Saturday, October 15, 2011

അഞ്ചുരുളിയുടെ തീരങ്ങളിൽ

കോട്ടയം- കട്ടപ്പന പാതയിൽ, കാഞ്ചിയാർ എന്ന വഴിയോരഗ്രാമം പിന്നിട്ട് മുൻപോട്ട് യാത്രയാകുമ്പോൾ കക്കാട്ടുകട എന്നൊരു ചെറിയ കവലയിൽ എത്തിച്ചേരും. ഇവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലു കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇടുക്കിജലാശയത്തിന്റെ ഭാഗമായി, വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അഞ്ചുരുളി എന്ന മനോഹരമായ, ഈ പ്രദേശത്തിന്റെ കാഴ്ചകൾ ആരംഭിക്കുകയായി. നീലമലനിരകൾ അതിരിട്ട, വിശാലമായ ജലാശയത്തിനുള്ളിൽനിന്നും, കമഴ്ത്തിവച്ച ഉരുളിയുടെ ആകൃതിയിൽ ഉയർന്നു നിൽക്കുന്ന മലനിരകളിൽനിന്നാകാം 'അഞ്ചുരുളി' എന്ന പേര് ഈ സ്ഥലത്തിന് കൈവന്നതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.
അഞ്ചുരുളി
ഇടുക്കിജില്ലയുടെ കാർഷിക സമൃദ്ധി അനുഭവിച്ചറിയുവാൻ സാധിക്കുന്ന, കൃഷിഭൂമികൾക്കു നടുവിലൂടെയുള്ള യാത്രയും, മഴക്കാലയാത്രികർക്കായി മാത്രം വഴിയോരങ്ങളിൽ രൂപമെടുക്കുന്ന  ചെറിയ അരുവികളും, വൻവൃക്ഷങ്ങളാൽ നിറഞ്ഞ കാടിന്റെ നിഴലിൽ മയങ്ങിക്കിടക്കുന്ന ജലാശയവും, വളരെയേറെ സന്ദർശകരെ ഇപ്പോൾ ഇവിടേയ്ക്ക് ആകർഷിക്കുന്നുണ്ട്.
വഴിയോരത്തുനിന്നും പകർത്തിയത്..................
ഇത്തവണ ഓണം ആഘോഷിക്കുവാനായി ലഭ്യമായത്  ഏഴ്  ദിവസങ്ങൾ മാത്രമാണ്. പരിമിതമായ ആ  അവധിദിനങ്ങൾ വീട്ടുകാരോടും സുഹൃത്തുക്കളോടുമൊത്ത് ചിലവഴിക്കുക എന്നല്ലാതെ, പുതിയ സ്ഥലങ്ങൾ തേടിയുള്ള യാത്രകളൊന്നും തന്നെ മനസ്സിലേയ്ക്ക് കടന്നുവന്നിരുന്നില്ല. എങ്കിലും  അപ്രതീക്ഷിതമായി ലഭിച്ച ഹൈദർമേട് യാത്ര പകർന്ന ഊർജ്ജം മനസ്സിൽ നിറഞ്ഞതോടെ, വീടിനുള്ളിൽ വെറുതെ ഇരിക്കുവാൻ മനസ്സ് അനുവദിക്കുന്നില്ല. ദൂരയാത്രകൾക്കായി മാറ്റിവയ്ക്കുവാൻ സമയമില്ലാത്തതിനാൽ, എവിടേയ്ക്ക് യാത്രപോകണം എന്നു മാത്രം തീരുമാനിക്കുവാൻ കഴിയുന്നില്ല. ഇത്തരം അവസരങ്ങളിലാണ് കാഞ്ചിയാർ ഗവ. സ്കൂളിലെ അധ്യാപകനും, സുഹൃത്തുമായ ബിജുസാർ  സഹായത്തിനെത്താറുള്ളത് .
                     
വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ക്ലാസുകൾക്കായി, ധാരാളം സഞ്ചരിക്കാറുള്ള സാറിന്, ഇടുക്കിജില്ലയുടെ വിവിധ പ്രദേശങ്ങളിൽ, അറിയപ്പെടാതെ കിടക്കുന്ന, മനോഹരമായ സ്ഥലങ്ങളെക്കുറിച്ച് നല്ല അറിവാണുള്ളത്. അതുകൊണ്ടുതന്നെ എന്റെ പല യാത്രകളിലും, സഹസഞ്ചാരിയായി കൂടെ ഉണ്ടാകാറുള്ളതും ബിജുസാർ തന്നെയാണ്.

 ഇപ്പോൾ അഞ്ചുരുളിയിൽനിന്നും ഏറെ അകലെയല്ലാതെ പാലാക്കട എന്ന സ്ഥലത്ത്, നിർമ്മാണം പൂർത്തിയായ പുതിയ വീട്ടിലേയ്ക്ക് സാറും കുടുംബവും മാറിയിട്ട് ആഴ്ചകൾ ആകുന്നതേ ഉള്ളു. എനിക്കാണെങ്കിൽ പുതിയ വീടൊന്ന് വിശദമായി കാണുവാനും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാഞ്ചിയാറിലേയ്ക്കുള്ള യാത്ര, മനസ്സിൽ ഉറപ്പിച്ചുതന്നെയാണ് സാറിനെ ഫോൺ വിളിച്ചത്.
                    
കാര്യങ്ങൾ അങ്ങോട്ടു വിശദീകരിക്കുന്നതിനു മുൻപേ, അഞ്ചുരുളിയെക്കുറിച്ച് പറഞ്ഞാണ് ബിജുസാർ സംസാരം തുടങ്ങിയത്.
" സുഹൃത്തേ, അഞ്ചുരുളി ഇപ്പോൾ നിറഞ്ഞുകവിഞ്ഞു കിടക്കുകയാണ്. മൂന്നുമണിക്കു മുൻപ് എത്തുകയാണെങ്കിൽ, നമുക്ക് അവിടെവരെ പോകാം"
                                   
പിന്നീട് അധികം ആലോചിക്കേണ്ടി വന്നില്ല....മഴക്ക് സാധ്യത ഉള്ളതുകൊണ്ട് ക്യാമറയും, അനുബന്ധ സാമഗ്രികളും പ്ലാസ്റ്റിക്‌ കവറിൽ പൊതിഞ്ഞ് ബാഗിൽ വച്ചു.. റെയിൻകോട്ടുമെടുത്ത് ധരിച്ച്, ബൈക്കുമായി വീട്ടിൽ നിന്നിറങ്ങി...... തോവാളയിൽനിന്നും 14 കിലോമീറ്ററോളം മാത്രം ദൂരമുള്ള കാഞ്ചിയാറ്റിലെ വീട്ടിൽ എത്തുമ്പോൾ മൂന്ന് മണി കഴിഞ്ഞിരുന്നു. വഴി മധ്യേ പെയ്തുപോയ ചാറ്റൽമഴയുടെ തണുപ്പിനെ, ഒരു ചൂടുചായയിലൊതുക്കിയശേഷം ഞങ്ങൾ അഞ്ചുരുളിയിലേയ്ക്ക് തിരിച്ചു.
ടണലിൽനിന്നുള്ള വെള്ളച്ചാട്ടം-മഴക്കാലചിത്രം
കാഞ്ചിയാറ്റിൽനിന്നും അഞ്ചുരുളിയിലേയ്ക്കുള്ള യാത്രയിലുടനീളം സംസാരിക്കുവാനുണ്ടായിരുന്നത്, ഞങ്ങളുടെ പഴയകാല യാത്രകളെക്കുറിച്ചായിരുന്നു. വാസ്തവത്തിൽ ഇത്രയും കാലത്തിനിടയിൽ, എത്ര തവണ ഈ ജലാശയത്തിന്റെ കാഴ്ചകൾ ആസ്വദിക്കുവാനായി എത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകൾ, ഞങ്ങളിൽ ആർക്കുമറിയില്ല. സുഹൃത്തുക്കളുമൊത്ത് നടത്തിയിരിക്കുന്ന വിനോദയാത്രകൾ കൂടാതെ, എത്രയോ മഴക്കാലരാത്രികളിൽ, മീൻപിടിക്കുവാനായി മാത്രം ഈ തീരങ്ങളിൽക്കൂടി അലഞ്ഞുനടന്നിരിക്കുന്നു....
                       
എങ്കിലും മനസ്സിന്റെ കോണിൽ, ഇന്നും മറക്കാനാവാതെ സൂക്ഷിക്കുന്ന രണ്ട്, അഞ്ചുരുളി യാത്രകളുണ്ട്. വർഷങ്ങൾക്കുമുൻപ് ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലെ ഇരുപതോളം കൂട്ടുകാർ ഒന്നുചേർന്ന് നടത്തിയ ഒരു വേനൽക്കാല യാത്ര.... ഇരട്ടയാർ-അഞ്ചുരുളി തുരങ്കത്തിലൂടെ ഒഴുകിയെത്തി, നൂറ് അടിയോളം ഉയരത്തിൽനിന്നും കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ കുളിച്ച്, ജലാശയത്തിലൂടെ ചെറിയ തോണി തുഴഞ്ഞും, നീന്തിത്തുടിച്ചും ചിലവഴിച്ച ഒരു മനോഹര ദിവസം... ഇന്നും ഞങ്ങളുടെ ഒത്തുചേരലുകളിൽ, ആ മറക്കുവാനാകാത്ത യാത്രയുടെ ഓർമ്മകൾ, ഞങ്ങൾ പരസ്പരം പങ്കുവയ്ക്കാറുണ്ട്.
ടണലിൽനിന്നുള്ള വെള്ളച്ചാട്ടം- ഒരു വേനൽക്കാലചിത്രം (ഗൂഗിൾ)
എന്നാൽ രണ്ടാമത്തെ യാത്ര മനസ്സിലേയ്ക്ക് കടന്നുവരുന്നത്, ഭയം ജനിപ്പിക്കുന്ന ഒരു തോണി യാത്രയുടെ ഓർമ്മകളുമായാണ്.... കോളേജ് പഠനത്തിനുശേഷം, ബിജുസാറിന്റെ നേതൃത്വത്തിൽ, ഞങ്ങൾ നടത്തിയിരുന്ന ഇംഗ്ലീഷ് പഠനക്ലാസ്സിനോടനുബന്ധിച്ചാണ് ഈ യാത്ര ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. ഇംഗ്ലീഷിലുള്ള സംസാരപാഠവം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്ര ആയതിനാൽ, ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കുവാൻ പാടുള്ളു എന്ന നിബന്ധനയോടെ, ഉച്ചയ്ക്കുശേഷമാണ് ഞങ്ങൾ അന്നത്തെ യാത്ര ആരംഭിച്ചത്.

അഞ്ചുരുളിയിലേയ്ക്കുള്ള പ്രധാന വഴി ഒഴിവാക്കി, കാഞ്ചിയാറ്റിലെ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തുള്ള ചെറിയ കാടിനുള്ളിലൂടെ കടന്ന് അഞ്ചുരുളിയിലെത്തുന്ന കാട്ടുവഴിയായിരുന്നു ഇത്തവണ യാത്രക്കായി തിരഞ്ഞെടുത്തിരുന്നത്. പുരോഗമിച്ചുവരുന്ന ഇംഗ്ലീഷ് പഠനത്തോടൊപ്പം, കാഞ്ചിയാറ്റിൽനിന്നും വാങ്ങിയ പലഹാരങ്ങളുടെ രുചിയും ആസ്വദിച്ചുള്ള യാത്ര, അരമണിക്കൂർ പിന്നിട്ടപ്പോൾ ഞങ്ങൾ അഞ്ചുരുളിയുടെ തീരത്ത് എത്തിച്ചേർന്നു.

മഴക്കാലത്തിനു് മുൻപ്, മറ്റു ചില സുഹൃത്തുക്കളുമൊത്ത് ബിജുസാർ ഈ വഴിയെ അഞ്ചുരുളിയിൽ എത്തിയിരുന്നു. പക്ഷെ അതിനുശേഷം വന്ന ശക്തമായ മഴക്കാലം, ഇടുക്കിഡാമിലെ ജലനിരപ്പുയർത്തിയതോടെ, അന്ന് യാത്രചെയ്ത വഴികളെല്ലാം ഇന്നു വെള്ളത്തിനടിയിലായിക്കഴിഞ്ഞു. അഞ്ചുരുളിയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ജലാശയം കുറുകെക്കടന്ന് മറുകരയിലുള്ള തുരങ്കത്തിന്റെ സമീപം എത്തിയേ മതിയാകൂ.... മുള്ളുകൾ നിറഞ്ഞ ഇഞ്ചപ്പടർപ്പും, ഈറ്റക്കാടുകളും തീരങ്ങളിൽ തിങ്ങി വളരുന്നതിനാൽ, കരയിലൂടെ ചുറ്റിവളഞ്ഞ് നടക്കുക എന്നതും പ്രായോഗികമല്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ കാടിനുള്ളിലൂടെയുള്ള കാട്ടുവഴികൾതേടി ഞങ്ങൾ ഏറെനേരം നടന്നുവെങ്കിലും നിരാശയായിരുന്നു ഫലം.......ഇനി വന്ന വഴിയേ മടങ്ങുക എന്നതല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല..... നിരാശയുടെ ആഴം വർദ്ധിപ്പിച്ചുകൊണ്ട്, ദൂരെ മറുകരയിൽ സഞ്ചാരികളൂടെ വിദൂരദൃശ്യം..... അവരുടെ കൂക്കുവിളികളും ആരവങ്ങളും കേട്ട്, സമീപത്തെ പുൽമേട്ടിൽ ഇരുന്ന് മിച്ചമുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും, പഴങ്ങളും കഴിച്ച് തിരികെ മടങ്ങാൻ തയ്യാറാകുമ്പോഴാണ്  ഞങ്ങൾ ആ കാഴ്ച കണ്ടത്.

ഒറ്റത്തടിയിൽ തീർത്ത ഒരു ചെറുവള്ളത്തിൽ ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേയ്ക്ക് തുഴഞ്ഞുവരികയാണ് ഒരാൾ. തലേദിവസം മീൻപിടിക്കുവാനായി വിരിച്ച കെട്ടുവല പരിശോധിക്കുവാനുള്ള വരവാണ്. വലയും പരിശോധിച്ച്, വള്ളം സമീപത്തുകൂടി പോകുമ്പോഴാണ് 'വള്ളത്തിൽ ഒരു അഞ്ചുരുളി യാത്ര' എന്നൊരു മോഹം ഞങ്ങളുടെ മനസ്സിലേയ്ക്ക് കടന്നു വന്നത്.

പിന്നെ മടിച്ചുനിന്നില്ല..... വലയും പരിശോധിച്ച് മടങ്ങിവരുന്ന ചേട്ടനെ കരയിലേയ്ക്ക് വിളിച്ച് ഞങ്ങളുടെ ആവശ്യം അവതരിപ്പിച്ചു. അല്പം ആലോചിച്ചുനിന്നുവെങ്കിലും, വിസമ്മതം ഒന്നും പ്രകടിപ്പിക്കാതെ ചേട്ടൻ ഞങ്ങളെ വള്ളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ബാലൻസ് നഷ്ടമാകാത്ത രീതിയിൽ കയറ്റി ഇരുത്തി... അങ്ങനെ മൂന്നോ നാലോ പേർക്ക്മാത്രം യാത്ര ചെയ്യാവുന്ന ഒരു ചെറിയ വള്ളത്തിൽ, തുഴക്കാരൻ ഉൾപ്പടെ ഞങ്ങൾ ഏഴുപേർ ചേർന്ന് യാത്ര തുടങ്ങി. 
ഇരട്ടയാറിൽ നിന്നും അഞ്ചുരുളിയിൽ എത്തുന്ന തുരങ്കം-ഒരു മഴക്കാല ചിത്രം
തീരത്തുനിന്നും നീങ്ങുമ്പോൾ എല്ലവരുടെയും മുഖത്ത് അതിയായ ആഹ്ലാദമായിരുന്നുവെങ്കിലും, ജലാശയത്തിന്റെ മധ്യഭാഗത്തേയ്ക്ക് നീങ്ങുംതോറും, യാത്രയുടെ ഭീകരാവസ്ഥ എല്ലാവർക്കും അനുഭവപ്പെട്ടുതുടങ്ങി. ശക്തിയായ കാറ്റിൽ രൂപമെടുക്കുന്ന ഓളങ്ങളുടെ ശക്തി കൂടി വരികയാണ്. ചില സമയത്തെ അതിശക്തമായ ഓളങ്ങൾ, വഞ്ചിയെ പൊക്കിമറിക്കുവാനാണ് ശ്രമിക്കുന്നത്. ഏഴുപേരുടെ ഭാരം വഹിക്കുവാൻ കെല്പില്ലാത്ത, തോണിയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ശക്തിയായ ഓളങ്ങൾ അടിച്ചുയരുമ്പോൾ ഉള്ളിലേയ്ക്ക് കയറുന്ന വെള്ളത്തിൽ, വസ്ത്രങ്ങളാകെ നനഞ്ഞുകുതിർന്നു. ഇംഗ്ലീഷ്സംഭാഷണമൊക്കെ എല്ലവരും മറന്നതുപോലെ........... വള്ളത്തിലേയ്ക്ക് കയറുമ്പോൾ ഇങ്ങനെ ഒരു യാത്ര ആരും മനസ്സിൽ കണ്ടിരുന്നില്ലെന്നു എല്ലാവരുടെയും മുഖഭാവ‌ത്തിൽനിന്നും വ്യക്തം... ശക്തിയായ കാറ്റിലും, ഓളത്തിലും വള്ളം മറിഞ്ഞാൽ.......? ഈ ജലാശയത്തെക്കുറിച്ച് നന്നായി അറിയാവുന്ന തോണിക്കാരൻ ചേട്ടൻ എങനെയെങ്കിലും നീന്തി രക്ഷപെടുമെന്നുറപ്പ്.  ആറുപേരിൽ ഞങ്ങൾ രണ്ട് സുഹൃത്തുക്കൾ ഒഴികെ, മറ്റാർക്കും നീന്തൽ എന്ന കലാപരിപാടി തെല്ലും വശമില്ല. നീന്തൽ അറിയാമെങ്കിൽക്കൂടി, ജലാശയത്തിന്റെ മധ്യഭാഗത്തുനിന്നും, ശക്തിയേറിയ ഓളങ്ങൾക്കിടയിലൂടെ നീന്തി കരയിൽ എത്തിപ്പെടാമെന്ന ഉറപ്പൊന്നും അപ്പോൾ എനിക്കുമുണ്ടായിരുന്നില്ല.

ഒരു നിമിഷത്തിന്റെ ആവേശത്തിൽ എല്ലാം മറന്നിറങ്ങി, ഈ ജലാശയത്തിന്റെ ആഴങ്ങളിൽ അവസാനിച്ചുപോയ ജീവിതങ്ങൾ ഏറെയാണ്. അവരിലൊരാളായി പാതി പോലും പിന്നിടാത്ത ജീവിതം, ഈ ജലസംഭരണിയുടെ ആഴങ്ങളിൽ അവസാനിപ്പിക്കേണ്ടിവരുമോ......? നിമിഷങ്ങളുടെ ഇടവേളകളിൽ, മനസ്സിലൂടെ കയറിയിറങ്ങിപ്പോയ ചോദ്യങ്ങൾ നിരവധിയായിരുന്നു. എങ്കിലും ഈ കടുത്ത ഓളങ്ങൾക്കിടയിലൂടെയും, യാതൊരു പേടിയുമില്ലാതെ തുഴയുന്ന തോണിക്കാരൻ ചേട്ടന്റെ മുഖം മാത്രമായിരുന്നു ഞങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകർന്നു തന്നിരുന്നത്.
ഇരട്ടയാറിൽ നിന്നും അഞ്ചുരുളിയിൽ എത്തുന്ന തുരങ്കം-ഒരു വേനൽക്കാല ചിത്രം (ഗൂഗിൾ)
മനസ്സിലെ ചിന്തകൾ കാടുകയറി ചിന്തിച്ചുവെങ്കിലും, ശക്തമായ ഓളങ്ങൾക്കിടയിലൂടെ സമർത്ഥമായിത്തന്നെ ചേട്ടൻ, വള്ളം കരയോടടുപ്പിച്ചുതന്നു... തോണിയിൽ നിന്നും കരയിലേയ്ക്ക് കാലെടുത്തുവച്ചപ്പോൾ എല്ലാവരും അനുഭവിച്ച ആശ്വാസം... അത് പറഞ്ഞറിയ്ക്കുവാൻ ആകുന്നതായിരുന്നില്ല..

ഏതോ ഒരു അവധിദിനത്തോട് ചേർന്നുള്ള ഞായറാഴ്ച ആയിരുന്നതിനാൽ, അഞ്ചുരുളി വിനോദ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. കടുത്ത ഓളങ്ങൾക്കിടയിലൂടെ ഒരു ചെറിയ തോണിയിൽ വന്നിറങ്ങിയ ഞങ്ങളെ, അവർ അത്ഭുതത്തോടെയും, അല്പം അസൂയയോടെയുമായിരുന്നു നോക്കിയത്. പക്ഷെ 'ആടിനറിയുമോ അങ്ങാടിവാണിഭം' എന്നു പറഞ്ഞതുപോലെ ഇത്രയും നേരം ഞങ്ങൾ അനുഭവിച്ചത്.... മനസ്സിലൂടെ കടന്നുപോയ ചിന്തകൾ... അതൊന്നും അവർക്കറിയില്ലല്ലോ. എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അഞ്ചുരുളിയുടെ കാഴ്ചകളിലേയ്ക്ക്, മറ്റുള്ളവർക്കൊപ്പം ഞങ്ങളും അലിഞ്ഞുചേർന്നു.
ഞങ്ങൾ അന്നു നടത്തിയ യാത്ര, അത് സാഹസമോ, അവിവേകമോ എന്ന് ഇന്നും ഞങ്ങൾക്കറിഞ്ഞുകൂടാ..... ചിലപ്പോൾ വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ, പ്രായത്തിന്റെ ചോരത്തിളപ്പിൽ നടത്തിയ ഒരു അവിവേകം തന്നെയാകാം. കേരളത്തിലെ വിനോദസഞ്ചാര മേഖലകളിൽ, പ്രത്യേകിച്ച് ജലാശയങ്ങളോടു ബന്ധപ്പെട്ട്, ഇത്തരം ചെറിയ അവിവേകങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ ഇപ്പോൾ ഏറിവരികയാണ്. യാത്രാവേളകളിൽ കൂട്ടിക്കലർത്തുന്ന മദ്യത്തിന്റെ സ്വാധീനം കൂടിയാകുമ്പോൾ,  ഈ ദുരന്തങ്ങളുടെ ആഴം വർദ്ധിക്കുകയും ചെയ്യുന്നു. നീന്തൽകുളങ്ങളിലോ, പുഴകളിലോ മാത്രം നീന്തിപ്പഠിച്ചവരായിരിക്കും ഇത്തരം ജലാശയങ്ങളിൽ സംഭവിക്കുന്ന ദുരന്തങ്ങൾക്കിരയാകുന്നവരിലേറെയും എന്നാണ്, അനുഭവങ്ങൾ തെളിയിക്കുന്നത്.

ഈ ജലാശയങ്ങളിലെ ജലത്തിന്റെ കാഠിന്യവും, തണുപ്പും, ആഴവും മനസ്സിലാക്കുവാൻ പലപ്പോഴും അവർക്ക് സാധിക്കില്ല. കുളങ്ങളിലോ, പുഴയിലോ മണിക്കൂറുകൾ നീന്തുന്നവർക്കുപോലും, കാഠിന്യമേറിയ ജലം, നിറഞ്ഞ ഇത്തരം ജലാശയങ്ങളിൽ അരമണിക്കൂർപോലും തുടർച്ചയായി നീന്തുവാനാകില്ല എന്ന യാഥാർത്ഥ്യം, ഇത്തരം സ്ഥലങ്ങളിൽ അവധിക്കാലം ചിലവിടുവാനെത്തുന്നവർ, മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാന വസ്തുതയാണ്. ജലാശയങ്ങളിൽ കെട്ടിക്കിടക്കുന്ന ജലത്തിന്റെ  അമിത മർദ്ദവും, കാഠിന്യവും, തണുപ്പും മൂലം പേശിവലിവ് എന്ന അവസ്ഥയിലേയ്ക്ക് ശരീരം വളരെവേഗം വഴുതിവീഴുന്നതാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.
കൃഷിയിടങ്ങളിലെ ഭീകരൻ - വെട്ടുക്കിളി
പഴയകാല യാത്രകളുടെ അനുഭവങ്ങളിലൂടെ കയറിയിറങ്ങി ഞങ്ങളുടെ യാത്രയും മുൻപോട്ടു നീങ്ങി. കക്കാട്ടുകടയിൽനിന്നും വഴി തിരിഞ്ഞുകഴിഞ്ഞാൽ ഹരിതഭംഗി നിറഞ്ഞുനിൽക്കുന്ന കൃഷിയിടങ്ങൾക്കു നടുവിലൂടെയാണ് യാത്ര. ഇരുവശവും ആർത്തുവളരുന്ന കുരുമുളക് തോട്ടങ്ങളും, ഏലവും, മറ്റ് അനവധി കാർഷികവിളകളും നിറഞ്ഞുനിൽക്കുന്നു. പാത മുറിച്ചുകടക്കുന്ന ഒരു ചെറിയ തോട്, വഴിക്ക് സമാന്തരമായൊഴുകി, ഇടക്കെപ്പോഴോ കാടിനുള്ളിലേയ്ക്ക് കടന്ന് അപ്രത്യക്ഷമായി. വീതി കുറഞ്ഞതെങ്കിലും മനോഹരമായ വഴിയിലൂടെ അഞ്ചുരുളിയെ സമീപിക്കുംതോറും വനഭൂമിയുടെ ഇരുളിമ ദൃശ്യമായിത്തുടങ്ങി.

കുന്നിൻമുകളിൽനിന്നും ഇടയ്ക്കിടെ ഒഴുകിയെത്തുന്ന ചെറിയ അരുവികൾ സൃഷ്ടിക്കുന്ന വെള്ളച്ചാട്ടങ്ങൾ, വഴിയോരകാഴ്ചകൾക്ക് കൂടുതൽ ചാരുത പകരുന്നുകൊണ്ടിരുന്നു. ജലാശയത്തിനെ സമീപിക്കുന്നതിനു മുൻപായി വഴിയോരത്ത് കാണപ്പെട്ട, ഒരു ചെറിയ അരുവിയുടെ സമീപത്തായി ഞങ്ങൾ ബൈക്ക് നിറുത്തി. കലർപ്പുകളില്ലാത്ത പ്രകൃതിയുടെ കുളിർമ്മ നിറഞ്ഞ അരുവിയിൽ മുഖമൊന്നു കഴുകി, കുറച്ചു ചിത്രങ്ങളും ഞങ്ങൾ അവിടെനിന്നും പകർത്തി.
ഇവിടെനിന്നും നോക്കുമ്പോൾ, അല്പം മാത്രം ദൂരെയായി ഇരുണ്ടുകിടക്കുന്ന ജലാശയം കാണാം....സമയം നാലുമണിയാണെങ്കിലും, മഴയുടെ വരവറിയിച്ച് ഉരുണ്ടുകൂടിയ കാർമേഘങ്ങളും, ജലപ്പരപ്പിൽനിന്നും ഒപ്പിയെടുത്ത തണുപ്പുമായെത്തുന്ന കാറ്റും, അകമ്പടിയായി മുഴങ്ങുന്ന ചീവീടുകളുടെ ചെവിതുളയ്ക്കുന്ന സംഗീതവും ഒത്തുചേർന്നപ്പോൾ, സന്ധ്യ മയങ്ങിയ പ്രതീതിയാണ് അനുഭവപ്പെടുന്നത്. വഴിക്കുമുകളിലായി കുടചൂടിനിൽക്കുന്ന വൻവൃക്ഷങ്ങൾക്കിടയിലൂടെ ചെറിയ ഒരു ചാറൽമഴ എത്തിയതോടെ, അരുവിയുടെ സമീപത്തുനിന്നും ഞങ്ങൾ ജലാശയത്തിന്റെ കാഴ്ചകളിലേയ്ക്ക് നീങ്ങി.

റോഡിൽനിന്നും ജലാശയത്തിലേയ്ക്ക് ഇറങ്ങുന്ന കാട്ടുവഴിയുടെ സമീപത്തായി തകർന്നുകിടക്കുന്ന ഒരു ടൂറിസം ഇൻഫോർമേഷൻ സെന്ററുണ്ട്. അതിന്റെ മുൻപിലായി വാഹനങ്ങൾ പാർക്ക്
ചെയ്യുവാനുള്ള അല്പം സ്ഥലത്ത് നാല് ബൈക്കുകൾ നിറുത്തിട്ടിട്ടുണ്ട്. അവയുടെ സമീപത്തായിത്തന്നെ ബൈക്ക് നിറുത്തിയശേഷം ഞങ്ങൾ ജലാശയത്തിന്റെ സമീപത്തേയ്ക്ക് നടന്നു. സീസൺ സമയങ്ങളിൽ ടൂറിസ്റ്റുകളേക്കൊണ്ട് നിറയുന്ന ഇവിടെ, അപകടമുന്നറിയിപ്പ് നൽകുന്ന ഒരു ബോർഡ് സ്ഥാപിച്ചതല്ലാതെ, സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനായി അധികൃതർ യാതൊരുവിധ നടപടികളും കൈക്കൊണ്ടതായി കാണുവാൻ കഴിഞ്ഞില്ല.

മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നുകിടക്കുന്ന വഴിയിലൂടെ ഞങ്ങൾ താഴേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ബൈക്കിലെത്തിയവരാകണം, കുറച്ചു ചെറുപ്പക്കാർ മുകളിലേയ്ക്ക് കയറി വരുന്നുണ്ട്. കാഴ്ചകൾ ആസ്വദിച്ച്, മഴക്കുമുൻപ് വീടുകളിലെത്തുവാനുള്ള തിരക്കിൽ അവർ യാത്രയായപ്പോൾ അഞ്ചുരുളിയുടെ വിശാലമായ തീരത്തേയ്ക്ക് ഞങ്ങൾ നടന്നിറങ്ങി.

വേനൽക്കാലങ്ങളിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾക്ക്, നയനമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന അഞ്ചുരുളി, മഴക്കാലങ്ങളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. വിശാലമായ തീരം, ഇഞ്ചക്കാടുകളും, പുല്ലുകളും വളർന്ന് മൂടിക്കഴിഞ്ഞു. ജലാശയത്തിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന പുൽമേടുകൾ എല്ലാംതന്നെ ഇപ്പോൾ വെള്ളത്തിനടിയിലാണ്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ടുവന്ന ഒരു ഫൈബർവള്ളം മാത്രം, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിൽ തീരത്ത് കമഴ്ത്തി ഇട്ടിരിക്കുന്നു.

വർഷങ്ങൾക്കുമുൻപ് വരുമ്പോൾ തീരത്തുള്ള മരത്തിനുമുകളിൽ, വനംവകുപ്പും ടൂറിസം ഡിപ്പാർട്ട്മെന്റും ചേർന്ന് നിർമ്മിച്ച ഒരു ഏറുമാടം, വളരെയേറെ സന്ദർശകരെ ആകർഷിച്ചിരുന്നു. ആ ഏറുമാടം തേടി ഇഞ്ചക്കാടുകൾക്കിടയിലൂടെ അല്പദൂരം നടന്നുവെങ്കിലും അതിന്റെ അവശിഷ്ടങ്ങൾപ്പോലും അവിടെയെങ്ങും ഞങ്ങൾക്ക് കാണുവാനായില്ല.

കേരളത്തിലെ ചെറിയ വിനോദസഞ്ചാരകേന്ദ്രങ്ങൾപ്പോലും വികസനത്തിലേയ്ക്ക് കുതിക്കുമ്പോൾ, പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ ഇടുക്കിജില്ലയിലെ പല മനോഹരമായ പ്രദേശങ്ങളും, തീർത്തും അവഗണിക്കപ്പെട്ട നിലയിലാണ് ഇന്നും സ്ഥിതി ചെയ്യുന്നത്. ഈ അവഗണനയുടെ ഒരു ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിയ്ക്കുവാൻ അഞ്ചുരുളിയുടെ ഇന്നത്തെ അവസ്ഥ തന്നെ ധാരാളമാണ്.
മഴക്കാലങ്ങളിൽ,കോടമഞ്ഞിന്റെ പുതപ്പിനടിയിൽ മൂടിക്കിടക്കുന്ന ഒരു മല, ജലാശയത്തിന് അതിരിട്ട് ഉയർന്ന് നിൽക്കുന്നുണ്ട്. ഈ മലയുടെ ഉള്ള്  തുരന്ന്, മൂന്ന്കിലോമീറ്ററോളം നീളത്തിൽ നിർമ്മിച്ച ഒരു തുരങ്കവും ഇവിടെയുണ്ട്. ജലാശയത്തിന്റെ കാഴ്ചകളേക്കാൾ, സാഹസികരായ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിൽ ഈ തുരങ്കവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഈ തുരങ്കത്തിന്റെ നിർമ്മാണം നേർരേഖയിൽ ആയതിനാൽ, പ്രവേശനകവാടത്തിനു സമീപം നിന്നു നോക്കിയാൽ മറുവശത്തുകൂടി ഉള്ളിലെത്തുന്ന പ്രകാശം, ഒരു നാണയ വലിപ്പത്തിൽ കാണുവാൻ സാധിക്കും. വർഷങ്ങൾക്കുമുൻപ് നടത്തിയ ഒരു യാത്രയിൽ, ഒരു കിലോമീറ്ററിലേറെ ദൂരം ഈ തുരങ്കത്തിലൂടെ ഞങ്ങൾ ഉള്ളിലേയ്ക്ക് കയറിപ്പോയിട്ടുണ്ട്. തുരങ്കത്തിലൂടെ നടന്ന് ഇരട്ടയാറിൽ എത്തിച്ചേരുക എന്നൊരു ഉദ്ദേശ്യം മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും വെളിച്ചക്കുറവുമൂലം യാത്ര, പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. കൂറ്റൻ കടവാവലുകളുടെയും, നീർക്കോലിപോലെ ജലത്തിൽ കാണപ്പെടുന്ന പാമ്പുകളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ തുരങ്കം. വിഷപാമ്പുകളെ ഉള്ളിൽ കണ്ടിട്ടില്ലെങ്കിലും, അവ കാണപ്പെടുവാനുള്ള സാധ്യത തള്ളിക്കളയുവാനാകാത്തതിനാൽ, വെളിച്ചമില്ലാതെയുള്ള യാത്ര അപകടസാധ്യത നിറഞ്ഞതു തന്നെയാണ്. കൂടാതെ വർഷങ്ങളായുള്ള നീരൊഴുക്കിന്റെ ഫലമായി മിനുസമേറിയ പാറയും, അവയിൽ പറ്റിപ്പിടിച്ചുവളരുന്ന പായലും കൂടിയാകുമ്പോൾ അപകടസാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്നു.

ഇതും ഒരു വേനൽക്കാല ദൃശ്യം: (ഗൂഗിൾ)
ജലാശയത്തിന്റെ തീരത്തുകൂടി  തുരങ്കം സ്ഥിതിചെയ്യുന്ന ഭാഗത്തേയ്ക്ക്, മനോഹരമായ ചിത്രങ്ങളും പകർത്തി ഞങ്ങൾ നടന്നു.  വല്ലപ്പോഴും എത്തുന്ന സന്ദർശകരും, മീൻപിടുത്തക്കാരും നടന്നുണ്ടായ വഴിത്താരയിലൂടെ വേണം അവിടേയ്ക്ക് എത്തുവാൻ. വഴിയുടെ ഇരുവശവും കാടുകളും, പുല്ലുകളും ഒരാൾ ഉയരത്തിൽവരെ വളർന്നു നിൽക്കുന്നുണ്ട്. ഇതിനിടയിൽ തീരത്തെ പുല്ലുകൾക്കിടയിൽ മറഞ്ഞിരുന്ന വെട്ടുക്കിളികളുടെ ഒരു ചെറുകൂട്ടം ഞങ്ങളൂടെ കണ്ണിൽ പെട്ടു. ഏതാണ്ട് നാലിഞ്ചോളം നീളമുള്ള, അനവധി വർണങ്ങളിലുള്ള ചിത്രപ്പണികൾ നിറഞ്ഞ ശരീരവുമായി പറന്നെത്തുന്ന ഈ ഭീകരന്മാർക്ക്, ഏക്കർകണക്കിന് സ്ഥലങ്ങളിലെ കാർഷികവിളകൾ തിന്നുതീർക്കുവാൻ നിമിഷങ്ങൾ മാത്രം മതി.പല സ്ഥലങ്ങളിലും ഈ ജീവികൾ കൃഷിക്കാർക്ക് ഒരു പേടി സ്വപ്നം തന്നെയാണ്.അപൂർവ്വമായി മാത്രം കാണപ്പെടുന്ന അവയുടെ കുറച്ച് ചിത്രങ്ങൾ അവിടെനിന്നും പകർത്തിയശേഷം ഞങ്ങൾ തുരങ്കത്തിനടുത്തെത്തി. വേനൽക്കാലങ്ങളിൽ നൂറടിയോളം ഉയരത്തിൽ തുരങ്കത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം, ഡാമിലെ ജലനിരപ്പുയർന്നതോടെ, കേവലം അഞ്ചടിയായി ചുരുങ്ങിയിരിക്കുകയാണ്. തുരങ്കത്തിലൂടെ ഒഴുകിയെത്തുന്ന ശക്തമായ ജലപ്രവാഹം, വളരെ സുഖപ്രദമായ ഒരു അന്തരീക്ഷമാണ് ഇവിടെ രൂപപ്പെടുത്തിയിരിക്കുന്നത്.

ശാന്തമായ അന്തരീക്ഷത്തിൽ ഈ സൗന്ദര്യം ആസ്വദിക്കുവാൻ ഞങ്ങൾ രണ്ടുപേർ മാത്രം........ ജലാശയത്തിനുമുകളിലൂടെ വീശിയെത്തുന്ന തണുത്ത കാറ്റ് ഞങ്ങളെ തലോടി കടന്നു പോയിക്കൊണ്ടിരുന്നു... ഇരുണ്ടുമൂടിയ മേഘക്കീറുകൾക്കിടയിലൂടെ സൂര്യന്റെ സുവർണരശ്മികൾ അരിച്ചെത്തി, തടാകത്തിൽ പ്രതിഫലിക്കുന്ന മനോഹരമായ ഫ്രെയിമിലേയ്ക്ക് ഒരു ചെറുതോണികൂടി തുഴഞ്ഞെത്തിയതോടെ അഞ്ചുരുളിയുടെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിച്ചതുപോലെ... 
അഞ്ചുരുളി- വേനൽക്കാലത്ത്.
മനോഹരമായ കുറച്ചു ചിത്രങ്ങൾക്കൂടി പകർത്തിയശേഷം, തീരത്തുകൂടി മടങ്ങിവരുമ്പോഴേയ്ക്കും  അഞ്ചുരുളിയുടെ കാഴ്ചകളിലേയ്ക്ക് മറ്റൊരു കൂട്ടം സഞ്ചാരികൾ കൂടി എത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള യാത്രയിൽ, അഞ്ചുരുളിയുടെ കാഴ്ചകൾകൂടി ആസ്വദിക്കുവനായി എത്തിയതായിരുന്നു അവർ.. തുരങ്കത്തിന്റെ കാഴ്ചകൾ അടുത്തുകാണുന്നതിനായി, പായൽനിറഞ്ഞ കല്ലുകളിൽക്കൂടി കയറുവാനൊരുങ്ങിയ അവർക്ക്, അപകടസാധ്യതയെപ്പറ്റി മുന്നറിയിപ്പ് നൽകിയശേഷം ഞങ്ങൾ മറ്റു കാഴ്ചകളിലേയ്ക്ക് മടങ്ങി.
സന്ധ്യയായതോടെ മീൻപിടിക്കുവാനായി ഒറ്റയ്ക്കും കൂട്ടമായും ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ചെറുവള്ളങ്ങളിൽ എത്തുന്നവർ ജലാശയത്തിന്റെ മധ്യത്തിലൂടെ കെട്ടുവലയിടുമ്പോൾ, മറ്റുള്ളവർ വലിയ ചൂണ്ടകളുമായാണ് മീൻപിടിക്കുവാൻ എത്തുന്നത്. മീൻപിടിത്തത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് അല്പനേരം ഞങ്ങൾ തീരത്തുകൂടി ചുറ്റിത്തിരിഞ്ഞുനടന്നു. ജലാശയത്തിനുപിന്നിൽ ഉയർന്നുനിൽക്കുന്ന മലനിരകളുടെ മറവിലേയ്ക്ക് സൂര്യൻ ചാഞ്ഞുതുടങ്ങിയതോടെ, ഞങ്ങളും മടക്കയാത്രക്കൊരുങ്ങി.

വേനൽക്കാലത്തിന്റെ വർണപ്പകിട്ട് നിറഞ്ഞുനിൽക്കുന്ന പ്രകൃതിസൗന്ദര്യം, ഈ യാത്രയിൽ ആസ്വദിക്കുവാൻ ആയില്ല എങ്കിലും, മഴക്കാലത്തിന്റെ വ്യത്യസ്തമായൊരു സൗന്ദര്യം ആസ്വദിച്ച് അഞ്ചുരുളിയിൽനിന്നും തിരികെ മടങ്ങുമ്പോഴേയ്ക്കും, അടുത്ത മഴയ്ക്കുള്ള ഒരുക്കവുമായി, പ്രകൃതി യാത്ര അയയ്ക്കുവാൻ എത്തിയിരുന്നു.

7 comments:

 1. നന്നായി ഷിബു,അഞ്ചുരുളി കാഴ്ചകള്‍,അടുത്ത യാത്ര ഇങ്ങോട്ടേക്ക് തന്നെ...

  ReplyDelete
 2. ഷിബൂ..കേരളത്തിൽ അത്യാവശ്യമൊക്കെ സഞ്ചരിച്ചിട്ടുണ്ടെന്ന എന്റെ ധാരണ തെറ്റാണെന്ന് ഈ വിവരണങ്ങൾ വായിക്കുമ്പോൾ മനസ്സിലാകുന്നു. ചിത്രങ്ങൾ അതിമനോഹരം. പ്രത്യേകിച്ചും സന്ധ്യാസമയത്തെ ആ തോണിക്കാരന്റെ...മനോഹരമായ ഫ്രെയിം !!! ആശംസകൾ..
  സസ്നേഹം,
  പഥികൻ

  ReplyDelete
 3. ഒത്തിരി ഇഷ്ട്ടമായി .... വീണ്ടും വരാം ... സസ്നേഹം ...

  ReplyDelete
 4. മഴപെയ്തൊഴിഞ്ഞ കിഴക്കന്‍ കേരളത്തിന്റെ പച്ച മുഴുവന്‍ താങ്കളുടെ ചിത്രത്തില്‍. വളരെ നന്ന്. ഓരോ കുറിപ്പും അടുത്ത യാത്രയ്ക്കുള്ള പ്രചോദനം.
  സസ്നേഹം,
  ലാസര്‍

  ReplyDelete
 5. വളരെ നന്നായി. മനോഹരമായ ചിത്രങ്ങളും ഹൃദ്യമായ വിവരണവും.

  ReplyDelete
 6. മനോഹരമായ അഞ്ചുരുളി കാഴ്ചകള്‍....വിവരണവും. അടുത്ത യാത്ര ഇങ്ങോട്ടേക്ക് തന്നെ...

  ReplyDelete