Sunday, November 6, 2011

രാമക്കൽമേട്ടിലേയ്ക്ക്....

കേരളത്തിന്റെയും, തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന, മലയോര വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേടിന്റെ ഉയരങ്ങളിൽനിന്ന് ഏത് ദിക്കിലേയ്ക്ക് നോക്കിയാലും, പ്രകൃതിസൗന്ദര്യം നിറഞ്ഞൊഴുകുന്ന കാഴ്ചകൾ  മാത്രമാണ് കാണുവാൻ സാധിക്കുക.... ഒരു വശത്ത് കാർഷികകേരളത്തിന്റെ മനോഹരമായ വിദൂര കാഴ്ചകൾ... ഒരു ചുവട് മുൻപിൽ, അത്യഗാധമായ കൊക്കയുടെ അടിവാരത്തിൽനിന്നും ആരംഭിക്കുന്ന, തമിഴ്നാടൻ മണ്ണിലെ പാടശേഖരങ്ങളും, തെങ്ങിൻതോപ്പുകളും ചേർന്നൊരുക്കുന്ന  കാർഷികസമൃദ്ധിയുടെ വർണപ്പകിട്ട്, നീലമേഘങ്ങളുടെ തണലിൽ മയങ്ങിക്കിടക്കുന്ന സുന്ദരദൃശ്യം. ചുറ്റോടുചുറ്റും പരന്നുകിടക്കുന്ന പച്ചപുതച്ച പുൽമേടുകളും, മലനിരകളും, കൂറ്റൻ പാറക്കെട്ടുകളും.... മുളംകാടുകളിൽ നിന്നുയരുന്ന സംഗീതത്തിനു കാതോർത്ത്, പുൽമേടുകൾക്ക് മുകളിലേയ്ക്ക് കാട്ടുവഴികളിലൂടെയുള്ള യാത്ര.... എത്ര അനുഭവിച്ചാലും മതിവരാത്ത ആ കാഴ്ചകളിലേയ്ക്കായിരുന്നു, ഈ ഓണക്കാലത്ത്, സുഹൃത്തുകളുമൊത്തുള്ള യാത്ര ഞങ്ങൾ ആരംഭിച്ചത്.
രാമക്കൽമേട് - ഒരു മനോഹരദൃശ്യം
2011- സെപ്റ്റംബർ 10 ശനിയാഴ്ചയാണ് ഞങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓണം ആഘോഷിക്കുവാനായി സുഹൃത്തുക്കൾ എല്ലവരും ഒന്നിച്ചുകൂടിയപ്പോൾ, പെട്ടന്നുണ്ടായ ഒരു തീരുമാനത്തിന്റെ ഫലമായിരുന്നു ഈ യാത്ര. ശനിയാഴ്ച രാവിലെതന്നെ ചിലർക്കെങ്കിലും ജോലിസ്ഥലങ്ങളിൽ എത്തണമെന്നതിനാൽ, യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കാത്തതിന്റെ വിഷമവും അവശേഷിക്കുന്നു. അങ്ങനെ കൂട്ടിയും കുറച്ചും, അവസാനം യാത്രയ്ക്കായി തയ്യാറായത് സ്ത്രീകളും കുട്ടികളുമുൾപ്പെടെ പതിനഞ്ചോളം പേർ.
മേഘത്തണലിൽ മയങ്ങുന്ന താഴ്വാരം
ചിങ്ങമാസമെങ്കിലും, കർക്കിടകത്തിന്റെ  അവസാനപെയ്ത്തുപോലെ അപ്രതീക്ഷിതമായി എത്തുന്ന ചാറൽമഴയും, തണുത്ത കാറ്റും ഉച്ചയ്ക്കുശേഷം പ്രതീക്ഷിക്കാം. അതുകൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കുവാൻ അനീഷിന്റെ  i10 കാറും, ബാക്കിയുള്ളവർ സ്വന്തം ബൈക്കുകളിലുമായി യാത്ര തിരിക്കുവാൻ ആയിരുന്നു തീരുമാനം.

ഉച്ചയൂണിനുശേഷം ഒരു മണിയോടെ തോവാളയിൽനിന്നും യാത്ര ആരംഭിക്കുന്നു എന്ന തീരുമാനം, പതിവു യാത്രകൾപ്പോലെ, ഇത്തവണയും വെള്ളത്തിൽ വരച്ച വരപോലെയായി മാറി. ഒന്നരയോടെ എല്ലാവരും തന്നെ എത്തിച്ചേർന്നെങ്കിലും, കാറുമായി എത്തേണ്ട അനീഷിനെ മാത്രം കാണുന്നില്ല. കാറിനുണ്ടായിരുന്ന ചെറിയ പണികൾ തീർത്ത്, അനീഷ് എത്തുമ്പോഴേയ്ക്കും മണി രണ്ട് കഴിഞ്ഞിരുന്നു. ചെറിയൊരു മഴയുടെ മുന്നറിയിപ്പുമായി, കാർമേഘങ്ങൾ നിരന്നു തുടങ്ങിയിരുന്നതിനാൽ, സമയം അധികം നഷ്ടപ്പെടുത്താതെ ഞങ്ങൾ യാത്ര തുടങ്ങി.
കുറവന്റെയും കുടുംബത്തിന്റെയും സമീപത്തുനിന്നുള്ള ദൃശ്യം
തോവാളയിൽ നിന്നും ഇരുപത്തഞ്ചോളം കിലോമീറ്റർ ദൂരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ദൂരം കുറവാണെങ്കിലും വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികളും, പുതുതായി ബൈക്ക് വാങ്ങിയവരുടെ പരിചയ ക്കുറവും മൂലം, യാത്ര സാവധാനമാണ് നീങ്ങുന്നത്. ഇടയ്ക്കിടെ അകമ്പടിയായി എത്തുന്ന തണുത്ത കാറ്റും, ചാറ്റൽ മഴയും....... എങ്കിലും അതെല്ലാം ആസ്വദിച്ച് ചേമ്പളം-കല്ലാർ-തൂക്കുപാലം വഴി രാമക്കൽമേട്ടിൽ എത്തിച്ചേരുമ്പോൾ സമയം മൂന്ന് കഴിഞ്ഞിരുന്നു.

രാമക്കൽമേടിന്റെ മനോഹരദൃശ്യം കൺമുൻപിൽ തെളിയുന്നതിനും വളരെ മുൻപേതന്നെ, അതിർത്തി കടന്നെത്തുന്ന തണുത്ത കാറ്റിന്റെ ശക്തിപ്രകടനം ശരീരത്തിൽ അനുഭവപ്പെട്ടു തുടങ്ങി. കാറ്റിനൊപ്പം തന്നെ മലമുകളിൽനിന്നും ഒഴുകിവരുന്ന സഞ്ചാരികളുടെ ആരവങ്ങളും കൂടിച്ചേർന്നാണ്, ഓരോ യാത്രികനെയും, പ്രകൃതി ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നത്. രാമക്കൽമേടിന്റെ ഒരു പ്രത്യേകത തന്നെയാണിത്... ഉയരങ്ങളെ കീഴടക്കി, കാറ്റിനെ പ്രതിരോധിച്ച് ഉയർന്ന പാറക്കൂട്ടങ്ങൾക്കുമുകളിൽ നിൽക്കുമ്പോൾ,  ചുറ്റും പരന്നുകിടക്കുന്ന സൗന്ദര്യത്തിൽ മതി മറക്കുമ്പോൾ, ഏതൊരു സൗന്ദര്യാസ്വാദകനും എല്ലാം മറന്ന്, അറിയാതൊന്ന് ആർത്തുവിളിച്ചു പോകുമെന്നതാണ് വാസ്തവം.

രാമക്കൽമേടിന്റെ ടൂറിസം സാധ്യതകളെ മുൻകൂട്ടി കണ്ട് പ്രയോജനപ്പെടുത്തി, വളരെയേറെ കച്ചവട സ്ഥാപനങ്ങൾ, ഇപ്പോൾ മെട്ടിന്റെ താഴ്വാരത്തിൽ ആരംഭിച്ചുകഴിഞ്ഞു. വർഷങ്ങൾക്ക് മുൻപുള്ള യാത്രകളിൽ, ഭക്ഷണവും, കുടിവെള്ളം പോലും വീട്ടിൽനിന്നും കൊണ്ടുവന്നിരുന്നതൊക്കെ ഇനി പഴങ്കഥകൾ മാത്രം..... അന്ന് സമീപപ്രദേശങ്ങളിലുള്ളവർക്ക് മാത്രം സ്വന്തമായിരുന്ന ഈ മനോഹര പ്രദേശത്തിന്റെ പ്രശസ്തി കേരളത്തിന്റെ അതിർത്തികൾ പിന്നിട്ട്, ഇന്ത്യയിലുടനീളവും, വിദേശരാജ്യങ്ങളിൽപ്പോലും വ്യാപിച്ചുതുടങ്ങിയതിന്റെ ഫലം, വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധനയിൽ നിന്നുതന്നെ മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്.
രാമക്കൽമേട്ടിലെ പാർക്കിംഗ് ഗ്രൗണ്ട്.
ഓണക്കാലത്തിന്റെ തിരക്കുകൂടി ആയതിനാൽ ആവാം, താഴ്വാരത്തിലുള്ള ചെറിയ ഗ്രൗണ്ടും, വഴിയോരങ്ങളും വാഹനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. കുറവനും കുറത്തിയും കാവൽനിൽക്കുന്ന മലമുകളിലേയ്ക്ക് വാഹനമോടിച്ച് കയറുന്നതിനിടയിൽ, വെറുമൊരു കൗതുകത്തിന് വഴിയോരത്തു കണ്ട് വാഹനങ്ങളുടെ നമ്പർപ്ലേറ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. തേക്കടിയുടെയും, മൂന്നാറിന്റെയും, വാഗമണ്ണിന്റെയും ഒപ്പം രാമക്കൽമേടും, ടൂറിസത്തിന്റെ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതിന്റെ സൂചനയായി, മലപ്പുറവും, തിരുവനന്തപുരവും ഉൾപ്പടെ ആറോളം ജില്ലകളിൽനിന്നുള്ള വാഹനങ്ങൾ...

മലയുടെ മുകളിലേയ്ക്കുള്ള വഴിയുടെ വശങ്ങളിൽ വാഹനങ്ങൾ നിറുത്തി, മലമടക്കുകളുടെ ദൂരകാഴ്ച ആസ്വദിക്കുന്ന സഞ്ചാരികളെ പിന്നിട്ട് ഞങ്ങൾ മലമുകളിലെത്തി. പ്രധാന വഴിയിൽനിന്നും പാർക്കിംഗ് ഗ്രൗണ്ടിലേയ്ക്ക്, പുൽമേടുകളിലൂടെ അനവധി വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിത്തെളിഞ്ഞ വഴിത്താരകൾ.... ഉയർന്നും, താണും, പൊടിനിറഞ്ഞും കിടക്കുന്ന ആ വഴികളിലൂടെയുള്ള യാത്ര അത്യന്തം ആസ്വാദ്യകരം തന്നെയായിരുന്നു.

കുറവനും കുറത്തിയ്ക്കും പിന്നിലുള്ള ഗ്രൗണ്ടും, വാഹനങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. വാഗമണിൽ സംഭവിച്ചതുപോലെയുള്ള പരിസ്ഥിതിനാശവും, അപകടങ്ങളും മുൻകൂട്ടി കണ്ടാവാം, പുൽമേട്ടിലേയ്ക്ക് വാഹനങ്ങൾ കയറാതിരിക്കുവാൻ, ആഴത്തിലൊരു ചാല്, വഴിക്ക് കുറുകെ കീറിയിരിക്കുന്നു.
കുറവനും കുടുംബത്തിനുമൊപ്പം ഒരു നിമിഷം.
ബൈക്കുകളും, കാറും സൗകര്യപ്രദമായ ഒരു സ്ഥലത്ത് പാർക്ക് ചെയ്ത് ഞങ്ങൾ മുൻപോട്ട് നടന്നു. സാഹസികരായ സഞ്ചാരികൾക്ക് കുതിരസവാരിക്കുള്ള അവസരം ഒരുക്കുവാൻ കൊണ്ടുവന്നതാകാം, ഒരു സുന്ദരൻ കുതിര, വഴിയോരത്തുകൂടി  മേഞ്ഞുനടക്കുന്നുണ്ട്. . പുൽമേട്ടിലേയ്ക്ക് കയറിയെത്തുമ്പോൾ, രാമക്കൽമേടിന്റെ മനോഹാരിത, മനസ്സുകൊണ്ടു‌കൂടി തൊട്ടറിയുവാൻ സാധിക്കുന്ന കാഴ്ചകളാണ് കൺമുൻപിലേയ്ക്ക് തെളിഞ്ഞുവരുന്നത്. ഒപ്പം ശാന്തസുന്ദരമായ കുളിർകാറ്റിന്റെ തലോടലും......

ജിനൻ എന്ന പ്രശസ്തനായ ശില്പിയുടെ കരവിരുതിൽ ജന്മമെടുത്ത കുറവന്റെയും കുറത്തിയുടെയും ചെറുകുടുംബം, സന്ദർശകബാഹുല്യം കൊണ്ട് വീർപ്പുമുട്ടി നിൽക്കുന്നതുപോലെയാണ് തോന്നിയത്.
പ്രതിമയുടെ സമീപത്തുനിന്നു് ചിത്രങ്ങൾ പകർത്തുന്നതുകൂടാതെ, ആവേശം കൂടി പ്രതിമയുടെ മുകളിലേയ്ക്കും ചില സന്ദർശകർ വലിഞ്ഞുകയറുന്നുണ്ട്. നിയന്ത്രിക്കുവാൻ ആരുമില്ലാതെ പോകുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രത്തിന്റെ അവസ്ഥ എന്തായിത്തീരുമെന്ന് മനസ്സിലാക്കുവാൻ ഈ കാഴ്ചകളോക്കെത്തന്നെ ധാരാളമായിരുന്നു.

വിദൂരതയിലേയ്ക്ക് പരന്നുകിടക്കുന്ന തമിഴ്നാടിന്റെ ഭംഗി അല്പനേരം ആസ്വദിച്ചശേഷം, ചിത്രങ്ങൾ പകർത്തുവാനായി ഞങ്ങൾ ശില്പത്തിനരികിലേയ്ക്ക് മടങ്ങിയെത്തി. ഇളം പച്ചയുടെ പുതപ്പുവിരിച്ചതുപോലെയാണ് ശില്പത്തിനുമുൻപിൽനിന്നും മലഞ്ചെരിവ് കുത്തനെ ചെരിഞ്ഞിറങ്ങുന്നത്. കാൽനടയായി മുകളിൽ എത്തുവാൻ ആഗ്രഹിക്കുന്നവർക്ക്, ഈ മലഞ്ചെരിവുകളിലൂടെ  മുകളിലേയ്ക്ക് എത്തിച്ചേരുവാനുള്ള ചെറിയ വഴികളുണ്ട്. വളരെയേറെ സന്ദർശകരാണ്, വാഹനങ്ങൾ കുന്നിനുതാഴെ നിറുത്തിയശേഷം ഈ വഴികളിലൂടെ മുകളിലേയ്ക്ക് നടന്നുകയറുന്നത്.
അക്കരെയക്കരെ രാമക്കൽമെട്ട്
ശില്പത്തിനുസമീപത്തുനിന്നും കുറച്ച് ചിത്രങ്ങൾ പകർത്തിയശേഷം, ഞങ്ങൾ മലഞ്ചെരിവുകളുടെ കാഴ്ചകളിലേയ്ക്ക് നടന്നു. ഉയർന്നുവളരുന്ന പുല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ മലമടക്കുകൾ, തമിഴ്നാടിന്റെ കൃഷിയിടങ്ങളിലേയ്ക്ക് ഇവിടെനിന്നും ഒഴുകിയിറങ്ങുന്നു. മുൾച്ചെടികളും, അരിപ്പൂക്കാടുകളും, ഈന്ത് മരങ്ങളും വളർന്നുനിൽക്കുന്ന ആ പുൽമേടുകളിലൂടെയുള്ള യാത്ര എല്ലാവരും വളരെ നന്നായി ആസ്വദിച്ചു. ദിവസം മുഴുവൻ സഞ്ചരിച്ചാലും തീരാത്തതുപോലെ പരന്നുകിടക്കുന്ന മൊട്ടക്കുന്നുകൾ... സ്വസ്ഥമായിരുന്ന് സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി വെൽവെറ്റ് വിരിച്ചതുപോലെയുള്ള പുൽപ്പരപ്പുകൾ..... അല്പം സാഹസികത ആഗ്രഹിച്ചെത്തുന്നവരെ മാടിവിളിക്കുന്ന പാറക്കെട്ടുകൾ... ഒരു വിനോദയാത്ര ആഗ്രഹിച്ചെത്തുന്ന എല്ലാ വിഭാഗക്കാരെയും തൃപ്തരാക്കുവാൻ വേണ്ടുന്ന ചേരുവകൾ ഒന്നിച്ചുചേർത്തുതന്നെയാണ് ദൈവം ഈ മനോഹര പ്രദേശത്തെ  സൃഷ്ടിച്ചിരിക്കുന്നത്.
മൊട്ടക്കുന്നുകളിലൂടെ.....
പുൽമേടുകളിലൂടെ ചുറ്റിനടക്കുമ്പോൾ എതിർവശത്തായി ഉയർന്നുനിൽക്കുന്ന രാമക്കൽമേട് കാണാം. അരിച്ചുകയറുന്ന എറുമ്പിൻകൂട്ടങ്ങളെപ്പോലെ കാഴ്ചക്കാർ, കുത്തനെയുള്ള കയറ്റം കയറിപ്പോകുന്ന കാഴ്ച കണ്ടപ്പോൾ, ആദ്യമായി എത്തിയവരിൽ ആവേശം ഉയർന്നുതുടങ്ങി. കുറെ ഏറെ നേരം അവിടെ ഇരിക്കണമെന്നുള്ള ആഗ്രഹം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിലും, ആകാശത്ത് മൂടിക്കെട്ടുന്ന കാർമേഘങ്ങൾക്കൊപ്പം, തണുത്ത കാറ്റിന്റെ ശക്തികൂടി വർദ്ധിച്ചതോടെ കുറവനോടും,കുടുംബത്തോടും യാത്ര പറഞ്ഞ്, ഞങ്ങൾ അടിവാരത്തിലേയ്ക്ക് തിരിച്ചിറങ്ങി. പാർക്കിംഗ് ഗ്രൗണ്ടിനടുത്തുള്ള മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്തശേഷം, എല്ലാവരും അടുത്ത മലകയറ്റത്തിനായി തയ്യാറായി.
ഉയരങ്ങളിലേയ്ക്ക് കൈയാട്ടിവിളിച്ച് .....
താഴ്വാരത്തിലും തണുപ്പിന്റെ കാഠിന്യം വർദ്ധിച്ചുവരികയാണ്. അവിവാഹിതരുടെയും, ഭാര്യമാരെ കൂടാതെ വന്നവരുടെയും സംഘം, ഇതിനകം മലകയറ്റം ആരംഭിച്ചു കഴിഞ്ഞിരുന്നു. അവശേഷിച്ചവർ തണുപ്പിന്റെയും, യാത്രയുടെയും ക്ഷീണത്തിൽനിന്നും രക്ഷ തേടി, സമീപത്തുള്ള ചായക്കടകളെ ലക്ഷ്യം വച്ച് നീങ്ങി.

ചായ കുടിക്കുവാനായി കയറിയാൽ, മെട്ടിനുമുകളിൽ ചിലവഴിക്കുവാൻ അധികം സമയം ലഭ്യമായെന്നുവരില്ല. അതിനാൽ ചായകുടി മടക്കയാത്രയിലാകാം എന്ന് തീരുമാനിച്ച്, അനീഷിനോടും ബിനുവിനോടുമൊപ്പം ഞാനും മെട്ടിനുമുകളിലേയ്ക്ക് നടന്നു.

ഇരുവശങ്ങളിലും പടർന്നു പന്തലിച്ചു വളരുന്ന ഇല്ലിക്കൂട്ടങ്ങൾക്കിടയിലൂടെ ഇടുങ്ങിയ കാട്ടുവഴി  മലമുകളിലേയ്ക്ക് വളഞ്ഞുതിരിഞ്ഞ് കയറിപ്പോകുന്നു. കാറ്റടിക്കുമ്പോൾ ഇളകുന്ന മുളങ്കൂട്ടങ്ങൾക്കിടയിൽ നിന്നും വരുന്ന വിചിത്ര ശബ്ദങ്ങളും, ചീവീടുകളുടെ കൂട്ടക്കച്ചേരിയും ഒന്നുചേരുമ്പോൾ ഒരു ഭീകരസിനിമയുടെ ലൊക്കേഷനിലെത്തിയ പ്രതീതി...... സൂര്യൻ മലനിരകളുടെ മറവിലേയ്ക്ക് ചായാൻ തുടങ്ങിയതിനാൽ, മെട്ടിനുമുകളിലെ കാഴ്ചകൾ ആസ്വദിച്ച്, തിരിച്ചിറങ്ങുന്ന സന്ദർശകരുടെ തിരക്ക് വർദ്ധിച്ചുതുടങ്ങിരുന്നു. ഇടുങ്ങിയ കാട്ടുവഴികൾക്ക് ഉൾക്കൊള്ളാനാകുന്നതിലും അധികം സന്ദർശകർ ഇറങ്ങിവരുവാൻ തുടങ്ങിയതോടെ, ഞങ്ങളുടെ മലകയറ്റത്തിന്റെ വേഗതയും വളരെ കുറഞ്ഞു.
ഒരു വഴിയോരദൃശ്യം.
ഉയരങ്ങളിലേയ്ക്ക് കയറുന്നതിനനുസരിച്ച് തിരക്ക് വീണ്ടും വർദ്ധിക്കുന്നതല്ലാതെ,  കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല. അതുകൊണ്ട് ഞങ്ങൾ വഴിയൊന്ന് മാറ്റി പരീക്ഷിക്കുവാൻ തീരുമാനിച്ചു.  ഇരുവശവും പരന്നുകിടക്കുന്ന കൊങ്ങിണിക്കാടുകളുടെ ഇടയിലൂടെ ഞങ്ങൾ മലമുകളിലേയ്ക്ക് നീങ്ങി. പക്ഷെ പ്രതീക്ഷിച്ചതുപോലെ അത്ര സുഖകരമായിരുന്നില്ല ആ യാത്രയും. നീണ്ടുനിന്ന മഴക്കാലത്തിന്റെ കരുത്തിൽ തഴച്ചുവളരുന്ന മുൾച്ചെടികളുടെയും , കൊങ്ങിണി പടർപ്പുകളുടെയും ചുംബനം, ചെറിയ നീറ്റലായി ശരീരത്തിലുടനീളം അനുഭവപ്പെടാൻ തുടങ്ങിയതോടെ,  പഴയ വഴിയിലേയ്ക്കുതന്നെ, യാത്രയുടെ ഗതി മാറ്റാൻ ഞങ്ങൾ നിർബന്ധിതരായി.

മഴക്കാലത്തിന്റെ കലിപൂണ്ട കുത്തൊഴുക്കിൽ മണ്ണ് കവർന്നെടുത്തുപോയ വഴികൾ, ആഴത്തിലുള്ള ചാലുകളായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മലനിരകളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായി ആവേശത്തോടെ മലകയറിയ പലരും, തിരിച്ചിറങ്ങിവരുമ്പോഴാണ് യാത്രയുടെ കാഠിന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. കുത്തനെയുള്ള, ചരലും,പൊടിയും നിറഞ്ഞ ചാലുകളിലൂടെ ചുവടുറപ്പിച്ച് ഇറങ്ങിവരുവാൻ, പലരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്..

അല്പംകൂടി മുകളിലേയ്ക്ക് കയറിയെത്തുമ്പോൾ, മുൻപേ പോയ സംഘം, ഞങ്ങളെയും കാത്ത് വഴിയരികിൽ ചെറിയൊരു വിശ്രമത്തിനുള്ള തയ്യാറെടുപ്പിലാണ്. താഴ്വാരത്തിൽനിന്നും തലയുയർത്തിനിൽക്കുന്ന മുളംകാടുകളുടെയും, മലഞ്ചെരിവുകളുടെയും സൗന്ദര്യം ആസ്വദിച്ച് ഞങ്ങളും അവർക്കൊപ്പം അവിടെ ഇരുന്നു.. കൂട്ടത്തിലുള്ള ആരോ കൊണ്ടുവന്ന ചിപ്സും, പഴങ്ങളുമൊക്കെയായി സമയം ചിലവഴിക്കുന്നതിനിടെ, സംഘത്തിലെ അവശേഷിക്കുന്ന അംഗങ്ങളും ഞങ്ങൾക്കൊപ്പം എത്തിച്ചേർന്നു.
അത്യഗാധതയിലേയ്ക്ക്.....................
ഇനിയും കഷ്ടിച്ച് ഇരുനൂറ് മീറ്റർ മാത്രം മുകളിലേയ്ക്ക് കയറിയാൽ, മെട്ടിന്റെ മുകളിൽ എത്തിച്ചേരുവാൻ സാധിക്കുമെങ്കിലും,   തമിഴ്നാടിന്റെ താഴ്വരയിലേയ്ക്ക് ചെരിഞ്ഞുപോകുന്ന പുൽമേടുകളിലൂടെ  ചുറ്റിക്കറങ്ങിയാണ് ഞങ്ങളുടെ യാത്ര മുകളിലേയ്ക്ക് നീങ്ങിയത്. സന്ദർശകർ ആരും തന്നെ തിരിഞ്ഞുനോക്കാത്ത ഈ സ്ഥലങ്ങളുടെ ഭംഗി അവർണനീയം തന്നെയാണ്. വെളുത്ത നിറത്തിലുള്ള പേരറിയാപൂക്കൾ, പുൽമേട്ടിൽ നിറയെ വളർന്നുനിൽക്കുന്നു. വീശിയടിയ്ക്കുന്ന തണുത്ത കാറ്റിന്റെ ശക്തിയും, ഈ ഭാഗങ്ങളിൽ വളരെ കൂടുതലായി അനുഭവപ്പെടുന്നുണ്ട്. സമയം അധികം നഷ്ടപ്പെടുത്താതെ, കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം ഞങ്ങൾ ശൂലപ്പാറയ്ക്ക് സമീപത്തേയ്ക്ക് നടന്നു.
ശൂലപ്പാറ
രാമക്കൽമേടുമായി ബന്ധപ്പെട്ടുള്ള ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായായിരുന്നിരിക്കണം, വർഷങ്ങൾക്കുമുൻപ് ഈ പാറക്കൂട്ടങ്ങളൂടെ മുകളിൽ ഒരു ശൂലം സ്ഥാപിക്കപ്പെട്ടിരുന്നു. അതിനാലാണ്  ഈ പാറയ്ക്ക് ശൂലപ്പാറ എന്ന പേര് പതിഞ്ഞുകിട്ടിയത്. പക്ഷെ ഇപ്പോൾ ആ  ശൂലം, പാറക്കെട്ടുകൾക്ക് മുകളിൽനിന്നും  അപ്രത്യക്ഷമായിരിക്കുന്നു.

സാഹസികത വളരെയധികം ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ശൂലപ്പാറയുടെ മുകളിലേയ്ക്ക് കയറാം. രണ്ടു പാറകളുടെ മധ്യത്തിലുള്ള വിടവിലൂടെ, മുകളിലേയ്ക്കുള്ള കയറ്റം സാധ്യമെങ്കിലും, തിരിച്ചിറങ്ങുമ്പോൾ അത് തീർത്തും അപകടകരമായി മാറുവാനുള്ള സാധ്യത ഏറെയാണ്. തിരികെ ഇറങ്ങുമ്പോൾ ഒരു വശത്തുള്ള അത്യഗാധമായ കൊക്കയുടെ കാഴ്ച കണ്ട് ഭയന്ന്, പാറകൾക്കിടയിലെ വിടവിനിടയിൽ മണിക്കൂറുകളോളം അകപ്പെട്ടുപോയവരുമുണ്ട്.
ശൂലപ്പാറയിലെ ഭീമൻ കല്ലുകൾക്കിടയിലെ വിശാലമായ സ്ഥലത്ത് ഞങ്ങൾ അല്പസമയത്തേയ്ക്ക് വിശ്രമസ്ഥലം കണ്ടെത്തി... തൊട്ടുപിറകിൽ  അഗാധതയിൽ നിന്നും മുളപൊട്ടിയുയർന്ന ഇരു കൂറ്റൻ കരിങ്കൽ തൂണുപോലെ രാമക്കൽമേട് ഉയർന്നു നിൽക്കുന്നു. കീഴ്ക്കാംതൂക്കായ ആ പാറക്കെട്ടുകൾക്കിടയിലെ വിള്ളലുകൾ അടുത്തകാലം വരെ അപകടകാരികളായ പെരും തേനീച്ചകളുടെ വാസസ്ഥലങ്ങളായിരുന്നു. കാഴ്ചക്കാരുടെ കണ്ണുകളിൽ വിസ്മയം വിരിച്ചിരുന്ന അവയുടെ മധുവൂറുന്ന കൂടുകൾ, ഒന്നുപോലും ബാക്കിയില്ലാതെ ഇന്ന് രാമക്കൽമേടിനെ ഉപേക്ഷിച്ചുകഴിഞ്ഞു.

മനുഷ്യസമീപ്യമേറിയതാകാം തേനീച്ചക്കൂട്ടത്തിന്റെ വിടപറയലിന് കാരണമെങ്കിലും, അത് മുതലെടുത്ത് മറ്റൊരു കൂട്ടർ രാമക്കൽമേട്ടിൽ താമസമുറപ്പിച്ചിട്ടുണ്ട്. Bonnet Macaque എന്നറിയപ്പെടുന്ന തൊപ്പിക്കുരങ്ങന്മാർ... സഞ്ചാരികളുടെ ഭക്ഷണപ്പൊതികളെയും, ബാഗുകളെയും ലക്ഷ്യം വച്ചെത്തുന്ന ഈ വാനരക്കൂട്ടം, ജില്ലയിലെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളെപ്പോലെ,  ഇവിടെയും ഒരു പതിവ് കാഴ്ചയും, ശല്യവുമായി മാറിക്കഴിഞ്ഞു.
ആത്മഹത്യാ മുനമ്പ്
പാറക്കൂട്ടങ്ങൾക്കിടയിൽനിന്നും കുറച്ചു ചിത്രങ്ങൾ പകർത്തിയശേഷം, വിശ്രമം അവസാനിപ്പിച്ച് ഞങ്ങൾ അടുത്ത കാഴ്ചകളിലേയ്ക്ക് നടന്നു.സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ നിലകൊള്ളുന്ന, രാമക്കൽമേട്ടിലെ പ്രധാന ആകർഷണകേന്ദ്രമായ, പാറകൾ നിറഞ്ഞുനിൽക്കുന്ന കുന്നിൻമുകളിലേയ്ക്കാണ് ഇനിയുള്ള യാത്ര. പുല്ലുവളർന്നു നിൽക്കുന്ന ചരിവുകളിലൂടെ കയറിയെത്തുമ്പോൾത്തന്നെ കാറ്റിന്റെ കാഠിന്യം മനസ്സിലായിത്തുടങ്ങി. മണിക്കൂറിൽ 35 കിലോമീറ്ററിലും അധികമാണ് ഇവിടെ കാറ്റിന്റെ വേഗത. പുല്ലിൻകൂട്ടങ്ങളെയും, ചെറുമരങ്ങളെയും ശക്തിയായ കാറ്റ് ഇളക്കിമറിക്കുന്നു. കോളേജ് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു സംഘം, കാറ്റിന്റെ ശക്തികണ്ട് ഭയന്ന്, മുകളിലേയ്ക്ക് കയറാതെ സംശയിച്ച് നിൽക്കുന്നുണ്ട്. മലമുകളിൽ കാഴ്ചകൾ ആസ്വദിച്ചിരുന്നവരും, കാറ്റിന്റെ ശക്തി ഏറിയതോടെ താഴേയ്ക്ക് ഇറങ്ങിത്തുടങ്ങി.
 ഓരോ ചുവടുവയ്പിലും കാറ്റിന്റെ ശക്തി  കൂടിവരികയാണെങ്കിലും, മുകളിലേയ്ക്ക് കയറാൻതന്നെ ഞങ്ങൾ തീരുമാനിച്ചു. കയറ്റത്തിനിടയിൽ കൂടുതൽ ശക്തിപ്രാപിച്ച കാറ്റിൽനിന്നും രക്ഷ തേടുവാനായി വലിയ പാറക്കൂട്ടങ്ങൾക്കു പിന്നിൽ അല്പസമയം അഭയം തേടേണ്ടതായി വന്നുവെങ്കിലും, കാറ്റ് ശമിച്ചതോടെ ഞങ്ങൾ വീണ്ടും മുകളിലേയ്ക്ക് കയറി.

ഇപ്പോൾ ഞങ്ങൾ മലയുടെ മുകളിലെ ഏറ്റവും ഉയരമുള്ള പാറക്കൂട്ടത്തിന്റെ മുകളിൽ എത്തിയിരിക്കുകയാണ്. ഇവിടെ, ഈ ഉയരങ്ങളിൽ ചുവടുറപ്പിച്ച് നിൽക്കുമ്പോൾ നാലുചുറ്റും പരന്നുകിടക്കുന്ന ഭൂലോകം വളരെ ചെറുതായതുപോലെ.... കാറ്റിന്റെ കൈകളിലേറി വരുന്ന നനുത്ത  മേഘകൂട്ടങ്ങൾ തലയെ തൊട്ടുരുമ്മിയാണ് കടന്നുപോകുന്നത്. ഇരുട്ട് വീണുതുടങ്ങിയതോടെ തമിഴ്നാടിന്റെ താഴ്വാരങ്ങളിലെ പട്ടണങ്ങളെ പ്രകാശ‌മാനമാക്കി. തെരുവുവിളക്കുകൾ തെളിഞ്ഞുതുടങ്ങി. തെളിഞ്ഞ കാലാവസ്ഥയുള്ള സമയങ്ങളിൽ കമ്പം, തേനി, ഉത്തമപാളയം, തേവാരം മുതൽ വൈഗ വരെയുള്ള തമിഴ്നാടൻ പട്ടണങ്ങളുടെ  വിദൂരകാഴ്ചകൾ ഇവിടെനിന്ന് ആസ്വദിക്കുവാൻ സാധിക്കും. 
രാവണൻ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ചെത്തിയ ശ്രീരാമദേവൻ  ഈ മലനിരകൾക്കുമുകളിലും എത്തിച്ചേർന്നുവെന്നൊരു ഐതിഹ്യവും നിലനിൽക്കുന്നുണ്ട്. അങ്ങനെ ശ്രീരാമദേവന്റെ പാദസ്പർശത്താൽ അനുഗൃഹീതമായതിനാലാണ്, ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് ലഭ്യമായതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഈ പാറക്കൂട്ടത്തിന്റെ മറുവശത്താണ് സൂയിസൈഡ് പോയന്റ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലേയ്ക്ക് ഒരു മുനമ്പുപോലെ തള്ളിനിൽക്കുന്ന ഈ പാറക്കെട്ടുകൾ, ചിത്രങ്ങൾ പകർത്താൻ അനുയോജ്യമായ സ്ഥലമാണെങ്കിലും, ശക്തമായ കാറ്റടിയ്ക്കുമ്പോൾ അവിടേയ്ക്ക് ഇറങ്ങുക എന്നത് തികച്ചും ആത്മഹത്യാപരം തന്നെയായിരിക്കും. അതുകൊണ്ട് സമീപത്തുള്ള മറ്റൊരു പാറക്കൂട്ടത്തിന്റെ മുകളിൽകയറി നിന്ന്, തമിഴ്നാടിന്റെ താഴ്വാരങ്ങളുടെ കുറച്ച് ദൃശ്യങ്ങൾ പകർത്തി ഇത്തവണ തൃപ്തിയടയേണ്ടിവന്നു.

തണുപ്പിന്റെ ശക്തി കൂടിവന്നതോടെ, എല്ലാവരും ചെറുതായി വിറയ്ക്കുന്നുണ്ട്.നക്ഷത്രപ്പൊട്ടുകൾപോലെ തെളിഞ്ഞുവരുന്ന തമിഴ്നാടൻ പട്ടണങ്ങളുടെ സൗന്ദര്യം ആസ്വദിച്ചും, കലർപ്പില്ലാതെ ലഭിക്കുന്ന പ്രകൃതിയുടെ പരിലാളനകളേറ്റും ഏറെ നേരം ഇരിക്കുവാൻ മനസ്സ് ആഗ്രഹിക്കുന്നുവെങ്കിലും,  ഇരുളിന്റെ കമ്പളത്തിനടിയിലേയ്ക്ക് പ്രകൃതി തലചായ്ച്ചു തുടങ്ങിയതോടെ ഞങ്ങൾ മലയുടെ മുകളിൽനിന്നും തിരികെ ഇറങ്ങുവാൻ തുടങ്ങി.

ഗുഹയിലേയ്ക്കുള്ള വഴി.....
മലയുടെ മുകളിൽനിന്നും താഴെ എത്തിയതോടെ, എല്ലാവരും സമീപത്തുള്ള കാട്ടുവൃക്ഷത്തിന്റെ ചുവട്ടിലേയ്ക്ക് മാറി സ്ഥാനം പിടിച്ചു. സജി-ഡെയ്സി കുടുംബം തയ്യാറാക്കിക്കൊണ്ടുവന്നിരുന്ന, തേങ്ങയും ശർക്കരയും നിറച്ച ഇലയടയുടെ രുചിയിലേയ്ക്ക് എല്ലാവരും തിരിഞ്ഞതോടെ, ഞാൻ തനിച്ച് രാമക്കൽമേടിന്റെ മറുവശത്തെ, അവശേഷിക്കുന്ന കാഴ്ചകളിലേയ്ക്ക് നടന്നു.

ഇവിടെ മലയുടെ വശങ്ങളിലൂടെയുള്ള ചെറിയ വഴിയിലൂടെ നടന്നാൽ കൂറ്റൻ പാറയ്ക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു ഗുഹയിൽ എത്തിച്ചേരുവാൻ സാധിക്കും. കഴിഞ്ഞ യാത്രകളിലെല്ലാം ഈ ഗുഹയിൽ, അല്പസമയമെങ്കിലും ഞങ്ങൾ ചിലവഴിക്കാറുണ്ടായിരുന്നു. ഇഴജന്തുക്കളുടെ ശല്യവും, മഴപെയ്തുണ്ടായ വഴുക്കലും, ഇരുട്ടും മൂലം ഇപ്പോൾ അവിടേയ്ക്ക് പോകുവാൻ മനസ്സനുവദിച്ചില്ല. കുറച്ചു ചിത്രങ്ങൾ അവിടെനിന്നും പകർത്തിയശേഷം ഞാൻ തിരികെ നടന്നു.

തിരികെ സുഹൃത്തുക്കൾക്കരികിൽ എത്തുമ്പോൾ, അവർ എന്നെയും കാത്തിരിക്കുകയായിരുന്നു. എനിക്കായി മാറ്റിവച്ച ഇലയടയുടെ മധുരവും നുണഞ്ഞ്, അവസാനയാത്രക്കാരായി ഞങ്ങൾ രാമക്കൽമേടിനോട് യാത്ര പറഞ്ഞു.

സുവർണവെളിച്ചത്തിൽ കുളിച്ച് രാമക്കൽമേടിന്റെ അടിവാരം...

മുളംകാടുകളുടെ സംഗീതവും, ചീവീടുകളുടെ വാദ്യഘോഷവും, കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന ചെറിയ അരുവിയുടെ കളകളാരവും കാതുകളിൽ നിറച്ച്, താഴ്വരയിൽ എത്തുമ്പോൾ എല്ലായിടവും വൈദ്യുതവിളക്കുകളുടെ സുവർണവെളിച്ചത്തിൽ കുളിച്ച് നിൽക്കുകയായിരുന്നു. ഇന്ന് എത്തിയ എല്ലാ സഞ്ചാരികൾക്കും ഹൃദ്യമായ യാത്രയയപ്പ് നൽകി, നാളെ എത്തിച്ചേരുന്നവരെ കൈനീട്ടി സ്വാഗതം ചെയ്യുവാൻ രാമക്കൽമേട് എന്ന മനോഹരപ്രദേശം വീണ്ടും ഒരുങ്ങുമ്പോൾ, കലർപ്പില്ലാതെ പകർന്നുകിട്ടിയ അനുഭൂതികൾ ഒട്ടും ചോർന്നുപോകാതെ മനസ്സിൽ സൂക്ഷിച്ചുവച്ച്, ഞങ്ങൾ യാത്രയാവുകയാണ്.... ഞങ്ങളുടെ തോവാളയിലേയ്ക്ക്....

14 comments:

 1. അതിമനോഹരമായ ചിത്രങ്ങൾ ഷിബൂ...എല്ലാം അൾട്രാ വൈഡ് ആംഗിൾ ആണല്ലോ...വല്ല 10 mm ലെൻസുമാണോ കയ്യിൽ....അതോ വെട്ടിമുറിച്ചെടുത്തതോ ?
  സസ്നേഹം,
  പഥികൻ

  ReplyDelete
 2. ഷിബൂ പ്രകൃതി സൌന്ദര്യം ഏറെ ഹൃദ്യമായി തന്നെ വായനക്കാരനും അനുഭവ വേദ്യമാക്കുന്നതിനു ഷിബുവിന്റെ വരികള്കും മനോഹര ചിത്രങ്ങല്കും കഴിഞ്ഞിരിക്കുന്നു. ആശംസകള്‍ ......സസ്നേഹം

  ReplyDelete
 3. രാമക്കല്‍മേട്ടില്‍ നിന്നാല്‍ തമിഴ് നാടിന്റെ മനോഹര ദൃശ്യം
  കാണാമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് വരെ അവിടെ പോകാന്‍
  സാധിച്ചിട്ടില്ല. ഒരിക്കല്‍ ലിയോ നാഡോ ഡീ കാപ്രെ (നായകന്‍ - ടൈറ്റാനിക് ) സ്ഥലം സന്ദര്‍ശിച്ചു ഒരു നല്ല അഭിപ്രായം നല്‍കിയെന്നും ഒക്കെ വായിച്ച
  അറിവുണ്ട്. നല്ല പോസ്റ്റിങ്ങ്‌ .

  ReplyDelete
 4. ഒരു പാട് നാളായി ഞാന്‍ കാണാന്‍ കൊതിച്ച ഒരിടം ... ഒത്തിരി നന്ദി ... വീണ്ടും വരാം സുഹൃത്തേ ....

  ReplyDelete
 5. @പഥികൻ:
  വലിയ ചിത്രങ്ങളെല്ലാംസിഗ്മ 24-70 ൽ എടുത്തശേഷം ഫോട്ടോഷോപ്പിൽ കൂട്ടിയോജിപ്പിച്ചവയാണ്.

  @ഒരു യാത്രികൻ:
  അഭിപ്രായങ്ങൾക്ക് വളരെ നന്ദി. തുടർന്നും വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

  @അബ്ദുൾ നിസ്സാർ:
  രാമക്കൽമേടിന്റെ ഏട്ടവും വലിയ പ്രത്യേകത തന്നെ തമിഴ്നാടിന്റെ വിദൂരകാഴ്ചകളാണ്. തീർച്ചയായും ഒരിക്കലെങ്കിലും അവിടെ പോയിരിക്കണം..അത്ര മനോഹരമാണ് ആ സ്ഥലം.

  @ വഴിയോരകാഴ്ചകൾ:
  നേരിട്ട് ഒരിക്കലെങ്കിലും അവിടെ പോയിക്കാണണം..എങ്കിൽ മാത്രമേ ആ സൗന്ദര്യം മനസ്സു തുറന്ന് ആസ്വദിക്കുവാൻ സാധിക്കൂ...

  ReplyDelete
 6. ഷിബു

  അതിമനോഹരമായ ചിത്രങ്ങള്‍ . വിവരണങ്ങളും സൂപ്പര്‍.
  എല്ലാവിധ ആശംസകളും.

  സജീവ്‌

  ReplyDelete
 7. ഷിബു ചേട്ടാ ? ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിട്ടുണ്ട്
  ഇനിയും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ വിനയന്‍ ...
  ചേട്ടന് ടൈം ഉള്ളപ്പോള്‍ എനിക്കൊരു ഫോട്ടോ ബ്ലോഗു തുടങ്ങി തരുമോ ?

  ReplyDelete
 8. നല്ല വിവരണം. കിടിലന്‍ ഫോട്ടോസ്. അത്യഗാധതയിലേയ്ക്ക്.... ആ ചിത്രം പ്രത്യേകിച്ച്.
  (കാഞ്ഞിരപ്പള്ളിയില്‍ കിടന്നിട്ടെന്താ കാര്യം.... എന്റെ ക്യാമറ കാണാതെ പോയി അത് :-) )

  ReplyDelete
 9. ഷിബു, ഇവിടേക്കുള്ള വഴികൂടി കൊടുക്കാമായിരുന്നു. അറിയാത്തവര്‍ക്കായി....കൊടൈക്കനാല്‍ പോകുന്നവര്‍ക്ക് വേണമെങ്കില്‍ ഇതുകൂടി കൂട്ടിച്ചേര്‍ത്ത് പോകാമല്ലോ !!

  ReplyDelete
 10. അതിമനോഹരം....
  വായനയിലെ അഗാതതയോ ഫോട്ടോകളിലെ തുഞ്ചത്തെ വിസ്മയങ്ങളൊ ഉഗ്രനെന്നു പറയാൻ വയ്യാ..!

  ReplyDelete
 11. നേരിട്ട് കണ്ടതിലും അതി മനോഹരം ചിത്രങ്ങളും വിവരണവും
  ഞാനും ഒന്ന് പോയിരുന്നു, സമയം കിട്ടിയാല്‍ ഈ ലിങ്ക് ഒന്ന് നോക്കിയേക്കണേ.
  http://nazhika.blogspot.in/2012/02/blog-post.html

  ReplyDelete
 12. അതി മനോഹരമായ സ്ഥലം

  ReplyDelete
 13. I went here long back. NALLACHITHRANGAL is not in hand. Its a really awesome place. Thanks

  ReplyDelete