Friday, November 30, 2012

വനസീമകളിലൂടെ....

           കടുവയും, പുലിയും, കാട്ടുപോത്തുമുൾപ്പടെയുള്ള വന്യമൃഗങ്ങൾ വിഹരിയ്ക്കുന്ന ഇരുണ്ട കാടുകൾ.... ചോരയുടെ രുചിതേടി വഴിയോരത്തെ പുൽനാമ്പുകളിൽ, മനുഷ്യന്റെ വരവ് പ്രതീക്ഷിച്ചിരിയ്ക്കുന്ന അട്ടകൾ... പ്രഭാതത്തിന്റെ നവോന്മേഷത്തിൽ, മരച്ചില്ലകളിലിരുന്ന് ഉല്ലാസത്തോടെ സംഗീതമുതിർക്കുന്ന കാട്ടുപറവകൾ... ഇളം വെയിലിന്റെ ചന്തം പേറി, തിളങ്ങിപ്പറക്കുന്ന അപൂർവ്വ ശലഭങ്ങൾ... ഉദയസൂര്യന്റെ കിരണങ്ങൾ കാടിനുള്ളിലേയ്ക്ക് അരിച്ചെത്തുന്നതിനും മുൻപേ, കാട്ടാനക്കൂട്ടങ്ങൾ ചവിട്ടിമറിച്ചിട്ടിരിയ്ക്കുന്ന ആനത്താരകളിലൂടെ, ഈ കാഴ്ചകളെല്ലാം ആസ്വദിച്ച് പെരിയാർകാടിന്റെ ചൂരും, മനസ്സും, അപൂർവ്വ ദൃശ്യങ്ങളും തേടിയുള്ള  ഞങ്ങളുടെ മറ്റൊരു യാത്ര ആരംഭിയ്ക്കുകയായിരുന്നു... 925 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന തേക്കടിവനത്തിനുള്ളിലെ ബഫർസോണും, കോർസോണും കൂടിച്ചേരുന്ന അതിർത്തികളിലൂടെ കുന്നുകളും, മലകളും കയറിയിറങ്ങി, പതിനെട്ട് കിലോമീറ്ററിലേറെ നടന്നുപിന്നിടേണ്ട ഒരു സാഹസിക യാത്ര തന്നെയായിരുന്നു അത്..
ഹോൺബിൽ ഹൗസ്.
കാഴ്ചകൾക്കു തുടക്കമിട്ട്, പുലർച്ചെ 5:30-ന് തോവാളയിൽനിന്നും, കടുത്ത മഞ്ഞിന്റെ അകമ്പടിയോടെ യാത്ര തുടങ്ങുമ്പോൾ സംഘത്തിലെ അംഗങ്ങളായി നാലുപേരാണ് ഉണ്ടായിരുന്നത്.. വനയാത്രകളിലെ സ്ഥിരം കൂട്ടായ ജോണിയെക്കൂടാതെ, നാട്ടുകാരും, സുഹൃത്തുക്കളുമായ ബിജുസാറും, ഫോട്ടോഗ്രാഫറായ സജിയും.. കട്ടപ്പനയിലെത്തി തട്ടുകടയിലെ കടുംകാപ്പിയുടെ ചൂടിൽ തണുപ്പകറ്റിയശേഷം  പുളിയന്മല - വണ്ടന്മേട് വഴി കോടമഞ്ഞിന്റെ ആലസ്യത്തിലമർന്നുകിടക്കുന്ന കുമളിയിലേയ്ക്ക് ഞങ്ങൾ എത്തി ച്ചേരുമ്പോൾ സമയം 7:30 കഴിഞ്ഞിരുന്നു. അവിടെനിന്നും തിടുക്കത്തിൽ പ്രഭാതഭക്ഷണവും കഴിച്ച്, വഴിയോരത്തുനിന്നും കുറച്ച് പഴങ്ങളുംവാങ്ങിയശേഷം യാത്ര, ഹോൺബിൽ ഹൗസിലേയ്ക്ക് നീങ്ങി...

പെരിയാർ ടൈഗർ റിസർവ്വുമായി ബന്ധപ്പെട്ടുള്ള വനയാത്രകൾ എല്ലാംതന്നെ ആരംഭിയ്ക്കുന്നത് കുമളി ടൗണിൽനിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹോൺബിൽ ഹൗസിൽനിന്നാണ്. വനം വകുപ്പിന്റെ മേൽനോട്ടത്തിൽ, തേക്കടിയിലും, പരിസരങ്ങളിലുമുള്ള ആദിവാസികളായ വാച്ചർമാരുടെ നേതൃത്വത്തിലാണ് ഹോൺബിൽ ഹൗസിന്റെ പ്രവർത്തനങ്ങൾ മുൻപോട്ടുനീങ്ങുന്നത്. നേച്ചർ വാക്ക്, ബോർഡർ ഹൈക്ക്, ടൈഗർ ട്രയൽ, ബാംബൂ റാഫ്റ്റ്, നൈറ്റ് പട്രോളിംഗ്, തുടങ്ങി ആസ്വാദ്യകരവും, സാഹസികവുമായ ഒട്ടനവധി വനയാത്രാപരിപാടികൾ പ്രകൃതിസ്നേഹികളായ സഞ്ചാരികളെ ലക്ഷ്യമാക്കി  ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. മുൻപ് നടത്തിയിട്ടുള്ള നിരവധി വനയാത്രകൾകൊണ്ട്, സുഹൃത്തുക്കളായി മാറിയവരാണ് ഇവിടുത്തെ ജീവനക്കാരായ  വാച്ചർമാർ എല്ലാവരും... അനീഷ്, ബെന്നി, രവി, ഗണപതി, തങ്കപ്പൻ.... എല്ലാവരും കാടിനേക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളവരും, ആ അറിവുകൾ സഞ്ചാരികൾക്ക് പകർന്നു കൊടുക്കുന്നതിൽ അതീവ വൈദഗ്ദ്ധ്യമുള്ളവരുമാണ്....
തടാകത്തിലൂടെ തുഴഞ്ഞുനീങ്ങുന്ന മന്നാൻകുടുംബം.
ഹോൺബിൽ ഹൗസ് എന്ന ചെറിയ മുളംകുടിലിലേയ്ക്ക് ഞങ്ങൾ എത്തിച്ചേരുമ്പോൾ ഗണപതിയും, തങ്കപ്പനും രാവിലെതന്നെ സഞ്ചാരികളുമൊത്തുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു. അനീഷും, രവിയും, ഞങ്ങൾക്കൊപ്പമുള്ള യാത്രയ്ക്കായി, ഭക്ഷണമുൾപ്പടെയുള്ള സാധനസാമഗ്രികൾ  തയ്യാറാക്കുവാനുള്ള തിരക്കിലാണ്.... അവരോടൊപ്പം ഞങ്ങളേക്കാത്ത് മറ്റൊരു അതിഥികൂടി കാത്തിരിയ്ക്കുന്നുണ്ടായിരുന്നു... പ്രകൃതിയുടെ അപൂർവ്വക്കാഴ്ചകളോടുള്ള അടങ്ങാത്ത ആവേശംകൊണ്ട്, പ്രായത്തെ വെല്ലുവിളിച്ച്, ഇൻഡ്യയിലെ പല വനമേഖലകളും സഞ്ചരിച്ചെത്തിയ 65 വയസ്സുകാരൻ..... ലണ്ടൻ സ്വദേശിയായ പീറ്റർ ഹൊവാർഡ്. ഈ പ്രായത്തിലും, യാതൊരു ക്ഷീണവും പ്രകടിപ്പിയ്ക്കാതെ കാടും മലയും കയറിയിറങ്ങി ഞങ്ങൾക്കൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ ഊർജ്ജസ്വലത, ഈ യാത്രയിലുടനീളം ഞങ്ങൾക്കൊരു അത്ഭുതം തന്നെയായിരുന്നു.  

ഹോൺബിൽ ഹൗസിൽനിന്നും യാത്ര തുടങ്ങുമ്പോൾ ഗാർഡ് വിനോദും ഞങ്ങൾക്കൊപ്പമെത്തി.. ഈ യാത്രയുടെ ആരംഭം മുതൽ മടങ്ങിയെത്തുന്നതുവരെയുള്ള ഞങ്ങളുടെ സുരക്ഷാചുമതല  വിനോദിനാണ്... ഉൾവനത്തിൽക്കൂടിയുള്ള യാത്രയായതിനാൽ മുൻകരുതലായി തോക്കും കൈവശമുണ്ട്. തേക്കടിയിലെ കാനനവാസം മടുത്ത്, അദ്ധ്യാപകലിസ്റ്റിന്റെ വരവും പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് തിരുവനന്തപുരം സ്വദേശിയായ വിനോദ്.
കാടിനുള്ളിലെ പ്രഭാതം..
8 പേരടങ്ങുന്ന ഞങ്ങളുടെ സംഘം ആദ്യം നീങ്ങിയത് മന്നാക്കുടി ആദിവാസി കോളനിയിലേയ്ക്കാണ്... മധുരയിലെ പാണ്ഡ്യരാജ്യത്തിൽനിന്നും കേരളത്തിലേയ്ക്ക്  കുടിയേറിതെന്ന് കരുതപ്പെടുന്ന മന്നാൻ സമുദായത്തിൽപ്പെട്ട ആദിവാസികളാണ് ഈ കോളനിയിലെ താമസക്കാർ..  ഇന്നും രാജഭരണത്തിൽ അടിയുറച്ച് വിശ്വസിയ്ക്കുന്ന ഒരു ആദിവാസി സമൂഹം.. പല വീടുകൾ ചേർന്നുണ്ടാകുന്ന ഇവരുടെ കോളനികൾ 'കുടി' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ കുടികളുടെയും നിയന്ത്രണം 'കാണിക്കാരൻ' എന്നറിയപ്പെടുന്ന മൂപ്പനാണ്. മൂപ്പന്റെ കീഴിൽ 'പെരുംകുടിയാനവൻ, ഇളന്താരി കുടിയാനവൻ, വലിയ ഇളന്താരി, ഇളവെട്ടം, തണ്ടക്കാരൻ, തണ്ണിപ്പാത്ത എന്നിവരുമുണ്ട്. എല്ലാറ്റിനും മേലെയായി മന്ത്രിയും, രാജാവും. കട്ടപ്പന - ലബ്ബക്കടയ്ക്കടുത്തുള്ള കോഴിമലയാണ് 'രാജമന്നാൻ' എന്നറിയപ്പെടുന്ന രാജാവിന്റെ ആസ്ഥാനം.. തേക്കടിയിലെ വനംവകുപ്പിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന രാമൻ രാജമന്നാൻ ആണ് സമുദായത്തിന്റെ ഇപ്പോഴത്തെ രാജാവ്.

അടുത്തടുത്തായി നിർമ്മിച്ചിരിയ്ക്കുന്ന ചെറിയ വീടുകൾക്കിടയിലൂടെ ഞങ്ങൾ വനത്തിലേയ്ക്ക് നടന്നു. കോളനിയുടെ പരിസരങ്ങളെല്ലാം കൃഷിയിടങ്ങളാണ്. ഒരുകാലത്ത് റാഗിയും, നെല്ലും, ചോളവും, തിനയും, ഇഞ്ചിപ്പുല്ലുമൊക്കെ വിളഞ്ഞിരുന്ന കൃഷിയിടങ്ങളിലേയ്ക്ക്, കാട്ടുമണ്ണിന്റെ കരുത്തിൽ വളർന്നുനിൽക്കുന്ന കുരുമുളകും, കാപ്പിയും, ഏലവും സ്ഥാനം പിടിച്ചുകഴിഞ്ഞു.. കുരുമുളകുചെടികൾ മൂത്തു പഴുത്ത് വിളവെടുപ്പിന് പാകമായിരിയ്ക്കുന്നു.... ഇരട്ടത്തലച്ചിയും, ചിന്നക്കുട്ടുറുവനും തിന്നു തീർക്കുന്നതിനുമുൻപേ കുരുമുളക് പറിച്ചെടുക്കുവാനുള്ള തിരക്കാണ് എവിടെയും..
യാത്ര തുടരുന്നു.....
കൃഷിയിടങ്ങൾ വിട്ട് ഞങ്ങളുടെ യാത്ര കാടിനെ സമീപിച്ചുതുടങ്ങി.... കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം തടയുവാൻ നിർമ്മിച്ചിരിയ്ക്കുന്ന ട്രഞ്ചിനരികിലൂടെ ഒരു ചെറിയ അരുവി മുറിച്ചുകടന്ന് ഞങ്ങൾ കാടിനുള്ളിലേയ്ക്ക് കയറി.... പ്രഭാതത്തിന്റെ ഉന്മേഷത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണ് കാടുമുഴുവൻ.. മഞ്ഞിനടിയിൽ തലയൊളിപ്പിച്ചുനിൽക്കുന്ന കൂറ്റൻ വൃക്ഷത്തലപ്പുകൾക്കിടയിലൂടെ ഒരായിരം വർണ്ണവിളക്കുകൾ തെളിച്ചതുപോലെ കടന്നുവരുന്ന ഉദയസൂര്യന്റെ രശ്മികൾ.. കാറ്റിലുലയുന്ന ഈറ്റക്കാടുകളുടെ മർമ്മരം.... എവിടെയോ മറഞ്ഞൊഴുകുന്ന കാട്ടരുവിയുടെ കളകളാരവം... കാതുനിറയേ കേൾക്കുവാൻ പക്ഷികളുടെ സംഗീതം മാത്രം...... ചിത്രങ്ങൾ പകർത്തി ഏറെ പിന്നിലായത് നന്നായി... അല്പസമയം കണ്ണടച്ച് കാടിന്റെ രാഗതാള വിസ്മയങ്ങൾക്കായി കാതും, മനസ്സും മാത്രം തുറന്ന് അല്പസമയം നിന്നു.. പ്രകൃതിയാകുന്ന ദേവാലയത്തിലെ ശരണമന്ത്രങ്ങളായി മാറുന്നു ഓരോ സ്വരങ്ങളും... സുന്ദരമായ പ്രകൃതിയ്ക്കുമാത്രം പകർന്നുനൽകുവാൻ കഴിയുന്ന  യഥാർത്ഥ ശാന്തതയിലേയ്ക്ക് മനസ്സ്, വഴി തിരിഞ്ഞുപോകുന്ന അനുഭവം... ഒരു പ്രകൃതിസ്നേഹിയെ സംബന്ധിച്ചിടത്തോളം ഇതാണ് അവന്റെ പ്രാർത്ഥന... ആരാധന...  കാടെന്ന പുണ്യഭൂമിയിലൂടെ ചുവടുകൾ വയ്ക്കുമ്പോൾ തീർത്ഥാടനയാത്രകൾക്കു സമ്മാനിയ്ക്കുവാൻ കഴിയുന്ന ശാന്തിയും, സമാധാനവും , മനസ്സിലേയ്ക്കും, ശരീരത്തിലേയ്ക്കും ഒരു പുതുജീവന്റെ അനുഭവങ്ങളായി വന്നുനിറയുന്നതുപോലെ....

അല്പസമയം കാടിന്റെ സംഗീതങ്ങൾക്കായി മനസ്സു തുറന്നുകൊടുത്തശേഷം നടപ്പുതുടർന്നു.. കൂട്ടുകാർ അല്പം മുൻപിലെത്തി ഒരു മരത്തിന്റെ മുകളിലേയ്ക്ക് നോട്ടമുറപ്പിച്ചുനിൽക്കുകയാണ്... മരച്ചില്ലകളിലൂടെ ചാടിമറിഞ്ഞുനടക്കുന്ന രണ്ട് മലയണ്ണാന്മാരായിരുന്നു അവരുടെ ശ്രദ്ധയാകർഷിച്ചിരുന്നത്.. ഞങ്ങൾ മരത്തോടടുത്തപ്പോഴേയ്ക്കും  മുകളിലേയ്ക്ക് കയറി മറഞ്ഞുവെങ്കിലും, മനോഹരമായ കുറേ ചിത്രങ്ങൾ അവ ഞങ്ങൾക്ക് സമ്മാനിച്ചു..
വഴിയോരത്തൊരു മലയണ്ണാൻ...
മുൻപോട്ടുള്ള യാത്രയ്ക്കിടയിൽ ഒരു ചെറുകിളി വഴിയോരത്തെ മരക്കുറ്റിയിലേയ്ക്ക് പറന്നുവന്നിരുന്നു.. കുറിക്കണ്ണൻ കാട്ടുപുള്ള്( White Throated Ground Thrush) എന്നറിയപ്പെടുന്ന ഓറഞ്ച് വർണ്ണമുള്ള തലയും, കഴുത്തും, വയറും, തിളങ്ങുന്ന നീലനിറമുള്ള പുറംഭാഗവുമായി, മനോഹരിയായ ഒരു ചെറുപക്ഷി.. തലവെട്ടിച്ച് ഞങ്ങളെ ഒന്നുനോക്കിയശേഷം ഒരു ചിത്രം പകർത്തുവാൻപോലും സമയംതരാതെ തുള്ളിത്തുള്ളിനടന്ന് അത് ഈറ്റക്കാടുകൾക്കിടയിലേയ്ക്ക്  മറഞ്ഞു.

എഴുകുമേട് എന്നറിയപ്പെടുന്ന മലമുകളിലേയ്ക്കുള്ള കയറ്റം ഇവിടെനിന്നും ആരംഭിയ്ക്കുകയാണ്. ഇരുവശവും ഈറ്റക്കാടുകൾ തിങ്ങിവളരുന്ന കാട്ടുവഴികൾ... വഴിയ്ക്ക് സമാന്തരമായി ഒരു ചെറിയ കാട്ടരുവി ഒഴുകുന്നുണ്ട്... അരുവിയുടെ തീരം മുഴുവൻ കാട്ടുപോത്തും, ആനക്കൂട്ടവും ചവിട്ടിക്കുഴച്ചിട്ടിയ്ക്കുന്നു... വഴിയിലെല്ലാം ചൂടുള്ള ആനപിണ്ടങ്ങൾ... അല്പം മുൻപെപ്പോഴോ ഒടിച്ചിട്ടതാകണം പച്ചപ്പ് മാറാത്ത ഈറ്റയിലകൾ വഴിയിലെല്ലാം ചിതറിക്കിടക്കുന്നു... ഓരോ വളവിനപ്പുറവും ഒരു ആനക്കൂട്ടത്തെ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര മുൻപോട്ട് നീങ്ങിയത്...
മരപ്രാവിനെത്തേടി........
കാടിനുള്ളിൽനിന്നും പലജാതിയിൽപെട്ട പറവകളുടെ സംഗീതമാണ് ഒഴുകിവരുന്നത്.. അവയ്ക്കിടയിൽ മുഴങ്ങിനിൽക്കുന്ന ഒരു ശബ്ദം എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു... ഗാംഭീര്യം നിറഞ്ഞുനിൽക്കുന്ന ഒരു മൂളൽശബ്ദം... " അത് മരപ്രാവാണ്... നീലഗിരി വുഡ് പീജിയൺ... പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇതിനെ കാണുവാൻ സാധിയ്ക്കുക" അനീഷ് പറഞ്ഞു. ലോകത്തിന്റെ മറ്റൊരു ഭാഗങ്ങളിലും കാണുവാൻ കഴിയാത്ത, പ്രാദേശികമായി മാത്രം കാണുവാൻ സാധിയ്ക്കുന്ന ഇത്തരം സസ്യ-ജന്തുജാലങ്ങൾ, Endemic Species എന്നാണറിയപ്പെടുന്നത്. ഇവയുടെ ആവാസമേഖലകളിൽ ഉണ്ടാകുന്ന അഘാതങ്ങൾ ഇത്തരത്തിൽപ്പെട്ട അപൂർവ്വജീവജാലങ്ങളുടെ വംശനാശത്തിനുതന്നെ കാരണമായിത്തീർന്നേക്കാം. വർദ്ധിച്ചുവരുന്ന വനനശീകരണവും, പരിസരമലിനീകരണവും മരപ്രാവുൾപ്പടെയുള്ള അനേകം പക്ഷിമൃഗാദികളുടെ എണ്ണത്തിൽ കുറവുവരുത്തിയിട്ടുണ്ട്. മരപ്രാവിനെ കാണാമെന്ന പ്രതീക്ഷയിൽ അല്പനേരം കാത്തുനിന്നെങ്കിലും, പുറത്തേയ്ക്ക് വരാതെ മരത്തലപ്പുകൾക്കിടയിൽ മറഞ്ഞിരുന്ന് അത് മൂളൽ തുടർന്നുകൊണ്ടിരുന്നു.
കാട്ടുപോത്തിന്റെ തലയോട്ടി....
അരമണിയ്ക്കൂറോളം വനഭംഗി ആസ്വദിച്ച് എല്ലാവരും മല കയറിക്കൊണ്ടിരുന്നു..  "അതാണ് നമ്മുടെ ആദ്യ വിശ്രമസ്ഥാനം.. അവിടെയിരുന്ന് ചായ കൂടിച്ച് വിശ്രമിച്ചശേഷം അടുത്ത മലകയറ്റം" തൊട്ടുമുൻപിൽ വിശാലമായി പരന്നുകിടക്കുന്ന പാറക്കെട്ട് ചൂണ്ടിക്കാട്ടി രവി പറഞ്ഞു.. പാറക്കെട്ടിന്റെ ഏറ്റവും മുകളിലായി ഒരു കാട്ടുപോത്തിന്റെ തലയോട്ടി സ്ഥാപിച്ചിട്ടുണ്ട്.. കുറേ നാളുകൾക്കുമുൻപ് സമീപത്തെ അരുവിക്കരയിൽ വച്ച് കടുവ പിടികൂടിയതാണത്രേ ഈ കാട്ടുപോത്തിനെ... സഞ്ചാരികൾക്ക് ഒരു കൗതുകമാകട്ടെ എന്നു കരുതി അവിടെനിന്നും വാച്ചർമാരിലാരോ എടുത്തുവച്ചതാണ് ഈ തലയോട്ടി..

അടുത്തുള്ള പാറയുടെ മറവിൽ ഒരു അടുപ്പ് തയ്യാറാക്കിയിട്ടുണ്ട്.. രവിയും അനീഷും ചായയുണ്ടാക്കാനായി നീങ്ങിയതോടെ ഞങ്ങൾ സമീപത്തെ കാടിനുള്ളിലൂടെ നടന്ന് കുറച്ച് ചിത്രങ്ങൾ പകർത്തി.
അനീഷ്... കാടിന്റെ സുഹൃത്ത്.
ചായയും, ബിസ്കറ്റും, പഴങ്ങളും... അതായിരുന്നു യാത്രയ്ക്കിയിലെ ഞങ്ങളുടെ പ്രഭാതഭക്ഷണം.. പ്രഭാതങ്ങളിൽ കാടിന്റെ കുളിരിലലിഞ്ഞിരുന്ന് ചൂടുചായ മൊത്തിക്കുടിയ്ക്കുമ്പോഴുള്ള അനുഭൂതി.... അഹാ.. അത് അനുഭവിച്ചുതന്നെ അറിയണം.. ആ സുഖത്തിൽ വിശേഷങ്ങളും പറഞ്ഞിരിയ്ക്കുമ്പോൾ അനീഷ് പെട്ടന്ന് കൈയുയർത്തി... "മിണ്ടരുത്, എന്തോ വരുന്നുണ്ട്" എല്ലാവരും നിശബ്ദരായപ്പോൾ കാടിളകുന്ന ശബ്ദം വ്യക്തമായി കേട്ടുതുടങ്ങി... ചുള്ളിക്കമ്പുകൾ ഞെരിഞ്ഞൊടിയുന്നു... പാറക്കെട്ടിന്റെ മറുവശത്തെ അരുവിയിൽനിന്നുമാണ് ശബ്ദം ഉയരുന്നത്... അനീഷിനുപിന്നാലെ എല്ലാവരും പാറക്കൂട്ടത്തിന്റെ മുകളിലേയ്ക്ക് കയറി.. "കാട്ടുപോത്ത്, ദാ അവിടെ..... ഒറ്റയാൻ പോത്താണ്."  അനീഷ് ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് എല്ലാവരുടെയും നോട്ടം പാഞ്ഞു.. അവിടെ, വെള്ളച്ചാലിൽ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് സൂക്ഷിച്ച് നോക്കിനിൽക്കുകയാണ് ഒരു കൂറ്റൻ കാട്ടുപോത്ത്... കാടിനുള്ളിലൂടെ എത്ര സൂക്ഷ്മതയോടെ മനുഷ്യൻ ചലിച്ചാലും കാട്ടുമൃഗങ്ങൾ അത് വളരെവേഗംതന്നെ മനസ്സിലാക്കും എന്നത് ഒരു അനുഭവപാഠമാണ്. ഇവിടെയും അതാണ് സംഭവിച്ചത്.. പാറക്കെട്ടിനുമുകളിലെ മനുഷ്യസാമീപ്യമറിഞ്ഞ്, ഒന്നുതലകുടഞ്ഞ് ചീറ്റിയശേഷം ഈറ്റക്കാടുകൾക്കിടയിലൂടെ അവൻ മറുവശത്തെ മലമുകളിലേയ്ക്ക് കയറുവാൻ തുടങ്ങി.. കരുത്തുറ്റ മാംസപേശികൾ നിറഞ്ഞ, എണ്ണക്കറുപ്പുള്ള മേനിയുമായി കാടുകൾക്കിടയിലൂടെ രാജകീയചുവടുകളുമായി കണ്മുൻപിൽനിന്നും അവൻ മറയുന്നതുവരെ ഞങ്ങൾ നോക്കിനിന്നു..
കാട്ടുപോത്ത്. Gaur, (Bos gaurus),  Indian bison
എഴുകുമേടിന്റെ ഏറ്റവും ദുഷകരമായ ഭാഗത്തുകൂടിയാണ് ഇനി ഞങ്ങൾ കയറിപ്പോകേണ്ടത്.. അത്രയും കുത്തനേയാണ് മലയുടെ കിടപ്പ്.. കാടിന്റെ നിശബ്ദതയിൽ എട്ടുപേരുടെ കിതപ്പിന്റെ ശബ്ദം ഉയർന്നു കേട്ടുതുടങ്ങി..... പലപ്പോഴും കിതപ്പിന്റെ ശക്തിയിൽ എല്ലാവർക്കും സംസാരിയ്ക്കുവാൻപോലും കഴിയാതെ പോകുന്നുണ്ട്. "ഇതൊരു ആനത്താരയാണ്.. ദാ നോക്ക്. ആനക്കൂട്ടം സ്ഥിരമായി നടന്നു കയറുന്നതിന്റെ അടയാളങ്ങൾ. " വഴിയോരത്തെ ചെളിയിൽ പതിഞ്ഞുകിടക്കുന്ന കാൽപ്പാടുകൾ രവി ചൂണ്ടിക്കാട്ടി.  " പേടിയ്ക്കേണ്ട, ഇന്ന് ആനക്കൂട്ടം ഈ വഴിയേ വന്നിട്ടില്ല, മൂന്നോനാലോ ദിവസം മുൻപ് പോയതിന്റെ അടയാളമാണിത്" ഒടിഞ്ഞു ചിതറിക്കിടക്കുന്ന വാടിയ ഈറ്റക്കാടുകൾ കാണിച്ചുകൊണ്ട് രവി തുടർന്നു.

അരമണിയ്ക്കൂറോളം ഞങ്ങൾ കുത്തനേയുള്ള കയറ്റം കയറിക്കൊണ്ടിരുന്നു... ഇടയ്ക്കിടെ മരങ്ങളിൽ പിടിച്ചുനിന്നും, കാട്ടുവള്ളികളിൽ തൂങ്ങിയും, എല്ലാവരും മടുപ്പകറ്റുന്നുണ്ട്.. ഇത്രയും ദുർഘടമായ വഴികളിലൂടെ, ടൺകണക്കിന് ഭാരമുള്ള ശരീരവുമായി അനായാസം കയറിപ്പോകുന്ന ആനക്കൂട്ടത്തേയും, പ്രപഞ്ചത്തിലെ സർവ്വശക്തനെന്ന് വ്യർത്ഥാഭിമാനംകൊള്ളുന്ന മനുഷ്യൻ അനുഭവിയ്ക്കുന്ന നിസ്സഹായാവസ്ഥയേയും താരതമ്യപ്പെടുത്തുമ്പോൾ, ആധുനികതയുടെ സുഖസൗകര്യങ്ങളൊന്നുമില്ലാത്ത  തീർത്തും വ്യത്യസ്തമായ ഈ ലോകത്തിൽ, നാം എത്രമാത്രം നിസ്സാരരാണെന്ന യാഥാർത്ഥ്യം ശരിയ്ക്കും ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു...
എഴുകുമേടിന്റെ മുകളിലേയ്ക്ക്........
അല്പം മുകളിലായി കയറ്റത്തിന് ഒരു അവസാനം കണ്ടതോടെ എല്ലാവരിലും ഉത്സാഹം ഉണർന്നുതുടങ്ങി... നടപ്പിന്റെ വേഗത വർദ്ധിച്ചു.. മുകളിലെത്തിയതോടെ ബാഗുകൾ ഊരിയെറിഞ്ഞ് ഓരോരുത്തരായി ഓരോ മരച്ചുവടുകളിലേയ്ക്ക് സ്ഥാനം പിടിച്ചു.

ഞങ്ങൾ വിശ്രമിയ്ക്കുവാനിരുന്ന ഭാഗത്തുനിന്നുള്ള പ്രകൃതിദൃശ്യങ്ങളും ഏറെ മനോഹരമായിരുന്നു.. നിബിഡമായ പെരിയാർകാടുകളുടെ മറയില്ലാത്ത ഒരു ആകാശവീക്ഷണമാണ് ഞങ്ങൾക്കുമുൻപിലായി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നത്.. മറുവശത്ത് മലനിരകൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന തടാകത്തിന്റെ ദൃശ്യങ്ങൾ... ഈ കാഴ്ചകളൊക്കെ ആസ്വദിച്ച് വിശ്രമിയ്ക്കുന്നതിനിടയിൽ സമീപത്തെ കാട്ടുപേരയിലേയ്ക്ക് ഒരു കൂട്ടം നീലതത്തകൾ പറന്നിറങ്ങി. മറ്റു തത്തകളെ അപേക്ഷിച്ച് പച്ചനിറത്തേക്കാൾ ചാരനിറവും, നീലനിറവും ഏറെയുള്ള ഇവ മനുഷ്യശബ്ദം അനുകരിയ്ക്കുന്നതിൽ അതിസമർത്ഥരാണ്. കാടുകൾക്ക് മറഞ്ഞുചെന്ന് ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തിയപ്പോൾതന്നെ അവയും മനുഷ്യസാമീപ്യം തിരിച്ചറിഞ്ഞിരിയ്ക്കണം.. ഒന്നിച്ച് ശബ്ദമുയർത്തി മരക്കൂട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും, പുളഞ്ഞും അവ ദൂരേയ്ക്ക് പറന്നകന്നു.
നീലതത്ത. Malabar Parakeet (Psittacula columboides)
ഇനിയും ഒരു മലകൂടി കയറിവേണം എഴുകുമേടിന്റെ മുകളിലെത്തുവാൻ... ദൂരം കുറവായിരുന്നെങ്കിലും കയറ്റം ഇവിടെയും ഒട്ടും മോശമായിരുന്നില്ല..... മുകളിലേയ്ക്ക് കയറിച്ചെല്ലുന്തോറും ഇടതൂർന്നു വളരുന്ന കാടുകൾ, വരണ്ടുകിടക്കുന്ന പുൽമേടുകൾക്കായി വഴിമാറിത്തുടങ്ങുന്നു... തലയ്ക്കുമുകളിൽ ഉയർന്നു നിൽക്കുന്ന 'ഏഴുക്' എന്ന് വിളിയ്ക്കുന്ന പുല്ലുകൾക്കിടയിലൂടെയാണ് ഇനിയുള്ള യാത്ര.

വാഗമൺ മൊട്ടക്കുന്നുകളെ അനുസ്മരിപ്പിയ്ക്കുന്ന ഒരു പുൽമേടിന്റെ നിറുകയിലേയ്ക്കാണ് ഞങ്ങൾ കയറിച്ചെന്നത്...... കുന്നുകൾക്കുചുറ്റും കോട്ടകെട്ടിയതുപോലെ ഇടതൂർന്നുവളരുന്ന കാട്ടുവൃക്ഷങ്ങൾ...  കാറ്റടിയ്ക്കുമ്പോൾ കടലിലെ ഓളങ്ങൾപോലെ താളത്തിൽ ഒഴുകി മറിയുന്ന പുൽക്കൂട്ടങ്ങൾ. ഉയരങ്ങളിൽനിന്നും ഒഴുകിയിറങ്ങുന്ന മൊട്ടക്കുന്നുകൾക്കു നടുവിലൂടെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന നിരവധി കാട്ടുവഴികൾ... ഏറെയും കാട്ടുമൃഗങ്ങൾ നടന്നുണ്ടാക്കിയ വഴിത്താരകൾതന്നെ.... "ഈ കുന്നിന്റെ അപ്പുറത്തെ  ചെരിവിലായി ഒരു നല്ല വ്യൂപോയന്റുണ്ട്. അവിടെനിന്നാൽ താഴ്വരയുടെ  കാഴ്ചകൾ കാണുവാൻ നല്ല ഭംഗിയാണ്" രവി പറഞ്ഞതോടെ എല്ലാവരും വ്യൂപോയന്റ് ലക്ഷ്യമാക്കി നടന്നു.
വ്യൂപോയിന്റിൽനിന്നുള്ള കാഴ്ച...
രവിയുടെ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു വ്യൂപോയിന്റിൽനിന്നുള്ള കാഴ്ചകൾ. മലഞ്ചെരിവിൽനിന്നും താഴ്വരയിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു പാറക്കെട്ടാണ് വ്യൂ-പോയന്റായി അറിയപ്പെടുന്നത്.... ഒരു ചുവടിനപ്പുറത്തായി അഗാധതയിൽനിന്നും ആരംഭിയ്ക്കുന്ന നിബിഡവനങ്ങൾ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാഴ്ച അതിമനോഹരം തന്നെയായിരുന്നു.. മലനിരകൾക്കപ്പുറം ഏറെ ദൂരെയായി കുമളി ടൗൺ കാണാം.... അതിനുമപ്പുറത്തായി വിദൂരതയിൽ തലയൊളിപ്പിച്ചു നിൽക്കുന്ന മംഗളാദേവി മലനിരകൾ.." കഴിഞ്ഞ മാസം വന്നപ്പോൾ ഈ പുൽമേട്ടിനപ്പുറത്തുവച്ച് ഞങ്ങൾ ഒരു പുലിയെ കണ്ടിരുന്നു... സാധാരണ എല്ലാ ദിവസങ്ങളിലും ഇവിടെ ആനയും, മ്ലാവും, പോത്തുമൊക്കെ കാണാറുള്ളതാണ്... ചൂടുകൂടിയതുകൊണ്ട് എല്ലാം താഴെ കാട്ടിനുള്ളിലേയ്ക്ക് ഇറങ്ങിപ്പോയിക്കാണും" രവിയുടെ വാക്കുകളിൽ നിരാശ്ശ നിറഞ്ഞിരുന്നു.
താഴ്വരയിലെത്തിയ കാട്ടുപോത്തുകൾ...
വ്യൂ-പോയന്റിൽനിന്ന് വനഭംഗി പകർത്തുന്നതിനിടയിലാണ് ലെൻസിന്റെ മുൻപിലേയ്ക്ക് ഒരു കറുപ്പ് ഇറങ്ങിവന്നത്.... താഴ്വരയിലെ പുൽമേടുകൾക്കിടയിലൂടെ മേഞ്ഞുനടക്കുന്ന കാട്ടുപോത്തുകളുടെ ഒരു കൂട്ടമായിരുന്നു അത്.. മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞുനിന്നിരുന്ന അവ  പുറത്തേയ്ക്കിറങ്ങുവാനായി ഞങ്ങൾ കാത്തിരുന്നു... കാത്തിരിപ്പ് വിഫലമായില്ല.... അല്പസമയത്തിനകം ഒന്നിനുപിറകേ ഒന്നായി, ഗാംഭീര്യത്തോടെ ആറു കാട്ടുപോത്തുകൾ വിശാലമായ പുൽമേടിലേയ്ക്കിറങ്ങിവന്നു.. ക്യാമറയുടെ ദൂരപരിധിയ്ക്കപ്പുറമായിരുന്നെങ്കിലും അവയുടെ അനേകം ചിത്രങ്ങൾ ഞങ്ങൾ പകർത്തി.. പുല്ലിന്റെ കുറ്റികളും, മൺത്തിട്ടകളും കുത്തിയിളക്കിയും, പരസ്പരം പരാക്രമങ്ങൾ കാണിച്ചും, ഇടയ്ക്ക് പുല്ലുമേഞ്ഞും ചെരിഞ്ഞുകിടക്കുന്ന മൊട്ടക്കുന്നിലൂടെ അലസമായി താഴേയ്ക്ക് ഇറങ്ങിക്കൊണ്ടിരുന്ന അവയെ കൺകുളിർക്കെക്കണ്ട് ഏറെനേരം ഞങ്ങൾ ആ പാറപ്പുറത്ത് ചിലവഴിച്ചു.
പുൽമേടുകളിലൂടെ....
വെയിലിന്റെ ചൂട് കത്തിക്കയറുകയാണ്... ഒരു ചെറുതണൽ പോലുമില്ലാത്ത വ്യൂ-പോയിന്റിലെ കാത്തിരിപ്പ് അസഹ്യമായതോടെ ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.. അരക്കിലോമീറ്ററോളം മൊട്ടക്കുന്നുകളിലൂടെയും, മലഞ്ചെരിവുകളിലൂടെയും സഞ്ചരിച്ചശേഷം ഞങ്ങൾ ഇരുണ്ടുകിടക്കുന്ന കാടിന്റെ ശീതളിമയിലേയ്ക്ക് പ്രവേശിച്ചു.... ഉച്ചവെയിലിന്റെ കനത്ത ചൂട്, എല്ലാവരേയും അവശരാക്കുവാൻ തുടങ്ങിയിരുന്നതിനാൽ, അല്പനേരത്തെ യാത്രയ്ക്കുശേഷം മറിഞ്ഞുകിടക്കുന്ന ഒരു കൂറ്റൻ മരത്തിലേയ്ക്ക് ഞങ്ങൾ വീണ്ടും വിശ്രമിയ്ക്കുവാനിരുന്നു.... തൊട്ടടുത്തുകൂടി ഒരു ചെറിയ നീർച്ചാൽ ഒഴുകിവരുന്നുണ്ട്..... കാട്ടരുവിയിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകി ക്ഷീണമകറ്റി, ഓറഞ്ചല്ലികളുടെ മധുരം നുകർന്ന് എല്ലാവരും മരത്തണലുകളിലേയ്ക്ക് നീണ്ടുനിവർന്ന് കിടന്നപ്പോൾ ഞാനും, രവിയും, അനീഷും കാടിനുള്ളിലേയ്ക്ക് നടന്നു.
കാറ്റിലൊഴുകും കാട്ടുപുല്ലുകൾ....
കാടിന്റെ ഈ ഭാഗങ്ങളിൽ കാട്ടുമുരിയ്ക്കുകൾ പൂത്തുലഞ്ഞുനിൽക്കുകയാണ്.. ഒപ്പം ഇലവുമരങ്ങളും... എവിടെയും തേൻ കുടിയ്ക്കുവാൻ എത്തുന്ന കിളികളുടെ ബഹളം മാത്രം..കാക്കത്തമ്പുരാട്ടിയും, കാട്ടുമൈനകളും, കാടുമുഴക്കിയും, മാടത്തകളും.... തേൻ നുകർന്ന് മത്തുപിടിച്ച അവ കാടിനെ ഇളക്കിമറിയ്ക്കുകയാണ്.. അപരിചിതരുടെ ചുവടനക്കങ്ങൾ കേട്ടിട്ടാകാം ഇടയ്ക്ക് അവ നിശബ്ദരാകും.... നാലോ, അഞ്ചോ നിമിഷം മാത്രം നീളുന്ന നിശബ്ദത... വീണ്ടും അവയുടെ ബഹളങ്ങൾകൊണ്ട് കാട് ശബ്ദമുഖരിതമാകും.... ഓരോ ജാതി കിളികളേയും നിരീക്ഷിച്ച് മുൻപോട്ട് നീങ്ങുമ്പോഴാണ് രവി ആ കാഴ്ച ചൂണ്ടിക്കാണിച്ചത്.. ഉടുമ്പ്... സമീപത്തെ ചെരിഞ്ഞുകിടക്കുന്ന ഒരു മരത്തിൽ ഞങ്ങളെ ഗൗനിയ്ക്കാതെ വെയിൽ കാഞ്ഞിരിയ്ക്കുകയാണ്... ഞങ്ങൾ ഏറെ അടുത്ത് ചെന്നിട്ടും യാതൊരു ഭയവും പ്രകടിപ്പിയ്ക്കാതിരുന്നതോടെ രവി പതിയെ മരത്തിലേയ്ക്ക് കയറി.. " " അതിന് എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ ആളനക്കം അറിഞ്ഞാലുടൻ അത് മരത്തിന്റെ മുകളിലെത്തേണ്ടതാണ്" അനീഷ് പറഞ്ഞു.... ഇതിനിടെ ഒരു കൈകൊണ്ട് ഉടുമ്പിന്റെ തലയും, മറുകൈ കൊണ്ട് വാലും കൂട്ടിപ്പിടിച്ച് രവി താഴേയ്ക്ക് ഇറങ്ങിയിരുന്നു..കുറഞ്ഞത് 10 കിലോയെങ്കിലും തൂക്കമുണ്ടാകണം... മതികെട്ടാൻ ചോലയ്ക്കടുത്തുള്ള കോട്ടമലയിലും, കൊടൈക്കനാലിലെ വഞ്ചിമലയിലുംവച്ച് അനേകം ഉടുമ്പുകളെ അടുത്തുകണ്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഇതിനെ അപേക്ഷിച്ച് തീരെ ചെറുതായിരുന്നു. രവിയുടെ കൈയിൽനിന്നും ഉടുമ്പിനെ വാങ്ങി ഞങ്ങൾ കൂട്ടുകാരുടെ അടുത്തേയ്ക്ക് നടന്നു.
ഉടുമ്പ്.. തമിഴ്നാട്ടിലെ വഞ്ചിമലയിൽനിന്നും പകർത്തിയത്.
കൊമോഡോ ഡ്രാഗൺ എന്ന ഭീമൻ പല്ലികളുടെ കുടുംബത്തിൽപ്പെട്ട ഉടുമ്പുകളെ കേരളത്തിലെ ജനവാസമേഖലകളിൽപ്പോലും കാണുവാൻ സാധിയ്ക്കാറുണ്ട്.. പ്രധാനമായും രണ്ടുതരം ഉടുമ്പുകളാണ് നമ്മുടെ കാടുകളിൽ കാണാറുള്ളത്.. പൊന്നുടുമ്പും, മണ്ണുടുമ്പും (കാരുടുമ്പ്). ഇതിൽ മണ്ണൂടുമ്പ് എന്നയിനം കേരളത്തിലെ കാടുകളിൽനിന്നും ഇന്ന് ഏതാണ് നാമാവശേഷമായിക്കഴിഞ്ഞിരിയ്ക്കുന്നു. നിയന്ത്രണമില്ലാത്ത വേട്ടയാടൽഭീഷണി, ഇന്ന് പൊന്നുടുമ്പിന്റെ നിലനിൽപ്പിനേയും സാരമായിത്തന്നെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്...

തികച്ചും വ്യത്യസ്തമായ മുകൾനിര പല്ലുകളോടുകൂടി ജനിയ്ക്കുന്ന ഒരു ജീവികൂടിയാണ് ഉടുമ്പ്. ഈ പല്ലുകളാണ് ഇരപിടിയ്ക്കുവാനും, ശത്രുക്കളിൽനിന്നും രക്ഷനേടുവാനും ഉടുമ്പിനെ സഹായിയ്ക്കുന്നത്.. അതിനോടൊപ്പം നീളമുള്ള കടുപ്പമേറിയ നഖങ്ങളും, ചാട്ടവാറുപോലെ നീണ്ട വാലും പ്രധിരോധത്തിനായി ശത്രുക്കൾക്കെതിരെ ഉടുമ്പ് ഉപയോഗിയ്ക്കാറുണ്ട്. കൈയിൽ തൂക്കിപ്പിടിച്ച് നടക്കുവാൻ തുടങ്ങിയപ്പോൾത്തന്നെ ഉടുമ്പ് പരാക്രമവും ആരംഭിച്ചുതുടങ്ങി.. ഏറെ  അകറ്റിപ്പിടിച്ചിട്ടും നഖങ്ങൾ നീട്ടി മാന്തുവാനായിരുന്നു അതിന്റെ ശ്രമം..
ഇവനാണ് തേക്കടിയിലെ ഉടുമ്പ്...
പീറ്ററിനായിരുന്നു ഉടുമ്പിനേക്കണ്ടപ്പോൾ ഏറെ അത്ഭുതം....  ചിത്രങ്ങളിൽ പല തവണ കണ്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ് പീറ്റർ,  ഒരു ഉടുമ്പിനെ നേരിട്ടുകാണുന്നത്. ഉടുമ്പിനെ കൈയിലെടുത്ത് കുറച്ച് ചിത്രങ്ങൾ എടുക്കണമെന്ന ആഗ്രഹത്തോടെ ഒന്നുരണ്ടു തവണ ശ്രമം നടത്തിയെങ്കിലും, ഉടുമ്പ് വീണ്ടും പരാക്രമം  ആരംഭിച്ചതോടെ പീറ്റർ ശ്രമം ഉപേക്ഷിച്ചു..

എല്ലാവരും അടുത്ത് കണ്ടാസ്വദിച്ചുകഴിഞ്ഞപ്പോൾ രവി ഉടുമ്പിനെ പരിശോധിച്ചു.. പക്ഷേ പുറമേ കുഴപ്പങ്ങളൊന്നും തന്നെ കാണുവാനില്ല. ഒരു പക്ഷേ വെയിൽ  കാഞ്ഞിരുന്നതുകൊണ്ടാകണം ഞങ്ങളെ കണ്ടിട്ടും ഓടുവാനുള്ള ശ്രമങ്ങളൊന്നും നടത്താതിരുന്നത്. പരിശോധനയ്ക്കുശേഷം അരുവിയുടെ കരയിലേയ്ക്ക് രവി, ഉടുമ്പിനെ സ്വതന്ത്രനാക്കി...  നാലഞ്ചു നിമിഷം അവിടെ അമാന്തിച്ചിരുന്നശേഷം പെട്ടന്ന് കുറ്റിച്ചെടികൾക്കിടയിലേയ്ക്ക് അത് പാഞ്ഞു.

ഉടുമ്പ് കാടിനുള്ളിലേയ്ക്ക് മറഞ്ഞ്, അല്പസമയത്തിനുശേഷം വിശ്രമം അവസാനിപ്പിച്ച് ഞങ്ങൾ യാത്ര തുടർന്നു.. ഉച്ചയ്ക്കുമുൻപായി അഞ്ചുരുളിയിലെ  ക്യാമ്പിൽ എത്തിച്ചേരണം. അതിനായി ഇനിയും ഏറെദൂരം ഞങ്ങൾക്ക് പിന്നിടേണ്ടതുണ്ട്... അവിടെയാണ് ഉച്ചഭക്ഷണവും, അടുത്ത വിശ്രമവും.. ഞങ്ങൾ നടപ്പിന്റെ വേഗത വർദ്ധിപ്പിച്ചു.. 
.............................................................................................................................................................
 

34 comments:

 1. പെരിയാർ കാടുകളിലൂടെ, കാടിനെ അറിയുവാനായി നടത്തിയ, ഒരു പകൽമുഴുവൻ നീണ്ടുനിന്ന വനയാത്രയുടെ വിവരണം...

  ReplyDelete
 2. ഗ്രേറ്റ്. പതിവ് പൊലെ നല്ല വിവരണവും ചിത്രങ്ങളും. ഇത്രെം ദൂരം നടക്കണമെന്ന് പറയുമ്പോളാണു വയ്യാത്തത്.

  ReplyDelete
  Replies
  1. മുല്ല... കാട്ടിൽക്കൂടിയുള്ള യാത്രയാകുമ്പോൾ നടക്കാതെ നിവൃത്തിയില്ലല്ലോ... പക്ഷേ നടക്കുമ്പോൾ അല്പം ക്ഷീണമൊക്കെ തോന്നുമെങ്കിലും, യാത്രയുടെ സുഖമൊന്ന് വേറെ തന്നെ.. താത്പര്യമുള്ളവർക്കായി ചെറിയ യാത്രകളൊക്കെ ഉണ്ട്... 2-3 മണിയ്ക്കൂറുകൾ മാത്രം നീളൂന്ന യാത്രകൾ.. ആ യാത്രകളും മനോഹരവും, ആസ്വാദ്യകരവുമാണ്...
   ഒരിയ്ക്കൽ ഒന്നു നടന്നുനോക്കൂ... :)

   Delete
 3. ഹാവൂ, ഞാനില്ലേ ഇത്രേം വല്യ മല കേറാന്‍

  നിങ്ങള് മലകേറി ഫോട്ടോയും വിവരണങ്ങളുമൊക്കെ പോസ്റ്റ് ചെയ്യൂ
  ഞങ്ങള് വന്ന് വായിച്ചോളാം

  ReplyDelete
  Replies
  1. അജിത്തേട്ടാ.. ഈ മലകയറ്റമൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.. ഇനി നാട്ടിൽ വരുമ്പോൾ നമുക്ക് ഒന്ന് നടന്നുനോക്കാം... ഒരു ദിവസം മുഴുവൻ നടക്കണ്ട.... 2-3മണിയ്ക്കൂറുകൾ മാത്രമുള്ള യാത്രകൾ... എല്ലാ കാര്യങ്ങളും ഞാൻ അറേഞ്ച് ചെയ്തോളാം.. നടക്കാൻ വന്നാൽ മാത്രം മതി... :)

   Delete
 4. ഇതടക്കം മൂന്ന് പോസ്റ്റുകൾ വായിക്കാൻ കിടക്കുന്നു. നല്ല സമയമെടുത്ത് മനസ്സിരുത്തിയല്ലാതെ ഷിബുവിന്റെ യാത്രകൾ വായിക്കാൻ എനിക്കാവില്ല. ഉടൻ വന്ന് വായിക്കുന്നതായിരിക്കും.

  ReplyDelete
  Replies
  1. നന്ദി മനോജ്... ഇതാണ് എന്റെയും പ്രശ്നം... എഴുത്തും, ഓഫീസ് തിരക്കുകളും കഴിയുമ്പോൾ വായിയ്ക്കുവാൻ സമയം കിട്ടുന്നില്ല... വാങ്ങിവച്ച ബുക്കുകളൂം, ബ്ലോഗുകളുമെല്ലാം വായിയ്ക്കാൻ കിടക്കുന്നു... ഇനി എനിയ്ക്കും അതിന് സമയം കണ്ടെത്തണം.. :)

   Delete
 5. കൊള്ളാം..ഉടുമ്പിനെക്കണ്ടാൽ മുതലയെപ്പോലെ ഉണ്ടല്ലോ ?

  കേരളത്തിലെ കാടുകൾ എന്ന പോരിൽ ഷിബുവിനൊരു പുസ്തകമിറക്കാം :) പിന്നെ ഷിബു അഗസ്ത്യകൂടത്തിൽ പോയിട്ടുണ്ടോ ?
  ആ തോണിക്കാരന്റെ ചിത്രത്തിന് ശെരിക്കും ഒരു പ്രൊഫഷണൽ ടച്ച് !

  ReplyDelete
 6. പഥികൻ.. ഉടുമ്പ് ഒരു ചെറുമുതല തന്നെ എന്ന് പറയാം.. പക്ഷേ പാവമാണ് കേട്ടോ... മുതലയേപ്പോലെ ഓടിയ്ക്കുവാനൊന്നും വരില്ല...

  ഇനിയും എത്രയോ സ്ഥലങ്ങൾ അവശേഷിയ്ക്കുന്നു... ഇപ്പോൾ എഴുത്തിനേക്കാൾ താത്പര്യം വന്യ്ജീവി ഫോട്ടോഗ്രഫിയിലാണ്... അത് നന്നായി മുൻപോട്ട് പോകുന്നു.. അതിനായി നടത്തുന്ന യാത്രകൾ സുഹൃത്തുക്കൾക്കായി പങ്കു വയ്ക്കുന്നു എന്നുമാത്രം..

  അഗസ്ത്യകൂറ്റത്തിൽ ഞാൻ പോയിട്ടില്ല.. പോകണമെന്ന് കരുതുവാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.. പക്ഷേ ഉടനെയൊന്നും സാധിയ്ക്കുമെന്ന് തോന്നുന്നില്ല.. :)

  ReplyDelete
 7. Kollam. Ishtapettu. Nice photos and naration.

  www.rajniranjandas.blogspot.in

  ReplyDelete
 8. ആ സുഖത്തിൽ വിശേഷങ്ങളും പറഞ്ഞിരിയ്ക്കുമ്പോൾ അനീഷ് പെട്ടന്ന് കൈയുയർത്തി... "മിണ്ടരുത്, എന്തോ വരുന്നുണ്ട്" എല്ലാവരും നിശബ്ദരായപ്പോൾ കാടിളകുന്ന ശബ്ദം വ്യക്തമായി കേട്ടുതുടങ്ങി... ചുള്ളിക്കമ്പുകൾ ഞെരിഞ്ഞൊടിയുന്നു... പാറക്കെട്ടിന്റെ മറുവശത്തെ അരുവിയിൽനിന്നുമാണ് ശബ്ദം ഉയരുന്നത്... അനീഷിനുപിന്നാലെ എല്ലാവരും പാറക്കൂട്ടത്തിന്റെ മുകളിലേയ്ക്ക് കയറി.. "കാട്ടുപോത്ത്, ദാ അവിടെ..... ഒറ്റയാൻ പോത്താണ്.

  പതിവ് പോലെ മനോഹരം,ഉദ്വേഗജനകം,മനസ്സിലൊരു കുളിർമ്മ പകരുന്നത്.
  അതിലെ പലചിത്രങ്ങളും എടുത്ത കൂട്ടത്തിൽ ആ സംഘാംഗങ്ങളുടെ ഒന്നിച്ചുള്ളൊരു സ്നാപ് എടുത്തിടാമായിരുന്നു.
  ആ രണ്ടു തരം ഉടുമ്പിന്റേയും,കാട്ടുപോത്തിന്റെ അസ്ഥികൂടത്തിന്റേയും,തത്തയുടേയും എല്ലാം ചിത്രങ്ങൾ വളരെ മനോഹരമായി തോന്നി. പിന്നെ സർവ്വശക്തൻ എന്നഹങ്കരിക്കുന്ന മനുഷ്യരുടെ അത്തരം സന്ദർഭങ്ങളിലെ നിസ്സഹായതയും വളരെ സത്യസന്ധതയോടെ വരച്ചു കാട്ടി.
  മനസ്സിനെ അവിടേക്കെത്താൻ വളരേയധികം പ്രേരിപ്പിക്കുന്ന വിധത്തിലുള്ള ഒരു യാത്രാ വിവരണം.
  ആശംസകൾ.

  ReplyDelete
  Replies
  1. സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും, മനസ്സുതുറന്നുള്ള ഈ പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി മനു....
   സംഘാംഗങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ കൈവശം ഉണ്ട്.. അത് ഈ വിവരണത്തിന്റെ അടുത്ത ഭാഗത്തിൽ ഇടുന്നതാണ്..

   Delete
 9. നല്ല വിവരണം..ഒപ്പം ചിത്രങ്ങളും..കുമളിയും തേക്കടിയുമൊക്കെ വളരെ അടുത്താണ്. പക്ഷെ ഈ 18 കിലോമീറ്റര്‍ അല്പം കടുപ്പമാണ് :-)

  ചിന്നാര്‍ യാത്ര രണ്ടാം ഭാഗം ഇറങ്ങിയത് ഇന്നാണ് കാണുന്നത്.വായിച്ചു നോക്കട്ടെ.......

  ReplyDelete
  Replies
  1. നന്ദി ഹാഷിക്... 18 കിലോമീറ്റർ അത്ര വലിയ ദൂരമൊന്നുമല്ല.. കാടിന്റെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോൾ ദൂരം അറിയുകയേയില്ല... താത്പര്യമുണ്ടെങ്കിൽ ഇനി നാട്ടിൽ വരുമ്പോൾ നമുക്ക് ഒന്നിച്ചൊരു യാത്ര പോകാം...

   Delete
 10. കാടിന്റെ തുടിപ്പ് വേണ്ടുവോളം പകരന്നു തന്ന കുറിപ്പ്. വളരെ ഇഷ്ടമായി ..............സസ്നേഹം

  ReplyDelete
  Replies
  1. നന്ദി യാത്രികൻ... തീർന്നില്ല ഇനിയുമുണ്ട്... :)

   Delete
 11. പ്രിയപ്പെട്ട ഷിബു,

  കഴിഞ്ഞ ജന്മം കാടിന്റെ മകനായിരുന്നുവോ? :)

  സാഹസികമായ വനയാത്രകള്‍ എന്ത് മാത്രം ഷിബു ആസ്വദിക്കുന്നു എന്നറിയുമ്പോള്‍, ആ പ്രകൃതി സ്നേഹം അറിയുന്നു.

  എന്നെ വല്ലാതെ മോഹിപ്പിച്ചത്‌, ഈ ചങ്ങാട യാത്ര !ഇങ്ങിനെയൊരു യാത്ര എന്റെ സ്വപ്നനമാണ്.

  ആ നീല തത്തയെ എനിക്ക് തരാമോ?:) എന്തൊരു ചന്തമാണ് !

  ഇനിയും ഇനിയും ഒരു പാട് യാത്രകള്‍ ചെയ്യാന്‍ സാധിക്കട്ടെ !വരികള്‍ ഹൃദ്യം !ചിത്രങ്ങള്‍ അതിമനോഹരം !

  മനോഹരമായ ഒരു ക്രിസ്മസ് കൂടി !

  അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. ... :)
   കഴിഞ്ഞ ജന്മം കാടിന്റെ മകനായിരുന്നുവോ? :) എനിയ്ക്കും ഒരു സംശയം ഉണ്ട്.. ചെറുപ്പം മുതലേ തുടങ്ങിയ പരിപാടി ആണിത്...ഒരു അവധി കിട്ടിയാൽ ഉടൻ അടുത്തുള്ള കാടുകളിൽ കറങ്ങാൻപോകും...വീടിന് അടുത്താണെങ്കിൽ അടുത്ത് കാടിന് യാതൊരു പഞ്ഞവുമില്ല.. അതുകൊണ്ട് വീട്ടുകാരും ഇത് ചോദിയ്ക്കുവാൻ തുടങ്ങിയിട്ട് കാലം കുറെയായി...
   ഇന്നും ഡൽഹിയിൽനിന്നെത്തിയാൽ കുറഞ്ഞത് 4-5 ദിവസം വനവാസമാണ്.. എല്ലാം നിങ്ങൾക്കായി കുറിച്ചിടണമെന്നുണ്ട്.. പക്ഷേ സമയമാണ് പ്രശ്നം...

   തേക്കടിയിൽ ചെന്നാൽ ചങ്ങാടയാത്ര തരപ്പെടും... രസകരം... അല്പം സാഹസികവും...

   Delete
 12. ഉടുമ്പിനെ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര വലുത് കാണുമെന്നു കരുതിയിട്ടെ ഇല്ലാ ..
  പല്ലിയുടെ വലുത് എന്നെ ഞാന്‍ കരുതിയിട്ടുള്ളൂ ..
  (വഞ്ചിമലയിൽനിന്നും പകർത്തിയ ഫോട്ടോയില്‍ കണ്ട വലുപ്പം)
  ഇത് മുതല കുഞ്ഞിനെ പോലെ ഉണ്ടല്ലോ ഷിബൂ !!
  വളരെ ആസ്വദിച്ചുള്ള മലകയറ്റവും നല്ല വിവരണവും , മനോഹരമായ ചിത്രങ്ങളും ഒക്കെയായപ്പോള്‍ കൂടെ മലകയറിയ ഒരു പ്രതീതിയുണ്ട് ...

  ReplyDelete
  Replies
  1. ഞങ്ങൾ തേക്കടിയിൽ കണ്ടതിലും വലിയ ഉടുമ്പുകളൂണ്ട് കാട്ടിൽ... നല്ല വലിപ്പമുള്ളത്... ഒരു കൊച്ചുമുതല ആണെന്നുതന്നെ പറയാം... പക്ഷേ വഞ്ചിമലയിലെ ഉടുമ്പുകൾ എല്ലാം വളരെ ചെറുതാണ്...

   Delete
 13. കാടറിവിന്റെ ഉള്ളറിവുകൾ നാടിന് ഇതുപോൽ
  രസാവഹമായി പങ്കുവെക്കുവാൻ ഷിബുവിന്റെ തൂലികക്കും ,
  ക്യാമറക്കുമുള്ള കഴിവുകൾ അപാരം തന്നെ ..!

  ReplyDelete
  Replies
  1. നന്ദി മുരളിയേട്ടാ... ഈ കാട്ടിൽകയറ്റം പണ്ടുമുതലേ ശീലിച്ചതാണ്... അതിന്റെ സുഖം മറ്റെവിടെയാണ് നമുക്ക് അനുഭവിയ്ക്കുവാനാകുക.. പിന്നെ ഇതൊക്കെ വായിച്ച് കാടിനെ സ്നേഹിയ്ക്കുവാൻ ആർക്കെങ്കിലും സാധിച്ചാൽ ഞാൻ കൂടുതൽ സംതൃപ്തനാകും..... :)

   Delete
 14. ഏട്ടാ നേരത്തെ വന്നു വായിച്ചിരുന്നു...വനവാസത്തിലായതുകൊണ്ട് അഭിപ്രായം പറയാതെ പോയി.. :പ്പ്

  പതിവുപോലെ രസകരമായ ശൈലിയില്‍ പറഞ്ഞു..വനയാത്രയുടേയും മലകയറ്റത്തിന്‍റേയും സുഖവും കഷ്ടപ്പാടും കൂടെ നടന്നറിഞ്ഞതുപോലെ..ആ തത്തയെ ശെരിക്കും ഇഷ്ടായി..:)ഉടുമ്പിനെക്കണ്ടൊന്നു ഞെട്ടീന്ന് പറയാം ട്ടോ..എന്താ വലിപ്പം..

  ReplyDelete
 15. ഒറ്റ വാക്കില്‍ മറുപടി ...." കിടിലന്‍" ""
  ഇനിയുള്ള യാത്രകളില്‍ എന്നെ കൂട്ടാമെന്ന് പറഞ്ഞിട്ട്?

  ReplyDelete
 16. കാട്ടിലെ തണുപ്പ് ഷിബുവിന്റെ ഓരോ വരികളിലും നിറഞ്ഞു നിന്നു ..

  ഹൃദ്യമായ വിവരണം... ഒരുപാട് ആസ്വദിച്ചു.. അസൂയ ആയി.. കുയിന്തായി .. പിരാന്തായി.. ..!!

  ReplyDelete
 17. ങ്ങള് ഭയങ്കര ഫോട്ടോ ഗ്രാഫര്‍ തന്നിഷ്ടാ

  നല്ല വിവരണം..ഒപ്പം ചിത്രങ്ങളും..

  ReplyDelete
 18. ഷിബു ഞാന്‍ ഇവിടെ നേരത്തെ വന്നെങ്കിലും ഒരു കമന്റു വീശി എന്നായിരുന്നു കരുതിയത്‌
  കമന്റുകളില്‍ പരതിയെങ്കിലും കണ്ടില്ല. ക്ഷമിക്കുക, നയനമനോഹര കാഴ്ചകളും വിവരണങ്ങളും
  വായിച്ചു ഒരു നന്ദി വാക്ക് പോലും പറയാതെ പോയതില്‍ അതിയായ ഖേദം ഇവിടെ അറിയിക്കട്ടെ.
  ചിത്രങ്ങള്‍ പതിവുപോലെ അതിമനോഹരം, ഒപ്പം കുറികളും.
  ഒരു മരപ്രേമിയായ ഈയുള്ളവന് മരപ്രാവിനെത്തേടി........ പടം വളരെ ഇഷ്ടായി. ഡൌണ്‍ ലോഡ് ചെയ്തിട്ടുണ്ട്. നന്ദി .
  പുതിയ വിശേഷങ്ങള്‍ യാത്രാ കുറിപ്പുകള്‍ ഉടനെ പ്രതീക്ഷിക്കാം അല്ലെ! അതോ തിരക്കിന്റെ ഊളിയില്‍
  പെട്ട് പോയോ എന്തോ! എന്തായാലും അതിനിടയിലും എന്റെ ബ്ലോഗിലോന്നെത്തിനോക്കാനും ഒരു
  അഭിനന്ദനക്കുറിപ്പ് എഴുതാനും സമയം കണ്ടെത്തിയതില്‍ അകൈതവമായ നന്ദി അറിയിക്കുന്നു
  അടുത്ത വിവരണ ദൃശ്യങ്ങള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു. ഇത് ചിരിയോ ചിരിയില്‍ ഉള്‍പ്പെടുത്തേണ്ട കേട്ടോ! അല്‍പ്പം സീരിയസ്സ് തന്നെ,. വേഗം ആകട്ടെ.
  ആശംസകള്‍

  ReplyDelete
 19. ഇന്നലെ ഒരു സുഹൃത്തുമായി സംസാരിക്കുമ്പോള്‍ ഷിബു എന്ന യാത്രാവിവരണക്കാരന്‍ സംസാരത്തിലേക്ക് കയറി വന്നു . അതായത് മികച്ച വിവരണം ഒരുക്കുന്ന എഴുത്തുക്കാരന്‍ എന്ന നിലക്ക് തന്നെ. എഴുത്തിനെ വളരെ ആധികാരികമായി സമീപ്പിക്കുന്ന ആള് എന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തു .
  ആ സംസാരം വായിക്കാതെ പോയ ഈ പോസ്റ്റിലേക്ക് എത്തിച്ചു . എന്നും പറയുന്നതില്‍ നിന്നും മാറി ഒന്നും പറയാനില്ല ഷിബൂ . അത്രക്കും മനോഹരം .
  ഈ നല്ല ചിത്രങ്ങള്‍ ഭംഗി കൂട്ടുന്നു .
  എഴുത്തില്‍ ഒരു ഇടവേള ആയല്ലോ . വീണ്ടും വേഗത്തില്‍ തിരിച്ചു വരുമെന്ന് കരുതുന്നു .
  പിന്നെ അന്ന് സംസാരിച്ച പോലെ നാട്ടില്‍ നിന്ന് കാണാന്‍ പറ്റാത്ത വിഷമവും . ഏതെങ്കിലും ഒരു യാത്രയില്‍ നമുക്ക് കണ്ടുമുട്ടാം അല്ലേ ഷിബൂ ?

  ReplyDelete
 20. നല്ലൊരു യാത്രാവിവരണം.ഫോട്ടോകളും ഇഷ്ടപ്പെട്ടു.
  കാട്ടിലൂടെ യാത്രചെയ്ത പ്രതീതി!
  ആശംസകള്‍

  ReplyDelete
 21. രണ്ടാം ഭാഗം വായിക്കാനെടുത്തപ്പോഴാണ് ഈ ലിങ്ക് കണ്ടത്. വന്നു, വായിച്ചു. ഇഷ്ടപ്പെട്ടു. ഇനി ലേറ്റസ്റ്റിലേയ്ക്ക് പോവട്ട്

  ReplyDelete
 22. Dear Shibu, excellent write up, i lov your briefings and photos. i too like travelling through forests. hope we can one day travel together.
  regards
  Manoj

  ReplyDelete
 23. ഷിബു ചേട്ടാ തകർത്തു , നേരിട്ട് യാത്ര ചെയ്ത അനുഭവം

  ReplyDelete
 24. ഇത്ര നാളും സെര്‍ച്ച് ചെയ്തിരുന്ന ഒരു ബ്ലോഗില്‍ ഇന്നെന്റെ കാല്‍ കുരുങ്ങി. വളരെ നല്ലൊരു യാത്രാ ബ്ലോഗ്. വളരെ വളരെ നന്നായിരിക്കുന്നു. അവതരണം സൂപ്പര്‍ര്‍ . . .ഒരായിരം അഭിനന്നങ്ങള്‍.

  ReplyDelete