Thursday, March 1, 2012

അക്ബർ കാ മഖ്ബറ.


ഈ യാത്രയുടെ മുൻഭാഗങ്ങൾ  
.............................................................................................................................................................

താജ്മഹലും, ഫത്തേപ്പൂരും, വൃന്ദാവനവും സന്ദർശിച്ചു മടങ്ങുന്ന സഞ്ചാരികളിൽ പലരും, അക്ബർ ചക്രവർത്തിയുടെ ശവകുടീരത്തെ, കാഴ്ചകളുടെ പട്ടികയിൽനിന്നും ഒഴിവാക്കുകയാണ് പതിവ്. ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ കാര്യമായ ഇടം പിടിയ്ക്കാത്തതിനാൽ പാക്കേജ് ടൂറുകളുടെ ഭാഗമായി സഞ്ചരിയ്ക്കുവാൻ ആഗ്രഹിക്കുന്ന യാത്രികരിൽ പലർക്കും ഈ സ്മാരകം സന്ദർശിയ്ക്കുവാനും സാധിക്കാറില്ല. ആഗ്രയിലെ വീർപ്പുമുട്ടിക്കുന്ന ജനക്കൂട്ടത്തിന്റെയും, വാഹനത്തിരക്കിന്റെയും ഇടയിൽനിന്നും സിക്കന്ദ്രയിൽ എത്തിയപ്പോൾ അത് ഞങ്ങൾക്കു പൂർണമായും ബോദ്ധ്യപ്പെട്ടു. പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ ദിവസേന കടന്നുപോകുന്ന ആഗ്ര-ഡൽഹി നാഷണൽ ഹൈവേ(NH-2)യോട് ചേർന്ന് സ്ഥിതിചെയ്യുന്ന, മഹാനായ മുഗൾചക്രവർത്തിയുടെ ശവകുടീരത്തിനു സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ രണ്ടോ മൂന്നോ വലിയ വാഹനങ്ങളും വിരലിൽ എണ്ണാവുന്നത്ര സന്ദർശകരും മാത്രം... അവശേഷിക്കുന്ന സ്ഥലങ്ങളിൽ ഏതാനും  ബൈക്കുകൾ നിരന്നിരിക്കുന്നു. വശങ്ങളിൽ പടർന്നു പന്തലിച്ചുനിൽക്കുന്ന കൂറ്റൻ ആര്യവേപ്പ് വൃക്ഷങ്ങളുടെ തണലിലേയ്ക്ക്, ഞങ്ങളുടെ ബൈക്കുകളും സ്ഥാനം പിടിച്ചു.
ശവകുടീരത്തിന്റെ പ്രധാന കവാടം (South Gate)
പച്ചമതിൽപോലെ വെട്ടിയൊരുക്കിയ ചെടികളും, പരവതാനിപോലെ പരന്നുകിടക്കുന്ന പുൽത്തകിടികളും ചേർന്നൊരുക്കിയിരിക്കുന്ന ചെറുപൂന്തോട്ടമായിരുന്നു ആദ്യകാഴ്ച. തോട്ടത്തിനുനടുവിലൂടെയുള്ള വഴികൾ തറയോടുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയുടെ വൃത്തിഹീനത തെല്ലും ബാധിക്കാത്ത  വഴിയോരങ്ങളിൽ പോപ്പിച്ചെടികൾ പൂത്തു തുടങ്ങിയിരിക്കുന്നു. ചിലയിടങ്ങളിൽ പൂന്തോട്ടം കൂടുതൽ മോടി പിടിപ്പിക്കുവാനുള്ള പണികൾ പുരോഗമിച്ചു വരികയാണ്. ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞാൽ, വർണ്ണങ്ങൾ വാരി വിതറി തോട്ടത്തിലെ  ചെടികളെല്ലാം പൂത്തുലഞ്ഞുനിൽക്കുന്ന നയനാഭിരാമമായ ദൃശ്യമാകും സന്ദർശകരെ കാത്തിരിയ്ക്കുക.

കാഴ്ചകൾ ആസ്വദിച്ച് കടന്നു ചെല്ലുമ്പോൾ വേപ്പുമരങ്ങളെ തഴുകിയെത്തുന്ന ഔഷധക്കാറ്റിന്റെ കുളിരും, വർണവൈവിധ്യങ്ങളുടെ തിരയിളക്കവുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മയിൽക്കൂട്ടങ്ങളുടെ കാഴ്ചകളും ഒന്നുചേർന്നെത്തി  ഓരോ കാഴ്ചക്കാരനെയും ഹൃദ്യമായി ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നു..

ആഗ്രയുടെ നഗരാതിർത്തികൾക്കുള്ളിൽ പകൽ, സൂര്യന്റെ ചൂട് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. ഏതാണ്ട് 35 ഡിഗ്രിയ്ക്കും മുകളിൽ... പക്ഷെ 10 കിലോമീറ്റർ അകലെ ഈ മതിൽക്കെട്ടുകൾക്കുള്ളിൽ കാലാവസ്ഥ, നേർവിപരീതമായാണ് അനുഭവപ്പെട്ടത്. കേരളത്തിലെ ഇടതൂർന്ന കാടുകളിലൂടെ നടക്കുമ്പോൾ ലഭിക്കുന്ന അതേ കുളിർമ ഈ വേപ്പുമരങ്ങൾക്കടിയിലും അനുഭവിക്കുവാനാകുന്നു. സന്ദർശകബാഹുല്യം ഏറെയില്ലാത്തതിനാൽ  തീർത്തും ശാന്തമായ അന്തരീക്ഷം.. ആരുടെയും ശല്യമില്ലാതെ സമയമെടുത്ത് കാഴ്ചകൾ ആസ്വദിക്കാം.. വൃക്ഷത്തണലുകളുടെ കുളിർമയിലൂടെ, തത്തകളുടെയും, മൈനകളുടെയും ചിലപ്പുകൾക്കും, കിന്നാരങ്ങൾക്കും ചെവികൊടുത്ത് ഞങ്ങൾ പ്രധാനകവാടത്തിന്റെ  സമീപമെത്തി.
കവാടത്തിന്റെ മറ്റൊരു ദൃശ്യം.
വഴിയിൽ മെറ്റൽ ഡിറ്റക്ടർ ഒരെണ്ണം സ്ഥാപിച്ചിട്ടുള്ളതല്ലാതെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ  കാണപ്പെടുന്ന സുരക്ഷാസംവിധാനങ്ങൾ ഒന്നുംതന്നെ ഇവിടെ കാണുവാനായില്ല.മെഷീൻ ഗണ്ണുകളുമായി ചുറ്റിനടക്കുന്ന പട്ടാളക്കാരും, ഓരോ ചുവടുവയ്പിലും നിയന്ത്രിക്കുവാനെത്തുന്ന കാവൽക്കാരുമില്ലാത്ത ഇത്തരം വിനോദസഞ്ചാരകേന്ദ്രങ്ങൾ ഡൽഹിയിലും ആഗ്രയിലുമൊക്കെ തീർത്തും വിരളമാണ്.

പ്രവേശനകവാടത്തിനോട് ചേർന്നുതന്നെയാണ് ടിക്കറ്റ്കൗണ്ടർ. കൗണ്ടറിൽനിന്നും 10 രൂപയുടെ ടിക്കറ്റെടുത്ത് ഞങ്ങൾ സ്മാരകത്തിന്റെ ഉള്ളിലേയ്ക്ക്  നടന്നു. വേപ്പുമരങ്ങളും, മാവും, കരിമ്പനകളും വളർന്നുനിൽക്കുന്ന, 119 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഒരു ചെറുവനം. അതിനു നടുവിലാണ് ഈ സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നത്. ഹരിതഭംഗി കാത്തുസൂക്ഷിക്കുന്ന വനപ്രദേശത്തെയും, സ്മാരകങ്ങളെയും വലയം ചെയ്ത്  കനത്ത മതിൽക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. സമചതുരാകൃതിയിലുള്ള ഈ മതിലിന്റെ നാലു വശങ്ങളിലായി നാല് കൂറ്റൻ വാതിലുകൾ. അതിലെ 'സൗത്ത് ഗേറ്റ്' എന്നറിയപ്പെടുന്ന പ്രധാന കവാടത്തിനുള്ളിലൂടെയാണ് സന്ദർശകർ ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നത്.

മുഗൾരാജവംശത്തിലെ മൂന്നാമനും, പ്രധാനിയുമായ അക്ബർ ചക്രവർത്തി, തന്റെ ജീവിതകാലത്ത് തന്നെ, ഈ  ശവകുടീരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. സ്വന്തം ശവകുടീരത്തിനായി സിക്കന്ദ്രയിലെ സ്ഥലം തിരഞ്ഞെടുത്തതും, സ്മാരകങ്ങളുടെ രൂപരേഖ തയ്യാറാക്കിയതും ചക്രവർത്തിയുടെ മേൽനോട്ടത്തിൽ തന്നെ.. 1600-ൽ ഇതിന്റെ നിർമ്മാണം  ആരംഭിച്ചുവെങ്കിലും 1605-ൽ നിർമ്മാണത്തിന്റെ പാതിവഴിയിൽ അക്ബർ മരണമടഞ്ഞു. ശേഷമുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് പുത്രനും, കിരീടാവകാശിയുമായ ജഹാംഗീർ ആയിരുന്നു. 13- വർഷത്തോളം നീണ്ടുനിന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കുശേഷം 1613- ലാണ് ഈ ശവകുടീരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന മന്ദിരം.
ചുവന്ന മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച പ്രധാന കവാടത്തിന്റെ  ഉള്ളിലേയ്ക്ക് ഞങ്ങൾ കടന്നു. ചുവന്ന നിറത്തിലുള്ള കല്ലുകൾക്കൊപ്പം, വെളുത്ത മാർബിളിലുള്ള ചിത്രപ്പണികളാണ് ഈ കവാടത്തിനെ ഏറെ മനോഹരമാക്കുന്നത്. നിർമ്മാണഘടനയിൽ ഫത്തേപ്പൂർ സിക്രിയിലെ ബുലന്ദ് ദർവാസയോട്  ഏറെ സാമ്യം പുലർത്തുന്ന ഈ കവാടത്തിന്റെ മുകളിൽ, താജ്മഹലിന്റെ വശങ്ങളെ അലങ്കരിക്കുന്ന, സ്തംഭാകൃതിയിലുള്ള ഗോപുരങ്ങളുടെ പകർപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. താജ്മഹൽ നിർമ്മിക്കപ്പെടുന്നതിനും ഏറെ വർഷങ്ങൾക്കു മുൻപേ അക്ബറിന്റെ ശവകുടീരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നതിനാൽ, സ്തംഭഗോപുരങ്ങളുടെ  മാതൃക ഇവിടെനിന്നും  പകർത്തിയാണ് താജ്മഹലിനോട് ചേർത്തതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

കവാടത്തിനുള്ളിലെ ചെറിയ കൗണ്ടറിനുസമീപത്താണ് ടിക്കറ്റ് പരിശോധകന്റെ സ്ഥാനം. കൗണ്ടറിന്റെ മുകളിൽ ചരിഞ്ഞുകിടന്ന്  സുഹൃത്തുക്കളുമായി വെടിവട്ടം പറഞ്ഞിരിക്കുന്നതിനിടയിലും പരിശോധന കാര്യക്ഷമമായിത്തന്നെ നീങ്ങുന്നുണ്ട്. കാട്ടുകള്ളൻ വീരപ്പനെ വെല്ലുന്ന കപ്പടാമീശയും, ആഴത്തിൽ ചാലുകീറിയതുപോലെ ചുളിവുകൾ വീണ ഇരുണ്ട മുഖവുമുള്ള അദ്ദേഹം ഒറ്റനോട്ടത്തിൽത്തന്നെ ആരുടെയും ശ്രദ്ധ ആകർഷിക്കും. വർണങ്ങൾ വാരിവിതറിയ രാജസ്ഥാനി തലപ്പാവും, ഇടുങ്ങിയ ചെമ്പൻകണ്ണുകൾ തീക്ഷ്ണമാക്കുന്ന മുഖഭാവവും കൂടിച്ചേർന്നപ്പോൾ എവിടെയോ കണ്ടുമറന്ന ചില രാജസ്ഥാനി പെയിന്റിംഗുകളുടെ ഓർമ്മകളാണ് മനസ്സിലേയ്ക്ക് കടന്നുവന്നത്. തികച്ചും വ്യത്യസ്തമായി തോന്നിയ ആ രൂപം ക്യാമറയിൽ പകർത്തണമെന്ന ഒരു ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ  സൗഹൃദത്തിന്റെ കണികപോലുമില്ലാത്ത മുഖഭാവവും, സന്ദർശകരോടുള്ള പെരുമാറ്റത്തിൽ പ്രകടമാകുന്ന കാർക്കശ്യവും കണ്ടതോടെ ഫോട്ടോയെടുക്കുവാനുള്ള ആഗ്രഹം മനസ്സിലൊതുക്കി, ഞങ്ങൾ കാഴ്ചകളിലേയ്ക്ക് കടന്നു.

കവാടത്തിൽനിന്നും ഏകദേശം 200 മീറ്റർ ദൂരത്തിലായാണ് അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ചുവന്ന മണൽക്കല്ലുകൾ തന്നെയാണ് ഇവിടെയും നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഭൂനിരപ്പിൽനിന്നും 6 അടിയോളം ഉയർത്തി നിർമ്മിച്ചിരിക്കുന്ന പാതയിലൂടെവേണം ശവകുടീരത്തിലേയ്ക്ക് എത്തിച്ചേരുവാൻ. ഒരു അധികചിഹ്നത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന പാതയുടെ അവസാനത്തിൽ ഒരു ചെറിയ ജലാശയവും,  ജലധാരകൾക്കായുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പക്ഷെ നീരൊഴുക്കിന്റെ യാതൊരു ലക്ഷണവുമില്ലാതെ വരണ്ടുണങ്ങിയ അവസ്ഥയിലാണ്  അവ കാണപ്പെടുന്നതെന്ന് മാത്രം. പുറംകാഴ്ചകളിൽനിന്നും തീർത്തും വ്യത്യസ്തമായി, കാര്യമായ പരിഗണനയോ, പരിരക്ഷയോ ഉള്ളിലെ സ്മാരകങ്ങൾക്ക് കൊടുക്കുവാൻ അധികൃതർ തയ്യാറല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം...
കൃഷ്ണമൃഗങ്ങൾ (കടപ്പാട്- ഗൂഗിൾ)
പാതയുടെ ഇരുവശങ്ങളിലും സന്ദർശകരുടെ മനസ്സിനെ ഏറെ ആകർഷിക്കുന്ന ഒരു കാഴ്ചയാണ് ഒരുക്കി വച്ചിരിക്കുന്നത്. ഉയർന്നു വളരുന്ന പുൽക്കൂട്ടങ്ങൾക്കിടയിലൂടെ അലസമായി മേഞ്ഞുനടക്കുന്ന അനവധി കൃഷ്ണമൃഗങ്ങൾ. പ്രകൃതിസ്നേഹം അല്പമെങ്കിലും മനസ്സിൽ അവശേഷിക്കുന്നവരെ സന്തോഷംകൊണ്ട് ഇളക്കി മറിയ്ക്കുവാൻ പര്യാപ്തമായ ഒരു കാഴ്ച തന്നെയാണിത്... യാത്ര ആരംഭിക്കുന്നതിനുമുൻപ് പ്രധാന സന്ദർശനസ്ഥലങ്ങൾ തിരഞ്ഞെടുക്കുവാൻ ഇന്റർനെറ്റ് മുഴുവൻ പരതിയിരുന്നു. എങ്കിലും Black Buck എന്നറിയപ്പെടുന്ന ഈ മാൻകൂട്ടങ്ങൾക്കായി മനോഹരമായ ഒരു പാർക്ക് ഇവിടെ സജ്ജമാക്കിയിട്ടുണ്ട് എന്നത് ഇവിടെ എത്തിയശേഷം മാത്രമാണ് അറിയുവാൻ സാധിച്ചത്. വംശനാശം വന്നുപോയ ചീറ്റപ്പുലികളെ ഉപയോഗിച്ച് കൃഷ്ണമൃഗങ്ങളെ വേട്ടയാടുന്നതിൽ കുപ്രസിദ്ധി നേടിയ ഭരണാധികാരിയായിരുന്നു അക്ബർ എന്ന് ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നു. ഇൻഡ്യയിൽ ചീറ്റപ്പുലികൾക്ക് സംഭവിച്ച  വംശനാശത്തിൽ, ഈ മഹാനായ ചക്രവർത്തി ചെറുതല്ലാത്ത പങ്ക് വഹിച്ചുണ്ട്. കൃഷ്ണമൃഗങ്ങളുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിച്ചത് അക്ബർ ഭരണം നടത്തിയിരുന്ന കാലഘട്ടത്തിലാണെന്നും പറയപ്പെടുന്നു. ഒരു പക്ഷെ അതിനുള്ള പ്രായശ്ചിത്തമായിട്ടാകണം  കൃഷ്ണമൃഗങ്ങൾക്കായി മനോഹരമായ ഒരു പാർക്ക്  ഇവിടെ സംവിധാനം ചെയ്തിരിക്കുന്നത്.

ദൂരത്തായി മേഞ്ഞുനടക്കുന്ന കൃഷ്ണമൃഗക്കൂട്ടങ്ങളുടെ കാഴ്ചകൾ മനസ്സിൽ നിറച്ച് ഞങ്ങൾ അക്ബറിന്റെ ശവകുടീരത്തിനരികിലെത്തി.
ചിത്രപ്പണികൾ നിറഞ്ഞ മുറിയുടെ ദൃശ്യം.
വിശാലമായ ശവകുടീരത്തിന്റെ ചെറിയ വാതിലിനുള്ളിലൂടെ ഞങ്ങൾ  കടന്നെത്തിയത് വർണങ്ങൾ വാരിവിതറി അലങ്കരിച്ചിരിക്കുന്ന മറ്റൊരു ലോകത്തിലേയ്ക്കാണ്. ഭാവനാശാലിയായ ഒരു ചിത്രകാരൻ, പ്രകൃതിയിലെ  വർണങ്ങൾ മുഴുവനായും കൂട്ടിക്കലർത്തി രചിച്ച ഒരു കാൻവാസുപോലെ മനോഹരമായിരുന്നു  വിശാലമായ ആ മുറിയ്ക്കുള്ളിലെ ഭിത്തികൾ. കാലപ്പഴക്കവും, കൃത്യമായ സംരക്ഷണത്തിന്റെ അഭാവവും, ഭിത്തികളുടെ സൗന്ദര്യത്തിനുമേൽ ആക്രമിച്ചു തുടങ്ങിയിട്ടുമുണ്ട്. പേർഷ്യൻ-മുഗൾ ശൈലിയുടെ സങ്കീർണ്ണത നിറഞ്ഞുനിൽക്കുന്ന രചനാശൈലിയും, മികവുറ്റ വർണവിന്യാസവും ആകർഷകമാക്കുന്ന ആ മുറിയുടെ ഭംഗി ആസ്വദിച്ച് അല്പനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. ചിത്രകലയോടുള്ള താത്പര്യം, ചെറുപ്പം മുതലേ മനസ്സിലുള്ളതിനാലാകാം ദിവസങ്ങൾക്കുശേഷം  ഈ യാത്രാക്കുറിപ്പുകൾ തയ്യാറാക്കുമ്പോഴും ആ മുറിയുടെ സൗന്ദര്യം മനസ്സിൽ തങ്ങിനിൽക്കുന്നു.
മനോഹരമായ ചിത്രവിദ്യകൾക്കൊപ്പംതന്നെ പൗരാണികതയുടെ പ്രതീകം പോലെ സ്ഥാപിച്ചിരിക്കുന്ന ഒരു തൂക്കുവിളക്കും, സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഹുമയൂണിന്റെ ശവകുടീരവും, താജ്മഹലും ഉൾപ്പടെയുള്ള എല്ലാ സ്മാരകങ്ങളിലും, മുഗൾനിർമ്മാണശൈലിയുടെ ഒരു അവിഭാജ്യ ഘടകമെന്ന് കരുതാവുന്ന  ഇത്തരം തൂക്കുവിളക്കുകൾ ഒരു സാധാരണ കാഴ്ചയാണ്.

ഹാളിനുള്ളിൽനിന്നും തുരങ്കം പോലെ നിർമ്മിച്ചിരിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ ഞങ്ങൾ അക്ബറിന്റെ ഖബറിടത്തിലേയ്ക്ക് നടന്നു. കാലങ്ങളായി എത്തിക്കൊണ്ടിരിക്കുന്ന സന്ദർശ‌കരുടെ കാൽചുവടുകൾ, കല്ലുപാകിയ വഴികളെ ചില്ലുപോലെ മിനുസപ്പെടുത്തിയിരിക്കുന്നു. ഇരുട്ടുനിറഞ്ഞ വഴിയിലൂടെ കടന്നുചെല്ലുമ്പോൾ ഉള്ളിൽനിന്നും കാഴ്ചകണ്ടിറങ്ങുന്ന സ്കൂൾ കുട്ടികളുടെ തിരക്ക്.  കുട്ടികൾക്കായി അല്പനേരം ഞങ്ങൾ വഴിമാറി നിന്നു... കളിചിരികളുടെ ഓളങ്ങൾ മാത്രമവശേഷിപ്പിച്ച് അവർ നടന്നകലുമ്പോൾ ഇരുട്ട് കട്ടപിടിച്ചു കിടക്കുന്ന മുറിയ്ക്കുള്ളിൽനിന്നും "അല്ലാഹു അക്ബർ" വിളികളുടെ മുഴക്കം, ഒരു ഗുഹയിൽനിന്നെന്നപോലെ പുറത്തേയ്ക്ക് ഒഴുകിയെത്തി.. കാലഘട്ടങ്ങളുടെ തേരോട്ടത്തിനു സാക്ഷ്യം വഹിച്ച ഒരു തൂക്കുവിളക്ക് ഇവിടെയും അന്ധകാരത്തിന്റെ കനത്ത തിരശ്ശീലയ്ക്കടിയിൽ മൂടിക്കിടക്കുന്നു. ഇരുട്ടിന്റെ മൂടുപടത്തെ വകഞ്ഞുമാറ്റി എത്തുന്ന ക്യാമറകളുടെ ഫ്ലാഷിന്റെ വെളിച്ചത്തിൽ, തൂവെള്ള മാർബിളിൽ തീർത്ത ചക്രവർത്തിയുടെ ശവകുടീരത്തിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ ഞങ്ങളുടെ കണ്മുൻപിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു.

ഉള്ളിലെ കാഴ്ചകൾ കാണുമ്പോൾ ഉത്തരേന്ത്യക്കർക്കിടയിൽ അക്ബറിന് ഒരു ദൈവികപരിവേഷം ലഭിച്ചതുപോലെ ഒരു തോന്നൽ... സന്ദർശകരിൽ പലരും ഭയഭക്തികളോടെ ശവകുടീരത്തെ സ്പർശിച്ച് വണങ്ങി കടന്നുപോകുന്നു. മറ്റു ചിലർ ബഹുമാനപൂർവ്വം കാഴ്ചവസ്തുക്കൾ അർപ്പിക്കുന്നു. കാഴ്ചക്കാരെ നിയന്ത്രിക്കുവാനെന്നപോലെ സമീപത്തായി ഒരു കാവൽക്കാരനുമുണ്ട്. ശവകുടീരത്തിൽ പണം സമർപ്പിയ്ക്കുന്നവർക്കായിമാത്രമുള്ള പതറിയ "അള്ളാഹു അക്ബർ" വിളികൾ അയാളുടെ മെല്ലിച്ച തൊണ്ടയിലൂടെ ഇടയ്ക്കിടെ പുറത്തുവന്നുകൊണ്ടിരുന്നു.അമ്മയുടെ നാടായ മലപ്പുറത്തെയും, ഡൽഹിയിലെയും മുസ്ലീപള്ളികളിൽനിന്നുയരുന്ന ഭക്തിസാന്ദ്രമായ ബാങ്ക് വിളികളെ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇവിടെ കേവലം ചില്ലറകൾമാത്രം ലക്ഷ്യം വച്ചുള്ള ആ പ്രാർത്ഥന കേൾക്കുമ്പോൾ എന്തോ, തീർത്തും അരോചകമായാണ് അനുഭവപ്പെട്ടത്.
അക്ബറിന്റെ ശവകുടീരം - (കടപ്പാട് : ഗൂഗിൾ )
സന്ദർശകരിൽ പലരും ചെറിയ ക്യാമറകളും, മൊബൈൽഫോണുകളും ഉപയോഗിച്ച് ശവകുടീരത്തിന്റെ ചിത്രങ്ങൾ പകർത്തുന്നുണ്ട്. കൈവശമുണ്ടായിരുന്ന ക്യാമറയുടെ വലിപ്പം കൊണ്ടാകാം, ചിത്രങ്ങൾ എടുക്കുവാൻ തുടങ്ങിയതേ കാവൽക്കാരൻ തടഞ്ഞു. "സാർ, അന്തർ ഫോട്ടോഗ്രഫി മനാ ഹേ." ചക്രവർത്തിയുടെ ഖബറിടമാകുമ്പോൾ കല്പന അനുസരിയ്ക്കാതിരിയ്ക്കുവാൻ പറ്റുമോ? ക്യാമറ ബാഗിനുള്ളിലേയ്ക്ക് തിരികെ വച്ചു. പുറത്തെങ്ങും ഫോട്ടോഗ്രഫി നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് കാണാതിരുന്നതിനാൽ, അല്പം ചില്ലറ ലക്ഷ്യം വച്ചുകൊണ്ടുള്ള നിരോധനമാണിതെന്ന് മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടായില്ല. കൈക്കൂലി വാഗ്ദാനം ചെയ്ത് ദൈവത്തെ പ്രസാദിപ്പിച്ചശേഷം ഫോട്ടോയെടുക്കുന്നതിൽ താത്പര്യം തോന്നാതിരുന്നതിനാൽ കാഴ്ചകൾ അവസാനിപ്പിച്ച് ഞങ്ങൾ പുറത്തേയ്ക്ക് നടന്നു.

സമയം മൂന്നുമണിയോടടുത്തിരുന്നു. അന്തരീക്ഷത്തിലെ ചൂടിന്റെ ശക്തികുറച്ച് തണുത്ത കാറ്റ് വീശിത്തുടങ്ങി. രാത്രിയാകുന്നതോടെ  തണുപ്പിന്റെ തീവ്രത രൂക്ഷമായിത്തുടങ്ങും. അതിനുമുൻപേ ഡൽഹിയിൽ മടങ്ങിയെത്തണം. പുറത്തെ കാഴ്ചകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുവാനുള്ള സമയം മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. അക്ബറിന്റെ ഭാര്യയായ മറിയത്തിന്റെ ശവകുടീരവും, കീഥം തടാകവും ഉൾപ്പടെയുള്ള സിക്കന്ദ്രയിലെ  എല്ലാ കാഴ്ചകളും ചുറ്റിനടന്ന് കാണണമെങ്കിൽ, കുറഞ്ഞത് ഒരു ദിവസം പൂർണമായും ഇവിടെയും ചിലവഴിക്കേണ്ടതായി വരും. വിട്ടുപോയ കാഴ്ചകളെ മറ്റൊരു അവസരത്തിലേയ്ക്ക് മാറ്റിവച്ച് ഞങ്ങൾ ശവകുടീരത്തിന്റെ പുറം കാഴ്ചകളിലേയ്ക്ക് കടന്നു.
ശവകുടീരത്തിനെ വലയം ചെയ്ത് സ്ഥിതിചെയ്യുന്ന നീളമേറിയ വരാന്തയാണ് പുറത്തെ കാഴ്ചയായി ഉള്ളത്. വരാന്തയിലെ ഓരോ തൂണിൻചുവട്ടിലും, പരിസരം മറന്ന് പ്രണയചാപല്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇണക്കിളികൾ. അതിലേറെയും സ്കൂൾകുട്ടികൾ... ക്ലാസ്മുറികളിൽ കിട്ടാത്ത വിഷയങ്ങളും, പാഠങ്ങളും തേടിയെത്തിയ, പതിനഞ്ചുവയസ്സിൽ താഴെയുള്ള  അവരെ യൂണിഫോമിൽനിന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. വെറും അഞ്ചുരൂപ നാണയത്തുട്ടിന്റെ ബലത്തിൽ, ആരുടെയും ശല്യമില്ലാതെ എന്ത് പേക്കൂത്തും കാട്ടുവാനുള്ള ലൈസൻസ് സ്വന്തമാക്കിയ അവരുടെ പ്രകടനങ്ങൾ, കാഴ്ചക്കാർക്ക് - പ്രത്യേകിച്ച് കുടുംബവുമായി എത്തുന്നവർക്ക് അരോചകമാകുന്നുവെങ്കിലും, കാവൽക്കാരുടെ കണ്ണുകളിൽ അതെല്ലാം ഒരു സാധാരണ കാഴ്ച മാത്രം. അല്ലെങ്കിലും ' ദീപസ്തംഭം മഹാശ്ചര്യം, നമുക്കു കിട്ടണം പണം' എന്നാണല്ലോ  പ്രമാണം.

പുറത്തേയ്ക്ക് നടക്കുമ്പോൾ  അല്പസമയം ഞങ്ങൾ കൃഷ്ണമൃഗക്കൂട്ടങ്ങൾക്കരികിൽ ചിലവഴിച്ചു. മുൻപ് വളരെ ദൂരെയായിരുന്ന മാൻകൂട്ടങ്ങൾ, ഇപ്പോൾ വളരെ അടുത്തെത്തിയിരിക്കുന്നു. അതിസുന്ദരന്മാരായ മാനുകളുടെ ചിത്രങ്ങൾ പകർത്തണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും 24-70 m.m ലെൻസിന്റെ പരിധിക്കും അപ്പുറമായതിനാൽ ദൂരക്കാഴ്ചകൊണ്ട് തൃപ്തിപ്പെടുവാനേ നിവൃത്തിയുള്ളു. എങ്കിലും മാൻകൂട്ടങ്ങളുടെ അലസഗമനവും, ഇടയ്ക്കിടെ കൊമ്പുകൾ കോർത്തുകൊണ്ടുള്ള ശണ്‌ഠകൂടലും കണ്ടുനിൽക്കുമ്പോൾ ചിത്രങ്ങൾ പകർത്തുവാനുള്ള ആഗ്രഹം ഒരു ഇത്തിൾക്കണ്ണിപോലെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു.   കാവൽക്കാരുടെ ചലനങ്ങൾ വീക്ഷിക്കുവാൻ സുഹൃത്തുക്കളെ ഏർപ്പെടുത്തിയതിനുശേഷം ഒരാൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലിൻകൂട്ടങ്ങൾക്കിടയിലൂടെ മാൻകൂട്ടങ്ങളെ ലക്ഷ്യമാക്കി ഞാൻ നടന്നു.               
കാവൽക്കാരുടെ കണ്ണിൽപ്പെടാതെ ദൂരെയുള്ള മാൻകൂട്ടങ്ങൾക്കരികിൽ എത്തിച്ചേരുക തീർത്തും അസാധ്യമായിരുന്നു. അതുകൊണ്ട് സമീപത്തെവിടെയെങ്കിലും ഒരു മാനിനെ കാണുവാൻ സാധിക്കുമോ എന്ന് പരിശോധിച്ചുകൊണ്ടായിരുന്നു മുൻപോട്ട് നടന്നത്. വേനലിന്റെ കാഠിന്യത്തിൽ മഞ്ഞനിറം വ്യാപിച്ച പുല്ലുകൾക്കു മറഞ്ഞ് അല്പം മുൻപോട്ടു നീങ്ങിയപ്പോൾതന്നെ, അടുത്തുണ്ടായിരുന്ന കരിമ്പനയുടെ ചുവട്ടിൽ ഒരു ചലനം!  ഒരു ആൺമാൻ. കൂട്ടത്തിൽനിന്നകന്ന് തണലിൽ ഒറ്റയ്ക്ക് വിശ്രമിക്കുകയാണ്. ഇത്രയും സമയത്തെ എന്റെ ചലനങ്ങളും വീക്ഷിച്ച് അയവിറക്കിക്കിടക്കുന്ന അവന്റെ ഭാവത്തിൽനിന്നും, രാജമലയിലെ വരയാടുകളെപ്പോലെ, ഇവിടെയുള്ള മാനുകളും മനുഷ്യസാമീപ്യത്തെ ഭയപ്പെടുന്നവയല്ലെന്ന്  മനസ്സിലാക്കാം. വന്യജീവി ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മനുഷ്യരുമായി ഇണങ്ങിയ ഇത്തരം മൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിൽ എന്തെങ്കിലും സംതൃപ്തി കണ്ടെത്താനാകുമെന്ന് കരുതുന്നില്ല. എങ്കിലും വന്യജീവി ഫോട്ടോഗ്രഫിയിൽ തുടക്കമിട്ടിരിക്കുന്നതിനാലും, കാട്ടുമൃഗങ്ങൾ ഇഷ്ടവിഷയമായതിനാലും അവയെ‌ക്കുറിച്ച് മനസ്സിലാക്കുവാൻ ഇത്തരം അവസരങ്ങൾ ഉപകരിക്കുമെന്ന് തീർച്ച.

എത്ര ഇണക്കമുള്ള കാട്ടുമൃഗമാണെങ്കിലും മനുഷ്യന്റെ ചലനത്തിലുണ്ടാകുന്ന ഒരു ചെറുവ്യത്യാസം പോലും അതിനെ ഭയപ്പെടുത്തുകയോ രോഷാകുലനാക്കുകയോ ചെയ്തേക്കാം. സൗമ്യമായി പെരുമാറുന്ന മൃഗങ്ങളാണ് മാനുകളെങ്കിലും അല്പനേരം ദൂരത്തുനിന്ന് വീക്ഷിച്ച്, കുറച്ചു ചിത്രങ്ങളും പകർത്തിയശേഷം മാത്രമാണ് ഞാൻ മുൻപോട്ട് നടന്നത്. ഏറെ അടുത്തെത്തിയപ്പോഴും -  മുഖത്തിന്റെ ക്ലോസപ്പ് ചിത്രം പകർത്താവുന്നിടത്തോളം- യാതൊരു ഭയവുമില്ലാതെ അത് എന്നെ നോക്കിക്കൊണ്ടിരുന്നു. അല്പനേരംകൂടി അതിന്റെ  പ്രതികരണത്തിനായി  കാത്തുനിന്നശേഷം സമീപത്തെത്തി അടുത്തിരുന്നിട്ടും, തലയിൽ തലോടിയിട്ടും യാതൊരു ഭയവും പ്രകടിപ്പിക്കാതെ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ഇണക്കം പ്രകടിപ്പിച്ച അവന്റെ ചിത്രങ്ങൾ മതിവരുവോളം ഞാൻ പകർത്തി.

കാലങ്ങളായി എത്തുന്ന സന്ദർശകരുടെ സാമീപ്യം മാൻകൂട്ടങ്ങളുടെ ഭയം തീർത്തും ഇല്ലാതാക്കിയിരിക്കുന്നു. വളരെ വേഗം ഇണങ്ങുന്ന ഈ സ്വാഭാവം കൊണ്ടുതന്നെ വനമേഖലകളിൽ വേട്ടക്കാരുടെയും, മറ്റു മൃഗങ്ങളുടെയും പ്രിയപ്പെട്ട ഒരു ഇരയാണ്  നിഷ്കളങ്കരായ ഈ ജീവികൾ.   ആന്റിലോപ് ജനുസ്സിൽ ഇൻഡ്യയിൽ കാണപ്പെടുന്ന ഏക മാൻവർഗ്ഗമെന്ന ബഹുമതിയും ഇവയ്ക്ക് സ്വന്തമാണ്. ശരീരത്തിന്റെ മുകൾ‌ഭാഗത്തിനു കറുപ്പും കഴുത്തുമുതൽ വയറുവരെയുള്ള അടിഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളും ആൺമൃഗങ്ങളിൽ കണ്ടുവരുന്നു. പെൺ‌മൃഗങ്ങൾക്ക് മുകൾഭാഗത്ത് മഞ്ഞനിറവും ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറത്തിലുമാണ് കാണപ്പെടുന്നത്. ആൺ‌മൃഗങ്ങളേക്കാൾ അല്പം ചെറുതായ ഇവയ്ക്ക് കൊമ്പുകൾ ഉണ്ടാവാറില്ല. 4 മീറ്റർ ഉയരത്തിൽ ചാടിയും, മണിക്കൂറിൽ 90 കിലോമീറ്ററിലേറെ വേഗതയിൽ ഓടിയുമാണ് ഇവ ശത്രുക്കളിൽനിന്നും രക്ഷ നേടുന്നത്
മനുഷ്യൻ നടത്തുന്ന വേട്ടയും, ആവാസവ്യവസ്ഥയുടെ ശോഷണവും ഇന്ന് കൃഷ്ണമൃഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. എങ്കിലും രാജസ്ഥാനിലെ മരുഭൂമിയിൽ വസിയ്ക്കുന്ന ഗോത്രവർഗ്ഗക്കാരായ ബിഷ്ണോയികളുടെ നേതൃത്വത്തിൽ ഇന്ന് ധാരാളം കൃഷ്ണമൃഗങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നത് ആശ്വാസം പകരുന്നു. 

തൊട്ടരികത്തിരുന്ന് ചിത്രങ്ങൾ പകർത്തിയിട്ടും, തലോടിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ എന്തോ ചവച്ചുകൊണ്ട് കിടക്കുന്ന മാനിന്റെ സമീപത്തേയ്ക്ക് സുഹൃത്തുക്കൾ ഓരോരുത്തരായി ഇറങ്ങിവന്നു. ഡൽഹിയുടെ തിരക്കുപിടിച്ച തെരുവീഥികൾ മാത്രം കണ്ട് വീർപ്പുമുട്ടി കഴിയുന്ന സുഹൃത്തുക്കളെ, മാൻകൂട്ടങ്ങളുടെ ദൃശ്യങ്ങളും സാമീപ്യവും ആവേശക്കൊടുമുടിയുടെ ഉയരങ്ങളിലേയ്ക്ക് എത്തിച്ചു കഴിഞ്ഞിരുന്നു. മനസ്സുനിറഞ്ഞ് മതിവരുവോളം ഓരോരുത്തരും മാനിനെ കെട്ടിപ്പിടിച്ച് ചിത്രങ്ങൾ പകർത്തി. DSLR ക്യാമറ ഉപയോഗിക്കുവാൻ അറിയാത്ത ഒരു സുഹൃത്ത് പകർത്തിയ എന്റെ ചിത്രങ്ങൾ എല്ലാം തന്നെ വ്യക്തത ഇല്ലാതായിപ്പോയി എന്ന സങ്കടം മാത്രം അവശേഷിക്കുന്നു.
കഞ്ച് മഹൽ
അല്പനേരം കൂടി മാൻകൂട്ടങ്ങളുടെ ദൃശ്യങ്ങൾ ആസ്വദിച്ചശേഷം ഞങ്ങൾ അക്ബറിന്റെ ശവകുടീരത്തിനു വെളിയിൽ കടന്നു. പാർക്കിംഗ് ഗ്രൗണ്ടിലെത്തി എല്ലാവരും  യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ സമീപത്തുള്ള രണ്ട് പുരാതന സ്മാരകങ്ങൾ കൂടി ഞാൻ ക്യാമറയിലേയ്ക്ക് പകർത്തി. 'കഞ്ച് മഹൽ' എന്നറിയപ്പെടുന്ന ഒരു സ്മാരകത്തെക്കുറിച്ച് മാത്രം അവിടെയുണ്ടായിരുന്ന ജോലിക്കാരനിൽനിന്നും കുറച്ചു കാര്യങ്ങൾ മാത്രം മനസ്സിലാക്കുവാൻ സാധിച്ചു. 1605-19 കാലഘട്ടങ്ങളിൽ മുഗൾ വനിതകൾക്ക് താമസിയ്ക്കുവാനായി  നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ മന്ദിരം, പിന്നീട് ജഹാംഗീറിന്റെ നായാട്ട് മന്ദിരമായി മാറ്റപ്പെട്ടിരുന്നു. കുറച്ചുകാലം ക്രിസ്ത്യൻ മിഷണറി സൊസൈറ്റിയുടെ കൈവശമായിരുന്ന ഈ സ്മാരകം ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലേയ്ക്ക് കൈമാറിയിട്ടുണ്ട്.
ചിത്രങ്ങൾ പകർത്തി മടങ്ങിയെത്തുമ്പോൾ ബൈക്കുകളും യാത്രക്കാരും തയ്യാറായിക്കഴിഞ്ഞു... കാഴ്ചകളെല്ലാം അവസാനിപ്പിച്ച് ഞങ്ങളുടെ യാത്ര വീണ്ടും തുടങ്ങുകയാണ്. തണുപ്പുവീണുതുടങ്ങിയ വഴിയിലൂടെ, മനോഹരമായ രണ്ടുദിവസങ്ങളുടെ കാഴ്ചകളെയും അനുഭവങ്ങളെയും മനസ്സിൽ നിറച്ച് ഇന്ദ്രപ്രസ്ഥത്തിന്റെ ഇരുണ്ട തെരുവുകളിലെ നാലു ചുവരുകൾക്കുള്ളിലേയ്ക്കുള്ള മടക്കയാത്ര..... വ്യത്യസ്തമായ മറ്റൊരു യാത്രയുടെ അനുഭൂതികൾക്കായി മനസ്സിനെ പാകപ്പെടുത്തുവാനായി മാത്രം ഒരു ചെറിയ ഇടവേള......

30 comments:

 1. നാട്ടിലേയ്ക്കുള്ള യാത്രയും, ജോലിത്തിരക്കുകളും കൊണ്ട് ഏറെ താമസിച്ചുപോയ ഒരു വിവരണം.. സദയം ക്ഷമിയ്ക്കുമല്ലോ. :)

  ReplyDelete
 2. ഷിബു...
  മനോജേട്ടനുമായി തട്ടകത്തിനു വേണ്ടി നടത്തിയ അഭിമുഖത്തിലാണ് താങ്കളുടെ ബ്ലോഗിനെ പറ്റി പറഞ്ഞത്. നല്ല വായനാനുഭവം നല്‍കി. കുറെ പോസ്റ്റുകള്‍ വായിച്ചു. സമയം പോലെ ബാക്കി കൂടി വായിക്കണം.
  മനോജേട്ടനുമായി (നിരക്ഷരന്‍,)നടത്തിയ അഭിമുഖം ഇവിടെ വായിക്കാം.

  ReplyDelete
  Replies
  1. വളരെ നന്ദി റ്റോംസ്..മനോജിനെപ്പോലെ യാത്രാവിവരണത്തിൽ പ്രഗത്ഭനായ ഒരാൾ എന്നെക്കുറിച്ച് പറഞ്ഞതിൽ ഞാൻ ഒത്തിരി അഭിമാനിയ്ക്കുന്നു.തട്ടകത്തിലെ ലിങ്കിലൂടെ വളരെ വായനക്കാർ യാത്രകൾ സന്ദർശിയ്ക്കുവാൻ എത്തിയിരുന്നു..പ്രത്യേകം നന്ദി പറയുന്നു. മുൻപോട്ടുള്ള യാത്രകളിലും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു.

   Delete
 3. ഇത്തവണ ചിത്രങ്ങൾ കൂടുതൽ ഇഷ്ടമായി.. പ്രത്യേകിച്ചും കാതരമായ കണ്ണുകളുള്ള ആ പേടമാനും, പിന്നെ അക്ബറിന്റെ ശവകുടീരവും...അധികം ഫോട്ടോഷോപിങ്ങ് ചെയ്യാത്തതും വളരെ നന്നായി...

  വിവരണം പതിവു പോലെ മനോഹരം :)

  സസ്നേഹം,
  പഥികൻ

  ReplyDelete
  Replies
  1. അക്ബറിന്റെ ശവകുടീരത്തിന്റെ ചിത്രം ഗൂഗിളിന്റേതായിപ്പോയി..അവർ ചിത്രം എടുക്കുവാൻ അനുവദിച്ചില്ല. :(

   Delete
 4. അക്ബറിന്റെ ശവകുടീരം ഗൂഗിളിന്റെതാണെന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത്.. :(

  ReplyDelete
 5. വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ .. ഓരോ യാത്രകളും മതി വരുവോളം വായിക്കുന്ന ഒരു സഹയാത്രികന്‍ ... ആശംസകള്‍ .. സസ്നേഹം ..

  ReplyDelete
  Replies
  1. വളരെ നന്ദി ആഷിക്..വരും യാത്രകളിലും സഹയാത്രികനായി കൂടെ പ്രതീക്ഷിയ്ക്കുന്നു. സ്നേഹപൂർവ്വം ഷിബു തോവാള.

   Delete
 6. പതിവ് പോലെ നല്ല ചിത്രങ്ങളും നല്ല വിവരണവും. ബ്ലോഗിലെ യാത്രക്കാരില്‍ ഒരു വന്യജീവി ഫോട്ടോഗ്രാഫറുടെ കുറവുണ്ട്. എന്തുകൊണ്ടും അനുയോജ്യന്‍ താങ്കള്‍ തന്നെ. താമസിയാതെ ആ മേഖലയിലെ ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാകട്ടെ എന്ന് ആശംസിക്കുന്നു.
  സ്നേഹത്തോടെ,
  ലാസര്‍

  ReplyDelete
  Replies
  1. ലാസറേട്ടാ....സന്ദർശനത്തിനും, അഭിപ്രായത്തിനും പ്രത്യേകം നന്ദി പറയുന്നു. കാടിനോടുള്ള സ്നേഹവും വന്യജീവി ഫോട്ടോഗ്രഫി ചെറുപ്പം മുതലേ എന്റെ സ്വപ്നമാണ്.കാടിനെ അറിയുവാനായി പല യാത്രകളും നടത്തിയിട്ടുണ്ടെങ്കിലും വന്യജീവി ഫോട്ടോഗ്രഫി എന്ന സ്വപ്നം ഇപ്പോഴാണ് യാഥാർത്ഥ്യമായി വരുന്നത്..അടുത്ത കാലത്ത് ഫോട്ടോഗ്രഫി പഠനത്തിനായി നടത്തിയ ചെറിയ യാത്രകൾ ഉടൻ യാത്രകളിൽ വരുന്നതായിരിയ്ക്കും. സ്നേഹപൂർവ്വം ഷിബു തോവാള.

   Delete
 7. ഷിബു ,
  പതുക്കെ ആസ്വദിച്ചു വായിക്കാന്‍ മാറ്റിവെച്ചതായിരുന്നു.
  മനോഹര വിവരണവും ആധികാരികമായ വിവരങ്ങളും ചേര്‍ത്ത് പറയുന്ന ഷിബുവിന്‍റെ യാത്രാ കുറിപ്പുകള്‍ എന്നും എന്‍റെ പ്രിയപ്പെട്ട വായനയാണ്. അക്ബറിന്‍റെ ശവ കുടീരവും പിന്നെ പരസര കാഴ്ചകളും ചേര്‍ത്ത ഈ കുറിപ്പും വളരെ ആകര്‍ഷകമായി. കൂടെ ചിത്രങ്ങളും.
  നന്ദി , നല്ല കാഴ്ചകള്‍ പങ്കുവെച്ചതിന്.

  ReplyDelete
  Replies
  1. പ്രിയ ഷിബു യാദൃശ്ചികമായാണ് ഇവിടെ എത്തിയത്. ഇത്ര നല്ല രചനകള്‍ എന്തേ എന്റെ കണ്ണില്‍ പെടാതിരുന്നതെന്ന് കുറ്റബോധം തോന്നുന്നു. എല്ലാ വിധത്തിലും വിജ്ഞാനപ്രദമായ എഴുത്ത്. അഭിനന്ദനങ്ങള്‍.

   Delete
  2. സന്ദർശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി പറയുന്നു.

   Delete
  3. എന്തോ സംഭവിച്ചു..മൻസൂറിന് അയയ്ക്കുന്ന മറുപടി വഴി മാറി പോകുന്നു.

   Delete
 8. വായിച്ചു. പതിവുപോലെ മനോഹരം ചിത്രങ്ങൾ, വിവരണവും. എന്തു ഭംഗിയാ ചിത്രപ്പണികൾ നിറഞ്ഞ ചുമരുമൊക്കെ.കാണാൻ കൊതിയുണ്ട്.

  ReplyDelete
  Replies
  1. ഇതു വരെയുള്ള യാത്രകളിൽ ഏന്നെ ഏറ്റവും ആകർഷിച്ച കാഴ്ചയും ആ ചുമരുകളാണ്..ചുമരിന്റെ യഥാർത്ഥത്തിലുള്ള ഭംഗിയുടെ 10% പോലും ചിത്രത്തിൽ നിന്നും മനസ്സിലാക്കുവാൻ സാധിയ്ക്കില്ല.സന്ദർശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി.

   Delete
 9. യാത്രാ വിവരണം അസ്സലായിരിക്കുന്നു. ആഗ്രയില്‍ പോയപ്പോള്‍ താജിലും ആഗ്ര ഫോര്ട്ടിലും മാത്രമേ പോയുള്ളൂ...

  ReplyDelete
  Replies
  1. കൊറ്റായി..താജും, ആഗ്രാ ഫോർട്ടും കൂടാതെ സാധാരണക്കാരായ സഞ്ചാരികൾക്ക് അറിയില്ലാത്ത അനവധി മനോഹരസ്മാരകങ്ങൾ ഉത്ത‌രേന്ത്യയിലുണ്ട്..അവയൊക്കെ നിങ്ങളുടെ മുൻപിൽ വെളിപ്പെടുത്തണമെന്ന ആഗ്രഹമുണ്ട്..സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.സന്ദർസനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി.

   Delete
 10. മനോഹരമായ ചിത്രങ്ങളും വിവരണവും.
  *അല്ലാഹു അക്ബർ എന്നത് ദൈവം വലിയവനാണ് എന്ന അർത്ഥത്തിലാണ്. അത് അക്ബർ ചക്രവർത്തിയുമായി ഒരു ബന്ധവുമില്ല കേട്ടോ.. :D

  ReplyDelete
  Replies
  1. ബെഞ്ചാലി.. ഞാൻ സൂചിപ്പിച്ചത് അക്ബറിന്റെ ശവകുടീർത്തിനോട് യാത്രക്കാരിൽ പലരും കാണിയ്ക്കുന്ന അമിതമായ ഭക്തിയെക്കുറിച്ചാണ്."ദൈവം വലിയവനാണ്" എന്ന അർത്ഥത്തിൽ തന്നെയാണ് അവർ അല്ലാഹുവിനെ വിളിയ്ക്കുന്നത്. അക്ബറിനെ ദൈവമായി കണക്കാക്കിയാണ് 'അല്ലാഹു അക്ബർ' വിളിയ്ക്കുന്നത് എന്ന് ഞാൻ എങ്ങും സൂചിപ്പിച്ചിട്ടില്ലല്ലോ. ഒപ്പം ധനസമ്പാദനം മാത്രം ലക്ഷ്യം വച്ചുള്ള അവരുടെ പ്രവർത്തികളിലുള്ള പ്രതിഷേധം രേഖപ്പെടുത്തി എന്നു മാത്രം. സന്ദർശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി..

   Delete
 11. പ്രിയപ്പെട്ട ഷിബു,
  ഓരോ യാത്രയും അറിവിന്റെ ജാലകങ്ങള്‍ തുറക്കുന്നു. അമ്മ പഠിപ്പിച്ചു തന്ന ചരിത്രത്തിലെ വിശേഷങ്ങള്‍...വിവരങ്ങള്‍...ഫോട്ടോസ്...! ഓര്‍മ്മകള്‍ ഉണരുന്നു....!
  യാത്രകളില്‍ ഓരോ വായനക്കാരനെയും/കാരിയെയും കൂടെ കൊണ്ടു പോകുന്ന മനോഹരമായ വിവരണം!
  കൃഷ്ണമൃഗങ്ങൾ മനസ്സിനെ വല്ലാതെ വശീകരിച്ചു! ആ ഭംഗിയേറിയ കണ്ണുകള്‍ വേട്ടയാടുന്നു!
  ഹൃദ്യമായ അഭിനന്ദനങ്ങള്‍!
  അടുത്ത യാത്ര എന്നാണ്?
  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. അനു, അഭിപ്രായങ്ങൾക്ക് പ്രത്യേക നന്ദി പറയുന്നു.. അടുത്തയിടെ യാത്രകൾ ഏറെ നടത്തിയിരുന്നു. എല്ലാം എഴുതുവാനുള്ള തയ്യാറെടുപ്പിലാണ്..സമയത്തിന്റെ കുറവാണ് പ്രശ്നം..എങ്കിലും ഉടൻതന്നെ കുറച്ചു യാത്രകളുടെ വിവരണംകൂടി എത്തുന്നതാണ്.. ഒരിയ്ക്കൽകൂടി നന്ദി..

   Delete
 12. ഷിബു,
  ബ്ലോഗില്‍ കറങ്ങിയിട്ട് കുറച്ചായി. എങ്കിലും ഷിബു തോവാള എന്ന പേര് മനസ്സില്‍ ഉണ്ട്. മുമ്പ് വായിച്ച പോസ്റ്റുകളുടെ സ്വാധീനം കൊണ്ടാവാം. ഒരു ഗ്രന്ഥകാരന്റെ സൂക്ഷ്മതകള്‍ എല്ലാ രചനകളിലും ഉണ്ട്. ദല്‍ഹിയില്‍ നിന്നും മാറിയുള്ള താങ്കളുടെ രചനകള്‍ക്ക് ഞാന്‍ കാത്തിരിക്കുന്നു.സ്നേഹപൂര്‍വ്വം .

  ReplyDelete
  Replies
  1. അബ്ദുൽ നിസ്സാർ, സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും വളരെ നന്ദി. ഓരോ യാത്രയിലും മനസ്സിൽ തോന്നുന്ന ചെറിയ അനുഭവങ്ങൾ ഇവിടെ കുറിച്ചിടുന്നു എന്നുമാത്രം.. ആ കുറിപ്പുകൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്... തുടർന്നുള്ള യാത്രകളിലും താങ്കളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു.

   Delete
 13. “വിശാലമായ ശവകുടീരത്തിന്റെ ചെറിയ വാതിലിനുള്ളിലൂടെ ഞങ്ങൾ
  കടന്നെത്തിയത് വർണങ്ങൾ വാരിവിതറി അലങ്കരിച്ചിരിക്കുന്ന മറ്റൊരു
  ലോകത്തിലേയ്ക്കാണ്. ഭാവനാശാലിയായ ഒരു ചിത്രകാരൻ, പ്രകൃതിയിലെ
  വർണങ്ങൾ മുഴുവനായും കൂട്ടിക്കലർത്തി രചിച്ച ഒരു കാൻവാസുപോലെ മനോഹരമായിരുന്നു വിശാലമായ ആ മുറിയ്ക്കുള്ളിലെ ഭിത്തികൾ. കാലപ്പഴക്കവും, കൃത്യമായ സംരക്ഷണത്തിന്റെ അഭാവവും, ഭിത്തികളുടെ സൗന്ദര്യത്തിനുമേൽ ആക്രമിച്ചു തുടങ്ങിയിട്ടുമുണ്ട്.
  പേർഷ്യൻ-മുഗൾ ശൈലിയുടെ സങ്കീർണ്ണത നിറഞ്ഞുനിൽക്കുന്ന
  രചനാശൈലിയും, മികവുറ്റ വർണവിന്യാസവും ആകർഷകമാക്കുന്ന
  ആ മുറിയുടെ ഭംഗി ആസ്വദിച്ച് അല്പനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു.
  ചിത്രകലയോടുള്ള താത്പര്യം, ചെറുപ്പം മുതലേ മനസ്സിലുള്ളതിനാലാകാം ദിവസങ്ങൾക്കുശേഷം
  ഈ യാത്രാക്കുറിപ്പുകൾ തയ്യാറാക്കുമ്പോഴും ആ മുറിയുടെ സൗന്ദര്യം മനസ്സിൽ തങ്ങിനിൽക്കുന്നു.“


  ചരിത്രത്തിന്റെ സ്മരണകൾ മാത്രമല്ല ചിത്രകലയുടെ മഹിമയും,
  മാഹത്മ്യവും കൂടി ആവാഹിച്ച് ,ആയതിന്റെയൊക്കെ മനോഹാരിതകൾ
  ഒട്ടും നഷ്ട്ടപ്പെടാതെയാണ് ഷിബു ഇത്തവണ വായനക്കാരെയെല്ലാം ഈ ചരിത്രസ്മാരകാങ്കണത്തിലേക്ക് കൂട്ടി കൊണ്ടുപോയിട്ടുള്ളത് കേട്ടൊ ഭായ്.

  അഭിനന്ദനങ്ങൾ...

  ReplyDelete
  Replies
  1. മുരളിയേട്ടാ...എഴുത്തിന്റെ ശൈലി മെച്ചപ്പെടുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം.. കൂടുതൽ നന്നായി എഴുതണമെന്ന് ആഗ്രഹമുണ്ട്...പക്ഷെ സാഹിത്യത്തിൽ യാതൊരു വാസനയും ഇല്ലാത്തതിനാൽ ഇങ്ങനെയൊക്കെ കുത്തിക്കുറിയ്ക്കുന്നു. തുടർന്നുള്ള യാത്രകളിലേയ്ക്കും മുരളിയേട്ടനെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.. സ്നേഹപൂർവ്വം..ഷിബു തോവാള.

   Delete
 14. നല്ല വിവരണം, ശരിക്കും അവിടെ പോയി കണ്ടാസ്വദിച്ച പോലെ. 'കഞ്ച് മഹൽ' എന്നെഴുതി പരിചയപ്പെടുത്തിയ പോലെ എല്ലാ ചിത്രങ്ങൾക്കും ഒരു പരിചയപ്പെടുത്തൽ ആകാമായിരുന്നു. ആശംസകൾ.

  ReplyDelete
  Replies
  1. മനേഷ്...താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി.. പല ചിത്രങ്ങൾക്കും അടിക്കുറിപ്പ് കൊടുത്തിട്ടില്ല.. കാരണം അതിലെ ഒന്നുരണ്ട് സ്മാരകങ്ങളെക്കുറിച്ച് പലരോടും അന്വേഷിച്ചു..ഇന്റർനെറ്റിലും ചികഞ്ഞു...എന്നിട്ടും ഫലമുണ്ടായില്ല.. ഊഹം വച്ച് ചരിത്രസ്മാരകങ്ങൾക്ക് പേര് കൊടുക്കുന്നത് ശരിയല്ലല്ലോ..അതുകൊണ്ടാണ് അടിക്കുറിപ്പ് കൊടുക്കാതെ വിട്ടുകളഞ്ഞത്... തുടർന്നുള്ള യാത്രകളിലും ഇത്തരം നിർദ്ദേശങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. ഷിബു തോവാള.

   Delete
 15. വളരെ മനോഹരമായ വിവരണം, ചിത്രങ്ങള്‍ കുറെ കാര്യങ്ങള്‍ മനസിലായി നിങ്ങള്‍ ഒരു സംഭവം തന്നെ

  ReplyDelete