Tuesday, April 12, 2011

ഡല്‍ഹിയാത്ര-മൃഗശാല

 നീണ്ട ആറ് വര്‍ഷങ്ങള്‍....മനസ്സിനും ശരീരത്തിനും കുളിരുമാത്രം പകരുന്ന 
ഗ്രാമജീവിതത്തിന്റെ സൌഭാഗ്യങ്ങളില്‍ നിന്നകന്നു,ഡല്‍ഹിയുടെ തിരക്കു
പിടിച്ച വീഥികളിലെ യാത്രക്കാരനായിമാറിയിട്ട് ആറുവര്‍ഷങ്ങള്‍ കഴിഞ്ഞിരി
ക്കുന്നു..ചരിത്രസ്മാരകങ്ങളുടെ സുവര്‍ണകുംഭങ്ങള്‍ ഒളിച്ചുവച്ചിരിക്കുന്ന ഒരു
നഗരത്തെ,പൂര്‍ണമായി മനസ്സിലാക്കുവാന്‍,ഇത്രയും വര്‍ഷങ്ങള്‍ മതിയാകില്ല
എങ്കില്‍പോലും,ഓഫീസ്ജീവിതത്തിന്റെ തിരക്കുകളോ,നഗരജീവിതത്തിന്റെ തിരക്കിനോടുള്ള താത്പര്യക്കുറവോ,എന്താണെന്നറിയില്ല,ഡല്‍ഹി
പൂര്‍ണമായും ചുറ്റിനടന്നു കാണുക എന്ന ആശയം,ഒരിക്കല്‍പോലും 
മനസ്സില്‍ കടന്നുവന്നിരുന്നില്ല.അപ്രതീക്ഷിതമായി ഹിസ്റ്ററി ചാനലില്‍ കണ്ട
'IT HAPPENS ΟNLY IN INDIA' എന്ന പ്രോഗ്രാം ആണ് ഡല്‍ഹിയില്‍, 
ഇത്തരത്തിലൊരു,യാത്രക്കുള്ള സാധ്യതകളിലേക്ക് വഴി തുറന്നുതന്നത്.തുടര്‍ന്ന് നീണ്ട കുറെ
ദിവസങ്ങള്‍,ബുക്കുകളിലും,ഇന്റര്‍നെറ്റിലും നടത്തിയ പഠനം,മഹാഭാരതചരിത്രംമുതലുള്ള 
അധിനിവേശത്തിന്റെയും,യുദ്ധങ്ങളുടെയും,പ്രണയത്തിന്റെയും,കുടിപ്പകയുടെയും എണ്ണിയാല്‍തീരാത്ത
ചരിത്രമുഹൂര്‍ത്തങ്ങളിലേക്ക് ആണ്,വെളിച്ചം വീശിയത്. ചരിത്രം ഉറങ്ങുന്ന പുരാതനദില്ലിയുടെ 
വഴിത്താരകള്‍,ഏറെക്കുറെ സുപരിചിതമെങ്കിലും, ഇത്രയും ചരിത്രസ്മാരകങ്ങള്‍ ഇരുളടഞ്ഞ ഈ
തെരുവുകള്‍ക്കുള്ളില്‍,മറഞ്ഞിരിക്കുന്നു,എന്നത് ഒരു പുതിയ അറിവ് തന്നെആയിരുന്നു.അങ്ങനെ
പലപ്പോളും നടന്നുമടുത്ത,വൃത്തിഹീനമായ,ആ തെരുവുകളിലൂടെ,പഴമയുടെ സൌന്ദര്യം തേടി
വീണ്ടുമൊരു യാത്രാപരമ്പകള്‍.കൂട്ടിനായി,സുഹൃത്തുക്കളായ ബിജോയിയും,ജോമോന്‍ ചേട്ടനും. 
ചരിത്രത്തിന്റെ താളുകള്‍മറിച്ച് മുന്‍പോട്ടുള്ള യാത്ര,സ്കൂള്‍ജീവിതത്തില്‍ ചവച്ചുതള്ളിയ വിരസത 
നിറഞ്ഞ കറുത്ത അക്ഷരങ്ങള്‍ക്ക്പകരം,പ്രണയത്തിന്റെ,നറുനിലാവ് പൊഴിക്കുന്ന അന്തപുരങ്ങളും,
പകയും അധികാരക്കൊതിയും തീര്‍ത്ത,ചോരച്ചാലുകളും,സ്നേഹത്തിന്റെ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന
 വെണ്ണക്കല്‍സ്മാരകങ്ങളും പിന്നിട്ടു മുന്നോട്ടു നീളുകയാണ്.
ഞങ്ങളുടെ ഡല്‍ഹി യാത്രകള്‍ ഇന്ന് ആരംഭിക്കുകയാണ്..പുരാണകിലയുടെ (Oldfort ) സമീപത്തായി
214 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഡല്‍ഹിമൃഗശാലയിലേയ്ക്കായിരുന്നു ആദ്യയാത്ര.1952 ല്‍ ഇന്ത്യന്‍
ബോര്‍ഡ്‌ ഓഫ് വൈല്‍ഡ്‌ ലൈഫിന്റെയും,ശ്രീമതി ഇന്ദിരാഗാന്ധിയുടെയും,പ്രകൃതി സ്നേഹികളായ കുറെ
വ്യക്തികളുടെയും പ്രവര്‍ത്തനഫലമായാണ് ഡല്‍ഹിമൃഗശാല സ്ഥാപിതമായത്.മൃഗശാലയുടെ 
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്  മേല്‍നോട്ടം വഹിക്കുന്നതിനായി അന്നത്തെ ചീഫ്കമ്മീഷണറെ 
ചെയര്‍മാന്‍ ആയും,അന്നത്തെ S .P .C .A  യുടെ പ്രമുഖപ്രവര്‍ത്തകരില്‍ ഒരാള്‍ ആയിരുന്ന M.E .F 
ബോവ്റിംഗ് വെല്‍ഷിനെ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു.1953 ല്‍ പുരാണകിലായ്ക്കും,ഹുമയൂണി
ന്റെ ശവകുടീരത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന 214 ഏക്കര്‍ സ്ഥലവും മൃഗശാലയുടെ നിര്‍മ്മാണ
ത്തിനായി കണ്ടെത്തി.മൃഗശാലയുടെ രൂപകല്പ്പനയ്ക്കായി  അന്ന് ശ്രീലങ്കയിലെ 'സിലോണ്‍ 
സുവോളജിക്കല്‍ ഗാര്‍ഡന്റെ'  ഡയറക്ടര്‍ ആയിരുന്ന മേജര്‍ വെയ്ന്‍മാനെക്കൂടി ഉള്‍പ്പെടുത്തി 
പ്രാഥമികപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.എന്നാല്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വെയ്ന്‍മാന്‍  
പദ്ധതിയില്‍നിന്നും പിന്മാറിയതിനാല്‍ തുടര്‍നടപടികള്‍ക്കായി ജര്‍മനിയിലെ ഹാംബര്‍ഗിലുള്ള 
സ്വകാര്യ മൃഗശാലയുടെ ഉടമസ്ഥനായ കാള്‍ ‍ഹാഗെന്‍ബക്കിനെ ഏല്‍പ്പിക്കുകയായിരുന്നു.മേജര്‍ 
വെയ്‌മാന്‍ തയ്യാറാക്കിയിരുന്ന പ്രാഥമികരൂപരേഖയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഹാഗെന്‍
ബക്ക്  സമര്‍പ്പിച്ച പ്ലാനില്‍,പരിസ്ഥിതിക്കും കാലാവസ്ഥക്കും  അനുസരിച്ചുള്ള  ചെറിയ മാറ്റങ്ങള്‍ക്കു
ശേഷം 1956 ല്‍ ഇന്ത്യാ ഗവണ്മെന്റ് അംഗീകാരം നല്‍കി.തുടര്‍ന്ന് ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍
 1959  ല്‍ പൂര്‍ത്തിയാക്കി അന്നത്തെ കൃഷിവകുപ്പ്മന്ത്രി ആയിരുന്ന പഞ്ചാബ്റാവു ദേശ്മുഖ്  രാഷ്ട്രത്തിന് 
സമര്‍പ്പിച്ചു,1982 ല്‍ ഡല്‍ഹിമൃഗശാല,നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിലയിലേക്ക് ഉയര്‍ത്ത
പ്പെടുകയും ചെയ്തു.
മൃഗശാല സന്ദര്‍ശനത്തിനായി,രാവിലെ 10  മണിയോടെ,തീസ്ഹസാരി മെട്രോസ്റ്റേഷനില്‍നിന്നും,
കാശ്മീരിഗേറ്റ്,രാജീവ്ചൌക്ക് വഴി ഞങ്ങള്‍ പ്രഗതിമൈതാനിലെത്തി.അവിടെനിന്നും 
രണ്ടുകിലോമീറ്ററോളം ബസ്സിലാണ് യാത്ര.ഡല്‍ഹി കോര്‍പറേഷന്‍ ബസ്സുകള്‍ കാര്യക്ഷമമായി സര്‍വീസ് നടത്തുന്നതിനാല്‍ അതിവേഗം ഞങ്ങള്‍ മൃഗശാലക്ക്അരികില്‍ എത്തി.ശൈത്യത്തിന്റെ
പിടിയില്‍നിന്നും ഉണര്‍ന്നുവരുന്ന ഡല്‍ഹിയുടെ തിരക്ക് എല്ലായിടവും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു.
എവിടെയും തിരക്ക് മാത്രം..പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ അതിരാവിലെതന്നെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു
ടിക്കറ്റ്‌ വിതരണത്തിനായി പ്രവര്‍ത്തിക്കുന്ന അഞ്ചു കൌണ്ടറുകളുടെയും മുന്‍പിലെ നീണ്ടനിര 
തുടക്കത്തിലേതന്നെ നിരാശരാക്കി എങ്കിലും മൂവരും ഓരോ നിരയുടെ മുന്‍പില്‍ സ്ഥാനം പിടിച്ചു.
അച്ചടക്കത്തോടെ ആളുകള്‍ സഹകരിക്കുന്നതിനാല്‍ ടിക്കറ്റ്‌ വിതരണം കാര്യക്ഷമമായി തന്നെ
നടക്കുന്നുണ്ട്.അപ്രതീക്ഷിതമായാണ് അടച്ചിട്ടിരുന്ന മറ്റൊരു കൌണ്ടര്‍ തുറന്നത്.മറ്റുള്ളവര്‍ക്ക്
കാര്യം മനസ്സിലായിവരുന്നതിനു മുന്‍പുതന്നെ ആ കൌണ്ടറിനു മുന്‍പിലെത്തി പത്തു രൂപയുടെ 
മൂന്നു ടിക്കറ്റുകളും വാങ്ങി സുഹൃത്തുക്കള്‍ക്കരികില്‍ എത്തി.അകത്തേയ്ക്ക് പ്രവേശിക്കുവാനുള്ള ഗേറ്റിനു
അരികിലും വന്‍തിരക്കാണ്  അനുഭവപ്പെടുന്നത്.കാര്യമായ പരിശോധനയില്‍,കുടിവെള്ളം ഒഴികെ മറ്റൊ
ന്നിനും അകത്തേക്ക് പ്രവേശനമില്ല.ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം ഞങ്ങളുടെ ഊഴമായി.
ക്യാമറബാഗ് തുറന്നപ്പോള്‍ ആണ് പുലിവാലായത്‌.ബാറ്ററിപായ്ക്ക്, കേബിളുകള്‍,പെന്‍ ഡ്രൈവുകള്‍ 
എന്നിങ്ങനെ ബാഗിലുണ്ടായിരുന്ന മറ്റു സാധനങ്ങള്‍ക്ക് അകത്തേയ്ക്ക് പ്രവേശനമില്ല. ഇവയെല്ലാം 
ക്യാമറയുടെ സാധനങ്ങള്‍ ആണെന്ന് പറഞ്ഞു മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും,
അവസാനം ബാഗുമായിതന്നെ അകത്തുകയറി.തിരക്ക് വീണ്ടും വീണ്ടും വര്‍ധിച്ചു വരികയാണ്.പുറത്തു 
സ്കൂള്‍ബസ്സുകളുടെ നീണ്ടനിര കണ്ടപ്പോള്‍ ഞങ്ങള്‍ അധിവേഗം അകത്തേക്ക് നടന്നു.വിശാലമായ 
പുല്‍ത്തകിടിയും,വാട്ടര്‍ടാങ്കുമാണ് കയറി ചെല്ലുന്ന ഈ സ്ഥലത്തുള്ളത്.
മനോഹരമായി സംവിധാനം ചെയ്തിരിക്കുന്ന നടകള്‍  ഇറങ്ങിചെല്ലുന്ന സ്ഥലത്ത്നിന്നും,മൃഗശാലയുടെ
കാഴ്ചകള്‍ ആരംഭിക്കുകയാണ്.കാടുപിടിച്ചുകിടക്കുന്ന വേലിക്കരികില്‍ വന്‍ ജനക്കൂട്ടം.തുടക്കത്തിലേ എന്തിനെയോ കണ്ടതിന്റെ ആവേശമാണ്.തിക്കിത്തിരക്കി മുന്‍പിലെത്തിയപ്പോള്‍ കണ്ടത്, കുറ്റിക്കാടുക
ള്‍ക്കിടയില്‍നിന്നും എത്തിവലിഞ്ഞു നോക്കുന്ന ഒരു വയസന്‍ മ്ലാവിനെയാണ്.കയറിയതുപോലെ തന്നെ
തിരിച്ചിറങ്ങി......അടുത്ത സ്ഥലത്ത് സുന്ദരന്മാരായ താറാവുകളും,അരയന്നങ്ങളുമാണ് കാത്തിരിക്കുന്നത്.
ഇതിനു സമീപത്തുനിന്നാണ്  ബസ്സ്‌സര്‍വീസ് ആരംഭിക്കുന്നത്.ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ
ബസ്സില്‍ ഒരു സമയം ആറുപേര്‍ക്ക് മൃഗശാല ചുറ്റി കാണുവാനുള്ള സംവിധാനമാണ്‌ ഉള്ളത്.25 രൂപ
യാണ് ഒരാളില്‍നിന്ന് ഇതിനായി ഈടാക്കുന്നത്. കൂടാതെ ആനസഫാരിക്കുള്ള അവസരവും ഇവിടെ
സജ്ജമാക്കിയിട്ടുണ്ട്.
സമീപത്തായി മൃഗശാലയുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ നീര്‍പക്ഷികളുടെ താവളം. മഞ്ഞ ചുണ്ടു
കളും വെള്ളയും,കറുപ്പും,ചുവപ്പും ഇടകലര്‍ന്ന തൂവലുകളുമുള്ള Painted Stork (Mycteria leucocephala) 
എന്ന വര്‍ണ്ണ കൊക്കുകളാണ് ഏറെയും. ശൈത്യകാലത്ത് എവിടെഎത്തുന്ന മറ്റു അനവധി ദേശാടന
ക്കിളികളുടെ പ്രജനനസ്ഥലം കൂടിയാണ് ഇവിടം.അതിനു അനുയോജ്യമായ രീതിയില്‍  തന്നെയാണ് 
ഇവിടം സജ്ജമാക്കിയിരിക്കുന്നത്.എല്ലാ മരങ്ങളിലുംതന്നെ വിവിധ ഇനങ്ങളില്‍പെട്ട പക്ഷികളുടെ 
കൂടുകളും,കുഞ്ഞുങ്ങളെയും കാണുവാന്‍ സാധിച്ചു.
പക്ഷിനിരീക്ഷണത്തില്‍ താത്പര്യമുള്ള ഏതൊരാളെയും,ആകര്‍ഷിക്കുന്ന ഒരു ഇടമാണിത്.അല്പം
പക്ഷിനിരീക്ഷണവും ഫോട്ടോഗ്രഫിയുമായി സമയം ചിലവിട്ടശേഷം എത്തിപെട്ടത് സിംഹവാലന്റെ
കൂട്ടിനരികിലാണ്.നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിലാണ് വാസം.കൂടാതെ ചുറ്റിലും
വൈദ്യുതവേലിയും.ദ്വീപിനു നടുവിലുള്ള ചെറിയ മുളംകൂട്ടത്തില്‍ നാലഞ്ചു സിംഹവാലന്മാര്‍  
കളിച്ചുമറിയുകയാണ്.അവര്‍ക്ക് കൂട്ടായി തൊട്ടരികെ ചിമ്പാന്‍സികളുമുണ്ട്.ചൂട് കൂടിയതിനാല്‍
ആരെയും ഗൌനിക്കാതെ അവര്‍ വിശ്രമത്തിലാണ്.ഇവിടെനിന്നും മാനുകളുടെ സാമ്രാജ്യത്തിലേക്ക്
ആണ് യാത്ര.ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഇനത്തിലുംപെട്ട മാനുകള്‍ ഇവിടെ ഉണ്ട്.Hog  Deer,
Sikka Deer,എന്നിവയുടെ കൂടുകള്‍ സന്ദര്‍ശിച്ചു എത്തിയത് മ്ലാവുകളുടെ കൂട്ടിനരികിലാണ്.കാഴ്ചയില്‍ 
പശുവെന്നു തോന്നിക്കുന്ന മറ്റൊരു ഇനത്തെക്കൂടി അവിടെ കാണുവാന്‍ സാധിച്ചു.ബാണ്‍ട്ടെങ്ങ് അല്ലെ
ങ്കില്‍ ബാലിപശു എന്ന പേരില്‍ അറിയപ്പെടുന്ന പശുവിന്റെതന്നെ ഇനത്തില്‍പെട്ട മൃഗമാണതെന്നു 
പിന്നീട് മനസ്സിലായി.തൊട്ടടുത്തുതന്നെ പുള്ളിമാനുകളുടെ വലിയ ഒരു കൂട്ടം മേഞ്ഞു നടക്കുന്നു. 
അടുത്തത് കാസിരംഗയിലെ രാജാക്കന്മാര്‍ക്കരികിലേയ്ക്ക്  ആണ്.അതിവിശാലമായ ടാങ്കിലെ വെള്ള
ത്തില്‍കിടന്നു ചൂടില്‍നിന്നും രക്ഷ നേടാനുള്ള വിഫല ശ്രമത്തിലാണ് രണ്ടു കൂറ്റന്‍ കാണ്ടാമൃഗങ്ങള്‍.തങ്ങ
ളുടെ കൂറ്റന്‍ശരീരം മുങ്ങുവാന്‍ ആവശ്യമായത്ര വെള്ളമില്ലാത്തതിന്റെ അസ്വസ്ഥതയിലാണ് ഇരുവരും.
ഏറെ നേരം കാത്തുനിന്നെങ്കിലും ഇരുവരും ടാങ്കില്‍ നിന്നും പുറത്തുവരുന്നതിന്റെ ലക്ഷണമൊന്നും 
കാണാന്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മുന്‍പോട്ടു നടന്നു.
ചന്ദ്രഭഗവാന്റെ വാഹനമായ കൃഷ്ണമൃഗമാണ്‌ അടുത്ത സ്ഥലത്ത്.സല്‍മാന്‍ ഖാനെയും,മന്‍സൂര്‍ അലി
ഖാന്‍ പാട്ടോഡിയേയുമൊക്കെ വെള്ളം കുടിപ്പിച്ച സുന്ദരന്മാരെ കാണാന്‍ എല്ലാവരും തള്ളിക്കയറുക
യാണ്.വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തിന്റെ പ്രധാനസംരക്ഷകര്‍ രാജസ്ഥാനിലെ 
ബിഷ്ണോയിവംശജരാണ്‌.തൊട്ടടുത്ത്‌  ഡല്‍ഹിയിലെ സ്ഥിരം ശല്യക്കാരനായ നാടന്‍ കുരങ്ങന്റെ കൂടാ
ണ്.അവന്റെ അടുത്ത് അധികം സമയം കളയാനില്ലാത്തതിനാല്‍ ആവേശത്തോടെ അടുത്തുതന്നെ
യുള്ള, ഏറ്റവും പ്രിയപ്പെട്ട പക്ഷികളുടെ കൂടിനരികിലേയ്ക്ക് നടന്നു.പക്ഷെ കൂടിനു അരികിലെത്തിയ
പ്പോള്‍ ആവേശം താനേ തണുത്തു.കൂട്ടിലുള്ള പക്ഷികളെ കാണുവാന്‍ പോലും  സാധിക്കാത്ത തരത്തി
ലുള്ള കമ്പി വലകള്‍ ആണ് കൂടുനിര്‍മ്മാണത്തിനു ഉപയോഗിച്ചിരിക്കുന്നത്.ഏതു ഇനത്തില്‍ പെട്ട 
പക്ഷി ആണെന്ന് കൂടി മനസ്സിലാക്കാന്‍ പറ്റുന്നില്ല. പ്രധാനമായും GOLDEN  PHEADENT,WHITE 
EARED PHEASENT,എന്നീ ഇനത്തില്‍പെട്ട പക്ഷികളാണ് ഉള്ളത്.കൂടാതെ അലക്സാണ്ട്രിയന്‍ തത്ത
കള്‍,നാട്ടുതത്ത,പൂന്തത്ത,കൃഷ്ണപരുന്ത്, ചക്കിപരുന്ത്,വ്യത്യസ്ത ഇനങ്ങളില്‍പെട്ട ലവ്ബേര്‍ഡ്സ്, 
ആഫ്രിക്കന്‍ തത്തകള്‍,എന്നിവയേയും കാണുവാന്‍ സാധിക്കും.എന്നാല്‍ ഒരു നാഷണല്‍ സുവോള
ജിക്കല്‍ പാര്‍ക്കിന്റെ നിലവാരം എവിടെ എങ്ങും കാണുവാന്‍ സാധിച്ചില്ല. വിശാലമായ സ്ഥലസൗ
കര്യം കൂടുകള്‍ക്കുള്ളില്‍ ലഭ്യമാണെങ്കിലും,അവയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ 
പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.ഇവിടെനിന്നും മുന്‍പിലേയ്ക്കുള്ള പല കൂടുകളും 
ശൂന്യമാണ്.കാട്ടുപോത്ത്,മലമുഴക്കി വേഴാമ്പല്‍ എന്നിവയുടെ കൂടുകള്‍ക്ക് സമീപവും,ബോര്‍ഡുകള്‍   
മാത്രം.....ഇനി യാത്ര അല്പം വിശ്രമത്തിന് ശേഷം.........പാര്‍ക്കിനകത്തായി വിവിധ സ്ഥലങ്ങളില്‍
സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സമീപത്തായി കുടിവെള്ളവും....
അല്പനേരത്തെ വിശ്രമത്തിന് ശേഷം യാത്ര പുനരാരംഭിച്ചു...സമീപത്തുള്ള ടാങ്കില്‍ വെയില്‍ കാഞ്ഞു
കിടക്കുന്ന മുതലകളെയും കണ്ടു മയിലിന്റെ കൂടിനരികിലെത്തി.സാധാരണ മയിലുകള്‍ക്കൊപ്പം 
വിശ്രമിക്കുന്ന വെള്ളമയിലാണ് പ്രധാന ആകര്‍ഷണ കേന്ദ്രം.തൊട്ടടുത്തുതന്നെയുള്ള കൂടുകളില്‍ 
കാട്ടുകോഴി മാത്രം.പക്ഷിസ്നേഹികള്‍ക്ക് നിരാശ മാത്രം സമ്മാനിച്ചു  പക്ഷികളുടെ കാഴ്ചകള്‍ ഇവിടെ
 അവസാനിക്കുകയാണ്.
തൊട്ടടുത്തുള്ള കുളത്തിനരികില്‍ ഹിപ്പോയെ കാണുന്നതിനുള്ള തിരക്കാണ്.പച്ച നിറമുള്ള വെള്ളത്തില്‍ 
മൂക്കുമാത്രം വെളിയില്‍ കാണിച്ചുകൊണ്ട് വിശ്രമിക്കുന്ന രണ്ടു ഹിപ്പോകള്‍..........അവ കരയ്ക്ക്‌ 
കയറുന്നതുനോക്കി കാണികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.അല്പനേരത്തെ കാത്തിരിപ്പിനു
ശേഷം ആടി ഉലഞ്ഞു അവ കരയ്ക്ക്‌ കയറി. കാത്തിരുപ്പ് നഷ്ടമുണ്ടാക്കിയില്ല.....ആവശ്യത്തിന് 
ഫോട്ടോ എടുക്കുവാനുള്ള അവസരം എല്ലാവര്‍ക്കും ലഭ്യമായി.ഫോട്ടോഎടുപ്പിനുശേഷം വിശാലമായ 
നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു.Indian Gazelle  എന്ന മാനുകളുടെ സങ്കേതമാണ് ഒരുവശത്ത്‌. 
മറുവശത്ത്‌ നീര്‍ പക്ഷികളുടെ കൂടുകളും.ഇവിടെ നിന്നും  മുന്‍പോട്ടുള്ള യാത്രയെ നയിച്ചത് ഉയര്‍ന്നു 
കേള്‍ക്കുന്ന കൂവല്‍ ശബ്ദമാണ്. Western  Hoolock  Gibbon.. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 
കാടുകളില്‍ കാണപ്പെടുന്ന ഇവ മികച്ച കൂവല്‍വിദഗ്ദ്ധരാണ്.ചുറ്റിലും നിന്ന് കൂവുന്ന കാണികളേക്കാള്‍ 
ഉച്ചത്തില്‍ നില്‍ക്കുന്നു ഇവയുടെ ശബ്ദം.അവസാനം കാണികള്‍ തോല്‍വി സമ്മതിച്ചെങ്കിലും 
നിര്‍ബാധം തുടരുന്ന ഇവയുടെ കൂവല്‍ ധാരാളം കാണികളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നു.
തിരക്ക് ഏറി തുടങ്ങിയതോടെ ഗിബ്ബണിന്റെ കൂടുവിട്ടു,ഞങ്ങള്‍ ആനത്താവളത്തിലെയ്ക്ക് നടന്നു.ഇവിടെ
മൂന്നു ആനകളാണ്  ഉള്ളത്.ഒരു ആഫ്രിക്കന്‍ ആനയും,രണ്ടു ഇന്ത്യന്‍ ആനയും.ഏതോ താളത്തിനൊത്ത്
നൃത്തംചവിട്ടിക്കൊണ്ടിരുന്ന ആഫ്രിക്കന്‍ആന എല്ലാവരുടെയും ശ്രദ്ധആകര്‍ഷിച്ചു.ഇതിനിടെ മതിലിനു
സമീപത്തേയ്ക്ക് വന്ന ആനയെ തൊടുവാന്‍ ശ്രമിച്ച കുറച്ചു കുട്ടികളെ നിര്‍ബന്ധിച്ചു പിന്തിരിപ്പിക്കേണ്ടി
വന്നു.കാടുമായി യാതൊരു സഹവാസവും ഇല്ലാത്ത നഗരവാസികള്‍ക്ക്,മൃഗങ്ങളുടെ ആക്രമണവാസന
യെക്കുറിച്ചോ,വേഗതയെക്കുറിച്ചോ മനസ്സിലാക്കുവാന്‍ ആയെന്നു വരില്ല.അത് മുന്നില്‍കണ്ട് നടപ്പാക്കേ
ണ്ടിയിരുന്ന സുരക്ഷാനടപടികളുടെ അഭാവം മൃഗശാലയില്‍ ഉടനീളം ദൃശ്യമാണ്.ആനത്താവളത്തിനു 
പിന്നിലായി Jackal,hamadryas baboon,എന്നിവയുടെ ശൂന്യമായ  കൂടുകളാണ് കാണുവാന്‍ സാധിച്ചത്..
രാവിലെ തുടങ്ങിയ യാത്രയുടെ ക്ഷീണം എല്ലാവരെയും ബാധിക്കുവാന്‍ തുടങ്ങിയിരുന്നു.അതിനാല്‍
തൊട്ടടുത്തുതന്നെയുള്ള കാന്റീനില്‍നിന്ന് ഓരോ ചൂട് കോഫി കുടിച്ചു അല്പം വിശ്രമിക്കുവാന്‍ തീരുമാനിച്ചു.
 
പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള കോസ് മിനാറിന്റെ ചുവട്ടില്‍ ഞങ്ങള്‍ വിശ്രമസ്ഥലം
കണ്ടെത്തി.അഫ്ഗാന്‍ ഭരണാധികാരിആയിരുന്ന ഷേര്‍  ‍ഷാ സൂരിയുടെ കാലഘട്ടത്തില്‍,പ്രധാന
വഴികളുടെ സമീപം,ദൂരം കണക്കാക്കുന്നതിന് വേണ്ടി സ്ഥാപിച്ച സ്തുപങ്ങള്‍  ആണ് ഇവ.
പുരാതന ഇന്ത്യന്‍ അളവ് ആയ ഒരു 'കോസ്' ഏകദേശം 1.8 കിലോമീറ്റര്‍ ആയി കണക്കാക്കപ്പെ
ടുന്നു. അല്പനേരത്തെ വിശ്രമത്തിനുശേഷം സമീപത്തുനിന്നും ആരംഭിക്കുന്ന നടപ്പാതയിലൂടെ
ഞങ്ങള്‍ യാത്ര തുടര്‍ന്നു.വര്‍ണകൊക്കുകളെ  പാര്‍പ്പിച്ചിരിക്കുന്ന വിശാലമായ കൂടിനരികിലൂടെ
ആണ് ഈ നടപ്പാത കടന്നുപോകുന്നത്.പഴക്കം ചെന്നതെങ്കിലും മനോഹരമായി സംവിധാനം
ചെയ്തിരിക്കുന്ന കൂടിനുള്ളില്‍ പ്രജനനത്തിനുള്ള സംവിധാനങ്ങളും,ചെറിയ വെള്ളചാലുകളും
നിര്‍മ്മിച്ചിട്ടുണ്ട്.നടപ്പാതയിലൂടെ തുടര്‍ന്ന യാത്ര കരടികളുടെ കൂടിനരികില്‍ ഞങ്ങളെ എത്തിച്ചു.
ഹിമാലയന്‍ കരടിയുടെ കൂട്ടിനുള്ളില്‍,ചൂടിന്റെ ആലസ്യത്തില്‍ മയങ്ങുകയാണ്  ഒരു ഭീമന്‍ കരടി.
തൊട്ടരികിലുള്ള ഏഷ്യന്‍കരടിയുടെ കൂടിനരികില്‍ ബഹളം വച്ച് കൂടിനില്‍ക്കുന്നു കുറെ കുട്ടികള്‍.
ആരോ എറിഞ്ഞു കൊടുത്ത കുപ്പിയുമായി കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരടിയെക്കാണുവാന്‍
 സുരക്ഷാവേലി മറികടന്നു കൂടിന്റെ ഭിത്തിയില്‍ കയറി നില്‍ക്കുകയാണ് കാണികള്‍.പന്ത്രണ്ടു 
വയസ്സോളം പ്രായംവരുന്ന ഒരു കൊച്ചു പെണ്‍കുട്ടി,നാല് വയസ്സുവരുന്ന തന്റെ കൊച്ചു സഹോദരനെ
 ഭിത്തിയുടെ മുകളിലൂടെ കൂടിനുള്ളിലേയ്ക്ക്  ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കാഴ്ചയും ഇവിടെ കാണേണ്ടി
വന്നു...കൈയൊന്നു പിഴച്ചാല്‍.........? മാതാപിതാക്കള്‍ പോലും ശ്രദ്ധിക്കാത്തപ്പോള്‍ നമ്മുടെ വാക്കുകള്‍ക്കെന്തു പ്രസക്തി........

ഇവിടെനിന്നും യാത്ര തുടങ്ങിയപ്പോളാണ്,കുറെനേരമായി സംഭവിച്ചു കൊണ്ടിരുന്ന അബദ്ധം 
മനസ്സിലായത്‌.ദിശാസൂചകങ്ങളുടെ അഭാവത്താല്‍ പലപ്പോഴും നടന്നുവന്ന വഴികളിലൂടെ തന്നെ 
ഞങ്ങള്‍ ഉള്‍പ്പടെ,വളരെയേറെ സന്ദര്‍ശകര്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു.ഈ ചുറ്റിത്തിരിയലിനിടെ 
പല മൃഗങ്ങളുടെയും കൂടുകളും കാഴ്ചയില്‍പെടാതെ പോകാറുണ്ടായിരുന്നതിനാല്‍ പരസ്പരം 
ചോദിച്ചാണ് സന്ദര്‍ശകര്‍ പല മൃഗങ്ങളുടെയും കൂടുകള്‍ മനസ്സിലാക്കിയിരുന്നത്.നടന്നുവന്ന വഴിയില്‍ 
സിംഹം,ജിറാഫ്,എന്നൊക്കെ എഴുതിവച്ചിരിക്കുന്നത് കണ്ടിരുന്നത് തിരഞ്ഞായി പിന്നീടുള്ള യാത്ര.
പിന്നിട്ട വഴികളിലൂടെ തിരിച്ചുനടന്നപ്പോള്‍ ആഫ്രിക്കന്‍വംശജരായ ജിറാഫ്കുടുംബത്തിന്റെ 
സമീപമെത്തി.മാതാപിതാക്കളും,ഒരു കുഞ്ഞും അടങ്ങുന്ന കുടുംബം ഭക്ഷണത്തിന്റെ തിരക്കിലാണ്.
ഭക്ഷണത്തിനുശേഷം, ജിറാഫിന്റെ മുന്‍കാലുകള്‍ അകറ്റി നിറുത്തിയുള്ള ,പ്രത്യേകത നിറഞ്ഞ, വെള്ളം 
കുടിയും കാണുവാന്‍ സാധിച്ചു.
തൊട്ടരികത്ത് തന്നെയാണ് മൃഗരാജന്റെ വാസസ്ഥലം.കൂട്ടിനുള്ളില്‍നിന്നു ഉച്ചത്തിലുള്ള ഗര്‍ജ്ജനങ്ങള്‍
ഉയര്‍ന്നു കേള്‍ക്കാം.അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച അല്പം വേദനിപ്പിക്കുന്നതായിരുന്നു.
കൂട്ടിലൂടെ നടക്കുന്ന സിംഹത്തിനെ ചെറിയ കല്ലുകള്‍ കൊണ്ട് എറിഞ്ഞു ദേഷ്യം പിടിപ്പിക്കാന്‍ 
ശ്രമിക്കുകയാണ് ചില സന്ദര്‍ശകര്‍.ആ വേദന ക്യാമറയില്‍ ഒപ്പിയെടുക്കുവാന്‍ ശ്രമിക്കുന്നു മറ്റു ചിലര്‍.
ഇതൊന്നും നിയന്ത്രിക്കുവാനോ,ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനോ,ഉള്ള സംവിധാനം നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ ഒരു മൃഗശാലയില്‍ 
ഇല്ലാത്തത് വലിയൊരു പോരായ്മ തന്നെയാണ്.സന്ദര്‍ശകരുടെ ശല്യം സഹിക്കവയ്യാതെ സിംഹം
അതിന്റെ കൂട്ടില്‍ അഭയം തേടിയതോടെ,ഞങ്ങളും അടുത്ത സ്ഥലത്തേയ്ക്ക് യാത്രയായി.ഇപ്പോഴും
മുന്‍പ് സഞ്ചരിച്ച വഴികളില്‍കൂടി  തന്നെയാണ് യാത്രകള്‍.കറങ്ങിത്തിരിഞ്ഞ്‌ ചീങ്കണ്ണികളുടെ കൂടും 
സന്ദര്‍ശിച്ചു വാച്ച്ടവറിനരികില്‍ എത്തി.മൃഗശാലയിലെ മനോഹരകാഴ്ചകളില്‍  ഒന്നാണ് ഈ 
വാച്ച്ടവര്‍.നീര്‍പക്ഷികളുടെ താവളത്തിന് പിന്നിലായി,പക്ഷികളെ  വളരെ അടുത്തുനിന്നു 
നിരീക്ഷിക്കുവാന്‍ സാധിക്കാവുന്നവിധത്തിലാണ് ഇതിന്റെ നിര്‍മാണം.
കാലപ്പഴക്കത്തിന്റെ ഫലമായുള്ള തകരാറുകള്‍ ഉണ്ടെങ്കിലും പക്ഷിസ്നേഹികളായ സന്ദര്‍ശകര്‍ വളരെ സമയം ഇവിടെ ചിലവഴിക്കാറുണ്ട്. കുറെ സമയം ഞങ്ങളും ഇവിടെ ചിലവഴിച്ചു.
സന്ദര്‍ശകരുടെ ബാഹുല്യം ഏറിയതോടെ കണ്ണാടിക്കാരന്‍ മുതലയുടെ(Spectacled Caiman)കൂടും സന്ദര്‍ശിച്ചു,വെള്ളക്കടുവയുടെ കൂടിനരികിലെത്തി.ഇവിടെയും,സമീപത്തുള്ള പുള്ളിപ്പുലികളുടെ
 കൂടിനരികിലും സന്ദര്‍ശകരുടെ തിരക്കാണ്.ഇവിടെയും ആകാവുന്ന വിധത്തിലെല്ലാം സന്ദര്‍ശകര്‍ 
മൃഗങ്ങളെ ശല്യപ്പെടുത്തുന്നുണ്ട്.
സമീപത്തുള്ള നഴ്സറിയോട് ചേര്‍ന്ന് ചെറുപക്ഷികളുടെ കൂടുകളാണ്. ഫിഞ്ചുകള്‍,ആഫ്രിക്കന്‍ 
തത്തകള്‍, ലവ്ബേര്‍ഡുകള്‍,ഫെസന്റുകള്‍,കാട്ടുകോഴി,എന്നീ ഇനങ്ങളാണ് ഇവിടെയും കൂടുതല്‍.
ഫെസന്റുകളുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരനായ ഹിമാലയന്‍ ഫെസന്റ് എല്ലാവരുടെയും മനം കവര്‍ന്നു.സമീപത്തുള്ള നിശാചാരികളായ മൃഗങ്ങളുടെയും,ഇഴജന്തുക്കളുടെയും കൂടുകള്‍ സന്ദര്‍ശിച്ചു
വരുന്നവരുടെ മുഖങ്ങളില്‍ നിരാശ മാത്രം.എങ്കിലും പ്രതീക്ഷ കൈവിടാതെ ഞങ്ങളും അവിടേയ്ക്ക്
നടന്നു.നിശാചാരികള്‍,പകല്‍സമയം പൂര്‍ണമായും ഉറക്കത്തിനായി ചിലവഴിക്കുന്നതിനാല്‍ 
മറ്റുള്ളവരുടെ നിരാശയില്‍ ഞങ്ങള്‍ക്കും പങ്കുചേരേണ്ടി വന്നു. തൊട്ടടുത്തുള്ള എമു,കസോവരി,
എന്നിവയുടെ കാഴ്ച്ചകളോടെ മൃഗശാലയിലെ കാഴ്ചകള്‍ അവസാനിക്കുകയാണ്.സമയം ആറു
മണിയോടടുത്തിരുന്നു.ആറരയോടെ മൃഗശാല അടയ്ക്കുന്നതിനാല്‍ സന്ദര്‍ശകരുടെ പുറത്തേയ്ക്കുള്ള 
ഒഴുക്ക് ആരംഭിച്ചിരുന്നു.തിരക്ക് അല്പം കുറയുന്നതിനുവേണ്ടി,എമുവിന്റെ കൂടിനരികില്‍ ഞങ്ങള്‍ അല്‍പ
സമയം ചിലവഴിച്ചു.ആസ്ട്രേലിയക്കാരനായഈ ഭീമന്‍ പക്ഷിക്ക് 2 മീറ്ററോളം ഉയരവും,50  കിലോയോളം ഭാരവും ഉണ്ട്.അടിയന്തിരഘട്ടങ്ങളില്‍ 50 കിലോമീറ്ററോളം വേഗതയില്‍ ഓടുവാനും 
സാധിക്കുന്ന ഇവ, സന്ധ്യയുടെ മയക്കത്തില്‍, ചേക്കേറുവാനുള്ള തിരക്കിലാണ്. കുറച്ചുപേര്‍ അകത്തുള്ള
കൂട്ടില്‍, ഭക്ഷണത്തിന്റെ തിരക്കിലും.....സന്ദര്‍ശകരുടെ തിരക്ക് അല്‍പ്പം കുറഞ്ഞിരിക്കുന്നു. ഞങ്ങളും 
പുറത്തേയ്ക്ക് നടന്നു. നാട്ടിന്‍പുറത്തെ കാടുകളിലൂടെ ചുറ്റിത്തിരിയുന്നതിന്റെ സംതൃപ്തി ലഭ്യമായി
ല്ലെങ്കിലും,ഒരു ദിവസം പ്രകൃതിയോടൊത്ത് ചിലവഴിക്കാന്‍ ആയതിന്റെ സന്തോഷവുമായി 
ഇനി മടക്കയാത്ര, ..........

1 comment:

  1. ഒരു മൃഗശാല ദേശാടനപ്പക്ഷികൾക്ക് കൂടെ താവളമാക്കുന്നു എന്നത് കൌതുകമുണർത്തി. കരടിക്ക് മുന്നിൽ കിടക്കുന്നത് പ്ലാസ്റ്റിക്ക് വസ്തുക്കളാണ്.(കഷ്ടം). ഏത് മൃഗശാലയിൽ ചെന്നാലും മൃഗങ്ങളൊക്കെ ഒരേപോലിരിക്കും എന്നതുകൊണ്ട് പൊതുവെ മൃഗശാലകളിൽ അധികം സമയം ചിലവഴിക്കാറില്ല. ഇവിടെ എന്നെ കൂടുതൽ ആകർഷിച്ചത് കോസ് മിനാറാണ്. അങ്ങനൊന്ന് ഇതുവരെ കണ്ടിട്ടില്ല. നന്ദി ഷിബൂ ഈ പോസ്റ്റിന്.

    ReplyDelete