Thursday, October 4, 2012

വരയാടുകൾ മേയുന്ന മലനിരകൾ...

  
'കുറിഞ്ഞിപൂക്കുന്ന താഴ്വരയിലൂടെ..' എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ് 'വരയാടുകൾ മേയുന്ന മലനിരകൾ'. ഒന്നാം ഭാഗത്തിലേയ്ക്ക് പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 
..............................................................................................................................................................

  രാജമലയിലെ കാഴ്ചകളിലേയ്ക്ക് കടക്കുന്നതിനുമുൻപായി അല്പസമയം വിശ്രമിച്ച്  മലകയറ്റത്തിന്റെ ക്ഷീണം തീർക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.  ഇൻഫോർമേഷൻ  സെന്ററിന്റെ പിൻവശത്തായി ഇക്കോ-ടൂറിസം ഡവലപ്മെന്റ് കമ്മറ്റിയുടെ മേൽനോട്ടത്തിലുള്ള ഒരു ചെറിയ ഷോപ്പ് പ്രവർത്തിയ്ക്കുന്നുണ്ട്. സന്ദർശകരുടെ  ആവശ്യങ്ങളെ  മുൻകൂട്ടി കണ്ട്  സംവിധാനം ചെയ്തിരിയ്ക്കുന്ന ഇവിടെ ചായ, കോഫി, ഐസ്‌ക്രീം, ശീതളപാനീയങ്ങൾ എന്നിവ ലഭ്യമാണ്. ഞങ്ങൾ അവിടേയ്ക്ക് നടന്നു... ഷോപ്പിന്റെ  ചുറ്റുപാടുകൾക്ക് കുളിർമ്മ പകർന്ന്,  പന്തലിച്ചുവളരുന്ന  ഒരു മരത്തിന്റെ തണലിലെ സുഖകരമായ  അന്തരീക്ഷത്തിൽ, ഒരു ഫ്രൂട്ടിയുടെ മധുരം നുകർന്ന് അല്പനേരം ഞങ്ങൾ ഇരുന്നു. താഴ്വരയിൽ നിന്നും ഉയർന്നു വരുന്ന കോടമഞ്ഞിനടിയിൽ മയങ്ങിക്കിടക്കുന്ന, കണ്ണൻ തേവൻ മലനിരകളുടെ കാഴ്ച ആസ്വദിച്ചു വിശ്രമിയ്ക്കുന്ന സ്വദേശികളും, വിദേശികളുമായ ധാരാളം സന്ദർശകർ ആ മരച്ചുവട്ടിൽ ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നു. അതോടൊപ്പം രാജമലയിലേയ്ക്ക് എത്തിച്ചേരുന്നവരും, മടങ്ങിപ്പോകുവാനായി കാത്തുനിൽക്കുന്നവരും ഉൾപ്പടെയുള്ള  സന്ദർശകരുടെ തിക്കും തിരക്കും... 

ഒരു സംരക്ഷിത വന്യമൃഗസങ്കേതമെന്ന നിലയിൽ സ്ഥിതിചെയ്യുന്ന രാജമലയുടെ പരിസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളും, വനഭൂമിയുടെ ശാന്തതയ്ക്ക് കളങ്കം വരുത്തുന്ന ബഹളം നിറഞ്ഞ അന്തരീക്ഷവും സൃഷ്ടിയ്ക്കുവാൻ, അനിയന്ത്രിതമായി വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന ഈ സന്ദർശക ബാഹുല്യം,  കാരണമായിത്തീരുന്നുവെന്ന് കുറ്റപ്പെടുത്താതെ നിവൃത്തിയില്ല....
മൂന്നാറിൽ ട്രെയിൻ എത്തിയപ്പോൾ. കടപ്പാട് : ഇൻഫോർമേഷൻ സെന്റർ രാജമല.fff
അല്പനേരം, കണ്ണൻതേവൻ മലനിരകളുടെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ചശേഷം, ഞങ്ങൾ ഇൻഫോർമേഷൻ സെന്ററിനുള്ളിലേയ്ക്ക് കയറിയതോടെ, അരുൺ സുഹൃത്തുക്കളായ വാച്ചർമാരുടെ സമീപത്തേയ്ക്ക്  നടന്നു. ഇൻഫോർമേഷൻ  സെന്ററിനുള്ളിലെ ഈ ചെറിയ മുറിയ്ക്കുള്ളിൽ വരയാടുകളുടെ ജീവിതചക്രത്തേക്കുറിച്ചുള്ള വിവരണങ്ങളും, ഇരവികുളം വന്യജീവിസങ്കേതത്തിന്റെ വിശദമായ ചരിത്രവും, ഭൂപ്രകൃതിയും, നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന മലനിരകൾ ഉൾപ്പടെയുള്ള, നാഷണൽപാർക്കിൽ നിന്നും പകർത്തിയ മനോഹരങ്ങളായ ചിത്രങ്ങളുമാണ് കാഴ്ചക്കാർക്കായി സജ്ജമാക്കിയിരിയ്ക്കുന്നത്.
കാട്ടുപോത്തിന്റെ തലയോട്.
     ജനാലയോട് ചേർന്നുള്ള സ്റ്റാന്റിൽ കാട്ടുപോത്തിന്റെയും, വരയാടിന്റെയും, മ്ലാവിന്റെയും തലയോടുകൾ. അവയുടെ സമീപത്തായി, പരിസ്ഥിതിയോടുള്ള സ്നേഹം അല്പമെങ്കിലും മനസ്സിൽ കാത്തു  സൂക്ഷിയ്ക്കുന്ന  ഏതൊരു കാഴ്ചക്കാരനെയും  വേദനിപ്പിയ്ക്കുന്ന - മനുഷ്യൻ പ്രകൃതിയോട് നടത്തിക്കൊണ്ടിരിയ്ക്കുന്ന ക്രൂരതയുടെ ആഴമെത്രയെന്ന് വ്യക്തമാക്കിത്തരുന്ന ഒരു ചിത്രമുണ്ട്..... ഏതോ മലയുടെ അടിവാരത്തിൽ വെടിയേറ്റു ചെരിഞ്ഞ ഒരു കാട്ടുകൊമ്പന്റെ ചിത്രം.... വെട്ടിപ്പൊളിച്ച മസ്തകത്തിൽനിന്നും മുറിച്ചുമാറ്റപ്പെട്ട തുമ്പിക്കൈ.... ചിതറിക്കിടക്കുന്ന മാംസക്കഷണങ്ങൾ.... ചുവന്ന പൂവിതളുകൾപോലെ തെറിച്ചു വീണ ചോരത്തുള്ളികൾ ചേർന്നൊഴുകിയ നിണച്ചാലുകൾ..... അത്യാഗ്രഹിയായ ഏതോ കാട്ടുകൊള്ളക്കാരന്റെ തോക്കിൻകുഴലിനു മുൻപിൽ അടിയറവു പറയേണ്ടിവന്ന ഒരു ഗജരാജന്റെ ദയനീയമായ അവസാനവും, പ്രകൃതിയുടെ ഉപാസകനായി മാറേണ്ട മനുഷ്യൻ, ക്രൂരതയുടെ മൂർത്തീഭാവമായി മറ്റു ജീവജാലങ്ങളുടെ ചുടുചോരയ്ക്കായി ദാഹിച്ചുനടക്കുന്ന കാഴ്ചയുടെ ഉത്തമ ഉദാഹരണവുമായി ഈ  ചിത്രം സന്ദർശകരുടെ കൺമുൻപാകെ നിറഞ്ഞുനിൽക്കുന്നു.
കടപ്പാട് : ഇൻഫോർമേഷൻ സെന്റർ രാജമല.
സുന്ദരവും, ശാന്തവുമായ വനാന്തരങ്ങളുടെ ഉള്ളറകളിൽ, കൂട്ടുകാരുമൊത്ത് മദിച്ചുനടന്നിരുന്ന ഈ കാട്ടുകൊമ്പന്മാരുടെ ജീവിതം ഇന്ന് തികച്ചും  അരക്ഷിതാവസ്ഥയിലായിക്കഴിഞ്ഞിരിയ്ക്കുന്നു. കാട്ടുകൊള്ളക്കാരുടെ നിരന്തര ആക്രമണവും, വിസ്തൃതി  കുറഞ്ഞുവരുന്ന  വനാന്തരങ്ങളും, കാടുകൾക്കുള്ളിലെ സമതുലിതാവസ്ഥയ്ക്ക് ഭംഗം വരുത്തുന്ന വിനോദസഞ്ചാരവികസനങ്ങളും കാട്ടാനകൾക്കെന്നപോലെ എല്ലാ വന്യമൃഗങ്ങളുടെയും നിലനിൽപ്പിനുതന്നെ ഇന്ന് ഭീഷണിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ്..... 

ഏതാണ്ട്  സമാനമായ അവസ്ഥ തന്നെയാണ് നാട്ടിലെ ആനകളും ഇക്കാലത്ത് നേരിട്ടു കൊണ്ടിരിയ്ക്കുന്നത്. ജന്മഗേഹവും, കളിത്തൊട്ടിലും ആയി മാറേണ്ട വനഭൂമിയുടെ ഉള്ളറകളിൽ, മനുഷ്യൻ  തീർത്തുവയ്ക്കുന്ന  ചതിക്കുഴി മുതൽ തുടക്കമിടുകയാണ് നാട്ടാനകളുടെ ദയനീയമായ അടിമത്ത ജീവിതത്തിന്റെ ആരംഭം.... അമ്മയുടെ മുലപ്പാലിന്റെ മാധുര്യവും, വാത്സല്യവും നുകരേണ്ട കാലങ്ങളിൽ ആരംഭിയ്ക്കുന്ന 'ചട്ടം പഠിപ്പിയ്ക്കൽ' എന്ന കഠിനമായ പരിശീലന - പീഢനമുറകൾ.... പരിശീലന കാലത്തിനുശേഷം തടിമില്ലുകളിലോ, അമ്പലപ്പറമ്പുകളിലോ അലയാൻ വിധിയ്ക്കപ്പെടുന്ന നിരാശാജനകമായ ജീവിതം... വളർച്ചയുടെ കാലഘട്ടങ്ങളിൽ കടന്നുവരുന്ന ശാരീരിക വ്യതിയാനങ്ങളും, ഭ്രാന്തമായ ഓർമ്മകളും, വികാര - വിചാരങ്ങളെ ഇളക്കിമാറിയ്ക്കുമ്പോൾ സർവ്വതും തച്ചുടയ്ക്കുന്ന ഘോരരൂപിയായുള്ള അവന്റെ പരിണാമം.... അവസാനം പട്ടിണികിടന്നോ, രോഗങ്ങൾ മൂലമോ, വെടിയുണ്ടയേറ്റോ, ലോറിയിൽനിന്നു വീണോ, അടിമത്തം മാത്രം അനുഭവിച്ച ഈ ലോകത്തിൽ നിന്നും  വിടപറയുമ്പോൾ, നിഷ്ഫലമായിപ്പോയ ഒരു ജീവിതം പകർന്നുനൽകിയ വേദനകൾ മാത്രമാകാം അവന്റെ കൂട്ടിനുണ്ടാവുക... 
    പൂരപ്പറമ്പുകളിൽ നെറ്റിപ്പട്ടം കെട്ടിനിൽക്കുന്ന കരിവീരന്റെ സൗന്ദര്യത്തിൽ മതിമറന്നു നിൽക്കുമ്പോൾ പ്രിയ സുഹൃത്തുക്കളേ, അവന്റെ കണ്ണുകളിലേയ്ക്കുകൂടി ഒന്നു സൂക്ഷിച്ചു നോക്കുക.. ആർത്തലയ്ക്കുന്ന ജനസാഗരവും, ചീറിപ്പായുന്ന വാഹനങ്ങളും, വെടിക്കെട്ടുകളും, വാദ്യഘോഷങ്ങളും ചുട്ടുപൊള്ളിയ്ക്കുന്ന നിരത്തുകളും, കാലാവസ്ഥയും, അവന്റെ മനസ്സിൽ നിരാശയും, മനുഷ്യവർഗ്ഗത്തോടുള്ള പകയും, വെറുപ്പും ആളിക്കത്തിയ്ക്കുന്നുണ്ടാകുമെങ്കിലും, നഷ്ടമായ സ്വാതന്ത്ര്യത്തിന്റെ വേദനയും, ഹരിതഭംഗി നിറഞ്ഞു നിൽക്കുന്ന കാനനജീവിതത്തിന്റെ പഴയകാല ഓർമ്മകളുടെ അവശേഷിപ്പുകളുമായിരിയ്ക്കും ആ ചെറിയ കണ്ണുകളിൽ ഓളംവെട്ടുന്നത്  ഒരു പക്ഷേ നിങ്ങൾക്കു കാണുവാൻ കഴിഞ്ഞേക്കുക... നിങ്ങൾ ഒരു യഥാർത്ഥ പ്രകൃതിസ്നേഹിയാണെങ്കിൽ മാത്രം.....
    രാജമലയേക്കുറിച്ചും വരയാടുകളേക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കണമെന്ന് ആഗ്രഹിച്ചെത്തുന്ന സന്ദർശകർക്ക് ഈ ഇൻഫോർമേഷൻ സെന്റർ തീർച്ചയായും ഒരു അനുഗ്രഹമാണ്. മലയാളത്തിലും, ഇംഗ്ലീഷിലും  തയ്യാറാക്കിയിരിയ്ക്കുന്ന സചിത്രവിവരണങ്ങളിലൂടെ, വരയാടുകളുടെ ജീവിതരീതികളും, സ്വഭാവപ്രത്യേകതകളും വിശദമായിത്തന്നെ നമുക്ക് മനസ്സിലാക്കുവാൻ സാധിയ്‌ക്കും. നീലഗിരി ജൈവ മണ്ഡലത്തിൽ മാത്രം കാണപ്പെടുന്ന Nilgiri Tahr അല്ലെങ്കിൽ Nilgiri Ibex  എന്നറിയപ്പെടുന്ന വരയാടുകൾ, Niligiritragus Hylocryus എന്ന ശാസ്ത്രീയനാമത്തിലാണ് അറിയപ്പെടുന്നത്. ആടിന്റെ ഇനത്തിൽപെട്ട ഈ ഒരിനത്തെ മാത്രമേ കേരളത്തിലെ കാടുകളിൽ കാണുവാൻ സാധിയ്ക്കൂ. അതിനാൽ ചില പ്രദേശങ്ങളിൽ വരയാടുകളെ 'കാട്ടാടുകൾ' എന്നും വിളിയ്ക്കാറുണ്ട്. തമിഴ്‌നാടിന്റെ സംസ്ഥാനമൃഗമായി തിരഞ്ഞെടുക്കപ്പെട്ട വരയാടിന്റെ പേരിന്റെ ഉത്ഭവവും തമിഴ്‌ഭാഷയിൽ നിന്നുതന്നെ... പാറ എന്നർത്ഥമുള്ള  'വരൈ, ആട്' എന്നീ രണ്ടു തമിഴ്വാക്കുകൾ കൂടിച്ചേർന്നാണ് 'പാറക്കെട്ടുകളിൽ വസിയ്ക്കുന്ന ആട്'  എന്ന അർഥം വരുന്ന വരയാട് എന്ന നാമം രൂപമെടുത്തത്. 

 15 മുതൽ 20 ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള  മിയോസിൻ കാലഘട്ടത്തിൽ, ദക്ഷിണപൂർവ്വേഷ്യയിലെ മഴക്കാടുകളിൽ ജീവിച്ചിരുന്ന ആടുവർഗ്ഗത്തിൽപ്പെട്ട ചെറു ജീവികളിൽനിന്നുമാണ് വരയാടുകളുടെ ഉത്ഭവം എന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. തടിച്ചുകുറുകിയ ശരീരവും, കഠാരക്കൊമ്പുകളുമുണ്ടായിരുന്ന ഈ ചെറു ജീവികൾക്ക്, അക്കാലത്തെ ചില പ്രത്യേക പാരിസ്ഥിതികഘടകങ്ങളിലെ സ്വഭാവസവിശേഷതകൾ മൂലം വൻമൃഗങ്ങളേക്കാൾ ഊർജ്ജം ആവശ്യമായിരുന്നു. മഴക്കാടുകളുടെ ഹരിതസമൃദ്ധിയിൽ മേഞ്ഞുനടന്നിരുന്ന അവയ്‌ക്ക് ആവശ്യകമായത്ര ഊർജ്ജം നിറഞ്ഞ ഭക്ഷണവസ്തുക്കൾ കണ്ടെത്തുക എന്നത് വിഷമകരവും ആയിരുന്നില്ല. ആ കാലഘട്ടങ്ങളിൽ കൂട്ടം പിരിഞ്ഞ് ഒറ്റയാന്മാരായിമാത്രം ഇരതേടിയിരുന്ന ഈ വർഗ്ഗം, ഹിമാലയപർവ്വതനിരകൾക്കു രൂപംനൽകിയ പാരിസ്ഥികമാറ്റങ്ങളേത്തുടർന്ന്, മഴക്കാടുകളുടെ ഇരുളിമ ഉപേക്ഷിച്ച് പർവ്വതപ്രദേശങ്ങളിലെ തുറന്ന സ്ഥലങ്ങളിലേയ്ക്ക് കൂട്ടമായി കുടിയേറുകയായിരുന്നു. ഉയർന്ന പർവ്വതപ്രദേശങ്ങളിൽ രൂപംകൊണ്ട വ്യത്യസ്തമായ ഭക്ഷ്യശൃംഗലയുടെ പ്രത്യേകതകൾമൂലം, അധികോർജ്ജം പ്രധാനം ചെയ്തിരുന്ന ആഹാരസാധനങ്ങളുടെ ലഭ്യതക്കുറവ് ഈ ജീവിവർഗ്ഗങ്ങളുടെ ഭക്ഷണരീതികളെ കാര്യമായിത്തന്നെ ബാധിച്ചു. പർവ്വതനിരകളിൽ ലഭ്യമായ ഊർജ്ജം കുറഞ്ഞ ആഹാരവസ്തുക്കളുടെ നിരന്തര ഉപ‌യോഗവും, ആവാസവ്യവസ്ഥകളുടെ പ്രത്യേകതകളും ഈ ആടുവർഗ്ഗങ്ങളെ കാര്യമായ ശാരീരികമാറ്റങ്ങൾക്കാണ് വിധേയരാക്കിയത്. ചുരുങ്ങിയ ഊർജ്ജം മാത്രം വേണ്ടിയിരുന്ന വലിയ മൃഗസമൂഹങ്ങളെയാണ് പരിണാമം തുണച്ചത് എന്നതിനാൽ ഈ ചെറിയ ഇനം ആടുകളുടെ ശരീരവും വളർന്നുതുടങ്ങി.
ഹിമയുഗങ്ങൾക്കു പിന്നാലെ കടന്നുവന്നത് കൂടുതൽ ഉഷ്ണസ്വഭാവമുള്ള  കാലഘട്ടങ്ങൾ ആയിരുന്നു. ലക്ഷക്കണക്കിനു വർഷങ്ങൾക്കിടയിലൂടെ കടന്നുപോയ, വ്യത്യസ്ഥത നിറഞ്ഞ ഈ കാലാവസ്ഥകളിൽ ജീവജാലങ്ങൾക്കും, പരിസ്ഥിതിയ്ക്കും വളരെയേറെ മാറ്റങ്ങളാണുണ്ടായത്. ദക്ഷിണേന്ത്യ, മിതോഷ്ണ പ്രദേശമായിമാറി. അവിടെയുള്ള പർവ്വതനിരകളിൽ ഏറെ പ്രത്യേകതകളുള്ള വിവിധയിനം മൃഗജനുസ്സുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ദശലക്ഷക്കണക്കിനു വർഷങ്ങൾ അവ ഈ പർവ്വതപ്രദേശങ്ങളിൽ നിലനിക്കുകയും പെരുകുകയും ചെയ്തു. ഉഷ്ണകാലഘട്ടങ്ങളിൽ ഈ മൃഗങ്ങൾ, സമാനമായ പരിസ്ഥിതിസാഹചര്യങ്ങൾ നിലനിൽക്കുന്ന മറ്റു പ്രദേശങ്ങളിലേയ്ക്കും കുടിയേറി. ഈ കുടിയേറ്റത്തിന്റെ ഫലമായി 1600 മുതൽ 2600 മീറ്റർവരെ ഉയരമുള്ള പശ്ചിമഘട്ടമലനിരകളിലെ 400 കിലോമീറ്ററോളം പരന്നുകിടക്കുന്ന പുൽമേടുകളും, ചോലവനങ്ങളും വരയാടുകളുടെ അഭയകേന്ദ്രമായി മാറി.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ പശ്ചിമഘട്ടമലനിരകൾ തികച്ചും വന്യമായിരുന്നു. ശാന്തമായ ഈ കാടുകളിലൂടെ, സ്വതന്ത്രമായി വിഹരിച്ചിരുന്ന കാട്ടുമൃഗങ്ങളെ വേട്ടയാടുവാൻ എത്തിയിരുന്ന ഗോത്രവർഗ്ഗക്കാർ മാത്രമായിരുന്നു അന്ന്  ഈ പർവ്വതപ്രദേശങ്ങളിലെ സന്ദർശകർ. കോളനിവാഴ്ചക്കാലത്ത് കാപ്പിയും, ഏലവും കൃഷിചെയ്യുവാനായി കുടിയേറ്റക്കാർ ഇവിടേയ്ക്ക് കടന്നുകയറിയതോടെയാണ് അപൂർവ്വമായ ഈ ജൈവവൈവിധ്യങ്ങളുടെ നാശത്തിന് തുടക്കം കുറിയ്ക്കപ്പെടുന്നത്. ഇടതൂർന്നു വളർന്നു നിന്നിരുന്ന ഈ കാടുകൾ, വൻതോട്ടങ്ങൾക്കു വഴിമാറിത്തുടങ്ങി. എന്നാൽ ആറായിരം അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിലെ കാലാവസ്ഥ തോട്ടവിളകൾക്ക് അനുയോജ്യമല്ലാതിരുന്നതിനാൽ  ഈ മലമടക്കുകളിലെ ചോലവനങ്ങൾ കുടിയേറ്റക്കാരുടെ മഴുവിൽ നിന്നും രക്ഷപ്രാപിച്ചുവെങ്കിലും വരയാടുകളും, മറ്റു വന്യമൃഗങ്ങളും സമൃദ്ധമായി ഉണ്ടായിരുന്ന ഈ വനപ്രദേശങ്ങൾ അവർ മൃഗയാവിനോദത്തിനായി മാറ്റി വയ്ക്കുകയും, അത് മിതമായ രീതിയിൽ മാത്രം ഉപയോഗിയ്ക്കുകയും ചെയ്തു. അക്കാലത്തെ വരയാടുകളുടെ ഏറ്റവും വലിയ കൂട്ടം രക്ഷപെട്ടത് വേട്ടയാടലിൽനിന്നല്ല, വേട്ടയാടലിനുവേണ്ടി ആയിരുന്നു എന്ന് പറയാം. ബ്രിട്ടീഷുകാർക്കും, തോട്ടം മുതലാളിമാർക്കൊപ്പം വിവിധ ഗോത്രവർഗ്ഗക്കാരും വരയാടുകളെ ധാരാളമായി വേട്ടയാടിയിരുന്നു. കുറ്റിച്ചെടികൾകൊണ്ട് നാലുചുറ്റും വേലിതീർത്ത്, ആട്ടിൻകൂട്ടങ്ങളെ അതിലേയ്ക്ക് ഓടിച്ചുകയറ്റി കുരുക്കിപിടിയ്ക്കുന്നതായിരുന്നുവത്രെ അവരുടെ രീതി.
വിനോദത്തിനുവേണ്ടിയുള്ള വരയാടുവേട്ട അനുസ്യൂതം തുടർന്നപ്പോൾ  അവ വംശനാശത്തിന്റെ വക്കിൽ എത്തുകയായിരുന്നു. ഈ തിരിച്ചറിവിന്റെ ഫലമായി, കടിഞ്ഞാണില്ലാത്ത വേട്ട നിയന്ത്രിയ്ക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു 1877-ൽ നീലഗിരി വൈൽഡ് ലൈഫ് അസോസിയേഷൻ രൂപം കൊണ്ടത്. 1928-ൽ ഹൈറേഞ്ച് ഗെയിം അസോസിയേഷനും രൂപം കൊണ്ടു.  നീലഗിരിയ്ക്ക് സ്വന്തമായ സസ്യ-ജന്തു ജനുസ്സുകളെ, പ്രത്യേകിച്ച് വരയാടുകളെ സംരക്ഷിയ്ക്കുക എന്നതായിരുന്നു ഈ സംഘടനകളുടെ പ്രധാന പ്രവർത്തന ഉദ്ദേശ്യം. തുടർന്ന് ഈ രണ്ടു സംഘടനകളുടെയും മേൽനോട്ടത്തിൽ ആദ്യമായി വരയാടുകൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ കണക്കെടുപ്പ് നടത്തപ്പെട്ടു.ഇൻഡ്യ സ്വാതന്ത്ര്യം നേടിയതിനുശേഷം രൂപം കൊടുത്ത 'കണ്ണൻ തേവൻ റിസംപ്‌ഷൻ ആക്‌ട്' പ്രകാരം 1971-ൽ ഇരവികുളം ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ വനംവകുപ്പിന് കൈമാറുകയും 1975-ൽ വരയാടുകളുടെ അഭയസങ്കേതമായി പ്രഖ്യാപിയ്ക്കുകയും ചെയ്തു. ആനമലമുതൽ പഴനിക്കുന്നുകൾവരെ വ്യാപിച്ചുകിടക്കുന്ന 97 ചതുരശ്രകിലോമീറ്റർ വരുന്ന വനമേഖലയുടെ പാരിസ്ഥിതികവും, ജൈവികവും, ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളെ കണക്കിലെടുത്ത് 1975-ലാണ് ഇരവികുളത്തെ ഒരു ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ചത്. ഇന്ന്, കാട്ടാടുകളുടെയും, നാട്ടാടുകളുടെയും ഇടയിലെ ഒരു കണ്ണിയായി ലോകത്തിൽ അവശേഷിയ്ക്കുന്ന ഈ വരയാടുകളിൽ പകുതിയിലേറെയും, ഇരവികുളം ദേശീയോദ്യാനത്തിലെ ഈ മലനിരകളിലൂടെ മേഞ്ഞുനടക്കുന്നു.
ഇൻഫോർമേഷൻ സെന്ററിലെ വിവരണങ്ങളിൽനിന്നും വരയാടുകളുടെ ജീവിതരീതികളും, നാഷണൽ പാർക്കിന്റെ ചരിത്രവും വായിച്ച്, അരമണിയ്‌ക്കൂറോളം കടന്നു പോയിരുന്നു. ആവശ്യമായ ചിത്രങ്ങളും പകർത്തി, ചില കുറിപ്പുകളും എഴുതിയെടുത്ത ശേഷം ഞങ്ങൾ പുറത്തേയ്ക്കിറങ്ങി. മിനിബസ്സുകളിൽ വന്നിറങ്ങുന്ന സന്ദർശകരുടെ കൂട്ടങ്ങൾ തിരക്കുപിടിച്ച് മലമുകളിലേയ്ക്ക് നടന്നുകയറുന്നുണ്ട്. യാത്രികരിലെ ഏറിയ പങ്കിന്റെയും മനോഭാവത്തിൽനിന്നും, ഈ ഇൻഫോർമേഷൻ സെന്ററും, ഇതിലെ വിജ്ഞാനപ്രദമായ വിവരണങ്ങളും സമയം പാഴാക്കുവാനായി തയ്യാറാക്കിയിരിയ്ക്കുന്ന കാഴ്ചകൾ മാത്രമാണെന്ന് തോന്നിപ്പോകും.. ചിലരെങ്കിലും ഒരു വഴിപാടുപോലെ സെന്ററിനുള്ളിലൂടെ കയറിയിറങ്ങി കടന്നുപോകുന്നു. യാത്ര എന്നാൽ ചുറ്റുപാടുകളിലെ വെറും കാഴ്ചകൾ മാത്രമല്ല, അനുഭവങ്ങളും, അറിവും നേടിയെടുക്കുവാനുള്ള അവസരങ്ങൾ കൂടിയാണെന്ന് മലയാളിസമൂഹം ഏത് കാലത്തായിരിയ്ക്കും മനസ്സിലാക്കിയെടുക്കുക?
രാജമലയിലെ കാഴ്ചകൾ ആസ്വദിയ്ക്കുന്നതിനും, വരയാടുകളെ അടുത്തുകാണുന്നതിനുമായുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. ഇൻഫോർമേഷൻ സെന്ററിനടുത്തുള്ള ചെക്പോസ്റ്റിലെ പരിശോധനകൾക്കുശേഷം പുൽമേടുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴിയിലൂടെ ഞങ്ങൾ മലമുകളിലേയ്ക്ക് നടന്നു. 

വർഷങ്ങൾക്കുമുൻപ് രാജമലയിലെത്തുന്ന സന്ദർശകരുടെമേൽ കാര്യമായ നിയന്ത്രണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. വിശാലമായ പുൽമേടുകളിലൂടെയും, പാറക്കെട്ടുകൾക്കിടയിലൂടെയും സഞ്ചാരികൾക്ക് സർവ്വസ്വാതന്ത്ര്യത്തോടെ  കയറിനടക്കുവാൻ സാധിച്ചിരുന്നു. ഈ സ്വാതന്ത്ര്യം മുതലെടുത്ത്, മൂന്നാർ മലനിരകളെ നീലചേലയുടുപ്പിച്ച് പൂത്തുലഞ്ഞുനിന്നിരുന്ന, നീലക്കുറിഞ്ഞി അടക്കമുള്ള മനോഹരമായ കാട്ടുചെടികൾ, യാതൊരു നിയന്ത്രണവുമില്ലാതെയാണ്  പുറംനാടുകളിലേയ്ക്ക് കടത്തപ്പെട്ടിരുന്നത്. 1994-ൽ ഈ മലനിരകളെ വർണ്ണപ്പുതപ്പണിയിച്ച് നീലക്കുറിഞ്ഞി പൂത്തുവിടർന്നപ്പോൾ കെട്ടുകണക്കിന് കുറിഞ്ഞിച്ചെടികളുമായിപ്പോകുന്ന വാഹനങ്ങൾ മൂന്നാറിലെ ഒരു പതിവുകാഴ്ച മാത്രമായിരുന്നു.ആ ഒരു വർഷംകൊണ്ട് കുറിഞ്ഞികൾക്കുണ്ടായ നാശത്തിന്റെ തീവ്രത എന്തായിരുന്നുവെന്ന് വെളിവാകുന്നത് 12 വർഷങ്ങൾക്കുശേഷം നീലക്കുറിഞ്ഞിച്ചെടികൾ പൂവണിഞ്ഞപ്പോൾ മാത്രമായിരുന്നു. 1994-ൽ പ്രധാന പാതയിൽനിന്നും രാജമലയിലേയ്ക്കുള്ള വഴിയുടെ ഇരുവശങ്ങളിലും നിറയെ കുറിഞ്ഞിച്ചെടികൾ പൂത്തുലഞ്ഞിരുന്നുവെങ്കിൽ, 2006-ൽ ഈ പാതയോരങ്ങളിൽ വിരിയുവാനായി ഒരു ചെടിപോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. 12 വർഷങ്ങൾക്കുമുൻപ് പുറംനാട്ടിലേയ്ക്ക് കടത്തിക്കൊണ്ടുപോയ കുറിഞ്ഞിച്ചെടികൾക്ക് അടുത്ത തലമുറയ്ക്കായി വിത്തുകൾ പൊഴിയ്ക്കുവാൻ സാധിയ്ക്കാതെ പോയതിന്റെ അനന്തരഫലമായിരുന്നു പന്നൽച്ചെടികളും കുറ്റിക്കാടുകളുംമാത്രം തഴച്ചുവളരുവാൻ വിധിയ്ക്കപ്പെട്ട പാതയോരങ്ങൾ... 

സന്ദർശകരുടെ നിയന്ത്രണമില്ലാത്ത കടന്നുകയറ്റത്തിന്റെ ദൂഷ്യഫലമെന്തെന്ന് തിരിച്ചറിഞ്ഞ വനം വകുപ്പ്, ഇപ്പോൾ രാജമലയിൽ കടുത്ത നിയന്ത്രണങ്ങളാണ്  ഏർപ്പെടുത്തിയിരിയ്ക്കുന്നത്. പുൽമേടുകൾക്കു നടുവിലൂടെ, സന്ദർശകർ തെളിച്ച നടപ്പുവഴികൾ എല്ലാം തന്നെ വേലികെട്ടി അടച്ചുകഴിഞ്ഞിരിയ്ക്കുന്നു. കാഴ്ചക്കാരുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്, ജാഗരൂഗരായി നിൽക്കുന്ന നിരവധി വാച്ചർമാരെ വഴിയോരങ്ങളിലുടനീളം കാണുവാൻ സാധിയ്ക്കും. വരയാടുകളെ ശല്യപ്പെടുത്തുന്നവർക്ക് അവർ കർശനമായ താക്കീതുകൾ നൽകുന്നത്, യാത്രയ്ക്കിടെ  പല സ്ഥലങ്ങളിലും  കാണുവാൻ സാധിച്ചു.

തിളങ്ങുന്ന നീലാകാശത്തിനുതാഴെ തലയുയർത്തി നിൽക്കുന്ന കൂറ്റൻ മലനിരകൾ...... അത്യഗാധമായ മലഞ്ചെരിവുകൾ..... വേനലിന്റെ കാഠിന്യത്തിൽ മഞ്ഞപ്പു പടർന്നുകിടക്കുന്ന വരണ്ട പുൽമേടുകൾ... ഇവയ്ക്കിടയിലൂടെ നീണ്ടുകിടക്കുന്ന പാതയിലൂടെ ഒന്നു രണ്ട് വളവുകൾ പിന്നിട്ട് മുകളിലേയ്ക്ക് എത്തിയതോടെ വരയാടിൻ കൂട്ടങ്ങളുടെ കാഴ്ചകൾ ആരംഭിച്ചുതുടങ്ങി. ആദ്യകാഴ്ചയായി വഴിയ്ക്ക് കുറുകെ പ്രത്യക്ഷപ്പെട്ട രണ്ട് വരയാടുകൾ അതിവേഗത്തിൽ സമീപത്തെ പുല്ലിൻകൂട്ടങ്ങളുടെ ഇടയിലേയ്ക്ക് മറഞ്ഞുവെങ്കിലും, അല്പം ദൂരെയായി, വഴിയ്ക്കുമുകളിലെ പാറക്കെട്ടുകൾക്കിടയിൽ ഒരു വലിയകൂട്ടം ഞങ്ങളെ കാത്തു നിന്നിരുന്നു.. പുൽമേടുകളിലും, പാറക്കെട്ടുകളിലും മേഞ്ഞുനടക്കുന്ന കൂട്ടത്തിന്റെ കാവൽക്കാരനെന്നപോലെ ഉയർന്ന ഒരു പാറയുടെ മുകളിൽ പരിസരം വീക്ഷിച്ചു നിന്നിരുന്ന ഒരു ആടിന്റെ ദൃശ്യം സന്ദർശകരുടെ കണ്ണുകൾക്കും, ക്യാമറയ്ക്കും ഒരു വിരുന്നുതന്നെയായിരുന്നു. ശാന്തമായി സന്ദർശകർക്ക് അഭിമുഖമായി പോസുചെയ്തു നിന്ന അവന്റെ ഏറെ ചിത്രങ്ങൾ പകർത്തിയശേഷമാണ് ഞങ്ങൾ മലമുകളിലേയ്ക്കുള്ള നടപ്പു തുടർന്നത്.

വലതുവശത്തായി തലയുയർത്തിനിൽക്കുന്ന നായ്ക്കൊല്ലി മലയുടെ അടിവാരത്തിലൂടെയുള്ള ഈ വഴി നയമക്കാട് എസ്റ്റേറ്റുവരെ നീണ്ടുകിടക്കുന്നു. മുൻപോട്ടുള്ള യാത്രയിൽ പലപ്പോഴും വരയാടിൻകൂട്ടങ്ങൾ വഴിയ്ക്കുസമീപത്തായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. കറുത്തിരുണ്ട നിറമുള്ള ഒറ്റയാന്മാർ മുതൽ അടുത്തകാലത്ത് പിറന്നുവീണ ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കൂട്ടങ്ങളും വഴിയോരത്തുകൂടെ സന്ദർശകരെ തീരെ ഗൗനിയ്ക്കാതെയാണ് മേഞ്ഞുനടക്കുന്നത്. ഉത്തരേന്ത്യക്കാരായ ഒരു കൂട്ടം സന്ദർശകർ വരയാടിൻകൂട്ടങ്ങൾക്കിടയിൽ നിന്ന് ഫോട്ടോയെടുക്കുന്നുണ്ട്. അതിനിടെ ചിലർ വരയാടുകളെ കെട്ടിപ്പിടിച്ചുനിന്ന് ഫോട്ടോയെടുക്കുവാനുള്ള ശ്രം നടത്തിയതോടെ അവ വഴിയോരത്തെ കാടുകളിലേയ്ക്ക് ചിതറിയോടി..
നായ്ക്കൊല്ലിമലയുടെ ചെരിവിലെ ഒരു ചോലക്കാടിനുള്ളിൽനിന്നും മലനിരകളുടെ ശീതളിമയുമായി ഒരു അരുവി തുള്ളിപ്പതഞ്ഞൊഴുകിയെത്തി, വഴിയ്ക്കു കുറുകെ കടന്ന്, കുത്തനെയുള്ള പാറക്കെട്ടിൽനിന്നും ഒരു വെള്ളച്ചാട്ടമായി അഗാധതയിലേയ്ക്ക് പതിയ്ക്കുന്നു. മുൻയാത്രകളിൽ പലപ്പോഴും വിശ്രമത്തിനായി ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത് അരുവിയ്ക്ക് സമീപത്തെ ഒരു ചെരിഞ്ഞ പാറയായിരുന്നു.. ഇന്ന് ആ ഭാഗമെല്ലാം വേലികെട്ടി അടച്ച് ഭദ്രമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു. സന്ദർശകർക്ക് ദാഹശമനത്തിനായി അരുവിയിലെ വെള്ളം ഒരു ചെറിയ പൈപ്പിലൂടെ വഴിയോരത്തേയ്ക്ക് എത്തിച്ചിട്ടുണ്ട്. കാടിന്റെ ശുദ്ധി നിറഞ്ഞ വെള്ളം ഒരു കവിൾ കുടിച്ചതോടെ യാത്രയുടെ ക്ഷീണവും, തളർച്ചയും പെട്ടെന്നുതന്നെ അലിഞ്ഞുമാറുവാൻ തുടങ്ങി.

ഇതിനിടെ നീർച്ചാലിനുസമീപത്തേയ്ക്ക് വെള്ളം കുടിയ്ക്കുവാൻ ഒരു വലിയ കൂട്ടം വരയാടുകൾ എത്തി ച്ചേർന്നിരുന്നു. മറ്റൊരു ചെറിയ കൂട്ടം സമീപത്തെ പുൽമേടുകളിലൂടെ മേഞ്ഞുനടക്കുന്നുണ്ട്. വെള്ളം കുടിച്ചുകൊണ്ട് നിന്നിരുന്ന കൂട്ടത്തിന്റെയും, അവയോടൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളുടെയും കുറച്ചു ചിത്രങ്ങൾ പകർത്തിശേഷം സന്ദർശകർ യാത്ര അവസാനിപ്പിയ്ക്കേണ്ട ഭാഗത്തേയ്ക്ക് ഞങ്ങൾ നീങ്ങി. അവിടെ ഒരു വശത്ത് നായ്ക്കൊല്ലിമലയുടെ അതിമനോഹരമായ ദൃശ്യം.... മറുവശത്ത് പാറക്കെട്ടുകളും, പന്നൽച്ചെടികളും നിറഞ്ഞ, ചെരിഞ്ഞിറങ്ങുന്ന മലഞ്ചെരിവുകളും, താഴ്വരകളും... അക്കേഷ്യാ മരങ്ങൾ വളർന്നുനിൽക്കുന്ന പുൽമേടുകളിലൂടെ ഒരു  കറുത്ത പാമ്പിനേപ്പോലെ വളഞ്ഞുപുളഞ്ഞ് നയമക്കാട്ടേയ്ക്ക് നീണ്ടുകിടക്കുന്ന ചെറിയ പാത.... രാജമലയിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ ആസ്വദിയ്ക്കുവാൻ സാധിയ്ക്കുന്നത് ഈ ഭാഗത്തുനിന്നുമാണെന്ന് തീർത്തു പറയാം.
ഇവിടെ എത്തുന്ന സന്ദർശകരെ നിയന്ത്രിയ്ക്കുവാനായി  വാച്ചർമാരെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. അവരിൽ ഒരാളെ ഞങ്ങൾ പരിയപ്പെട്ടു.. മഹേഷ്.. തമിഴ്വംശജനായ മഹേഷ് മൂന്നുവർഷത്തിലേറെയായി രാജമലയിൽ ജോലി നോക്കുകയാണ്. അല്പസമയത്തെ സംസാരത്തിനിടയിൽ ഈ ഉദ്യാനത്തെക്കുറിച്ചും, വരയാടുകളേക്കുറിച്ചുമുള്ള ഏറെ കാര്യങ്ങളാണ് മഹേഷ് ഞങ്ങൾക്ക് വിവരിച്ചുതന്നത്.

അല്പസമയത്തെ സംസാരത്തിനും, സംശയനിവാരണങ്ങൾക്കുംശേഷം ഞങ്ങൾ മഹേഷിനോട് യാത്ര പറഞ്ഞു.. രാജമലയുടെ കാഴചകൾ അവസാനിപ്പിച്ച്മടങ്ങുവാനുള്ള സമയം ആയിരുന്നു.. ഇവിടുത്തെ കാഴ്ചകൾക്കുശേഷം ഇനി ലക്കം വെള്ളച്ചാട്ടം കൂടി സന്ദർശിയ്ക്കേണ്ടതുണ്ട്. കൂടാതെ വയറ്റിൽ വിശപ്പിന്റെ കേളികൊട്ടും ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു.. അതുകൊണ്ട് അധികം സമയം കളയാതെതന്നെ ഞങ്ങൾ ഇൻഫോർമേഷൻ സെന്ററിനരികിലേയ്ക്കുള്ള മടക്കയാത്ര ആരംഭിച്ചു.

ഇൻഫോർമേഷൻ സെന്റ‌റിനരികിലുള്ള ചെക്ക്പോസ്റ്റിനുസമീപത്തായി അരുൺ ഞങ്ങൾക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ആദ്യം വന്ന മിനിബസ്സിൽതന്നെ അരുണിനൊപ്പം, വരയാടുകളുടെ കാഴ്ചകളിൽ നിന്നുള്ള മലയിറക്കം   ഞങ്ങൾ ആരംഭിച്ചു. 

ടിക്കറ്റ്കൗണ്ടറിന്റെ മുകൾനിലയിലായി എക്കോ-ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ അത്യാവശ്യ സൗകര്യങ്ങളോടുകൂടിയ ഒരു ചെറിയ  റസ്റ്റോറന്റ്, പ്രവർത്തിയ്ക്കുന്നുണ്ട്. ഇവിടെ എത്തിച്ചേരുന്ന സന്ദർശകർക്ക് കുറഞ്ഞ വിലയ്ക്ക് തൃപ്തികരമായ ഭക്ഷണം... അതാണ് ഈ ചെറിയ റസ്റ്റോറന്റിന്റെ മേന്മയെന്ന് തീർത്തു പറയാം.. അവിടെനിന്നും തമിഴ്നാടൻശൈലിയിലുള്ള ദോശയും, സാമ്പാറും, ചട്നിയും അടങ്ങുന്ന ഒരു ചെറിയ ഭക്ഷണത്തിനുശേഷം ഞങ്ങൾ ലക്കം വെള്ളച്ചാട്ടത്തിനരികിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.
സഞ്ചാരികളുടെ തിരക്കിൽ ലക്കം വെള്ളച്ചാട്ടം..
മൂന്നാറിൽനിന്നും  കടന്നുപോകുന്ന ഈ പാത, മറയൂർ ടൗൺ പിന്നിട്ടശേഷം, ചിന്നാർ-ആനമല വന്യജീവി സങ്കേതങ്ങൾക്കുള്ളിലൂടെ ഉടുമൽപേട്ടുവരെ നീണ്ടുകിടക്കുന്നു. രാജമലയുടെ പ്രവേശനകവാടത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ, ഈ പാതയുടെ ഇരുവശങ്ങളിലും നിരവധി ചെറുകടകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രധാന സീസണുകളിൽ കാന്തല്ലൂരിന്റെ വളക്കൂറുള്ള മണ്ണിൽ വിളയുന്ന ആപ്പിളും, ഓറഞ്ചും, സ്ട്രോബറിയും, മരത്തക്കാളിയുമൊക്കെ ഈ കടകളിൽ സുലഭമാണെങ്കിലും ഈ സീസണിൽ ചോളവും, മാങ്ങയും, പിഞ്ചുകാരറ്റുമൊക്കെയാണ് അവയുടെ സ്ഥാനം കൈയടക്കിയിരിയ്ക്കുന്നത്. വഴിയോരത്തെ ഒരു കടയിൽനിന്നും നാരങ്ങാനീരിന്റെ പുളിയുള്ള, ചുട്ടെടുത്ത ചോളത്തിന്റെയും, മുളകുപൊടിയിട്ട സേലം മാങ്ങയുടെയും രുചി നുണഞ്ഞശേഷം ഞങ്ങൾ യാത്ര തുടർന്നു.

രാജമലയിൽനിന്നും, ലക്കം വെള്ളച്ചാട്ടം വരെ പതിമൂന്ന് കിലോമീറ്ററുകൾ പിന്നിടേണ്ടതുണ്ട്.... വളഞ്ഞു പുളഞ്ഞാണ് കിടപ്പെങ്കിലും, ദോഷം പറയരുതല്ലോ, മനോഹരമായ റോഡുതന്നെ... നിറയേ പൂത്തുലഞ്ഞു നിൽക്കുന്ന കൊങ്ങിണിക്കാടുകളും,  പച്ചപ്പട്ടുനാടകൾപോലെ നിരയൊപ്പിച്ച്, മലഞ്ചെരിവുകളിലൂടെ കയറിയിറങ്ങിക്കിടക്കുന്ന തേയിലത്തോട്ടങ്ങളും, മഞ്ഞിന്റെ മായിക വലയത്തിൽനിന്നും തലയുയർത്തി നിൽക്കുന്ന മലനിരകളും ഒന്നുചേർന്ന് സമ്മാനിയ്ക്കുന്ന മനോഹരദൃശ്യങ്ങൾ ഈ വഴിയോരക്കാഴ്ചകളെ ഒരു അവിസ്മരണീയമായ അനുഭവമാക്കി യാത്രയിലുടനീളം ഞങ്ങൾക്കു സമ്മാനിയ്ക്കുകയായിരുന്നു. ഇടയ്ക്കെല്ലാം ഇത്തരം മനോഹരമായ വിദൂരക്കാഴ്ചകൾ സമ്മാനിയ്ക്കുന്ന വ്യൂപോയിന്റുകൾ ഉണ്ടെങ്കിലും സമയക്കുറവുമൂലം അവയെല്ലാം അവഗണിച്ച് നീങ്ങിയ ഞങ്ങൾ അരമണിയ്ക്കൂർ സമയംകൊണ്ട് ലക്കം വെള്ളച്ചാട്ടത്തിനു സമീപത്ത് എത്തിച്ചേർന്നു.

പൂച്ചെടികൾകൊണ്ട് മനോഹരമാക്കിയ തേയിലഫാക്ടറിയുടെ സമീപത്തുകൂടി വളവുകൾ പിന്നിട്ട് ഇറങ്ങി വരുമ്പോൾതന്നെ ഏതൊരാൾക്കും വെള്ളച്ചാട്ടത്തിന്റെ സാമീപ്യം തിരിച്ചറിയുവാൻ സാധിയ്ക്കും.. അതുപക്ഷേ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലോ, കളകളാരവമോ കാതുകളിൽ എത്തുമ്പോഴുണ്ടാകുന്ന സംഗീതം അനുഭവിച്ചല്ല..... പിന്നെയോ വഴിയോരങ്ങളിലെ ചെറുഭക്ഷണശാലകളുടെ ആധിക്യവും, സന്ദർശകരുടെ തിരക്കും, വഴിയുടെ പാതിഭാഗവും അപഹരിച്ച് പാർക്ക് ചെയ്തിരിയ്ക്കുന്ന വാഹനങ്ങളും മുൻകൂട്ടി കാണിച്ചുതരുന്ന സൂചനകൾകൊണ്ടാണെന്ന് മാത്രം...

ലക്കം പാലത്തിനു സമീപത്തായി  വഴിയോരത്ത് പടർന്നുകിടക്കുന്ന കൂറ്റൻ ചേലമരത്തിന്റെ തണലിൽ ബൈക്ക് നിറുത്തിയശേഷം ഞങ്ങൾ വെള്ളച്ചാട്ടത്തിനു സമീപത്തേയ്ക്ക് നടന്നു. വഴിയോരത്തോട് ചേർന്നുതന്നെയാണ് ടിക്കറ്റ് കൗണ്ടർ... മുതിർന്ന സന്ദർശകർക്ക് 10 രൂപയും, കുട്ടികൾക്ക് 5 രൂപയുമാണ് ചാർജ്ജ്. രണ്ട് ടിക്കറ്റുമെടുത്ത്   ലക്കം ഫോറസ്റ്റ് സ്റ്റേഷന്റെ മുറ്റത്തുകൂടി ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ സമീപത്തേയ്ക്കിറങ്ങി.
ലക്കം വെള്ളച്ചാട്ടത്തിൽ ആളൊഴിഞ്ഞപ്പോൾ...
പാലത്തിനടിയിലൂടെയുണ്ടായിരുന്ന ശോഷിച്ച നീരൊഴുക്ക്, വെള്ളച്ചാട്ടത്തിന്റെ ദയനീയാവസ്ഥയേക്കുറിച്ച് ഒരു മുൻധാരണ തന്നിരുന്നുവെങ്കിലും, ഇത്രമാത്രം നിരാശ്ശപ്പെടുത്തുമെന്ന് ഞങ്ങൾ  വിചാരിച്ചിരുന്നില്ല. കഷ്ടിച്ച് 25-30 അടിമാത്രം ഉയരമുള്ള രണ്ടു തട്ടുകളായുള്ള പാറക്കൂട്ടത്തിൽനിന്നും ശുഷ്കിച്ച് ഒഴുകിവീഴുന്ന ഒരു വെള്ളച്ചാൽ... അതായിരുന്നു ഞങ്ങളുടെ കണ്മുൻപിൽ തെളിഞ്ഞ ലക്കം വെള്ളച്ചാട്ടത്തിന്റെ ദൃശ്യം.. മഴക്കാലത്ത്  മനോഹരമായ ഒരു  വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ഇവിടെ പ്രത്യക്ഷപ്പെട്ടേക്കാമെങ്കിലും ഈ വേനൽക്കാലദൃശ്യം, സുന്ദരമായ അനേകം വെള്ളച്ചാട്ടങ്ങളുടെ നാടായ കേരളത്തിൽനിന്നുമെത്തുന്ന ഏതൊരു സന്ദർശകനേയും നിരാശ്ശപ്പെടുത്തുമെന്നതിൽ സംശയമില്ല.....

വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വാദ്യകരമായിരുന്നില്ലെങ്കിലും, കാട്ടരുവിയുടെ കരകളും, ചുറ്റുപാടുമുള്ള വനദൃശ്യങ്ങളും മനസ്സിനു സന്തോഷം പകരുന്ന കാഴ്ചകൾതന്നെ. തെളിഞ്ഞൊഴുകുന്ന കുളിർമ്മയേറിയ വെള്ളം...... തണൽ പരത്തി അരുവിയുടെ മുകളിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന കാട്ടുമരങ്ങൾ. കാടിന്റെ ഉള്ളറകളിൽ എവിടെയോ മതിമറന്നിരുന്നു പാടുന്ന കാട്ടുകിളികളുടെ സംഗീതം..... ഇവയൊക്കെ ആസ്വദിച്ച്, അരുവിയുടെ നടുവിലെ മിനുത്ത പാറക്കൂട്ടങ്ങളിൽ അല്പസമയം ഞങ്ങൾ ചിലവഴിച്ചു.. 

വെള്ളച്ചാട്ടത്തിന്റെ താഴെയും, സമീപത്തെ ചെറുകുഴികളിലുമായി കുളിച്ചുതിമിർക്കുന്നവരിൽ തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ മാത്രം...... തമിഴ്നാടിന്റെ വരണ്ടുണങ്ങിയ കാലാവസ്ഥയിൽ, ഈ ചെറിയ വെള്ളച്ചാട്ടവും, ഒരു ഉത്സവമായി മാറുന്നുവെന്ന് അവരുടെ ആനന്ദതിമിർപ്പിൽനിന്നും മനസ്സിലാകും.  അല്പസമയം  കാഴ്ചകൾ ആസ്വദിച്ച് ചുറ്റിനടന്ന്, കുറച്ച് ചിത്രങ്ങളും പകർത്തിയശേഷം ഞങ്ങൾ ലക്കം വെള്ളച്ചാട്ടത്തിനോട് യാത്ര പറഞ്ഞു.  
യാത്ര, മൂന്നാറിനോടടുത്തപ്പോൾ വഴിയോരത്ത് ചിന്നത്തായമ്മയുടെ പഴകച്ചവടം പൊടിപൊടിയ്ക്കുന്നു. പാഷൻഫ്രൂട്ട്, ഇളം കാരറ്റ്, വിവിധയിനം മാങ്ങകൾ... വാളൻപുളി, മീൻപുളി, ഇവയെല്ലാം വഴിയോരത്ത് തയ്യാറാക്കിയ തട്ടിൽ നിരത്തിവച്ച്, ചെറിയ ഒരു തീക്കുണ്ഡത്തിനരികിൽ നിറഞ്ഞ ചിരിയുമായി  സഞ്ചാരികളെ കാത്തിരിയ്ക്കുന്ന കോയമ്പത്തൂരുകാരിയായ ഈ അമ്മ, രാജമലറൂട്ടിലെ ഒരു പതിവു കാഴ്ചയാണ്..

മുൻയാത്രകളിലേതുപോലെ ഇത്തവണയും തീയുടെ ഇളംചൂടിൽ വിശേഷങ്ങൾ തിരക്കി അല്പസമയം ചിന്നത്തായമ്മയോടൊത്ത് ഞങ്ങൾ ചിലവഴിച്ചു... "ഉച്ചയ്ക്കുശേഷം മഴയായതുകൊണ്ട് കാര്യമായ കച്ചവടമൊന്നും നടക്കാറില്ല. അതുകൊണ്ട് എല്ലാം അടുക്കിക്കെട്ടി വീട്ടിൽ പോകുവാൻ ഒരുങ്ങുകയായിരുന്നു. തണുപ്പായാൽ പിന്നെ ആർക്കുവേണം മാങ്ങയും, കാരറ്റുമൊക്കെ? "അധികം പഴുക്കാത്ത പാഷൻഫ്രൂട്ടിൽ, മുളകുപൊടിയും, ഉപ്പുമിട്ട് തന്നശേഷം, തരണം ചെയ്യുവാനാകാത്ത ജീവിതപ്രാരാബ്ദങ്ങളേക്കുറിച്ച് വിവരിയ്ക്കുമ്പോഴും ചിന്നത്തായമ്മയുടെ മുഖത്ത് ഞങ്ങൾക്കായി ഒരു സ്നേഹസൽക്കാരം ഒരുക്കിയതു പോലെയുള്ള സന്തോഷം...

സമയം തീരുകയാണ്... ഇരുണ്ടുമൂടിയ ആകാശത്തിൻ‌കീഴിൽ തണുത്ത കോടക്കാറ്റ് വീശിത്തുടങ്ങി... ഇനിയും ഏറെദൂരം ഓടിത്തീർക്കുവാൻ അവശേഷിയ്ക്കുന്നു... മൂന്ന് കെട്ട് കാരറ്റും, കുറച്ച് സേലം മാങ്ങയും വാങ്ങി, ഞങ്ങൾ ചിന്നത്തായമ്മയോട് യാത്ര പറഞ്ഞു... അടുത്ത യാത്രയിലും മാങ്ങയും, കാരറ്റും, അതിനേക്കാൾ മാധുര്യമുള്ള ഈ പുഞ്ചിരിയുംതേടി വീണ്ടുമെത്തുമെന്ന ഉറപ്പോടേ ഒരു മനോഹരദിനത്തിന്റെ ഓർമ്മകളുമായി തോവാളയിലേയ്ക്ക് മടക്കയാത്ര.....
.............................................................................................................................................................. 

22 comments:

  1. സമയക്കുറവുമൂലം കുറേനാൾ ഒളിവിലായിരുന്നു...ഏറെക്കാലത്തിനുശേഷം വാരിവലിച്ചെഴുതിയ ഒരു പോസ്റ്റുമായി വീണ്ടും എത്തുന്നു... വായിച്ച് അഭിപ്രായം അറിയിയ്ക്കുമല്ലോ...

    ReplyDelete
  2. അപ്പോള്‍ ഞാനാണോ ആദ്യം.... ഈ യാത്രക്കാരെല്ലാം കുറേക്കാലമായി ഒളിവിലാണല്ലോ.. വിവരണവും, ചിത്രങ്ങളും പതിവ് പോലെ കലക്കി... ആ ആനയുടെ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ല...

    അധികം പഴുക്കാത്ത പാഷൻഫ്രൂട്ടിൽ, മുളകുപൊടിയും, ഉപ്പുമിട്ട് തന്നശേഷം--- ഇങ്ങനെയും ഇത് കഴിക്കാന്‍ പറ്റുമോ...

    കാരറ്റ് കണ്ടപ്പോള്‍ വായില്‍ കൊതി വന്നു...

    ReplyDelete
    Replies
    1. സുനി, ആദ്യം സുനി തന്നെയാണ്... അതിന് ഏറെ നന്ദി... എന്തു ചെയ്യാം, തിരക്കുകൾ കൂടുമ്പോൾ എഴുതുവാനുള്ള സമയം കിട്ടാറില്ല. എങ്കിലും ഉടൻ തന്നെ തിരികെയെത്തും...

      പാഷൻഫ്രൂട്ട് അങ്ങനെ കഴിയ്ക്കമെന്ന് ഞങ്ങളും മനസ്സിലാക്കിയത് അന്നാണ്.. പക്ഷേ അധികം രുചിയൊന്നും പറയാനില്ല... നമുക്ക് പഴം തന്നെയാണ് ഇഷ്ടപ്പെടുക..

      Delete
  3. സുന്ദരമായ നമ്മുടെ നാട്ടിലെ പ്രകൃതിയിലൂടെ ഈ നടത്തം ഏറെ ഇഷ്ടമായി.വാക്കുകള്‍ കൊണ്ട് ചുറ്റും കാട് തീരത്ത് ......സസ്നേഹം

    ReplyDelete
    Replies
    1. പ്രിയ യാത്രികൻ.. സന്ദർശനത്തിനും, അഭിപ്രായത്തിനും ഏറെ നന്ദി... ഇനിയും ഒരുപാട് യാത്രകൾ പങ്കുവയ്ക്കുവാനുണ്ട്... കാടും, മലകയറ്റവും എല്ലാം.. വീണ്ടും സ്വാഗതം ചെയ്യുന്നു.. സ്നേഹപൂർവ്വം.

      Delete
  4. എന്‍ . എ . നസീറിന്റെ ഒരു കുറിപ്പില്‍ , രാജമലയിലെ വരയാടുകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വന്നുനിന്ന് പോസ് ചെയ്തുതരും എന്നുപറഞ്ഞത് പെട്ടെന്ന് ഓര്‍മ്മവന്നു, ഷിബുവിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ .
    രണ്ടാംഭാഗം കുറച്ചു വൈകി എന്നത് പരാതി...

    ReplyDelete
    Replies
    1. ലാസ്സറേട്ടാ... രാജമലയിലെ വരയാടുകൾ സന്ദർശകരോടുള്ള ഭയം മാറിയവയാണ്... നമുക്ക് വളരെ അടുത്തുചെന്ന് ചിത്രങ്ങൾ പകർത്താം.. അവ നന്നായിത്തന്നെ പോസ് ചെയ്തുതരും..

      സമയക്കുറവാണ് പ്രശ്നം.. ഇടയ്ക്കൊന്ന് നാട്ടിലും പോയി.. തിരക്കുകൾ തീർത്ത് ഉടൻതന്നെ വീണ്ടും സജീവമാകാമെന്ന് കരുതുന്നു...

      Delete
  5. ഭംഗിയായിട്ടുണ്ട്. ഫൊട്ടൊസും മനോഹരം.

    ReplyDelete
    Replies
    1. വളരെ നന്ദി മുല്ല..

      Delete
  6. കലക്കി എന്നത്തേയും പോലെ ഷിബു! ബ്ലോഗില്‍ സജീവമാകാന്‍ സമയം അനുവദിക്കുന്നില്ല എങ്കിലും വായന, അത് തരം കിട്ടുമ്പോള്‍ ഉണ്ട്.

    ReplyDelete
    Replies
    1. പ്രിയ ഫിയോനിക്സ്സ്... സമയക്കുറവിനിടയിലും വായനയ്ക്കായി എത്തിയതിൽ ഏറെ സന്തോഷം... പഴയ ആളുകൾ എല്ലാവരും ഒന്ന് സജീവമാകൂ.. എങ്കിലല്ലേ എല്ലാവർക്കും എഴുതുവാനും, വായിയ്ക്കുവാനും ഉത്സാഹമുണ്ടാകൂ...

      Delete
  7. തലമുറിച്ചു മാറ്റിയ ആനയുടെ ചിത്രം ഭീകരം....മനുഷ്യന് എങ്ങനെ ഇത്രയും ക്രൂരനാകാൻ കഴിയുന്നു ?

    ഷിബുവിന്റെ ചിത്രങ്ങൾ പതിവുപോലെ മനോഹരം..ആ കാരറ്റിന്റെയും ചോളത്തിന്റെയും ക്ലോസപ്പ് സൂപ്പറായി...

    രാജമലയിൽ പോയത് കോളേജിൽ പഠിക്കുന്ന സമയത്താണ്..ആ മനോഹരമായ ഓർമ്മകളിലേക്ക് ഈ പോസ്റ്റ് കൂട്ടിക്കൊണ്ട് പോയി..

    സസ്നേഹം,
    പഥികൻ

    ReplyDelete
    Replies
    1. പ്രിയപ്പെട്ട പഥികൻ,, ആനയുടെ ചിത്രം ഇടണ്ട എന്ന് ആദ്യം കരുതിയതാണ്.. പക്ഷേ നമ്മുടെ നാട്ടിൽ നടക്കുന്ന ഈ ക്രൂരതകളേ നമ്മളാൽ ആകുംവിധം അറിയിയ്ക്കുക എന്ന ബാധ്യത ഉണ്ടല്ലോ.. അതുകൊണ്ടാണ് അത് പോസ്റ്റിൽ ഉൾപ്പെടുത്തിയത്...

      സന്ദർശനത്തിനും, അഭിപ്രായത്തിനും ഏറെ നന്ദി... സ്നേഹപൂർവ്വം..

      Delete



  8. മാഷെ മനോഹരം എന്ന് പറഞ്ഞാല്‍ ...കുറഞ്ഞു പോകും. പണ്ട് പറഞ്ഞ പോലെ സഞ്ചാരത്തില്‍ സാഹിത്യം കലര്‍ത്തുന്ന അപൂര്‍വ്വം ചിലരിലൊരാള്‍ ... താങ്കളുടെ ചില ബ്ലോഗുകളില്‍ നിന്നും ഞാന്‍ അല്പം...അല്ലല്ല ഒരുപാട് വിവരങ്ങള്‍ എന്‍റെ റേഡിയോ പരിപാടിക്ക് വേണ്ടി എടുത്തിരുന്നു. കടപ്പാടില്‍ താങ്കളുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട് ട്ടോ. എന്‍റെ സുഹ്ര്തും ബ്ലോഗ്ഗെരുമായ ഷിബു തോവാള ക്കുള്ള നന്ദി മനസ്സില്‍ സൂക്ഷിക്കുന്നു എന്ന പറഞ്ഞത്. ചില ഭാഗത്തെ വാചകങ്ങള്‍ അതെ പോലെ എടുക്കേണ്ടി വന്നു. കാരണം അതിലും മനോഹരമായി മലയാള ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല. അതിനു പ്രത്യേകം കടപ്പാട് പറഞ്ഞിട്ടുണ്ട്. ഒരുമിച്ചൊരു യാത്ര പോകാമെന്ന് പറഞ്ഞിരുന്നു.നട്ടില്‍ വരുമ്പോള്‍..അതില്‍ വിളിക്കഞ്ഞതിലുള്ള പരിഭവം രേഖപ്പെടുത്തിക്കൊണ്ട്...സ്നേഹത്തോടെ ..സുമേഷ്















    With Thanks & Regards
    Sumesh Chunkappara

    (RJ cum Program Producer)

    Radio MACFAST 90.4

    Thiruvalla

    mob: 9446709090

    ReplyDelete
    Replies
    1. പ്രിയ സുമേഷ്, നാട്ടിൽ എത്തിയപ്പോൾ വിളീയ്ക്കാൻ സാധിച്ചില്ല.. അതിന് ആദ്യമേ ക്ഷമ ചോദിയ്ക്കുന്നു.. ഇത്തവണ കാര്യമായ യാത്രകൾ ഒന്നും നടത്തുവാനും ആയില്ല... മഴയും, വേറെ ചില പ്രശ്നങ്ങളുംകൊണ്ട് യാത്രകൾ ഒഴിവാക്കേണ്ടിവന്നു...
      ഞാൻ ഡിസംബറിൽ എത്തുന്നുണ്ട്.. അപ്പോൾ നമുക്ക് ഒന്നിച്ച് ഒരു യാത്ര പോകാം...
      അപ്പോൾ പരിഭവങ്ങൾ എല്ലാം മാറിക്കൊള്ളും. :)

      സ്നേഹപൂർവ്വം.

      Delete
  9. വിവരണം അസ്സലായി കൂട്ടുകാരാ,
    മിഴിവുറ്റ പടങ്ങള്‍ കണ്ടുള്ള വായന ശരിക്കും ഒരു യാത്രയിലെന്നപോലെ രസിപ്പിച്ചു.
    ഒപ്പം വരയാടുകളെപ്പറ്റി അത്യാവശ്യമറിയേണ്ട കാര്യങ്ങളും ഭംഗിയായി വിവരിച്ചു.
    ശിരസ്സറ്റ ഗജവീരന്റെ പടത്തോടൊപ്പമുള്ള വിവരണം ഒരുമാത്രയെങ്കിലും വേദനിക്കുന്ന ചിന്തകള്‍നല്‍കി.!
    കാടും മലയും പുഴയും കടന്ന് ഈ സഞ്ചാരം ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ..!

    ഒത്തിരിയാശംസകളോടെ...പുലരി

    ReplyDelete
  10. കുറെ നാളായി ഷിബുവിനെ കണ്ടിട്ടും വായിച്ചിട്ടും. അല്ലെങ്കില്‍ കൂടെ യാത്ര ചെയ്തിട്ടും എന്ന് വേണേലും പറയാം :)

    പറഞ്ഞത് ശരിയാ ഷിബു. ആനകളോടുള്ള നാട്ടിലെ ക്രൂരതയും ഇപ്പോള്‍ സ്ഥിരം വാര്‍ത്ത ആയിരിക്കുന്നു . ആ കൊമ്പന്റെ ചിത്രം വേണ്ടിയിരുന്നില്ല എന്ന് തോന്നി. എന്നാലും ഒരു ബോധവല്‍ക്കരണം പോലെ അതവിടെ വേണം.
    ഞാനൊക്കെ യാത്രകളെ അലക്ഷ്യമായി പറഞ്ഞു പോകുന്നു. ഷിബു ആധികാരികമായി പറയുന്നു. നല്ലൊരു യാത്രാ സൂചികപോലെ

    നല്ല ചിത്രങ്ങളും നല്ല ഭാഷയും കൂട്ടി ചേര്‍ത്ത ഈ യാത്ര നന്നായി ഷിബു
    സ്നേഹാശംസകള്‍

    ReplyDelete
  11. പ്രിയപ്പെട്ട ഷിബു,

    പതിവ് പോലെ, മനോഹരമായ വരികള്‍.....!കാരറ്റ് കണ്ടാല്‍ തന്നെ എടുത്തു കറുമുറ കഴിക്കാന്‍ തോന്നും.

    ഹൃദയഭേദകമായ ആനയുടെ ഫോട്ടോ വേണ്ടായിരുന്നു;കാണാന്‍ വയ്യ.

    വരയാടുകളെ കുറിച്ച് എത്ര വിശദമായി എഴുതിയിരിക്കുന്നു.

    യാത്രകള്‍ എങ്ങിനെ ആസ്വാദ്യകരമാക്കാം എന്ന് വരികളിലൂടെ ഭംഗിയായി വിവരിച്ചു തന്നതിന്,

    ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

    പൂക്കളുടെ ഗ്രാമമായ തോവാളയാണോ,ഷിബുവിന്റെ ജന്മഗ്രാമം?

    മനോഹരമായ ഒരു മഴരാത്രി!

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
  12. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ മൂന്നാര്‍ മാത്രേ പോയുള്ളോ ഷിബു ...
    വരയാടിനെ കുറിച്ചുള്ള വിവരണം വളരെ നന്നായിരിക്കുന്നു ...
    ആദ്യം മൂന്നാര്‍ പോകുമ്പോള്‍ എനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു വരയാടിനെ കുറിച്ചു
    പിന്നെ അതറിയാന്‍ ഒരു കൌതുകം തോന്നി അങ്ങനെ അതിനെ കുറിച്ചു തിരക്കി...
    വരയുള്ള ആടിനെ തിരക്കിയ ഞങ്ങള്‍ക്ക് പാറയുടെ കളറുള്ള ആടിനെ കാണിച്ചു ഇതാണ് വരയാട് എന്നുപറഞ്ഞു തന്നപ്പോള്‍ പറഞ്ഞ ആളോട് ഒരു ചെറിയ നീരസം തോന്നി കാരണം മറ്റൊന്നുമല്ല മലയാളികളായ നമ്മളെ കളിയാക്കിയതാണോന്നൊരു സംശയം ....:)
    പിന്നെയാണ് അവര്‍ വിവരിച്ചു തന്നത് ...
    >>>>പാറ എന്നർത്ഥമുള്ള 'വരൈ, ആട്' എന്നീ രണ്ടു തമിഴ്വാക്കുകൾ കൂടിച്ചേർന്നാണ് 'പാറക്കെട്ടുകളിൽ വസിയ്ക്കുന്ന ആട്' എന്ന അർഥം വരുന്ന വരയാട് എന്ന നാമം രൂപമെടുത്തത്<<<<. മഞ്ഞില്‍ ഇവക്ക് കണ്ണ് കാണാറില്ല അപ്പോള്‍ അവര്‍ പാറയില്‍ അഭയം പ്രാപിക്കും , അത് മറ്റുള്ള വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാനാണ് ....! ഇങ്ങനെയാണ് അന്ന് എനിക്ക് കിട്ടിയ ചെറിയ അറിവ് ..ഷിബു വളരെ നന്നായി വിവരിച്ചിരിക്കുന്നു ...
    ചിത്രങ്ങളും മനോഹരമായിട്ടുണ്ട് ട്ടോ ...!!

    ReplyDelete
  13. ഉത്തര ഭാരതത്തിലെ
    ചരിത്രങ്ങളുറങ്ങുന്ന പാന്ഥാവുകളാകട്ടെ ...
    മലയാള നാടിന്റെ മലനിരകളോ അതോ കാനന ചോലകളോയാകട്ടേ...
    ഒരു യഥാർത്ഥ യാത്രികന്റെ സഞ്ചാരത്തിന്റെ വീഥികളിൽ കണ്ട/പാഥങ്ങൾ
    പതിഞ്ഞ വിനോദ-സഞ്ചാര സ്ഥലങ്ങളുടെയൊക്കെ വിശകലനങ്ങൾ മലയാള പദങ്ങൾ
    അതിഭംഗിയായെടുത്തമ്മാനമാടി സാഹിത്യത്തിൽ ചാലിച്ചും , അതിലും മനോഹരമായി അവയൊക്കെ ക്യാമറകണ്ണുകളിലൂടെ ഒപ്പിയെടുത്തും ,അവിടങ്ങളിലെയൊക്കെ പ്രകൃതിയുടെ രമണീയതകൾ മുഴുവനായും വായനക്കാരെ തൊട്ടറിയിക്കുവാനുള്ള ഈ കഴിവിന് എന്റെ വിനീതമായ പ്രണാമം കേട്ടോ പ്രഭോ..അല്ലാ ഷിബോ.

    വല്ലാത്ത തിരക്കിൽ പെട്ടുഴലുന്നതിനാലാണ് ഈ താമസ കുറുപ്പടി കേട്ടൊ ഗെഡി

    ReplyDelete
  14. പ്രിയപെട്ട ഷിബു ,
    യാത്രകള്‍ അധികം ചെയ്തിട്ടല്ല ,എന്നാല്‍ മനസ്സില്‍ ഏറ്റവും ഇഷടമുള്ള ഒന്ന് ഇത്തരം യാത്രകള്‍ വായിക്കുകയാണ് .ഈ പോസ്റ്റ് കേവലം ഒരു യാത്രാവിവരണം എന്നതിലുപരി ഒരു പാട് അറിവുകള്‍ നല്‍കുന്നു ,,ഇന്ഫര്മേഷന് സെന്ററില്‍ നിന്നും അവര്‍ തന്ന ചിത്രങ്ങള്‍ക്കൊപ്പം ലഭ്യമായ ആധികാരിക വിവരങ്ങള്‍ കൂടി എഴുതിയത് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് ..കൂട്ടത്തില്‍ ഏറെ വേദനിപ്പിച്ചത് ആ കൊമ്പന്‍റെ പടമാണ് ....എന്തായാലും ചില നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത് ഇതിനൊക്കെ ഒരു പരിധിവരെ പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം അല്ലെ !!

    ReplyDelete
  15. ഷിബൂ മനോഹരമായ വിവരണം . നല്ല ചിത്രങ്ങള്‍, ആശംസകള്‍

    ReplyDelete