Thursday, July 14, 2011

ഹുമയൂണിന്റെ ശവകുടീരം : ഭാഗം ഒന്ന്.

..................................................................................................................................................................
കാലംതെറ്റി പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നമരങ്ങള്‍ക്കിടയിലൂടെ, മണ്‍സൂണിന്റെ വരവറിയിച്ച് എത്തിയ ചാറ്റല്‍മഴയുടെ കുളിരില്‍, മനസ്സും ശരീരവും തണുപ്പുകൊണ്ട് നിറച്ചൊരു യാത്ര...ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന, ഡല്‍ഹിയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഹുമയൂണിന്റെ ശവകുടീരത്തിലേയ്ക്ക് ആയിരുന്നു യാത്രയുടെ പുതിയ അനുഭവങ്ങള്‍ തേടി ഞാന്‍ എത്തി ച്ചേര്‍ന്നത്. അധികാരത്തിന്റെ കരുത്തില്‍, ചെങ്കോലും കിരീടവുമുപയോഗിച്ചു, അയല്‍സാമ്രാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന മുഗള്‍ ഭരണാധികാരികളുടെ അവസാനനിദ്രക്കു സാക്ഷ്യം വഹിക്കുന്ന ഒരു കൂട്ടം സ്മാരകങ്ങള്‍, ഒരു കോട്ടയുടെ ഉള്ളില്‍, വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. അതിരുകളില്ലാത്ത സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചവര്‍ക്ക്, ഒരിക്കലും ഉണരാത്ത ഉറക്കത്തിനായി ഇവിടെ സ്വന്തമായുള്ളത് വെറും ആറടി മണ്ണ് മാത്രം...
കണിക്കൊന്നത്തോട്ടത്തിനു  നടുവിലെ പ്രവേശനകവാടം
ഡല്‍ഹി-മഥുര റോഡിനു സമീപം, നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുപിന്‍വശത്തായി സ്ഥിതി ചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരവും, മറ്റ് അനവധി സ്മാരകങ്ങളും വസന്തത്തിന്റെ വര്‍ണപ്പൊലിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ ആദ്യം സ്വാഗതം ചെയ്യുന്നത്. പ്രവേശന കവാടത്തിനു മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പാര്‍ക്ക്, സ്വര്‍ണത്തോരണം ചാര്‍ത്തിയ കണിക്കൊന്നമരങ്ങളുടെ ചാരുതകൊണ്ട് സഞ്ചാരികളുടെ മനം കവരുന്നു. സ്വദേശികളും വിദേശികളുമായ അനവധി സന്ദര്‍ശകരാണ്‌ ചെറുമഴയുടെ സുഖമറിഞ്ഞുകൊണ്ട്, കണിക്കൊന്നയും വാകയും മറ്റ് അനവധി മരങ്ങളും ചേര്‍ന്നൊരുക്കുന്ന ശീതളിമയില്‍ വിശ്രമിക്കുന്നത്. നാഗരികതയുടെ കലര്‍പ്പില്ലാത്ത, പൌരാണികതയുടെ ഗന്ധം നിറഞ്ഞുനില്‍ക്കുന്ന സ്മാരകങ്ങള്‍ , പ്രവേശനകവാടം പിന്നിടുമ്പോള്‍ മുതല്‍ സന്ദര്‍ശകരുടെ കണ്‍മുന്‍പില്‍ കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു.
'ബു ഹാലിമാ'യുടെ പൂന്തോട്ടവും പ്രവേശനകവാടവും 
ടിക്കറ്റുമെടുത്തു ഉള്ളിലേയ്ക്ക് കടന്നാല്‍ 'ബു ഹാലിമാ'യുടെ പൂന്തോട്ടത്തിലേയ്ക്കാണ് കാഴ്ചക്കാർ എത്തിച്ചേരുന്നത്. ഹുമയൂണിന്റെ ശവകുടീരത്തിലേക്ക് നീളുന്ന പ്രധാനവഴിയുടെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന ഈ തോട്ടം സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രം ആകര്‍ഷണീയമെന്നു പറയാനാവില്ല. തോട്ടത്തിനു നടുവിലായി കല്ലുകള്‍കൊണ്ട് സമചതുരാകൃതിയില്‍ കെട്ടിയുയര്‍ത്തിയ 'ബു ഹാലിമാ'യുടെ ശവകുടീരവും സ്ഥിതിചെയ്യുന്നു.ശവകുടീരത്തിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുവാനുള്ള വാതിലുകള്‍ എല്ലാംതന്നെ കല്ലുകള്‍ കൊണ്ട് കെട്ടി അടച്ചിരിക്കുകയാണെങ്കിലും, വശങ്ങളിൽ സ്ഥിതിചെയ്യുന്ന നടകള്‍ വഴി സന്ദര്‍ശകര്‍ക്ക് ഈ കുടീരത്തിന്റെ മുകളിലേയ്ക്ക് കയറുവാന്‍ സാധിക്കും.
'ബു ഹാലിമാ'യുടെ ശവകുടീരം
'ബു ഹാലിമാ' എന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ കൂടുതല്‍ ലഭ്യമല്ലെങ്കിലും, ഹുമയൂണിന്റെ ശവകുടീരം നിര്‍മ്മിക്കുന്നതിനും വളരെ മുന്‍പുതന്നെ ഈ തോട്ടവും ഇതിനുള്ളിലെ ശവകുടീ രവും ഇവിടെ നിലനിന്നിരുന്നു. ശവകുടീരത്തിനു സമീപത്തായി പുരാതനമായ ഒരു കിണര്‍, ഉപയോഗ ശൂന്യമായ നിലയില്‍ കാണപ്പെടുന്നുണ്ട്. അല്‍പസമയം ശവകുടീരവും പരിസരങ്ങളും ചുറ്റിനടന്നു കണ്ട ശേഷം ഞാന്‍ പിന്‍വശത്തുള്ള മതിലിനു സമീപത്തേയ്ക്ക് നടന്നു. 20 അടിയോളം ഉയരമുള്ള മതിലിനു മുകളിലേയ്ക്ക്, ഇവിടെയുള്ള  നടകള്‍വഴി കയറുവാന്‍ സാധിക്കും. മതിലിനുമുകളിലായി, നാല് കരിങ്കല്‍ ത്തൂണുകള്‍ക്കുമുകളില്‍ കുടയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മണ്ഡപം, ഇളംതെന്നലിന്റെ തലോടലും, പൂമരങ്ങളുടെ സുഗന്ധവും, കിളികൊഞ്ചലുകളും ആസ്വദിച്ചു അല്പനേരം വിശ്രമിക്കുവാന്‍ അനുയോജ്യമായ സ്ഥലമാണ്. അരളി മരങ്ങള്‍ പടര്‍ന്നുനില്‍ക്കുന്ന മതിലിനുമുകളിലൂടെ അല്‍പദൂരം നടന്ന്, കുറച്ചു ചിത്രങ്ങളും പകര്‍ത്തിയശേഷം അടുത്ത കാഴ്ചയായ 'ഇസ ഖാന്‍ നിയാസി'യുടെ ഖബറിടം സ്ഥിതി ചെയ്യുന്ന സ്ഥലം സന്ദർശിക്കുന്നതിനായി നീങ്ങി.
                                      'ബു ഹാലിമാ'യുടെ പൂന്തോട്ടത്തിന്റെ എതിര്‍വശത്തായി നാല് വശവും മതിലുകളാല്‍ ചുറ്റപ്പെട്ട് നിലകൊള്ളുന്ന 'ഇസ ഖാന്‍ നിയാസി'യുടെ ഖബറിടവും മോസ്കും പുനരുദ്ധാരണത്തിന്റെ പാതയിലാണ്. ആഗാ ഖാന്‍ ട്രസ്റ്റും(Aga Khan Trust for Culture (AKTC), പുരാവസ്തുവകുപ്പും ഒത്തുചേര്‍ന്ന് നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലം, ഈ ദിവസങ്ങളില്‍  സന്ദര്‍ശകര്‍ക്ക്, ഖബറിടത്തിന്റെ   ഉള്ളിലേയ്ക്ക് പ്രവേശിക്കുവാനുള്ള അനുമതി ലഭ്യമല്ല.
'ഇസ ഖാന്‍ നിയാസി'യുടെ ശവകുടീരം
സൂരി സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഷേര്‍ ഷാ സൂരിയുടെ സദസ്സിലെ സമുന്നത വ്യക്തിയായിരുന്ന  'ഇസ ഖാന്‍ നിയാസി'യെ സംസ്കരിക്കുന്നതിനായി 1547 -ലാണ് ഈ മന്ദിരം നിര്‍മ്മിക്കപ്പെട്ടത്.കാലങ്ങള്‍ ക്കുശേഷം ഇസ ഖാന്‍ നിയാസിയുടെ കുടുംബാംഗങ്ങളുടെയും ഖബറിടമായി ഈ സ്മാരകം മാറ്റപ്പെട്ടു.ശവകുടീ രത്തിനു സമീപത്തായി അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ അറിയപ്പെടുന്ന മോസ്ക്കും സ്ഥിതി ചെയ്യുന്നു.  ചുവന്ന കല്ലുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ട മോസ്ക്കും ശവകുടീരവുംകൂടി കാണണമെന്നുള്ള ആഗ്രഹം, കാവല്‍ക്കാരന്റെ പിടിവാശി മൂലം സഫലമാകാതെ വന്നതിനാൽ, തുറന്നു കിടന്ന വാതിലില്‍ക്കൂടി കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തി തൃപ്തിയടയേണ്ടിവന്നു.
ഇസ ഖാൻ നിയാസിയുടെ മോസ്ക് (കടപ്പാട് : ഗൂഗിൾ )
'ബു ഹാലിമാ'യുടെ പൂന്തോട്ടവും അതിനോടനുബന്ധിച്ചു  സ്മാരകങ്ങളും പിന്നിട്ട് ഉള്ളിലേയ്ക്ക് കടന്നാല്‍, പ്രധാന വഴിയുടെ വലതുവശത്തായി സ്ഥിതിചെയ്യുന്ന 'അറബ് സരായ് ദര്‍വാജാ' എന്നറിയപ്പെടുന്ന മറ്റൊരു കൂറ്റന്‍ വാതിലിനടുത്തേക്കാണ്  എത്തുക.അറബ് വംശജര്‍ക്കായുള്ള വിശ്രമ മന്ദിരത്തിലേയ്ക്കുള്ള കവാടം എന്നാണ് 'അറബ് സരായ് ദര്‍വാജാ' എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും, 'പുരാണ കില'യിലെ പ്രധാനവാതിലിനെ അനുസ്മരിപ്പിക്കുന്ന ഈ വാതിലില്‍ക്കൂടി  ഉള്ളിലേയ്ക്ക് നടന്നാല്‍ എത്തിച്ചേരുന്നത്  'അഫ്സര്‍ വാല മോസ്ക്കിന്റെയും, ശവകുടീരത്തിന്റെയും സമീപത്തേയ്ക്കാണ്. നാലുവശവും മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഉദ്യാനത്തിന്റെ നടുവിലാണ് ഈ സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നിറഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും, പൂന്തോട്ടത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന ചെറുശവകുടീരങ്ങളും പഴമയുടെ  ഈ സൗന്ദര്യത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.
'അഫ്സര്‍ വാലയുടെ ശവകുടീരവും  മോസ്ക്കും
മഴത്തുള്ളികള്‍ പളുങ്കുപുഷ്പങ്ങള്‍ വിരിയിച്ച പച്ചപ്പുല്ലുകള്‍ക്കിടയിലൂടെ, വെള്ളത്തുള്ളികളെ കാലുകള്‍ കൊണ്ട് തട്ടിത്തെറുപ്പിച്ച് ശവകുടീരത്തിനു സമീപത്തേയ്ക്ക് നടക്കുമ്പോള്‍ മനസ്സ് ഒരു നിമിഷം ബാല്യത്തിലെ മഴക്കാല ഓര്‍മകളിലേയ്ക്ക് പറന്നു പോയി.......റോഡിലൂടെ കലങ്ങി മറിഞ്ഞ് ഒഴുകുന്ന വെള്ളത്തിലൂടെ കൂട്ടുകാരുമൊത്തുള്ള സ്കൂള്‍ യാത്രകള്‍.... ഇടവേളകളില്ലാതെ പെയ്യുന്ന ചാറ്റല്‍മഴയില്‍ കുതിര്‍ന്ന്, ഇടുക്കിഡാമിന്റെ തീരങ്ങളിലൂടെയുള്ള  മീന്‍പിടുത്തയാത്രകള്‍...മഴ പെയ്തു തോര്‍ന്ന രാവുകളില്‍, കാട്ടുപന്നിയെയും, മുയലിനെയും തേടി നടത്തിയിട്ടുള്ള വനയാത്രകള്‍........ നഗരത്തിന്റെ കാപട്യങ്ങള്‍ക്കുനടുവില്‍ ജീവിതം തളയ്ക്കപ്പെടുമ്പോള്‍, ഗ്രാമത്തിന്റെ നൈര്‍മല്യം നിറഞ്ഞ ഓര്‍മ്മകള്‍, മനസ്സിന്റെ കോണില്‍ നീറുന്ന ഒരു മുറിവായി അവശേഷിക്കുന്നു. ഓര്‍മകള്‍ക്ക് കൂടുതല്‍ സുഖം പകര്‍ന്ന് മഴത്തുള്ളികള്‍ വീണ്ടും തഴുകിയെത്തുമ്പോഴേയ്ക്കും ഞാന്‍ ശവകുടീരത്തിനു സമീപം എത്തിച്ചേര്‍ന്നിരുന്നു.
തകർന്നുപോയ മറ്റൊരു ശവകുടീരം.
വിശാലമായ പ്ലാറ്റ്ഫോമിന്റെ അരികിലായി ശവകുടീരവും, അതിനോട് ചേര്‍ന്നുതന്നെ മോസ്ക്കും സ്ഥിതി ചെയ്യുന്നു.    ഈ രണ്ടു സ്മാരകങ്ങളുടെയും നിര്‍മ്മാണരീതിയിലും, ഭംഗിയിലും പ്രകടമായിരിക്കുന്ന വ്യത്യാസം, ആദ്യകാഴ്ചയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കും.ചുവപ്പും  വെള്ളയും നിറങ്ങളിലുള്ള വിലയേറിയ മാര്‍ബിളുകള്‍കൊണ്ടാണു ശവകുടീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെങ്കില്‍, കോട്ടയുടെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന തരം, സാധാരണ കല്ലുകളാലാണ് മോസ്ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എട്ടു വശങ്ങളോടുകൂടിയ കുടീരത്തിന്റെ ഉള്ളില്‍ തൂവെള്ള മാര്‍ബിളുകളാല്‍ നിര്‍മ്മിക്കപ്പെട്ട മൂന്നു കല്ലറകളാണുള്ളത്.അക്ബറിന്റെ രാജസദസ്സിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥനെ സംസ്ക്കരിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ടതിനാലാണ്, ഈ സ്മാരകത്തിന് 'അഫ്സര്‍ വാലയുടെ ശവകുടീരം' എന്ന പേര് ലഭ്യമായത്. ('അഫ്സര്‍' എന്ന വാക്കിന്റെ അര്‍ഥം 'ഉദ്യോഗസ്ഥന്‍' എന്നാണ് ) ഉള്ളില്‍ കാണപ്പെടുന്ന മാര്‍ബിള്‍ കല്ലറകളിലൊന്നില്‍ രേഖപ്പെടുത്തി യിരിക്കുന്നതനുസരിച്ച്‌  1566 -67 കാലഘട്ട  ത്തിലാണ്  ഈ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പുറത്തെ കാഴ്ചകള്‍ക്ക് വിരാമമിട്ട് കുടീരത്തിന്റെ ഉള്ളിലെ കാഴ്ച്ചകളിലേയ്ക്ക് ഞാന്‍ കടന്നു. ഇരുട്ട് തളംകെട്ടി, പൊടിപടലങ്ങള്‍ അടിഞ്ഞു കൂടിയ മുറിക്കുള്ളില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടംപിടിച്ച ഭരണാധികാരികളുടെ, മരണാനന്തരജീവിതത്തിലെ ദ്വാരപാലകനെന്നവണ്ണം വിശ്രമിക്കുകയാണ് ഒരു ശ്വാനന്‍. 
ചരിത്രത്തിന്റെ  കാവല്‍ക്കാരന്‍.....
കാവല്‍ക്കാരന്റെയും കല്ലറയുടെയും കുറെ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം, തൊട്ടരികെ സ്ഥിതി ചെയ്യുന്ന മോസ്ക്കിനുസമീപത്തേയ്ക്ക് നീങ്ങി. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.........പൊടിപടലങ്ങള്‍ അടിഞ്ഞു  കൂടിയ തറയും, ഉള്ളിലെ വെളിച്ചത്തിന്റെ അഭാവവും അധികൃതര്‍ ഈ സ്മാരകങ്ങളൊടു കാണിക്കുന്ന അവഗണനയുടെ ഉത്തമ  ഉദാഹരണങ്ങള്‍ തന്നെ. വ്യക്തമായ ദിശാ സൂചകങ്ങളുടെ അഭാവം മൂലമാകാം ഇവിടെയെത്തുന്ന ഭൂരിഭാഗം സന്ദര്‍ശകരും, ഈ രണ്ടു മന്ദിരങ്ങളും സന്ദര്‍ശിക്കാതെ പോകാറാണ് പതിവ്.
കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് വിസ്മയം പകരേണ്ട ഈ കാഴ്ചകള്‍ അവഗണിക്കപ്പെട്ടു പോകുന്നത് വളരെ വേദനാജനകം തന്നെ. പുരാതന ഇന്ത്യയുടെ വളര്‍ച്ചയില്‍ ഭാഗഭാക്കുകളായ ഭരണാധികാരികളും അവരുടെ കീര്‍ത്തിമുദ്ര പേറുന്ന സ്മാരകങ്ങളും,അവഗണനയുടെ പുകമറയില്‍ മൂടിക്കിടക്കുമ്പോള്‍, ഈ കാഴ്ചകളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരുടെ മനസ്സിലുണ്ടാകുന്ന നൊമ്പരവും, സ്വയം മറച്ചുവയ്ക്കുവാൻ മാത്രമല്ലേ സാധിക്കൂ....?
പൂന്തോട്ടത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റു ശവകുടീരങ്ങൾ
ശവകുടീരത്തിന്റെയും മോസ്ക്കിന്റെയും കാഴ്ചകളിൽനിന്നിറങ്ങി, പൂന്തോട്ടത്തിനു നടുവിലൂടെയുള്ള പാതയിലൂടെ ഇനി ഹുമയൂണിന്റെ ശവകുടീരത്തിലേയ്ക്കാണ് യാത്ര. പൗരാണികതയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ചിത്രത്തിലുണ്ടായ കറുത്ത പാടുപോലെ, പൂന്തോട്ടത്തിനു നടുവിലൂടെ, സിമന്റു പൂശിയ പാത നീണ്ടുകിടക്കുന്നു. പാതയുടെ ഇരുവശവും മനോഹരമായ പൂച്ചെടികൾ...ഫിർമരങ്ങളും, പൂക്കൾ നിറഞ്ഞുനിൽക്കുന്ന അരളിച്ചെടികളും,ചെമ്പരത്തിക്കൂട്ടങ്ങളും, പേരറിയാത്ത അനവധി പൂമരങ്ങളും വേനൽമഴയുടെ കുളിരും, ഇളംകാറ്റിന്റെ തലോടലുമേറ്റ്, വർണവസന്തത്തിന്റെ ചാരുതയ്ക്ക് കൂടുതൽ മിഴിവേകുന്നു. മരച്ചില്ലകൾക്കിടയിലൂടെ ചിതറിവീഴുന്ന മഴത്തുള്ളികളുടെ കരവലയത്തിലൊതുങ്ങി, പ്രണയത്തിന്റെ ചെമ്പകമരങ്ങൾ ഓരോ മരച്ചുവട്ടിലും പൂത്തുലഞ്ഞൂനിൽക്കുന്ന കാഴ്ചകൾ ആസ്വദിച്ചുമാത്രമേ ഏതൊരാൾക്കും ഈ വഴിയേ യാത്ര ചെയ്യുവാനാകൂ............അല്ലെങ്കിലും പ്രണയത്തിന്റെ ഊഷ്മളത കൂടുതൽ അനുഭവവേദ്യമാക്കുവാൻ,  ഈ മഴയ്ക്കുള്ള കഴിവ്, ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ ആരും  ഉണ്ടാകുമെന്ന് തോന്നുന്നില്ല...........പക്ഷെ ഇവിടെ, തിരക്കൊഴിഞ്ഞ ഈ സ്ഥലങ്ങളിൽ പ്രണയം, അതിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന കാഴ്ചയും സർവസാധാരണം തന്നെ....പ്രണയത്തിന്റെ പൂമരങ്ങൾക്കിടയിലൂടെയുള്ള യാത്ര തുടർന്നാൽ എത്തിച്ചേരുക, ഹുമയൂണിന്റെ ശവകുടീരത്തിലേയ്ക്കുള്ള പ്രധാന കവാടത്തിനു സമീപത്തേയ്ക്കാണ്.
West Gate എന്ന് അറിയപ്പെടുന്ന ഈ കവാടത്തിനുള്ളിൽ ആണ് ശവകുടീരത്തിനുള്ളിലെ കാഴ്ചകളുടെ  കാച്ചിക്കുറുക്കിയ വിവരണങ്ങളുമായി ഒരു ചെറുമ്യൂസിയം സ്ഥിതി ചെയ്യുന്നത്.....( തുടരും )


ഹുമയൂൺ ടോംമ്പ് : ഭാഗം രണ്ടിലേയ്ക്കു പോകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....

15 comments:

  1. 20 വർഷം മുൻപ് വന്നിട്ടുണ്ട്.

    ReplyDelete
  2. njanum poyirunnu ... http://rintusoman.blogspot.com/2011/06/humayoons-tomb-nizamudheen.html

    ReplyDelete
  3. പൊന്മളക്കാരൻ,റിന്റു..ഇപ്പോൾ വളരെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്....

    ReplyDelete
  4. എയ്യ് തോവാളകാരാ ഞാനൊരു നെടുംങ്കണ്ടംകാരന്‍ ,യാത്രാവിവരണം വായിച്ചു ആശംസകള്‍

    ReplyDelete
  5. ഡൽഹിയിൽ പലതവണ വന്നിട്ടുണ്ടെങ്കിലും കുത്തബ് മീനാർ അല്ലാതെ വേറെ ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല. ഇനി എന്നെങ്കിലും വരാൻ അവസരമുണ്ടെങ്കിൽ കാണാൻ ഒരു സ്ഥലം കൂടി ആയി

    ReplyDelete
  6. എഴുത്ത് ഇഷ്ടപ്പെട്ടു. ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.

    ReplyDelete
  7. ഇഷ്ടപ്പെട്ടു..നന്ദി

    ReplyDelete
  8. ചിത്രത്തിന്റെ അകമ്പടിയോടെയുള്ള ഈ വിവരണം,
    ഒരു കാഴ്ചാ സുഖം നല്‍കി.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  9. ഷിബു, ഞാന്‍ ഡല്‍ഹി നിവാസി ആയിട്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു, ഒരുപാട് തവണ വിദേശികള്‍ ആയ സഹപ്രവര്‍ത്തകരുമായി ഒരു പാട് തവണ സന്ദര്‍ശനം നടത്തി. വളരെ മനോഹരം തന്നെ.

    കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് വിസ്മയം പകരേണ്ട ഈ കാഴ്ചകള്‍ അവഗണിക്കപ്പെട്ടു പോകുന്നത് വളരെ വേദനാജനകം തന്നെ.

    ഇത് ഷിബു പറഞ്ഞത് വളരെ സത്യം തന്നെ, ആശംസകള്‍, പറ്റുമെങ്കില്‍ ഐ എന്‍ എ കഴിഞ്ഞു ലോധി റോഡിനു അടുത്തായി സഫ്ദര്‍ജന്ഗ് ടോംബ് കൂടി ഒന്ന് സന്ദര്‍ശിക്കുക, മനോഹരം തന്നെ.

    (കുറുപ്പിന്റെ കണക്കു പുസ്തകം)

    ReplyDelete
  10. പ്രിയ ഷിബൂ ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ചരിത്ര സ്മാരകങ്ങള്‍ കാണുന്നത് ഹരം കൊള്ളിക്കുന്ന അനുഭൂതിയാണ്.
    ചിത്രം സഹിതമുള്ള ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.

    ReplyDelete
  11. തൊടുപുഴ മീറ്റിനെകുറിച്ചു ഒടിയനും എഴുതിയിട്ടുണ്ട് ..വായിക്കുമല്ലോ അല്ലെ .. ..http://odiyan007.blogspot.com/

    ReplyDelete
  12. മിഴിവേറിയ ചിത്രങ്ങളും നല്ല വിവരണവും.

    ReplyDelete
  13. manoharamayittundu, vivaranavum, chithrangalum...... aashamsakal....

    ReplyDelete
  14. ഡൽഹിയിൽ ഇത്രയധികം ശവകുടീരങ്ങൾ ഉണ്ടെന്നോ ? അതൊന്നും കാണാൻ ആ പരിസരം വരെ എത്തുന്നവർക്ക് പോലും താൽ‌പ്പര്യം ഇല്ലെന്ന് അറിഞ്ഞ് വ്യസനിക്കുന്നു. എനിക്കേതായാലും ഇനിയൊരു ഡൽഹിയാത്ര ഉണ്ടെങ്കിൽ അത് കുറേ ദിവസം നീളുമെന്ന് ഉറപ്പായി.

    ReplyDelete
  15. ചരിത്രത്തെ ലളിതമായി വിവരിച്ചിരിക്കുന്നു. ഒരു ദില്ലി ഗൈഡ് തന്നെ!

    ReplyDelete