Friday, March 30, 2012

തേക്കടി തടാകത്തിലൂടെ..........

'അഞ്ചുരുളിവയലിലെ ആനകൾ' എന്ന വിവരണത്തിന്റെ രണ്ടാം ഭാഗമാണ് 'തേക്കടി തടാകത്തിലൂടെ...' ഒന്നാം ഭാഗം വായിയ്ക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.
............................................................................................................................................................. 

എക്കോടൂറിസത്തിന്റെ  ഓഫീസിൽനിന്നും യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ ബോട്ട് ലാന്റിംഗിലേയ്ക്കാണ് നീങ്ങിയത്. മുല്ലപ്പെരിയാറിനെ സംബന്ധിച്ചുണ്ടായ വിവാദങ്ങൾ, രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികാരപ്രശ്നമായി. അതിർത്തിയിലുടനീളം കത്തിപ്പടർന്നതോടെ, മരവിച്ചു കിടന്നിരുന്ന വിനോദസഞ്ചാര മേഖല, ഞങ്ങൾ എത്തിച്ചേരുമ്പോൾ വീണ്ടും ഒരു തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലായിരുന്നു. കനത്ത പോലീസ് കാവലിൽ, ആഴ്ചകളോളം വിജനമായി കിടന്നിരുന്ന പാതകളിലൂടെ സഞ്ചാരികളുടെ ഒഴുക്ക്, വീണ്ടും ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. തിരക്കു പിടിച്ച് നീങ്ങുന്ന സന്ദർശകരുടെ കാഴ്ചകളായിരുന്നു എവിടെയും ഞങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നത്....  

മുൻകാല സീസണുകളെ അപേക്ഷിച്ച്, കാടകങ്ങളുടെ മനംമയക്കുന്ന സൗന്ദര്യം തേടിയെത്തിയിരുന്ന വിദേശസഞ്ചാരികളെക്കാൾ, വടക്കേ ഇൻഡ്യക്കാരും, കേരളത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള സന്ദർശകരും അടങ്ങുന്ന കൂട്ടങ്ങളാണ് വഴിയിലൂടെ നിറഞ്ഞു നീങ്ങിയിരുന്നത്. സഞ്ചാരികളുടെ ഈ പ്രവാഹം, വഴിയോരങ്ങളിലെ കരകൗശലവസ്തുക്കളുടെയും, സുഗ‌ന്ധവ്യജ്ഞനങ്ങളുടെയും, കൈത്തറി ഉത്പന്നങ്ങളുടെയും വില്പനശാലകളിലേയ്ക്ക് കച്ചവടത്തിന്റെ ചൂട് പടർന്നു തുടങ്ങിയിക്കഴിഞ്ഞു. പ്രതീക്ഷ പൂക്കുന്ന മുഖങ്ങളുമായി, കൊതിയൂറും വിഭവങ്ങളൊരുക്കി കാത്തിരിയ്ക്കുന്ന വഴിയോര ഭക്ഷണശാലകൾ... നാടൻ-മറുനാടൻ പഴവർഗ്ഗങ്ങളിൽ തീർത്ത ചെറുവർണ്ണഗോപുരങ്ങൾ  അലങ്കരിയ്ക്കുന്ന പാതയോരങ്ങൾ. ഏലയ്ക്കയുടെയും, കരയാമ്പൂവിന്റെയും, കുരുമുളകിന്റെയും സുഗന്ധം നിറഞ്ഞുനിൽക്കുന്ന ഇടുങ്ങിയ വഴികളിലൂടെ തലങ്ങും, വിലങ്ങും പാഞ്ഞുപോകുന്ന ടൂറിസ്റ്റ് വാഹനങ്ങൾ. 'മുല്ലപ്പെരിയാർ ഡാം' ഒരു ദുരന്തമായി, ഡമോക്ലീസിന്റെ വാളുപോലെ തലയ്ക്കുമുകളിൽ തൂങ്ങിക്കിടക്കുമ്പോഴും തേക്കടിയും, കുമളിയും  തിരക്കുപിടിച്ച പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരിയ്ക്കുന്നതിന്റെ ഉത്തമ ഉദാഹരങ്ങളായിരുന്നു ബോട്ട് ലാന്റിംഗിലേയ്ക്കുള്ള യാത്രയിൽ, ഞങ്ങളുടെ മുൻപിൽ ദൃശ്യമായ ഈ കാഴ്ചകൾ.
തേക്കടിയിലെ ഒരു വനദൃശ്യം...
അധികാരത്തിന്റെ ദുര മൂത്ത രാഷ്ട്രീയകോമാളികൾ, ഒരു ജനതയുടെ ജീവനുവേണ്ടിയുള്ള നിലവിളികളെ നിഷ്കരുണം ചവിട്ടിഞെരിച്ച് നടന്നകലുന്നതിന്റെ കാഴ്ചകളായിരുന്നു  മലയാളനാടിന്റെ കണ്ണുകളിലും, മനസ്സുകളിലും ആഴ്ചകളോളം നിറഞ്ഞുനിന്നിരുന്നത്. കാലങ്ങളായി അഭിമുഖീകരിയ്ക്കുന്ന കയ്പേറിയ ജീവിതാനുഭവങ്ങളിൽനിന്നും, ചവിട്ടി മെതിച്ച് മുറിവേൽപ്പിയ്ക്കപ്പെട്ട തങ്ങളുടെ വികാരങ്ങളിൽനിന്നും, ഈ ദിവസങ്ങളിൽ പെരിയാർ തീരവാസികളാകട്ടെ പുതിയ പാഠങ്ങൾ പഠിച്ചെടുക്കുകയായിരുന്നു. വർഷങ്ങൾ നീണ്ടുനിന്ന അവരുടെ സമാധാനസമരത്തിനുമേൽ അക്രമസമരമെന്ന മുദ്ര ചാർത്തിക്കൊടുക്കുന്നതിൽ, യുവജന രാഷ്ട്രീയപ്രസ്ഥാനങ്ങൾ വിജയം വരിച്ചപ്പോൾ, അരക്കിട്ടുറപ്പിച്ച ഈ പാഠങ്ങളിൽനിന്നും അവർ ഒരു യാഥാർത്ഥ്യം കൂടി മനസ്സിലാക്കി... 'മുല്ലപ്പെരിയാർ എന്ന ജലബോംബിൽനിന്നും ജീവനും, സ്വത്തിനും സംരക്ഷണം കൈവരിയ്ക്കുവാനായി നടത്തപ്പെടുന്ന ഈ സമരത്തിൽ നമ്മൾ ഏകരാണ്.. അവസാനം എന്തെന്നും, എവിടെയെന്നും  അറിയാതെ അനിശ്ചിതമായി നീണ്ടുപോകുന്ന ഈ സമരമുഖത്ത്, മരിച്ചു വീഴുവാനായി മാത്രം ജീവിയ്ക്കുന്ന ചാവേർ പോരാളികളേക്കാൾ നിസ്സഹായരാണ് ഇവിടെയുള്ള ഓരോ മനുഷ്യജീവിയും'...... ആ വികാരത്തിന്റെയും, തിരിച്ചറിവിന്റെയും ഫലമായിട്ടാകണം, കത്തിയെരിയുന്ന തീജ്വാലകൾക്കിടയിൽനിന്നും പുതിയൊരു ജന്മവുമായി പറന്നുയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ, ഈ സമൂഹത്തിനും ദുരന്തഭീഷണികളെ മറികടന്ന് സാധാരണ ജീവിതത്തിലേയ്ക്ക് അതിവേഗം തിരിച്ചു വരുവാൻ സാധിച്ചത്.

പടകഴിഞ്ഞ പടക്കളംപോലെ ശൂന്യമായ ചപ്പാത്തിലെ സമരപ്പന്തലിൽ, ജീവനു വേണ്ടിയുള്ള സമരം    വീണ്ടും ശക്തിയാർജ്ജിയ്ക്കുമ്പോൾ, സർവ്വവും തച്ചുടച്ചുവരുന്ന മലവെള്ളപ്പാച്ചിലിന്റെ അലർച്ചയ്ക്കും, ഭൂകമ്പങ്ങളുടെ മുഴക്കങ്ങൾക്കും,  കാതോർത്തുകൊണ്ടുതന്നെ കുമളി സാധാരണ നിലയിലേയ്ക്ക് മടങ്ങിയെത്തിക്കഴിഞ്ഞിരിയ്ക്കുന്നു.
ബോട്ട് ലാന്റിംഗിലേയ്ക്ക്........
ജീർണ്ണിച്ച അസ്ഥിപഞ്ജരംപോലെ,  ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കാണപ്പെട്ട കൊടിതോരണങ്ങളും, പോസ്റ്ററുകളും, ബോർഡുകളും മാത്രമാണ് കൈവിട്ടുപോയ ഒരു ജനകീയസമരത്തിന്റെ ഓർമകൾ ഉണർത്തിക്കൊണ്ട്,  ഇന്ന് വഴിയോരങ്ങളിൽ അവശേഷിയ്ക്കുന്നത്. ഒരു മഹാദുരന്തത്തിന്റെ മുന്നറിയിപ്പുകളെ തികഞ്ഞ നിസംഗതയോടെ നോക്കിക്കാണുന്ന മലയാളിസമൂഹത്തിന്റെ പ്രതിനിധികളും, ഒളിപ്പിച്ചുവച്ച രാഷ്ട്രീയ ദുർമോഹങ്ങളെ ഒരു പുഞ്ചിരികൊണ്ട് മറച്ചുവയ്ക്കുവാനറിയുന്നവരുമായ അധികാരമോഹികളുടെ മുഖങ്ങൾ അവയിലെങ്ങും തിളങ്ങിനിൽക്കുന്നു..... കാപഠ്യം നിറഞ്ഞ അവരുടെ പ്രലോഭനങ്ങളിലും, വാഗ്ദാനങ്ങളിലും വിശ്വാസമർപ്പിച്ച് വഞ്ചിയ്ക്കപ്പെട്ട ഒരു ജനതയുടെ സങ്കടങ്ങൾക്കു മീതെയാണ് തങ്ങളെന്നറിയാതെ, ആർത്തുല്ലസിച്ചു നീങ്ങുന്ന വിനോദസഞ്ചാരികൾക്കിടയിലൂടെ ഞങ്ങൾ പ്രധാന ചെക്ക്പോസ്റ്റിന്റെ സമീപമെത്തി.....

ചെക്കുപോസ്റ്റിനു സമീപത്തുള്ള കൗണ്ടറിൽനിന്നുമാണ് തേക്കടിയിലേയ്ക്കുള്ള പ്രവേശന ടിക്കറ്റ് ലഭ്യമാകുന്നത്. കൗണ്ടറിനു സമീപത്തെ ജനത്തിരക്കും, വഴിയോരത്തുടനീളം കാത്തുകിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയും കണ്ണിൽപ്പെട്ടതോടെ, ബോട്ട് യാത്ര നടത്താമെന്നുള്ള ആഗ്രഹത്തിന് മങ്ങലേറ്റു തുടങ്ങി. നേച്ചർവാക്കിന്റെ ടിക്കറ്റിനൊപ്പം, തേക്കടിയിലേയ്ക്കുള്ള പ്രവേശനഫീസ് കൂടി ഉൾപ്പെടുത്തി വാങ്ങിയിരുന്നതിനാൽ ഞങ്ങൾക്ക് മറ്റൊരു  ടിക്കറ്റ് എടുക്കേണ്ടതായി വന്നില്ല. അതിനാൽ അധികം സമയം നഷ്ടപ്പെടുത്താതെ തന്നെ ചെക്കുപോസ്റ്റിന്റെ കവാടം ഞങ്ങൾക്കു മുൻപിൽ തുറക്കപ്പെട്ടു. തങ്ങളുടെ ഊഴവും കാത്ത്, നിരാശയോടെ കാത്തുനിൽക്കുന്ന സന്ദർശകർക്കിടയിലൂടെ ഞങ്ങൾ യാത്ര തുടർന്നു.
തേക്കടിയിലെ ഇൻഫോർമേഷൻ സെന്റർ.
 ചെക്ക്പോസ്റ്റ് പിന്നിട്ട് മുൻപോട്ടുനീങ്ങുമ്പോൾ, ഇരുവശങ്ങളിലും തികച്ചും ശാന്തമായ കാടിന്റെ ഭംഗി ആരംഭിച്ചു തുടങ്ങുകയായി. പുൽവയലുകളും, കൂറ്റൻ തേക്ക് വൃക്ഷങ്ങൾക്കൊപ്പം പേരറിയാത്ത അനവധി മരങ്ങളും ഇടതൂർന്നു നിൽക്കുന്ന വഴിയോരക്കാഴ്ചകളിൽ, നിത്യഹരിതവനങ്ങളുടെ വ്യത്യസ്തമായൊരു ഭാവമാണ് നമ്മൾ കാണുന്നത്. പാതയോരത്തെ വൃക്ഷക്കൂട്ടങ്ങൾക്കിടയിൽ നിരനിരയായി നിർമ്മിച്ചിരിയ്ക്കുന്ന ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ....... വഴിയുടെ ഇടതുവശത്തെ വസതികൾക്കു പിന്നിലായി മലനിരകൾക്കിടയിൽ ചിതറിക്കിടക്കുന്ന തടാകത്തിന്റെ വിദൂരദൃശ്യങ്ങളും, ഇവിടം മുതൽ സഞ്ചാരികൾക്ക് ആസ്വദിച്ചുതുടങ്ങാം..

കാടിന്റെ താരാട്ട് കേട്ട് വളരുവാൻ ഭാഗ്യം ലഭിച്ച ബാല്യങ്ങൾ വഴിയോരങ്ങളിൽ ക്രിക്കറ്റിന്റെ ലഹരിയിൽ കളിച്ചുതിമിർക്കുന്നു. അവരെ പിന്നിലാക്കി യാത്ര മുൻപോട്ടുനീങ്ങുമ്പോൾ "കാട്ടുമൃഗങ്ങൾ മുറിച്ചുകടക്കുന്ന സ്ഥലങ്ങൾ- സൂക്ഷിയ്ക്കുക" എന്ന ബോർഡുകൾ വഴിയോരങ്ങളിൽ സഞ്ചാരികളെനോക്കി പുഞ്ചിരി തൂകുന്നതുകാണാം... ഇവിടം മുതൽ ചുറ്റുപാടും ഒന്നു ശ്രദ്ധിയ്ക്കുക....  അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന ഒരു കൂട്ടം കാട്ടുപന്നികളോ, മ്ലാവോ, കരിങ്കുരങ്ങോ, നിങ്ങൾ അതീവഭാഗ്യശാലികളാണെങ്കിൽ ഒരു കൂട്ടം ആനകളോ നിങ്ങളുടെ കണ്ണുകൾക്ക് ഒരു കണിയായി മുന്നിലെത്തിയേക്കാം. ' ഒപ്പം കെണിയായി യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്ഥാപിച്ചിരിയ്ക്കുന്ന അപകടകരമായ ഹമ്പുകളും.. വിജനമായ കാനനഭംഗിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവന്ന പല വാഹനങ്ങളും, അപ്രതീക്ഷിതമായി കണ്ണിൽപ്പെടുന്ന ഇത്തരം ഹമ്പുകൾക്കു മുകളിലൂടെ കുതിച്ചുചാടുന്ന കാഴ്ചകൾ ചെക്ക്പോസ്റ്റിനും, തേക്കടിയ്ക്കും ഇടയിലുള്ള വഴിയിലുടനീളം ഞങ്ങൾക്ക്  കാണുവാൻ സാധിച്ചു.
ബോട്ട് ലാന്റിംഗ് - ഒരു വിദൂര ദൃശ്യം
മുൻപ് ബോട്ട് ലാന്റിംഗിനു സമീപത്തുവരെയുണ്ടായിരുന്ന വാഹനസൗകര്യം, ഇന്ന്  അരക്കിലോമീറ്ററോളം മുൻപായി സ്ഥിതിചെയ്യുന്ന ആമക്കടയുടെ സമീപത്തെ പാർക്കിംഗ് ഗ്രൗണ്ട് വരെയാക്കി മാറ്റിയിരുന്നു. ചെക്ക്പോസ്റ്റിലെ ജനക്കൂട്ടത്തെ പിൻതള്ളി  പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചേരുമ്പോൾ  അവിടെ കണ്ട ദൃശ്യവും വ്യത്യസ്തമായിരുന്നില്ല. ഗ്രൗണ്ട് നിറഞ്ഞ്,  സ്ഥാനം പിടിച്ചിരിയ്ക്കുന്ന ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ... വെയിൽ താഴുമ്പോഴുള്ള കാനനക്കാഴ്ചകൾക്കായി അപ്പോഴും അവിടേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിയ്ക്കുന്ന സന്ദർശകർ. കത്തിയെരിയുന്ന വെയിലിൽ നടത്തിയ ബോട്ട്‌യാത്രയുടെ ക്ഷീണവുമായി മടക്കയാത്രയ്ക്കായി തിരക്കുകൂട്ടുന്ന മറ്റൊരു കൂട്ടം യാത്രികർ.. ഈ തിരക്കിനിടയിൽ ഞങ്ങൾക്കായി അവശേഷിയ്ക്കുന്നത്  കേവലം അരമണിയ്ക്കൂർ മാത്രമായിരുന്നു.. അതിനിടയിൽ  ബോട്ട് ലാന്റിംഗിലെ കൗണ്ടറിലെത്തി ടിക്കറ്റ് കരസ്ഥമാക്കിയെങ്കിൽ മാത്രമേ ബോട്ട്‌ യാത്ര നടത്തുവാൻ സാധിയ്ക്കൂ... ഗ്രൗണ്ടിന്റെ ഒഴിഞ്ഞ ഒരു കോണിൽ ബൈക്ക് നിറുത്തിയശേഷം ഞങ്ങൾ വേഗത്തിൽ ടിക്കറ്റ് കൗണ്ടറിനു സമീപത്തേയ്ക്ക് നടന്നു.

സൂര്യൻ പടിഞ്ഞാറോട്ടു ചാഞ്ഞുതുടങ്ങിയതോടെ, കാടിന്റെ നിഴലോടുചേർന്നുള്ള ഈ യാത്ര ഒരു പ്രത്യേക അനുഭൂതി പകരുന്നതുതന്നെ. ഒരു വശത്ത് വളർന്നുമുറ്റിയ പടുകൂറ്റൻ മരങ്ങൾ...മറുവശത്ത് അനന്തമായി നീണ്ടുകിടക്കുന്ന കാടിന്റെ ഇരുളിമ... ഊഞ്ഞാൽ പോലെ പടർന്നുകയറിയ കൂറ്റൻ വള്ളിപ്പടർപ്പുകളിൽ ആടിക്കളിക്കുന്ന കുസൃതിക്കുരങ്ങന്മാർ... അല്പസമയം ഇവിടെ ചിലവഴിയ്ക്കുവാനായാൽ കരി‌ങ്കുരങ്ങ്, മലയണ്ണാൻ, വേഴാമ്പൾ എന്നിവയെയൊക്കെ വളരെ അടുത്തുകാണുവാൻ സാധിയ്ക്കും. അവയുടെ കാഴ്ചകൾക്കൊപ്പം, കാട്ടുവള്ളികളിൽ ഊഞ്ഞാലാടി ബാല്യത്തിന്റെ ഓർമ്മകളിലേയ്ക്ക് ഒരു മടക്കയാത്ര നടത്താം.. പടർന്നു പന്തലിച്ചുകിടക്കുന്ന മരതകപ്പച്ചയുടെ തണലിൽ, പ്രകൃതിയുടെ കരസ്പർശവും, കിളികളുടെ താരാട്ടുപാട്ടും കേട്ട് മതിമറന്നിരിയ്ക്കാം. പ്രകൃതിയുടെ അളവില്ലാത്ത കലവറയിലെ തങ്കത്തിളക്കങ്ങൾത്തേടി കാടിന്റെ നിഗൂഢതയിലൂടെ സ്വയം മറന്നു നടക്കാം.. ഒപ്പം കാടകങ്ങളുടെ കാണാക്കാഴ്ചകളിലേയ്ക്ക് തുള്ളിയിളകുന്ന ഓളപ്പരപ്പുകളെ വകഞ്ഞുമാറ്റി ഒരു ബോട്ടുയാത്രകൂടി നടത്തിയശേഷം പെരിയാറിനോട് വിടപറയാം .... അങ്ങനെ പറഞ്ഞാൽ തീരാത്ത അവർണ്ണനീയ മുഹൂർത്തങ്ങളുമായി ഈ കടുവാ സംരക്ഷണകേന്ദ്രം ഒരുക്കി വച്ചിരിയ്ക്കുന്ന വിസ്മയലോകത്തിന്റെ കാഴ്ചകളിലേയ്ക്ക് ഊളിയിട്ടിറങ്ങുവാനായി,  വിവിധ നാടുകളിൽനിന്നായി എത്തിയ അനവധി സഞ്ചാരികളായിരുന്നു ഞങ്ങൾക്കുമുൻപേ നടന്നു നീങ്ങിയിരുന്നത്.
ബോട്ട് ലാന്റിംഗ് - ബോട്ടിൽനിന്നും പകർത്തിയ ദൃശ്യം.
ബോട്ട് ലാന്റിംഗിനു സമീപത്തെ ഇൻഫോർമേഷൻ സെന്ററിനുള്ളിലും, സഞ്ചാരികളുടെ നീണ്ട നിരയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. ഉള്ളിൽനിന്നും ഇറങ്ങിവന്നുകൊണ്ടിരിയ്ക്കുന്ന പല മുഖങ്ങളിലും നിരാശ നിഴലിച്ചു നിൽക്കുന്നു. 3:30 ന് ആരംഭിയ്ക്കുന്ന ട്രിപ്പുകളോടെ ഓരോ ദിവസത്തെയും ബോട്ട് യാത്രകൾ അവസാനിയ്ക്കുന്നതിനാൽ, വലിയ ഗ്രൂപ്പുകളായി വന്ന സന്ദർശകരെല്ലാം തന്നെ ടിക്കറ്റ് കിട്ടാത്തതിന്റെ വിഷമത്തോടെ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. നീണ്ട നിരയുടെ പിന്നിൽ സ്ഥാനം പിടിച്ചിരുന്ന ഞങ്ങളുടെ ഊഴമെത്തുന്നതിനും മുൻപേതന്നെ അന്നത്തെ ടിക്കറ്റുകളെല്ലാം തന്നെ തീർന്നിരുന്നു. ചിതറി പിരിഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ അല്പം നിരാശയോടെ പുറത്തേയ്ക്കു നടക്കുവാൻ തുടങ്ങുമ്പോഴാണ്  കൗണ്ടറിനു സമീപം നിന്നിരുന്ന ഗാർഡ് ഞങ്ങളെ അകത്തേയ്ക്ക് വിളിച്ചത്. "നിങ്ങൾ എത്ര പേരുണ്ട്"..?  "രണ്ട്. "കപ്പിൾസല്ലല്ലോ"? "അല്ല".. അല്പം പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ മറുപടി നൽകിയത്. ഉടൻതന്നെ കൗണ്ടറിനുള്ളിൽ ഇരുന്ന  ഗാർഡ്, രണ്ടുപേർക്കുള്ള ടിക്കറ്റ് എടുത്ത് ഞങ്ങളുടെ പേരെഴുതി, പ്രത്യേകം സീൽ അടിച്ചശേഷം ഞങ്ങൾക്കു നൽകി. വടക്കേ ഇൻഡ്യക്കാരായ ഏതോ സന്ദർശകർക്കായി ഫോൺവഴി ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് ആയിരുന്നു അത്.. പല സ്ഥലങ്ങളിലൂടെ കറങ്ങി, കൃത്യസമയത്ത് അവർക്ക് തേക്കടിയിൽ എത്തുവാൻ സാധിയ്ക്കാതിരുന്നത് അങ്ങനെ ഞങ്ങൾക്ക് അനുഗൃഹ‌മായി മാറുകയായിരുന്നു. ടിക്കറ്റ് പരിശോധിയ്ക്കുന്നിടത്ത് വടക്കേ ഇൻഡ്യക്കാരുടെ പേരുകൾ കണ്ട് ആശയ‌ക്കുഴപ്പം ഉണ്ടാകാതിരിയ്ക്കുവാനാണത്രെ, പേരെഴുതി പ്രത്യേകം സീൽ ചെയ്തു തന്നത്.
 അജ്ഞാതരായ രണ്ടു സന്ദർശകർക്കും മനസ്സുകൊണ്ട് നന്ദി പറഞ്ഞ്, ടിക്കറ്റും വാങ്ങി ഞങ്ങൾ പുറത്തേയ്ക്ക് നടന്നു.

യാത്ര ആരംഭിയ്ക്കുവാനായി ഇനിയും ഏതാണ്ട് 15 മിനിട്ടോളം അവശേഷിയ്ക്കുന്നു... ബോട്ടുയാത്ര കഴിഞ്ഞെത്തിയ സന്ദർശകർ പുറത്തേയ്ക്ക് വരുന്നതല്ലാതെ, ആരും ബോട്ട്‌ലാന്റിംഗിന്റെ ഉള്ളിലേയ്ക്ക് കടക്കുന്നതായി കാണുവാൻ കഴിഞ്ഞില്ല. ഇൻഫോർമേഷൻ സെന്ററിനടുത്തുള്ള മഞ്ഞനിറമുള്ള അലങ്കാര മുള‌കൾക്കിടയിലൂടെ കളിച്ചുനടക്കുന്ന കുരങ്ങന്മാരുടെ കാഴ്ചകൾ ആസ്വദിച്ച്, ഞങ്ങൾ സമീപത്തുള്ള മതിലിനു മുകളിൽ സ്ഥാനം പിടിച്ചു.
തേക്കടിയുടെ മനോഹാരിത.........
'ബൊന്നറ്റ് മകാക്ക' എന്നറിയപ്പെടുന്ന ഈ ഇനം കുരങ്ങുകൾ 'മക്കാക്ക റേഡിയേറ്റ' (Macaca radiata) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നു.തേക്കടിയിലെ കരിങ്കുരങ്ങുകൾ ജനവാസമേഖലകളിലൂടെ ചുറ്റിത്തിരിയാറുണ്ടെങ്കിലും, മനുഷ്യനുമായി നേരിട്ടുള്ള ഇടപെടലുകളിൽ താത്പര്യം കാണിയ്ക്കാറില്ല. അവയിൽനിന്നും തികച്ചും വ്യത്യസ്തമാണ് 'തൊപ്പിക്കുരങ്ങ്, വെള്ളമന്തി'  എന്നീ നാട്ടുപേരുകളിൽ അറിയപ്പെടുന്ന ഈ കുരങ്ങുകൾ. അപരിചിത ഭാവമേതുമില്ലാതെ സന്ദർശകരുടെ സമീപത്തിരുന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിത്തിന്നുന്ന ഇവ പലപ്പോഴും ആക്രമണസ്വഭാവവും പ്രകടിപ്പിയ്ക്കാറുണ്ട്. ശീതളപാനീയങ്ങളും, സ്നാക്‌സുകളുമായി പോകുന്ന കുട്ടികളെയാണ് ഇവ പലപ്പോഴും ലക്ഷ്യമിടാറുള്ളത്.

കുരങ്ങന്മാരുടെ കുസൃതികൾ ആസ്വദിച്ചിരിയ്ക്കുന്നതിനിടെ ബോട്ട്‌ ലാന്റിംഗിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം ആരംഭിച്ചിരുന്നു. ഇൻഫോർമേഷൻ സെന്ററിനുള്ളിലൂടെ കടന്ന്, ടിക്കറ്റ്കൗണ്ടറിനു സമീപത്തു കൂടി തയ്യാറാക്കിയിരിയ്ക്കുന്ന പുതിയ പാതയിലൂടെയാണ് ബോട്ട്‌ലാന്റിംഗിലേയ്ക്കുള്ള പ്രവേശനം ഒരുക്കിയിരിയ്ക്കുന്നത്. ഗെയിറ്റിനുസമീപത്തെ തിരക്കും, ആൾക്കൂട്ടവും കണ്ടതോടെ ഞങ്ങൾ ഇൻഫോർമേഷൻ സെന്ററിനുള്ളിലെ കാഴ്ചകളിലേയ്ക്ക് മടങ്ങി.
ഇന്നോ, നാളെയോ....................?
കാനനഭംഗി ഒട്ടുംതന്നെ ചോർന്നുപോകാതെ പകർത്തിയിരിയ്ക്കുന്ന ചിത്രങ്ങൾ.... മനോഹരമായ വെളിച്ചവിന്യാസത്തിന്റെ സഹായത്തോടെ സജ്ജമാക്കിയിരിയ്ക്കുന്ന ആ ചിത്രങ്ങൾ ആധുനികമനുഷ്യന് അപ്രാപ്യമായ കാനനവിശേഷങ്ങളുമായി കാഴ്ചക്കാരോട് സംവദിയ്ക്കുന്നു. പഴയ ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതൽ, ആധുനിക ഡിജിറ്റൽ സംവിധാനമുപയോഗിച്ചുവരെ പകർത്തിയ ചിത്രങ്ങളിലൂടെ പക്ഷിമൃഗാദികളും, ജലജീവികളും, ഉരഗങ്ങളും, സസ്യങ്ങളും ഉൾപ്പടെയുള്ള  പെരിയാർ വനമേഖലയുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് നമുക്ക് വിവരിച്ചുതരുന്നത്.

ചിത്രങ്ങൾ വേഗത്തിൽ  കണ്ടുതീർത്ത് പുറത്തിറങ്ങുമ്പോൾ തിരക്ക് ഏറെക്കുറെ അവസാനിച്ചിരുന്നു. ടിക്കറ്റ് പരിശോധിച്ച് ഉള്ളിലേയ്ക്ക്  കടന്നുചെല്ലുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്നത് കെ.ടി.ഡി.സിയുടെ 'ജലകന്യക' എന്ന ബോട്ടിന്റെ കാഴ്ചകളാണ്. ഏറെക്കാലം തൊട്ടിലാട്ടിയിരുന്ന ഓളപ്പരപ്പുകളുടെ കൈയിൽനിന്നും, കരയിലേയ്ക്ക്  വലിച്ചെറിയപ്പെട്ട, ഒരു മഹാദുരന്തത്തിന്റെ ബാക്കിപത്രമായ ജലയാനം..... 2009 സെപ്റ്റംബർ 30-ന് 46 മനുഷ്യജീവനുകളെ പെരിയാറിന്റെ ആഴങ്ങളിലേയ്ക്ക് കൈവിട്ടതിന്റെ കുറ്റബോധത്തിലമർന്നെന്നപോലെ കാലത്തിന്റെ കൈകളിൽ സ്വയംനശീകരണത്തിന് വിട്ടുകൊടുത്ത്, ഒരു മൂകസാക്ഷിയെപ്പോലെ, ബോട്ട്‌ലാന്റിംഗിനു സമീപത്തെ ചുടുമണ്ണിൽ കിടക്കുന്നു. എല്ലാവരാലും ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ...............
പച്ചപ്പുല്ല് തേടിയെത്തിയ ഒരു മ്ലാവ്.......
മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നുവന്നതോടെ ബോട്ടിനടുത്തെത്താൻ അല്പദൂരം നടക്കേണ്ടിയിരുന്നു... വെള്ളം താഴ്ന്നുപോയ ഇടങ്ങളിലൂടെ പട്ടുപരവതാനി വിരിച്ചതുപോലെ നേർമ്മയേറിയ പച്ചപ്പുല്ലുകൾ പൊടിച്ചുനിൽക്കുന്നു...... ജലപ്പരപ്പിനു നടുവിലൂടെ മുളപൊട്ടിവരുന്ന കൂണുകൾപോലെ ഉയർന്നുനിൽക്കുന്ന മൊട്ടക്കുന്നുകൾ... അവയിലാകെ ഇളംകാറ്റിലാടി തലയാട്ടിവിളിയ്ക്കുന്ന നീളമേറിയ പുല്ലുകൾ... ജലാശയത്തിന് അതിരുതീർത്ത് ഇലപൊഴിഞ്ഞതും, തളിരിലകൾ നിറഞ്ഞതുമായ നിത്യഹരിതവനങ്ങൾ കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്നു. അവയ്ക്കിടയിലൂടെ തലയുയർത്തിനിൽക്കുന്ന നരച്ച നീലനിറം പടർന്നുകയറുന്ന മലനിരകൾ... തികച്ചും വ്യത്യസ്തമായൊരു ചാരുത നിറഞ്ഞു നിൽക്കുന്ന വേനൽക്കാല ദൃശ്യങ്ങളിലൂടെ കണ്ണോടിച്ച് ഞങ്ങൾ ബോട്ടിനുള്ളിലേയ്ക്ക് കയറി.
ഞങ്ങൾക്കു പിന്നാലെ........
K.T.D.C. യുടെ കൂറ്റൻ ബോട്ടിനുള്ളിലൂടെ കടന്ന് ഞങ്ങൾക്കായി കാത്തുനിൽക്കുന്ന ചെറുബോട്ടിനുള്ളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. ഓരോ സീറ്റിലും ലൈഫ് ജായ്കറ്റുകൾ ഭംഗിയായി അടുക്കിവച്ചിരിയ്ക്കുന്നു... സമീപത്തെ ബോട്ടിലുള്ള യാത്രക്കാർ എല്ലാവരും, ജായ്ക്കറ്റുകൾ അണിഞ്ഞ് യാത്രയ്ക്കായി തയ്യാറെടുക്കുമ്പോഴും, അത് ഉപയോഗിയ്ക്കണമെന്ന നിർദ്ദേശമോ, ഉപയോഗിയ്ക്കുവാനുള്ള രീതി പറഞ്ഞുതരികയോ ഒന്നുംതന്നെ ഞങ്ങളുടെ ബോട്ടിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായില്ല. തെന്നിന്ത്യയിലെ പ്രമുഖതാരങ്ങൾ ലൈഫ് ജായ്ക്കറ്റുകൾ അണിയാതിരുന്നതിന്റെ പേരിലുണ്ടായ കോലാഹലങ്ങൾ പത്രങ്ങളിൽനിന്നും വായിച്ചറിഞ്ഞിരുന്നതിനാൽ, എഞ്ചിൻറൂമിലെ സഹായികളിൽ ഒരാളോട് ഞങ്ങൾ ജായ്ക്കറ്റിനേക്കുറിച്ച് അന്വേഷിച്ചു. കിട്ടിയ മറുപടിയെ ഉത്തരവാദിത്വരഹിതമെന്നോ, മറച്ചുവച്ചിരിയ്ക്കുന്ന ഒരു യാഥാർത്ഥ്യമെന്നോ വിളിയ്ക്കാം.
                    " ചേട്ടാ, വേണമെങ്കിൽ ഉപയോഗിയ്ക്കാം. പക്ഷേ തടിപോലെയുള്ള അതെടുത്ത് കഴുത്തിലിട്ടു കഴിഞ്ഞാൽ കത്രികയ്ക്കകത്ത് കഴുത്തുപോയ എലിയേപ്പോലെയായിരിയ്ക്കും നിങ്ങളുടെ അവസ്ഥ. നന്നായിട്ടൊന്ന് കഴുത്ത് തിരിച്ച്, കാഴ്ചകാണാൻ കൂടി സാധിയ്ക്കില്ല. പേടിയുണ്ടെങ്കിൽ എടുത്ത് കഴുത്തിലിട്ടോ". ജായ്കറ്റ് കയ്യിലെടുത്തപ്പോഴേ അവർ പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി.. കൂടാതെ ഇടുക്കിഡാമിലും, ഇരട്ടയാർ ഡാമിലുമൊക്കെ നീന്തി പരിശീലിച്ചതിന്റെ അനുഭവം വച്ചുനോക്കിയാൽ മുല്ലപ്പെരിയാർ ഒരു പ്രശ്നമേയല്ല. ഒത്തുകിട്ടിയാൽ കുറച്ച് ചിത്രങ്ങൾ കൂടി സൗകര്യമായിട്ട് പകർത്തണം.. അതുകൊണ്ട് നിയമലംഘനമാണെങ്കിലും ലൈഫ് ജായ്ക്കറ്റിനെ സൗകര്യപൂർവ്വം അവഗണിച്ച് ഞങ്ങൾ കാഴ്ചകളിലേയ്ക്ക് കടന്നു.

ബോട്ടിന്റെ എഞ്ചിൻ മുരണ്ടുതുടങ്ങി...... ലൈഫ് ജായ്കറ്റുകൾ അണിയാതെ തന്നെ ഞങ്ങളെയും വഹിച്ച്, പെരിയാറിന്റെ ഓളപ്പരപ്പുകളെ കീറിമുറിച്ച് ഞങ്ങളുടെ ജലയാനവും യാത്ര ആരംഭിച്ചു....
സൂര്യൻ പടിഞ്ഞാറേയ്ക്ക് ചാഞ്ഞുതുടങ്ങിയതോടേ, നിഴൽവീണ തടാകതീരത്തെ ഇളം പുല്ലിന്റെ രുചി തേടിയെത്തിയ മ്ലാവിൻ കൂട്ടങ്ങളായിരുന്നു ആദ്യ കാഴ്ചയായി കടന്നുവന്നത്. ഏറെ ദൂരത്തായി പുൽമേടുകളിലൂടെ മേഞ്ഞുനടക്കുന്ന മ്ലാവിൻകൂട്ടങ്ങളുടെ കാഴ്ച അവ്യക്തമായിരുന്നെങ്കിലും, യാത്രക്കാരെ ആവേശഭരിതരാക്കുവാൻ ആ കാഴ്ച ധാരാളമായിരുന്നു. ബോട്ടിന്റെ പിൻഭാഗത്തായി സ്ഥാനം പിടിച്ചിരുന്ന ചെറുപ്പക്കാരുടെ ഒരു സംഘം, മ്ലാവിൻകൂട്ടത്തെ കാണുവാനായി ഒരു വശത്തേയ്ക്ക് ഒന്നിച്ചുകൂടിയതോടെ, കർശനനിർദ്ദേശങ്ങളുമായി ബോട്ടുജീവനക്കാർ രംഗത്തെത്തി. അതോടെ ചെറുപ്പക്കാരുടെ സംഘം വീണ്ടും സീറ്റിലേയ്ക്ക് തിരികെ പാഞ്ഞു......

അധികം മുൻപോട്ടുനീങ്ങുന്നതിനും മുൻപേ അടുത്ത കാഴ്ചയായി കടന്നുവന്നത്, ഒറ്റയ്ക്ക് മേഞ്ഞു നടന്നിരുന്ന ഒരു ആനയായിരുന്നു. ക്ഷീണിച്ചു മെലിഞ്ഞ ശരീരം.... എന്തോ അവശത അനുഭവിയ്ക്കുന്നതു പോലെ പതിയെയുള്ള നടത്തം... " രണ്ടു മൂന്നു ദിവസമായി ഈ ആനയെ ഇവിടെ കാണുന്നുണ്ട്. എന്തോ കാര്യമായ കുഴപ്പമുണ്ട്.. അധിക ദിവസം കഴിയുന്നതിനുമുൻപേ അത് ചെരിയുമെന്നാണ് തോന്നുന്നു" ജീവനക്കാർ പറഞ്ഞു. തീരത്തെ നീളമേറിയ പുല്ലുകൾ പിഴുതു തിന്നുകൊണ്ടിരുന്ന ആനയുടെ കുറച്ച് ചിത്രങ്ങൾ ഞാൻ ക്യാമറയിൽ പകർത്തി. ആനക്കാഴ്ചയുടെ സന്തോഷം കൊണ്ടാകണം ചെറുപ്പക്കാരുടെ സംഘം ആഹ്ലാദപ്രകടനങ്ങൾ തുടങ്ങിയിരുന്നു... ബോട്ടിനുള്ളിലൂടെ ഓടിനടന്ന്, ബൈനോക്കുലറിലൂടെ വനത്തിനുള്ളിലേയ്ക്ക് നിരീക്ഷണങ്ങൾ നടത്തുകയാണ് ചിലർ. മറ്റൊരു കൂട്ടർ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നു. വനയാത്രകളിൽ പാലിയ്ക്കേണ്ട എല്ലാ മര്യാദകളെയും ലംഘിച്ചുകൊണ്ടായിരുന്നു പലപ്പോഴും സംഘത്തിന്റെ ആഹ്ലാദപ്രകടനങ്ങൾ അരങ്ങേറിയത്...
മുല്ലപ്പെരിയാറിന്റെ ജലപാളികളെ കീറിമുറിച്ച് ഞങ്ങളുടെ യാത്ര മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഇതിനിടെ ചെറുപ്പക്കാരുടെ പരക്കം പാച്ചിൽ കണ്ട് ഭയന്നിട്ടാകണം, സന്ദർശകരിൽ ചിലർ ലൈഫ് ജായ്ക്കറ്റുകൾ അണിഞ്ഞു തുടങ്ങിയിരുന്നു. ഏറെ നേരത്തോളം  പ്രത്യേകിച്ച്  കാഴ്ചകളൊന്നും ഇല്ലാതെയായിരുന്നു ഞങ്ങൾ മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നത്. 777 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ വനവും, അതിനുനടുവിലായി 26 കിലോമീറ്റർ ചുറ്റളവുള്ള ഒരു തടാകവും മാത്രം... ചുറ്റുപാടും പരന്നുകിടക്കുന്ന ജലനിരപ്പും, കാടിന്റെ വിദൂരദൃശ്യങ്ങളും, മലനിരകളും മാത്രമായി കാഴ്ചകൾ ചുരുങ്ങിയതോടെ എല്ലാവർക്കും വിരസത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കനത്ത ചൂടുമായി പോക്കുവെയിൽ കൂടി നേരിട്ടെത്തിയതോടെ ചിലർ മയക്കത്തിലേയ്ക്കും വഴുതി വീണു. ഇടയ്ക്കുകാണുന്ന നിറപ്പകിട്ടാർന്ന മരക്കൂട്ടങ്ങളുടെയും, അവയ്ക്കും മുകളിലായി ഉയർന്നുനിൽക്കുന്ന മലനിരകളുടെയും ചിത്രങ്ങൾ പകർത്തി ഞാൻ മടുപ്പ് മാറ്റിക്കൊണ്ടിരുന്നു.

ബോട്ടിന്റെ സൈഡ് സീറ്റിലിരുന്ന് ചിത്രങ്ങൾ പകർത്തുന്നതിന് വെയിലിന്റെ തീവ്രത തടസമായതോടെ ഞാൻ എഞ്ചിൻ റൂമിന്റെ സമീപത്തേയ്ക്ക് മാറി ഞാൻ സ്ഥാനം പിടിച്ചു. കാനൺ 100-400 ലെൻസിന്റെ വലിപ്പമോ, ആകർഷണീയതയോ കണ്ടിട്ടാകണം, ജീവനക്കാർ എഞ്ചിൻറൂമിനുള്ളിലേയ്ക്ക് വിളിച്ച്, സ്വസ്ഥമായിരുന്ന്  ചിത്രങ്ങൾ പകർത്തുവാനുള്ള സൗകര്യം ഒരുക്കിത്തന്നു.
ബോട്ടുഡ്രൈവറെക്കൂടാതെ രണ്ട് സഹായികൾ കൂടി എഞ്ചിൻറൂമിലുണ്ടായിരുന്നു. എല്ലാവരെയും പരിചയപ്പെട്ട്, വിശേഷങ്ങൾ കൈമാറിയതോടെ അവർ തേക്കടിയെക്കുറിച്ചും, യാത്രകളിലുണ്ടാകാറുള്ള അപൂർവ്വ അനുഭവങ്ങളെക്കുറിച്ചും വിവരിച്ചുതുടങ്ങി. അടുത്ത കാലത്തായി തടാകക്കരയിൽ എത്തിയ കടുവാക്കുടുംബവും, ബോട്ടിനെ തൊട്ടുരുമ്മി കടന്നുപോയ ആനക്കൂട്ടങ്ങളും അവരുടെ വിശേഷങ്ങളിലൂടെ ഞങ്ങളുടെ മുൻപിൽ ചിതറി വീണുകൊണ്ടിരുന്നു.

വെള്ളത്തിൽനിന്നും ഉയർന്നുനിൽക്കുന്ന മരക്കൂട്ടങ്ങൾ ഏറെയുള്ള ഭാഗത്തുകൂടിയാണ് ഇപ്പോൾ യാത്ര...  മുൻപ് നൂറുകണക്കിനുണ്ടായിരുന്ന മരക്കുറ്റികൾ ഇന്ന് നാമമാത്രമായി ചുരുങ്ങിയിരിയ്ക്കുന്നു. ഒറ്റതിരിഞ്ഞ് ജലാശയത്തിനു നടുവിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലകളിൽ രണ്ടും മൂന്നും ചേരക്കോഴികളുടെ കൂടുകൾ അടുത്തടുത്തായി നിർമ്മിച്ചിരിയ്ക്കുന്നത് കാണാം.. വർഷങ്ങൾക്കുമുൻപ് എണ്ണിത്തിട്ടപ്പെടുത്തുവാൻ ആകാത്തവിധം ചേരക്കോഴികളെയും, നീർകാക്കകളെയും കാണപ്പെട്ടിരുന്ന സ്ഥാനത്ത്, ഇന്ന് പത്തോ, പതിനഞ്ചോ  നീർകാക്കകൾ മാത്രം....യാത്രയിലുടനീളം നോക്കിയിട്ടും ചേരക്കോഴികൾ ഒന്നിനെപ്പോലും, എങ്ങുംതന്നെ കാണുവാൻ സാധിച്ചില്ല..... ഇടയ്ക്കിടെ വെള്ളരിപ്പക്ഷികളുടെ കൂട്ടങ്ങൾ... കരയോട്  ചേർന്ന്, വെള്ളത്തിൽനിന്നും ഉയർന്നുനിൽക്കുന്ന മരക്കൊമ്പിൽ വെയിൽ കാഞ്ഞിരിയ്ക്കുന്ന ആമക്കൂട്ടങ്ങൾ.. ചെറിയ ചെറിയ കാഴ്ചകളിലൂടെ തേക്കടിയുടെ വനചാരുത  ഞങ്ങൾക്കുമുൻപിൽ വീണ്ടും ആരംഭിയ്ക്കുകയായിരുന്നു...
ചേരക്കോഴികളുടെ കൂട്.......
മ്ലാവിൻകൂട്ടങ്ങളുടെയും, കാട്ടുപന്നികളുടെയും വിദൂരകാഴ്ചകൾ ആസ്വദിയ്ക്കുന്നതിനിടയിൽ ബോട്ട്, വനാന്തരത്തിനുള്ളിലെ ഏക ഹോട്ടലായ അരണ്യനിവാസിന്റെ സമീപത്തുള്ള ചെറിയ കടവിനോടടുത്തു. അവിടെ ഞങ്ങളുടെ ബോട്ട് എത്തുന്നത് പ്രതീക്ഷിച്ച് ഒരാൾ കാത്തുനിന്നിരുന്നു. ബോട്ടിലുണ്ടായിരുന്ന ചില സാധനങ്ങൾ അയാൾക്ക് കൈമാറിയശേഷം ബോട്ട് വീണ്ടും ജലപാതയിലേയ്ക്ക് മടങ്ങിയെത്തി. ഈ ഡാമിലെ വെള്ളത്തിലൂടെയും ജലപാതയോ..? അത്ഭുതം കൂറേണ്ട കാര്യമില്ല... ആയിരക്കണക്കിന് മരക്കുറ്റികൾ ഒളിച്ചിരിയ്ക്കുന്ന ഈ ജലാശയത്തിൽ, കൃത്യമായി നിർണ്ണയിച്ചിരിയ്ക്കുന്ന വഴികളിലൂടെ വേണം ബോട്ടുകൾ സഞ്ചരിയ്ക്കുവാൻ.. പല സ്ഥലങ്ങളിലും വഴി തിരിച്ചറിയുവാനും, മരങ്ങളുടെ സ്ഥാനം നിർണ്ണയിയ്ക്കുവാനുമാകണം, മരക്കുറ്റികളിൽ ഉയരമുള്ള കമ്പുകൾ വച്ചുകെട്ടിയിരിയ്ക്കുന്നതായി കാണുവാൻ സാധിയ്ക്കും.
തേക്കടിയിലെ കാട്ടുരാജാവ്...........
പെട്ടന്ന് ബോട്ടിന്റെ പിൻഭാഗത്തുനിന്നും ഒരു ആരവമുയർന്നു. "കാട്ടുപോത്ത് " ആരോ വിളിച്ചു പറഞ്ഞതോടെ എല്ലാവരുടെയും ശ്രദ്ധ അവിടേയ്ക്കു തിരിഞ്ഞു. ഏറെ ദൂരെയായി പുൽമേടിനുള്ളിൽനിന്നും ജലാശയത്തിനടുത്തേയ്ക്ക് നടന്നടുക്കുകയാണ് ഒരു കൂറ്റൻ കാട്ടി.... കറുപ്പും, തവിട്ടും ചേർന്ന ശരീരം എണ്ണയിട്ടതുപോലെ മിനുങ്ങുന്നു. വെളുപ്പും, കറുപ്പും ചേർന്ന കൊമ്പുകൾ.. മെഴുത്ത ദേഹമാസകലം തെറിച്ചുനിൽക്കുന്ന കരുത്തുറ്റ മാംസപേശികൾ... ഉയർന്ന ചുമലുകൾ... എല്ലാം തികഞ്ഞ രാജകീയ ഭാവത്തോടെ, ആരെയും കൂസാതെയുള്ള നടത്തം... മുട്ടൊപ്പം ചെളി നിറഞ്ഞിരിയ്ക്കുന്നു. എവിടെയോ ചെളിക്കുഴിയിൽ നീരാടിയ ശേഷമുള്ള വരവാണെന്ന് വ്യക്തം.. ഇതിനിടെ  ഡ്രൈവർ, ബോട്ട് കരയോട് ഏറെ അടുപ്പിച്ചിരുന്നു.. അല്പനേരം ഞങ്ങളുടെ കണ്ണൂകൾക്ക് ഒരു വിരുന്നായി നിന്നശേഷം, അവൻ തടാകതീരത്തുനിന്നും കാടിനുള്ളിലേയ്ക്ക് കയറുവാൻ ഒരുങ്ങിയതോടെ ഞാൻ പെട്ടന്ന് കുറച്ച് ചിത്രങ്ങൾ പകർത്തി. ഡ്രൈവർ ബോട്ട് തിരിയ്ക്കുമ്പോൾ എഞ്ചിനിൽ നിന്നും ഉയർന്ന ശബ്ദം കേട്ടിട്ടാകണം, അവൻ ഒന്നു തിരിഞ്ഞു നിന്നു.... കഴുത്ത് തിരിച്ച് തീക്ഷണമായ ഒരു നോട്ടം..... ഒരു കാട്ടിയുടെ രാജകീയ ഭാവം എന്തായിരിയ്ക്കുമെന്ന് മനസ്സിലാക്കുവാൻ ആ നോട്ടം ധാരാളമായിരുന്നു. നാലോ അഞ്ചോ നിമിഷം ആ നിലയിൽ നിന്നശേഷം അവൻ മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് നടന്ന് മറഞ്ഞു.
ആരെയും കൂസാതെ.................
വരണ്ടുണങ്ങിയ പുൽമേടുകൾ പകർന്നുനൽകിയ വിരസതയിലേയ്ക്ക് വീണ്ടും ഞങ്ങൾ വഴുതി വീണു.... പിന്നിലായിരുന്ന ചെറുപ്പക്കാർ ഇതിനിടെ മുന്നിലെത്തി ഞങ്ങളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. കൊച്ചിയിലെ ചൂടുനിറഞ്ഞ കോൺക്രീറ്റ് കാടുകളിൽനിന്നും, വനാന്തരങ്ങളുടെ കുളിര് തേടിയെത്തിയ ഒരുപറ്റം ചെറുപ്പക്കാർ.. തേക്കടിയും, മൂന്നാറും, വാഗമണ്ണും ഉൾപ്പടെ ഇടുക്കിയുടെ സൗന്ദര്യത്തെ മനസ്സിലേയ്ക്ക് ആവാഹിയ്ക്കുവാൻ നാലു ദിവസങ്ങൾ നീക്കി വച്ചിരിയ്ക്കുകയാണവർ. ഇന്ന് ബോട്ടു യാത്ര....നാളെ ബാംബൂ റാഫ്റ്റിംഗും, നേച്ചർ വാക്കും.... അതിനു ശേഷം പച്ചപ്പട്ടു വിരിച്ച തേയിലതോട്ടങ്ങൾക്കു നടുവിലൂടെ, കോടമഞ്ഞിൽ മുങ്ങിയ മൂന്നാറിന്റെ കാഴ്ചകളിലേയ്ക്ക്...

പരസ്പരം വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടയിൽ ഒരാൾക്ക് ഒരു ആഗ്രഹം... ടെലിലെൻസിൽ ഒന്നു രണ്ട് ചിത്രങ്ങൾ എടുക്കണം.. ഫോക്കസ് ചെയ്യുന്ന വിധമൊക്കെ പറഞ്ഞുകൊടുത്ത് ക്യാമറ കൈമാറിയ ശേഷം ഞാൻ നോക്കി നിന്നും.... കാഴ്ചകൾക്ക് ദാരിദ്ര്യമില്ലാതിരുന്നതുകൊണ്ട് കക്ഷി തലങ്ങും വിലങ്ങും ചിത്രങ്ങൾ പകർത്തുവാൻ തുടങ്ങി.. മലകളും, ജലാശയവും, കാടുകളും... ഏതാണ്ട് പത്തോളം ചിത്രങ്ങൾ പകർത്തിയശേഷം ക്യാമറ എനിയ്ക്ക് കൈമാറി... ടെലിലെൻസിലെ പരിചയക്കുറവുമൂലം ചിത്രങ്ങൾ വ്യക്തമായിരുന്നില്ലെങ്കിലും, പകർത്തിയ ചിത്രങ്ങൾ സ്ക്രീനിൽ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. വീണ്ടും വിശേഷങ്ങൾ കൈമാറി, യാത്രയുടെ വിരസതയെ അകറ്റിനിറുത്തി ഞങ്ങൾ മുൻപോട്ടു നീങ്ങി..

ഞങ്ങളുടെ യാത്ര മുല്ലപ്പെരിയാർ അണക്കെട്ടിനോട് അടുത്തിരുന്നു. മുൻപ് നടത്തിയ യാത്രകളിൽ അണക്കെട്ട് വ്യകതമായി കാണാവുന്ന ദൂരത്തുവരെ ബോട്ടുകൾ പോകുമായിരുന്നുവെങ്കിലും, സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച സുരക്ഷാകാരണങ്ങൾ കൊണ്ടാകണം, അണക്കെട്ടിൽനിന്നും ഏറെ പിന്നിലായി ഇന്നത്തെ ഞങ്ങളുടെ യാത്ര അവസാനിച്ചു. ഇവിടെനിന്നും ബോട്ടുകൾ തിരിച്ചു മടങ്ങുകയാണ്.  അണക്കെട്ട് കാണണമെന്ന ആഗ്രഹത്തോടെ നിന്നിരുന്ന കൊച്ചിസംഘത്തിന്റെ മുഖങ്ങളിലേയ്ക്ക് നിരാശ പടർന്നുകയറി.. ഇത്രയും വിവാദങ്ങൾ ഉയർത്തിയ അണക്കെട്ട് കാണുക എന്നത് അവരുടെ വലിയ ആഗ്രഹമായിരുന്നുവത്രെ...അവരെ നിരാശ്ശപ്പെടുത്തി ഡ്രൈവർ ബോട്ട് തിരിച്ച്, തേക്കടിയിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.
തടാകതീരത്തെ മ്ലാവിൻകൂട്ടങ്ങൾ.
വെയിൽ അല്പംകൂടി താണതോടെ മ്ലാവിൻകൂട്ടങ്ങൾ വെള്ളം കൂടിയ്ക്കുവാനായി തടാകതീരത്തോട് കൂടുതൽ അടുത്തിരുന്നു. ആറും ഏഴും വരുന്ന കൂട്ടങ്ങളായിരുന്നു എല്ലാം. വേഗത്തിൽ ഇളകി നീങ്ങിക്കൊണ്ടിരുന്ന ബോട്ടിൽനിന്ന് അവയുടെ ചിത്രങ്ങൾ പകർത്തുക എന്നത്  തീർത്തും ശ്രമകരം തന്നെയായിരുന്നു. എങ്കിലും ഒന്നു രണ്ടിടങ്ങളിൽ നിന്നായി മ്ലാവുകളുടെ കുറച്ചു ചിത്രങ്ങൾ പകർത്തുവാൻ സാധിച്ചു. ക്യാമറയുടെ സ്ക്രീനിൽ ചിത്രങ്ങൾ വലുതാക്കി കാണൂമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ മ്ലാവുകളുടെയും കഴുത്തിലായി രക്തനിറം തെളിഞ്ഞുകാണാവുന്ന മുറിവുകൾ...  ക്യാമറയിൽ പതിഞ്ഞ എല്ലാ മ്ലാവുകളുടെയും കഴുത്തിൽ, ഒരു അപൂർവ്വ പ്രതിഭാസം പോലെ ഈ മുറിപ്പാടുകൾ തെളിഞ്ഞുകാണുവാൻ സാധിയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റു കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടായ മുറിവുകളല്ലെന്ന് വ്യക്തം...ബോട്ടിലെ ജീവനക്കാരോട് ഇതിനെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും അവർക്കും വ്യക്തമായ ഒരു ഉത്തരം നൽകുവാൻ സാധിച്ചില്ല. എങ്കിലും ഒരു ജീവനക്കാരൻ ഒരു ചെറിയ സൂചന മാത്രം തന്നു. ഇണ ചേരുന്ന കാലഘട്ടത്തിലാണത്രെ അവയുടെ കഴുത്തിൽ ഈ മുറിപ്പാടുകൾ തെളിയുന്നത്. ആരൊക്കെയോ പറഞ്ഞുകേട്ട അറിവ് മാത്രമാണ് അദ്ദേഹത്തിനും ഇക്കാര്യത്തിൽ ഉള്ളത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷം, ഈ പ്രതിഭാസത്തെക്കുറിച്ച് ആധികാരികമായ പഠനങ്ങളോ, റിപ്പോർട്ടുകളോ,  വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം...
അല്പനേരം ആനക്കാഴ്ചകൾക്കായി...........
മ്ലാവുകളെക്കുറിച്ച് സംസാരിച്ചിരിയ്ക്കുന്നതിനിടയിൽ ഡ്രൈവർ മുൻപിലേയ്ക്ക് വിരൽ ചൂണ്ടി..  ബോട്ടിൽനിന്നും ഏതാനും വാര അകലെയായി നീന്തിക്കളിയ്ക്കുന്ന നീർനായകൾ.... നാലോ അഞ്ചോ ഉള്ള ചെറുകൂട്ടങ്ങൾ നീന്തിത്തുടിച്ച് കരയിലേയ്ക്ക് കയറുകയാണ്. അവയുടെ ചിത്രങ്ങൾ പകർത്തണ‌മെന്ന് കരുതിയെങ്കിലും ബോട്ട് അല്പം കൂടി അടുത്തതോടെ, ഞങ്ങളെ നിരാശരാക്കി, കരയിലേയ്ക്ക് കയറാതെ അവയൊന്നാകെ മറിഞ്ഞുകിടന്നിരുന്ന ഒരു മരക്കുറ്റിയ്ക്ക് പിന്നിലേയ്ക്ക്  അപ്രത്യക്ഷരായി...

3:30 ന് യാത്ര തുടങ്ങിയ ബോട്ടുകൾ എല്ലാം തന്നെ മടക്കയാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു.. ഒരു ഘോഷയാത്രപോലെ മുൻപിലും പിറകിലുമായി എല്ലാ ബോട്ടുകളും അണിനിരന്നു. അല്പനേരത്തെ യാത്രയ്ക്കുശേഷം എറ്റവും മുൻപിൽ സഞ്ചരിച്ചിരുന്ന ബോട്ട്, വഴിമാറി ഒരു മൊട്ടക്കുന്നിനു മറവിലേയ്ക്ക് നീങ്ങി. "ഏതോ മൃഗങ്ങൾ അവിടെയുണ്ടെന്ന് തോന്നുന്നു" ബോട്ട് ഡ്രൈവർ പറഞ്ഞു. ആദ്യത്തെ ബോട്ടിനെ പിന്തുടർന്ന് എല്ലാ ബോട്ടുകളും കുന്നിന്റെ പിന്നിലെ കാഴ്ച എന്തെന്നറിയുവാനായി, അവിടേയ്ക്ക് നീങ്ങി. ഒരു കൂട്ടം ആനകളായിരുന്നു കാഴ്ചയുടെ വിരുന്നൊരുക്കിഅവിടെ കാത്തുനിന്നിരുന്നത്. മൂന്ന് വലിയ ആനകളും രണ്ട് കുഞ്ഞുങ്ങളും.  ഒരു ബോട്ട് കരയോട് ഏറെ അടുത്തതോടെ ആനക്കുട്ടികൾ രണ്ടും അമ്മമാരുടെ കാലുകൾക്കിടയിൽ സുരക്ഷിതത്വം തേടി മറഞ്ഞു.  സമയം വൈകിയിരുന്നതുകൊണ്ടാകണം അവിടെ അധികസമയം ചിലവഴിയ്ക്കുവാൻ ബോട്ട്ജീവനക്കാർ താത്പര്യം കാണിച്ചില്ല. ചില യാത്രക്കാരും...... ആനക്കൂട്ടത്തിന്റെ കാഴ്ചകളെ തടാകത്തിന്റെ കരയിൽ ഉപേക്ഷിച്ച് ഞങ്ങളൂടെ ബോട്ട് വീണ്ടും ചലിച്ചു തുടങ്ങി..
മൊട്ടക്കുന്നുകളും, കാനനദൃശ്യങ്ങളും പിന്നിട്ട്, യാത്ര അവസാനിപ്പിച്ച് ബോട്ട് തിരികെ തേക്കടിയിൽ എത്തിച്ചേരുമ്പോൾ സമയം ആറു മണിയോടടുത്തിരുന്നു. ഒരു ബോട്ടിനുള്ളിൽ‌ വച്ച്, ചുരുങ്ങിയ
സമയത്തിനുള്ളിൽ രൂപം കൊണ്ട സുഹൃദ്സംഘത്തോട് യാത്രപറഞ്ഞ് എല്ലാവരും കരയിലേയ്ക്കിറങ്ങി. വിവിധ നാടുകളിൽനിന്നും മനോഹരമായ  കാഴ്ചകൾ ആസ്വദിയ്ക്കുവാൻ അല്പനേരത്തേയ്ക്ക് ഒന്നിച്ചുകൂടിയ അംഗങ്ങൾക്ക്, ഓർമ്മയിൽ സൂക്ഷിയ്ക്കുവാൻ ഇനി അവശേഷിയ്ക്കുന്നത്, മനസ്സിന്റെ കോണിൽ പകർത്തിവച്ച മനോഹരമായ കുറെ ഫ്രെയിമുകൾ മാത്രം.....പെരിയാർ കടുവാ സങ്കേതത്തിന്റെ ഹരിതാഭമായ ആ ഫ്രെയിമുകളെ മനസ്സിൽ അടുക്കിവച്ച്  ഈ തടാകതീരത്തുനിന്നും വിദേശികളും, സ്വദേശികളുമായ യാത്രികർ  വേർപിരിയുകയാണ്.... വിവിധ ദേശങ്ങളിലേയ്ക്ക്.......... വ്യത്യസ്തങ്ങളായ സംസ്കാരങ്ങൾ കാത്തു സൂക്ഷിയ്ക്കുന്ന സ്വന്തം നാടുകളിലേയ്ക്ക്..............

.............................................................................................................................................................

15 comments:

  1. വളരെ ആസ്വാദ്യകരമായിരിക്കുന്നു ചാരുതയാർന്ന വിവരണം...വശ്യമായ ചിത്രങ്ങൾ..അറിവുകളുടെ കിട്ടാക്കനി അന്വേഷിച്ച് ആകാശത്തോളം അലയുന്ന മനുഷ്യനെ വിലമതിക്കാനാവാത്ത അറിവുകളുടെ ഭണ്ഡാരവുമായി കാടകങ്ങൾ കാത്തിരിക്കുന്ന കാര്യം അവനറിയാതെ പോകുന്നുവല്ലോ..

    ആശംസകൾ സുഹൃത്തേ...

    ReplyDelete
  2. എന്നത്തേയും പോലെ ഷിബുവേട്ടാ കലക്കീട്ടോ.

    ReplyDelete
  3. നന്നായിട്ടുണ്ട്. കാട്ടുപോത്തിന്റെ കഴുത്തിളക്കം എന്തൊരു പേടിയാണ് നമ്മളില്‍ ഉണ്ടാക്കുന്നത്:)

    ReplyDelete
  4. ആദ്യം ഫോട്ടോകള്‍ കാണാം. പിന്നെ വായിക്കാം. മനോഹരഫോട്ടോകള്‍ ആണ് ഷിബുവിന്റെ പോസ്റ്റിന്റെ ഹൈലൈറ്റ്

    ReplyDelete
  5. പ്രിയ ഷിബു.
    ഓരോ പോസ്റ്റിലും ഓരോ സാമൂഹ്യ പ്രശ്നങ്ങള്‍ കൂടി എടുത്ത് പറയുന്നു ഇവിടെ. കഴിഞ്ഞ പോസ്റ്റില്‍ വന നശീകരണം ആയിരുന്നുവെങ്കില്‍ , ഇത്തവണ അധികാര വര്‍ഗ്ഗം കണ്ണടക്കുന്ന മുല്ലപ്പെരിയാറിന്‍റെ ഭീതിയിലേക്ക്. ഒഴിഞ്ഞ സമരപന്തലില്‍ ഉപേക്ഷിച്ചുപ്പോയ ആദര്‍ശത്തെ കുറിച്ച്.
    യാത്രാവിവരണം എന്നാല്‍ കണ്ട കാഴ്ചകളെ പറഞ്ഞു പോകുകയല്ല , അതില്‍ ഇങ്ങിനെയും ചില ധര്‍മ്മങ്ങള്‍ നിറവേറ്റാനുണ്ട് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടി എന്നെ പോലുള്ള മുറി വൈദ്യന്മാര്‍ക്ക് നല്‍കുക കൂടി ചെയ്യുന്നു .
    വിവരണം മാത്രമല്ല ചിത്രങ്ങള്‍ കൂടി സംസാരിക്കുന്നു. നല്ല എഴുത്തിനൊപ്പം നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടി ആകുന്നതു ഭാഗ്യം.
    തേക്കടിയുടെ കാഴ്ചയില്‍ മയങ്ങി എല്ലാവരും മടങ്ങിയത് പുതിയൊരു യാത്രയിലേക്കുള്ള ആവേശവുമായാവും. അതാണല്ലോ യാത്രകള്‍ ഒരിക്കലും മടുക്കാത്തത്. കൂടെ ഷിബുവിന്റെ ആധികാരികവും മനോഹരവുമായ വിവരണവും.
    യാത്ര തുടരട്ടെ....സ്നേഹാശംസകള്‍

    ReplyDelete
  6. പതിവു പോലെ വാചാലമായ ചിത്രങ്ങളും “ദൃശ്യസുഖമുള്ള” വിവരണവും....എന്നാലും അല്പം അഗ്രസ്സീവ് ഫോട്ടോഷോപ്പിങ് ചിത്രങ്ങളുടെ നൈസർഗ്ഗികത കളഞ്ഞു എന്നു പറയാതെ വയ്യ....യാത്ര തുടരൂ

    ReplyDelete
  7. വിസ്മയമായ വിവരണം വാചാലമായ ചിത്രങ്ങള്‍ അവിസ്മരണീയമാകുന്നു ഈ വായന നന്ദി

    ReplyDelete
  8. ഷിബുവിന്റെ കൈയ്യിൽ ടെലി ലെൻസ് ഉള്ളതുകൊണ്ട് നേരിട്ട് പോയാലും കാണാത്ത കാഴ്ച്ചകൾ ഫ്രീ ആയിട്ട് തരമായി. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയതാണ്. അന്നത്തെ തേക്കടിയല്ല ഇന്ന് എന്നറിയാം. ഇനീം പോകണം.

    ആവശ്യം വരുമ്പോൾ വീർപ്പിക്കുന്ന തരത്തിലുള്ള (ഫ്ലൈറ്റിൽ ഉപയോഗിക്കുന്നത്) ലൈഫ് ജാക്കറ്റ് ആണ് ഇവിടെ ആവശ്യം. അല്ലെങ്കിൽ കാഴ്ച്ചകൾക്ക് തടസ്സം, ഇട്ടില്ലെങ്കിൽ ജീവന് തന്നെ തടസ്സം.

    ReplyDelete
  9. തേക്കടിയിലെ കാടകങ്ങൾക്കുള്ളിലെ വന്യമായ
    ഭീതിയിലേക്കാളൂം ഉൽക്കിടിലമുണ്ടാക്കുന്ന ഘടകമാണല്ലോ
    ഇന്ന് മുല്ലപ്പെരിയാർ അണപൊട്ടൽ ഭീതി അല്ലേ ഷിബൂ

    മനോഹരമായ ചിത്രങ്ങളിൽ കൂടി ആ കാനന
    ഭംഗി മുഴുവൻ ഒപ്പിയെടുത്ത് വായനക്കാരനനെ അതെല്ലാം
    തൊട്ടറിയിക്കുന്ന സ്റ്റൈയിലുള്ള എഴുത്താണല്ലോ ഭായ് ഇത്തവണ
    ഇവിടെ കാഴ്ച്ചവെച്ചിരിക്കുന്നത്....
    അഭിനന്ദനങ്ങൾ....!

    ReplyDelete
  10. പലതവണ പോയി വന്ന സ്ഥലം ...കഴിഞ്ഞ ഇടയ്ക്കും പോയിരുന്നു ....പണ്ട് ഉള്ള ഭംഗിയും ,മൃഗങ്ങളും ഒന്നും തന്നെ ഇപ്പോള്‍ ഇല്ല എന്നാണു എനിക്ക് തോന്നിയത് ...!
    പക്ഷെ ഷിബുവിന്റെ മനോഹരമായ വിവരണം വായിച്ചപ്പോള്‍ ഇതൊന്നും ഞാന്‍ കണ്ടിട്ടില്ലാ എന്ന് തോന്നിപോകുന്നു ....!
    കഴിഞ്ഞ തവണ പോയപ്പോള്‍ കുറെ കാട്ടുപന്നിക്കൂട്ടം മാത്രമാണ് കണ്ടത് ....ഒന്നിനെയും കണ്ടില്ലാല്ലോ എന്നാ സങ്കടത്തില്‍ ഇരുന്നപ്പോള്‍ മുന്നില്‍ പോയ ബോട്ടിലെ കുറെ ആളുകള്‍ കൈ ദൂരേക്ക് ചൂണ്ടി കാട്ടി എല്ലാരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിച്ചു അവിടെ എന്തിനെയോ കണ്ടു എന്നും കരുതി ഞങ്ങള്‍ ആകാംക്ഷയോടെ നോക്കിയപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് പോകുന്നു ...വെറുതെ പുറകില്‍ വന്നവരെ പറ്റിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം ....കാരണം അവരും ഒന്നും കണ്ടില്ല ...:)
    ചിത്രങ്ങളും വിവരണവും മനോഹരമായിട്ടുണ്ട് ട്ടോ ....!!


    കയറി പോകുന്ന ഇടത്ത് ഒരു മ്യൂസിയം ഉണ്ടായിരുന്നു അവിടെ കയറിയില്ലേ !
    വിവരണത്തില്‍ അത് കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ് ട്ടോ ...?
    അവിടെ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കയറിയിട്ടുണ്ട് പിന്നെ പോയപ്പോള്‍ ഒന്നും കയറിയിട്ടില്ല ....!!
    ഷിബു ആ ആന അന്നും അവിടെ ഉണ്ടായിരുന്നു ഒരു പക്ഷെ അത് രൂപം ആവാനാണ് ചാന്‍സ് എന്ന് തോന്നണു ...!!

    ReplyDelete
  11. മനോഹരമായ ചിത്രങ്ങളും,മികവുറ്റ വിവരണവും കൊണ്ട് ഷിബുവിന്റെ പോസ്റ്റ് വ്യത്യസ്തതയുളവാക്കുന്നു.ഇതും അതു പോലെ തന്നെ.

    ReplyDelete
  12. വാക്കുകള്‍ക്കതീതം .....യാത്ര വിവരണത്തിനോപ്പം മലയാള സാഹിത്യം. മറ്റെങ്ങും കാണാനാവാത്ത വശ്യതയോടെ. ചിത്രങ്ങള്‍ കൂടി ആകുമ്പോള്‍ അതിന്റെ മറ്റു കൂടുന്നു. മറ്റൊരു സത്യം പറയട്ടെ. ഞാന്‍ നേരിട്ട് കണ്ട തേക്കടി ഇത്ര സുന്ദരി അല്ല. പിന്നെ താങ്കളുടെ അഞ്ചുരുളിയിലെ ആനകള്‍ ഒരു റേഡിയോ പരിപാടിയില്‍ എനിക്ക് റഫറന്‍സ് ആയി. കടപ്പാടില്‍ താങ്കളുടെ പേരും ഞാന്‍ പരാമര്‍ശിച്ചിരുന്നു. മറ്റൊരു റഫറന്‍സ് പോലും എനിക്കില്ലായിരുന്നു എന്ന് കൂടി പറയട്ടെ. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ക്ക്‌ നന്ദി പറഞ്ഞു അതിന്റെ വില കളയുന്നില്ല. സ്നേഹത്തോടെ

    ReplyDelete
  13. കുറെ കുറെ വിശേഷങ്ങളുമായി പിന്നെയും നീണ്ടൊരു യാത്ര !!
    വളരെ വിശദമായി എല്ലാം കൊണ്ടും നല്ല യാത്രാ വിവരണം .!!

    ReplyDelete
  14. പ്രിയപ്പെട്ട ഷിബു,
    എത്ര മനോഹരമായാണു,ഓരോ യാത്രയെക്കുറിച്ചും ഷിബു എഴുതുന്നത്‌ ! ഇത്രയും ആസ്വദിച്ചു, ചെറിയ വിവരണങ്ങള്‍ പോലും വായനക്കാര്‍ക്ക്‌ സമന്നൈക്കുന്ന ഷിബുവിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കട്ടെ.
    മനസ്സിനെ മയക്കുന്ന യാത്രാ വിവരണം ! കണ്ണിനു വിരുന്നായ ഫോട്ടോസ്....!
    നെറ്റ് വളരെ പതുക്കെയാണ്..ഇനി പിന്നെടെഴുതാം,കേട്ടോ.
    സസ്നേഹം,
    അനു

    ReplyDelete
  15. പ്രതീക്ഷ പൂക്കുന്ന മുഖങ്ങളുമായി, കൊതിയൂറും വിഭവങ്ങളൊരുക്കി കാത്തിരിയ്ക്കുന്ന വഴിയോര ഭക്ഷണശാലകൾ... നാടൻ-മറുനാടൻ പഴവർഗ്ഗങ്ങളിൽ തീർത്ത ചെറുവർണ്ണഗോപുരങ്ങൾ അലങ്കരിയ്ക്കുന്ന പാതയോരങ്ങൾ. ഏലയ്ക്കയുടെയും, കരയാമ്പൂവിന്റെയും, കുരുമുളകിന്റെയും സുഗന്ധം നിറഞ്ഞുനിൽക്കുന്ന ഇടുങ്ങിയ വഴികളിലൂടെ തലങ്ങും, വിലങ്ങും പാഞ്ഞുപോകുന്ന ടൂറിസ്റ്റ് വാഹനങ്ങൾ. 'മുല്ലപ്പെരിയാർ ഡാം' ഒരു ദുരന്തമായി, ഡമോക്ലീസിന്റെ വാളുപോലെ തലയ്ക്കുമുകളിൽ തൂങ്ങിക്കിടക്കുമ്പോഴും തേക്കടിയും, കുമളിയും തിരക്കുപിടിച്ച പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരിയ്ക്കുന്നതിന്റെ ഉത്തമ ഉദാഹരങ്ങളായിരുന്നു ബോട്ട് ലാന്റിംഗിലേയ്ക്കുള്ള യാത്രയിൽ, ഞങ്ങളുടെ മുൻപിൽ ദൃശ്യമായ ഈ കാഴ്ചകൾ.

    സത്യം പറയട്ടെ ഷിബുച്ചേട്ടാ, കാനനഭംഗി ഒട്ടും ചോരാതെ നിങ്ങൾ പകർത്തി വച്ചിരിക്കുന്ന ചിത്രങ്ങളിൽ ജീവൻ തുടിക്കുന്നു. ഇത്രയും നല്ല ചിത്രങ്ങളും അതിനേക്കാൾ ഏറ്റവും മനോഹരമായ നിങ്ങളുടെ വിവരണങ്ങളും ആണ് എന്നെ എത്ര വൈകിയാലും ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്. നല്ലത് മനോഹരമായ വിവരണവും,ചിത്രങ്ങളും. ആശംസകൾ.

    ReplyDelete