Wednesday, April 24, 2013

വനസീമകളീലൂടെ - 2

തേക്കടികാടുകളിലൂടെ നടത്തിയ, ഒരു ദിവസം നീണ്ടുനിന്ന യാത്രയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗത്തിലേയ്ക്ക് പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
.............................................................................................................................................................

ഉടുമ്പിന്റെ ചിത്രങ്ങൾ പകർത്തിയതിനുശേഷം ഞങ്ങളുടെ യാത്ര, പുൽമേടുകളും മലഞ്ചെരിവുകളും പിന്നിട്ട് ഇടതൂർന്ന കാടുകളുടെ അകത്തളങ്ങളിലേയ്ക്ക് വഴിമാറിത്തുടങ്ങി..... പച്ചപ്പുതപ്പിനടിയിൽ ഇരുണ്ടു കിടക്കുന്ന കാനനഭാവങ്ങളുടെ ആഴങ്ങ വർദ്ധിപ്പിച്ച്, ആകാശത്തെ സ്പർശിയ്ക്കുവാനെന്നപോലെ ഉയർന്നു നിൽക്കുന്ന വൻവൃക്ഷങ്ങൾ.... നട്ടുച്ചയ്ക്കുപോലും പ്രകാശരശ്മികൾ കടന്നുവരുവാൻ മടികാണിയ്ക്കുന്ന വൃക്ഷമേലാപ്പിനു താഴെയായി, കറയില്ലാത്ത പ്രകൃതിയ്ക്കു  മാത്രം പകർന്നു നൽകുവാൻ കഴിയുന്ന സുഖകമായ, ണുപ്പ് നിഞ്ഞനിൽക്കന്ന കാലാവസ്ഥ...... ദൈർഘ്യമേറിയ കാൽനടയാത്രയുടെ ക്ഷീണത്തെ ദൂരെയകറ്റി, മനസ്സിനും ശരീരത്തിനും ഉന്മേഷം പകർന്നു നൽകുന്ന കാനനന്ദര്യ എല്ലാ യാത്രികർക്കും ഒരുപോലെ പുതിയ അനുഭവങ്ങളായി മാറുകയായിരുന്നു..
മലയിറക്കം.......

കാടിനെ തേടിയെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിവച്ച അകമ്പടിവാദ്യം പോലെ, കാതുകൾക്ക് ഇമ്പം പകരുന്ന കാട്ടുപറവകളുടെ ശുദ്ധസംഗീതമാണ് എവിടെയും മുഴങ്ങിക്കേൾക്കുന്നത്... മറഞ്ഞിരുന്നു മൂളുന്ന കള്ളിക്കുയിലിന്റെയും, മഞ്ഞക്കിളികളുടെയും മാധുര്യമൂറുന്ന കളകൂജനങ്ങൾ അതിമനോഹരമായ പ്രണയഗാനങ്ങൾപോലെ എല്ലാ ശബ്ദങ്ങൾക്കും മുകളിലായി വേറിട്ടു നിൽക്കുന്നു..... അങ്ങകലെയായി, നീലിമ പരന്നുകിടക്കുന്ന പെരിയാർ മലനിരകൾക്കുമുകളിലൂടെ ഒഴുകിവരുന്ന, വേഴാമ്പലിന്റെ  മുഴങ്ങുന്ന ചിറകടി ശബ്ദങ്ങൾ...... വാതായനങ്ങൾ അടഞ്ഞ കൂടിനുള്ളിൽ, തന്റെ വരവും കാത്തിരിയ്ക്കുന്ന ഇണപക്ഷിയുടെ ഓർമ്മകളുമായി കാട്ടാലിൻപഴങ്ങൾ തേടിയലയുന്ന അവന്റെ ഒരു വിദൂര ദർശനം മാത്രം ഞങ്ങൾക്ക് സമ്മാനിച്ചശേഷം, ആ ചിറകടിശബ്ദവും മെല്ലെ കാടിന്റെ നിശബ്ദതയിലേയ്ക്ക് ലയിച്ചു.


ഏതാണ്ട് ഒരു മണിയ്ക്കൂറോളം നീണ്ടുനിൽക്കുന്നതായിരുന്നു ആ യാത്ര... കാടിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിച്ചുകൊണ്ടുതന്നെ എഴുകുമേടിന്റെ അടിവാരത്തിലേയ്ക്ക് ഞങ്ങൾ ഇറങ്ങിച്ചെന്നുകൊണ്ടിരുന്നു... അകലെയായി ഇലച്ചാർത്തുകൾക്കിടയിലൂടെ ഒളിഞ്ഞും, തെളിഞ്ഞും മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന തടാകത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ കൂടുതൽ വ്യക്തമായിത്തുടങ്ങിയിരിയ്ക്കുന്നു. കാട്ടുവഴികളെ മറച്ചുകൊണ്ട് ചുറ്റിപ്പിണഞ്ഞുവളരുന്ന കാട്ടുവള്ളികളും, കുറ്റിച്ചെടികളും വകഞ്ഞുമാറ്റി, കാടുകൾക്കു നടുവിൽ മറഞ്ഞുകിടക്കുന്ന നയനാഭിരാമമായ  കാഴ്ചയിലേയ്ക്കായിരുന്നു ഞങ്ങൾ കടന്നുചെന്നത്.. മലനിരകൾക്കിടയിലൂടെ തടാകത്തെ ലക്ഷ്യംവച്ച് ഒഴുകുന്ന ഒരു ചെറിയ നീർച്ചാൽ.... വേനലിന്റെ പെരുക്കത്തിൽ വെള്ളമിറങ്ങിപ്പോയ ആ കാട്ടുചോലയുടെ തീരങ്ങളിൽ, പച്ചവെൽവെറ്റ് പുതപ്പിച്ചതുപോലെ ആർത്തു വളർന്നു നിൽക്കുകയാണ് ഇളംപുൽനാമ്പുകൾ... കാട്ടുമൃഗങ്ങൾ ചവിട്ടിത്തെളിച്ച വഴിത്താരകൾ, ഹരിതവർണ്ണം പൂശിയ പരവതാനിയിലേയ്ക്ക് തെറിച്ചുവീണ കറുത്ത മഷിപ്പാടുകൾപ്പോലെ പുൽപ്പരപ്പിലുടനീളം നീണ്ടുകിടക്കുന്നു... ജലപ്പരപ്പിനുനടുവിലൂടെ ഉയർന്നുനിൽക്കുന്ന കൂറ്റൻ വൃക്ഷക്കുറ്റികൾ... പരൽമീനുകൾ നീന്തിക്കളിയ്ക്കുന്ന ഓളപ്പരപ്പിലേയ്ക്ക് കണ്ണുംനട്ട്, പ്രതീക്ഷയോടെ തപസ്സനുഷ്ഠിയ്ക്കുന്ന വെള്ളരികൊക്കുകളുടെ കാത്തിരിപ്പുകേന്ദ്രം കൂടിയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ആ മരകുറ്റികൾ...
വൻമരച്ചുവട്ടിൽ അല്പനേരം........
മനോഹരമായ പ്രകൃതിദൃശ്യത്തിന്റെ തുടക്കത്തിൽത്തന്നെ പടർന്നുപന്തലിച്ചു നിൽക്കുന്ന ഒരു വലിയ കാട്ടുചേലമരമുണ്ട് . നൂറുകണക്കിനു വള്ളികൾ കൂട്ടിപ്പിരിച്ചെടുത്തതുപോലെ ചുറ്റിപ്പിണഞ്ഞു വളരുന്ന ഒരു ഭീമൻ വൃക്ഷം.. എട്ടോളം ആളുകൾ വട്ടം കൈ കോർത്തുനിന്നാൽ മാത്രം അളന്നെടുക്കാവുന്നതാണ്, അസാധാരണ വലിപ്പമുള്ള തായ്ത്തടിയുടെ ചുറ്റളവ്... ഒരു നിമിഷം ! വൻ വൃക്ഷത്തിന്റെ കാഴ്ചയിൽ എല്ലാവരുടെയും കണ്ണുകൾ വിസ്മയത്താൽ വിടർന്നു.

"ഇവിടെ ഇരുന്ന് അല്പസമയം മടുപ്പ് മാറ്റിയിട്ട് പോകാം.... ഞങ്ങൾക്കും ഇവിടെ കുറച്ച് പണിയുണ്ട്" ചുമലിൽ തൂക്കിയിട്ടിരുന്ന ബാഗുകൾ  മരച്ചുവട്ടിലേയ്ക്ക് ഇറക്കിവച്ചുകൊണ്ട് രവി പറഞ്ഞു.

നടപ്പിന്റെ ക്ഷീണം കാര്യമായി ബാധിച്ചിരുന്നില്ലെങ്കിലും, ചേലമരച്ചുവട്ടിലെ കുളിർമ്മയോടും, മനോഹരമായ ഭൂപ്രകൃതിയോടും തോന്നിയ ആകർഷണീയത കൊണ്ട് ബാഗുകൾ ഇറക്കിവച്ചശേഷം ആ വൻമരത്തിന്റെ തണലിലേയ്ക്ക് എല്ലാവരും സ്ഥാനം പിടിച്ചു..
തെളിനീരുമായി.............
അല്പനേരം  ഞങ്ങളോടൊത്ത് വിശ്രമിച്ചശേഷം അനീഷും, രവിയും നീർച്ചാലിനരികിലൂടെ അല്പം ദൂരെയുള്ള ഒരു മൊട്ടക്കുന്ന് ലക്ഷ്യമാക്കി നടന്നു. നെൽവയലുകൾ നികത്തി, തണ്ണീർത്തടങ്ങളിൽ മണ്ണിട്ടുയർത്തി, കീടനാശിനികളും, രാസവളങ്ങളും നിയന്ത്രണമില്ലാതെ കൃഷിയിടങ്ങളിലേയ്ക്ക് ഒഴുകിയെത്തിയപ്പോൾ നമ്മുടെ തൊടികളിൽനിന്നും അപ്രത്യക്ഷമായത്, അമൂല്യങ്ങളായ നാടൻ ഔഷധച്ചെടികളുടെ ശേഖരങ്ങൾ കൂടിയായിരുന്നു.... നാട്ടിൻപുറങ്ങളിൽനിന്നും, വഴിയോരങ്ങളിൽനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞതും, ഇന്ന് കാടുകൾക്കുള്ളിൽ മാത്രം കാണപ്പെടുന്നതുമായ അത്തരം ചില ഔഷധച്ചെടികൾ തേടിയായിരുന്നു അവർ നടന്നത്. 

പെരുവിലം, തുമ്പ, കറുക, നറുനീണ്ടി, തൊട്ടാവാടി, ആനച്ചുവടി, കുറുന്തോട്ടി, കാട്ടുകുരുമുളക് തുടങ്ങി,  മലയാളനാടിന്റെ സ്വന്തമെന്ന് അഭിമാനിയ്ക്കാവുന്ന ഒട്ടനവധി ഔഷധച്ചെടികളുടെ അപൂർവ്വ കലവറകൂടിയാണ് പെരിയാർ കാടുകൾ. ഉൾവനങ്ങളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന ഈ മരുന്നുചെടികൾ ശേഖരിയ്ക്കുവാനുള്ള അനുവാദം, അതാത് വനപ്രദേശങ്ങളിൽ താമസിയ്ക്കുന്ന ആദിവാസികൾക്കു മാത്രമാണ് ഇപ്പോൾ ഗവണ്മെന്റ് നൽകിയിരിയ്ക്കുന്നത്..

വനത്തിലൂടെ സഞ്ചാരികളോടൊപ്പം ഗൈഡായിപ്പോകുന്ന ആദിവാസികളായ വാച്ചന്മാർക്ക് ലഭിയ്ക്കുന്ന ഒരു ചെറിയ ബോണസ്സുകൂടിയാണ് ഈ ഔഷധച്ചെടികളുടെ ശേഖരണം.. ഈ പച്ചമരുന്നുകൾ വണ്ടിപ്പെരിയാറ്റിലെയും കുമളിയിലെയും,  മാർക്കറ്റിലെത്തിച്ചാൽ ലഭിയ്ക്കുന്ന ചെറിയ തുകകളിലൂടെയും അവർ തങ്ങളുടെ കുടുംബങ്ങൾക്കായുള്ള ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു.

പക്ഷേ മറ്റു മേഖലകളിൽ അനുഭവിയ്ക്കുന്നതുപോലെ തന്നെയുള്ള ചൂഷണം ഔഷധച്ചെടികളുടെ വില്പനയിലും ആദിവാസികൾ നേരിട്ടുകൊണ്ടിരിയ്ക്കുന്നു എന്ന വസ്തുതയും സൂചിപ്പിയ്ക്കാതെ തരമില്ല... വളരെ തുച്ഛമായ പ്രതിഫലം നൽകി തങ്ങളിൽനിന്നും ഇടനിലക്കാർ ശേഖരിയ്ക്കുന്ന ഈ മരുന്നുകൾ, എത്രയോ ഇരട്ടി വിലയ്ക്കാണ് വൻകിട മരുന്നുകമ്പനിക്കാർക്ക് വിൽക്കപ്പെടുന്നതെന്ന് നിരക്ഷരരായ ഈ പാവങ്ങൾ മനസ്സിലാക്കുന്നില്ല.. അഥവാ ഈ ചൂഷണത്തേക്കുറിച്ച് മനസ്സിലാക്കിയാൽത്തന്നെയും ആരുടെയും പിൻബലമില്ലാത്ത ആദിവാസികൾക്ക്, നിസ്സഹായരായി നോക്കിനിൽക്കുവാൻ മാത്രമേ സാധിയ്ക്കൂ എന്നതാണ് മറ്റൊരു യാഥാർത്ഥ്യം...  
സ്ഥിരമായി കണ്ടുമടുത്ത കാഴ്ചകൾ സമ്മാനിയ്ക്കുന്ന വിരസതമൂലമാകണം ഇതിനിടെ വിനോദ് മരത്തണലിലേയ്ക്ക് നീണ്ടുനിവർന്നുകിടന്നു കഴിഞ്ഞിരുന്നു... പിന്നാലെ പീറ്ററും.. പക്ഷേ കൺമുൻപിൽ മാടിവിളിയ്ക്കുന്ന കാടിന്റെ സൗന്ദര്യത്തിൽ മനസ്സുടക്കിയതോടെ അൽപം വെള്ളം കുടിച്ചശേഷം ഞങ്ങൾ  തോടിന്റെ കരയിലൂടെ കാഴ്ചകൾ ആസ്വദിച്ചിറങ്ങി.....

ഈ യാത്രയ്ക്കിടയിൽ കാണുവാൻ സാധിച്ച ഏറ്റവും മനോഹരമായ ഭൂപ്രദേശത്തിനു നടുവിലായിരുന്നു ഞങ്ങൾ അപ്പോൾ... വെയിലിന്റെ തീവ്രതയിൽ കാട്ടുമൃഗങ്ങൾ ഉൾക്കാടുകളുടെ തണുപ്പിലേയ്ക്ക് മറഞ്ഞ് വിശ്രമിയ്ക്കുമ്പോൾ, വെള്ളച്ചാലിനരികിലൂടെ  പറന്നുനടന്നിരുന്ന ചിത്രശലഭക്കൂട്ടങ്ങൾ ഞങ്ങളുടെ കണ്ണുകൾക്ക് ഒരു കാഴ്ച തന്നെയായി മാറുകയായിരുന്നു... ചുട്ടിമയൂരി, ആൽബട്രോസ്, നീലക്കുടുക്ക.. പേരറിയാവുന്നതും, അറിവില്ലാത്തതുമായ വിവിധയിനം ചിത്രശലഭങ്ങളാണ്, വർണ്ണപ്പൊട്ടുകൾ വാരി വിതറിയതുപോലെ പഞ്ചാരമണൽപ്പരപ്പിനുമുകളിലൂടെ   ചിതറിപ്പറന്നുനടന്നിരുന്നത്...

ചെളിയും, നനഞ്ഞ മണ്ണും, ചീഞ്ഞ ഇലകളും അടിഞ്ഞുകൂടിയിരിയ്ക്കുന്ന പ്രദേശങ്ങളിൽ വിവിധ ഇനങ്ങളിൽപ്പെട്ട ശലഭങ്ങളുടെ ഇത്തരത്തിലുള്ള കൂടിച്ചേരലുകൾ പല യാത്രകളിലും കാണുവാൻ സാധിച്ചിട്ടുണ്ട്.. ചിന്നാർ കാടിനുള്ളിലെ പാമ്പാറിന്റെ തീരത്താണ് ഇത്തരം കൂടിച്ചേരലുകൾ ഏറ്റവും അധികം കാണുവാൻ സാധിച്ചിട്ടുള്ളത്. ഈർപ്പമുള്ള ഇത്തരം പ്രദേശങ്ങളിൽ അടിഞ്ഞു കൂടിയിരിയ്ക്കുന്ന ചില പ്രത്യേകതരം പോഷകങ്ങൾ വലിച്ചെടുക്കുവാനാണ് ഈ ശലഭങ്ങൾ കൂട്ടംകൂടി എത്തിച്ചേരുന്നത്.. ചെളിയൂറ്റൽ ( Mud paddling)  എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിലൂടെ ആരോഗ്യമുള്ള മുട്ടകൾ ഉദ്പാദിപ്പിയ്ക്കുവാനുള്ള ചില അത്യാവശ്യ പോഷണങ്ങൾ ഈ ചെളിയിൽനിന്നും ശലഭങ്ങൾ വലിച്ചെടുക്കുന്നു.. സാധാരണയായി ആൺശലഭങ്ങളാണത്രേ ഈ പോഷകങ്ങൾ ഇത്തരത്തിലുള്ള പ്രദേശങ്ങളിൽനിന്നും ശേഖരിയ്ക്കുന്നത്... ഇണചേരുന്ന സമയത്ത് ഈ പോഷകങ്ങൾ അവ പെൺശലഭങ്ങളിലേയ്ക്ക് പകർന്നുനൽകുകയാണ് ചെയ്യപ്പെടുക.
ചെളിയൂറ്റൽ.....
ഞങ്ങൾക്കുചുറ്റും പറന്നുനടന്നിരുന്നവയിൽ ഏറെയും ആൽബട്രോസ് ശലഭങ്ങളായിരുന്നു.. മഞ്ഞയും, വെള്ളയും കലർന്ന നിറങ്ങളിൽ തുള്ളിപ്പറന്നു നടന്നിരുന്ന അവയുടെ ഏറെ ചിത്രങ്ങൾ കുറഞ്ഞസമയം കൊണ്ട് ഞങ്ങൾ ക്യാമറകളിലേയ്ക്ക് പകർത്തി.

തുണികൊണ്ടുള്ള ഒരു ചെറിയ കെട്ടുനിറയെ ഏതൊക്കെയോ മരുന്നുചെടികളുമായി അനീഷും, രവിയും മടങ്ങിയെത്തിയതോടെ വിശ്രമവും, ഫോട്ടോയെടുപ്പും അവസാനിപ്പിച്ച് എല്ലാവരും യാത്രയ്ക്ക് തയ്യാറായി. ഏതാണ് ഒന്നര കിലോമീറ്ററോളം നടന്നാൽ അഞ്ചുരുളിയിലെ ക്യാമ്പ്ഷെഡ്ഡിലെത്തും..  തെളിനീരുമായി ഒഴുകിനീങ്ങുന്ന നീർച്ചാലിന്റെ ഓരംചേർന്ന് ഞങ്ങൾ നടപ്പ് ആരംഭിച്ചു.

ഉച്ചവെയിലിന്റെ തീവ്രത കൂടിവരികയാണ്... എങ്കിലും തടാകപ്പരപ്പിനെ തലോടിയെത്തുന്ന ഇളംകാറ്റ് നടപ്പിന്റെ ക്ഷീണത്തേയും തഴുകിയകറ്റിക്കൊണ്ടിരുന്നു.. ഒപ്പം മനസ്സിന് ഉന്മേഷം പകർന്നുനൽകി, നാലുചുറ്റും പരന്നുകിടക്കുന്ന പെരിയാർ കാടുകളുടെ മനോഹരമായ വശ്യതയും... തടാകതീരത്തുകൂടി ഇരതേടി നടക്കുന്ന വെള്ളരിക്കൊക്കുകളും, നീർകാക്കകളും, ചെറുമീൻകൊത്തികളും ഉൾപ്പെടുന്ന പക്ഷിക്കൂട്ടങ്ങളായിരുന്നു മറ്റൊരു മനോഹരമായ കാഴ്ച... അവയ്ക്കൊപ്പം പ്രകൃതിയിലെ സന്ദേശവാഹകരായ, തിത്തിരിപക്ഷികളുടെ കുടുംബത്തിൽപ്പെട്ട ചെങ്കണ്ണികളുമുണ്ട്.... കേരളത്തിലെ പല ഉൾനാടൻപ്രദേശങ്ങളിലും ചെങ്കണ്ണികളെയും, മഞ്ഞക്കണ്ണികളേയും 'ആൾകാട്ടി' എന്ന് വിളിയ്ക്കാറുണ്ട്. പേര് സൂചിപ്പിയ്ക്കുന്നതുപോലെതന്നെ ഈ പക്ഷികൾ സമീപപ്രദേശങ്ങളിലെവിടെയെങ്കിലും മനുഷ്യസാമീപ്യമനുഭവപ്പെട്ടാൽ അത് മറ്റു ജീവജാലങ്ങളെ വിളിച്ചറിയിയ്ക്കുന്നതിൽ അതിസമർത്ഥരാണ്.. ചെങ്കണ്ണിയുടെ പ്രത്യേകരീതിയിലുള്ള മുന്നറിയിപ്പ് കേൾക്കുന്ന മാത്രയിൽ മറ്റു ജീവികൾ ജാഗ്രത പാലിച്ചു തുടങ്ങും. അതുകൊണ്ട് മറ്റു പക്ഷിമൃഗാദികളെ സംബന്ധിച്ചിടത്തോളം, ചെങ്കണ്ണി ഉത്തരവാദിത്വമുള്ള കാവൽക്കാരൻ തന്നെയാണെന്ന് പറയാം.
ചെങ്കണ്ണികൾ....
ഞങ്ങളുടെ യാത്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരു നിശ്ചിത അകലമിട്ട് മുൻപിൽ ഓടിനടന്നും, ഇടയ്ക്ക് വലംവച്ച് പറന്നും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന രണ്ട് ചെങ്കണ്ണികൾ, മറ്റു പക്ഷികളുടെ ചിത്രങ്ങൾ പകർത്തുന്നതിന് കുറേ നേരത്തേയ്ക്ക് ഒരു തടസ്സം തന്നെയായിരുന്നു.

ചെങ്കണ്ണികളുടെ കലമ്പലുകൾക്കിടയിലൂടെ മുൻപോട്ട് നീങ്ങുമ്പോഴാണ് വഴിയോരത്തെ മറ്റൊരു കാഴ്ചയിലേയ്ക്ക് രവി കൈ ചൂണ്ടുന്നത്... ഉണങ്ങിയ പുല്ലുകൾക്കിടയിൽ ഇണചേരുന്ന രണ്ട് പാമ്പുകൾ.... ഞങ്ങളുടെ സാന്നിദ്ധ്യമറിഞ്ഞതോടെ തലയുയർത്തി അല്പനേരത്തേയ്ക്ക് അവ നിശ്ചലമായി നിന്നു."ചേരപ്പാമ്പുകളാണ്, ശല്യപ്പെടുത്തേണ്ട.... ശബ്ദമുണ്ടാക്കാതെ വന്നാൽ ഫോട്ടോയെടുക്കാം." ഉയർത്തിപ്പിടിച്ചിരിയ്ക്കുന്ന തലയുടെ ആകൃതിനോക്കി ചേരകളാണെന്ന് ഉറപ്പുവരുത്തിയശേഷം അനീഷ് പറഞ്ഞു.
തീർത്തും നിരുപദ്രവകാരിയായ ചേരയും, ഉഗ്രവിഷമുള്ള മൂർഖനും തമ്മിലാണ്  ഇണചേരുന്നത് എന്നൊരു പഴയ വിശ്വാസം ചിലയിടങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. ചിലയാളുകളെങ്കിലും ഇന്നും ആ അന്ധവിശ്വാസത്തിൽ  ഉറച്ചുനിൽക്കുന്നുവെന്നും പറയാതെ വയ്യ.. വ്യത്യസ്തമായ രണ്ട് ഇനങ്ങളിൽപ്പെട്ട ഉരഗവർഗ്ഗ ജീവികൾ ഒരിയ്ക്കലും ഇണചേരില്ല എന്നത് ആധുനിക ജന്തുശാസ്ത്രഞ്ജന്മാർ പഠനങ്ങൾ നടത്തി തെളിയിച്ചുകഴിഞ്ഞ വസ്തുത തന്നെയാണ്. എങ്കിൽപ്പോലും ആ പഴയ അന്ധവിശ്വാസത്തിന്റെ ഇരകളായി മാറാനുള്ള വിധി ഇന്നും നമ്മുടെ നാട്ടിൻപുറങ്ങളിൽ വസിയ്ക്കുന്ന, നിരുപദ്രവകാരികളായ ചേരപ്പാമ്പുകൾക്ക് ഉണ്ടാകാറുണ്ട്....

ചേരപാമ്പുകൾ ഒരുവിധത്തിലും മനുഷ്യന്റെ ശത്രുക്കളല്ലെന്നും, കർഷകന്റെ മിത്രമാണെന്നുമുള്ള ബോധ്യം പ്രകൃതിയോട് ഇഴുകിജീവിച്ചിരുന്ന നമ്മുടെ മുൻ തലമുറകൾക്കുണ്ടായിരുന്നു. അവയുടെ വംശവർദ്ധനവും, സാമീപ്യവും കൃഷിഭൂമികളുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നും, അതുകൊണ്ടുതന്നെ ഇണചേരുന്ന പാമ്പുകളെ ഉപദ്രവിയ്ക്കുവാൻ ആരും ശ്രമിയ്ക്കരുതെന്നുമുള്ള തിരിച്ചറിവിൽനിന്നുമായിരിയ്ക്കണം ഇത്തരമൊരു വിശ്വാസത്തിന്  അവർ രൂപം കൊടുത്തത്.... പാമ്പുകളെ വർഗ്ഗശത്രുക്കളായിക്കണ്ട് കൊന്നൊടുക്കുവാനുള്ള മനുഷ്യന്റെ മൃഗീയവാസനയ്ക്ക്, വിഷപാമ്പുകളോടുള്ള ഭയംകൊണ്ടെങ്കിലും തടസ്സം സൃഷ്ടിയ്ക്കുവാൻ സാധിയ്ക്കുമെന്ന് നമ്മുടെ മുൻതലമുറകളിലെ പ്രകൃതിസ്നേഹികളായ കർഷകർ കരുതിയിരിയ്ക്കണം.

ദൂരെനിന്നുകൊണ്ടുതന്നെ ഇണപ്പാമ്പുകളുടെ ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തിയതിനുശേഷം, അവയെ ശല്യപ്പെടുത്താതെ വളരെ സാവധാനത്തിലാണ് ഞങ്ങൾ മുൻപോട്ട് നീങ്ങിയത്.. എങ്കിലും ഞങ്ങളുടെ ചലനം തിരിച്ചറിഞ്ഞതോടെ  മറ്റൊരു ചിത്രം പകർത്തുവാനിടം തരാതെ അവ സമീപത്തെ കാടിനുള്ളിലേയ്ക്ക് ഇഴഞ്ഞുനീങ്ങി...
തടാകതീരത്തുള്ള ചെറിയ പുൽമേടുകൾ കയറിയിറങ്ങി, തേക്കടിക്കാടുകളുടെ ചേതോഹരമായ കാഴ്ചകൾ ആസ്വദിച്ചുനടന്ന ഞങ്ങൾ, അധികം വൈകാതെതന്നെ അഞ്ചുരുളിയിലെ ക്യാമ്പ് ഷെഡ്ഡിനെ സമീപിച്ചു. ജലാശയത്തിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന ഒരു മലഞ്ചെരുവിൽ കാടിന്റെയും, തടാകത്തിന്റെയും  മനോഹാരിത ആവോളം ആസ്വദിയ്ക്കുവാൻ സാധിയ്ക്കുന്ന തരത്തിലാണ് ഷെഡ്ഡിന്റെ സ്ഥാനം. ഷെഡ്ഡ് എന്ന് പറയപ്പെടുന്നുവെങ്കിലും ഉറപ്പോടെ നിർമ്മിച്ച ഒരു കോൺക്രീറ്റ് കെട്ടിടം തന്നെയായിരുന്നു  അത്.  ആനക്കൂട്ടത്തിന്റെയും, മറ്റു വന്യമൃഗങ്ങളുടെയും കടന്നുകയറ്റത്തിൽനിന്നും രക്ഷ നേടുവാൻ നാലുചുറ്റും ആഴത്തിലുള്ള കിടങ്ങുകളും തയ്യാറാക്കിയിട്ടുണ്ട്.. കിടങ്ങിനു കുറുകെ കാട്ടുതടികൾ കെട്ടിയുണ്ടാക്കിയ ചെറിയ പാലത്തിലൂടെ ഞങ്ങൾ കെട്ടിടത്തിനുള്ളിലേയ്ക്ക് കയറി.
അഞ്ചുരുളി ക്യാമ്പ്....
വനസംരക്ഷണത്തിനായി കാടുകയറുന്ന വാച്ചർമാർക്ക് വിശ്രമിയ്ക്കുവാനുള്ള കേന്ദ്രമായാണ് ഈ കെട്ടിടം നിർമ്മിയ്ക്കപ്പെട്ടത്..  ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വനയാത്രകൾ ആരംഭിച്ചു കഴിഞ്ഞപ്പോൾ കാടു സന്ദർശിയ്ക്കുവാനെത്തുന്ന  സഞ്ചാരികൾക്കുള്ള ഇടത്താവളമായും ഇത് മാറ്റുകയായിരുന്നു. തടാകത്തിൽ മീൻപിടിയ്ക്കുവാനെത്തുന്ന ആദിവാസികളിൽ പലരും ഈ കെട്ടിടത്തിൽ രാത്രികൾ ചിലവഴിയ്ക്കാറുണ്ട്. ഇങ്ങനെ എത്തിച്ചേരുന്ന യാത്രികരുടെ ചിത്രകലാവിരുതുകളാവണം, കെട്ടിടത്തിന്റെ ഭിത്തിമുഴുവനായും കരിക്കട്ടകൾകൊണ്ടുള്ള വരകളാൽ നിറഞ്ഞിരിയ്ക്കുന്നു.

കെട്ടിടത്തിന്റെ സമീപത്തുനിന്നും അല്പം ദൂരെയായി തടാകതീരത്ത്, ആദിവാസികൾ തിരക്കിട്ട മീൻപിടുത്തത്തിലാണ്... അനീഷും, രവിയും ചേർന്ന് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ ഞങ്ങൾ മീൻപിടുത്തത്തിന്റെ കാഴ്ചകളിലേയ്ക്ക് നടന്നു. തേക്കടിക്കാടുകളെ ആശ്രയിച്ചുജീവിയ്ക്കുന്ന മന്നാൻസമുദായത്തിൽപ്പെട്ടവർ തന്നെയായാണ് മീൻപിടുത്തക്കാരിൽ ഏറെയും.. ചെറിയ കുട്ടികൾ ഉൾപ്പടെ, കുടുംബാംഗങ്ങൾ മുഴുവനായിത്തന്നെ തടാകതീരത്തുണ്ട്.. ഒരു പാറയുടെ മറവിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ് ഒരുകൂട്ടം സ്ത്രീകൾ. കാട്ടുമരത്തിന്റെ ചില്ലകൾ ഒടിച്ചുകുത്തിയുണ്ടാക്കിയ തണലിൽ മയങ്ങിക്കിടക്കുന്ന ചെറിയ കുട്ടികൾ.. പുരുഷന്മാരാകട്ടെ കടുത്ത വെയിലിനേപ്പോലും മറന്ന്, വലിയ ചൂണ്ടച്ചരടുകളൂടെ ചലനത്തിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് തടാകതീരത്ത് കാത്തിരിയ്ക്കുന്നു.
അല്പം മാറി മറ്റൊരു കൂട്ടർ ചെറിയ മുളംചങ്ങാടങ്ങൾ തുഴഞ്ഞ് മീൻപിടിയ്ക്കുന്നുണ്ട്.. വീശുവലയും, കെട്ടുവലയുമുൾപ്പടെ വിപുലമായ രീതിയിലാണ് അവരുടെ മീൻപിടുത്തം... ഇടയ്ക്കിടെ വലകൾ ഉയരുമ്പോൾ, സാമാന്യം വലിപ്പമുള്ള മീനുകൾ ചങ്ങാടത്തിൽ പിടഞ്ഞടിയ്ക്കുന്നു... വളരെ ചെറിയ മീനുകളെയാകട്ടെ വെള്ളത്തിലേയ്ക്ക്തന്നെ തിരികെ വിടുന്നുമുണ്ട്... നാലുമണിയോടെ ഈ മീനുകളെല്ലാം കുമളിയിലെ മാർക്കറ്റുകളിലെത്തും..  അവയിൽ ഏറെയും എത്തിച്ചേരുന്നത് വൻഹോട്ടലുകളുടെയും, ഹോം സ്റ്റേകളുടെയും അടുക്കളകളിലേയ്ക്കാണ്.. അവിടെനിന്നും മലയാളത്തിന്റെ തനതുരുചികളായി വിനോദസഞ്ചാരികളുടെ മേശയിലേയ്ക്കും, മനസ്സിലേയ്ക്കും ഈ മീനുകൾ  ഇടം പിടിയ്ക്കുന്നു..

കുറേസമയം അവരുടെ മീൻപിടുത്തവും ആസ്വദിച്ചുനിന്നശേഷം ഞങ്ങൾ ഭക്ഷണത്തിനായി മടങ്ങി... പച്ചക്കറികൾ ചേർത്തുവേവിച്ച ചോറിനൊപ്പം, തൈരും, അച്ചാറും ചേർന്ന രുചികരമായ ഭക്ഷണം തയ്യാറായിക്കഴിഞ്ഞിരുന്നു... എല്ലാവർക്കുമുള്ള ഭക്ഷണം വിളമ്പി, കാടിനുള്ളിലെ നല്ല ആതിഥേയരായി രവിയും അനീഷും മാറി...  ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവച്ച് ഭക്ഷണം കഴിച്ചശേഷം വിശ്രമത്തിനായി എല്ലാവരും പലയിടങ്ങളിലെ മരത്തണലുകളിലേയ്ക്ക് ഇടം പിടിച്ചു.
ചെമ്പുകൊട്ടി....
ഷെഡ്ഡിന്റെ അല്പം മുകളിലായി പഴങ്ങൾനിറഞ്ഞുനിൽക്കുന്ന ഒരു ആൽമരവും, അതിലെ പക്ഷികളുടെ ബഹളവും ഇവിടെ എത്തിയപ്പോൾതന്നെ ശ്രദ്ധയിൽപെട്ടിരുന്നു. വിവിധ തരത്തിലുള്ള പക്ഷികളുടെ കരച്ചിലുകൾ ഇപ്പോഴും അവിടെനിന്നും ഉയരുന്നുണ്ട്... വേഴാമ്പലുകളുടെയും, മഞ്ഞക്കാലിപ്രാവുകളുടെയും ശബ്ദം വേറിട്ട് മുഴങ്ങിയതോടെ വിശ്രമം അവസാനിപ്പിച്ച് ക്യാമറയുമെടുത്ത് ഞാൻ ഷെഡ്ഡിന്റെ പിൻവശത്തുകൂടി കാടിനുള്ളിലേയ്ക്ക് കയറി.

ഒരു ചെരിഞ്ഞ പാറയിലൂടെ കയറി മരത്തിനെ സമീപിയ്ക്കുമ്പോൾതന്നെ പഴങ്ങൾ തേടിയെത്തിയ നാട്ടുവേഴാമ്പലുകളുടെ കൂട്ടങ്ങൾ, ഒരു കാഴ്ചയായി മാറി.. ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഉയരത്തിലുള്ള ആൽമരച്ചില്ലകൾതോറും ചാടി നടന്നിരുന്ന അവ, ക്യാമറയുടെ പരിധിയിൽനിന്നും ഏറെ ദൂരെയായിരുന്നുവെങ്കിലും ടെലിലെൻസിന്റെ ശക്തികൊണ്ടുമാത്രം ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തുവാൻ സാധിച്ചു..
വേഴാമ്പലുകൾ, മഞ്ഞക്കിളികൾ, കാട്ടുപ്രാവുകൾ, തത്തകൾ, ചെമ്പുകൊട്ടികൾ..... ചുവന്നുതുടുത്ത അത്തിപ്പഴങ്ങളുടെ മാധുര്യം തേടിയെത്തിയ പക്ഷിക്കൂട്ടങ്ങൾ ആ മരത്തെ ഒരു ഉത്സവപ്പറമ്പാക്കി മാറ്റിയിരിയ്ക്കുകയാണ്.. ഇടയ്ക്കിടെ കുസൃതികാട്ടി ചാടിമറയുന്ന അണ്ണാറക്കണ്ണന്മാരും.... കാട്ടുമുരിയ്ക്കുകളിൽ തേൻനിറച്ച് പൂക്കൾ വിരിയുമ്പോഴും, അത്തിമരങ്ങളിൽ പഴങ്ങൾ നിറയുമ്പോഴും കാട്ടുപക്ഷികളുടെയും, ചെറുമൃഗങ്ങളുടെയും ആനന്ദകാലമാണ് കാനനത്തിനുള്ളിലേയ്ക്ക് കടന്നുവരുന്നത്.. ഒപ്പം ഇവയൊക്കെ തേടി കാടുകയറുന്നവന്റെ മനം നിറയുന്ന കാലവും.. അവയുടെ  പരസ്പരമുള്ള കലഹങ്ങൾ, കൊത്തുകൂടലുകൾ... വയർ നിറഞ്ഞ സംതൃപ്തിയോടെയുള്ള കളകൂജനങ്ങൾ... ഇവയെല്ലാം ആസ്വദിച്ചുകൊണ്ട് സമീപത്തെ പാറയുടെ മുകളിലെ മരത്തണലിൽ അല്പസമയം ഞാൻ ഇരുന്നു...

അല്പനേരത്തിനുശേഷം സജിയും അവിടേയ്ക്ക് കയറിവന്നു. അല്പസമയം അവിടെയെല്ലാം ചുറ്റിനടന്ന്, കുറച്ച് ചിത്രങ്ങളും പകർത്തിയശേഷം മടങ്ങിയെത്തുമ്പോഴേയ്ക്കും എല്ലാവരും യാത്രയ്ക്ക് തയ്യാറെടുത്തുകഴിഞ്ഞിരുന്നു. രവി സാധനസാമഗ്രികളെല്ലാം കെട്ടിപ്പൊതിഞ്ഞു കൊണ്ടിരിയ്ക്കുന്നു.. ബിജുസാറും, പീറ്ററും, അനീഷും വിനോദും കാടിനുള്ളിലേയ്ക്കുള്ള നടപ്പ് ആരംഭിച്ചു കഴിഞ്ഞു. സംസാരങ്ങൾക്ക് അവധികൊടുത്ത് ഇരുണ്ടുകിടക്കുന്ന നിശബ്ദതയിലേയ്ക്ക്  ഞങ്ങൾ നടന്നു കയറി.
ആനക്കൂട്ടങ്ങളുടെയും, കാട്ടുപോത്തിൻകൂട്ടങ്ങളുടെയും വിഹാരകേന്ദ്രമായ അഞ്ചുരുളിയിലെ ചതുപ്പുനിലം ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ യാത്ര. മഴക്കാടുകളുടെ വ്യത്യസ്തമായ രൂപഭാവങ്ങളെ മറികടന്നുവേണം അഞ്ചുരുളിയിൽ എത്തിച്ചേരുവാൻ...  ചിലയിടങ്ങളിൽ വന്മരങ്ങൾ ഇടതിങ്ങി വളർന്നു നിൽക്കുന്നു. പുല്ലുകൾ ഉണങ്ങി തരിശ്ശായി മാറിയ മൊട്ടക്കുന്നുകൾ.. കാട്ടുപാതകളെ മറച്ച്, പടുകൂറ്റൻ മലമ്പാമ്പുകളേപ്പോലെ തൂങ്ങിക്കിടക്കുന്ന കാട്ടുവള്ളികൾ... വഴിയ്ക്കുകുറുകെ മറിഞ്ഞു കിടക്കുന്ന കൂറ്റൻ വന്മരങ്ങൾ.....  കാടിന്റെ മത്സരിച്ചുള്ള വളർച്ചയിൽ, കാട്ടുപാതകൾപ്പോലും ഇടയ്ക്കിടെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരുന്നു..  ഇവയ്ക്കെല്ലാം അപ്പുറം ഏതോ ജൂറാസിക് കാലഘട്ടത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന  മരങ്ങൾ നിറഞ്ഞുവളരുന്ന കാടുകൾ... ഭീമാകാരം പൂണ്ട പന്നൽച്ചെടികളെ അനുസ്മരിപ്പിയ്ക്കുന്നതായിരുന്നു ആ മരങ്ങളുടെ ആകൃതി.... ഒരേ ഉയരത്തിൽ പരന്നു വളരുന്ന ആ  മരക്കൂട്ടങ്ങൾക്കിടയിലൂടെ കടന്നുവരുവാൻ ശക്തമായ വെയിൽ പോലും മടിയ്ക്കുന്നതുപോലെ....
ചതുപ്പിന്റെ കാഴ്ചകളിലേയ്ക്ക്.....
ദുർഘടമായ വനപാതകളെ പിൻതള്ളി, അല്പനേരത്തിനുശേഷം ഞങ്ങൾ വിശാലമായ മറ്റൊരു വഴിയിലേയ്ക്കെത്തി... അത്യാവശ്യഘട്ടങ്ങളിൽ വാഹനങ്ങൾക്കുപോലും എത്തിച്ചേരാവുന്നത്ര വീതിയുള്ള വഴിയിൽ, കലുങ്കുകളും തീർത്തിട്ടുണ്ട്. ഇരുവശങ്ങളിലും കൂറ്റൻ മരങ്ങൾ... പലതും അപൂർവ്വവൃക്ഷങ്ങൾ... കാര്യമായ സംരക്ഷണം ലഭിച്ചില്ലെങ്കിൽ വംശനാശം സംഭവിയ്ക്കുവാനിടയുള്ള, പശ്ചിമഘട്ടത്തിനുമാത്രം സ്വന്തമെന്ന് അഭിമാനിയ്ക്കാവുന്ന പല അത്യപൂർവ്വ ഇനം ഔഷധച്ചെടികളും, വൃക്ഷങ്ങളും അവയിൽ ഉൾപ്പെടുന്നുണ്ട്... നീർമരുത്, കാട്ടുജാതി, എടന, കാട്ടുഞാറ.... പലതിന്റെയും പേരുകളും, ശാസ്ത്രീയ നാമങ്ങളും അനീഷ് വിശദീകരിച്ചുകൊണ്ടിരുന്നു.

കാടിന്റെ സുഗന്ധവുമായെത്തിയിരുന്ന കാറ്റിന് മാറ്റം സംഭവിച്ചത് പെട്ടന്നായിരുന്നു. ദിശമാറിയെത്തിയ കാറ്റ് വഹിച്ചെത്തിയ, ചീഞ്ഞുതുടങ്ങിയ മാംസത്തിന്റെ രൂക്ഷഗന്ധം എല്ലായിടവും നിറഞ്ഞുപരന്നു.

" അടുത്ത ദിവസങ്ങളിൽ സമീപത്ത് എവിടെയോ ഇരപിടുത്തം നടന്നിട്ടുണ്ട്.... കടുവയോ, കാട്ടുനായ്ക്കളോ ആകണം.. കാറ്റിന്റെ ദിശതേടി തിരിഞ്ഞുനിന്ന രവി പറഞ്ഞു.

"നായ്ക്കൾ ആകുവാനാണ് സാധ്യത കൂടുതൽ... കഴിഞ്ഞ ദിവസങ്ങളിൽ തടാകതീരത്ത് വെള്ളം കുടിയ്ക്കുവാനെത്തിയ നായ്ക്കൂട്ടത്തെ വാച്ചർമാർ കണ്ടിരുന്നു. അവർ തന്നെയാകാനാണ് സാധ്യത". അനീഷ് തുടർന്നു....

അല്പസമയം ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട് എല്ലാവരും നിശബ്ദരായി.... കാറ്റിന്റെ മൂളലും, ഇലയനക്കങ്ങളും മാത്രം..... ഞങ്ങൾക്കൊപ്പം കാടും നിശബ്ദമായിരിയ്ക്കുന്നു...... അല്പസമയം പ്രതീക്ഷയോടെ കാത്തു നിന്നുവെങ്കിലും, കാട്ടുനായ്ക്കളുടെയോ, മറ്റു മൃഗങ്ങളുയോ സാന്നിധ്യം എങ്ങും അനുഭവപ്പെടാതിരുന്നതോടെ ഞങ്ങൾ യാത്ര തുടർന്നു....
വന്മരങ്ങളുടെ തണലിനടിയിൽനിന്നും ഞങ്ങൾ വീണ്ടും പുൽമേടുകളുടെ വിശാലതയിലേയ്ക്ക് നടന്നുകയറി... ചെളിയും, വെള്ളവും പരന്നുകിടക്കുന്ന അഞ്ചുരുളി വയൽ, ഈ പുൽമേടുകളോട് ചേർന്ന് ആരംഭിയ്ക്കുകയാണ്..... ചുവന്നുതുടുത്ത കമ്മൽപൂവുകൾനിറയെ വളർന്നുനിൽക്കുന്ന മൊട്ടക്കുന്നുകളെ പകുത്തുകൊണ്ട് കാടിനുള്ളിൽനിന്നും ഒരു ചെറിയ കാട്ടരുവി, വയലിലേയ്ക്ക് ഒഴുകിവരുന്നു... തെളിഞ്ഞു ശുദ്ധമായ വെള്ളം, പാറക്കൂട്ടങ്ങളെ തഴുകി പതഞ്ഞൊഴുകുന്ന കാഴ്ചതന്നെ ആരുടെയും മനസ്സിനു കുളിർമ പകരും....... നടപ്പിന്റെ ക്ഷീണത്തെ കാടിന്റെ തണുപ്പിലേയ്ക്ക് കഴുകിയകറ്റുവാനുള്ള ആവേശത്തിൽ എല്ലാവരും അരുവിയിലേയ്ക്കിറങ്ങി..

കടുത്ത വേനലിലും ഉയർന്നുവളരുന്ന പുല്ലുകളും, ജലലഭ്യതയുമാണ് ഈ ചതുപ്പുനിലത്തെ കാട്ടുമൃഗങ്ങളുടെ വിഹാരഭൂമിയാക്കിമാറ്റുന്നതിന്റെ പ്രധാന കാരണം. എങ്കിലും ഈ വർഷത്തെ തീച്ചൂടിൽ അഞ്ചുരുളി വയലും ഉണങ്ങി വരണ്ടുതുടങ്ങിയിരിയ്ക്കുന്നു.... ആഴ്ചകൾക്കുമുൻപ് കാട്ടാനക്കൂട്ടങ്ങളുടെയും, കുട്ടിയാനകളുടെയും കുസൃതികൾ ആസ്വദിച്ച് മണിയ്ക്കൂറുകളോളം ചിലവഴിച്ചത് ഈ ചതുപ്പിലെ മൊട്ടക്കുന്നുകൾക്കരികിലായിരുന്നു.. അന്ന് ജലസമൃദ്ധമായിരുന്ന  ചതുപ്പിന്റെ ഭാഗങ്ങൾ, ചുരുങ്ങിയ  ദിവസങ്ങൾകൊണ്ട് വരണ്ടുണങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു

സമയം നാലുമണിയോട് അടുത്തിരിയ്ക്കുന്നു.... ആറുമണിയ്ക്കുമുൻപായി ഹോൺബിൽ പാലസിൽ മടങ്ങിയെത്തണം..... അവശേഷിയ്ക്കുന്ന ദൂരം മുഴുവൻ വിശ്രമമില്ലാതെ നടക്കേണ്ടിയിരിയ്ക്കുന്നു... ഇനി മൃഗങ്ങളെ കാണുവാൻ എന്തെങ്കിലും സാധ്യതയുള്ളത് ഈ ചതുപ്പ് പ്രദേശങ്ങളിൽ മാത്രമാണ്.. ഉൾക്കാടുകളിലെ നീർച്ചാലുകളെല്ലാം തന്നെ ഇതിനകം വറ്റിവരണ്ടുകഴിഞ്ഞതിനാൽ, മ്ലാവിൻകൂട്ടങ്ങളും, കാട്ടുപോത്തുകളും കൂടുതലായി ആശ്രയിയ്ക്കുന്നത് ഈ ചതുപ്പു നിലങ്ങളേയായിരിയ്ക്കും.. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആനക്കൂട്ടങ്ങളെത്തി, ചതുപ്പ് ഇളക്കി മറിച്ചതിന്റെ ലക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ മനസ്സിലാക്കുവാനാകും..... കുഴഞ്ഞു മറിഞ്ഞ ചെളിമൺ കുളങ്ങൾ... ഉണങ്ങാത്ത കൂറ്റൻ കാലടിപ്പാടുകൾ.... ഒടിഞ്ഞ് ചിതറിക്കിടക്കുന്ന കാട്ടുചെടികൾ....... കാട്ടുമൃഗങ്ങളുടെ സാന്നിധ്യം പ്രകടമാക്കുന്ന ഈ കാഴ്ചകൾ എല്ലാവരുടെയും മനസ്സിലേയ്ക്ക് പ്രതീക്ഷകൾ നിറച്ചു.. ചതുപ്പിലേയ്ക്ക് കടന്നുവരുവാൻ സാധ്യതയുള്ള മൃഗങ്ങളെയും കാത്ത്  പടർന്നുകിടക്കുന്ന ഒരു വലിയ മുളംകൂട്ടത്തിന്റെ തണലിലേയ്ക്ക് ഞങ്ങൾ സ്ഥാനം പിടിച്ചു.
അഞ്ചുരുളിയിലെ കാട്ടുമുരിയ്ക്കുകളെല്ലാം പൂത്തുലഞ്ഞുനിൽക്കുകയാണ്... എവിടെയും വർണ്ണപ്പൊട്ടുകൾ വാരി വിതറിയതുപോലെ മുരിയ്ക്കിൻപൂക്കളുടെ ചുവപ്പുനിറം മാത്രം.... ബുൾബുളുകളും, ഓലേഞ്ഞാലികളും, മാടത്തകളും അവയിലുടനീളം തേൻകുടിച്ച് മദിച്ചുനടക്കുന്നു... അവയുടെ കാഴ്ചകൾ ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും വിശ്രമിയ്ക്കുന്നതിനിടയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഓറഞ്ചുമായി രവി എത്തി.. ഓറഞ്ചിനൊപ്പം മുൻകാല വനയാത്രകൾക്കിടയിലെ അവിസ്മരണീയമായ കാഴ്ചകളേക്കുറിച്ചുള്ള വിവരണങ്ങളും.... ഒരു യാത്രയ്ക്കിടയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽനിന്നും നിസ്സാരമായ പരിയ്ക്കുകളോടെ രക്ഷപെട്ടതിന്റെ അനുഭവമായിരുന്നു രവിയ്ക്ക് പറയുവാനുണ്ടായിരുന്നത്...  അന്നത്തെ ആക്രമണത്തിന്റെ പാടുകൾ, ഇന്നും മായാത്ത അടയാളങ്ങളായി കൈയിൽ അവശേഷിയ്ക്കുന്നു..

അരമണിയ്ക്കൂറോളം പിന്നിട്ടുകാണണം.. കാട്ടുമുരിയ്ക്കുകളിലെ പക്ഷിക്കൂട്ടങ്ങളുടെ ബഹളങ്ങളും, നീർച്ചാലിന്റെ കളകളാരവവും മാത്രമാണ് കേൾക്കുവാനുള്ളത്... കടുത്ത ചൂടുമായി അസ്തമയസൂര്യനും ഞങ്ങൾ ഇരുന്ന ഭാഗത്തേയ്ക്ക് തലനീട്ടിത്തുടങ്ങി.. എല്ലാവരുടെയും പ്രതീക്ഷകളുടെ കടയ്ക്കൽ കത്തിവച്ച്, കാടുമാത്രം യാതൊരു ചലനവുമില്ലാതെ കിടക്കുന്നു... അനങ്ങാതെയുള്ള കാത്തിരിപ്പിന്റെ മുഷിച്ചിൽ പ്രകടമാക്കി എല്ലാവരും പരസ്പരം നോക്കിത്തുടങ്ങി....

"നമുക്ക് പോകാം... വെയിലിന്റെ ശക്തി കുറയാത്തതുകൊണ്ട് മൃഗങ്ങൾ ഇറങ്ങിവരാൻ ഇനിയും താമസിച്ചേക്കും"

ബാഗുമെടുത്ത്  യാത്രയ്ക്ക് തയ്യാറായിക്കൊണ്ട് അനീഷ് പറഞ്ഞു... കാത്തിരിപ്പ് അവസാനിപ്പിച്ച് ഓരോരുത്തരായി നടപ്പ് തുടങ്ങി.. 
ചതുപ്പിന്റെ സമീപത്തുനിന്നും, അല്പം മുൻപോട്ടുനീങ്ങിയപ്പോൾത്തന്നെ കാടിനുള്ളിലെ അസാധാരണമായ ചലനങ്ങൾ മുൻപേ നടന്ന രവിയ്ക്ക് അനുഭവപ്പെട്ടുതുടങ്ങി. അല്പം ദൂരെയായി കാട്ടുചെടികൾ ഇളകിമാറുന്നു.... ചുള്ളിക്കമ്പുകൾ ഞെരിഞ്ഞൊടിയുന്ന ശബ്ദങ്ങൾ..... ഞങ്ങളുടെ വഴിയിലേയ്ക്ക്, ചതുപ്പിനുള്ളിൽനിന്നും കയറിവരികയാണ് ഒരു കൂട്ടം കാട്ടുപോത്തുകൾ..... കരുത്തുറ്റ ശരീരങ്ങളാകെ ചെളിയിൽ കുളിച്ചിരിയ്ക്കുന്നു.. കൂട്ടത്തിൽ ചെങ്കൽനിറമുള്ള ഒന്നുരണ്ട് കിടാവുകളുമുണ്ട്.... ചതുപ്പിന്റെ സമീപത്തേയ്ക്ക് കടന്നുചെന്ന  ഞങ്ങളൂടെ സാമീപ്യം ഏറെ മുൻപേതന്നെ അവ തിരിച്ചറിഞ്ഞിരിയ്ക്കണം... അത്ര വേഗതയിലായിരുന്നു അവയുടെ ചലനങ്ങൾ.... കാര്യമായ കാഴ്ചയ്ക്കുള്ള അവസരം തരാതെതന്നെ അവ കാടിനുള്ളിലേയ്ക്ക് മറഞ്ഞു..

അല്പസമയം ശബ്ദമുണ്ടാക്കാതെ ഞങ്ങൾ അവിടെ കാത്തുനിന്നു.... ഒരു പക്ഷേ ചതുപ്പിൽ ഇനിയും കാട്ടുപോത്തുകൾ ഉണ്ടാകാം... കാടിനുള്ളിലേയ്ക്ക് മറഞ്ഞ കൂട്ടത്തെ പിന്തുടർന്ന്, അവയും കയറിവരുവാനിടയുണ്ട്...  മൈതാനം പോലെ തുറസ്സായിക്കിടക്കുന്ന ആ സ്ഥലത്ത് കുട്ടികളുള്ള ഒരു കൂട്ടത്തിന്റെ മുൻപിൽ ചെന്നുപെട്ടാൽ ആക്രമണമുണ്ടാകുവാനുള്ള സാധ്യത ഏറെയാണ്.... അതുകൊണ്ടുതന്നെ ചതുപ്പിൽ ഇനിയും കാട്ടിക്കൂട്ടങ്ങൾ അവശേഷിയ്ക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയശേഷമാണ് ഞങ്ങൾ മുൻപോട്ടുനീങ്ങിയത്...
യാത്ര തുടരുന്നു.........
യാത്ര ഏതാണ് അവസാനിയ്ക്കാറായിരിയ്ക്കുന്നു.... കാടിന്റെ അതിർത്തികൾക്കപ്പുറം കൃഷിയിടങ്ങളുടെ കാഴ്ചകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി... കാടിന്റെ ശാന്തയിൽക്കഴിഞ്ഞ കുറേ മണിയ്ക്കൂറുകൾക്കുശേഷം, വീണ്ടും വേഗതയും തിരക്കുകളും, കൃത്രിമത്വവും നിറഞ്ഞുനിൽക്കുന്ന ലോകത്തിലേയ്ക്ക് പ്രവേശിയ്ക്കുകയാണ്.... യാത്ര പറഞ്ഞു പിരിയാൻ മനസ്സുവരാത്ത പ്രിയസുഹൃത്തിനേപ്പോലെ, വഴിയോരത്തെ മതിൽക്കെട്ടിനുള്ളിൽനിന്നും  അസ്തമയ സൂര്യന്റെ പ്രഭയിൽക്കുളിച്ച കാട് തലയുയർത്തി നോക്കുന്നു.... ഇളംതെന്നലിൽ ശിഖരങ്ങളിളക്കിനിൽക്കുന്ന ആ കാടിന്റെ നിറഞ്ഞ സാമീപ്യം ഹോൺബിൽഹൗസിൽ എത്തിച്ചേരുന്നതുവരെ  ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.... ഈ ഹോൺബിൽ ഹൗസിന്റെ മുൻപിൽ വച്ച് ഞങ്ങൾ വഴി പിരിയുകയാണ്.. സുന്ദരമായ ഒരുപിടി ഓർമ്മകൾ ഞങ്ങൾക്ക് സമ്മാനിച്ച മനോഹരമായ കാടിനോടും, ആ ഓർമ്മകളെ അവിസ്മരണീയ മുഹൂർത്തങ്ങളാക്കി ഞങ്ങളുടെ ഹൃദയത്തിലേയ്ക്ക് കോറിയിട്ടുതന്ന പ്രിയപ്പെട്ട സുഹൃത്തുക്കളോടും യാത്രപറഞ്ഞ് ഞങ്ങൾ മടങ്ങുകയായി.... മറ്റൊരു വനയാത്രയ്ക്കുമുൻപുള്ള ഒരു ചെറിയ ഇടവേള തേടി.......

35 comments:

  1. തേക്കടിക്കാടുകളിലൂടെ നടത്തിയ യാത്രയുടെ ഒന്നാം ഭാഗത്തിനുശേഷം കുറേക്കാലം ഒളിവു ജീവിതത്തിലായിരുന്നു.... ഈ യാത്രയുടെ രണ്ടാം ഭാഗത്തോടെ ബ്ലോഗെഴുത്തിൽ വീണ്ടും സജീവമാകാമെന്ന് കരുതുന്നു....
    എല്ലാ സുഹൃത്തുക്കൾക്കും സ്നേഹാശംസകൾ.....

    ReplyDelete
  2. അതിമനോഹരമായ ചിത്രങ്ങൾ. ഹൃദ്യമായ വിവരണം. കാടിന്റെ ഗന്ധം നിറയും പോലെ ...... സസ്നേഹം

    ReplyDelete
    Replies
    1. സന്ദർശനത്തിനും, പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി യാത്രികൻ,,,,,,,

      Delete
  3. ഹൃദയത്തിലേക്ക് തുറക്കുന്ന യാത്രകൾ എന്ന് പറയാമല്ലേ ഓരോ വനയാത്രക്കും . അല്ലെങ്കിൽ ഒരു തീർത്ഥാടനം . ആ യാത്രയുടെ പങ്കുവെക്കൽ . ഒരു പ്രാർത്ഥന പോലെയുള്ള വിവരണം . ചിത്രങ്ങൾ .
    ഒരു യാത്രയുടെ ആവേശം എഴുത്തിലും കൊണ്ടുവരിക എന്നത് അത്ര എളുപ്പമല്ല . പക്ഷെ ഷിബു ഭംഗിയായി പകർത്തിയിരിക്കുന്നു ഇവിടെ .
    ചങ്ങാടത്തിൽ പോയി മീന പിടിക്കണം എന്നത് എന്റെ ഒരു സ്വപ്നമാണ്‌ . നിങ്ങള്ക്കും കൂടായിരുന്നില്ലേ അവരോടൊപ്പം :) .
    നല്ല മനോഹരമായ കുറിപ്പിന് സ്നേഹാശംസകൾ

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ചെറുവാടീ.... വരവിനും, വായനയ്ക്കും, അഭിപ്രായങ്ങൾക്കും ഏറെ നന്ദി.... ഏറെ വിലമതിയ്ക്കുന്നു എല്ലാ വായനക്കാരുടെയും ഈ വാക്കുകൾ...

      ചങ്ങാടത്തിൽ പോയി മീൻപിടമ്യ്ക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.. പക്ഷേ സമയക്കുറവായിരുന്നു പ്രശ്നം... എങ്കിലും ചിന്നാർക്കാട്ടിലെ പാമ്പാർപുഴയിൽ ഇത്തവണ ഒരു മീൻപിടുത്തം നടത്തിയിരുന്നു... ആദിവാസികൾക്കൊപ്പം... അത് ഒരു നല്ല അനുഭവമായിരുന്നു... :)

      Delete
  4. ഹൃദ്യമായ അവതരണവും.അതിമനോഹരങ്ങളായ ഫോട്ടോകളും....
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി തങ്കപ്പൻ ചേട്ടാ.... എന്റെ വനയാത്രകൾ ഇഷ്മ്മായി എന്നറിഞ്ഞതിൽ വളരെ സന്തോഷം....

      Delete
  5. പത്തിരുപത് വര്‍ഷമായി ഇടിക്കിയുടെര്‍ ഇന്‍-ലാ ആയിട്ടും ഇടുക്കി അണക്കെട്ട് കാണാത്തതിന്റെ സങ്കടം തീര്‍ക്കാന്‍ കഴിഞ്ഞ അവധിയ്ക്ക് പുറപ്പെട്ട് കട്ടപ്പന എത്തിയപ്പോള്‍ അറിഞ്ഞു രണ്ടുദിവസം കൂടി കഴിഞ്ഞെ നട തുറക്കൂ എന്ന്. അപ്പോള്‍ തന്നെ വണ്ടി തിരിച്ച് തേക്കടിയ്ക്ക് വിട്ടു. കുറെ കുരങ്ങന്മാരും മനുഷ്യരുമല്ലാതെ വേറൊരു മൃഗത്തെയും കണ്ടില്ല. ഓരോ മരത്തിന്റെയും ഫോട്ടോ എടുത്ത് തൃപ്തിപ്പെട്ടു. അതുംകഴിഞ്ഞ് വണ്ടിപ്പെരിയാറില്‍ ഒരു ബന്ധുവീട്ടിലേയ്ക്ക് പോകുന്ന വഴി തോട്ടത്തിലെ ഇടവഴികളില്‍ കൂടി കേഴയാടുകള്‍ ജാഥ നടത്തുന്നതു കണ്ട് യാത്ര സഫലമാക്കി ഞങ്ങള്‍ തിരിച്ചുപോന്നു.

    ഷിബുവിന്റെ വിവരണവും ഫോട്ടോകളും കണ്ടപ്പോള്‍ ആ യാത്രയൊക്കെ ഒന്ന് ഓര്‍ത്തുപോയി

    ReplyDelete
    Replies
    1. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോഴാണോ അജിത്തേട്ടാ തേക്കടിയ്ക്ക് പോയത്... അവിടെ രാവിലെയോ, വൈകിട്ടൊ എത്തിയാലേ കാര്യമുള്ളൂ.. ഇല്ലെങ്കിൽ കുരങ്ങന്മാരെ കണ്ട് തിരിച്ചുപോകേണ്ടി വരും....
      എങ്കിലും വണ്ടിപ്പെരിയാട്ടിൽ വച്ച് കേഴയാടുകളെ കാണുവാൻ സാധിച്ചല്ലോ...

      അടുത്ത തവണ നമുക്ക് ഒന്നിച്ച് ഒരു യാത്രപോകാം... ധാരാളം മൃഗങ്ങൾ ഉള്ള ഒരു സ്ഥലത്തേയ്ക്ക്....
      ആനയും, കാട്ടുപോത്തുകളും, മാനുകളും അവിടെ ധാരാളമുണ്ട്... എന്താ റെഡിയല്ലേ..? :)

      Delete
    2. ഇനി രണ്ടാളും കൂടെ നാട്ടില്‍ വരുമ്പോള്‍ അട്ടപ്പാടിക്ക് വിട്ടോ ഇഷ്ടംപോലെ മൃഗങ്ങളെ കാണാം ..:)

      Delete
  6. വേഴാമ്പലിന്റെ ചിത്രം ഉഗ്രൻ..മറ്റു ചിത്രന്ങളും വിവരണവും പതിവു പോലെ നന്നായി..

    എനിക്കിപ്പൊ എഴുതാൻ സമയം കിട്ടുന്നില്ല..താല്പര്യവും അല്പം കുറവ്...ഷിബുവിന്റെ പോസ്റ്റ് ഒരു മോട്ടിവേഷൻ ആ‍വുമായിരിക്കും :)

    ReplyDelete
    Replies
    1. ഒരു ക്ഷമാപണം.. അത് വേഴാമ്പലല്ല... അത് കരിന്തലച്ചിക്കാളിയുടെ (Brahmini myna) ചിത്രമാണ്.. പേരെഴുതാൻ മറന്നുപോയി...

      എനിയ്ക്കും സമയക്കുറവാണ് പ്രശ്നം... ഇത് ഒരു വർഷം മുൻപ് നടത്തിയ യാത്ര ആണ്... ഇപ്പോഴാണ് എഴുതി തീർക്കുന്നത്... ഒന്ന് പരിശ്രമിച്ചുനോക്ക്... നിങ്ങളുടെയൊക്കെ പോസ്റ്റുകളുടെ കുറവ് ബൂലോകത്ത് അനുഭവപ്പെടുന്നുണ്ട്.....

      Delete
  7. അതിമനോഹരമായ ചിത്രങ്ങൾ...........

    ReplyDelete
    Replies
    1. സന്ദർശനത്തിനും, അഭിപ്രായത്തിനും, വളരെ നന്ദി അമൃതംഗമയ...

      Delete
  8. വളരെ നന്നായിട്ടുണ്ട്. അറിവുകൾ പകര്ന്നു കൊടുക്കുവാനുള്ളതാണ് എന്ന വസ്തുതയെ ന്യായീകരിക്കുന്ന തരത്തിലുള്ള താങ്കളുടെ വിവരണം എത്ര വായിച്ചാലും മതി വരില്ല. അടുത്തതിനായി കാത്തിരിക്കുന്നു. ആശംസകൾ. മരുഭൂമിയിലെ ചൂടില മനസ്സുരുകാതെ ഇത്തരം സംഗതികൾ മനസ്സിന് കുളിർമ്മ പകരുന്നു. നന്ദി ഒരുപാടൊരുപാട്.......

    ReplyDelete
    Replies
    1. നന്ദി ഫിയോനിക്സ്. എഴുത്ത് ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം...ഇഷ്ട. നിങ്ങളൂടെയൊക്കെ പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രേരണ... സമയക്കുറവ് മാത്രമാണ് പ്രശ്നം...ഒത്തിരി യാത്രകൾ ഇനിയും എഴുതുവാൻ അവശേഷിയ്ക്കുന്നു...

      സന്ദർശനത്തിനും, മനസ്സുനിറയുന്ന പ്രോത്സാഹനങ്ങൾക്കും ഏറെ നന്ദി...

      Delete
  9. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ആകർഷകങ്ങളായ ചിത്രങ്ങളിലൂടെയും ഹൃദ്യമായ വിവരണത്തിലൂടെയും വായനക്കാർക്കും അനുഭവഭേദ്യമാകുന്നവിധം അവതരിപ്പിക്കാൻ ഷിബുവിനു കഴിയുന്നുണ്ട്
    ആശംസകൾ.

    ReplyDelete
    Replies
    1. വളരെ നന്ദി അലി.... നിങ്ങളുടെ പ്രോത്സാഹനങ്ങൾ കൂടുതൽ യാത്രകളിലേയ്ക്ക് എന്നെ നയിയ്ക്കുന്നു...

      Delete
  10. ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു...

    ReplyDelete
    Replies
    1. വളരെ നന്ദി ജയേഷ്,,,,

      Delete
  11. വനയാത്ര ..എത്ര സുന്ദരമായ വിവരണം . എല്ലാവരും പറഞ്ഞത് പോലെ ഫോട്ടോകളെല്ലാം അസ്സലായി .

    ReplyDelete
    Replies
    1. നന്ദി നീലിമ.. ചിത്രങ്ങൾ പ്രത്യേകം ഇഷടമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷം...

      Delete
  12. വിവരണം അസ്സലായി ഷിബൂ. കാടിന്റെ തണലും കുളിരും വായനക്കാരനുകൂടി അനുഭവിക്കാനുതകുന്ന നല്ല എഴുത്ത്. ചിത്രങ്ങളുടെ തെളിമയും ഹരിതാഭയും വിവരണത്തിന്റെ മാറ്റു കൂട്ടി.എല്ലാംകൊണ്ടും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന കിടിലന്‍ പോസ്റ്റ്. യാത്രയും എഴുത്തും ഇനിയും തുടരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
    Replies
    1. പ്രിയ പ്രഭൻ... നിങ്ങളേപ്പോലെ തുടർച്ചയായി വരികയും, വായിയ്ക്കുകയും, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നവരാണ് എന്റെ പ്രചോദനം.... വളരെ നന്ദി....

      Delete
  13. വിവരണം അസ്സലായിരിക്കുന്നു... ഓരോ പോസ്റ്റും വായിച്ചു കഴിയുമ്പോൾ കാട്‌ കയറാനുള്ള ആഗ്രഹവും കൂടി വരുന്നു...
    ഓഫ്‌: ഔഷധച്ചെടികളുടെ വിൽപ്പനയിൽ മാത്രമല്ല, ഷിബു കണ്ട ആ ആദിവാസികൾ പിടിക്കുന്ന മീനിന്റെ വിൽപ്പനയിൽപോലും ചൂഷണമുണ്ട്‌.. അതുകൊണ്ട്‌ ഇപ്പോൾ ന്യായവില ഉറപ്പാക്കാൻ മന്നാങ്കുടിയിൽ സൊസൈറ്റി രൂപീകരിച്ചിരിക്കുന്നു.. വിൽപ്പന അവിടെനിന്നും...

    ReplyDelete
    Replies
    1. ശരിയാണ് ഹാഷിക്..... ആദിവാസികൾ എല്ലാ മേഖലകളിലും ഇന്ന് ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുകയാണെന്നതാണ് യാഥാർത്ഥ്യം.... കാടുകളിലേയ്ക്കുള്ള യാത്രകളിൽ പരിചയപ്പെടുന്ന ഓരോ ആദിവാസികൾക്കും ഇത്തരത്തിലുള്ള കഥകൾ പറയുവാനുണ്ട്.. ഞാൻ വളരെക്കുറച്ചുമാത്രമേ ബ്ലോഗിൽ അതേക്കുറിച്ച് സൂചിപ്പിയ്ക്കാറുള്ളൂ എന്ന് മാത്രം..

      മീൻ വിൽപനയിലും ചൂഷണം ഉണ്ട് എന്ന് എനിയ്ക്ക് അറിയാമായിരുന്നു... അവിടെ സൊസൈറ്റി സ്ഥാപിച്ച് എന്നറിയുമ്പോൾ സന്തോഷമുണ്ട്... അത്രയെങ്കിലും സാമ്പത്തികമായ മെച്ചം കഷ്ടപ്പെടുന്നവർക്ക് ഉണ്ടാകുമല്ലോ...

      Delete
  14. ആ സ്ഥലങ്ങളിലൊക്കെ യാത്ര ചെയ്ത പ്രതീതി.. മനോഹരമായ ചിത്രങ്ങളും വിവരണവും.. വളരെ നന്നായിരിക്കുന്നു..

    ReplyDelete
    Replies
    1. വളരെ നന്ദി ബഷീർ... വീണ്ടും വരിക... ഇനിയുമുണ്ട് യാത്രകൾ.....

      Delete
  15. മ്മ്ടെ കാടുകളുടെ വന്യ സൌന്ദര്യം
    ഇതുപോലെ പകർത്തിവെക്കുവാൻ നമ്മുടെ
    ഭൂമിമലയാളത്തിൽ ഷിബുവിനെ വെല്ലാൻ ആരും
    തന്നെ ഇതുവരെ ഉണ്ടായിട്ടില്ലാ എന്നത് ഒരു പമാർത്ഥമാണെന്ന് ,
    ഈ വനസഞ്ചാര കുറിപ്പുകളിലൂടെ ഒന്ന് യാത്രചെയ്താൽ ഏതൊരാൾക്കും മനസ്സിലാകും..!

    ഈ നല്ല കാടകപരിചയപ്പെടുത്തലിന് ഒരു ഹാറ്റ്സ് ഓഫ് ഭായ്...

    ReplyDelete
  16. enikku pokan iniyum ere sthalangal ..nannaayi ee vivaranam

    ReplyDelete
  17. നന്നായിരിക്കുന്നു. ഒരിക്കല്‍ ഞാനും ഈ കാടുകളില്‍ കൂടി പോവും :)

    ReplyDelete

  18. പ്രിയപ്പെട്ട ഷിബു,

    സുപ്രഭാതം !

    ഹൃദയം കൊണ്ടാണ്, ഷിബുവിന്റെ പോസ്റ്റുകൾ വായിക്കുന്നത് !

    സഞ്ചാര സാഹിത്യം ഇത്രയും ഭംഗിയായി , വായനക്കാർക്കു സമര്പ്പിക്കുന്ന വേറെ ഒരു എഴുത്തുകാരനെയും കണ്ടിട്ടില്ല

    വായനക്കാരെ കൂടെ കൂട്ടി, അന്ഭവങ്ങൾ സത്യസന്ധതയോടെ പകര്ത്തി ,നയനാനന്ദ ചിത്രങ്ങൾ സമ്മാനിച്ചു,എഴുത്തുകാരൻ എന്ന

    നിലയിൽ ,ഷിബു മുന്നേറുമ്പോൾ ,എനിക്കേറെ സന്തോഷമുണ്ട് !

    കാണാത്ത കിളികളെയും ,പൂക്കളെയും ആഹ്ലാദത്തോടെ സ്വീകരിക്കുന്നു .

    ഒരു നീർച്ചോലയുടെ കുളിര് നല്കുന്ന പോസ്റ്റ്‌ !

    ഹാർദമായ അഭിനന്ദനങ്ങൾ !

    ഞാൻ മൈസൂരിലായിരുന്നു,ഷിബു !അതാണ്‌ ഇവിടെയെത്താൻ വൈകിയത് !

    മനോഹരമായ മെയ്‌ മാസം ആശംസിക്കട്ടെ !

    സസ്നേഹം,

    അനു

    ReplyDelete
  19. ചെറിയ ഒരു യാത്രയിലായിരുന്നു അതിനാല്‍ വായിക്കാന്‍ വൈകി ..ഷിബുവിന്റെ മനോഹരമായ വിവരണം വായിക്കുകയും ,സുന്ദരമായ ചിത്രങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ തേക്കടിയില്‍ ഒന്നൂടെ പോയി വന്ന പ്രതീതി...

    ReplyDelete
  20. എന്തു ഭംഗിയാ പടങ്ങള്‍ കാണാന്‍. പക്ഷികളും പ്രകൃതിയും, എത്ര മനോഹരമായിരിക്കുന്നു.

    ReplyDelete
  21. മാഷെ, നിങ്ങള്‍ ഇവിടെ ഗബോണില്‍ വരിക, ഇന്ന് വരെ മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത കാടുകള്‍ ഉണ്ടിവിടെ. (ഒരു കാട്ടില്‍ പോലും പോകാന്‍ കഴിഞ്ഞിട്ടില്ല എന്നത് ദുഖമായി അവശേഷിക്കുന്നു) ഇവിടെ ചുരുക്കം ചിലര്‍ ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും കാട് പേടിയാണ്. നിങ്ങളുടെ യാത്ര വിവരങ്ങള്‍ കാണുമ്പോള്‍ എന്താണ് എനിക്ക് മിസ്സ്‌ ആകുന്നത് എന്ന് മനസിലാകുന്നു. പിന്നെ കയ്യില്‍ ഉള്ളത് ഒരു മൊബൈല്‍ മാത്രമാണ്, അതിലാണ് പടം പിടുത്തം. ഒരു നല്ല ക്യാമറ വാങ്ങണം.

    ReplyDelete