Wednesday, May 4, 2011

ഡല്‍ഹിയാത്ര-ഇന്ദ്രപ്രസ്ഥ പാര്‍ക്ക്

ലോകസമാധാനം എന്ന വാക്കിന്റെ അര്‍ത്ഥമെന്ത് .......? ഈ ചോദ്യം നാം നമ്മോടു
തന്നെ ചോദിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ ചിലപ്പോള്‍ വളരെ വിഷമിച്ചെന്നു വരും.
ഭീകരവാദത്തിന്റെയും യുദ്ധത്തിന്റെയും നിഴലില്‍നിന്നകന്നു, ശാന്തസുന്ദരമായ സ്വന്തം
കേരളത്തില്‍ ജീവിക്കുന്ന ജനസമൂഹത്തിന്, വെറി പിടിച്ച മതതീവ്രവാദത്തെയോ
ആഭ്യന്തരയുദ്ധങ്ങളെയോ, രക്തച്ചൊരിച്ചിലുകളെയോ ഭയപ്പെടുകയോ, അതിനെക്കുറി 
ച്ചോര്‍ത്തു കണ്ണീരൊഴുക്കുകയോ ചെയ്യേണ്ട കാര്യമില്ല. സെപ്റ്റംബര്‍ 21-നു വിവിധ 
സംഘടനകള്‍, നീലാകാശത്തേയ്ക്കു  പറത്തുന്ന വെള്ളരിപ്രാവുകളില്‍ തീരുന്നു 
മലയാളിയുടെ ലോകസമാധാനം. എന്നാല്‍ ലോകമാസകലമുള്ള ജനങ്ങളുടെ 
ഇടയിലേയ്ക്ക് സമാധാനത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി, ബുദ്ധമാര്‍ഗ്ഗം
പിന്തുടര്‍ന്ന ഒരു സന്യാസിവര്യന്‍, വിവിധ രാജ്യങ്ങളില്‍ വിശ്വശാന്തി സ്തൂപങ്ങള്‍
സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. ഡല്‍ഹി-മഥുര റോഡില്‍, നിസാമുദ്ദീന്‍ റെയില്‍വേ
സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന, മിലേനിയം ഇന്ദ്രപ്രസ്ഥപാര്‍ക്കില്‍  സ്ഥാപിക്ക
പ്പെട്ടിട്ടുള്ള വിശ്വശാന്തി സ്തൂപം കാണുന്നതിനുവേണ്ടിയാണ് ഇന്നത്തെ യാത്ര 
ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. ആധുനിക ഡല്‍ഹിയുടെ മുഖമുദ്ര പേറുന്ന മെട്രോട്രെയിനില്‍
കടുത്ത വെയിലിനെ കബളിപ്പിച്ച്‌ ഒരു സുഖയാത്ര. എയര്‍കണ്ടീഷണറിന്റെ ശീതളിമയില്‍ വിയര്‍പ്പുതുള്ളികള്‍ മഞ്ഞുതുള്ളികളായി മാറുന്നു. തീസ്ഹസ്സാരി മെട്രോസ്റ്റേഷനില്‍ നിന്നും 
പതിവുപോലെ കാശ്മീരിഗേറ്റ്, രാജീവ്ചൌക്ക് വഴി പ്രഗതിമൈതാനിലേയ്ക്ക് തന്നെയാണ് 
യാത്ര...പുറത്തു ചുട്ടു പൊള്ളുന്ന രാജവീഥികളില്‍  ഉഷ്ണം നിറഞ്ഞ പൊടിക്കാറ്റ് വീശി അടിക്കുന്നു..
ട്രെയിന്‍ വിട്ടിറങ്ങി ഞങ്ങള്‍ മഥുരറോഡിലേയ്ക്ക് നടന്നു. പ്രഗതിമൈതാനില്‍ നിന്നും
ഒരു കിലോമീറ്റര്‍ ദൂരമേ പാര്‍ക്കിലേയ്ക്ക്  ഉള്ളൂവെങ്കിലും, കഠിനമായ ഈ ചൂടില്‍, നടപ്പ് അത്ര
സുഖമുള്ള കാര്യമല്ല. അല്‍പസമയം ബസ്സിനായി കാത്തുനിന്നെങ്കിലും യാതൊരു  ഫലവും
ഉണ്ടായില്ല. ഇനി ഓട്ടോറിക്ഷ തന്നെ ശരണം...പക്ഷെ ഒരു കിലോമീറ്റര്‍ ദൂരത്തിനു അന്യായമായ
ചാര്‍ജാണ്‌ ചോദിക്കുന്നത്. അവസാനം യാതൊരു നാണവുമില്ലാതെയുള്ള വിലപേശലിനുശേഷം
20 രൂപ എന്നു പറഞ്ഞുറപ്പിച്ച്  ഒരു ഓട്ടോയില്‍ത്തന്നെ  യാത്രയായി. അല്പദൂരം ചെന്നപ്പോള്‍
തന്നെ പാര്‍ക്കിലെ പ്രധാന കാഴ്ചകളില്‍ ഒന്നായ വിശ്വശാന്തിസ്തൂപം ദൃശ്യമായിത്തുടങ്ങി.

സ്തൂപത്തിനു എതിര്‍വശത്തായി ഓട്ടോ നിറുത്തി പുറത്തിറങ്ങി. ഇനി റോഡ്‌ മുറിച്ചു കടക്കുക
എന്ന അഭ്യാസമാണ്. തിരക്കേറിയ റിംഗ് റോഡ്‌ മുറിച്ചുകടക്കുക എന്ന സര്‍ക്കസ്  പൂര്‍ത്തിയാ
കുവാന്‍ അല്‍പസമയം വേണ്ടിവന്നു. നേരെ പാര്‍ക്കിന്റെ പ്രധാന കവാടത്തിനുള്ളില്‍ക്കൂടി അകത്തു
പ്രവേശിച്ചു. പ്രധാനഗേറ്റിനു സമീപം ബലൂണ്‍വില്‍പ്പനക്കാരും, പാവവില്‍പ്പനക്കാരും ഉള്‍പ്പെടുന്ന
കുട്ടിക്കച്ചവടക്കാരുടെ തിരക്കാണ്. കഠിനമായ ചൂടിലും, പാര്‍ക്ക് നിറയെ ആള്‍ക്കാരുണ്ട്. യാത്രയുടെ
തുടക്കം ശാന്തിസ്തൂപത്തില്‍നിന്നു തന്നെയാകാം എന്നു തീരുമാനിച്ചു ഞങ്ങള്‍ സ്തൂപത്തിനരികി
ലേയ്ക്ക്  നടന്നു.
ശാന്തി സ്തൂപത്തിനു ചുറ്റിലുമായി വെട്ടിയൊരുക്കിയ  പുല്‍ത്തകിടികളും,ജാപ്പനീസ് മാതൃകയില്‍
തയ്യാറാക്കിയിരിക്കുന്ന റോക്ക് ഗാര്‍ഡനുമാണുള്ളത്. പുല്‍ത്തകിടികള്‍ക്കിടയിലൂടെ,വൃത്തിയായും,
മനോഹരമായും നിര്‍മ്മിച്ചിരിക്കുന്ന നടപ്പാതകള്‍.പാതകളുടെ തുടക്കത്തിലേതന്നെ, സാഞ്ചിയിലെ
ബുദ്ധസ്തൂപത്തിനു സമീപമുള്ള കവാടങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന, ശില്പഭംഗി
നിറഞ്ഞു നില്‍ക്കുന്ന പ്രവേശനകവാടം. പലരും ഒരു നിമിഷത്തെ കാഴ്ചക്കുശേഷം അവഗണിച്ചു
കടന്നുപോകുന്ന ഈ കവാടത്തിന്റെ ഭംഗി അറിയണമെങ്കില്‍ അടുത്തു ചെന്നുതന്നെ സൂക്ഷ്മമായി
നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
സ്തൂപത്തിലെയ്ക്കുള്ള പ്രവേശനകവാടം.
ആനകളും, സിംഹങ്ങളും, മയിലുകളും വ്യത്യസ്തത നിറഞ്ഞു നില്‍ക്കുന്ന മനുഷ്യരൂപങ്ങളും കൊണ്ട്
അലങ്കരിക്കപ്പെട്ടിരിക്കുന്ന ഈ കവാടത്തിന്റെ  മൂന്നു ആര്‍ച്ചുകളില്‍ ബുദ്ധകഥകളെയോ,ചരിത്ര
സംഭവങ്ങളെയോ, അടിസ്ഥാനമാക്കിയുളളതെന്നു തോന്നിക്കുന്ന ശില്പങ്ങളും അശോകചക്രവും,
ദൃശ്യമാണ്.
കവാടത്തിന്റെ ശില്പ ഭംഗി

ഈ സ്തൂപം കടന്നു മുന്‍പോട്ടു ചെല്ലുമ്പോള്‍ തൊട്ടു മുന്‍പിലായി സ്തൂപത്തിന്റെ
കാവല്‍ക്കാരെന്നവണ്ണം,രണ്ടു സുവര്‍ണ സിംഹങ്ങളുടെ പ്രതിമകള്‍. സ്തൂപത്തിന്റെ
മുന്‍വശങ്ങളിലും, പരിസരങ്ങളിലും ജാപ്പനീസ് പൂന്തോട്ടങ്ങളിലെ അവിഭാജ്യഘടകമായ
ടോറോ(Japanese stone lantern) ധാരാളമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ നമുക്കിതിനെ,'കല്ലുകൊണ്ടുള്ള റാന്തല്‍ വിളക്ക്' എന്ന് വിളിക്കാം. പുരാതന ബുദ്ധക്ഷേത്ര
ങ്ങളിലും, വിഹാരങ്ങളിലും ഉപയോഗിച്ചുപോന്നിരുന്ന 'കസുഗ ടോരോ' (Kasuga Doro)യുടെ
മാതൃകയില്‍ നിര്‍മ്മിച്ചവയാണ്‌ ഈ വിളക്കുകളിലേറെയും.
സുവര്‍ണ സിംഹങ്ങള്‍
സ്തൂപത്തിന്റെ മുന്‍വശത്തായി സ്ഥാപിച്ചിരിക്കുന്ന രണ്ടു ടോറോകളുടെ മധ്യത്തിലായി നാല്
ഫലകങ്ങള്‍ സ്ഥാപിയ്ക്കപ്പെട്ടിരിക്കുന്നു. ഫലകങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നതനുസരിച്ചു,
2003 ഡിസംബര്‍12 -നു ഡല്‍ഹി ലഫ്ടനന്റ്റ് ഗവര്‍ണറായിരുന്ന ശ്രീ വിജയ്‌ കപൂര്‍ ശിലാ
സ്ഥാപനകര്‍മ്മം നിര്‍വഹിച്ച്,'നിപ്പോണ്‍സന്‍ മ്യോജി' എന്ന ബുദ്ധ സംഘടനയുടെയും,ഡല്‍ഹി
ഡവലപ്മെന്റ്റ് അതോറിറ്റിയുടെയും സംയുക്തസംരംഭമായി വിശ്വശാന്തി സ്തൂപത്തിന്റെ
നിര്‍മാണംആരംഭിച്ചു. നാല് വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 2007 നവംബര്‍
14 ന് നിപ്പോണ്‍സന്‍ മ്യോജിയിലെ സന്യാസിനിസന്യാസികളും, ബുദ്ധമതാചാര്യനായ ദലൈലാമയും
അന്നത്തെ ഡല്‍ഹി ലഫ്ടനന്റ് ഗവര്‍ണറും ചേര്‍ന്ന് വിശ്വശാന്തി സ്തൂപം രാഷ്ട്രത്തിനു
സമര്‍പ്പിച്ചു. അരികെയുള്ള മറ്റൊരു ഫലകത്തില്‍ മ്യോജിഗുരുവിന്റെ, മാനവരാശിയെയും,
ലോകസമാധാനത്തെയുംകുറിച്ചുള്ള വാക്കുകള്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.

                                         NA MU MYO HO REN GE  KYO
   
                        "CIVILIZATION  IS NOT ELECTRIC LIGHT , NOR AIRPLANES
                                IT IS   NOT  PRODUCING  NUCLEAR BOMBS .
                                   CIVILIZATION  IS NOT TO  KILL  PEOPLE .
                                                NOT TO DESTROY THINGS,
                                                      NOT TO MAKE WARS,
                                               BUT TO REVERE EACH OTHERS."

എത്ര മനോഹരമായ വാക്കുകള്‍....പക്ഷെ ആധുനികതയുടെ കാട്ടുകുതിരപ്പുറത്തേറി ഇടംവലം
നോക്കാതെ കുതിച്ചു പായുന്ന ജനസമൂഹത്തിന്,ലോകസമാധാനമെന്ന വാക്കിനു മുന്‍പില്‍ ചിലവഴി
ക്കാന്‍  എവിടെയാണ് സമയം. എന്നാല്‍ ഇത്തരമൊരു സമൂഹത്തെ ലോകസമാധാനത്തിന്‍ കീഴില്‍
ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'നിപ്പോണ്‍സന്‍ മ്യോജി'യുടെ സ്ഥാപകനായ നിച്ചിഡട്ട്സു
ഫ്യുജി എന്ന ബുദ്ധസന്യാസിയാണ്, ലോകമെമ്പാടും ഇത്തരം ശാന്തിസ്തൂപങ്ങള്‍ സ്ഥാപിക്കുവാന്‍
മുന്‍കൈയെടുത്തത്.1931 -ല്‍ മഹാത്മാഗാന്ധിയുമായി നടത്തിയ കൂടികാഴ്ചയ്ക്കുശേഷം,
ഗാന്ധിജിയുടെ, സമാധാനത്തിന്റെയും,അഹിംസയുടെയും മാര്‍ഗങ്ങളില്‍ ആകൃഷ്ടനായ ഫ്യുജി,തന്റെ
ജീവിതം ലോകസമാധാനത്തിനായി സമര്‍പ്പിക്കുവാനുള്ള തീരുമാനമെടുത്തു.ഈ തീരുമാനത്തിന്റെ
ഫലമായി,1947 -ല്‍ ലോകമെമ്പാടും,ശാന്തിസ്തൂപങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
ആദ്യത്തെ സ്തൂപം നിര്‍മ്മിക്കപ്പെട്ടത്, രണ്ടാം ലോകമഹായുദ്ധത്തില്‍, ഒന്നരലക്ഷത്തോളം സാധാ
രണക്കാരായ ആളുകളുടെ ജീവന്‍ അപഹരിക്കപ്പെട്ട, ലോകത്തിലെ ആദ്യത്തെ ആറ്റംബോംബിന്റെ
ഇരകളായി മാറിയ, ഹിരോഷിമയിലും, നാഗസാക്കിയിലും ആയിരുന്നു. രണ്ടായിരാമാണ്ടോടെ
ഏഷ്യയിലും, യൂറോപ്പിലും, അമേരിക്കയിലുമായി 80 -ഓളം സ്തൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.
ഇന്ത്യയില്‍ ഡല്‍ഹി കൂടാതെ രാജ്ഗീര്‍, ഡാര്‍ജീലിംഗ്, ലഡാക്ക്, വൈശാലി എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള ശാന്തിസ്തൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്തൂപത്തിലേയ്ക്ക് മുന്‍വശത്തുളള  പ്രധാനവഴിക്ക് പുറമേ പിന്‍വശത്തുകൂടിയും, രണ്ടു
നിലകളിലായി  വഴികള്‍ സംവിധാനം ചെയ്തിരിക്കുന്നു. ബുദ്ധമതവിശ്വാസികള്‍
വിശുദ്ധസ്ഥലമായി, പരിപാലിയ്ക്കുന്ന ഈ സ്ഥലം, സന്ദര്‍ശകരും അതേ പരിഗണന
നല്‍കി,കാത്തു സൂക്ഷിക്കണമെന്ന് ഓര്‍മപ്പെടുത്തുന്ന ബോര്‍ഡ്‌ ഒരെണ്ണം, നടകള്‍
ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. അതിനു സമീപം ചെരിപ്പുകള്‍ ഊരിയിട്ട് ഞങ്ങള്‍
സ്തൂപത്തിന്റെ മുകളിലേയ്ക്ക് നടന്നു. പിന്‍വശത്ത്‌ കൂടി പ്രവേശിച്ചതിനാല്‍ രണ്ടു  നിലകളിലായി
ചുറ്റിക്കിടക്കുന്ന വഴി മുഴുവന്‍ കറങ്ങിയാണ് മുകളിലെത്തിയത്. പടിഞ്ഞാറന്‍ വെയിലില്‍
ചുട്ടുപഴുത്തു കിടക്കുന്ന മാര്‍ബിള്‍ തറയിലൂടെ യഥാര്‍ത്ഥത്തില്‍ നടക്കുകയായിരുന്നില്ല,
ഓടുകയായിരുന്നു എന്നുതന്നെ പറയാം.'കാലു വെന്ത നായ' എന്നൊക്കെ പറയുന്നതിന്റെ അര്‍ത്ഥം
ഈ ഓട്ടത്തിനിടയിലാണ് നന്നായിട്ട് മനസ്സിലാക്കാന്‍ പറ്റിയത്. സ്തൂപത്തിന്റെ നാല് വശങ്ങളില്‍
സ്ഥാപിച്ചിരിക്കുന്ന നാല് ബുദ്ധപ്രതിമകളില്‍ പ്രധാന പ്രതിമയുടെ സമീപമെത്തിയപ്പോഴാണ്
അല്പമൊന്നു സമാധാനമായത്. വെയില്‍ നേരിട്ട് അടിയ്ക്കാത്തതിനാല്‍ തറയിലെ ചൂടിനു അല്പം
ശമനമുണ്ട്. ധര്‍മചക്ര മുദ്രയിലുള്ള ബുദ്ധപ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ധര്‍മചക്ര മുദ്ര
ബോധോദയം ലഭിച്ചശേഷം, ശ്രീബുദ്ധന്‍ നടത്തിയ ആദ്യപ്രബോധനത്തിന്റെ കേന്ദ്ര മുഹൂര്‍ത്തത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ ബുദ്ധപ്രതിമ. ബുദ്ധമതവിശ്വാസികള്‍ ആകണം,
കുറെ ആളുകള്‍ ഈ പ്രതിമയ്ക്ക് മുന്‍പില്‍ ധ്യാനിച്ചുകൊണ്ട് ഇരിയ്ക്കുന്നുമുണ്ട്. ചുറ്റും പൂക്കള്‍ കൊണ്ട്
അലങ്കരിക്കപ്പെട്ട പ്രതിമയുടെ മുന്‍പില്‍ വിളക്കുതെളിക്കുന്നതിനായി ഒരു കല്‍വിളക്കും സജ്ജീ- കരിച്ചിരിക്കുന്നു. പ്രതിമയുടെ കുറച്ചു ഫോട്ടോ എടുത്തശേഷം ഞങ്ങള്‍ അടുത്ത പ്രതിമയുടെ  സമീപത്തേയ്ക്ക് നടന്നു. ഭൂമിസ്പര്‍ശ മുദ്രയില്‍, താമരപ്പൂവിനുള്ളില്‍  ഇരിക്കുന്ന ബുദ്ധപ്രതിമയാണ് ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍വച്ച്,ഭഗവാന്‍ ബുദ്ധനുണ്ടായ ജ്ഞാനോദയത്തിന്റെ പ്രതീകമായാണ് ഈ മുദ്രയെ കണക്കാക്കുന്നത്.    സ്തൂപത്തിന്റെ പിന്‍ഭാഗത്തുള്ള മൂന്നാമത്തെ പ്രതിമ,അഭയമുദ്രയില്‍ നില്‍ക്കുന്ന ശ്രീബുദ്ധന്റെതാണ്.
സംരക്ഷണം, സമാധാനം, നിര്‍ഭയത്വം, ഔദാര്യം, എന്നീ ഗുണങ്ങളെ ഈ മുദ്ര സൂചിപ്പിയ്ക്കുന്നു.
വലതുകൈ തോളൊപ്പം ഉയര്‍ത്തി, വിരലുകള്‍ ചേര്‍ത്തുപിടിച്ചു, ഉള്ളംകൈ മുന്നിലേയ്ക്ക് തിരിച്ചു,
ഇടതു കൈ താഴേയ്ക്ക് തൂക്കിയിട്ട നിലയിലുള്ള ഈ മുദ്ര, മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെയും,
പരിഗണനയുടെയും പ്രതീകമായാണ് ബുദ്ധമതവിശ്വാസികള്‍ കാണുന്നത്.     
നാലാമത്തെ പ്രതിമ 'ശയിക്കുന്ന ബുദ്ധന്‍'എന്നപേരിലാണ് അറിയപ്പെടുന്നത്. ബുദ്ധന്റെ മരണ സമയത്തെയാണ് ഈ പ്രതിമ സൂചിപ്പിക്കുന്നത്. ഇതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്.
തന്റെ മരണസമയം സമാഗതമായെന്നു മനസ്സിലാക്കിയ ശ്രീബുദ്ധന്‍,ഒരു തോട്ടത്തില്‍ തനിയ്ക്കായി ഒരു ചാരുകട്ടില്‍ സജ്ജമാക്കാന്‍ ശിഷ്യരോട് ആവശ്യപ്പെട്ടു. ഇപ്രകാരം തയ്യാറാക്കപ്പെട്ട കട്ടിലില്‍,
വലത്തുവശത്തേയ്ക്ക് തിരിഞ്ഞു, പടിഞ്ഞാറേയ്ക്ക് മുഖം തിരിച്ചു, കൈകളാല്‍ ശിരസ്സ്‌ താങ്ങിയ നിലയില്‍ ശ്രീബുദ്ധന്‍ നിര്‍വാണാവാസ്ഥയിലേയ്ക്കു പ്രവേശിച്ചു. സ്വര്‍ണവര്‍ണം പൂശിയ,ഈ മനോഹര പ്രതിമക്കുമുന്‍പില്‍ അധികസമയം ചിലവഴിക്കാന്‍, തറയുടെ ചൂട് മൂലം ഞങ്ങള്‍ക്ക് സാധിച്ചില്ല. അതിനാല്‍ വീണ്ടും സ്തൂപത്തെ ചുറ്റി, പ്രധാന പ്രതിമക്കരികിലെത്തി അല്‍പസമയംകൂടി അവിടെ ചിലവഴിച്ചശേഷം, സ്തൂപത്തിന്റെ പിന്‍ഭാഗത്തുള്ള പാര്‍ക്കിലേയ്ക്ക് ഞങ്ങള്‍ നടന്നു. പാര്‍ക്കും പരിസരങ്ങളും ഭംഗിയായി സൂക്ഷിക്കുവാന്‍, പുല്ലുവെട്ടലും,നനയ്ക്കലുമായി
വളരെയേറെ ആളുകള്‍, വിവിധ പണികളിലേര്‍പ്പെട്ടിരിക്കുന്നുണ്ട്.              
 
ജാപ്പനീസ് വാക്കുകള്‍  ആലേഖനം ചെയ്തിട്ടുള്ള, മറ്റൊരു  ചെറിയ സ്തൂപം, പാര്‍ക്കിന്റെ പിന്‍ വശത്ത്‌ കാണുവാന്‍ സാധിച്ചു. അതിനെ സംബന്ധിച്ച വിവരങ്ങള്‍,അവിടെ കണ്ട ഒരു ജീവനക്കാരനോട് ചോദിച്ചെങ്കിലും, നിരാശയായിരുന്നു ഫലം. ആള്‍ക്ക് അതിനെപ്പറ്റി വലിയ പിടിപാടില്ല. അല്പനേരംകൂടി അതിന്റെ പരിസരങ്ങളില്‍ കറങ്ങി നടന്നശേഷം,പാര്‍ക്കിന്റെ മറ്റു കാഴ്ചകളിലേക്ക് ഞങ്ങള്‍ നീങ്ങി. സ്തൂപത്തിന്റെ മുന്‍വശത്ത്‌ എത്തിയപ്പോള്‍,മുന്‍പ് ശക്തമായിരുന്ന വെയില്‍ അല്പം താണ്,ഫോട്ടോഗ്രാഫിക്ക് അനുകൂലമായ അന്തരീക്ഷമായി കഴിഞ്ഞിരുന്നു. എങ്കില്‍ കുറച്ചു ഫോട്ടോകൂടി
എടുത്തശേഷമാകം യാത്ര എന്നു തീരുമാനിച്ചു, ഞാന്‍ തിരികെ നടന്നു. ഫോട്ടോകള്‍ എടുത്തു ഞാന്‍ തിരികെ എത്തിയപ്പോഴേയ്ക്കും,സുഹൃത്തുക്കള്‍ പാര്‍ക്കിന്റെ തിരക്കില്‍ എവിടെയോ മറഞ്ഞിരുന്നു.  
പാര്‍ക്കിന്റെ ഈ ഭാഗം,കുട്ടികള്‍ക്ക് വേണ്ടിയാണ് മാറ്റിവച്ചിരിക്കുന്നത്.ഈ ഭാഗത്ത് കളിയുപകരണങ്ങള്‍ക്ക് പുറമേ,റെസ്റ്റോറന്റ്,ഐസ്ക്രീംപാര്‍ലര്‍,ടോയ്ലറ്റുകള്‍,കുടിവെള്ളം, 
എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ശക്തമായ വെയിലിലും,വിവിധ കളിയുപകരണങ്ങളിലൂടെ കയറി ഇറങ്ങുന്ന കുട്ടികളുടെ തിരക്കാണ് എവിടെയും...റെസ്റ്റോറന്റിലും,ഐസ്ക്രീംപാര്‍ലറിലും സമയം ചിലവിടുന്ന മറ്റു ചില കുടുംബങ്ങള്‍.ആഴ്ചയില്‍ ഒന്ന് ലഭിക്കുന്ന അവധിദിനത്തെ ആഘോഷമാക്കു
കയാണ് എല്ലാവരും.ഇതിനിടെ തിരക്കിനിടയില്‍നിന്നും കൂട്ടുകാരെ കണ്ടുപിടിച്ചു,പാര്‍ക്കിന്റെ
മറ്റു ഭാഗങ്ങളിലേയ്ക്കുള്ള നടപ്പ് തുടങ്ങി.കുടുംബമായി എത്തുന്നവരുടെ കാഴ്ചകള്‍,കുട്ടികളുടെ പാര്‍ക്കോടെ അവസാനിച്ചെങ്കില്‍,ഇവിടെനിന്നും ഡല്‍ഹിയുടെ യുവത്വത്തിന്റെ മറ്റൊരു മുഖം ആരംഭിക്കുകയാണ്.
പാര്‍ക്കിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും തന്നെ യുവമിഥുനങ്ങള്‍ കൈയടക്കിയിരിക്കുകയാണ്.
സ്വസ്ഥമായി അല്‍പസമയം വിശ്രമിക്കുവാന്‍ പറ്റിയ സ്ഥലം തേടി നടക്കുവാന്‍ തുടങ്ങിയിട്ട്
സമയമേറെയായി. എവിടെയെങ്കിലും പറ്റിയ സ്ഥലം കണ്ടെത്തിയാല്‍ അതിനുസമീപം
കുറഞ്ഞത്‌ മൂന്നോ, നാലോ പ്രണയജോടികള്‍ കാണും. സമീപത്തുള്ളവരെ മറന്നു,തങ്ങളുടേതായ
ലോകത്തില്‍,ആരെന്തുകണ്ടാലും ഞങ്ങള്‍ക്കൊന്നുമില്ല എന്നമട്ടില്‍ പെരുമാറുന്ന പ്രണയജോഡി-
കള്‍ ഡല്‍ഹിയിലെ ഏതൊരു പാര്‍ക്കിലെയും സാധാരണകാഴ്ചയാണെന്ന്,രണ്ടു യാത്രകള്‍കൊണ്ട്
ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.കൈയില്‍ ഒരു വലിയ ക്യാമറകൂടി ഉള്ളതിനാല്‍,പലരും സംശയ
ദൃഷ്ടിയോടെയാണ് ഞങ്ങളെ നോക്കിയിരുന്നത്.ഒന്നുരണ്ടിടങ്ങളില്‍ ക്യാമറകണ്ടു,പലരും നീരസത്തോടെയാണെങ്കിലും, ഞങ്ങളുടെ സമീപത്തുനിന്നും മറ്റു സ്ഥലങ്ങള്‍ തേടി പോകുന്ന കാഴ്ചയും കണ്ടു.ഇന്റര്‍നെറ്റിന്റെ വിശാലലോകത്തെ അവര്‍ ഭയപ്പെടുന്നുണ്ടെന്നു സാരം........മറ്റുള്ളവരുടെ 'സ്വര്‍ഗത്തിലെ കട്ടുറുമ്പാകാതെ' ക്യാമറ ബാഗിനുള്ളില്‍ വച്ച് വെറും കാഴ്ചക്കാരായി മാത്രം നടന്നാലോ എന്നുപോലും,ഒന്നുരണ്ടുവട്ടം ഞങ്ങള്‍ ആലോചിയ്ക്കുകയുണ്ടായി . അവസാനം ഈവക കാഴ്ചകളില്‍നിന്നെല്ലാം അകന്നു പാര്‍ക്കിന്റെ മദ്ധ്യഭാഗത്തായി,വൃത്താകൃതിയില്‍ പൂക്കള്‍ വളര്‍ന്നു നില്‍ക്കുന്ന,ചെറിയൊരു വിശ്രമസ്ഥലം ഞങ്ങള്‍ കണ്ടെത്തി.വെയിലിന്റെയുംആളുകളുടെയും ശല്യമില്ലാതെ,ചാരുബഞ്ചില്‍ വിശാലമായിരുന്നു അല്‍പസമയം വിശ്രമം....വിശ്രമത്തിനിടെ അല്പം വെള്ളവും കുടിച്ചു, കുറച്ചു ഫോട്ടോകളും എടുത്തശേഷം അടുത്ത സ്ഥലത്തേയ്ക്ക് നടന്നു. അല്പം ദൂരെയായി പുല്‍പ്പരപ്പില്‍ നിര്‍മിച്ചിരിക്കുന്ന കുറച്ചു പ്രതിമകളെ ലക്ഷ്യമാക്കിയായിരുന്നു യാത്ര.
 
കുറച്ചുസമയം പ്രതിമകളുടെ സമീപത്തുകൂടി ചുറ്റിത്തിരിഞ്ഞുനടന്നുവെങ്കിലും, അതിന്റെ ശില്പി
ആരെന്നോ,അര്‍ത്ഥമെന്തെന്നോ ഒന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല.പ്രതിമയ്ക്ക് സമീപം
നിന്ന് കുറച്ചു ഫോട്ടോ എടുത്ത ശേഷം പാര്‍ക്ക് അവസാനിയ്ക്കുന്ന ഭാഗത്തേയ്ക്ക് നടന്നു.
പാര്‍ക്കിലേയ്ക്ക് ആവശ്യമായ ചെടികള്‍ വളര്‍ത്തിയെടുക്കുന്ന നഴ്സറി ആണ് ഇവിടെ
പ്രവര്‍ത്തിക്കുന്നത്. നഴ്സറിയുടെ ഉള്ളില്‍ ഇടതൂര്‍ന്നുവളരുന്ന ചെടികള്‍ക്കുള്ളിലും പ്രണയ
ജോഡികളുടെ ലീലാവിലാസങ്ങള്‍. ഇടയ്ക്ക് 'പുട്ടിനിടയിലെ തേങ്ങാപ്പീര'പോലെ മലയാളി
കളെയും കാണാനുണ്ട്.കുടുംബവുമായി വരുന്നവര്‍, ഈ ഭാഗത്തേയ്ക്ക് കടക്കാത്തതിന്റെ
കാരണം വളരെ വേഗം തന്നെ മനസ്സിലാക്കി, എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപെട്ടാല്‍
മതി എന്ന അവസ്ഥയായി ഞങ്ങള്‍ക്ക്. എങ്കില്‍പിന്നെ പാര്‍ക്കിന്റെ കാഴ്ചകളോട് വിട
പറയുകയാകും നല്ലത്. തീരുമാനം മൂന്നുപേരുംകൂടി ഏകസ്വരത്തില്‍ പാസ്സാക്കി. പാര്‍ക്കിനു
ശേഷം ഞങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത് നിസാമുദീന്‍ റെയില്‍വേസ്റ്റേഷന്
പിന്നില്‍ സ്ഥിതി ചെയ്യുന്ന,ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള
ഹുമയൂണിന്റെ ശവകുടീരമാണ്. പാര്‍ക്കിനോട് ചേര്‍ന്നുപോകുന്ന റെയില്‍വേട്രാക്ക് മുറിച്ചുകടന്നു
മാത്രമേ അവിടേയ്ക്കു എത്തി ചേരാന്‍ പറ്റുകയുള്ളു. പാര്‍ക്കില്‍നിന്നും ട്രാക്കിലേയ്ക്ക് ഇറങ്ങുന്ന
ഭാഗംമുഴുവന്‍ മതിലും,കമ്പി വേലിയും കെട്ടി അടച്ച നിലയിലാണ്. ഇനി എന്താണ് വഴി..............? ഹൈറേഞ്ചിലെ കയ്യാലകള്‍ ചാടി മറിഞ്ഞു നടന്ന ഞങ്ങള്‍ക്ക് അധികം ആലോചിക്കേണ്ടി
വന്നില്ല.മതില്‍ ചാടുക തന്നെ. ഇണക്കിളികള്‍ പറന്നു നടക്കുന്ന ഇവിടെയ്ക്ക് വരാനുള്ള നാണം
കൊണ്ടായിരിക്കാം, ഗാര്‍ഡുകള്‍ ഇങ്ങോട്ട് എത്തി നോക്കുന്നുപോലുമില്ല. അതും ഒരു അനുഗ്രഹം...
അങ്ങനെ ഡല്‍ഹിയിലെത്തിയതിനുശേഷമുള്ള ആദ്യ മതില്‍ചാട്ടം വിജയകരമായി പൂര്‍ത്തിയാക്കി
റെയില്‍വേ ട്രാക്കിലേയ്ക്ക് ഇറങ്ങി. ഇന്ത്യന്‍ റെയില്‍വേ, യാതൊരു നാണവുമില്ലാതെ
നടപ്പാക്കിയിരിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ടോയ്ലറ്റ് ആണ് ഇനി
മറികടക്കാനുള്ളത്. ദൈവമേ, "മതില്‍ചാട്ടം എത്ര എളുപ്പമായിരുന്നു. ഇവിടെയും അങ്ങുതന്നെ
തുണ". ദൈവം തുണച്ചതുകൊണ്ടാണോ എന്തോ,ഒരു വിധത്തില്‍ ട്രാക്ക് മുറിച്ചുകടന്നു എതിര്‍വശത്ത്‌
കാണുന്ന പുരാതനസ്മാരകത്തിന്റെ സമീപമെത്തി. കാലങ്ങള്‍ക്കപ്പുറം,യമുനാനദിക്കരയില്‍(അന്ന്
യമുനാ നദി ഇതിനു സമീപത്തുകൂടിയായിരുന്നു ഒഴുകിയിരുന്നത്‌) പ്രൌഡഗംഭീര്യത്തോടെ ഉയര്‍ന്നു
നിന്ന ഈ സ്മാരകം  യാതൊരു പരിരക്ഷയുമില്ലാതെ,അവഗണിക്കപ്പെട്ട  നിലയിലാണ് ഇന്ന്
സ്ഥിതി ചെയ്യുന്നത് .
നിലാ ഗുംബദ്  (blue Dome)
33 -ചതുരശ്രമീറ്ററുള്ള പ്ലാറ്റ്ഫോമില്‍ അഷ്ടഭുജങ്ങളോടെ നിര്‍മ്മിക്കപ്പെട്ട ഈ സ്മാരകം അറിയപ്പെടുന്നത്,മനോഹരമായ ഇതിന്റെ താഴികക്കുടത്തിന്റെ പേരിലാണ്.'നിലാ ഗുംബദ്'
(Blue Dome)അഥവാ 'നീല താഴികക്കുടം' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്മാരകം,1625 -ല്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സില്‍ ഉന്നതപദവി വഹിച്ചിരുന്ന,അബ്ദുള്‍ റഹിം ഖാന്‍ തന്റെ വിശ്വസ്ഥപരിചാരകനായ ഫാഹിം ഖാനെ അടക്കം ചെയ്യുന്നതിനായി നിര്‍മ്മിച്ചതായാണ് ചരിത്രം പറയുന്നത്.ഒറ്റ മുറിയായി നിര്‍മ്മിച്ചിരിക്കുന്ന മന്ദിരത്തിന്റെ വാതില്‍ പൂട്ടിയിരിക്കുന്ന നിലയിലാണ് കാണപ്പെട്ടത്.മൃതശരീരം അടക്കം ചെയ്യുന്നതിനായാണ് നിര്‍മ്മിച്ചതെങ്കിലും,ഉള്ളില്‍ കല്ലറകളൊന്നും കാണുവാനായില്ല.താഴികക്കുടത്തിലെ നീല മേച്ചിലോടുകള്‍ നഷ്ട്ടപ്പെട്ടു,അവിടെ പായലും,ചെറിയ ചെടികളും വളര്‍ന്നു  തുടങ്ങിയിരിക്കുന്നു.ഡല്‍ഹിയിലെ മറ്റൊരു സ്മാരകങ്ങളിലും കാണുവാന്‍ കഴിയാത്ത,ഭിത്തിയിലെ നീലയും,മഞ്ഞയും,പച്ചയും,നിറത്തിലുള്ള ഓടുകളും നാശത്തിന്റെ അവസാനഘട്ടത്തിലെത്തി,കഴിഞ്ഞിരിക്കുന്നു.മന്ദിരം പുരാവസ്തുവകുപ്പിന്റെ,
സംരക്ഷണയിലുള്ളതാണെങ്കിലും,ഏതെങ്കിലും വിധത്തിലുള്ള പുനരുദ്ധാരണനടപടികള്‍ ഇവിടെ നടക്കുന്നതായി സൂചനകളൊന്നുമില്ല.എന്നാല്‍ സ്വകാര്യവ്യക്തികളുടെതെന്നു തോന്നിയ്ക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഈ പുരാതനസ്മാരകത്തിനു സമീപം,യാതൊരു നിയന്ത്രണവുമില്ലാതെ തകൃതിയായി നടക്കുന്നുണ്ട്.അവിടെനിന്നും ഉയരുന്ന മണ്ണും,പൊടിയും അടിഞ്ഞുകൂടി വൃത്തിഹീനമായ നിലയിലാണ് മന്ദിരവും പരിസരങ്ങളും കാണപ്പെട്ടത്.  
നിലാ ഗുംബദിലെ ചിത്രപണികള്‍
പുരാതനസംസ്കാരങ്ങളോടു കാണിയ്ക്കുന്ന ഈ അവഗണന,മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ കൂടുതല്‍ ആണെന്നാണ്‌ ഇത്തരം ദൃശ്യങ്ങള്‍ വെളിവാക്കുന്നത്.സമയം ഏറെ വൈകിയിരുന്നു.സായാഹ്നസൂര്യന്‍ മറയാന്‍ തുടങ്ങിയിരിക്കുന്നു.അതിവേഗം മറ്റു കാഴ്ച്ചകളിലേയ്ക്ക്
നീങ്ങാന്‍,കൂട്ടുകാര്‍ തിടുക്കവും കൂട്ടാന്‍ തുടങ്ങി.എന്നാല്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലങ്ങള്‍ കഴിയുന്നിടത്തോളം വിശദമായി കണ്ടുതീര്‍ക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ വളരെ പെട്ടന്ന് അവിടെനിന്നും പോകുവാന്‍ മനസ്സ് വന്നില്ല.അതിനാല്‍ അല്‍പസമയം അവിടെനിന്ന് അസ്തമയ
സൂര്യന്റെ പ്രകാശത്തില്‍ കുറച്ചു ചിത്രങ്ങള്‍ കൂടി പകര്‍ത്തിയ ശേഷം,ഹുമയൂണ്‍ ടോംബിലേയ്ക്ക് നടന്നു.വഴിയുടെ ഒരു വശത്ത്‌ ഉയരത്തിലുള്ള കോട്ടമതിലാണ്.ആ വഴിയെ അകത്തേക്ക് കടക്കുവാനുള്ള മാര്‍ഗ്ഗങ്ങളൊന്നുംതന്നെ കാണുവാനില്ല.തകര്‍ന്നടിഞ്ഞു പോയ പുരാതനകോട്ടയുടെ അവശിഷ്ടങ്ങള്‍ക്കരികിലൂടെ വഴി അന്വേഷിച്ചുള്ള യാത്ര എത്തിയത്,ഒരു ഗുരുദ്വാരയ്ക്ക് സമീ
പമാണ്.മനോഹരമായ ഗുരുദ്വാരയുടെ,ഒരു ഫോട്ടോ എടുക്കണമെന്ന ഉദ്ദേശ്യത്തോടെ ഞാന്‍
മുന്‍പോട്ടു ചെന്നെങ്കിലും,കുന്തവും,വാളും പിടിച്ചുനില്‍ക്കുന്ന കാവല്‍ക്കാരന്റെ നോട്ടം കണ്ടപ്പോള്‍ ഫോട്ടോയേക്കാള്‍ വലുത് സ്വന്തം തടിയാണെന്ന ബോദ്ധ്യം തലയില്‍ ഉദിച്ചതിനാല്‍,തത്കാലം
ആ ഉദ്യമത്തില്‍നിന്നും പിന്മാറി.                       
ഗുരുദ്വാരയുടെ സമീപത്തുനിന്നും ആരംഭിക്കുന്ന മതില്‍കെട്ടിന് സമീപം ഹുമയൂണ്‍ ടോംബിന്റെ ബോര്‍ഡ്‌ വച്ചിരിക്കുന്നു.അതിലൂടെ ഉള്ളിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ ആകെ ചിന്താക്കുഴപ്പത്തിലായി.
നിലാ ഗുംബദിന്റെ സമീപം നിന്നപ്പോള്‍ കണ്ട മനോഹരങ്ങളായ മന്ദിരങ്ങളും,താഴികക്കുടവും
എവിടെ..?ഇവിടെ നാലുവശവും കെട്ടി അടച്ച കോട്ടമതില്‍ മാത്രമേ കാണുവാനുള്ളൂ.അങ്ങനെ ആശയക്കുഴപ്പത്തിലായി നില്‍ക്കുമ്പോഴാണ് വഴിയുടെ മറുവശത്ത്‌ 'Unknown Tomb' എന്ന മറ്റൊരു ബോര്‍ഡ്‌ കണ്ടത്. സുഹൃത്തുക്കളെ ഹുമയൂണിന്റെ  ശവകുടീരം തിരയാന്‍ വിട്ടു,ഞാന്‍ അജ്ഞാതനായ വ്യക്തിയുടെ ശവകുടീരം തിരക്കി നടന്നു.പ്രധാന വഴിയില്‍ നിന്നും നൂറുമീറ്ററോളം ഉള്ളിലായി ഇടതൂര്‍ന്നുവളരുന്ന കാടിന് നടുവിലാണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്.ചുറ്റിലുമുള്ള കുറ്റിക്കാടുകളും,വള്ളിപ്പടര്‍പ്പുകളും,വൃക്ഷങ്ങളും ഈ മന്ദിരത്തെ സഞ്ചാരികളില്‍നിന്നും മറച്ചുപിടിച്ചിരിക്കുകയാണ്.
Unknown Tomb
5 അടിയോളം ഉയരത്തില്‍ കരിങ്കല്ല് കൊണ്ട് കെട്ടിയുയര്‍ത്തിയ തറയില്‍ 4  വശങ്ങളോടുകൂടിയ മന്ദിരത്തിലേക്ക് കയറാന്‍ നടകളും നിര്‍മ്മിച്ചിട്ടുണ്ട്.ഇവിടെയും സ്മാരകത്തിന്റെ ഉള്ളില്‍ കല്ലറ
കളൊന്നുംതന്നെ കാണുവാനായില്ല.എങ്കിലും മന്ദിരത്തിനു പുറത്തു,കരിങ്കല്‍ത്തറയുടെ നാലു കോണുകളിലുമായി അനവധി കല്ലറകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.ഇതും പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണെങ്കിലും,നാശത്തിന്റെ പാതയിലേയ്ക്കു അധികം ദൂരത്തിലല്ല. അകത്തെ ഭിത്തികള്‍ മുഴുവന്‍ കുത്തിവരച്ചു വികൃതമാക്കിയിരിക്കുന്ന അവസ്ഥയിലാണ്.ചരിത്രത്തെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്ന ഇത്തരം കാഴ്ചകളാണ് ഡല്‍ഹിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞങ്ങള്‍ക്ക് കാണുവാനായത്. അപ്പോഴേയ്ക്കും,ഹുമയൂണ്‍ ടോംബ് അന്വേഷണം അവസാനിപ്പിച്ചു, സുഹൃത്തുക്കളും അവിടെ എത്തിക്കഴിഞ്ഞിരുന്നു.
ചുറ്റിലുമുള്ള കുറ്റിക്കാടുകള്‍ മുഴുവന്‍ മയിലുകളുടെ ആവാസകേന്ദ്രമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ നാലഞ്ചു മയിലുകള്‍ പുറത്തേയ്ക്ക് വന്നുവെങ്കിലും,മനുഷ്യസാമീപ്യമറിഞ്ഞു അവ കാട്ടിലേയ്ക്ക് തന്നെ പിന്‍വാങ്ങി. സ്മാരകത്തിന്റെ സമീപത്തെല്ലാം തകര്‍ന്നുപോയ ഏതോ കോട്ടയുടെ അവശി 
ഷ്ടങ്ങളും കാണുവാന്‍ കഴിഞ്ഞു.. ഇരുള്‍ വീണു തുടങ്ങിയതിനാല്‍ ഇപ്പോള്‍ അവിടെയ്ക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് തോന്നിയതിനാല്‍ അത് ഒഴിവാക്കി ഞങ്ങള്‍ വഴിയിലേക്ക് നടന്നു. വഴിയുടെ ഒരു വശത്ത്‌ 20 അടിയോളം ഉയര്‍ത്തിക്കെട്ടിയ മതിലാണ്. അതിനു സമീപത്തുകൂടി അല്പം നടന്നു മുന്‍വശത്ത്‌ എത്തിയപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായത്‌. ഹുമയൂണിന്റ ശവകുടീരത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള ഏകവഴി ഇവിടെ മാത്രമാണുള്ളത്.അത് അറിയാതെയാണ് പിന്‍വശത്തെ മതിലിനു സമീപത്തുകൂടി വഴി അന്വേഷിച്ചു ഞങ്ങള്‍ ചുറ്റിക്കറങ്ങിയത് . അധികം സമയം കളയാതെ ടിക്കറ്റിനായി കൌണ്ടറിന് സമീപമെത്തിയപ്പോഴാണ് സന്ദര്‍ശനസമയം അവസാനിക്കാറായി എന്നുള്ള വിവരവും മനസ്സിലാക്കുന്നത്. ഇനി അര മണിക്കൂറുകൂടി മാത്രം. ഇത്രയും കുറഞ്ഞ സമയംകൊണ്ട് ടോംബ് പൂര്‍ണമായും കണ്ടുതീര്‍ക്കാനാവില്ലെന്നു ഉറപ്പ്....എങ്കില്‍ പിന്നെ യാത്ര ഇവിടെ അവസാനിപ്പിക്കുക തന്നെ. ഹുമയൂണ്‍ ടോംബിന്റെ കാഴ്ചകള്‍ അടുത്ത ഞായറാഴ്ച്ചത്തേയ്ക്ക് മാറ്റിവച്ച്, ഓരോ ഐസ്ക്രീമും കഴിച്ച്  ഇനി യാത്ര, ബസ്‌ സ്റ്റോപ്പിലേയ്ക്ക് ...........   

1 comment:

  1. മനോഹരമായ ചിത്രങ്ങൾ. ബുദ്ധന്റെ അഭയമുദ്ര ഏറെ ആകർഷിച്ചു. ജനങ്ങൾ കയറി ഇറങ്ങാത്ത ഇത്തരം സ്ഥലങ്ങൾ ഇന്ത്യൻ റെയിൽ‌വേയുടെ നീളമുള്ള ടോയ്‌ലറ്റും ചാടിക്കടന്ന് സന്ദർശിച്ച് ഇവിടെ പങ്കുവെക്കുന്നതിന് നന്ദിയുണ്ട്. ചരിത്രസ്മാരകങ്ങളോടുള്ള നമ്മുടെ രാജ്യത്തിന്റെ അവഗണന വല്ലാതെ വേദനിപ്പിക്കുന്നു. മെയ് 4ന് പോസ്റ്റ് ചെയ്ത ഈ കാഴ്ച്ച കാണാൻ ബൂലോകത്തുനിന്ന് ആരും ഈ വഴി വന്നില്ലെന്നോർക്കുമ്പോൾ അവർക്ക് വേണ്ടിയും ദുഖിക്കുന്നു. ഷിബുവിന്റെ ഡൽഹി യാത്രാവിവരണം വായിച്ച് കഴിയുന്നതോടെ ഞാൻ ഡൽഹിക്കുള്ള ഒരു തീവണ്ടിടിക്കറ്റ് ബുക്ക് ചെയ്യാൻ സാദ്ധ്യതയുണ്ട്.

    ഓഫ് ടോപ്പിക്ക് :‌- വാക്കുകൾ വളരെ സ്വാഭാവികമായി എഴുതിപ്പോകുന്നതിന് പകരം പലയിടത്തും വരികൾ മുറിച്ചെഴുതുന്നത് എന്തുകൊണ്ടാണ് ? (ഉദാഹരണത്തിന് ആദ്യത്തെ പാരഗ്രാഫ്) ചിലയിടത്തൊക്കെ അക്കാരണത്താൽ ഒരു വാക്ക് മാത്രമുള്ള വരികൾ പോലും ഉണ്ട്.

    ReplyDelete