Saturday, June 4, 2011

കമല നെഹ്രു റിഡ്ജ് (4) - പീര്‍ ഗഹിബ്

കമല നെഹ്രു റിഡ്ജ് (3)-ഫ്ലാഗ് സ്റ്റാഫ് ടവര്‍ യാത്രയിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
**************************************************************************************************
കമല നെഹ്‌റു റിഡ്ജിലെ പ്രധാനപ്പെട്ട കാഴ്ചകളെല്ലാം കണ്ടു കഴിഞ്ഞു. പക്ഷെ ഇതിനിടയില്‍
സമയക്കുറവുമൂലം ഒഴിവാക്കിയിരുന്ന ഒന്ന് രണ്ടു സ്ഥലങ്ങള്‍ ഇനിയും  അവശേഷിക്കുന്നു. അതില്‍ പ്രധാനപ്പെട്ട സ്ഥലമാണ് പീര്‍- ഗാഹിബ് (Pir Gahib). ചൌബുര്‍ജി മസ്ജിദിനു സമീപം, ഹിന്ദു റാവു
ഹോസ്പിറ്റലിന്റെ മതില്‍കെട്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ പുരാതന സ്മാരകവും, ഡല്‍ഹി 
-കര്‍ണാല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ട്രിപ്പോളിയ ഗേറ്റുകളും കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ 
യാത്ര, പ്ലാന്‍ ചെയ്തിരിക്കുന്നത്. ഏറിയാല്‍ രണ്ടു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന കാഴ്ച
കളെ ഈ രണ്ടു സ്ഥലത്തുകൂടി അവശേഷിക്കുന്നുള്ളൂ. മൂന്നു മണിയോടെ യാത്രക്കുള്ള ഒരുക്കങ്ങള്‍
തീര്‍ത്ത്‌ റൂമില്‍ നിന്നിറങ്ങി. ടൂവീലര്‍ യാത്രയുടെ എല്ലാ സുഖവും പകര്‍ന്നുനല്‍കുവാന്‍ കഴിവുള്ള   എന്‍ഫീല്‍ഡ് ബുള്ളറ്റുമായി നേരെ പോയത് പീര്‍-ഗാഹിബിലേയ്ക്കാണ്. ബര്‍ഫ് ഖാനയില്‍നിന്നും ചൌബുര്‍ജി മസ്ജിദിലേയ്ക്കുള്ള വഴിയോരത്തായി, ബാര ഹിന്ദു റാവു ഹോസ്പിറ്റലിന്റെ  സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍ക്ക് നടുവിലായാണ്  പീര്‍-ഗാഹിബ് സ്ഥിതി ചെയ്യുന്നത്.
പീര്‍ ഗഹിബ്
റോഡില്‍നിന്നും ക്വാര്‍ട്ടേഴ്സിനുള്ളിലേയ്ക്ക് കടക്കുവാനുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്.
ഉള്ളിലേയ്ക്ക് കയറുന്ന ഭാഗത്തെ, ഒഴിഞ്ഞ സ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്തശേഷം
സമീപത്തുള്ള ഇടുങ്ങിയ വഴിയിലൂടെ അകത്തു കടന്നു. മറ്റു ചരിത്രസ്മാരകങ്ങളെപ്പോലെ തന്നെ
ഇവിടെയും മതിലും, കമ്പിവേലിയും നിര്‍മ്മിച്ച്‌ സ്മാരകത്തെ സംരക്ഷിക്കുവാനുള്ള ശ്രമം
നടത്തിയിട്ടുണ്ട്. സ്മാരകത്തിന്റെ  പ്രവേശനകവാടം, ഒരാള്‍ക്ക്‌ കഷ്ടിച്ചു കടക്കുവാനുള്ള അകലം
ഇട്ടശേഷം, ചങ്ങലയാല്‍ ബന്ധിച്ചിരിക്കുന്നതിനാല്‍ ബാഗും ക്യാമറയുമായി അതിലെ കടക്കുവാന്‍
അല്പം ബുദ്ധിമുട്ടേണ്ടിവന്നു. മതില്‍ക്കെട്ടിനുള്ളിലെ സ്ഥലം, സമീപവാസികളായ കുട്ടികള്‍ തങ്ങളുടെ
ക്രിക്കറ്റ് കോര്‍ട്ട് ആക്കി മാറ്റി കഴിഞ്ഞു. കാക്കക്കൂട്ടില്‍ കല്ലുവീണതുപോലെ ബഹളം വച്ച് പായുന്ന
അവരുടെ ഇടയില്‍ നിന്ന് കാഴ്ചകള്‍ആസ്വദിക്കുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മുന്‍വശത്തെ
കാഴ്ചകള്‍ തത്കാലം ഒഴിവാക്കുകയാകും ബുദ്ധി.....സ്മാരകത്തിന്റെ പിന്‍വശത്തെ മതില്‍
കെട്ടിനരികിലായി പുരാതനമായ ഒരു കിണര്‍ സ്ഥിതി ചെയ്യുന്നുണ്ട്. പതിയെ അവിടെയ്ക്ക് നീങ്ങി....
കാലപ്പഴക്കത്താല്‍ നികന്നുപോയതിനാല്‍, കിണറാണോ, മറ്റു തരത്തിലുള്ള ജലസംഭരണിയാണോ
എന്ന് പോലും മനസ്സിലാക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണിത് കാണപ്പെട്ടത്.
പീര്‍ ഗഹിബിന്റെ സമീപത്തെ മൂടപ്പെട്ട കിണര്‍.
പിന്‍വശത്തുനിന്നും, രണ്ടാമത്തെ നിലയിലേയ്ക്കും മട്ടുപ്പാവിലേയ്ക്കും കയറുവാനുള്ള നടകള്‍
നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് കെട്ടി അടച്ചു കളഞ്ഞിരിക്കുന്നു. തറനിരപ്പില്‍നിന്നും
മുകള്‍ത്തട്ടുവരെയുള്ള നടകള്‍ വീതി കുറച്ചു, കുത്തനെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റത്തടി
പാലത്തിലൂടെ നദി കുറുകെക്കടക്കുന്ന ഏകാഗ്രതയോടെ വേണം ഈ നടകളിലൂടെ
കയറിപ്പോകാന്‍. കയറ്റത്തിനിടയില്‍ കാലൊന്നു തെന്നിയാല്‍ ഇഹലോകവാസം വെടിഞ്ഞതു
തന്നെ.......ഒരു വട്ടം കൊട്ടാരത്തിനെ വലംവച്ച് മുന്‍വശത്തെത്തിയപ്പോള്‍ കുട്ടിപ്പട്ടാളം
കളികള്‍ അവസാനിപ്പിച്ചു പോകുവാനുള്ള തയ്യാറെടുപ്പിലാണ്. കൈയിലുള്ള ക്യാമറ കണ്ടതോടെ
പട്ടാളം എന്നെ വളഞ്ഞു ....അവസാനം ജൂനിയര്‍ ക്രിക്കറ്റ് ടീമിനെ മുഴുവന്‍ നിരത്തിനിറുത്തി,
എല്ലാവരുടെയും ഫോട്ടോ എടുത്ത് മോണിട്ടറില്‍ കാണിച്ചു കൊടുക്കേണ്ടി വന്നു. ഈ സമയം രണ്ടു
വിരുതന്മാര്‍ അടുത്ത കൂട്ടുകാരെക്കൂടി വിളിക്കുവാനായി ഓടിയതോടെ, വേഗത്തില്‍ ക്യാമറ ഓഫ്
ചെയ്ത് ഞാന്‍ പീര്‍-ഗാഹിബിനുള്ളിലേയ്ക്ക് കയറി.
അല്പം ചരിത്രം 
1351 മുതല്‍ 1388 വരെ ഡല്‍ഹി ഭരിച്ചിരുന്ന ഫിറോസ്‌ ഷാ തുഗ്ലക്ക് ആണ് ഈ കൊട്ടാരം
നിര്‍മ്മിച്ചത്. മൃഗയാവിനോദത്തിനായിനിര്‍മ്മിച്ച കൊട്ടാരമാണെന്നും(Kushk-i-Shikar),
വാനനിരീക്ഷണത്തിനായി നിര്‍മ്മിച്ച ബംഗ്ലാവെന്നും(Kushk-i-Jahan) അറിയപ്പെട്ടിരുന്ന ഇത്,
കാലങ്ങള്‍ക്ക് ശേഷം ഒരു ഫക്കീറിന്റെ  പ്രാര്‍ത്ഥനാകേന്ദ്രമായി മാറി. ധ്യാനത്തിനിടയില്‍ പെട്ടന്ന്
അപ്രത്യക്ഷനായ ആ വിശുദ്ധന്റെ, നാമവുമായി ബന്ധപ്പെട്ടാണ് കൊട്ടാരത്തിന്റെ പേര്
പീര്‍-ഗഹിബ് എന്ന് പുനര്‍നാമകരണം ചെയ്തത്. ഈ കൊട്ടാരത്തിനുസമീപം സ്ഥാപിക്കുന്നതിന്
വേണ്ടിയായിരുന്നു മീററ്റില്‍നിന്നുള്ള അശോകസ്തൂപം സുല്‍ത്താന്‍ ഡല്‍ഹിയിലേയ്ക്ക്
കൊണ്ടുവന്നത്. 1857 -ലെ കലാപസമയത്ത്  രൂക്ഷമായ മോര്‍ട്ടാര്‍ ആക്രമണത്തിനു
വിധേയമായ കൊട്ടാരം, പുരാവസ്തുവകുപ്പിന്റെ പുനരുദ്ധാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തി
കേടുപാടുകള്‍ നീക്കിയിട്ടുണ്ട്. കൂടാതെ അടുത്തകാലത്തായി ചില സ്വകാര്യ ടൂര്‍ ഏജന്‍സികള്‍
അറിയപ്പെടാതെ കിടക്കുന്ന ഈ സ്മാരകങ്ങള്‍കൂടി ഉള്‍പ്പെടുത്തി, കുറഞ്ഞ ചിലവില്‍ ഡല്‍ഹി
ഹെറിറ്റെജ് ടൂറുകള്‍കൂടി ആരംഭിച്ചിരിക്കുന്നതിനാല്‍ വരുംകാലങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെ ഈ
സ്ഥലങ്ങളിലേയ്ക്ക് നമുക്കു പ്രതീക്ഷിക്കാം.
നശിപ്പിക്കപ്പെട്ട കൊത്തുപണികള്‍ 
ഉള്ളിലേയ്ക്ക് കടക്കുവാനുള്ള എല്ലാ വാതിലുകളും, ഇരുമ്പുപട്ടകളാല്‍ നിര്‍മ്മിച്ച കതകുകള്‍ കൊണ്ട് പൂട്ടിയിരിക്കുന്നതിനാല്‍ ഞാന്‍ പുറത്തേയ്ക്ക് ഇറങ്ങി. സായാഹ്നസൂര്യന്റെ സിന്ദൂരരശ്മികള്‍ കുന്നിനെ മഞ്ഞപ്പുതപ്പണിയിക്കുവാന്‍  തുടങ്ങിയിരിക്കുന്നു. ഫോട്ടോഗ്രാഫിക്ക് പറ്റിയ അന്തരീക്ഷമായതിനാല്‍
കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തിയശേഷം, രണ്ടാമത്തെ നിലയിലേയ്ക്ക് കയറുവാന്‍ പറ്റുമോ എന്നൊരു
ശ്രമം നടത്തിനോക്കി. പിന്‍വശത്തായി തകര്‍ന്നുകിടക്കുന്ന ഭിത്തിയില്‍ നടകള്‍പോലെ നില്‍ക്കുന്ന
കല്ലുകളില്‍ കൂടി ഒരു വഴി കണ്ടെത്തി പതിയെ മുകളിലേയ്ക്ക് കയറി.........ഒരു കൈയില്‍ ക്യാമറയും പിടിച്ചുള്ള കയറ്റം തികച്ചും സാഹസം തന്നെ.... മുകളിലെത്തി കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്.
പീര്‍ ഗഹിബിന്റെ മുകള്‍ നിലയുടെ ദൃശ്യം
മുകള്‍നിലയുടെ ഒരു വശം ഏറെക്കുറെ തകര്‍ന്നടിഞ്ഞ നിലയിലാണ്.ഇവിടെ സ്ഥിതി ചെയ്യുന്ന 
മറ്റു രണ്ടു മുറികള്‍ അടുത്തകാലത്ത് കേടുപാടുകള്‍ തീര്‍ത്ത്‌ പുതുക്കിയിട്ടുണ്ട്. ഉള്ളിലുള്ള രണ്ടു മിറാബു
കള്‍ക്ക് സമീപം ഇപ്പോഴും പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാണ്. കൊട്ടാര  ഭിത്തികളെ അലങ്കരിച്ചിരുന്ന പുരാതനമായ ശില്പവിദ്യകള്‍, ഭാഗികമായി മാത്രമേ ഇപ്പോള്‍ അവശേ
ഷിക്കുന്നുള്ളൂ. ഭിത്തികളിലെ വിള്ളലുകളും ദ്വാരങ്ങളുമെല്ലാം, തത്തകളും മൈനകളും കയ്യേറി തങ്ങളുടെ ഒരു കോളനിയായി മാറ്റിക്കഴിഞ്ഞു. മുകള്‍നിലയില്‍നിന്നും താഴെയുള്ള നിലയിലേക്ക് ഇറങ്ങുവാനുള്ള നടകളില്‍ വീതിയേറിയ കരിങ്കല്‍പാളികള്‍ പതിച്ചിട്ടുണ്ട്. മുകള്‍നിലയിലൂടെ കയറി, ഇത്രയും സാഹസപ്പെട്ടു ആരും താഴെയുള്ള മുറികളില്‍  ഇറങ്ങില്ല എന്നുള്ള വിശ്വാസം മൂലമാവാം, ഈ നടകള്‍ ഉള്‍പ്പെടുന്ന വഴി തുറന്നാണ് കിടക്കുന്നത്. വെളിച്ചത്തിന്റെ കുറവ് കാര്യമായി അനുഭവപ്പെടുന്നതിനാല്‍ സാഹസപ്പെട്ട് താഴേയ്ക്കുള്ള  ഇറക്കം ഞാനും ഉപേക്ഷിച്ചു... സ്മാരകത്തിന്റെ മുകളിലൂടെ ക്യാമറയും പിടിച്ചുള്ള നടപ്പ് പലരും പുറത്തുനിന്നും വീക്ഷിക്കുന്നുണ്ട്. കൂടാതെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനു സമീപം ഒരു പോലീസ് പട്രോള്‍ ജീപ്പും എത്തിയിട്ടുണ്ട്. എന്തെങ്കിലും സംശയം തോന്നി പിടിവീണാല്‍ പിന്നെ ഒരു തീഹാര്‍ ജയില്‍ യാത്രാ പോസ്റ്റുകൂടി എഴുതേണ്ടതായി വരും. എന്തായാലും ഇത്രയും കയറിയ സ്ഥിതിക്ക് ഏറ്റവും മുകളില്‍ കൂടി കയറണം...രണ്ടാം നിലയില്‍നിന്നുള്ള നടകള്‍ കയറാന്‍ തുടങ്ങിയപ്പോള്‍തന്നെ കാലുകള്‍ അറിയാതെ ഒന്ന് വിറച്ചു. ഇത്രയും വീതി കുറഞ്ഞ, കുത്തനെയുള്ള നടകളിലൂടെ ഒരു സുല്‍ത്താന്‍, രാജകീയ വസ്ത്രങ്ങളൊക്കെ അണിഞ്ഞ് ഇങ്ങനെ വിറച്ചു കൊണ്ട് കയറിപ്പോകുന്ന രംഗം വെറുതെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കി.........ചിലപ്പോള്‍ ഇങ്ങനെയുള്ള സങ്കല്‍പ്പങ്ങള്‍ക്ക്, നമ്മുടെ മനസ്സിലുണ്ടാകുന്ന വിറയലുകളെ  മാറ്റുവാന്‍  കഴിഞ്ഞേക്കും.
മുകള്‍നിലയിലേയ്ക്കുള്ള നടകള്‍ 
മുകള്‍നിലയിലെത്തിയപ്പോള്‍ കാലുകളിലെ വിറയല്‍ അത്ഭുതത്തിന് വഴിമാറി. വെറുതെയല്ല ഒരു 
സുല്‍ത്താന്‍ ഈ മലമുകളില്‍ എങ്ങനെ ഒരു കൊട്ടാരം നിര്‍മ്മിച്ചുവച്ചിരിക്കുന്നത്....ചുറ്റുപാടുമുള്ള ആധുനികനിര്‍മ്മിതികള്‍ ഉയരുന്നതിന് മുന്‍പായിരുന്നെങ്കില്‍, കിലോമീറ്ററുകള്‍ അകലെക്കൂടിയുള്ള
മനുഷ്യരുടെയോ, മൃഗങ്ങളുടെയോ നീക്കങ്ങള്‍ നിരീക്ഷിക്കുവാന്‍ ഇതിലും അനുയോജ്യമായ ഒരു സ്ഥലം ഡല്‍ഹിയില്‍ ലഭ്യമാകാനിടയില്ല....രണ്ടാമത്തെ നിലയില്‍ നിന്നും വെളിയിലേയ്ക്കു തുറക്കുന്ന പുകക്കുഴല്‍ പോലെയുള്ള ഒരു നിര്‍മ്മിതി കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച്
നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണ ഉദ്ദേശ്യത്തെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും,
വാനനിരീക്ഷണത്തിനായി നിര്‍മ്മിച്ചതാകാമെന്നു ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.
വാനനിരീക്ഷണത്തിനായി നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ചിമ്മിനി.
ട്രിപ്പോളിയ ഗേറ്റുകള്‍ക്കൂടി സന്ദര്‍ശിക്കണമെന്നുള്ളതിനാല്‍ പീര്‍ ഗഹിബിന്റെ കാഴ്ചകള്‍  അവസാനിപ്പിച്ച് ഇറങ്ങേണ്ട സമയമായിരിക്കുന്നു. നടയിലൂടെ മുകളിലേയ്ക്ക് കയറുമ്പോള്‍ തോന്നിയ ബുദ്ധിമുട്ട് ഇറങ്ങിവരുമ്പോള്‍ അനുഭവപ്പെടുന്നില്ല. ഒരു വട്ടം കൂടി പിന്‍വശത്തെ
മുറികളില്‍കൂടി കയറിയിറങ്ങി പുറത്തേയ്ക്ക് നടന്നു. മതിക്കെട്ടിനു വെളിയില്‍, റോഡില്‍നിന്നുള്ള
കാഴ്ചകളും വളരെ മനോഹരമാണ്. ഹരിതവര്‍ണ്ണം കലര്‍ത്തിയ അലയാഴിപോലെ, ഉയര്‍ന്നുതാണു
പോകുന്ന കുന്നിന്‍ചെരിവുകള്‍, കോണ്‍ക്രീറ്റ്കാടുകളുടെ ഇരുണ്ട വെള്ളനിറത്തിലേയ്ക്ക് ലയിച്ചു
ചേരുന്ന ഈ സുന്ദരദൃശ്യം മറ്റൊരു മെട്രോനഗരത്തിലും കാണുവാനാകുമെന്ന്  തോന്നുന്നില്ല...വീണ്ടും 
റിഡ്ജിലെ പാതകളിലൂടെ ഗ്രാന്‍ഡ്‌ ട്രങ്ക് റോഡിലെത്തി മഹാറാണ പ്രതാപ്ബാഗിലേയ്ക്ക് യാത്ര ആരംഭിച്ചു. ശക്തിനഗറിനുശേഷമുള്ള  പാലം കയറിയിറങ്ങിയപ്പോള്‍തന്നെ അല്പം മുന്‍പിലായി ഒന്നാമത്തെ കവാടം ദൃശ്യമായി.
ഒന്നാമത്തെ ഗേറ്റ്
1728 -1729 കാലഘട്ടത്തില്‍ ഷാജഖാന്റെ പുത്രനായ നാസിര്‍ മഹല്‍ദര്‍ ഖാനാല്‍ നിര്‍മ്മിക്കപ്പെട്ട
ഈ കവാടങ്ങള്‍, ഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന മറ്റു കോട്ടവാതിലുകളില്‍നിന്നും തികച്ചും
വ്യത്യസ്തമാണ്. ആകാര ഭംഗിയിലും,ശില്പ്പവിദ്യകളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ
കവാടത്തിനു 17 -18 നൂറ്റാണ്ടുകളില്‍ ശക്തമായ കോട്ടവാതിലുകള്‍ ഉണ്ടായിരുന്നതായി
പറയപ്പെടുന്നു. രാത്രികാലങ്ങളിലും, ശത്രുക്കളുടെ ആക്രമണഭീഷണി ഉയരുന്ന സമയങ്ങളിലും
അടച്ചു സുരക്ഷിതമാക്കിയിരുന്ന ഈ കവാടത്തിന്റെ ഇരുവശങ്ങളിലും കാവല്ക്കാര്‍ക്കും, ചുങ്കം
പിരിക്കുന്നവര്‍ക്കുംവേണ്ടി സജ്ജമാക്കിയിരുന്ന സ്ഥലങ്ങള്‍ ഇപ്പോഴും സന്ദര്‍ശകര്‍ക്ക് കാണുവാന്‍
സാധിക്കും.മുഗള്‍കാലഘട്ടത്തില്‍ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളടങ്ങിയ ബസാറിലേക്ക്
തലയെടുപ്പോടെ ഏവര്‍ക്കും സ്വാഗതമോതി നിന്ന ഈ പ്രവേശനകവാടം, പരിസരവാസികളുടെയും
വഴിപോക്കരുടെയും മൂത്രപ്പുരയും, മാലിന്യങ്ങള്‍ നിക്ഷേപിക്കുവാനുള്ള ഒരിടവുമായി ഇന്ന്
മാറിക്കഴിഞ്ഞു. കുന്നു കൂടിയ മാലിന്യങ്ങളില്‍ പുളച്ചുനടക്കുന്ന പന്നികള്‍ക്കൊപ്പം,പുറംമതിലുകള്‍
തട്ടിനിരത്തി കൈയേറ്റം നടത്തിയിരിക്കുന്ന സമീപവാസികളും, ഈ സ്മാരകത്തിന്റെ അവസ്ഥ
അത്യന്തം ശോചനീയമാക്കി മാറ്റിയിരിക്കുകയാണ്. പ്രധാനപ്പെട്ട രണ്ടു വാതിലുകള്‍ക്കുള്ളിലൂടെ
കടന്നുപോകുന്ന ട്രക്കുകളും ഈ  സ്മാരകത്തിന്റെ തകര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നു.
ട്രക്കുകളുടെ ഉയരമുള്ള കാബിനിലും കണ്ടെയ്നറിലും തട്ടി അടര്‍ന്നുവീണ കല്ലുകള്‍, വഴിക്കിരുവശവും ചിതറിക്കിടക്കുന്നുണ്ട്.
സ്മാരകത്തില്‍നിന്നും അല്‍പ്പം ദൂരെയായി തകര്‍ന്നു പോയ പഴയ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ അവശേഷിക്കുന്നുണ്ട്. തകര്‍ന്നടിഞ്ഞ ഒന്നാമത്തെ നിലയില്‍ പുല്ലുകളും,കുറ്റിച്ചെടികളും,ആല്‍മരവും വളര്‍ന്നുനില്‍ക്കുന്നു. അവശേഷിക്കുന്ന മറ്റൊരു ഭാഗത്തു ഒരു ടീഷോപ്പ് സ്ഥാനം പിടിച്ചു കഴിഞ്ഞു.
രാജാക്കന്മാരുടെ ഉഗ്രശാസനങ്ങളും, അന്തപുരത്തിലെ നൂപുരധ്വനികളും മുഴങ്ങിയിരുന്ന അകത്തള
ങ്ങള്‍, കാലങ്ങള്‍ക്കിപ്പുറം ടീഷോപ്പിലെ പഴഞ്ചന്‍ സമോവറിന്റെ ചീറ്റലും, ആളുകളുടെ കലപില വര്‍ത്തമാനങ്ങളും കൊണ്ട് ശബ്ദമുഖരിതമായിരിക്കുന്നു. ഊദിന്റെയും അത്തറിന്റെയും പരിമളം നിറഞ്ഞുനിന്നിരുന്ന കൊട്ടാരമുറികളില്‍, സമീപത്തു കുന്നുകൂടിയ മാലിന്യങ്ങളില്‍നിന്നുള്ള ദുര്‍ഗന്ധം
നിറഞ്ഞുനില്‍ക്കുന്നു. കാലത്തിന്റെ അടിയൊഴുക്കുകളില്‍ സംഭവിക്കുന്ന ഇത്തരം വിരോധാഭാസ
ങ്ങള്‍ ആര്‍ക്കാണ് മുന്‍കൂട്ടി കാണാനാവുക....മനസുമടുപ്പിക്കുന്ന ആ അന്തരീക്ഷത്തില്‍നിന്നും വേഗം
പുറത്തേയ്ക്കിറങ്ങി.
രണ്ടാമത്തെ കവാടം-പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍.
നാശത്തിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഈ കവാടത്തില്‍നിന്നും 200 മീറററോളം ദൂരത്തിലായാണ് രണ്ടാമത്തെ കവാടം സ്ഥിതി ചെയ്യുന്നത്. മാസങ്ങളായി തുടരുന്ന പുനരുദ്ധാരണ
നടപടികള്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു.സ്മാരകത്തെ ശരിയായ രീതിയില്‍  സംരക്ഷിക്കുക എന്നതിലുപരി, ചരിത്രത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളെക്കൂടി തുടച്ചു നീക്കുന്ന ചടങ്ങാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അവശേഷിക്കുന്ന
കൊത്തുപണികളും സൂക്ഷ്മമായ ചിത്രവിദ്യകളും, മണ്ണും കുമ്മായവും ചേര്‍ന്ന മിശ്രിതംകൊണ്ട്
മായ്ച്ചുകളയുന്ന വേദനിപ്പിക്കുന്ന കാഴ്ചയാണ് അവിടെ കാണുവാന്‍ കഴിഞ്ഞത്. ചരിത്രത്തെയോ
ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യത്തെയോ കുറിച്ചറിവില്ലാത്ത, ദിവസവേതനക്കാരായ പണിക്കാരെ
ഇവിടെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസവും ചരിത്രകാര്യങ്ങളിലെ അഗാധമായ
അറിവും അവകാശപ്പെട്ടു ഡിപ്പാര്‍ട്ടുമെന്റുകളുടെ തലപ്പത്തിരിക്കുന്നവര്‍ കാണിക്കുന്ന ഇത്തരം
ചെറിയ അലംഭാവങ്ങള്‍, വരാനിരിക്കുന്ന തലമുറയുടെ മുന്‍പില്‍ ഉയര്‍ന്നുനില്‍ക്കേണ്ട ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുമേല്‍ കരി പൂശുകയാണ് ചെയ്യുന്നത്....
                     സായാഹ്നസൂര്യന്‍ ഇരുട്ടിന്റെ കരിമ്പടം വിരിച്ചുകഴിഞ്ഞതോടെ, തെരുവുവിളക്കുകള്‍ തങ്ങളുടെ മിഴികള്‍ ചിമ്മി തുറക്കുവാന്‍ തുടങ്ങി. മടക്കയാത്രക്കുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. വാതിലുകള്‍ക്കുള്ളിലൂടെ ഒരുവട്ടം ചുറ്റിത്തിരിഞ്ഞ്, തിരികെ ബൈക്കിനടുത്തേയ്ക്ക് നടന്നു. കവാടത്തിനുള്ളിലൂടെ കടന്നുപോയിരുന്ന പ്രധാന റോഡുകള്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍
ക്കായി അടച്ചിരിക്കുന്നതിനാല്‍, ചുറ്റുപാടും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
വാഹനങ്ങളുടെ നിറുത്താതെയുള്ള ഹോണ്‍ ശബ്ദവും, പുറത്തേയ്ക്ക് തള്ളുന്ന പുകയും കരിയും...എല്ലാം കൂടിച്ചേര്‍ന്നു മനസ്സ് മടുക്കുവാന്‍ തുടങ്ങിയിരിക്കുന്നു. എടുത്തു പറയത്തക്ക കാഴ്ചകള്‍ ഒന്നുമില്ലെങ്കിലും, ഡല്‍ഹിയിലെ ചരിത്രസ്മാരകങ്ങളെ കഴിയുന്നിടത്തോളം വായനക്കാര്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോട്ടവാതിലുകളും സന്ദര്‍ശനപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതുപോലെ ചെറുതും വലുതുമായ ഒട്ടനവധി കാഴ്ചകള്‍ ഇനിയും അവശേഷിക്കുന്നു. കൂടുതല്‍ ആസ്വാദ്യകരമായ ആ കാഴ്ച്ചകളിലേയ്ക്കുള്ള കാത്തിരിപ്പുമായി ഇനി  മടക്കയാത്ര...............                 

6 comments:

 1. നന്നായിരിക്കുന്നു ഷിബു,ഇനിയും എഴുതൂ...

  ReplyDelete
 2. അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി കൃഷ്ണകുമാര്‍ . വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ട്...കൂടുതല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു...നല്ലത് മാത്രം പറയാതെ,വായനയില്‍ അനുഭവപ്പെടുന്ന കുറ്റങ്ങളും കുറവുകളും കൂടി അറിയിക്കുമല്ലോ...കൂടുതല്‍ യാത്രാവിവരങ്ങളുമായി
  വീണ്ടും നമുക്ക് കാണാം....ഷിബു തോവാള

  ReplyDelete
 3. ഷിബു ഈ ബ്ലോഗ്‌ ഇപ്പോഴാണ് കാണുന്നത്. എല്ലാ പോസ്റ്റുകളും ഒന്ന് ഓടിച്ചുവായിച്ചു. ഏറെ ഇഷ്ടമായി. ഏഷ്യന്‍ ഗെയിംസ് കാണാന്‍ പോയതാണ്, കുഞ്ഞു നാളില്‍. വീണ്ടും ഒരു യാത്രക് ഈ കുറിപ്പ് പ്രേരിപ്പിക്കുന്നു.............സസ്നേഹം

  ReplyDelete
 4. താങ്കളുടെ അഭിപ്രായങ്ങള്‍ക്കുള്ള നന്ദി ആദ്യമേ രേഖപ്പെടുത്തിക്കൊള്ളുന്നു.ഡല്‍ഹിയിലെ അറിയപ്പെടാതെ കിടക്കുന്ന എല്ലാ ചരിത്ര സ്മാരകങ്ങളെയും വായനക്കാര്‍ക്കുമുന്‍പില്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുന്നു..ചരിത്ര സ്മാരകങ്ങളെക്കുറിച്ചുള്ള വിവരണം ആയതുകൊണ്ട് വായനാസുഖം കുറവാണെന്ന് അറിയാമെങ്കിലും,അനുഭവപ്പെടുന്ന കുറ്റങ്ങളും കുറവുകളും അറിയിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
  ഷിബു തോവാള

  ReplyDelete
 5. പുനരുദ്ധാരണം എന്ന പേരിൽ പഴയതിന്റെ മുകളിൽ മണ്ണും കുമ്മായവും തേച്ച് മിനുക്കി എടുക്കുന്ന വീഡ്ഡിയാന്മാരെ ഓർത്ത് സഹതപിക്കുന്നു. കുറേക്കാലം കഴിയുമ്പോൾ അത് കുത്തിയിളക്കി കളഞ്ഞ് പഠനം നടത്താനുള്ള വകുപ്പും ഉണ്ടല്ലോ ?

  ബൈക്കുമെടുത്ത് ഇറങ്ങീ സാഹസികമായി ഇങ്ങനെ ഓരോന്ന് കയറി ഇറങ്ങി അവതരിപ്പിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.

  ReplyDelete
 6. ഒന്ന് പറയാൻ മറന്നു. കുത്തനെയുള്ള ആ പടികളിലൂടെ കയറിയ രാജാവിനേയും അന്തപുരവാസികളേയും ഷിബുവിനേയും സമ്മതിച്ച് തന്നിരിക്കുന്നു. താഴെ മടങ്ങി വന്നപ്പോൾ പൊലീസ് പിടിച്ച കാര്യം എഴുതാൻ വിട്ടുപോയതാണോ ? :)

  ReplyDelete