ്ടെങ്കിൽ 16 കിലോമീറ്റർ പോയാൽ അമരാവതി ഡാം കാണുവാൻ സാധിയ്ക്കും... അതും വനത്തിലൂടെയാണ് യാത്ര.. നല്ല ഒരു അനുഭവം തന്നെയായിരിയ്ക്കും അത്..

   Delete
 8. Munnar vareye poyittullu..bakki chinnar visheshangalkku kaththirikkunnu.

  nalla chithranngalum pathivu pole manoharamaaya vivaraNavum....

  {Manglishinu sorry, keyman windows8 il work cheyyunnilla :(( }

  ReplyDelete
  Replies
  1. വളരെ നന്ദി പ്രിയ പഥികൻ.. ചിന്നാറിൽ ഒരിയ്ക്കൽ പോകണം കേട്ടോ.. കാടിനോട് താത്പര്യമുള്ളവർക്ക് നന്നായി ഇഷ്ടപ്പെടും.. തേക്കടിയിലേതിനേക്കാൾ കാടിനെ നന്നായി അനുഭവിയ്ക്കുവാൻ കഴിയുന്നത് ചിന്നാറിൽ തന്നെയാണ്...
   വായനയ്ക്കും, അഭിപ്രായത്തിനും ഏറെ നന്ദി..

   Delete
 9. മനോഹരമായ വരികൾ ,അതിനേക്കാൾ മനോഹരം ഫോട്ടോസ്. ആശംസകൾ..

  ReplyDelete
  Replies
  1. മുല്ല... വായനയ്ക്കും, അഭിപ്രായത്തിനും ഏറെ നന്ദി. പുതിയ യാത്രകളും, വിശേഷങ്ങളും ഒന്നുമില്ലേ... ?

   Delete
 10. Nalla ezhuthu.

  http://rajniranjandas.blogspot.in/

  ReplyDelete
  Replies
  1. വായനയ്ക്കും, അചിപ്രായത്തിനും വളരെ നന്ദി നിരഞ്ജൻദാസ്... :)

   Delete
 11. പ്രിയ ഷിബു,ഒന്നര പതിറ്റാണ്ടോളം ഉടുമല്പേട്ടയിലേക്കുള്ള യാത്രകളിലെ സ്ഥിരം വഴി ഇതായിരുന്നു.എങ്കിലും ഇത്ര വിശദമായ ഒരു അറിവ് ഇപ്പോഴാണു ലഭിച്ചത്.എന്റെ നിരീക്ഷണപാടവം അത്രയ്ക്കുണ്ട്.!!!

  ReplyDelete
  Replies
  1. കൃഷ്ണകുമാർ... ഇത്രനാൾ ആ വഴിയേ പോയിട്ടും ചിന്നാർ കാട്ടിൽ കയറിയിട്ടില്ലേ..? ഇനിയും ഏറെ സ്ഥലങ്ങൾ അവിടെ കാണുവാൻ അവശേഷിയ്ക്കുന്നു.. ഡിസംബറിൽ മൂന്നുദിവസത്തെ കാനനവാസം കൂടി പ്ലാൻ ചെയ്തിട്ടുണ്ട്... അതും ചിന്നാർ കാട്ടിൽത്തന്നെ... അറിയാവുന്ന ഏതെങ്കിലും നല്ല സ്ഥലങ്ങൾ ഉണേങ്കിൽ അറിയിയ്ക്കണേ.. :)

   Delete
 12. നല്ല യാത്രാനുഭവം.നന്നായി എഴുതി. മനോഹരമായ ചിത്രങ്ങള്‍ ....സസ്നേഹം

  ReplyDelete
  Replies
  1. വളരെ നന്ദി പ്രിയ യാത്രികൻ... സന്ദർശനത്തിനും, പ്രോത്സാഹനങ്ങൾക്കും.. :)

   Delete
 13. കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു ഈ പോസ്റ്റ്‌ പെട്ടെന്ന് വായിച്ചു തീര്‍ക്കാതെ ഒന്നൂടെ ചിന്നാര്‍ കണ്ടുമാടങ്ങാം എന്ന് കരുതി ഇന്ന് വീണ്ടും വന്നു ....
  മൂന്നാര്‍ സര്‍ക്കാര്‍ ഇടിച്ചു നിരപ്പാക്കിയത്തിനു ശേഷം ഒരിക്കല്‍ മാത്രേ പോയിട്ടുള്ളൂ ... അന്ന് ആ പഴയ ഭംഗി തോന്നിയില്ല എല്ലായിടവും ബില്‍ഡിംഗ്കള്‍ ഇടിച്ചു നിരത്തിയ കൂമ്പാരങ്ങള്‍ മാത്രം കണ്ടു മടങ്ങി ...:(
  മൂന്നാര്‍ വീണ്ടും ആ പഴയ ഭംഗി വീണ്ടെടുത്തു എന്ന് ഷിബുവിന്റെ യാത്രാ വിവരണത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു ...എന്‍റെ ജീവിതത്തില്‍ മറക്കാന്‍ ആവാത്ത ഒരു അനുഭവങ്ങളില്‍ ഒന്നാണ് ചിന്നാര്‍ട്രക്കിംഗ് യാത്ര ..അത്ര നല്ല ഒരു അനുഭവം വേറെ ഒരു ട്രക്കിംഗിനും കിട്ടീട്ടില്ല ... ചിത്രങ്ങളും വിവരണം പോലെ മനോഹരം തന്നെ ഷിബു ...ബൈക്കിലെ യാത്ര ഒരു രസമാണ് ല്ലേ ..ഷിബുവിന്റെ കൂടുതല്‍ യാത്രകളും ബൈക്കില്‍ തന്നാണല്ലോ ??

  ReplyDelete
  Replies
  1. കൊച്ചുമോൾ.. സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും ഏറെ നന്ദി... മൂന്നാറിന് പഴയ ഭംഗി
   വീണ്ടെടുക്കുവാനായെന്ന് പറയാൻ പറ്റില്ല.. പഴയ പേരും, സൗന്ദര്യവും ഓർമ്മയിൽ വച്ച് ആളുകൾ വരുന്നു... പോകുന്നു... അത്ര മാത്രം... അഗാധമായ പ്രകൃതിസ്നേഹം മനസ്സിൽ സൂക്ഷിച്ച് വരുന്നവർ വളരെ കുറവാണെന്നുതന്നെ പറയാം...

   ചിന്നാർ ട്രക്കിംഗ് തീർച്ചയായും ഒരു നല്ല അനുഭവം തന്നെ... ദൂരക്കൂടുതൽക്കൊണ്ടാകണം അധികം സഞ്ചാരികൾ ഇപ്പോഴും അവിടേയ്ക്ക് എത്താൻ മടിയ്ക്കുന്നു...

   എനിയ്ക്ക് ബൈക്ക് യാത്ര ഒരു ഹരം തന്നെയാണ്... അടച്ചുമൂടിക്കെട്ടിയ ഘനത്തിൽ പോകുന്നതിനേക്കാൾ എത്ര രസമാണ് പ്രകൃതിയും, ആളുകളേയും കണ്ട്, മനസ്സിലാക്കിയുള്ള യാത്ര...

   Delete
 14. തിരക്കുകാരണം ഒരു ഓടിവായന മാത്രമേ നടത്തിയുള്ളൂ കേട്ടൊ ഷിബു

  ReplyDelete
  Replies
  1. നന്ദി മുരളിയേട്ടാ... എത്ര തിരക്കാണെങ്കിലും വന്നുവല്ലോ.. വളരെ സന്തോഷം.. തിരക്കൊക്കെ കുറയുമ്പോൾ വീണ്ടും വരിക... :)

   Delete
 15. വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്കു മറക്കാനാവാത്ത ഒരു ചിന്നാര്‍ അനുഭവം ഉണ്ട്. മറയൂരില്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോയിട്ട് കസ്റ്റമര്‍ തന്ന ബൈക്കില്‍ ചിന്നാര്‍ കാട്ടില്‍ പോയി, വനമധ്യത്തില്‍ പെട്രോള്‍ തീര്‍ന്നുപോയി മൊബൈലിനു റേഞ്ചും ഇല്ല. ആ സാഹചര്യം ഷിബുവിനു ഊഹിക്കാന്‍ സാധിക്കും എന്നു കരുതട്ടെ!!! എന്തായാലും ബൈക്കു തള്ളി നടക്കുന്ന രണ്ടു ചെറുപ്പക്കാരെ കണ്ട മറ്റോരു ബൈക്കില്‍ വന്നൊരു ഫാമിലി അവരുടെ കയ്യിലെ പാതി കുടിച്ച മിറിണ്ട കമഴ്തി കളഞ്ഞ് ആ കുപ്പിയില്‍ പെട്രോള്‍ ഊറ്റി തന്നു രക്ഷിച്ചു.

  ReplyDelete
 16. That THOOVAANAM water fall is a superb one. I had a plan to go there. See this post about a part of my journey through CHINNAR
  http://chithravaramb.blogspot.in/2012/09/blog-post_14.html

  ReplyDelete
 17. ഷിബു ഭായ്,
  വളരെ മനോഹരം... ഇന്ന് ആദ്യമായാണ് താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത്.... എനിക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് യാത്രകള്‍ .... ചിന്നാറില്‍ പോകാന്‍ മൂന്നാറില്‍ ബുക്ക്‌ ചെയ്യണം എന്ന് കണ്ടു. എവിടെയാണ് ആ ഓഫീസ് എന്നറിയാമോ? കോണ്ടാക്റ്റ് നമ്പര്‍ ഉണ്ടോ? എന്തൊക്കെ തയ്യാറെടുപ്പുകള്‍ വേണം? ദയവായി പറഞ്ഞു തരാമോ?
  രാജേഷ്‌ - തിരുവനന്തപുരം - ഖത്തര്‍
  rajesh@msheireb.com
  balanqatar@gmail.com

  ReplyDelete
 18. "ഒരു സാധാരണ യാത്രികനെ സംബന്ധിച്ചിടത്തോളം, കാട്ടുപന്നികൾ ഒരു പ്രത്യേകതയുള്ള കാഴ്ചയെന്ന് പറയുവാനാകില്ല.. കാരണം കേരളത്തിലെ ഏതൊരു കാടിന്റെ പരിസരങ്ങളിലും, ജനവാസമേഖലകളിലും സർവ്വസാധാരണമാണ് പന്നിക്കൂട്ടങ്ങൾ.. പക്ഷേ കാടിന്റെ ഹൃദയസ്പന്ദനങ്ങളെ അടുത്തറിയുവാൻ ആഗ്രഹിയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ചെറുകിളിയുടെ സംഗീതത്തിനും, കാട്ടുപൂക്കളുടെയും, പുൽക്കൊടിത്തുമ്പുകളുടെയും, മഞ്ഞുതുള്ളികളുടെയും കാഴ്ചകൾക്കുപോലും ഏറെ നവോന്മേഷം പകർന്നു തരുന്ന അസുലഭമുഹൂർത്തങ്ങളായിത്തീരുവാൻ സാധിയ്ക്കുമെന്ന് തീർച്ചയാണ്."


  വളരെ സത്യമാണ് ഈ എഴുതി വെച്ചത് . ചിലപ്പോള്‍ എഴുത്തിലൂടെ അത് പകര്‍ത്താന്‍ പോലും പ്രയാസപ്പെടും . പക്ഷെ അത് അനുഭവിക്കുക എന്നത് എന്ത് മനോഹരമാണ് . സത്യം പറഞ്ഞാല്‍ വീണ്ടും കാടിന്‍റെ നിഗൂഡതകളിലേക്ക് ഒരു യാത്ര കൊതിക്കുന്നു വീണ്ടും .

  സന്തോഷം ഷിബു . നല്ല അനുഭവങ്ങള്‍ പകര്‍ന്നതിന്

  ReplyDelete