Friday, May 27, 2011

കമല നെഹ്രു റിഡ്ജ് (3) - ഫ്ലാഗ് സ്റ്റാഫ് ടവര്‍

കമല നെഹ്രു റിഡ്ജ്-ഭാഗം രണ്ടിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
******************************************************************************
സമയം മൂന്നു കഴിഞ്ഞിരിക്കുന്നു. ഉച്ചയൂണും, അല്പം വിശ്രമവും കഴിഞ്ഞപ്പോഴേയ്ക്കും രാവിലെ
നടത്തിയ യാത്രയുടെ ക്ഷീണം പോയ്മറഞ്ഞു.റിഡ്ജിലെ കാഴ്ചകള്‍ ഇന്നുകൊണ്ട് തീര്‍ക്കണം.
കാഴ്ച്ചയുടെ കാണാതീരങ്ങളും, അറിയാത്ത നാടുകളും,സംസ്കാരങ്ങളും കൂടുതല്‍ ആവേശത്തോടെ ഒളിഞ്ഞുകിടക്കുന്ന തങ്ങളുടെ സൗന്ദര്യത്തിലേയ്ക്ക് മാടി വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു കുപ്പി വെള്ളവും ക്യാമറയും ബാഗിനുള്ളിലാക്കി സന്തതസഹചാരിയായ ബുള്ളറ്റുമായി സമയം കളയാതെ കുന്നിന്മുകളിലേയ്ക്ക് തിരിച്ചു. രാവിലെ ചുറ്റിനടന്ന വഴികള്‍ പിന്നിട്ട്, ചൌബുര്‍ജി മസ്ജിദിനു മുന്‍
വശത്തുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടിലെത്തി. സായാഹ്നസവാരിക്കെത്തുന്നവരുടെ വാഹനങ്ങളെ
കൊണ്ട് ഗ്രൌണ്ട് നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. സൌകര്യപ്രഥമായ ഒരു സ്ഥലത്ത് ബൈക്ക്
പാര്‍ക്ക് ചെയ്തു കാടിനുള്ളിലേയ്ക്ക് കടന്നു. പ്രവേശന കവാടത്തിനു തൊട്ടരികിലായി അഞ്ചടി
യോളം ഉയരമുള്ള തറയില്‍, ആര്‍ക്കും ഉള്ളിലേയ്ക്ക് കടക്കാനാകാത്ത വിധത്തില്‍ ഇരുമ്പ് വേലി
കെട്ടി അടച്ച നിലയിലാണ്  ഇപ്പോള്‍ ചൌബുര്‍ജി മസ്ജിദ് സ്ഥിതിചെയ്യുന്നത്.   
ചൌബുര്‍ജി മസ്ജിദ്

'നാല് താഴികക്കുടങ്ങളോട് കൂടിയത്' എന്ന അര്‍ത്ഥത്തിലാണ് ചൌബുര്‍ജി മസ്ജിദ് എന്ന പേര്
ലഭിച്ചതെങ്കിലും,കാലത്തിന്റെ തേരോട്ടങ്ങളെ അതിജീവിക്കുവാന്‍ കഴിഞ്ഞത് ഒരു താഴികക്കുടത്തിനു
മാത്രമാണ്.1351 -1388 കാലഘട്ടങ്ങളില്‍ ഡല്‍ഹി ഭരിച്ചിരുന്ന ഫിറോസ്‌ ഷാ തുഗ്ലക്ക് ആണ് ഈ
മസ്ജിദ് നിര്‍മ്മിച്ചത്.മൃഗയാ വിനോദത്തിനായി നിര്‍മ്മിച്ച കുഷ്ക് -ഇ- ശിക്കാര്‍ (Kushk-i-Shikar)
എന്ന കൊട്ടാരത്തിന്റെ ഭാഗമായി നിര്‍മ്മിച്ച മോസോളിയം ആണെന്നും, മസ്ജിദ് ആണെന്നുമുള്ള
രണ്ടു വാദങ്ങള്‍ ചരിത്രകാരന്മാര്‍ ഉയര്‍ത്തുന്നുണ്ട്.എങ്കിലും കെട്ടിടത്തിന്റെ  ആകൃതിയും,പ്രധാന മുറി
കളിലൊന്നിലെ മിറാബും, മസ്ജിദ് ആണെന്നുള്ള വാദഗതിക്ക് കൂടുതല്‍ ബലമേകുന്നു.1857-ലെ 
കലാപത്തിന്റെ നാളുകളില്‍, വിപ്ലവകാരികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി, മസ്ജിദ് ഒരു
പട്ടാള ഔട്ട്‌പോസ്റ്റ്‌ ആയി മാറ്റപ്പെട്ടിരുന്നു. സൈന്യത്തിന്റെ ആരവങ്ങളും,  പട്ടാളബൂട്ടുകളുടെ മുഴക്ക
ങ്ങളും, വെടിയൊച്ചകളും ഉയര്‍ന്നിരുന്ന സ്ഥലങ്ങള്‍, ഇന്ന് കുട്ടികളുടെ കളിചിരികള്‍ ഉയരുന്ന ഒരു 
ചെറു പാര്‍ക്ക് ആയി രൂപപ്പെട്ടിരിക്കുന്നു.
കുട്ടികള്‍ക്കായുള്ള പാര്‍ക്ക്
വൈകുന്നേരം ആകുന്നതോടെ പാര്‍ക്ക്, വ്യായാമത്തിനായി എത്തുന്ന യുവാക്കള്‍ കൈയടക്കും.
മസ്ജിദിനുള്ളിലേയ്ക്ക് കടക്കുവാനുള്ള വഴി തേടി ഒരു വട്ടം, ചുറ്റിക്കറങ്ങിയെങ്കിലും പിന്‍വശത്തുള്ള
ഏക വാതില്‍ ചങ്ങലയിട്ടു പൂട്ടിയിരിക്കുന്നതിനാല്‍ മസ്ജിദിന്റെ പൂര്‍ണമായ ഒരു ഫോട്ടോയ്ക്കു
വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ചുറ്റിലും മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നിരിക്കുന്നതിനാല്‍
മതില്‍കെട്ടിനു വെളിയില്‍നിന്ന് ഫോട്ടോ എടുക്കുവാനുള്ള ശ്രമവും ഫലം കണ്ടില്ല. അവസാനം മറിഞ്ഞു കിടന്ന ഒരു മരത്തിലൂടെ വലിഞ്ഞു കയറിയശേഷമാണ്, അപൂര്‍ണമെങ്കിലും ഒരു  ചിത്രം
പകര്‍ത്തുവാനായത്. മരത്തില്‍നിന്നിറങ്ങി ഫ്ലാഗ് സ്റ്റാഫ് ടവറിനരികിലേയ്ക്ക് നടക്കുമ്പോഴാണ് 
മറ്റൊരു ദൃശ്യം കണ്ണില്‍പ്പെട്ടത്‌. സമീപത്തെ മരങ്ങളില്‍ ഉണ്ടായിരുന്ന വാനരപ്പട മുഴുവന്‍ ഒന്നിന്
പിറകെ ഒന്നായി ഒരു വശത്തേയ്ക്ക് ഓടുന്നു. ആദ്യം ഓടിയവര്‍ ഓരോ പഴവുമായി തിരികെ
മരങ്ങളിലേയ്ക്ക്.അല്പം മുന്‍പിലേയ്ക്ക് എത്തിയപ്പോള്‍ കണ്ട കാഴ്ച, ഈ വികൃതിക്കുരങ്ങന്മാരെ
ക്കുറിച്ചുള്ള എല്ലാ ധാരണയും തിരുത്തിക്കുറിക്കുന്നതായിരുന്നു. ഒരു കൂടയില്‍ നിറയെ പഴവുമായി
എത്തി കുരങ്ങന്മാര്‍ക്കായി വിതരണം ചെയ്യുകയാണ് ഒരു സ്ത്രീ. പതിനഞ്ചോളം കുരങ്ങന്മാര്‍ അനുസരണയുള്ള സ്കൂള്‍കുട്ടികളെപ്പോലെ പഴവും വാങ്ങി മരത്തിലേയ്ക്കു പായുന്നു. ചില വികൃതി
ക്കുരങ്ങന്മാര്‍മാത്രം പിന്നിലൂടെ എത്തി, കൂടയില്‍ നിന്ന് ഒതുക്കത്തില്‍ പഴങ്ങള്‍ കൈക്കലാക്കാനും
ശ്രമിക്കുന്നുണ്ട്. ഭക്ഷണം കണ്ടാല്‍, മനുഷ്യരെപ്പോലും ആക്രമിച്ചു തട്ടിയെടുക്കുന്നതില്‍ പേരുകേട്ടവ
രാണ് ഡല്‍ഹിയിലെ കുരങ്ങന്മാര്‍. ഇത്രയും അനുസരണയോടെ അവയെ കാണുവാന്‍ സാധിക്കുക
അപൂര്‍വ്വം....കൂടയിലെ പഴം തീരുന്നതുവരെ, ഈ കാഴ്ചയും കണ്ടു ഞാന്‍ അടുത്തുള്ള ഒരു ബഞ്ചില്‍
സ്ഥാനം പിടിച്ചു. പഴം തീര്‍ന്നു ഒഴിഞ്ഞ കൂടയുമായി അവര്‍ പോയതോടെ ഞാനും യാത്ര തുടര്‍ന്നു.
അല്പം ദാഹജലം...............
സായാഹ്നസവാരിക്കെത്തിയവരെ കൊണ്ട്  വഴി മുഴുവന്‍ നിറഞ്ഞിരിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന ചില സ്ഥലങ്ങളില്‍ പായ വിരിച്ചു ഭക്ഷണവും, വെടിവട്ടവുമായി കൂടിയിരിക്കുന്നു ചില കുടുംബങ്ങള്‍. ഇയര്‍
ഫോണിലൂടെ ശ്രവിക്കുന്ന സംഗീതത്തിന്റെ താളത്തില്‍, സായാഹ്നസവാരി ആസ്വദിക്കുന്ന യുവതീ
യുവാക്കള്‍. കാടിനുള്ളിലെ വള്ളിക്കുടിലുകളിലേയ്ക്ക് സ്വകാര്യത തേടി പോകുന്ന ഇണക്കുരുവികള്‍.
ജനവാസമേഖലയുടെ നടുവിലുള്ള ഈ പച്ചത്തുരുത്തിന്റെ കുളിര്‍മ ആസ്വദിക്കുവാനെത്തുന്നവരാണ്
ഏറെയും. കണിക്കൊന്നയും, വാകമരങ്ങളും,ബോഗണ്‍വില്ലയും പൂത്തുലഞ്ഞതോടെ റിഡ്ജ് കൂടുതല്‍ 
സുന്ദരിയായിരിക്കുന്നു. അവളുടെ കവിളുകളിലേയ്ക്ക് സായാഹ്നസൂര്യന്റെ ചെങ്കതിരുകള്‍ പകര്‍ന്ന 
അരുണിമ വ്യാപിച്ചുതുടങ്ങിയതോടെ ആ സൌന്ദര്യം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചുതുടങ്ങി.
ബോഗണ്‍വില്ലയുടെ തണലിലൂടെ.................
സന്ധ്യമയക്കത്തില്‍ ചേക്കേറാനൊരുങ്ങുന്ന മയിലുകളുടെയും, മറ്റ് അനവധി പക്ഷികളുടെയും
കോലാഹലം റിഡ്ജിനെ കൂടുതല്‍ ശബ്ദമുഖരിതമാക്കി. പ്രകൃതിയുടെ രാഗ, താള, ദൃശ്യ വിന്യാസ
ങ്ങള്‍ ആസ്വദിച്ചുള്ള ഈ നടപ്പിനിടയിലാണ് ജീവിതത്തിന്റെ സുന്ദരസായാഹ്നം ആസ്വദിച്ചു ചിലവി
ടുന്ന ആറ് സുഹൃത്തുക്കളെ കണ്ടു മുട്ടിയത്‌. തിരക്കേറിയ ജീവിതത്തില്‍നിന്നും വിരമിച്ച്‌, എല്ലാ സായാഹ്നങ്ങളിലും  ഇവിടെ ഒത്തുചേര്‍ന്ന്, പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചു പിരിയുന്നവരാണ് ഈ  സുഹൃത്തുക്കള്‍.ഹിന്ദിയിലുള്ള പരിജ്ഞാനം എനിക്ക് വളരെ കുറവാണെങ്കിലും,അവരോടൊത്ത്
ചിലവിട്ട പത്തുമിനിട്ടു സമയം വിലമതിക്കാനാവാത്തതു തന്നെ.ഭാഷയും, പ്രായവും ബന്ധങ്ങള്‍ രൂപീകരിക്കുന്നതിന് ഒരു തടസ്സമല്ലെന്ന് വെളിവാക്കുന്നതായിരുന്നു ആ നിമിഷങ്ങള്‍...... കുറച്ചു ഫോട്ടോയുമെടുത്ത്, അവ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള അനുവാദവും വാങ്ങിയ ശേഷം ഞാന്‍ അവരോടു യാത്ര പറഞ്ഞു. 

ബോഗണ്‍വില്ലയുടെ തണല്‍ പറ്റിയുള്ള യാത്രയില്‍ ഒരു സുഹൃത്തിനെക്കൂടി ലഭിച്ചു. രാജ്ബീര്‍ സിംഗ്.
റിഡ്ജിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഡല്‍ഹി ജലബോര്‍ഡിന്റെ, കൂറ്റന്‍ ടാങ്കിന്റെ കാവല്‍
ക്കാരനാണ്‌. റിഡ്ജിനെക്കുറിച്ച് നടത്തിയ ചില  അന്വേഷണങ്ങള്‍, കേരളത്തിന്റെ സൌന്ദര്യവും
കടന്നു വ്യക്തിപരമായ കാര്യങ്ങളിലേയ്ക്ക് കടന്നു....സംസാരിച്ച് ടാങ്കിന്റെ സമീപമെത്തിയപ്പോള്‍ മുകളില്‍ കയറി കാണുവാനുള്ള ആഗ്രഹം ഞാനും മറച്ചു വച്ചില്ല. സുരക്ഷാപ്രശ്നങ്ങളാല്‍ ഇവിടം ഫോട്ടോഗ്രഫി നിരോധിത മേഖലയാണ്. ക്യാമറ ബാഗിനുള്ളിലേയ്ക്ക് വച്ചശേഷം നടകള്‍ കയറി
ടാങ്കിന്റെ മുകള്‍ വശത്തേയ്ക്ക് നടന്ന്. അര ഏക്കറോളം സ്ഥലത്തായി നിര്‍മ്മിച്ചിരിക്കുന്ന ടാങ്കിന്റെ
മുകള്‍വശം സകലയിനത്തിലുംപെട്ട പക്ഷികളുടെ താവളമാണ്. വീട്ടുമുറ്റത്തു കോഴികള്‍ ചികഞ്ഞു
നടക്കുന്നതുപോലെ മയില്‍ക്കൂട്ടങ്ങള്‍ പുല്ലുകള്‍ക്കിടയിലൂടെ നടക്കുന്ന കാഴ്ച ശരിക്കും മനസ്സ് കുളിര്‍പ്പിച്ചു....ക്യാമറ പുറത്തെടുക്കാനാകാത്തതില്‍ അല്പം നിരാശയും.......റിഡ്ജിന്റെ ഏറ്റവും ഉയരമുള്ള ഭാഗമായതിനാല്‍ ഇവിടെ നിന്നുള്ള കാഴ്ചയും അതിമനോഹരമാണ്. അപൂര്‍വമായി ലഭി
ക്കുന്ന ഇത്തരം കാഴ്ചകള്‍ ആസ്വദിക്കുവാന്‍ ഇത്തവണ സുഹൃത്തുക്കള്‍ കൂടെയില്ലാതെ പോയി.....
ഇനിയും ഏറെ കാഴ്ചകള്‍ അവശേഷിക്കുന്നതിനാല്‍ രാജ്ബീര്‍ സിങ്ങിനോട് യാത്ര പറഞ്ഞിറങ്ങി.
ഇവിടെ നിന്നും മുന്നൂറു മീറ്റര്‍ മാത്രം അകലത്തിലാണ് ഫ്ലാഗ് സ്റ്റാഫ് ടവര്‍ സ്ഥിതി ചെയ്യുന്നത്.   
ഫ്ലാഗ് സ്റ്റാഫ് ടവര്‍
ഫ്ലാഗ് സ്റ്റാഫ് ടവര്‍ എന്ന പേരിനു കാരണമായ കൊടിമരമൊന്നും ഇപ്പോള്‍ കാണുവാനില്ലെങ്കിലും, സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് ബ്രിട്ടീഷ് പതാക ഈ ടവറിനുമുകളില്‍ ഉയര്‍ന്നു പറന്നിരുന്നു.
റിഡ്ജിന്റെ പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന സൈനികക്യാമ്പിന്റെ ഭാഗമായി 1828 -ല്‍ നിര്‍മ്മിച്ച ഈ ടവറിനരികിലേയ്ക്കാണ് 1857 മെയ്‌ 11 ന്, ഡല്‍ഹിയിലെ കൂട്ടക്കൊലയില്‍ നിന്നും രക്ഷപെട്ട ബ്രിട്ടീഷ് കുടുംബങ്ങള്‍ കര്‍ണാലിലേയ്ക്കുള്ള യാത്രക്ക് മുന്‍പ് അഭയം പ്രാപിച്ചത്. മറ്റു സ്ഥലങ്ങളില്‍
നിന്നുള്ള സൈന്യത്തിന്റെ സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും, സഹായം ലഭിക്കാതെ
വന്നതിനാല്‍ അവര്‍ക്ക് പഞ്ചാബിലേക്ക്  പലായനം ചെയ്യേണ്ടിവന്നു. ബ്രിട്ടീഷുകാര്‍ ശക്തമായി
തിരിച്ചടിച്ചപ്പോള്‍ പരാജയപ്പെട്ട കലാപകാരികള്‍, അവസാനം അഭയം തേടിയെത്തിയതും ഇവിടെ തന്നെയായിരുന്നു.ഇവിടെ വച്ച് വധിക്കപ്പെട്ട അവരുടെ ശവശരീരങ്ങളാണ് Khooni Jheel എന്ന
രക്തത്തിന്റെ തടാകത്തിലേയ്ക്ക് എറിയപ്പെട്ടത്
വൃത്താകൃതിയില്‍ ഗോഥിക് നിര്‍മാണശൈലിയില്‍ പൂര്‍ത്തിയാക്കിയ ടവറിന്റെ  ഉള്ളിലേയ്ക്കുള്ള
വാതില്‍ ചങ്ങലയിട്ടു ബന്ധിച്ചിരിക്കുകയാണ്.....പരിസരം മുഴുവന്‍ ആളുകളെക്കൊണ്ട് നിറഞ്ഞു തുടങ്ങിയിരിക്കുന്നു...ബാഡ്മിന്റണ്‍, യോഗ, ധ്യാനം, സൈക്ലിംഗ് തുടങ്ങി നിരവധി കളികളും, കാര്യങ്ങളുമായി എല്ലാവരും സമയം ചിലവഴിക്കുന്നു. തിരക്കേറിയതോടെ റിഡ്ജിനു സമീപത്തായി
സ്ഥിതി ചെയ്യുന്ന പാര്‍ക്കിലേയ്ക്ക് നടന്നു. ഡല്‍ഹി വൈസ് ചാന്‍സിലറുടെ ബംഗ്ലാവിനോട്‌
ചേര്‍ന്നാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍- ജനുവരി മാസം മുതല്‍ ഡല്‍ഹിയില്‍
പൂക്കളുടെ വസന്തകാലമാണ്. എല്ലാ പാര്‍ക്കുകളും, വഴിയോരങ്ങളും ഈ സമയം മുതല്‍ പൂക്കള്‍
കൊണ്ട് നിറഞ്ഞിരിക്കും.ഇവിടെയും പൂക്കളുടെ വര്‍ണപ്പെരുമഴയാണ്.........ഗേറ്റ് കടന്നു, കയറി
ചെല്ലുന്ന സ്ഥലത്തുള്ള മനോഹരമായ റോസ് ഗാര്‍ഡന്‍, വിവിധയിനം  റോസാപൂക്കള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഇനങ്ങള്‍...നിറത്തിലും വലിപ്പത്തിലും വ്യത്യസ്തത
നിറഞ്ഞു നില്‍ക്കുന്ന നൂറുകണക്കിന് പനിനീര്‍ പുഷ്പങ്ങള്‍. എത്ര കണ്ടാലും മതി വരാത്ത ആ
കാഴ്ചയിലേയ്ക്ക് ക്യാമറയുമായി ചാടി വീഴുകയായിരുന്നു. തോട്ടത്തിനകത്ത് പ്രവേശിക്കരുതെന്ന
മുന്നറിയിപ്പ് വെണ്ടയ്ക്ക വലിപ്പത്തില്‍ എഴുതി വച്ചിട്ടുണ്ടെങ്കിലും നല്ല ചിത്രങ്ങള്‍ കിട്ടണമെങ്കില്‍
അല്പം നിയമ ലംഘനം നടത്താതെ നിവൃത്തിയില്ല.          







റോസ് ഗാര്‍ഡനില്‍ നിന്നെടുത്ത കുറച്ചു ചിത്രങ്ങളാണിവ. എന്റെ നിയമലംഘനം കണ്ടു
പ്രലോഭിതരായ കുറച്ചു കുട്ടികള്‍കൂടി തോട്ടത്തിലേയ്ക്ക് കടന്നതോടെ ഫോട്ടോഗ്രഫി നിറുത്തി
ഞാന്‍  പുറത്തു കടന്നു. ഇവിടെനിന്നും മുന്നിലേയ്ക്ക് വിശാലമായ പുല്‍ത്തകിടിയും നടപ്പാതയും
സജ്ജീകരിച്ചിട്ടുണ്ട്. പാതയുടെ ഇരുവശങ്ങളിലും പൂച്ചെടികളുടെ വര്‍ണ താലപ്പൊലി........ഒരു
ഫ്ലവര്‍ഷോയുടെ നടുവില്‍ ചെന്നുപെട്ട പ്രതീതി......ഇവിടെയും സായാഹ്നസവാരിക്കാരുടെയും,
കുടുംബമായി എത്തിയിരിക്കുന്നവരുടെയും തിരക്കാണ്. ഭാരതീയ ഭിക്ഷു സംഘത്തിന്റെ മേല്‍നോട്ട
ത്തില്‍ സ്ഥാപിച്ച ബുദ്ധപ്രതിമയുടെ സമീപം, വ്യത്യസ്തയിനം പൂച്ചെടികള്‍ മനോഹരമായ രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
കുറെ സമയം പാര്‍ക്കിനുള്ളില്‍ക്കൂടി, ചിത്രങ്ങള്‍ എടുത്തും പൂക്കളുടെ ഭംഗി ആസ്വദിച്ചും നടന്നു.
പൂക്കളുടെ ചിത്രങ്ങള്‍കൊണ്ട് മെമ്മറി കാര്‍ഡ് നിറഞ്ഞു കഴിഞ്ഞു. ഇനി  അല്‍പസമയം വിശ്രമത്തി
നുള്ളതാണ്. മനോഹരമായ പുല്‍ത്തകിടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന ഡാലിയ പൂക്കളുടെ തണലില്‍
ആകാശവും നോക്കി അല്‍പ സമയം കിടന്നു....ശാന്തമായ മനസ്സോടെ.........................
സായാഹ്നസൂര്യന്‍ ആകാശം നിറയെ ചെഞ്ചായംപൂശി, മറയാനുള്ള തയ്യാറെടുപ്പിലാണ്. മരങ്ങള്‍ ക്കിടയിലൂടെ ദൃശ്യമായ കുറെ അസ്തമയക്കാഴ്ചകള്‍ കൂടി ക്യാമറയില്‍ പകര്‍ത്തിയ ശേഷം   ഞാനും, പൂക്കളുടെ ലോകത്തില്‍നിന്നുള്ള  മടക്കയാത്ര ആരംഭിച്ചു.......
******************************************************************************
കമല നെഹ്രു റിഡ്ജ് - പീര്‍-ഗഹിബ് യാത്രയിലേയ്ക്ക്  പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   

1 comment:

  1. ചരിത്രത്തിൽ ഇടം നേടിയിട്ടും ജനശ്രദ്ധ നേടാതെ കിടക്കുന്ന മറ്റൊരിടവും അതിന്റെ പരിസരങ്ങളും. നന്ദി ഷിബൂ ഈ പങ്കെവെക്കലിന്.

    ReplyDelete