Saturday, July 7, 2012

കുറിഞ്ഞി പൂക്കുന്ന താഴ്വരയിലൂടെ...

 പ്രകൃതിയൊരുക്കിയ കാൻവാസിൽ, ഹരിതവർണ്ണഭേദങ്ങളുടെ അതിപ്രസരം ഒഴുകിയിറങ്ങിയതുപോലെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന തേയിലപരപ്പുകൾ. മഞ്ഞുതുള്ളികളെ നിറുകയിൽ ചൂടിനിൽക്കുന്ന തേയിലക്കൊളുന്തുകൾ  കൈകോർത്തു  വിരിച്ച  ആ പച്ചപ്പുതപ്പിനുമുകളിലൂടെ, ഉദയസൂര്യന്റെ  സുവർണ കിരണങ്ങൾ ഒഴുകിയെത്തുന്ന ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു....... ഒപ്പം മൂന്നാറിന്റെ കുളിരിലേയ്ക്ക് ഹാർദ്ദവമായി സ്വാഗത‌മോതി, മലനിരകളുടെ മറവിൽനിന്നും  ചെമ്മരിയാട്ടിൻകൂട്ടങ്ങളെപ്പോലെ ഉയർന്നു വരുന്ന കോടമഞ്ഞ് വാരിവിതറുന്ന സുഖകരമായൊരു തണുപ്പും..... മഞ്ഞിൽ നനഞ്ഞുകുതിർന്ന കുന്നുകളും തേയിലത്തളിരുകളിൽ പ്രതിഫലിയ്ക്കുന്ന സൂര്യരശ്മികളുടെ സുവർണ്ണകാന്തിയും, ചൂടുചായയുടെ സുഗന്ധം വഹിച്ചെത്തുന്ന കുളിർകാറ്റും ആസ്വദിച്ച് ഞങ്ങൾ രാജമലയിലേയ്ക്കുള്ള യാത്രയിലായിരുന്നു അപ്പോൾ... അപൂർവ്വതയുടെ വർണ്ണച്ചാർത്തുമായി നീലക്കുറിഞ്ഞികൾ പൂത്തുലയുന്ന ഗിരിനിരകളും, അവയ്ക്കിടയിലൂടെ കൂത്താടിനടക്കുന്ന വരയാടിൻകൂട്ടങ്ങളെയും കൺകുളിർക്കെ കണ്ടാസ്വദിയ്ക്കുവാനുള്ള  യാത്ര...
മഞ്ഞണിഞ്ഞ മലനിരകൾക്കരികിലൂടെ...
രാവിലെ 5:30 ന് CBZ ബൈക്കിൽ,തോവാളയിൽനിന്നും യാത്ര ആരംഭിയ്ക്കുമ്പോൾ അന്തരീക്ഷം തികച്ചും  ശാന്തമായിരുന്നുവെങ്കിലും, ഏലമലക്കാടുകൾ  അതിരിടുന്ന കുമളി - മൂന്നാർ വഴിയിലൂടെ നെടുങ്കണ്ടവും, ഉടുമ്പൻചോലയും പിന്നിട്ട്  പൂപ്പാറയെ സമീപിച്ചതോടെ മൺസൂണിന്റെ വരവറിയിച്ച് അപ്രതീക്ഷിതമായി ചാറ്റൽമഴയും സഹയാത്രികരായി കൂടെയെത്തി... മൂന്നാറിന്റെ മണ്ണും, മനസ്സും, പ്രകൃതിയുടെ ഭാവമാറ്റങ്ങളും അടുത്തറിയുന്ന സിബിച്ചേട്ടന്റെ (സിബി മൂന്നാർ) നിർദ്ദേശപ്രകാരം മഴക്കോട്ടുകൾ കരുതിയിരുന്നുവെങ്കിലും നൂൽമഴയോടൊപ്പം, തുളച്ചുകയറുന്ന തണുപ്പും ശക്തമായതോടെ പൂപ്പാറയിലെ ഒരു ചെറിയ ചായക്കടയിൽ ഞങ്ങൾ താത്ക്കാലിക അഭയം കണ്ടെത്തി... പാതയോരത്തുനിന്നും പരന്നുകിടക്കുന്ന തേയിലനിരകളുടെ സൗന്ദര്യവും, കറുത്തിരുണ്ട റോഡിൽ തല്ലിപ്പരന്നൊഴുകുന്ന മഴവെള്ളച്ചാലുകളും കൺകുളിർക്കെ കണ്ട്, കടുപ്പത്തിലുള്ള ഒരു ചൂടുചായ ആസ്വദിച്ച് മൊത്തിക്കുടിയ്ക്കുമ്പോൾ  അന്തരീക്ഷത്തിന്റെ തണുപ്പ് മെല്ലെ അലിഞ്ഞു മാറുകയായിരുന്നു...

കേരളത്തിന്റെയും, തമിഴകത്തിന്റെയും സംസ്കാരം ഇടകലർന്നുനിൽക്കുന്ന പൂപ്പാറയെന്ന വഴിയോരഗ്രാമം, മരംകോച്ചുന്ന തണുപ്പിനടിയിലും അതിരാവിലെതന്നെ കണ്ണുതിരുമ്മി ഉണർന്നുകഴിഞ്ഞിരുന്നു. സമീപത്തെ എസ്റ്റേറ്റുകളിലേയ്ക്ക്, തൊഴിലാളികളുമായി പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ഹോൺമുഴക്കങ്ങൾ... ടൂറിസ്റ്റുവാഹനങ്ങളുടെ ഇരമ്പലുകൾ..... കടുംനിറങ്ങളിലുള്ള പ്ലാസ്റ്റിക്  പുതച്ച്, മഴയെ വകവയ്ക്കാതെ കൊളുന്തു നുള്ളുവാനായി പാത‌യോരത്തുകൂടി നീങ്ങുന്ന തമിഴ്‌സ്ത്രീകളുടെ സംഘങ്ങൾ.. ഗ്രാമജീവിതത്തിന്റെ നിഷ്കളങ്കതയിൽ, ഉച്ചത്തിലുള്ള കലപില സംസാരവുമായി അവർ ചായക്കടയെ സമീപിച്ചതോടെ, ചെറിയ ചാറൽമഴയെ വകവെയ്ക്കാതെ ഞങ്ങൾ വീണ്ടും യാത്രയ്ക്കായി തയ്യാറെടുത്തു.
വളഞ്ഞു പുളഞ്ഞ് മൂന്നാറിലേയ്ക്ക്..
പൂപ്പാറയിൽനിന്നും ദേവികുളം- ആനയിറങ്കൽ ഡാമിനു സമീപത്തുകൂടിയുള്ള പതിവുവഴിയിൽനിന്നും വ്യത്യസ്തമായി,  ബൈസൺവാലി - കുഞ്ചിത്തണ്ണി  എന്നീ  ഉൾഗ്രാമങ്ങളിലൂടെ  കടന്ന് മൂന്നാറിൽ എത്തിച്ചേരുന്ന പാതയിലൂടെയായിരുന്നു ഇത്തവണ ഞങ്ങളുടെ യാത്ര... പ്രകൃതിസൗന്ദര്യത്തിൽ
അല്പം പിന്നിലെങ്കിലും, കുടിയേറ്റകർഷകന്റെ അദ്ധ്വാനത്തിന്റെയും, വിയർപ്പിന്റെയും ഫലസമൃദ്ധി വിളിച്ചറിയിയ്ക്കുന്ന കാഴ്ചകളാണ് വഴിയോരങ്ങളിലെവിടെയും... തഴച്ചുവളരുന്ന ഏലച്ചെടികൾ... കുരുമുളകുതോട്ടങ്ങൾ... കനത്ത കായകളുമായി തൊടികളിൽ വളർന്നുനിൽക്കുന്ന ജാതിമരങ്ങൾ... സുഗന്ധവിളകളുടെ നാടെന്ന ഇടുക്കിജില്ലയുടെ പെരുമയെ വിളിച്ചറിയിയ്ക്കുന്ന കാഴ്ചകളായിരുന്നു എവിടെയും... 

വാഹനങ്ങളുടെ തിരക്കുകളില്ലാതെ ശാന്തമായി നീണ്ടുകിടക്കുന്ന പാതയാണെങ്കിലും, വീതി കുറഞ്ഞ
വഴിയും, കൊടുംവളവുകളും, ആഗാധങ്ങളിലേയ്ക്കെന്നപോലെ കുത്തനെ കിടക്കുന്ന ഇറക്കങ്ങളും സാഹസികത്വം നിറഞ്ഞുനിൽക്കുന്നൊരു യാത്രയുടെ  അനുഭവമാണ് സഞ്ചാരികൾക്ക് പകർന്നു കൊടുക്കുന്നത്..... കുന്നിന്മുകളിലേയ്ക്കുള്ള വഴികളിലൂടെ കുത്തനെ കയറിപ്പോകുമ്പോൾ, ചുരുണ്ടു കിടക്കുന്ന പെരുമ്പാമ്പുപോലെ, അപ്രതീക്ഷിതമായി കടന്നുവരുന്ന കൊടുംവളവുകൾ, മറുനാടൻ ഡ്രൈവർമാരെയും യാത്രികരെയും വല്ലാതെ വിഷമിപ്പിയ്ക്കുമ്പോഴും, സ്കൂൾകുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാരെ കുത്തിനിറച്ച്,  ചീറിപ്പാഞ്ഞുപോകുന്ന സ്വകാര്യജീപ്പുകൾ ഈ വഴികളിലെ ഒരു സാധാരണ കാഴ്ച മാത്രമായിരുന്നു...
പച്ചപുതച്ച തേയിലക്കാടുകൾ.....
കുഞ്ചിത്തണ്ണിയിലെത്തുമ്പോ‌ഴേയ്ക്കും മഴ മാറി മാനംതെളിഞ്ഞുതുടങ്ങി....... കൂട്ടിന് ഇളംവെയിൽ പകർന്നു തരുന്ന ചെറുചൂടും.......കൃഷിയിടങ്ങളുടെ സമൃദ്ധിയിലൂടെ, മനസ്സു കുളിർപ്പിയ്ക്കുന്ന കാലാവസ്ഥയുടെ സുഖം നുകർന്ന് അരമണിയ്‌ക്കൂർ കൂടി യാത്രചെയ്തതോടെ മൂന്നാർ കാഴ്ചകൾ ആരംഭിച്ചുതുടങ്ങി. പച്ചപ്പട്ടുവിരിച്ച തേയിലത്തോട്ടങ്ങളും, അവയ്ക്കിടയിൽ തഴച്ചുവളരുന്ന ഓറഞ്ചുമരങ്ങളും..... ചുവപ്പും, വയലറ്റും, മഞ്ഞയും നിറങ്ങളിലുള്ള പൂക്കൾ കൊഴിഞ്ഞുതുടങ്ങിയ ഗുൽമോഹർ മരങ്ങൾ. ഈ ദൃശ്യങ്ങൾക്കെല്ലാം മദ്ധ്യത്തിലായി അതിർവരമ്പുപോലെ വളർന്നുനിൽക്കുന്ന യൂക്കാലിപ്റ്റ്സ് തോട്ടങ്ങൾ... ശിരസ്സുയർത്തി നിൽക്കുന്ന കൂറ്റൻ മലനിരകൾ.. ഹരിതവർണ്ണസങ്കരങ്ങളുടെ ചേലചുറ്റിയ മലനിരകളിൽ, ഭൂമീദേവിയുടെ ഹൃദയത്തുടിപ്പിലേറ്റ താളഭ്രംശംപോലെ മുളച്ചുപൊന്തിയ കൂറ്റൻ കോൺക്രീറ്റ് സൗധങ്ങൾ.. അവയിൽ ഏറെയും റിസോർട്ടുകൾ ആണെന്ന് വ്യക്തം.... ബുൾഡോസറുകളുടെ തേർചക്രങ്ങൾക്കടിയിൽനിന്നും ഭാഗ്യംകൊണ്ടോ, നിർഭാഗ്യം കൊണ്ടോ രക്ഷപെട്ടു പോയതാകണം, പിന്നീട് മൂന്നാറിന്റെ ട്രേഡ്‌മാർക്കായി മാറിക്കഴിഞ്ഞിരിയ്ക്കുന്ന ഈ മണിമന്ദിരങ്ങൾ.....
വികസനം വിഴുങ്ങുന്ന മൂന്നാർ..
മൂന്നാറിലെത്തിച്ചേരുമ്പോൾ സമയം 9:30... തലേന്നുപെയ്ത മഴയും, സഞ്ചാരികളുടെ മാറ്റുവാനാകാത്ത  ശീലങ്ങളും  ചേർന്ന്  മലീമസമാക്കിയ  തെരുവുകൾക്കുപിന്നിലായി  മൂന്നാർ ഉണർന്നുവരുന്നതേയുള്ളു...  മൂന്നാറിൽനിന്നും പ്രഭാതഭക്ഷണം കഴിയ്ക്കണം എന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, മനംമടുപ്പിയ്ക്കുന്ന വൃത്തിഹീനമായ  ആ അന്തരീക്ഷത്തിൽനിന്നും രക്ഷപെടുവാനുള്ള  വ്യഗ്രതമൂലം,  സമയം  കളയാതെ ഞങ്ങൾ  രാജമലയിലേയ്ക്ക് നീങ്ങി...

മൂന്നാറിൽനിന്നും രാജമലയിലേയ്ക്ക് 13 കിലോമീറ്ററാണ് പിന്നിടേണ്ടത്... ഈ  ദൂരമത്രയും മനോഹരമായ വഴിയോരക്കാഴ്ചകൾകൊണ്ട്  സമ്പന്നമാണ്...... അടുത്ത  നാളുകളിൽ പെയ്തുപോയ  വേനൽമഴയുടെ കരുത്തിൽ പച്ചപുതച്ചുനിൽക്കുന്ന പാതയോരങ്ങൾ... അധിനിവേശ കളസസ്യമെന്ന ദുഷ്പേര് പേറുമ്പോഴും, വ്യത്യസ്ത വർണങ്ങളിലുള്ള  പൂക്കൾകൊണ്ട് പാതവക്കുകളിൽ  സഞ്ചാരികൾക്കായി  മനോഹരങ്ങളായ പൂക്കളമൊരുക്കിയിരിയ്ക്കുകയാണ് ലന്താനക്കാടുകൾ.... രാജമല ടീ ഫാക്ടറിയ്ക്ക് സമീപമെത്തുമ്പോൾ ചൂടുചായയുടെ കടുത്ത സുഗന്ധത്തിനൊപ്പം, കാടകങ്ങളുടെ കുളിരും, നൈ‌ർമല്യവും പേറി ഒഴുകിയിരുന്ന ഒരു കൊച്ചരുവിയുടെ കളകളാരവം മുഴങ്ങുന്നു... വിദേശലൊക്കേഷനുകൾ തേടിയുള്ള പരക്കംപാച്ചിൽ ആരംഭിയ്ക്കുന്ന കാലങ്ങൾക്കുമുൻപ്, മലയാളചലച്ചിത്രലോകത്തിന്റെ പ്രിയപ്പെട്ട കേന്ദ്രമായിരുന്നുവല്ലോ ഈ അരുവിയുടെ തീരം....  ഈ മനോഹരതീരത്തുകൂടി ആടിപ്പാടിനടന്ന പ്രിയപ്പെട്ട കഥാപാത്രങ്ങൾ, എത്രയെത്ര സിനിമകളിൽനിന്നാണ്  മലയാളികളുടെ മനസ്സുകളിലേയ്ക്ക് ചേക്കേറിയിരുന്നത്...

എന്നാൽ കാലങ്ങൾ ഏറെ പിന്നിടുമ്പോൾ, കൊടുംവേനൽ കുടിച്ചുവറ്റിച്ച അരുവിയിൽ, ചിതറിക്കിടക്കുന്ന വെള്ളാരംകല്ലുകളുടെ തിളക്കങ്ങൾ മാത്രമാണ് അവശേഷിയ്ക്കുന്നത്.. തേയിലഫാക്ടറിയിലേയ്‌ക്കായി എത്തിച്ചതാകണം,  മുറിച്ചുകൂട്ടിയ  വൃക്ഷശിഖരങ്ങൾ അരുവിയുടെ കരയിലുടനീളം  കൂട്ടിയിട്ടിരിയ്ക്കുന്നു... മെലിഞ്ഞൊഴുകുന്ന നേർത്ത വെള്ളച്ചാലിൽ, അലക്കുകാരുടെ തിരക്കുകൂട്ടൽ.. കുറഞ്ഞ കാലങ്ങൾകൊണ്ട് ഒരു മനോഹരതീരത്തിനെ പരിസ്ഥിതിനാശത്തിലേയ്ക്ക് എങ്ങനെയൊക്കെ തള്ളിവീഴ്ത്തുവാൻ മനുഷ്യ വർഗ്ഗത്തിനാകും എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിക്കഴിക്കഴിഞ്ഞിരുന്നു ഒരുകാലത്ത് സൗന്ദര്യം വഴിഞ്ഞൊഴുകിയിരുന്ന ഈ അരുവിയും പരിസരങ്ങളും....

രാജമലയെ സമീപിച്ചതോടെ വാഹനങ്ങളുടെ ഒഴുക്ക് ആരംഭിച്ചുതുടങ്ങിയിരുന്നു.. അതിരാവിലെ എത്തി രാജമലയുടെ  കാഴ്ചകൾ  ആസ്വദിച്ച് മടങ്ങിപ്പോകുന്ന സന്ദർശകർ.... വിനോദസഞ്ചാരകേന്ദ്രങ്ങളുടെ തീരാശാപമെന്നപോലെ, വഴിയോരങ്ങളിലെ മരത്തണലുകളിൽ,  മദ്യസേവയുമായി കൂടിയിരിയ്ക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങളും അപൂർവ്വമായിരുന്നില്ല.... മദ്യമില്ലാതെ നമുക്കെന്ത് ആഘോഷം അല്ലേ..?
ആനമല - ഒരു വിദൂരക്കാഴ്ച
രാജമലയുടെ പ്രവേശനകവാടത്തിലെ ആദ്യകാഴ്ചതന്നെ യാത്രക്കാരെ നിരാശ്ശപ്പെടുത്തുന്നതായിരുന്നു... ടിക്കറ്റിനായി കാത്തുനിൽക്കുന്ന സഞ്ചാരികളുടെ നീണ്ട നിര പിന്നിലേയ്ക്ക് അനന്തമായി നീണ്ടുകിടക്കുന്നു... കാത്തിരിപ്പിന്റെ  നിരാശ്ശയോടെ പരിസരങ്ങളിലൂടെ ചുറ്റിത്തിരിയുന്ന  സന്ദർശകരുടെ  തിക്കും തിരക്കും... പാർക്കിംഗ് ഗ്രൗണ്ടും,  പാതവക്കുകളും വാഹനങ്ങൾകൊണ്ട്  നിറഞ്ഞിരിയ്ക്കുന്നു.....  മുൻകാലങ്ങളിൽ  രാജമലയിലെ  ഇൻഫോർമേഷൻ സെന്ററിനു  സമീപത്തുവരെ  സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും, വർദ്ധിച്ചുവരുന്ന അന്തരീക്ഷമലിനീകരണവും, വാഹനത്തിരക്കും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, സ്വകാര്യവാഹനങ്ങൾക്കുള്ള പ്രവേശനത്തിനും, കാൽനടയാത്രയ്ക്കും വനംവകുപ്പ് ഇന്ന് നിരോധനമേർപ്പെടുത്തിയിരിയ്ക്കുകയാണ്. പകരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും, ഇക്കോ ടൂറിസം കൗൺസിലിന്റെയും മേൽനോട്ടത്തിൽ ആറ് മിനി ബസ്സുകളാണ്, സന്ദർശകർക്കായി രാജമലയിലേയ്ക്കും, തിരിച്ചും സർവ്വീസുകൾ നടത്തുന്നത്..

പാർക്കിംഗ്ഗ്രൗണ്ടിലെ തിരക്കൊഴിഞ്ഞ  മൂലയിൽ  ബൈക്ക്  നിറുത്തിയശേഷം, ഇക്കോ ടൂറിസത്തിന്റെ ഓഫീസിലേയ്ക്ക് ഞങ്ങൾ നടന്നു... രാജമലയിലെത്തിച്ചേരുന്ന സാഹസികരായ സന്ദർശകർക്കായി   'കുറിഞ്ഞി യാത്ര'  എന്ന  പേരിൽ  ഒരുക്കിയിരിയ്ക്കുന്ന  ട്രക്കിംഗ്  ആസ്വദിയ്ക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.വനംവകുപ്പ്  ഉദ്ദ്യോഗസ്ഥരെക്കൂടാതെ തമിഴ്വംശജരും, ആദിവാസികളും ഉൾപ്പെടുന്ന, കാര്യക്ഷമത‌യോടെ പ്രവർത്തിയ്ക്കുന്ന ഒരു കൂട്ടം വാച്ചർമാരും രാജമലയിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഇന്ന് നേതൃത്വം നൽകുന്നു.

ഇക്കോ ടൂറിസത്തിന്റെ ഓഫീസിൽ ഞങ്ങൾക്കാവശ്യമായ സഹായങ്ങൾ ചെയ്തു തന്നത് അരുൺ എന്ന വാച്ചറായിരുന്നു.  ഇടമലക്കുടി ആദിവാസി കോളനിയിൽനിന്നുമെത്തിയ അരുൺ, ഒരു മാസം മുൻപാണ് ഇവിടെ വാച്ചറായി ജോലിയിൽ പ്രവേശിച്ചത്. കുറിഞ്ഞിയാത്രാ ഫീസ്, ക്യാമറ ചാർജ്ജ്,  പ്രവേശനഫീസ്,  എന്നിവയുൾപ്പടെ  ആളൊന്നിന്  135   രൂപവീതം  അരുണിനെ ഏൽപ്പിച്ച് ഞങ്ങൾ പുറത്തേയ്ക്കിറങ്ങി..

കുറിഞ്ഞി യാത്രയിൽ ഞങ്ങൾക്കൊപ്പം പോരുവാൻ നിയോഗിയ്ക്കപ്പെട്ടതും അരുൺ തന്നെയായിരുന്നു.. ട്രക്കിംഗിൽ  പങ്കെടുക്കുന്നവർക്ക്  രാജമലയിലേയ്ക്കുള്ള യാത്രയിൽ പ്രത്യേക പരിഗണനയുള്ളതിനാൽ, നീണ്ട നിരയിൽ മണിയ്ക്കൂറുകളായി കാത്തുനിൽക്കുന്ന മറ്റു സന്ദർശകരെ പിൻതള്ളി, അരുണിനോടൊപ്പം ഞങ്ങൾ മുൻനിരയിൽതന്നെ സ്ഥാനം പിടിച്ചു... മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ പല കാലങ്ങളിലായി പൂത്തുലയുന്ന, നിരവധി ഇനങ്ങളിപ്പെട്ട കുറിഞ്ഞികളാണുള്ളത്. ഈ കുറിഞ്ഞികളെയും, വന്യമായി വളരുന്ന ചില  അപൂർവ്വയിനം ഓർക്കിഡുകളെയും,  ചിത്രങ്ങൾ  സഹിതം  വിശദമായി പരിചയപ്പെടുത്തുന്ന ഒരു ബുക്കുമായിട്ടാണ് അരുൺ ഞങ്ങളുടെ സമീപത്തേയ്ക്ക് വന്നത്.. മനോഹരമായ ചിത്രങ്ങൾ ആസ്വദിച്ചു തുടങ്ങുമ്പോൾ തന്നെ ഞങ്ങൾക്കായുള്ള മിനി ബസ്സ് എത്തിച്ചേർന്നു.
മഞ്ഞും, മലയും, പുൽമേടും....
24-ഓളം യാത്രക്കാർക്ക് സഞ്ചരിയ്ക്കുവാനുള്ള സൗകര്യങ്ങൾ ഓരോ ബസ്സിലും സജ്ജമാക്കിയിരിയ്ക്കുന്നു. തിരക്കു  കൂട്ടാതെ  സന്ദർശകരെ  നിയന്ത്രിയ്ക്കുവാൻ  ഇവിടെയും വാച്ചർമാരുണ്ട്. വാഹനത്തിനുള്ളിലും ഗൈഡിന്റെ  സേവനവുമായി, ഒരു  വാച്ചർ സന്ദർശകർക്കൊപ്പം  യാത്ര ചെയ്യുന്നുണ്ട്. രാജമലയെയും, വരയാടുകളേയുംകുറിച്ചുള്ള ഒരു ചെറിയ വിവരണത്തോടെയാണ് ഞങ്ങളുടെ യാത്രയും ആരംഭിച്ചത്....

ഒരു വശത്ത് പരന്നു കിടക്കുന്ന തേയിലക്കാടുകളും, മറുവശത്ത് ഇടമുറിഞ്ഞു കിടക്കുന്ന ചോലവനങ്ങളും.. കാടുകൾക്കുമുകളിലൂടെ കനത്തുവരുന്ന മൂടൽമഞ്ഞിനിടയിലൂടെ  അല്പദർശനം മാത്രം നൽകി, മാനംമുട്ടെ  ഉയർന്നു നിൽക്കുന്ന കരിമ്പാറ മലകൾ....... മലനിരകൾക്കു  മുകളിൽ ചാർത്തിയ വെള്ളിയാഭരണങ്ങൾ പോലെ, ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ...."അവിടേയ്ക്ക് നോക്കൂ, അതാണ് ആനമല.."  വാഹനം ഒരു വളവു തിരിഞ്ഞുവന്നപ്പോൾ വിദൂരതയിൽ ഉയർന്നുനിൽക്കുന്ന മലനിരകളെ ചൂണ്ടിക്കാട്ടി ഗൈഡ് പറഞ്ഞു.'' '' ദക്ഷിണേന്ത്യയിലെ എവറസ്റ്റ് '' എന്ന  ബഹുമതി  കരസ്ഥമാക്കിയിരിയ്ക്കുന്നത്  2695  മീറ്റർ ഉയരമുള്ള ആനമലയാണ്. ആനമലയുൾപ്പെടുന്ന  ഈ  വന്യമൃഗസങ്കേതത്തിനുള്ളിൽ,  വരയാടിനൊപ്പം, കടുവയും, പുള്ളിപ്പുലിയും, ആനയും കാട്ടുപോത്തുമുൾപ്പടെ ധാരാളം കാട്ടുമൃഗങ്ങളെ കാണുവാൻ സാധിയ്ക്കും.." ആനമ‌ലയിൽനിന്നും, നീലക്കുറിഞ്ഞിയിലേയ്ക്ക് ഗൈഡിന്റെ വിവരണം പ്രവേശിയ്ക്കുമ്പോഴേയ്ക്കും ഞങ്ങൾക്ക് ഇറങ്ങുവാനുള്ള സ്ഥലം എത്തിച്ചേർന്നിരുന്നു..

തേയിലച്ചെടികളും, ചോലവനങ്ങളും,പുൽമേടുകളും അതിർത്തി പങ്കിടുന്ന സ്ഥലത്തുനിന്നുമാണ് ഞങ്ങളുടെ യാത്ര ആരംഭിയ്ക്കുന്നത്..... കാടിനുള്ളിലൂടെ  നടന്നാണ് ഞങ്ങൾ പോകുന്നത്  എന്നറിഞ്ഞപ്പോൾ സഹയാത്രികർക്കും ആവേശം.... കൈ വീശി യാത്ര പറഞ്ഞ് നീങ്ങുമ്പോൾ ബസ്സിനുളിൽനിന്നും ഏതോ വിരുതന്റെ ആശംസ. " ചേട്ടാ, പുലിയോ കടുവയോ ഒന്നും നിങ്ങളെ പിടിച്ചില്ലെങ്കിൽ നമുക്ക് കാണാം കേട്ടോ". ബസ്സിനുള്ളിൽനിന്നുമുയരുന്ന കൂട്ടച്ചിരിയിൽ പങ്കുചേർന്ന് ഞങ്ങൾ തിങ്ങി വളരുന്ന തേയില ക്കാടുകൾക്കിടയിലേയ്ക്കിറങ്ങി.
ഇരുവശത്തുനിന്നും കൈ കൊർത്തുവളരുന്ന തേയിലക്കാടുകൾക്കിടയിലൂടെ ബാഗും, ക്യാമറകളും തൂക്കിയുള്ള നടത്തം, അല്പം ദുർഘടമായിരുന്നുവെങ്കിലും, ആ യാത്ര ഏറെ ദൂരം നീണ്ടുനിന്നില്ല. ഉരുളൻ കല്ലുകൾ  ഇളകിക്കിടക്കുന്ന,  കുത്തനെയുള്ള  വഴിയിലൂടെ  തേയിലചെടികൾ  വകഞ്ഞുമാറ്റി അല്പദൂരം നടന്നതോടെ ചോലക്കാടുകൾ ആരംഭിച്ചു തുടങ്ങി. ഇത്തരത്തിലുള്ള ഇടതൂർന്ന ചോലകളും, വിസ്തൃതമായ പുൽമേടുകളുമാണ് ഇരവികുളത്തിന്റെ ആവാസവ്യവസ്ഥയിലേറെയും."ചോലൈ"എന്നാൽ അരുവിയെന്നും, 'കുളിരും,  തണുപ്പുമുള്ള സ്ഥലം'  എന്നെല്ലാമാണ്  തമിഴിൽ  അർത്ഥം.  ആ വിശേഷണത്തിന് തികച്ചും അനുയോജ്യമായ അന്തരീക്ഷം തന്നെയാണ്  ഈ കാടുകൾക്കുള്ളിൽ നമുക്ക് അനുഭവിയ്ക്കുവാനാവുക... ചോലകളിലെ നീർച്ചാലുകൾക്കുചുറ്റിലും ഇടതൂർന്നു വളരുന്ന, മുരടിച്ച മരങ്ങൾ.. മുളം‌കാടുകൾ.. ഹിമാലയ സാനുക്കളിലും, മൂന്നാർമലനിരകളിലും ഒരുപോലെ കാണപ്പെടുന്ന റോഡോഡെൻഡ്രോൺ ചെടികൾ..... ജനുവരി- ഫെബ്രുവരി മാസങ്ങളിൽ കടുംചുവപ്പു പൂക്കൾ വിരിയിച്ചുനിൽക്കുന്ന ഈ മരങ്ങൾ, മൂന്നാർ മലനിരകളെ വർണ്ണക്കുട ചൂടിയ്ക്കുന്നത്, വളരെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്.....
റോഡോഡെൻഡ്രോൺ പൂക്കൾ..
ആർക്കും പ്രവേശനം നൽകാതെ ഇടതൂർന്നുവളരുന്ന ചോലക്കാടുകൾ, വനത്തിനുള്ളിലെ  മറ്റൊരു പ്രപഞ്ചം തന്നെയാണെന്നാണ് പരിസ്ഥിതി പ്രേമികളുടെയും, പ്രകൃതിനിരീക്ഷകരുടെയും അഭിപ്രായം... ഈർപ്പം  നിറഞ്ഞുനിൽക്കുന്ന  ഈ അന്തരീക്ഷത്തിൽ  വളരുന്ന  മരച്ചില്ലകളിലാകെ, ലൈക്കനുകളും, വിവിധയിനം പായലുകളും, ഓർക്കിഡുകളും തഴച്ചുവളരുന്നു.. കൊടുംവേനലിലും ഒഴുക്കുനിലയ്ക്കാത്ത നീർച്ചാലുകൾ... അവ ഈ കാടുകളുടെ ഉള്ളറകളിൽ എവിടെയൊക്കെയോ നിന്നാണ് ജന്മമെടുക്കുന്നത്.. കാട്ടരുവികളുടെ ജന്മഗേഹമായ ചോലക്കാടുകൾ കാത്തുസൂക്ഷിയ്ക്കുന്ന ഒരു പ്രകൃതിരഹസ്യമാണിത്.. പുലർകാലത്തിൽ പെയ്യുന്ന തുഷാരബിന്ദുമുതൽ, കാലവർഷപെയ്ത്തുവരെ കാട്ടുമണ്ണിന്റെ സൂക്ഷ്മമായ സംഭരണികളിൽ ഒതുക്കിസൂക്ഷിയ്ക്കുന്ന ഈ കാടുകളും, പുൽമേടുകളും, ഭൂമിയുടെ നിലനില്പിനുവേണ്ടി കാട്ടരുവികളുടെ രൂപത്തിൽ ഓരോ നീർത്തുള്ളിയ്ക്കും ജന്മം നൽകുന്നുവെന്ന പ്രപഞ്ചരഹസ്യം... ആ കാട്ടരുവികൾ ഒന്നുചേർന്ന്, മഹത്തായ സംസ്കാരങ്ങൾക്ക് ജന്മം നൽകുന്ന വൻനദികളായി മാറുന്നു...
ആ നദികളുടെ നാശത്തേക്കുറിച്ചോർത്ത്  വിലപിയ്ക്കുകയും കണ്ണീർപൊഴിയ്ക്കുകയും ചെയ്യുന്നവർ എന്തേ, അവയുടെ ജന്യമേഖലകളായ ചോലവനങ്ങൾക്കുണ്ടാകുന്ന അകാലമൃത്യു നോക്കിക്കാണുമ്പോഴും, ക്രൂരമായ മൗനം പാലിയ്ക്കുന്നു....?

ചോലക്കാടുകളുടെയും, പുൽമേടുകളുടെയും അതിർത്തിയിലൂടെ തെളിച്ചിരിയ്ക്കുന്ന കാട്ടുവഴിയിലൂടെ ആയിരുന്നു ഞങ്ങളുടെ യാത്ര നീങ്ങിയത്.. അരുൺ ഏറ്റവും മുൻപിൽ നടക്കുന്നു.. സംസാരിയ്ക്കുവാൻ അധികം ഇഷ്ടപ്പെടാത്ത പ്രകൃതം.... ഞങ്ങൾ പുൽമേടുകളുടെയും, ചോലക്കാടുകളുടെയും ചിത്രങ്ങൾ പകർത്തുവാനായി നിന്നെങ്കിലും, കൂടെ യാത്രക്കാർ ഉണ്ടെന്ന ചിന്ത പോലുമില്ലാതെ വേഗത്തിൽ നടന്ന അരുൺ ഒരു ചെറിയ പുൽമേടിനപ്പുറം മറഞ്ഞു.
പുകയുന്ന മലനിരകൾ.....
കുറച്ചു ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങളും യാത്ര തുടർന്നു.. അല്പം മാത്രം ദൂരെയായി പുൽമേടിനപ്പുറം അരുൺ അനങ്ങാതെ നിൽക്കുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ ചെല്ലുവാൻ ആംഗ്യം കൊണ്ട് നിർദ്ദേശം. "കൂരമാൻ" ഞങ്ങൾ അടുത്തെത്തിയപ്പോൾ അരുൺ പതിയെ പറഞ്ഞു... വഴിയോരത്തെ കുറ്റിക്കാടുകളുടെ ഇടയിൽ നിഷ്കളങ്കമായ നോട്ടവുമായി പകച്ചുനിൽക്കുന്ന ഒരു ചെറു മൃഗം. വളർന്നിറങ്ങിയ ചെറുതേറ്റകൾ മൂലം ചില സ്ഥലങ്ങളിൽ 'പന്നിമാൻ' എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്..... ഒരു കാട്ടുമുയലിനേക്കാൾ കൂടുതൽ വലിപ്പം... മാനിന്റെ രൂപം. ഇരുണ്ട തവിട്ടുനിറമുള്ള ശരീരത്തിൽ മഞ്ഞനിറമുള്ള ചെറിയ വരകളും, കുറികളും..... പരിണാമത്തിന്റെ  കാലഘട്ടങ്ങളിലെന്നോ  മുയലിൽനിന്നും,  മാനിലേയ്ക്കുള്ള  യാത്രയുടെ പാതിവഴിയിൽ  രൂപമാറ്റം  നിലച്ചുപോയ  ഒരു  ജീവിയെന്ന്  ഒറ്റനോട്ടത്തിൽ തോന്നിപ്പോകും.... തികച്ചും നാണംകുണുങ്ങിയായ ഒരു മൃഗംതന്നെ..... ചുറ്റുപാടുകളുമായി  ഇണങ്ങിച്ചേർന്ന നിറവും, പതുങ്ങിനടക്കുന്ന സ്വഭാവവും, കാട്ടിലെ ശത്രുക്കളിൽനിന്നും രക്ഷ നൽകാറുണ്ടെങ്കിലും, കാട്ടുതീയിൽനിന്നും, ജന്മശത്രുക്കളായ മനുഷ്യരുടെ തോക്കിൻകുഴലിനു മുൻപിൽനിന്നും ഇവയ്ക്ക് രക്ഷ കിട്ടാറില്ല. നാട്ടിലെ പല വേട്ടക്കാരുടെയും അനുഭവക്കുറിപ്പുകളിൽ, ഏറ്റവും രുചിയേറിയ കാട്ടിറച്ചി, ഈ ചെറുമൃഗത്തിന്റേതാണ്... അതുകൊണ്ടുതന്നെ കൂരമാനിനെത്തേടി കാടുകയറുന്ന വേട്ടക്കാരും നിരവധി..

പുൽമേടുകളിലും, പാറക്കൂട്ടങ്ങൾനിറഞ്ഞ വനാന്തരങ്ങളിലും, മലഞ്ചെരിവുകളിലും സാധാരണയായി കൂരമാനുകളെ കാണുവാൻ സാധിയ്ക്കും.... അപൂർവ്വമായി  നാട്ടിൻപുറങ്ങളിലും... ചോലവനങ്ങളാണ് അവയുടെ പ്രിയപ്പെട്ട വിഹാരമേഖലകൾ... ചുള്ളിക്കമ്പുകൾക്കിടയിലൂടെ ഞങ്ങളെ നോക്കിനിന്ന ആ ചെറുമാൻ, ഒരു മിന്നൽപ്പിണർപോലെ പെട്ടെന്നുതന്നെ കുറ്റിച്ചെടികൾക്കിടയിലേയ്ക്ക് മറഞ്ഞു.. പുറത്തേയ്ക്ക് വരുമെന്ന് പ്രതീക്ഷയോടെയും, ഒരു ചിത്രം പകർത്തണമെന്ന ആഗ്രഹത്തോടെയും അല്പസമയം കൂടി ഞങ്ങൾ കാത്തുനിന്നെങ്കിലും നിരാശ്ശയായിരുന്നു ഫലം...
ഫയർലൈൻ  തെളിച്ചിട്ടിരുന്ന  വഴിയിലൂടെ  അല്പദൂരം  നടന്ന്  കുത്തനെയുള്ള  ഒരു ഇറക്കം ഇറങ്ങിയ ഞങ്ങൾ യഥാർത്ഥ  ചോലക്കാടുകൾക്കുള്ളിലേയ്ക്ക്  പ്രവേശിയ്ക്കുകയായിരുന്നു.... ഈർപ്പം നിറഞ്ഞു  നിൽക്കുന്ന അന്തരീക്ഷം..... അടിഞ്ഞുകൂടിയ  കരിയിലകൾക്കും, പന്നൽച്ചെടികൾക്കും, ഹരിതാഭമായ പായലുകൾക്കുമിടയിൽ സഞ്ചാരികളെ സ്വാഗതം ചെയ്യുവാനായി എത്തുന്ന രക്തദാഹികളായ അട്ടകൾ. ഇവയ്ക്കെല്ലാമിടയിലൂടെ, വളർന്നുനിൽക്കുന്ന വേരുകളിൽ ചവിട്ടി ഇറങ്ങിച്ചെന്നത് ചോലവനങ്ങൾക്ക് മാത്രം സൃഷ്ടിച്ചെടുക്കുവാൻ കഴിയുന്ന ഒരു മായക്കാഴ്ചയിലേയ്ക്കായിരുന്നു... വഴി മുറിച്ചൊഴുകുന്ന ഒരു ചെറിയ കാട്ടരുവി.....  ചുറ്റുപാറ്റുമുള്ള മരങ്ങൾക്കും,  പാറകൾക്കും,  മണ്ണിനും  ഒരു നിറം മാത്രം... മനസ്സു കുളിർപ്പിയ്ക്കുന്ന ഇളംപച്ചനിറം..... പ്രകൃതിയൊരുക്കിയണിയിച്ച വെൽവെറ്റ് ആവരണം പോലെ, പാറക്കൂട്ടങ്ങളെയും, മരച്ചില്ലകളെയും പൊതിഞ്ഞുവളരുന്ന പായലുകൾ നിർമ്മിച്ചെടുത്തതാണ്  ഈ പ്രത്യേക ലോകം.... അല്പസമയം നിന്ന്, ഏറെ ചിത്രങ്ങൾ പകർത്തണം എന്നുണ്ടായിരുന്നുവെങ്കിലും അട്ടകളുടെ ശല്യം രൂക്ഷമായതോടെ ഞങ്ങൾ യാത്ര തുടർന്നു.......

കാടിന്റെ മനസ്സിനുമുൻപിൽ ഏതൊരാളും വിനയാന്വിതനാകണം എന്ന അറിയിപ്പുപോലെ അല്പം മുൻപിലായി ഒരു വലിയ മരം വഴിയ്ക്കു കുറുകെയായി വീണുകിടക്കുന്നു..... ഇരുന്നു നിരങ്ങിവേണം അതിനടിയിലൂടെ കടന്നുപോകുവാൻ... മരത്തിനപ്പുറം പായൽ പൊതിഞ്ഞ ഒരു മരത്തിനുമുകളിലേയ്ക്കു നോക്കി അരുൺ നിൽക്കുന്നുണ്ടായിരുന്നു.... മരച്ചില്ലകളിലൂടെ തലങ്ങും വിലങ്ങും ചാടിക്കളിയ്ക്കുന്ന ഒരു മലയണ്ണാനായിരുന്നു ഇത്തവണത്തെ കാഴ്ച.... അല്പസമയംമാത്രം ഞങ്ങൾക്കു ദർശനം നൽകിയ ശേഷം, മരച്ചില്ലകളിലൂടെ ചാടി അവൻ ദൂരേയ്ക്ക് മറഞ്ഞു....
"കാലൊക്കെ ഒന്ന് പരിശോധിച്ചോ.. അട്ട കാണുവാൻ സാധ്യതയുണ്ട്.. " മരച്ചുവട്ടിൽ കാൽ പരിശോധിച്ച് നിന്നിരുന്ന അരുൺ പറഞ്ഞു.. ഉയരം കൂടിയ ജംഗിൾബൂട്ട് ധരിച്ചിരുന്നതുകൊണ്ടുതന്നെ ഞാൻ കാര്യമായ പരിശോധനയ്ക്കൊന്നും മിനക്കെട്ടില്ലെങ്കിലും മൂന്നോ, നാലോ അട്ടകളെയാണ് ജോണി പിടികൂടിയത്..... ഒന്നു രണ്ടെണ്ണം രക്തംകുടിച്ച് വീർത്തുതുടങ്ങിയിരുന്നു... ഉപ്പും, പുകയിലയുമൊന്നും കൈവശം കരുതാതെ പോയതിനാൽ കൈകൊണ്ടുതന്നെ അവയെ പറിച്ചെടുത്ത് കളഞ്ഞശേഷം ഞങ്ങൾ യാത്ര തുടർന്നു....

പുകയുന്ന മലനിരകൾക്കുതാഴെ, പരന്നുകിടക്കുന്ന പുൽമേടുകൾക്കിടയിലൂടെ രാജമലയിലേയ്ക്കുള്ള വഴി നീണ്ടുകിടക്കുന്നു... സഞ്ചാരികളുമായി ഒരു മിനിബസ്സ് കിതച്ചുകൊണ്ട് കയറിപ്പോകുന്നുണ്ട്... കാട്ടുവഴിയുടെ താഴെയായി, ചോലവനങ്ങൾ ഒരു മതിൽക്കെട്ടുപോലെ തേയിലക്കാടുകളിൽനിന്നും വേർതിരിഞ്ഞാണു നിൽക്കുന്ന്ത്. യാത്ര മുൻപോട്ടു നീങ്ങുന്തോറും, താഴ്വരയിൽനിന്നും ഉയർന്നുവരുന്ന മൂടൽമഞ്ഞിന്റെ കനത്ത വെണ്മ, പലപ്പോഴും ഞങ്ങളുടെ ദൂരക്കാഴ്ചയെ മറച്ചുകൊണ്ടിരുന്നു...
നിരപ്പായ വഴി വിട്ട് മലയുടെ മുകളിലേയ്ക്കുള്ള യാത്ര  അവിടെനിന്നും ആരംഭിയ്ക്കുകയായിരുന്നു...
"അല്പസമയം ഇരുന്നോളൂ... ഇനിയുള്ള കയറ്റം അല്പം കടുപ്പമാണ്. മടുത്തെങ്കിൽ പറയണം. ഇടയ്ക്കുള്ള ചെറിയ കാട്ടുവഴികളിലൂടെ നമുക്ക് മുകളിലേയ്ക്ക് കയറാം.... അപ്പോൾ കുത്തനേയുള്ള യാത്രയുടെ ദൂരം കുറഞ്ഞുകിട്ടും....." പുൽമേടുകൾ  മുറിച്ച് കടന്നുപോകുന്ന  കുറുക്കുവഴികൾ ചൂണ്ടിക്കാട്ടി അരുൺ പറഞ്ഞു. യാത്രയ്ക്കിടയിലെ ഇത്തരം ചെറിയ ചെറിയ സംഭാഷണങ്ങൾ ഞങ്ങളുടെ ഇടയിലെ അകലം കുറച്ചു തുടങ്ങിയതോടെ, ഇടമലക്കുടിയേക്കുറിച്ചും, കുറിഞ്ഞിയാത്രകളേക്കുറിച്ചും അരുൺ വാചാലനായിത്തുടങ്ങി.. കുറിഞ്ഞിയാത്രയെന്ന് കേട്ട് ആവേശത്തോടെ ചാടിപ്പുറപ്പെട്ട്, ഈ മലയുടെ ചുവട്ടിൽ നിസ്സഹായരായി നിൽക്കുന്നവരുടെ ദയനീയമായ അവസ്ഥകളായിരുന്നു അരുണിന്റെ കുറിഞ്ഞിയാത്രാനുഭവങ്ങളിൽ ഏറെയും... അങ്ങനെ പാതിവഴിയിൽ യാത്ര അവസാനിപ്പിയ്ക്കണം എന്ന് ആഗ്രഹിയ്ക്കുന്നവർക്കായി തയ്യാറാക്കിയിരിയ്ക്കുന്നതാണ് ഇടയ്ക്കു കാണുന്ന ചെറിയ കുറുക്കുവഴികൾ..

അല്പസമയത്തെ വിശ്രമത്തിനിടയിൽ കാലിൽനിന്നും ചെറുതായി ചൊറിച്ചിൽ അനുഭവപ്പെട്ടപ്പോഴാണ് അട്ടകളേക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും കടന്നുവന്നത്... പരിശോധിയ്ക്കുമ്പോൾതന്നെ രക്തം കുടിച്ച് വീർത്ത മൂന്ന് തടിയൻ അട്ടകളാണ് കണ്ണിൽപ്പെട്ടത്... ഉയരമുള്ള ബൂട്ടുകൾകൊണ്ടും കാട്ടിൽ അട്ടകളെ നേരിടാനാവില്ലെന്ന് സാരം....... ഇത്രയുംനേരം കൊണ്ട് ആവശ്യത്തിന് രക്തം അവ കുടിച്ചിരിയ്ക്കണം... എങ്കിലും പിടിവിടാൻ മടിച്ചിരുന്ന അവയെ പറിച്ചെടുത്ത് കളഞ്ഞശേഷം, സമീപത്തുനിന്ന കൊങ്ങിണി ചെടിയുടെ തളിരില പറിച്ചെടുത്ത് തിരുമ്മി, രക്തമൊഴുകുന്ന മുറിപ്പാടിലേയ്ക്ക് ഇലച്ചാർ ഇറ്റിച്ചശേഷം, ഞങ്ങൾ യാത്രതുടർന്നു.
മലമുകളിലേയ്ക്ക്......
ഈർപ്പം കിനിഞ്ഞുനിൽക്കുന്ന ചോലവനങ്ങളുടെ കുളിർമ്മയിൽനിന്നും,  മലമുകളിലേയ്ക്കുള്ള യാത്ര ആരംഭിയ്ക്കുകയാണ്.. ഇരുവശങ്ങളിലും ഉയർന്നുനില്ല്ക്കുന്ന ചെറിയ പാറക്കെട്ടുകളും കുറ്റിച്ചെടികളും മാത്രം... മനുഷ്യർക്കുപോലും നടന്നുകയറുവാൻ ബുദ്ധിമുട്ടുള്ള, ദുർഘടമായ ഈ മലഞ്ചെരുവിലെവിടെയും, കാണപ്പെടുന്ന, അല്പം പഴക്കമുള്ള ആനപിണ്ടങ്ങൾ നമ്മെ തീർച്ചയായും അത്ഭുതപ്പെടുത്തും....  "ഇപ്പോൾ ആനക്കൂട്ടത്തെ കാണാൻ സാധ്യതയുണ്ടോ " ? സംശയം തീർക്കുവാൻ ഞങ്ങൾ അരുണിനോട് ചോദിച്ചു. "ഇല്ല,  വേനൽക്കാലമാകുമ്പോഴേയ്ക്കും  ആനക്കൂട്ടം   ഇവിടെനിന്നും  കാടിനുള്ളിലേയ്ക്ക്  പോകും. ഇനി മഴകഴിഞ്ഞ്  നന്നായി  പുല്ലൊക്കെ കിളിർത്തതിനുശേഷമേ  ആനക്കൂട്ടം  ഇങ്ങോട്ട് മടങ്ങി വരൂ". അരുൺ പറഞ്ഞു... കാടിന്റെ ഉള്ളറകളിലെ  ഓരോ  സ്പന്ദനങ്ങളെയും,  നിശ്വാസങ്ങളെയും അടുത്തറിയാവുന്ന, അല്ലെങ്കിൽ ജീവിതത്തിന്റെ ഭാഗമായിത്തന്നെ കൊണ്ടുനടക്കുന്ന, അരുണിനേപ്പോലുള്ളവരുടെ വാക്കുകളെ നമുക്ക് തീർച്ചയായും വിശ്വസിയ്ക്കാം.. കാരണം കാടെന്നാൽ അവർക്ക് കേവലം മരങ്ങൾ തിങ്ങിവളരുന്ന ഒരു പ്രദേശം മാത്രമല്ല, അവന്റെ ജന്മഗൃഹവും, ജീവശ്വാസവും, ആത്മാവിൽനിന്നോ, ശരീരത്തിൽനിന്നോ വേർപിരിയ്ക്കുവാനാകാത്തവിധം അന്തർലീനമായിരിയ്ക്കുന്ന ഒരു വികാരവും കൂടിയാണ്.. കാടിന്റെ ഓരോ ചലനങ്ങളെയും, സ്വന്തം ശരീരത്തിലെന്നപോലെ തൊട്ടറിയുവാനുള്ള കഴിവ്, പ്രകൃതി പകർന്നുനൽകിയ അനുഭവപാഠങ്ങളായും, ജന്മവാസനയായും അവനിൽ നിറഞ്ഞുനിൽക്കുന്നത്, അവരോടൊത്തുള്ള  ഓരോ യാത്രയിലും,അല്പമൊന്ന് ശ്രമിച്ചാൽ നമുക്ക് അനുഭവിച്ചറിയുവാൻ സാധിയ്ക്കും... ഒരു കിളിയുടെ സംഗീതം.. കാറ്റത്തുലയുന്ന മരച്ചില്ലകളുയർത്തുന്ന മൃദുമർമ്മരങ്ങൾ... അടർന്നുവീഴുന്ന ഒരു മരച്ചില്ലയുയർത്തുന്ന ഇലയനക്കങ്ങൾ....  ഇരുൾ നിറഞ്ഞുനിൽക്കുന്ന കാടിനുള്ളിൽ, ഇവയ്ക്കെല്ലാം വാക്കുകൾകൊണ്ട്  വിശദീകരിയ്ക്കുവാൻ സാധിയ്ക്കുന്നതിലും വിപുലമായ അർത്ഥമാണുള്ളത്....
ജോണിയും, അരുണും...
ഇത്തരത്തിൽ ഒരു മരക്കൊമ്പൊടിയുന്ന ചെറുശബ്ദത്തെ പിന്തുടർന്നാണ് ഒരു കൂട്ടം കരിങ്കുരങ്ങുകളെ, അരുൺ ഞങ്ങൾക്ക് കാണിച്ചുതന്നത്.....  ഉയരമുള്ള ഒരു കാട്ടുമരത്തിന്റെ നിറുകയിൽ, കുഞ്ഞുകുട്ടികളും, കുടുംബവുമായി തളിരിലകളുടെ രുചി അസ്വദിയ്ക്കുകയായിരുന്നു അവ അപ്പോൾ... അവയുടെ കാഴ്ചകൾ ആസ്വദിച്ച് മുൻപോട്ട് നടക്കുമ്പോഴാണ് അധുനികമനുഷ്യൻ ഒരു കാടിനുള്ളിൽ എത്ര നിസ്സഹായനാണെന്ന സത്യം മനസ്സിലേയ്ക്ക് കടന്നുവരുന്നത്..... കണ്മുൻപിൽ,  പ്രകൃതി  നിഗൂഢമായി ഒളിപ്പിച്ചുവച്ചിരിയ്ക്കുന്ന കാഴ്ചകളെ കാണുവാനാകാത്തവിധം അന്ധരായി മാറിക്കഴിഞ്ഞിരിയ്ക്കുകയാണ് ആധുനികസമൂഹം... കാടിന്റെ മുന്നറിയിപ്പുകളെയും, സ്നേഹമർമ്മരങ്ങളെയും മനസ്സുകൊണ്ട് ഗ്രഹിയ്ക്കുവാൻ ആകാത്തവിധം ബധിരനും, പ്രാണവായുവും, ജീവജലവും പകർന്നുതന്ന ഭൂമിദേവിയുടെ മാറിടം, ഒരു കൂട്ടം ദുരാഗ്രഹികൾ വെട്ടിപ്പിളർക്കുമ്പോൾ പ്രതികരിയ്ക്കുവാനാകാതെ മൗനം പാലിയ്ക്കുന്ന മൂകനുമാണവൻ.. ശാസ്ത്രത്തിന്റെ പിൻബലത്തിൽ അഹങ്കരിച്ച്, ഭൂമിയെ കാർന്നുതിന്നുന്ന അർബുദമായി മാറിക്കഴിഞ്ഞിരിയ്ക്കുന്ന വെറും പുഴുക്കൾ, എന്ന വിശേഷണം മാത്രമല്ലേ ഇന്ന് ആധുനികമനുഷ്യവർഗ്ഗം അർഹിയ്ക്കുന്നത്......?
ചിന്തകൾക്കൊപ്പം നടന്നുനീങ്ങിയ ഞങ്ങൾ എത്തിച്ചേർന്നത് ഒരു  മലയുടെ അടിവാരത്തിലാണ്... ഏതാണ്ട് 100 അടിയിലേറെ ഉയരത്തിൽ ചെരിഞ്ഞുകിടക്കുന്ന ഒരു പാറക്കെട്ടും, അതിനും മുകളിലായി  കോടമഞ്ഞിൽ  തലയൊളിപ്പിച്ച്  നിൽക്കുന്ന ഒരു കൂറ്റൻ മലയും... മലയുടെ മുകളിൽനിന്നും, മഞ്ഞിന്റെ കുളിരുമായി ഒഴുകിയെത്തുന്ന ഒരു കാട്ടരുവി, പാറക്കെട്ടിനുമുകളിലൂടെ ചെറുവെള്ളച്ചാട്ടമായി താഴേയ്ക്ക് പതിയ്ക്കുന്നു. അരുവിയിൽ നീരൊഴുക്ക് കുറവായിരുന്നുവെങ്കിലും, കോടമഞ്ഞിന്റെയും, മലനിരകളുടെയും, പുൽമേടുകളുടെയും പശ്ചാത്തലത്തിൽ മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നുവെന്ന് നിസംശയം പറയാം.. "സാധാരണഗതിയിൽ സഞ്ചാരികൾ ഈ വഴിയ്ക്ക് വരാറില്ല.. നിങ്ങൾ മടുപ്പില്ലാതെ നടക്കാൻ തയ്യാറായതുകൊണ്ടാണ് ഞാൻ ഈ വഴിയ്ക്ക് കൊണ്ടുവന്നത്...."വളർന്നു നിൽക്കുന്ന പുൽക്കുറ്റികളിൽ ചവിട്ടി മുകളിലേയ്ക്ക് കയറുന്നതിനിടയിൽ അരുൺ പറഞ്ഞു. പാറക്കെട്ടിന്റെ പകുതിദൂരം പിന്നിടുവാൻ വളരെ എളുപ്പമായിരുന്നു..... അവിടെനിന്നും ആരംഭിയ്ക്കുന്ന കുത്തനെയുള്ള കയറ്റം കയറുകയെന്നത്, സാഹസികവും തീർത്തും അപകടകരമാവുമാണ്.. അതിനാൽ  പാറക്കെട്ടിന്റെ മധ്യത്തിലുള്ള, നിരപ്പായ ഭാഗത്തിരുന്ന്  അല്പസമയം  വിശ്രമിച്ച്, ആവശ്യത്തിന്  ചിത്രങ്ങളും പകർത്തിയശേഷമാണ് ഞങ്ങൾ മലകയറുവാൻ ആരംഭിച്ചത്.
പുൽമേടുകളിൽനിന്നൊരു താഴ്വരക്കാഴ്ച....
പാറക്കെട്ടിൽനിന്നും തിരികെയിറങ്ങി, പുൽമേടുകളിൽക്കൂടി അല്പം കറങ്ങി നടന്നാൽ മലയുടെ മുകളിൽ എത്താമെങ്കിലും, ഞങ്ങൾ കുത്തനെ കിടക്കുന്ന പാറക്കെട്ടുവഴിതന്നെയാണ്  മുകളിലേയ്ക്ക് കയറിയത്.. ക്യാമറകളും, ബാഗും, ഷൂസുമൊക്കെ കൈയിൽ പിടിച്ച്, അല്പം സാഹസികമായി, മുകളിലേയ്ക്കുള്ള കയറ്റം ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു... പാറക്കെട്ടിന്റെ മുകളിൽകയറി താഴേയ്ക്ക് നോക്കുമ്പോൾ, കാൽച്ചുവട്ടിൽ  പരന്നുകിടക്കുന്ന ചോലവനങ്ങളും,  അതിനുമപ്പുറം  കോടമഞ്ഞിനുള്ളിലേയ്ക്ക്   ലയിച്ചു  പോകുന്ന തേയിലത്തോട്ടങ്ങളും...... തലയ്ക്കു മുകളിലായി  കൂറ്റൻ  കരിമ്പാറക്കെട്ടുകൾ..... രണ്ടു മലകൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗത്തുകൂടിയാണ് അരുവി, ഒഴുകിയിറങ്ങിവരുന്നത്. സ്ഫടികതുല്യമായ വെള്ളം കുടിച്ച്,  മുഖമൊന്നു  കഴുകിയപ്പോഴേയ്ക്കും  നീണ്ട  നടപ്പിന്റെ ക്ഷീണം പോയിമറഞ്ഞു... ഒപ്പം നനുത്ത മഞ്ഞിൻപാളികൾ, മേഘങ്ങൾപോലെ താണിറങ്ങി, സുഖമുള്ളൊരു കുളിരായി ശരീരത്തിലേയ്ക്ക് അരിച്ചുകയറുന്ന അനുഭവവും... ആ സുഖത്തിൽ മുഴുകി അല്പസമയം അവിടെ ചിലവഴിച്ചശേഷം ഞങ്ങൾ യാത്രതുടർന്നു.....
മഞ്ഞിന്റെ കുളിരിൽ അല്പം വിശ്രമം....
അരുവിക്കരയിൽനിന്നുമുള്ള യാത്രയിൽ, ചെരിഞ്ഞുകിടക്കുന്ന ഒരു പാറയിൽക്കൂടിയുള്ള ഇറക്കമായിരുന്നു ഏറെ ദുഷ്കരം... പാറയിൽ  ഉറപ്പിച്ചിരിയ്ക്കുന്ന  കമ്പികളിൽ ചവിട്ടിയും, തൂങ്ങിയും വേണം താഴേയ്ക്ക് ഇറങ്ങുവാൻ..... കാലൊന്നു  തെന്നിയാൽ അഗാധമായ കുഴിയിലേയ്ക്കായിരിയ്ക്കും ചെന്ന് പതിയ്ക്കുക... അല്പം കഷ്ടപ്പെട്ടാണെങ്കിലും, സുരക്ഷിതമായി താഴെ ഇറങ്ങിയശേഷം നീളൻപുല്ലുകളും, പന്നൽക്കാടുകളും, കുറിഞ്ഞിച്ചെടികളും നിറഞ്ഞുനിൽക്കുന്ന മലഞ്ചെരിവുകളെ മുറിച്ചുകടന്ന് ഞങ്ങൾ യാത്രതുടർന്നു..... ഉരുളൻ കല്ലുകൾനിറഞ്ഞ വഴിയിലൂടെ, കുറ്റിക്കാടുകളെ വകഞ്ഞുമാറ്റി 10 മിനിറ്റോളം നടന്നശേഷം, ഞങ്ങൾ മറ്റൊരു മലയുടെ അടിവാരത്തിലെത്തി...

ഇവിടെനിന്നും കഷ്ടിച്ച് അരകിലോമീറ്റർ പിന്നിട്ടാൽ രാജമലയിലേയ്ക്കുള്ള പാതയിൽ എത്തുമെങ്കിലും, യാത്രയിലെ ഏറ്റവും  ദുർഘടമായ, ഭാഗമാണ്  ഇവിടെനിന്നും ആരംഭിയ്ക്കുന്നത്... അതുകൊണ്ടുതന്നെ സന്ദർശകർ കാര്യമായ  വിശ്രമമെടുത്തശേഷമാണ് ഇവിടെനിന്നുള്ള യാത്ര ആരംഭിയ്ക്കുന്നത്... അത് വ്യക്തമാക്കുന്ന  ഒരു  കാഴ്ചകൂടി  അവിടെ  ഞങ്ങൾക്കു കാണുവാൻ സാധിച്ചു.... യാത്രക്കാർ ഉപേക്ഷിച്ച ശീതളപാനീയക്കുപ്പികളും,  ബിസ്കറ്റ് പായ്കറ്റുകളും,  പ്ലാസ്റ്റിക് കവറുകളും  മലയുടെ  അടിവാരത്തിൽ ചിതറിക്കിടക്കുന്നു..... പരിസ്ഥിതിയുടെ ആത്മാവിനെ നശിപ്പിയ്ക്കുന്നതിൽ പ്രധാനപങ്കുവഹിയ്ക്കുന്ന പ്ലാസ്റ്റിക് എന്ന മാരക‌വസ്തു, അപൂർവ്വമായ ജൈവവൈവിധ്യം നിറഞ്ഞ ഒരു വന്യമൃഗസങ്കേതത്തിനുള്ളിൽ ചിതറിക്കിടക്കുന്ന കാഴ്ചയെ "നിരുത്തരവാദിത്വപരമായ ടൂറിസം വികസനത്തിന്റെ ഒരു നേർക്കാഴ്ച" എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിയ്ക്കുക..? ഉപ്പിന്റെ അംശം നിറഞ്ഞ പ്ലാസ്റ്റിക്കൂടുകൾ തിന്ന് മാനും, ആനയും ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്നത് പല വന്യമൃഗസങ്കേതങ്ങളിലും വളരെ മുൻപേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്.. അത്യപൂർവ്വജീവികളിലൊന്നായ വരയാടുകളുടെ ഏറ്റവും വലിയ സംരക്ഷണകേന്ദ്രത്തിൽനിന്നും, അങ്ങനെയൊരു വാർത്ത വരുന്ന ദിനവും വിദൂരമായിരിയ്ക്കില്ല എന്ന മുന്നറിപ്പാണ് ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാണിയ്ക്കുന്ന്ത്...
കുറിഞ്ഞിച്ചെടികൾ....
 വിശ്രമം അവസാനിപ്പിച്ച് ഞങ്ങൾ മലകയറ്റം ആരംഭിച്ചു...ഇളകിക്കിടക്കുന്ന കല്ലുകളും, കുത്തനെയുള്ള കയറ്റവും..."കഴിഞ്ഞ ദിവസം എത്തിയ ഉത്തരേന്ത്യൻ യാത്രക്കാരെ മുകളിലെത്തിയ്ക്കുവാൻ കൂടുതൽ വാച്ചർമാർ രാജമലയിൽനിന്നെത്തേണ്ടിവന്നു..... പലരേയും ഞങ്ങൾ  ചുമന്നാണ്  മുകളിലെത്തിച്ചത്. " അരുൺ പറഞ്ഞു. മലകയറി അല്പമെങ്കിലും ശീലമുള്ള സാധാരണ യാത്രികർപോലും ഇത്രയും കുത്തനേ കിടക്കുന്ന മലകളിൽ തളർന്നുപോവുക സ്വഭാവികം. പിന്നെ സമതലഭുമികളിലെ അനുഭവ‌സമ്പത്തുമായി എത്തുന്ന  ഉത്തരേന്ത്യൻ യാത്രികരുടെ കാര്യം പറയണോ... 

മുകളിലേയ്ക്ക്  കയറിയെത്തുമ്പോൾ വഴിയോരങ്ങളിൽ കുറിഞ്ഞിച്ചെടികൾ ധാരാളം... വീശിയടിയ്ക്കുന്ന കാറ്റിൽ വരയാടുകളുടെ ചൂര് ...." മുകളിലെ പാറക്കെട്ടുകളിലേയ്ക്ക് നോക്കി നടന്നോളൂ. ചിലപ്പോൾ വരയാടുകളെ കാണാം. ധാരാളം വരയാടുകളെ കാണുന്ന ഒരു സ്ഥലമാണിത്. " ഇരുവശത്തും ഉയർന്നു നിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകളെ ചൂണ്ടിക്കാട്ടി അരുൺ പറഞ്ഞു. അല്പസമയം വഴിയിലിരുന്ന് മടുപ്പ് അകറ്റുന്നതിനിടെ, ഞങ്ങൾ പാറക്കെട്ടുകളിലൂടെ സൂക്ഷ്മനിരീക്ഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം...
വരയാട്.
ഇപ്പോൾ  ഞങ്ങൾ  പ്രധാനവഴിയുടെ സമീപത്തെത്തിയിരുന്നു..... താഴ്വരയിലേയ്ക്ക് നോക്കുമ്പോൾ  നടന്നുതീർത്ത  വഴികളും,  കാടുകളും  കോടമഞ്ഞിൽ  മൂടിക്കഴിഞ്ഞിരിയ്ക്കുന്നു..... നോക്കിനിൽക്കെ മേഘക്കീറുകൾപോലെയുള്ള  മഞ്ഞിൻപുതപ്പുകൾ  താഴ്വരയിൽനിന്നും ഉയർന്നു വരുവാൻ തുടങ്ങി... സമീപത്തെ മലനിരകളെയും,  കാൽച്ചുവട്ടിലെ പുൽച്ചെടികളെയും പുതപ്പിച്ച്  തൂമഞ്ഞിൻ പാൽക്കടൽ ഒഴുകിയെത്തുമ്പോൾ, ആകാശഗോപുരങ്ങൾക്കു മുകളിലൂടെ പിച്ചവച്ചുനടക്കുന്നതുപോലെയുള്ള അനുഭൂതിയും,  ആഹ്ലാദവുമാണ്  മനസ്സിൽ നിറയുന്നത്....... മറ്റേതോ ലോകത്തിൽ എത്തിച്ചേർന്ന പ്രതീതി...... ആ കാഴ്ചകളെയും, അനുഭവങ്ങളെയും മനസ്സിൽ ഒളിപ്പിച്ച്, മഞ്ഞിൻപുതപ്പ് പുതച്ച്, പുൽനാമ്പുകൾ ഞങ്ങൾക്കായി കാത്തുസൂക്ഷിച്ച തുഷാരബിന്ദുക്കളുടെ കുളിരിൽ മുങ്ങി ഞങ്ങൾ പ്രധാന വഴിയിലേയ്ക്ക് കയറി.. അവിടെ ഞങ്ങളെ സ്വാഗതം ചെയ്യുവാനെന്നോണം ഒരു മനോഹരദൃശ്യം കാത്തുനിൽക്കുന്നുണ്ടായിരുന്നു.... കുറിഞ്ഞിക്കാടുകളുടെ ഇടയിലൂടെ അലസമായി മേഞ്ഞു നടക്കുന്ന മൂന്ന് വരയാടുകൾ... സമീപത്തെ പാറയിൽ സന്ദർശകരെ നോക്കിക്കിടക്കുകയാണ് മറ്റൊരെണ്ണം.... ഏറെക്കാലത്തിനുശേഷം ഇവിടെ എത്തിച്ചേരുമ്പോൾ ലഭ്യമായ, രാജമലയിലെ വരയാടുകളുടെ ആദ്യദൃശ്യം.... ഈ ഭാഗങ്ങളിൽ സന്ദർശകരുടെ ശല്യമില്ലാത്തതിനാൽ തീർത്തും അലസമായിട്ടായിരുന്നു  അവയുടെ യാത്ര.... ഏറെ നേരം അവയുടെ കാഴ്ചകൾ ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും ഞങ്ങൾ അവിടെ ചിലവഴിച്ചു... ആവശ്യമായതിലും ഏറെ ചിത്രങ്ങൾക്കായി നിന്നുതന്നതിനുശേഷം, അവ കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലേയ്ക്ക് കയറിത്തുടങ്ങിയതോടെ, ഞങ്ങളും അല്പം ദൂരെയുള്ള ഇൻഫോർമേഷൻ സെന്ററിന്റെ കാഴ്ചകളിലേയ്ക്ക് നടന്നു.
..............................................................................................................................................................   

31 comments:

 1. കഴിഞ്ഞ അവധിയ്ക്ക് നടത്തുവാൻ പറ്റിയ ഒരേ ഒരു യാത്ര...

  ReplyDelete
 2. രാജമലയിൽ പണ്ട് കോളേജ് കാലത്ത് പോയതാണ്...നല്ല വിവരണം ഷിബൂ..ഇത്തവണ സ്വന്തം ക്യാമറ കൊണ്ടു പോയില്ലേ ? ചിത്രങ്ങൾക്ക് പഴയ ചാരുതൈല്ല...

  ReplyDelete
  Replies
  1. വളരെ നന്ദി പഥികൻ... ഇത്തവണ ക്യാമറ പണിമുടക്കി.. ചെറിയ ഫോക്കസിംഗ് പ്രോബ്ലം.. അതുകൊണ്ട് ടെലിലെൻസ് അതിലിട്ടു.. ഈ ചിത്രങ്ങളൊക്കെ ഒരു സുഹൃത്തിന്റെ ക്യാമറ ഉപയോഗിച്ച് എടുത്തതാണ്.. അതിന്റെ ഷാർപ്പ്നസ്സും, കോൺട്രാസ്റ്റും അത്ര പോര.. ഇനി പുതിയ ക്യാമറ വാങ്ങണമെന്ന് തോന്നുന്നു....

   Delete
 3. ഷിബുവേട്ടാ എന്നത്തെയുംപോലെ അടിപൊളി...

  ReplyDelete
  Replies
  1. പ്രിയ ഫിയോനിക്സ്... വളരെ നന്ദി... നിങ്ങളുടെ ഈ വാക്കുകൾ കൂടുതൽ യാത്രകൾക്ക് പ്രചോദനമാകുന്നു... സ്നേഹപൂർവ്വം..

   Delete
 4. ഒരിക്കല്‍ കണ്ടുമറന്ന ആ കാ‍ഴ്ച്ചകള്‍ വീണ്ടും കണ്മുന്നില്‍ തെളിഞ്ഞു..!
  പതിവുപോലെ, സുന്ദരമായ വിവരണം.നല്ല പടങ്ങള്‍..
  ആ ‘വീര്‍ത്ത’ അട്ടയെക്കൂടി പകര്‍ത്താതെ അവരെ അവഗണിച്ചത് മോശമായിപ്പോയി..!
  ഒരുവട്ടം കൂടെ മനസ്സിനെ മൂന്നാറിലെത്തിച്ചതിനു നന്ദി ഷിബൂ.
  ആശംസകളോടെ..പുലരി

  ReplyDelete
  Replies
  1. പ്രിയ പ്രഭൻ... സന്ദർശനത്തിനും നല്ല വാക്കുകൾക്കും ഏറെ നന്ദി... പ്രഭൻ പറഞ്ഞത് ശരിയാണ്.. ആ അട്ടകളേക്കൂടി പകർത്തണ്ടതായിരുന്നു.. സാരമില്ല..അടുത്ത മാസം കൊടൈക്കനാൽ കാടുകളിലേയ്ക്ക് ഒരു യാത്ര ഉണ്ട്..അത് അട്ടകളുടെ ലോകസമ്മേളനം നടക്കുന്ന സ്ഥലമാണ്..അപ്പോൾ ആവശ്യത്തിന് പകർത്താം... എല്ലാവർക്കുമായി പോസ്റ്റൈടുകയും ചെയ്യാം.. :)
   സ്നേഹപൂർവ്വം...

   Delete
 5. ഈ മലകയറലൊന്നും എനിക്ക് പറഞ്ഞിട്ടില്ലാത്ത പണിയായതു കൊണ്ട് ഇങ്ങനെയെങ്കിലും വായിച്ച് രസിക്കാം... ആ പൂവ് നല്ല ഭംഗിയുണ്ട്.. വായിച്ചിട്ട് പേരങ്ങട് വരുന്നില്ല. ഇനി നാവു വടിച്ചിട്ട് ഒന്നു കൂടി വായിച്ച് നോക്കാലേ...

  ReplyDelete
  Replies
  1. സുനി,സന്ദർശനത്തിനും, അഭിപ്രായത്തിനും ഏറെ നന്ദി.

   ഒരു പ്രാവശ്യം മല കയറി നോക്കൂ..കാടും, മലകളും നൽകുന്നത്രയും നല്ല ഒരു അനുഭവം നമുക്ക് മറ്റെവിടെനിന്നും കിട്ടുമെന്ന് തോന്നുന്നില്ല.. ഒരിയ്ക്കൽ കയറിത്തുടങ്ങിയാൽ പിന്നെ നമുക്ക് ആവേശമായിരിയ്ക്കും.. ഇത് എന്റെ ഒരു അനുഭവമാണ്.. പിന്നെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോട് അല്പം താത്പര്യമുള്ളതുകൊണ്ട് കാടുകയറാതെ പറ്റില്ലല്ലോ.അതിനായി ഇനിയുമുണ്ട് കുറച്ച് യാത്രകൾ..

   അത് മനോഹരമായ ഒരു ചെറു വൃക്ഷം തന്നെയാണ്.. പക്ഷേ പേര് പറയണമെങ്കിൽ തീർച്ചയായും വിഷമിയ്ക്കും. :)

   Delete
 6. ഷിബു, നല്ല പോസ്റ്റ്. 30 വര്‍ഷം മുമ്പ് മൂന്നാറില്‍ പോയി കൂട്ടുകാരുമൊത്ത്. അന്ന് ഇത്രയും സൌകര്യങ്ങളൊന്നുമില്ലാത്ത കാലമായിരുന്നു. മൂന്നാര്‍ വികസനഭാരം അനുഭവിക്കാത്ത യൌവനതീക്ഷ്ണയായ ഒരു കാമുകിയെപ്പോലെ. വളരെ ഇഷ്ടപ്പെട്ടു. പിന്നെ ഏലപ്പാറയില്‍ നിന്ന് വിവാഹം കഴിച്ചതോടെ മലനിരകളോടും തേയിലത്തോട്ടങ്ങളോടുമുള്ള കൌതുകമൊക്കെ പോയി. എന്നാലും ഈ മരുഭൂമിയില്‍ വച്ച് ഇങ്ങിനെ ഫോട്ടോയും വിവരണവുമൊക്കെ വായിക്കുമ്പോള്‍ വീണ്ടും ഇഷ്ടം.

  ReplyDelete
  Replies
  1. അജിത്തേട്ടാ.. വലരെ നന്ദി. ഞാനും വർഷങ്ങളായി മൂന്നാർ സന്ദർശിയ്ക്കുന്ന ഒരാളാണ്.. വർഷത്തിൽ ഒരിയ്ക്കലെങ്കിലും.. കാരണം മൂന്നാറിനെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു.. പക്ഷേ ഇപ്പോൾ.. ആ ഇഷ്ടം നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്.. പഴൗഅ സൗന്ദര്യം കണികാണുവാൻ പോലുമില്ല..

   ഞാൻ കട്ടപ്പനക്കാരനാണ്... ഏലപ്പാറയിൽ എവിടെയാണ് വീട്.. എന്റെ ധാരാളം സുഹൃത്തുക്കളും അവിടെയുണ്ട്.. ഇനി അവിടെയ്ക്ക് വരുമ്പോൾ അറിയിയ്ക്കുക...
   സ്നേഹപൂർവ്വം ഷിബു തോവാള.

   Delete
 7. Replies
  1. അരുൺ... ഈ ഒരു പുഞ്ചിരിയും ഏറെ വിലപ്പെട്ടതാണ്.. വളരെ നന്ദി.

   Delete
 8. ഓരോ തവണ മൂന്നാര്‍ പോകുമ്പോഴും സൌന്ദര്യം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കാലാവസ്ഥയിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഷിബു പറഞ്ഞ ആ ടൌണിന്റെ വൃത്തി പറയാതിരിക്കുന്നതാണ് ഭേദം. ഒരു വിനോദസഞ്ചാര കേന്ദ്രം, പ്രത്യേകിച്ച് ഹില്‍സ്റ്റേഷന്‍ എങ്ങനെയായിരിക്കരുത് എന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുക്കാനാണ് നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു.ഇതൊക്കെയാണെങ്കിലും പരിമിതമായ സൌകര്യങ്ങളില്‍ നിന്ന് രാജമലയില്‍ വനം വകുപ്പും ഇക്കോ ടൂറിസം കൌണ്‍സിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം തന്നെ.

  മുന്‍ പോസ്റ്റുകളിലെ ചിത്രങ്ങളുടെ മികവ് ഇവിടെ അനുഭവപ്പെട്ടില്ല. എങ്കിലും കുറിഞ്ഞി യാത്ര മനോഹരമായി വര്‍ണ്ണിച്ചു.

  ReplyDelete
  Replies
  1. ഹാഷിക്... സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും ഏറെ നന്ദി... പ്രകൃതി അളവറ്റ സൗന്ദര്യം നൽകി അനുഗ്രഹിച്ച സ്ഥലമാണ് മൂന്നാർ എന്നതിൽ സംശയമില്ല.. പക്ഷേ സന്ദർശകരും, സർക്കാരും ആ സൗന്ദര്യത്തെ നശിപ്പിയ്ക്കുവാനാണ് ശ്രമിയ്ക്കുന്നതെന്ന് ആ സ്ഥലങ്ങൾ കണ്ടാൽ തോന്നിപ്പോകും..
   ക്യാമറ പണിമുടക്കിയതാണ് പ്രശ്നം... അടുത്ത തവണ ഈ പ്രശ്നം പരിഹരിയ്ക്കാം.

   Delete
 9. മഴ പെയ്താല്‍ ഒന്നിനും കൊള്ളാത്ത സ്ഥലങ്ങള്‍ ആണ് ഊട്ടിയും മൂന്നാറും. ഒരു ചാറ്റല്‍ മഴ പോലും നഗരത്തെ അലങ്കോലമാക്കും.
  ഒരു മഴക്കാലതായിരുന്നു ഞാനും മൂന്നാറില്‍ എത്തിയത്. അതുക്കൊണ്ട് തന്നെ മൂന്നാര്‍ എനിക്ക് നിരാശയാണ് തന്നത്.
  പക്ഷെ രാജമാലയിലേക്ക് പോവാനും പറ്റിയില്ല.
  തേയില തോട്ടങ്ങല്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരു ചെറിയ മഴ രസകരമാണ്.
  എനിക്കെന്നാണാവോ കുറിഞ്ഞി പൂത്ത ദിവസങ്ങളില്‍ ആ മായക്കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തിപ്പെടാനാവുക.
  ഹൃദ്യമായ പ്രകൃതിക്കാഴ്ചകള്‍ പോലെയുള്ള വിവരണമാണ് ഷിബു ഇവിടെ നല്‍കിയത്. ഒരു യാത്ര ചെയ്ത സുഖം. എന്നത്തേയും പോലെ മനോഹരമായ ചിത്രങ്ങളും.
  ഈ പ്രഭാതം ഈ നല്ല വായനയില്‍ , അല്ല ഈ യാത്രയില്‍ തുടങ്ങുന്നു ഷിബു.
  ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയ മൻസൂർ...വായനയ്ക്കും, അഭിപ്രായത്തിനും ഏറെ നന്ദി.

   മൂന്നാർ മനോഹരമായ ഒരു സ്ഥലമാണെന്നതിൽ സംശയമില്ല.. പക്ഷേ മഴ പെയ്താൽ ടൗൺ ഒരു ചെളിക്കൂഴിയായി മാറും... നമ്മേപ്പോലുള്ള സന്ദർശകരെ അത്തരം കാഴ്ചകൾ നിരാശ്ശപ്പെടുത്തുമെന്നതിൽ സംശയമില്ല.
   പക്ഷേ നമുക്ക് അറിയാത്ത പല സ്ഥലങ്ങളും മൂന്നാരിന്റെ പരിസരങ്ങളിൽ ഉണ്ട്.. അവയൊക്കെ വളരെ മനോഹരമായ സ്ഥലങ്ങളാണ്..സാധാരണഗതിയിൽ വിനോദസഞ്ചാരികൾ അങ്ങോട്ടൊന്നും പോകാറില്ല.. ചിലപ്പോൾ മണിയ്ക്കൂറുകൾ നടക്കേണ്ടതായി വരും.
   കുറിഞ്ഞി പൂക്കുന്ന കാഴ്ച കാണുവാൻ ഒരിയ്ക്കലെങ്കിലും പോകണം.. മനോഹരമായ ഒരു കാഴ്ചയാണത്..1994-ൽ കുറിഞ്ഞി പൂത്തപ്പോൾ ഞങ്ങൾ പോയിരുന്നു.

   സ്നേഹപൂർവ്വം ..

   Delete
 10. മനോഹരമായ വിവരണം ഷിബു.നൂറുകണക്കിനു യാത്രകള്‍ മറയൂര്‍ വഴി നടത്തുന്നുണ്ടെങ്കിലും,ഇതുപോലൊരു മലകയറ്റത്തിന്റെ കാഴ്ചകള്‍ ആദ്യം...

  ReplyDelete
  Replies
  1. ഈ വഴിയേ പോകുമ്പോൾ ഒരിയ്ക്കൽ ഒന്നു കയറി നോക്കൂ... മനോഹരമായ കാഴ്ചകൾ ആണ് കുറിഞ്ഞീയാത്രയിൽ ആസ്വദിയ്ക്കുവാൻ സാധിയ്ക്കുക..
   മററ്റൂർവഴി ഞാനും യാത്രകൾ ചെയ്യാറുണ്ട്.. പക്ഷേ വിശദമായ കാഴ്ചകൾ ഇതുവരെ തരപെട്ടിട്ടില്ല.. ഇത്തവണ നാട്ടിൽ എത്തുമ്പോൾ മറയൂരും, ചിന്നാറും കാന്തല്ലൂരുമൊക്കെ സന്ദർശിയ്ക്കണമെന്ന് ആഗ്രഹമുണ്ട്..
   സ്നേഹപൂർവ്വം....

   Delete
 11. പലതവണ പോയി വന്ന സ്ഥലങ്ങളില്‍ ഒന്നാണ് മൂന്നാര്‍ ...!
  മൂന്നാറില്‍ നീലകുറിഞ്ഞി പൂത്ത സമയം ചെറിയ മഴയത്ത് ആ മലമൊത്തംകയറിയിറങ്ങിയത് ഒരു സാഹസം നടത്തിയ പോലെ തോന്നും പലപ്പോളും ...!
  രാജമലക്കപ്പുറം നമ്മളെ കൊണ്ട് പോകില്ല അത് ഉള്‍ക്കാടാണ് ആന ഇറങ്ങുന്ന സ്ഥലാണ് എന്നൊക്കെ പറഞ്ഞു അതിന്നപ്പുറം കൊണ്ട് പോയിട്ടില്ലാ...
  പക്ഷെ മൂന്നാര് എത്തുന്നതിനു മുന്നേ ഏലപ്പാറ എന്ന സ്ഥലത്ത് കെ ആര്‍ വിജയയുടെ ഒരു എസ്റ്റേറ്റ്‌ ഉണ്ടായിരുന്നു ...അവിടെ ഒരിക്കല്‍ അത് നോക്കാന്‍ ഞങ്ങള്‍ പോയിരുന്നു അപ്പോള്‍ അതിന്റെ ഉള്ളില്‍ എസ്റ്റേറ്റ്‌ കഴിഞ്ഞു ഉള്ളിലോട്ട് കാട്ടില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട് അവരുടെ ഉത്സവങ്ങള്‍ ഒക്കെ കാണാന്‍ ഇടയായി ....!
  ഉള്ളിലോട്ട് എസ്റ്റേറ്റ്‌ വക ജീപ്പില്‍ ആണ് പോകുന്നത് ...ഇപ്പോള്‍ ഞങ്ങളുടെ ഒരു സുഹൃത്തിന്റെ ബന്ധു ആണ് അവിടം വാങ്ങിയത് ...നല്ല ഒരു ഫാം ഒക്കെ ആയി നന്നാക്കി ഇട്ടിരികുന്നു ...ആ മല കയറി അപ്പുറം രാജമലയാണ് കഴിഞ്ഞ തവണ അവിടെയും പ്രശ്നം ഉണ്ടായിരുന്നു പട്ടയം ഇല്ലാത്ത സ്ഥലം കൈവശപ്പെടുത്തി വച്ചിരിക്കുന്നു എന്നും പറഞ്ഞു ...
  ഷിബുവിന്റെ വിവരണം മനോഹരമായി വീണ്ടും രാജമാലയും വരയാടും ഒക്കെ കണ്ടു തിരിച്ചു പോകുന്നു ...!
  മഞ്ഞു മൂടിയത് കൊണ്ടാവാം ഫോട്ടോക്ക് ക്ലാരിറ്റി കുറഞ്ഞു പോയപോലെ തോന്നണെ ല്ലേ ...!

  ReplyDelete
  Replies
  1. 1994-ൽ നീലക്കുറിഞ്ഞി പൂത്തപ്പോൾ ഞങ്ങൾ പോയിരുന്നു.. അന്ന് മഴയും, മഞ്ഞൂം, അട്ടകളും ചേർന്ന് ഞങ്ങളുടേ യാത്ര കുളമാക്കി... രാജമലയ്ക്കപ്പുറം സാധാരണക്കാരായ് സഞ്ചാരികൾക്ക് പ്രവേശനമില്ല.. നയമക്കാട് ഏസ്റ്റേസ്റ്റാണ് അവിടെ.. അവിടെ പോകണമെങ്കിൽ പ്രത്യേക പെർമിഷൻ ആവശ്യമാണ്..

   ഇനി ഏലപ്പാറയിലെ എസ്റ്റേറ്റിൽ പോകുമ്പോൾ അറിയിയ്ക്കണേ..ഒന്നു സന്ദർശിയ്ക്കാമല്ലോ..
   ഫോട്ടോയ്ക്ക് ക്ലാരിറ്റി കുറവാണ്... മഞ്ഞുമാത്രമല്ല പ്രശ്നം.. ഇത്തവണ മറ്റൊരു ക്യാമറ ഉപയോഗിച്ചാണ് ചിത്രമെടുത്തത്...

   Delete
 12. വളരെ നന്നായിട്ടുണ്ട്. അട്ടകളെ എനിക്ക് ഭയങ്കര പേടിയാണു, കാലില്‍ കടിച്ചിരിക്കുന്നത് ആലോചിക്കാനേ വയ്യ...
  ഒരുപാട് യാത്രകള്‍ ചെയ്യാനും അതൊക്കെ ഇങ്ങനെ ഭംഗിയായ് എഴുതി വെക്കാനും ഇനിയും അവസരങ്ങളുണ്ടാകട്ടെ...ആശംസകളോടേ..

  ReplyDelete
  Replies
  1. വളരെ നന്ദി മുല്ല... കാട്ടിൽക്കൂടി കയറി നടന്ന് ശീലമായതോടെ അട്ടകളോടുള്ള പേടി മാറിക്കഴിഞ്ഞു..ഒന്നു രണ്ടു പ്രാവശ്യം മഴക്കാലത്ത് വനയാത്രകൾ നടത്തിനോക്കൂ... അതോടെ മുല്ലയുടെ പേടിയും മാറുമെന്ന് ഉറപ്പ്... അതിനോടുള്ള അറപ്പും വെറുപ്പും നമ്മൾ മനസ്സിൽ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നതുകൊണ്ടാണ് ഈ ഭയം ഉണ്ടാകുന്നത്...കാട്ടിലെ ഒരു ജീവിയും നമ്മളെ കാരണമില്ലാതെ ഉപദ്രവിയ്ക്കില്ല എന്നതാണ് എന്റെ അനുഭവം..
   സന്ദർശനത്തിനും, അഭിപ്രായത്തിനും ഏറെ നന്ദി...

   Delete
 13. പ്രിയപ്പെട്ട ഷിബു,

  പൂപ്പാറയും ചോലക്കാടുകളും മനോഹരമമായ കടിച്ചാല്‍ പൊട്ടാത്ത പേരുള്ള ചുവന്ന പൂക്കളും വരയാടും കുറിഞ്ഞിചെടികളും കണ്മുന്‍പില്‍ കാണുന്ന പോലെ.....!

  പ്രകൃതിയോടു അലിഞ്ഞു ചേരുന്ന ഈ യാത്രാവിവരണം മനോഹരം......!ഫോട്ടോസ് കണ്ണിനു വിരുന്നു തന്നെ.

  പ്രകൃതിയെ സ്നേഹിക്കുന്നവര്‍ മൃദുലമനസ്ക്കരാകും.

  മൂന്നാര്‍ എത്ര മനോഹരമായി വര്‍ണിച്ചു കാണിച്ചിരിക്കിരുന്നു.ഹാര്ദമായ അഭിനന്ദനങ്ങള്‍...!

  ഒരു നീര്ചോലക്കരുകില്‍ കാല്‍ വെള്ളത്തിലിട്ടു ആ കുളിരില്‍ ഒരു ചൂട് ചായയും വായിക്കാന്‍ ഒരു പുസ്തകവും ഉണ്ടെങ്കില്‍, ആഹാ...........!

  എന്റെ ജനലരികിലെ മഷിത്തണ്ടില്‍ വിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞു നീലപൂക്കളും കുരുവികളും, നിറയെ പൂത്തുലയുന്ന പനിനീര്ചെടികളും മുല്ലയും ചെമ്പരത്തിയും,കടലില്‍ പെയ്യുന്ന മഴയും ഇപ്പോള്‍ എന്റെ ദിവസങ്ങള്‍ക്കു നിറം പകരുന്നു. :)

  ശുഭരാത്രി!

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. അനു, സന്ദർശനത്തിനും, അഭിപ്രായത്തിനും, പ്രോത്സാഹനങ്ങൾക്കും ഏറെ നന്ദി..

   ഒരു നീര്ചോലക്കരുകില്‍ കാല്‍ വെള്ളത്തിലിട്ടു ആ കുളിരില്‍ ഒരു ചൂട് ചായയും വായിക്കാന്‍ ഒരു പുസ്തകവും ഉണ്ടെങ്കില്‍, ആഹാ...........!ഇത് എന്റെയും ഒരു സ്വപ്നമാണ്.. സ്കൂൾകാലത്ത് വീടിനുതാഴെക്കൂടി ഒഴുകിയിരുന്ന് നീർച്ചാലിനരികിലിരുന്ന് പഠിച്ച കാലത്തെ ഓർമിപ്പിച്ചു ഈ വരികൾ.. ഇപ്പോൾ ആ നീർച്ചാൽ വരണ്ടുണങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു... മഴക്കാലത്ത് അല്പനാൾ വെള്ളം ഒഴുകാറുണ്ട്... ആ നീർച്ചാൽ ഇന്ന് കാണുമ്പോൾ നമ്മുടെ പ്രകൃതിയേക്കുറിച്ച് മനസ്സിലുള്ള ഉത്കണ്ഠകൾ ഏറി വരുന്നു..

   മഷിത്തണ്ടില്‍ വിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞു നീലപൂക്കളും കുരുവികളും, നിറയെ പൂത്തുലയുന്ന പനിനീര്ചെടികളും മുല്ലയും ചെമ്പരത്തിയും....കൂട്ടിന് കടലിൽ പെയ്യുന്ന മഴയും...ഗ്രാമഭംഗിയെ സ്നേഹിയ്ക്കുന്ന ഒരാളുടെ നഗരജീവിതത്തിന് സുഖം പകരുവാൻ ഇതിലും ഏറെയായി എന്തു വേണം.. അനു തീർച്ചയായും ഭാഗ്യവതി തന്നെ.

   ഇവിടെ എനിയ്ക്കും രണ്ട് കൂട്ടുകാരെ കിട്ടിയിട്ടുണ്ട്... വീടിനോട് ചേർന്നുള്ള ഇലവുമരത്തിൽ കൂടുകൂട്ടിയ വെള്ളിക്കണ്ണിക്കുരുവികൾ.. വളരെ സുന്ദരികൾ.. കൂടുതീർത്ത് മുട്ടയിട്ട് അടയിരിയ്ക്കുന്നു.. ഓഫീസിൽനിന്നും മടങ്ങിയെത്തിയാൽ അവയുടെ സമീപം കുറച്ച് സമയം ചിലവഴിയ്ക്കും... ഇപ്പോൾ അവയ്ക്ക് എന്നെ ഒട്ടും പേടിയില്ല അന്നായിരിയ്ക്കുന്നു..
   വർണ്ണപ്പകിട്ടാർന്ന കൂടുതൽ ദിനങ്ങൾ അനുവിന് ആശംസിയ്ക്കുന്നു..

   സ്നേഹപൂർവ്വം..

   Delete
 14. യാത്രപോയവനേക്കാൾ ഉത്സാഹതിമർപ്പോടുകൂടിയായിട്ടായിരിക്കും
  ഓരോ വായനക്കാരനും ഷിബുവിന്റെ യാത്രാനുഭവങ്ങളിലൂടെ വായനകൊണ്ട്
  സഞ്ചരിക്കുക...അത്ര വർണ്ണപ്പൊലിമയോടെയല്ലേ ഷിബുവിന്റെ ഇത്തരത്തിലുള്ള
  എല്ലാ ആവിഷ്കാരങ്ങളും അല്ലേ

  ReplyDelete
  Replies
  1. പ്രിയ മുരളിയേട്ടാ... തിരക്കുപിടിച്ച ദിവസങ്ങൾക്കിടയിലും വായനയ്ക്കായി സമയം കണ്ടെത്തിയതിനും, പ്രോത്സാഹനങ്ങൾക്കും ഏറെ നന്ദി...
   സ്നേഹപൂർവ്വം....

   Delete
 15. ഇനിയും അവിടെ പോകണം എന്ന തോന്നലുളവാക്കി ഈ യാത്രാനുഭവക്കുറിപ്പ്‌.
  സുകൃതമാണ്‌ അനുഭവം ഇങ്ങനെ പകർത്താൻ കഴിയുന്നത്‌.

  ReplyDelete
  Replies
  1. പ്രിയപ്പെട്ട വിജയകുമാർ... വളരെയേറെ നന്ദി പറയുന്നു, ഈ സന്ദർശനത്തിനും, അഭിപ്രായത്തിനും..പ്രിയപ്പെട്ടവരായ നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് ഈ കുറിപ്പുകൾ എഴുതുവാൻ വീണ്ടും പ്രചോദനമാകുന്നത്...തുടർന്നും ഒരു സഹയാത്രികനായി കൂടെ പ്രതീക്ഷിച്ചു കൊള്ളുന്നു.. സ്നേഹപൂർവ്വം...

   Delete
 16. നല്ല വിവരണവും ചിത്രങ്ങളും .. ഒരായിരം ഓണാശംസകള്‍ ... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ...
  .പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))

  ReplyDelete
 17. പ്രിയ ഷിബു ഇവിടെ നേരത്തെ ഒന്ന് വന്ന് വായിച്ചു പോയെങ്കിലും ഒരു കമന്റു വീശാന്‍ വിട്ടു പോയി. ഇന്നു വീണ്ടും വന്ന് ഒരാവര്‍ത്തി കൂടി വായിച്ചു.
  വിവരണം നന്നായി ഒപ്പം ചിത്രങ്ങളും, ചെറു പ്രായത്തില്‍ മൂന്നാറി നെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഏഴയലത്ത് കൂടി പോകാനുള്ള ഭാഗ്യം കൈവന്നിട്ടില്ല,
  ഇതു വരെ. ഇപ്പോള്‍ ഈ മനോഹര ദേശം എന്റെ നാട്ടിലോ എന്ന് ശങ്കിച്ച് പോകുന്നു, കാരണം പുരോഗമനം എന്ന പേരിട്ടു നമ്മുടെ അധികൃതാര്‍ നമ്മുടെ വനസമ്പത്ത് വെട്ടി മാറ്റിക്കൊണ്ടിരിക്കുകയാനല്ലോ, മുഴുവനും വെട്ടി മാറ്റുന്ന കാലം അതിവിദൂരമല്ല എന്നാണല്ലോ സംഭവങ്ങള്‍ വിളിച്ചറിയിക്കുന്നതും ,ഏതായാലും അതിനു മുന്നേ ഇവിടം ഒരു നോക്ക് കാണണം എന്നുണ്ട് സര്‍വ്വേശ്വരന്‍ അതിനു തുണക്കട്ടെ എന്ന പ്രാര്‍ത്ഥന!.
  --

  ReplyDelete