Friday, March 23, 2012

അഞ്ചുരുളി വയലിലെ ആനകൾ.....

കാടകങ്ങളിൽ വസന്തത്തിന്റെ വിരുന്നുവിളി മുഴങ്ങിത്തുടങ്ങിയിരുന്നു... വനകന്യകമാരുടെ മംഗല്യകാലം വിളിച്ചറിയിച്ച്, കാട് കൂടുതൽ സുന്ദരിയാകുന്ന കാലമാണിത്.. സ്വയംവരപ്പന്തലിന് വർണ്ണത്തൊങ്ങലുകൾ ചാർത്തിയതുപോലെ, കാട്ടുമരങ്ങൾ അടിമുടി പൂത്തുലഞ്ഞു നിൽക്കുന്നു..... നിറഭേദങ്ങളുടെ തലപ്പാവ് കെട്ടിയൊരുങ്ങിയ, കാട്ടുമുരിയ്ക്കും, കുരങ്ങാട്ടിയും, വെള്ളിലയും പേരറിയാത്ത അനവധി വൃക്ഷങ്ങളും മലനിരകളെ തഴുകിയെത്തുന്ന ഇളംകാറ്റിന്റെ താളത്തിനൊത്ത് നൃത്തമാടുന്ന നയനാനന്ദകരമായ കാഴ്ചകളാണ് എവിടെയും.... ഫെബ്രുവരി - മാർച്ച് മാസത്തോടെ ആരംഭിയ്ക്കുന്ന കാടിന്റെ മക്കളുടെ സ്വയംവരാഘോഷങ്ങൾക്ക് മധു വിളമ്പി, മരച്ചില്ലകളിൽ പൂക്കൾ നിറഞ്ഞതോടെ പക്ഷികൾക്കും ഇത് ഉത്സവകാലമായിരിയ്ക്കുന്നു. കാട്ടുമുരിക്കിന്റെ പൂക്കളിൽനിന്നും തേൻകുടിച്ച് മത്തുപിടിച്ച മൈനക്കൂട്ടങ്ങളുടെ ചൂളംവിളികളാണ് കാടുമുഴുവൻ നിറഞ്ഞു നിൽക്കുന്നത്. അവർക്ക് അകമ്പടി സേവിച്ച്, തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്ന അണ്ണാറക്കണ്ണന്മാർ.... കാടും, കാടിന്റെ മക്കളും ഉത്സാഹതിമിർപ്പിൽ മതിമറന്നാടുകയാണ്..... 
വസന്തത്തിന്റെ തേൻ നുകരാൻ വണ്ടത്താന്മാരും........
കാട്ടിനുള്ളിലെ മനുഷ്യസാമീപ്യം തിരിച്ചറിഞ്ഞിട്ടാവണം ഒരു നിമിഷം കൊണ്ട് കാട് നിശബ്ദമായി.... നാലോ അഞ്ചോ നിമിഷങ്ങൾ മാത്രം നീണ്ട നിശബ്ദത... ഞങ്ങളുടെ സാന്നിധ്യത്തെ ഉറപ്പുവരുത്തി, തൊട്ടരികത്തെ വെള്ളിലാവ് മരത്തിൽനിന്നും കാടുമുഴുവൻ മുഴങ്ങത്തക്കവിധം കരിങ്കുരങ്ങുകളുടെ അപായസൂചന മുഴങ്ങി. 

" കാടിനുള്ളിലെ  സന്ദേശവാഹകരിൽ പ്രധാനി ഇവനാണ്. മനുഷ്യരെയോ, കടുവ, പുലി തുടങ്ങിയ ഹിംസ്രമൃഗങ്ങളെയോ കണ്ടാൽ  എല്ലാ ചെറു മൃഗങ്ങൾക്കും മുന്നറിയിപ്പ് കൊടുക്കും. കിലോമീറ്ററുകൾ അകലെയുള്ള മൃഗങ്ങളുടെ ചെവിയിൽവരെ കരിങ്കുരങ്ങിന്റെ മുഴങ്ങുന്ന ശബ്ദമെത്തും"
ഞങ്ങളോടൊപ്പമുണ്ടായിരുന്ന വാച്ചർ ഗണപതി പറഞ്ഞു . 

തേക്കടിവനത്തിനോട് ചേർന്നുകിടക്കുന്ന മന്നാക്കുടി ആദിവാസി കോളനിയിലെ  അംഗമാണ് ഗണപതി. കഴിഞ്ഞ മൂന്നുമാസമായി വനം വകുപ്പിൽ വാച്ചറായി ജോലി ചെയ്തുവരുന്നു. അടുത്ത കാലംവരെ വേട്ടയാടലും, ചന്ദനമോഷണവും തൊഴിലാക്കിയിരുന്ന ആദിവാസികളിൽ പലരും, വനംവകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന എക്കോ ടൂറിസ്സത്തിന്റെ പ്രവർത്തനങ്ങളിൽ ഇന്ന് സജീവമായി പ്രവർത്തിക്കുന്നവരാണ്. കുറെ വർഷങ്ങൾക്കുമുൻപ് തേക്കടിയിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് തലവേദനയായിരുന്ന കുപ്രസിദ്ധ കാട്ടുകള്ളന്മാർവരെ പ്രകൃതിധ്വംസനത്തിന്റെ പാത വെടിഞ്ഞ്, തങ്ങളുടെ കരങ്ങളിലൂടെ ഇല്ലായ്മചെയ്യപ്പെട്ട കാടിന്റെ  ഹരിതഭംഗിയെ തിരികെ കൊണ്ടുവരുന്നതിനായി രാപകൽ ഭേദമില്ലാതെ വനത്തിനുള്ളിലും, പുറത്തുമായി ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്.

"നടക്കാം. ഇനി ഇവിടെനിന്നിട്ട് കാര്യമില്ല. കുരങ്ങിന്റെ അപായസൂചന കേട്ട മൃഗങ്ങളെല്ലാം കാടിനുള്ളിലേയ്ക്ക് മറഞ്ഞുകാണും." ഗണപതി നടപ്പു തുടങ്ങി. 

യാത്ര വീണ്ടും ആരംഭിച്ചതോടെ അടുത്തുള്ള മരങ്ങളിൽനിന്നും, രക്തത്തുള്ളികൾപോലെ ചുവന്നു തുടുത്ത മുരിക്കിൻപൂക്കളുടെ പൂമഴ പൊഴിച്ച്, മൈനക്കൂട്ടം പറന്നകന്നു. വനത്തിലെ അപരിചിതരുടെ സാന്നിധ്യം അവർ തിരിച്ചറിഞ്ഞിരിയ്ക്കുന്നു. വനയാത്രകളിലെ സ്ഥിരം സഹചാരിയായ സുഹൃത്ത് ജോണിയും, മൂന്ന് വിദേശവനിതകളും, ഞാനും ഉൾപ്പെടുന്ന സംഘം ഗണപതിയോടൊപ്പം കാടിനുള്ളിലേയ്ക്ക് യാത്ര തുടർന്നു.  
കാട്ടുമുരിയ്ക്കുകൾ പൂത്തുലഞ്ഞപ്പോൾ.....
തേക്കടിയിലെ എക്കോടൂറിസത്തിന്റെ ഭാഗമായ 'നേച്ചർവാക്ക്' എന്നറിയപ്പെടുന്ന കാനനയാത്ര, മനസ്സു നിറയെ ആസ്വദിയ്ക്കുകയായിരുന്നു ഞങ്ങൾ. കാടിന്റെ ഹരിതഛായയിലൂടെ കലർപ്പില്ലാത്ത പ്രകൃതിയെ അടുത്തറിയുവാൻ- ഹരിതഭൂമിയെ ഒരു സ്വപ്നമായി എന്നും മനസ്സിൽ സൂക്ഷിയ്ക്കുന്നവർക്ക് ലഭിയ്ക്കുന്ന മൂന്ന് മണിക്കൂറുകൾ..... ടൂറിസത്തിനായി മാറ്റിവച്ചിരിയ്ക്കുന്ന ബഫർസോണിനുള്ളിലെ വഴിത്താരകളിലൂടെ, കാട്ടുമൃഗങ്ങളെ അടുത്തുകണ്ട് ആസ്വദിയ്ക്കുവാനുള്ള സുവർണ്ണാവസരം തന്നെയാണ് ഈ യാത്രയിലൂടെ സഞ്ചാരികൾക്ക്  ലഭ്യമാകുന്നത്. വനത്തിലെ ഓരോ ചെറുവഴികളെയും, കൈരേഖകൾ പോലെ അടുത്തറിയാവുന്ന ഒരു വാച്ചറുടെ നേതൃത്വത്തിലാണ് എല്ലാ വനയാത്രകളും നടത്തപ്പെടുന്നത്. 

തേക്കടിയിൽനിന്നും ബോട്ട്‌ലാ‌ന്റിംഗിലേയ്ക്കുള്ള വഴിയിൽ അമ്പാടിജംഗ്ഷനിലുള്ള എക്കോടൂറിസത്തിന്റെ ബുക്കിംഗ് ഓഫീസിൽനിന്നുമാണ് യാത്ര ആരംഭിയ്ക്കുന്നത്. നാലുപേർ അടങ്ങുന്ന സംഘത്തിന് എണ്ണൂറ്  രൂപയാണ് നേച്ചർവാക്കിനായി വനംവകുപ്പ് ഈടാക്കുന്നത്. യാത്രയ്ക്കുള്ള ഫീസടച്ച്, ടിക്കറ്റുമായി ഫോറസ്റ്റ് ബംഗ്ലാവിനടുത്തുള്ള കുടിലിലേയ്ക്ക്  ഞങ്ങൾ എത്തിച്ചേർന്നു. പ്രകൃതിയിൽനിന്നും ലഭിയ്ക്കുന്ന വസ്തുക്കൾ മാത്രമാണ് ഈ ചെറിയ കുടിലിന്റെ  നിർമ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്... കാട്ടുപുല്ലുകൾകൊണ്ട് മേഞ്ഞ കുടിലിന്റെ വശങ്ങൾ നന്നായി മൂത്ത 'മുള' ചതച്ച്, ഉണക്കി നിർമ്മിയ്ക്കുന്ന 'തൈതൽ' ഉപയോഗിച്ച് മറച്ചിരിയ്ക്കുന്നു... മുളന്തണ്ട് കീറി നിർമ്മിച്ചിരിയ്ക്കുന്ന വേലിയും, വാതിലും.. നാലുചുറ്റും തണൽ വിരിച്ചു നിൽക്കുന്ന ചെറുമരങ്ങൾ.. മരച്ചില്ലകൾക്കിടയിലൂടെ ഉത്സാഹത്തോടെ പാറിക്കളിയ്ക്കുന്ന കുരുവിക്കൂട്ടങ്ങൾ. എക്കോ ടൂറിസത്തിന് തികച്ചും അനുയോജ്യമായ രീതിയിൽതന്നെ കുടിലും, പരിസരങ്ങളും സംവിധാനം ചെയ്തിരിയ്ക്കുന്നു. അവിടെ മൂന്ന് സഹയാത്രികർ ഞങ്ങൾക്കായി കാത്തിരിയ്ക്കുകയായിരുന്നു... കാനഡയിൽനിന്നെത്തിയ ഫോട്ടോഗ്രാഫർ 'ആഗ്ര'യും, ഇറ്റലിക്കാരായ രണ്ട്  സുഹൃത്തുക്കളും... ഈ യാത്രയിൽ അവരും ഞങ്ങളോടൊപ്പം  പങ്കുചേരുകയാണ്. രജിസ്റ്ററിൽ പേരെഴുതി ഒപ്പുവച്ചശേഷം സമയം അധികം നഷ്ടപ്പെടുത്താതെ ഞങ്ങൾ കാടിനുള്ളിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.   
വഴിയോരത്തൊരു സുന്ദരി.......
കാടിനെയും നാടിനെയും വേർതിരിച്ച് കടന്നുപോകുന്ന വഴിയിലൂടെ, അഞ്ചുരുളി ഭാഗത്തേയ്ക്കായിരുന്നു ഞങ്ങളുടെ യാത്ര. ഗണപതിയാണ് മുൻപിൽ. പേരുപോലെതന്നെ ഉരുണ്ട ശരീരവുമായി ഗണപതി ഭഗവാനെ ഓർമ്മപ്പെടുത്തുന്ന രൂപം.. കാര്യമായ വ്യാകരണമൊന്നുമില്ലെങ്കിലും, ഇംഗ്ലീഷിൽ, വിദേശികളോട്  കാടിനെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് നടക്കുന്നത്. വഴിയുടെ ഒരു വശത്ത് കാട്ടുമൃഗങ്ങൾ നാട്ടിലേയ്ക്ക് കടക്കാതെ നിർമ്മിച്ചിരിയ്ക്കുന്ന മതിൽക്കെട്ടിനപ്പുറം, പച്ചപ്പിന്റെ ധാരാളിത്തവുമായി കാട് ഇടതൂർന്ന് വളരുന്നു. മറുവശത്ത് ഹൈറേഞ്ചിലെ കാർഷികമേഖലയിലെ അടിസ്ഥാനവിളയായ കറുത്ത പൊന്ന് വിളഞ്ഞുനിൽക്കുന്ന തോട്ടങ്ങൾ.... ചുവപ്പും, മഞ്ഞയും നിറങ്ങളിലുള്ള മുത്തുമണികൾ നിറഞ്ഞ കുരുമുളക് കൊടികൾ വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞിരിയ്ക്കുന്നു.... എല്ലാ തോട്ടങ്ങളിലുംതന്നെ പണിക്കാരുടെ തിരക്ക്. കുരുമുളക് പഴുത്തു തുടങ്ങിയാൽ ആ നാട്ടിലെങ്ങുമുള്ള 'ചിന്നക്കുട്ടുറുവനും' കരിങ്കുയിലും ഉൾപ്പടെയുള്ള പക്ഷികൾ മുഴുവൻ തോട്ടങ്ങളിലേയ്ക്കെത്തുക പതിവാണ്. പക്ഷികൾ തിന്നുതീർക്കും മുൻപേ കുരുമുളക് പറിച്ചുതീർക്കുവാനുള്ള തിരക്കിലാണ് കർഷകർ.  വർഷങ്ങൾക്കുശേഷം കുരുമുളകിന് മാന്യമായ വില ലഭ്യമാകുന്നതിന്റെ സന്തോഷവും, ഉത്സാഹവും അവരുടെ മുഖങ്ങളിൽ തിളങ്ങിനിൽക്കുന്നു...
ഞങ്ങളുടെ വാച്ചർ - ഗണപതി
"ഇവിടെയുള്ള താമസക്കാരിൽ ഏറെയും ആദിവാസികളാണ്. മന്നാൻ സമുദായത്തിൽപ്പെട്ടവർ"
വഴിയോരത്തെ താമസക്കാരെക്കുറിച്ചുള്ള, കാനഡക്കാരി ആഗ്രയുടെ സംശയങ്ങൾക്ക് ഗണപതി മറുപടി നൽകിക്കൊണ്ടിരുന്നു. ആഗ്രയ്ക്ക് എന്തുകണ്ടാലും സംശയമാണ്. വഴിയോരത്തെ പുല്ലും, പൂവും, മരങ്ങളും,  ചിത്രശലഭങ്ങളും, പക്ഷികളുടെ ശബ്ദങ്ങളും എല്ലാം ആഗ്രയുടെ സംശയങ്ങൾക്ക് പുതിയ വിഷയങ്ങളായി മാറിക്കൊണ്ടിരുന്നു. ഗണപതി നൽകുന്ന മറുപടികളിൽ പലതും, ഞങ്ങൾക്കും പല പുതിയ അനുഭവങ്ങളും അറിവുകളുമായിരുന്നു. മൂന്നുമാസമായി ഗണപതി വാച്ചറായി ജോലി ചെയ്യുവാൻ തുടങ്ങിയിട്ട്. ഈ കുറഞ്ഞ കാലയളവിനിടയിൽ അല്പം ഇംഗ്ലീഷും, തേക്കടിയിലും പരിസരങ്ങളിലും കാണപ്പെടുന്ന സസ്യങ്ങളുടെയും, പക്ഷി മൃഗാദികളുടെയും പേരുകളും, ശാസ്ത്രീയനാമവും ഗണപതി മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

ഇറ്റലിക്കാർ രണ്ടുപേരും യാത്രയുടെ ആരംഭം മുതൽ അവരുടേതായ ലോകത്തിലാണ്.... കാഴ്ചകൾ ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും ഏറെ പിന്നിലായിപ്പോയ അവർ, മറ്റു യാത്രക്കാരിൽനിന്നും ഒരു നിശ്ചിതഅകലം കാത്തുസൂക്ഷിക്കുന്നതുപോലെ തോന്നി.
യാത്ര ഇവിടെനിന്നും ആരംഭിയ്ക്കുന്നു.................
വഴിയോരത്തായി ഒരു മരത്തെ കമ്പിക്കൂടിനുള്ളിലാക്കി സംരക്ഷിച്ചിരിയ്ക്കുന്നു. പത്തരമാറ്റ് പൊന്നിന്റെ മൂല്യമുള്ള കാട്ടിലെ ഏക മരം... ചന്ദനം.. കാട്ടുകള്ളന്മാരെ ഇരുമ്പഴിയ്ക്കുള്ളിലാക്കാൻ വനംവകുപ്പ് തുനിഞ്ഞിറങ്ങിയിട്ടും ഫലംകാണാതെ വന്നതോടെ കണ്ടുപിടിച്ച പുതിയ മാർഗ്ഗമാണിത്... ചന്ദനമരങ്ങളെ കമ്പിയഴികൾക്കുള്ളിലാക്കുക...ജീവപര്യന്തം തടവുശിക്ഷ വിധിയ്ക്കപ്പെട്ട ചന്ദനമരങ്ങളുടെ ചരിത്രവും കേട്ട് ഞങ്ങൾ വനാതിർത്തിയിലെത്തി.

വനാതിർത്തിയിലെ ചെറുഗേറ്റിലൂടെ  കയറിയെത്തുമ്പോൾ കണ്മുൻപിൽ വിസ്മയകരമായ മറ്റൊരു ലോകം ആരംഭിയ്ക്കുകയായി... സസ്തനികളും, പക്ഷികളും, ഉരഗങ്ങളും, പ്രാണികളും തുടങ്ങി സൂക്ഷ്മാണുക്കൾ വരെയുള്ള, എണ്ണിത്തിട്ടപ്പെടുത്തുവാനാകാത്ത ജീവിവർഗ്ഗങ്ങളുടെ ആവാസകേന്ദ്രം..... പശ്ചിമഘട്ടത്തിൽ ഉടനീളം പരന്നുകിടക്കുന്ന നിബിഡവനങ്ങളുടെ അവകാശികളായ, കോടാനുകോടി ജീവജാലങ്ങളുടെ ആവാസ‌വ്യവസ്ഥയിലേയ്ക്കാണ് നമ്മുടെ അടുത്ത കാൽചുവട് പതിയുന്നത്.. . വിവിധ വർഗ്ഗങ്ങളിലും, കുടുംബങ്ങളിലും ഉൾപ്പെടുന്ന ജീവികൾ പരസ്പരബന്ധിതമായ  സഹകരണജീവിതം നയിയ്ക്കുന്ന ഈ ഹരിതഭൂമിയിൽ, അവരുടെ നിലനിൽപ്പിന്  ഭീഷണിയുയർത്തുന്നത് ഒരു ശത്രു മാത്രം... ഭൂമിയിലെ ജൈവ വൈവിധ്യത്തെ നിരന്തരചൂഷണത്തിലൂടെ ഇല്ലായ്മ ചെയ്തുകൊണ്ട്, ഉപഭോഗസംസ്കാരത്തത്തിന്റെ വക്താക്കളായി മാറിക്കഴിഞ്ഞ  'മനുഷ്യൻ' എന്ന ഇരുകാലി വർഗ്ഗം...
വഴിയോരത്തൊരു അണ്ണാറക്കണ്ണൻ..
ഭക്ഷണത്തിനും, വിനോദത്തിനുമായി പക്ഷിമൃഗാദികളെ കൊന്നൊടുക്കി, നൂറ്റാണ്ടുകൾകൊണ്ട് ജന്മമെടുത്ത  ഭൂമിയുടെ ശ്വാസകോശമായ ഹരിതവനങ്ങളെ ഒരു നിമിഷംകൊണ്ട് നിലം പരിശാക്കി, നിഷ്ഫലമായ വിജയഗർവ്വോടെ പ്രകൃതിയ്ക്കെതിരെ പടയോട്ടം നടത്തി മുന്നേറുന്ന മനുഷ്യവർഗ്ഗം, ഇന്ന് പ്രപഞ്ചത്തെ ബാധിച്ച മാരകമായ അർബുദമായി  മാറിക്കഴിഞ്ഞിരിയ്ക്കുന്നു. സർവ്വവിനാശകാരിയായ അവന്റെ ചൂരും, ചുവടുകളും കാട്ടിലേയ്ക്കെത്തുമ്പോൾ കാടിനുണ്ടാകുന്ന ജാഗരൂകത, തികച്ചും സ്വാഭാവികമായ ഒരു പ്രതികരണം മാത്രം... അവന്റെ നീക്കങ്ങൾ നിരീക്ഷിയ്ക്കുന്ന ഓരോ ചെറുജീവിയും നിലനില്പിനുവേണ്ടിയുള്ള ഈ മത്സരത്തിലെ സന്ദേശവാഹകരായി പരസ്പരം മുന്നറിയിപ്പുകൾ കൈമാറുന്നു. പ്രകൃതിയുടെ സ്വാഭാവിക പ്രചോദനവും, പരസ്പരമുന്നറിയിപ്പും മാത്രം ഉൾക്കൊള്ളുവാൻ അറിയാവുന്ന കാടിന്റെ മക്കൾ, ഇവിടെ പരാജയമടഞ്ഞുകൊണ്ടിരിയ്ക്കുന്ന ഒരു യുദ്ധത്തിന്റെ ഇരകളായിമാറുമ്പോൾ, ആധുനിക ശാസ്ത്രങ്ങളുടെ പിൻബലത്തോടെ മനുഷ്യവർഗ്ഗം, നാളെയെക്കുറിച്ച് ചിന്തിയ്ക്കാത്ത വിഡ്‌ഢിയായ വിജയിയായി ഊറ്റം കൊള്ളുന്നു....

പരസ്പരം കൊന്നും കൊലവിളിച്ചും മുൻപോട്ടുപോകുന്ന ഈ യുദ്ധത്തിന് എന്നാണ് ഒരു അവസാനമുണ്ടാകുക? വനങ്ങൾ നമ്മുടെ ഇന്നത്തെ നിലനില്പിനും, വരാനിരിയ്ക്കുന്ന തലമുറയ്ക്കും അത്യന്താപേക്ഷിതമായ ഒരു ഘടകമാണെന്ന് ആധുനിക മനുഷ്യനെന്ന് അഹങ്കരിയ്ക്കുന്ന നാം എന്നാണ് മനസ്സിലാക്കുക? മുറ്റത്തെ തൈമാവിലെ മാമ്പഴങ്ങളുടെ ഒരു പങ്ക്, അണ്ണാറക്കണ്ണന്മാർക്കും, കിളികൾക്കും മാറ്റിവച്ച് അവയെ കാത്തിരിയ്ക്കുന്ന ബാല്യങ്ങൾ എന്നാണ് നമ്മുടെ തൊടികളിലേയ്ക്ക് മടങ്ങിവരിക...? ആത്മാർത്ഥമായി പ്രകൃതിയെ സ്നേഹിയ്ക്കുന്ന - മനസ്സിലാക്കുന്ന ഓരോ വ്യക്തിയുടെയും മനസ്സിൽനിന്നും ഉയർന്നുവരുന്ന ഉത്തരം കണ്ടെത്തുവാനാകാത്ത ചോദ്യങ്ങളാണിത്.  എങ്കിലും പ്രകൃതിയും മനുഷ്യനും ഒന്നായി മാറുന്ന ഒരു കാലത്തെ സ്വപ്നംകണ്ട്, പരിസ്ഥിതിസംരക്ഷണത്തെ ഒരു വ്രതമായി സ്വീകരിച്ച്, പുതുതലമുറയിൽനിന്നും ധാരാളം ആളുകൾ മുൻപോട്ടു വരുന്ന കാഴ്ചകൾ കാണുമ്പോൾ ചരമഗീതം പാടിത്തുടങ്ങിയ ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളും മനസ്സിൽ നാമ്പിടുന്നു....
സഹയാത്രികർ..
വേനലിന്റെ ആഗമനത്തെ സൂചിപ്പിച്ച് പൊഴിഞ്ഞുവീണുകിടക്കുന്ന ഇലകൾ പോലും കാട്ടിലെ നീക്കങ്ങളിൽ മനുഷ്യനെതിരാകുന്നു....... ഓരോ ചുവടുവയ്പിലും ഞെരിഞ്ഞ് ശബ്ദമുണ്ടാക്കുന്ന കരിയിലകൾക്കു മുകളിലേയ്ക്ക് പെട്ടെന്ന് ചെറിയ കാട്ടുപഴങ്ങൾ പൊഴിഞ്ഞുവീണു.... ഒപ്പം ഇലച്ചാർത്തുകൾ ഉലയുന്ന ശബ്ദവും.... ആറുജോഡി കണ്ണുകൾ മുകളിലേയ്ക്കുയർന്നു. മഞ്ഞനിറത്തിലുള്ള പഴങ്ങൾ നിറഞ്ഞ കാട്ടാലിന്റെ ശിഖരങ്ങളിൽ ഒരു അനക്കം..."മലയണ്ണാൻ, ഇംഗ്ലീഷിൽ Malabar Giant Squirrel എന്ന് വിളിയ്ക്കും" ഗണപതി വിവരണം ആരംഭിച്ചുകഴിഞ്ഞു..  കേരളത്തിലെ അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും, സൌന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ (ശാസ്ത്രീയനാമം:Ratufa indica). കറുപ്പും ചുവപ്പും മഞ്ഞയും ഇടകലർന്ന തിളങ്ങുന്ന രോമക്കുപ്പായവും, പരിചിതഭാവത്തോടെയുള്ള പെരുമാറ്റവും ഏതൊരു അരസികനെയും ആകർഷിയ്ക്കുവാൻ പര്യാപ്തമാണ്. 400 mm ലെൻസിനും ഏത്തിപ്പിടിയ്ക്കാവുന്നതിനും
ഉയരത്തിൽ, പഴങ്ങൾ നിറഞ്ഞ ഒരു മരക്കൊമ്പിൽ തൂങ്ങിക്കിടന്ന് താഴെയുള്ള കാഴ്ചക്കാരെ തെല്ലും ഗൗനിയ്ക്കാതെ തീറ്റയിൽ മുഴുകിയിരിയ്ക്കുകയായിരുന്നു ഈ സുന്ദരൻ.
മലയണ്ണാൻ -Malabar giant squirrel (Ratufa indica)
" വിഷമിയ്ക്കണ്ട, വഴിയിൽ മലയണ്ണാനെ ധാരാളം കാണാം. കൂടുതൽ അടുത്ത് കിട്ടുകയും ചെയ്യും"  ഫോട്ടോയെടുക്കുവാനുള്ള ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് ഗണപതി ആശ്വസിപ്പിച്ചു. അല്ലെങ്കിലും കാനനയാത്രകളിൽ സഞ്ചാരികളെ നയിക്കുന്നത് ഇത്തരം പ്രതീക്ഷകളാണ്. ആനയും, കടുവയും 'വരൂ, വന്ന് കൺനിറയെ കണ്ടോളൂ" എന്നു പറഞ്ഞ് മുൻപിലേയ്ക്ക് വരുന്ന ദൃശ്യം മനസ്സിൽ കണ്ടാണല്ലോ സാധാരണക്കാരായ സഞ്ചാരികളിൽ പലരും കാടുകളിലേയ്ക്കുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നത്. പക്ഷെ കാടിന്റെ പ്രതികരണം  പലപ്പോഴും നേർവിപരീതമായിരിയ്ക്കും എന്നതാണ് ഇതുവരെയുള്ള അനുഭവങ്ങൾ പഠിപ്പിച്ചിരിയ്ക്കുന്നത്.... മതികെട്ടാൻമലനിരകളിലെ ചോലക്കാടുകൾക്കുള്ളിലേയ്ക്കും, കോട്ടമലയുടെ പുൽമേടുകളിലേയ്ക്കും,  ഇന്നും മനുഷ്യസ്പർശമേൽക്കാതെ മറഞ്ഞുകിടക്കുന്ന വരശനാടിന്റെ ഉൾവനത്തിലേയ്ക്കും ആരുടെയും അകമ്പടിയില്ലാതെ നടത്തിയ യാത്രകളിൽ കിട്ടിയ അനുഭവങ്ങളും അതുതന്നെയാണ് പഠിപ്പിച്ചിരുന്നത്. വിശാലമായ വയലിൽ ഒളിഞ്ഞിരിയ്ക്കുന്ന അമൂല്യമായ നിധിപോലെയാണ് കാട്ടിലെ കാഴ്ചകൾ.. അതിഭാഗ്യവാന്മാരുടെയും, കാടിനെ അടുത്തറിഞ്ഞ് സ്നേഹിക്കുന്നവരുടെയും കൺമുൻപിൽ ആ നിധി വെളിപ്പെടുമ്പോൾ, ഭൂരിപക്ഷം വരുന്ന സന്ദർശകരെയും നിരാശയിൽ ആഴ്ത്തി കാടിന്റെ മക്കൾ, നിഗൂഡതയിൽ മറഞ്ഞിരിയ്ക്കുന്നു.

പതിനൊന്ന് വർഷങ്ങൾക്കുമുൻപ്  തമിഴ്‌നാട്ടിലെ വരശനാടൻ കാടുകളിലേയ്ക്ക്  നടത്തിയ  യാത്രയ്ക്കായിരുന്നു, ആസ്വാദ്യകരമായ വനയാത്രകളുടെ പട്ടികയിൽ ഞാൻ പ്രഥമസ്ഥാനം നൽകിയിരുന്നത്. മനുഷ്യസ്പർശമേൽക്കാത്ത കാടുകളിൽ കാട്ടുമൃഗങ്ങൾ തിന്നു മദിച്ച്, കൂത്താടി നടക്കുന്ന കാലം. ആനക്കൂട്ടങ്ങളൂടെ സാമീപ്യം അവിടെ ഒരു സാധാരണ കാഴ്ച മാത്രമാണ്...  ആ കൊടുംകാടിനു നടുവിലൂടെ കിലോമീറ്ററുകളോളം ശ്വാസമടക്കിപ്പിടിച്ച് നടത്തിയ ജീപ്പ് യാത്ര, തികച്ചും ഒരു സാഹസികയാത്ര തന്നെയായിരുന്നു.. ഇടുങ്ങിയ കാട്ടുവഴിയിൽ ജീപ്പിനു വിലങ്ങിയെത്തിയ കൂറ്റൻ കാട്ടിക്കൂട്ടങ്ങൾ.... അവയുടെ മെഴുത്ത ശരീരവും, കരിമ്പാറപോലെ ദൃഢമായ മാംസപേശികളും.... പൂത്തുലഞ്ഞ കൊങ്ങിണിപ്പടർപ്പുകൾക്ക് മുകളിലൂടെ ഒഴുകിനീങ്ങിയ പുള്ളിമാൻ കൂട്ടങ്ങൾ... വഴിയോരങ്ങളിൽ വസന്തം പീലിവിരുത്തിയാടുന്ന മയിൽക്കൂട്ടങ്ങൾ...ജീപ്പിന്റെ മുരൾച്ച കേട്ട് ഭയന്ന്,വഴിയോരത്തെ പുല്ലിൻകൂട്ടങ്ങൾക്കിടയിലേയ്ക്ക് മറയുന്ന ചെറിയ കൂരമാനുകൾ..  കാട്ടുവള്ളികളിൽ ഊഞ്ഞാലാടി മറഞ്ഞ കുരങ്ങന്മാരുടെ കൂട്ടങ്ങൾ.... അന്നത്തെ യാത്രകളിലൊന്നും ക്യാമറ സന്തതസഹചാരിയായി മാറിയിരുന്നില്ല. അതുകൊണ്ടുതന്നെയാകാം അന്നത്തെ ചിത്രങ്ങളിലേറെയും ആഴത്തിൽ പതിഞ്ഞത് മനസ്സിന്റെ ഫ്രെയിമുകളിൽ ആയിരുന്നു. കാലത്തിന്റെ കറക്കങ്ങൾക്കുപോലും മായ്ക്കുവാനാകാതെ അവ ഇന്നും, മനസ്സെന്ന കാൻവാസിൽ പച്ചപിടിച്ച് നിൽക്കുന്നു....
കോഴി വേഴാമ്പൽ - Malabar Grey Hornbill (Ocyceros griseus) കടപ്പാട് : ഗൂഗിൾ
ഞങ്ങളുടെ യാത്ര, ഇടതൂർന്നു വളരുന്ന കാടിന്റെ ഉള്ളിലേയ്ക്ക് കയറുകയാണ്... ഇരുവശ‌വും പ്രകൃതി കെട്ടിയടച്ച കോട്ടപോലെ വന്മരങ്ങൾ തലയെടുപ്പോടെ വളർന്നു നിൽക്കുന്നു. കാടിനുള്ളിൽനിന്നും അജ്ഞാതരായ നിരവധി പക്ഷികളുടെ സംഗീതം കാതുകളിലേയ്ക്ക് ഒഴുകിവന്നുകൊണ്ടിരുന്നു.  പേരറിയാപക്ഷികളുടെ കളകൂജനങ്ങൾ ആസ്വദിച്ച് നടക്കുമ്പോൾ, സമീപത്തെ മരത്തിലേയ്ക്ക് ഒരു പക്ഷി പറന്നിറങ്ങി.. കോഴിവേഴാമ്പൽ.. തേക്കടിയുടെ ഉൾക്കാടുകളിലും ബഫർസോണിലും, സമീപത്തുള്ള ജനവാസമേഖലകളിലും ഒരുപോലെ  കാണുവാൻ സാധിയ്ക്കുന്ന ഒരു പക്ഷിയാണിത്... തവിട്ടുനിറം കലർന്ന ദേഹം. കഴുത്തിലും, തലയിലും, മാറിടത്തിലുമായി കാണപ്പെടുന്ന വെളുത്ത വരകൾ. കണ്ണിനുമുകളിലെ നരച്ച പുരികം. ചുകപ്പും, മഞ്ഞയും, ഓറഞ്ചും ഇടകലർന്ന കൊക്കുകൾ.. കേരളത്തിൽ കാണപ്പെടുന്ന നാലിനം വേഴാമ്പലുകളിൽ, ശിരസ്സിനുമുകളിൽ മകുടമില്ലാത്ത ഏക ഇനമാണിത്. ഈ സവിശേഷതകൾകൊണ്ടുതന്നെ കാഴ്ചക്കാർക്ക് ഈ പക്ഷിയെ അനായാസം തിരിച്ചറിയുവാൻ സാധിയ്ക്കും. ക്യാമറ ഉയർത്തി ഫോക്കസ് ചെയ്യുന്നതിനുമുൻപേ, കണ്ണുകൾക്ക് ഒരു നിമിഷത്തെ ദർശനം മാത്രം അനുവദിച്ച് അത് കാടിന്റെ ഇരുളിലേയ്ക്ക് പറന്നു.

തൊട്ടടുത്തുള്ള മരത്തിൽനിന്നും തൂങ്ങിക്കിടക്കുന്ന വെളുത്ത പന്തിന്റെ ചിത്രമെടുക്കുകയാണ് കൂടെയുള്ളവർ. ചെറിയ കാട്ടുകടന്നലിന്റെ കൂടാണത്... കാഴ്ചയിൽ സാമാന്യം വലിപ്പം തോന്നിപ്പിയ്ക്കുമെങ്കിലും ഉള്ളിൽ നിറയെ ചെറിയ അറകളായതിനാൽ ഭാരം വളരെ കുറവാണ്.. പരുന്തോ, കാക്കയോ പലപ്പോഴും ഇവയുടെ കൂടിളക്കി നശിപ്പിയ്ക്കാറുണ്ട്. അത്തരം അവസരങ്ങളിൽ കാടിളക്കിയെത്തുന്ന ഇവ മനുഷ്യർക്കുപോലും അപകടകാരിയായിത്തീരുക സാധാരണമാണ്. കടന്നൽക്കൂടിന്റെ കുറച്ച് ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങൾ മുൻപോട്ട് നടന്നു..
കാട്ടുകടന്നലിന്റെ കൂട്.
വഴിയോരത്ത് കാട്ടുപൂക്കളുടെ മധു നുകർന്ന് പറന്നുകളിയ്ക്കുന്ന അനവധി ചിത്രശലഭങ്ങൾ.... വൈവിധ്യമാർന്ന ചിത്രപതംഗങ്ങളുടെ ലോകത്തെക്കുറിച്ചും, അവയുടെ പേരുകളും ശാസ്ത്രനാമങ്ങളും ഗണപതി വിശദീകരിച്ചുകൊണ്ടിരുന്നു... ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സന്ദർശകരെ കൈകാര്യം ചെയ്യുവാനുള്ള അറിവുകൾ, ഗണപതി കരസ്ഥമാക്കിയിട്ടുണ്ടെന്ന് വിവരണങ്ങളിൽ നിന്നും ഞങ്ങൾക്ക് ബോധ്യമായി... കോമൺ ജസബേൽ (വിലാസിനി), സതേൺ ബേർഡ്‌വിംഗ് {ഗരുഡ ശലഭം- ഇൻഡ്യയിലെ ശലഭങ്ങളിൽ വലിപ്പത്തിൽ ഒന്നാമൻ) ബ്ലൂ മോർമോൺ (കൃഷ്ണ ശലഭം- ഇൻഡ്യയിലെ ശലഭങ്ങളിൽ വലിപ്പത്തിൽ രണ്ടാമൻ)... .... .. ചിത്രശലഭ വിശേഷങ്ങളും, പട്ടികയും നീളുകയാണ്...........

കാടിനു നടുവിലൂടെയുള്ള വിശാലമായ വഴിയിൽനിന്നും, യാത്ര ചെറിയ കാട്ടുപാതയിലേയ്ക്ക് മാറുകയാണ്.. ചിലയിടങ്ങളിൽ രണ്ടുവശങ്ങളിലും കാട് ഇരുണ്ടുകിടക്കുന്നു.. കാട്ടാനകളുടെ കാലടിപ്പാടുകൾ.... ചൂടുമാറാത്ത ആനപ്പിണ്ടങ്ങൾ... ഗണപതി കൂടുതൽ ശ്രദ്ധാലുവായി...  അല്പംകൂടി മുൻപോട്ടു നടന്നപ്പോൾ അധികം ദൂരെയല്ലാതെ  ഒരു ചിന്നംവിളി മുഴങ്ങി... ഈറ്റക്കാടുകൾ ഒടിയുന്ന ശബ്ദം..... കൈ ഉയർത്തി, ഞങ്ങളോട് അവിടെത്തന്നെ നിൽക്കുവാൻ ആംഗ്യം കാണിച്ചശേഷം ഗണപതി നടപ്പുവഴി വിട്ട് ഇടതുവശത്തെ കാടിനുള്ളിലേയ്ക്ക് നീങ്ങി... വിശാലമായ ചതുപ്പാണ് ആ ഭാഗത്ത്... പേരറിയാത്ത മലയിഞ്ചിയുടെ കുടുംബത്തിൽപ്പെട്ട ഏതോ ചെടി, വെള്ളപ്പൂക്കളുമായി ചതുപ്പ് നിറഞ്ഞുവളരുന്നു. ചെടികൾക്കിടയിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം മാത്രം കേൾക്കാം... ഞങ്ങളെ വഴിയിൽ നിറുത്തിയശേഷം, പടർന്നുനിൽക്കുന്ന കൊങ്ങിണിക്കാടുകളുടെ ഇടയിലൂടെ ചതുപ്പിന്റെ സമീപത്തേയ്ക്ക് ഇറങ്ങി ഗണപതി അപ്രത്യക്ഷനായി...
നാട്ടുതത്ത. Rose-ringed Parakeet (Psittacula krameri)
കാത്തിരിപ്പിന്റെ സമയമായിരുന്നു പിന്നീട്.... ഏതാണ്ട് 15 മിനിട്ടോളം സമീപത്തെ കാഴ്ചകൾ
ആസ്വദിച്ച് ഞങ്ങൾ ചിലവഴിച്ചു.... ഇതിനിടെ സമീപത്തുണ്ടായിരുന്ന ചെറിയ ഈയൽവാക മരത്തിലേയ്ക്ക് നാട്ടുതത്തകളുടെ കൂട്ടം പറന്നിറങ്ങി....പ്രകൃതിയിൽ നിറഞ്ഞുനിൽക്കുന്ന ഇളംപച്ചയുടെ വർണ്ണപ്പൊലിമ മുഴുവൻ ഓരോ തൂവലിലേയ്ക്കും ആവാഹിച്ചത്ര മനോഹരമായ ശരീരം ... കടും ചുവപ്പും കറുപ്പും നിറഞ്ഞുനിൽക്കുന്ന ചുണ്ടുകൾ. പുറം കഴുത്തിനെ ചുറ്റിപ്പോകുന്ന കറുത്ത മാല. കാടിന്റെ ദേവതകൾ കനിഞ്ഞുനൽകിയ വർണ്ണചാരുതയെന്ന് നിസംശയം പറയാം.. പരസ്പരം കലഹിച്ചും, ഒച്ചവച്ചും, വാകയുടെ കായകൾ അരിഞ്ഞുവീഴ്ത്തിയും ഉല്ലസിയ്ക്കുന്ന തത്തക്കൂട്ടങ്ങളുടെ ധാരാളം  ചിത്രങ്ങൾ ഞങ്ങൾ പകർത്തി. ഇതിനിടെ ഗണപതി മടങ്ങിയെത്തിയിരുന്നു.. നിരാശയോടെ...

" വയലിൽ ഉണ്ടായിരുന്ന ആനക്കൂട്ടം മറുകരയിലെ ഇല്ലിക്കൂട്ടത്തിനിടയിലേയ്ക്ക് കയറിയിട്ടുണ്ട്.
അരക്കിലോമീറ്ററോളം മുൻപോട്ടുപോയി കറങ്ങിവന്നാൽ ചിലപ്പോൾ കാണാം". ഗണപതി പറഞ്ഞു.

ആദിവാസികളുടെ ഭാഷയിൽ 'വയൽ' എന്നാൽ 'ചതുപ്പ്' എന്നാണ് അർത്ഥമാക്കുന്നത്. ചതുപ്പിൽ ആനക്കൂട്ടം ഉണ്ടെന്നറിഞ്ഞതോടെ എല്ലാവരുടെയും ഉത്സാഹം വർദ്ധിച്ചു.. കാടിന്റെ സമൃദ്ധമായ തണലിലും, വെയിലിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരുന്ന ഇറ്റലിക്കാരും ഉന്മേഷം വീണ്ടെടുത്ത് നടക്കുവാൻ തുടങ്ങി.. വഴിയിൽ പലപ്പോഴും ചെറിയ ചതുപ്പുകൾ മുറിച്ചുകടക്കേണ്ടിയിരുന്നു.. ചതുപ്പിലെ ചെളിയിൽ നിറയെ കാട്ടാനയുടെയും, പോത്തിന്റെയും, മ്ലാവിന്റെയും കാൽപ്പാടുകളാണ് .. സമീപം കാട്ടുപന്നികൾ കുത്തിമറിച്ചിട്ട മൺകൂനകൾ.. ഇവയിൽ ഏതെങ്കിലും മൃഗത്തിന്റെ കാഴ്ചകൾക്കായി വഴിയോരങ്ങളിലെ മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് കണ്ണോടിച്ചുകൊണ്ടായിരുന്നു  ഞങ്ങളുടെ യാത്ര...... പക്ഷെ ഫലം നിരാശാജനകമായിരുന്നു.....

അല്പംകൂടി മുൻപോട്ടുനടന്നശേഷം വഴിയ്ക്കു കുറുകെ ഒഴുകുന്ന ചെറുതോടിന്റെ കരയിൽ അല്പസമയം വിശ്രമം... ബാഗിലുണ്ടായിരുന്ന ഏത്തപ്പഴവും, ഓറഞ്ചും എല്ലാവരുമായി പങ്കുവച്ച് കഴിച്ചശേഷം ഞാനും ജോണിയും തോട്ടിലേയ്ക്കിറങ്ങി. കാടകത്തിന്റെ കുളിരിനെ മുഴുവനായും ആവാഹിച്ച് ഒഴുകിയെത്തുന്ന വെള്ളത്തിൽ മുഖം കഴുകിയപ്പോൾ ഒരു മണിയ്ക്കൂർ നീണ്ട നടപ്പിന്റെ ക്ഷീണം, ഓളപ്പരപ്പിലൂടെ ഒഴുകിയകന്നു. ഉച്ചവെയിലിൽ വാടിയ കുപ്പിവെള്ളത്തെ മറന്ന്, കാടിന്റെ സ്നേഹസമ്മാനം പോലെ ഒഴുയെത്തുന്ന സ്ഫടികതുല്യമായ വെള്ളം ഒരു കവിൾ കുടിച്ചിറക്കി.. കാടിന്റെ കുളിരും, ശീതളിമയും ഒരു കവിൾവെള്ളത്തിൽനിന്നും തൊണ്ടയിലൂടെ ശരീരമാസകലം പടർന്നിറങ്ങി. കാട്ടുമൃഗങ്ങൾ ചവിട്ടിയിളക്കിയ മണ്ണിലൂടെ ഒഴുകിയെത്തുന്ന വെള്ളം, വട്ടയിലയുടെ കുമ്പിളിൽ കോരിക്കുടിയ്ക്കുന്ന ഞങ്ങളെ നോക്കിനിന്ന സഹയാത്രികരുടെ മുഖങ്ങളിൽ ഒരു ഭാവമാറ്റം ഞങ്ങൾ കണ്ടു... പ്രകൃതിയുടെ നൈർമ്മല്യം പൂർണ്ണമായും അനുഭവിച്ചറിയുവാൻ കഴിയാത്ത പരിഷ്കൃതമനുഷ്യന്റെ കണ്ണുകളിൽ, നൂറുകണക്കിനു കാട്ടുചെടികളെ തഴുകിയെത്തുന്ന കാട്ടരുവിയും, നഗരജീവിതത്തിന്റെ എച്ചിൽകൂമ്പാരങ്ങൾ വഹിച്ചെത്തുന്ന അഴുക്കുചാലുകളും തമ്മിൽ കാര്യമായ വ്യത്യാസം കണ്ടെത്തുവാൻ കഴിയാത്തതാവാം ആ ഭാവമാറ്റത്തിനു കാരണം...
തോട്ടിലെ നീരൊഴുക്കിന്റെ തണുപ്പിൽ മതിമറന്ന് നിൽക്കുമ്പോൾ തലയ്ക്കുമുകളിലായി ഇലച്ചാർത്തുകളുടെ തിരയിളക്കം... ഒപ്പം കരിങ്കുരങ്ങന്റെ മുഴങ്ങുന്ന ശബ്ദവും....അഞ്ചോളം വരുന്ന കരിങ്കുരങ്ങുകളുടെ ഒരു ചെറുകൂട്ടം തൊട്ടടുത്തുള്ള  മരത്തിന്റെ മുകളിൽ.. ക്യാമറ ഉയർത്തിയതേ, താഴ്ന്ന ഒരു മരക്കൊമ്പിൽ കുഞ്ഞുമായി ഇരുന്ന തള്ളക്കുരങ്ങ് ഇലപ്പടർപ്പുകൾക്കിടയിലേയ്ക്ക് തെന്നിമാറി... വാനരസംഘത്തിന്റെ നേതാവാകണം, ഒരു മരച്ചില്ലയിരുന്ന് ഞങ്ങളുടെ നീക്കങ്ങൾ നിരീക്ഷിയ്ക്കുന്നുണ്ട്.. നാലഞ്ച് ക്ലിക്കുകൾ.. മനോഹരമായ കുറച്ച് ഫ്രെയിമുകൾ ക്യാമറയിൽ പതിഞ്ഞു. ഒരിയ്ക്കൽക്കൂടി ആർക്കോ മുന്നറിയിപ്പ് നൽകാനെന്നവണ്ണം ശബ്ദമുയർത്തിക്കൊണ്ട് അവനും, മറ്റു കുരങ്ങുകളുടെ പിന്നാലെ മരച്ചില്ലകൾക്കിടയിലേയ്ക്ക് മറഞ്ഞു.
കരിങ്കുരങ്ങ് - Nilgiri langur (Trachypithecus johnii)
കൈത്തോട് മുറിച്ച് കടന്ന് ചതുപ്പിന്റെ ഓരത്തുകൂടി ഞങ്ങൾ യാത്ര തുടർന്നു. അതിരാവിലെ പോയ വിദേശികൾ ഉൾപ്പടെയുള്ള 'നേച്ചർവാക്ക്' സംഘത്തിനെ ആനക്കൂട്ടം ഇവിടെവച്ച് ആക്രമിയ്ക്കുവാൻ ശ്രമിച്ചിരുന്നു. സംഘത്തിലെ പലരും ഭയന്നോടി വീണ് പരിക്ക് പറ്റുകയും ചെയ്തു. ഇത്തവണ ആനക്കൂട്ടത്തിന്റെ മുൻപിലേയ്ക്ക് എല്ലാവരും ഒന്നിച്ച് ചെന്ന് അപകടം സംഭവിക്കാതിരിയ്ക്കുവാനുള്ള ഒരു മുൻകരുതൽ ആയിട്ടായിരിയ്ക്കണം, കാട്ടാനയുടെ സാന്നിധ്യം അറിഞ്ഞതുമുതൽ ഗണപതി ഏറെ മുന്നിലായാണ് നടന്നിരുന്നത്. തൊട്ടരികത്തെവിടെയോ ഇല്ലിക്കാടുകൾ ഒടിയുന്ന ശബ്ദം കേൾക്കുന്നുണ്ട്... ഞങ്ങൾ നിൽക്കുന്നതിന്റെ സമീപത്തുള്ള വലിയ ഇല്ലിക്കൂട്ടങ്ങൾക്കിടയിൽനിന്നും രണ്ടുതവണ ചിന്നം വിളികളും മുഴങ്ങി.. അവിടെത്തന്നെ നിൽക്കുവാൻ ആംഗ്യം കാണിച്ചശേഷം ഗണപതി ഇല്ലിക്കൂട്ടത്തിനിടയിലേയ്ക്ക് മറഞ്ഞു. 

നാലഞ്ച് മിനിട്ട് നേരത്തെ കാത്തിരിപ്പിനുശേഷം അല്പം ദൂരെയുള്ള ചെറിയ മൊട്ടക്കുന്നിനപ്പുറത്തുനിന്നും ഗണപതി പ്രത്യക്ഷപ്പെട്ടു... ബാഗുകൾ അവിടെവച്ചശേഷം ശബ്ദമുണ്ടാക്കാതെ വരുവാൻ ആംഗ്യഭാഷയിലുള്ള നിർദ്ദേശം.... പടർന്നുകിടക്കുന്ന ഇല്ലിക്കൂട്ടത്തിന്റെ തണലിൽ ബാഗുകൾ വച്ചശേഷം ഞങ്ങൾ ഗണപതിയുടെ സമീപത്തെത്തി.. മലയിഞ്ചിക്കൂട്ടം വളർന്നുനിൽക്കുന്ന ചതുപ്പിന്റെ മധ്യഭാഗത്തായി ചെളിയിൽ കുളിച്ച് നിൽക്കുകയാണ് രണ്ട് ആനകൾ. ഞങ്ങൾക്കും, ആനക്കൂട്ടത്തിനും ഇടയിലുള്ള ചെറിയ ഒരു പുൽമേടും, വളർന്നു നിൽക്കുന്ന കാട്ടുപൊന്തകളും സുഗമമായ കാഴ്ചയ്ക്ക് തടസ്സമായിത്തീരുന്നുണ്ട്.. കാറ്റിന്റെ ഗതിയും  പ്രതികൂലമാണ്. വ്യക്തമായ ചിത്രങ്ങൾ പകർത്തണമെങ്കിൽ ഏറെ മുൻപോട്ടുനീങ്ങിയേ മതിയാകൂ. അനുവാദത്തിനായി ഗണപതിയെ നോക്കി.. പൊയ്ക്കൊള്ളുവാനുള്ള അനുവാദം, ഒരു തലയാട്ടലിൽക്കൂടി ലഭിച്ചതോടെ ഞാനും ജോണിയും മുൻപോട്ടു നീങ്ങി. അല്പം ഭയത്തോടെ, ആനക്കൂട്ടത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് നിന്ന വിദേശികൾക്ക് കൂട്ടായി, ഗണപതി അവിടെത്തന്നെ നിന്നു....
ഏഷ്യൻ ആന -Asiatic elephant (Elephas maximus)
ഞങ്ങൾക്ക് അധികദൂരം മുൻപോട്ട് നീങ്ങുവാൻ കഴിഞ്ഞില്ല.. തൊട്ടുമുൻപിൽ ചതുപ്പ് ആരംഭിയ്ക്കുകയാണ്. ചതുപ്പ് മുറിച്ചുകടന്ന് ആനക്കൂട്ടത്തെ സമീപിയ്ക്കുക അസാധ്യമായതുകൊണ്ട്  അല്പം നിരാശ‌യോടെതന്നെ സമീപത്തുള്ള ഇല്ലിക്കൂട്ടങ്ങളുടെ തണലിൽ ഞങ്ങൾ ഇരുന്നു..  രണ്ടോ മൂന്നോ ആനകളാണ് ഇപ്പോൾ ചതുപ്പിൽ ഉള്ളത്. ചതുപ്പിലെ ചെളിയിൽ മുങ്ങിക്കുളിച്ച്, കനത്ത ചൂടിനെ പ്രതിരോധിയ്ക്കുവാനുള്ള ശ്രമത്തിലാണ് ആനക്കൂട്ടം...... രണ്ട് കുട്ടികൊമ്പന്മാരും ഒരു പിടിയാനയുമാണ് കൂട്ടത്തിലുള്ളത്. അല്പനേരത്തെ കാത്തിരിപ്പിനുശേഷം ഒരു കുട്ടിയാനകൂടി ചതുപ്പിൽനിന്നും കയറിവന്നു. കഷ്ടിച്ച് ഏഴോ എട്ടോ മാസം പ്രായം... തള്ളയാനയുടെ ചുറ്റും കുസൃതികാണിച്ച് നടക്കുന്ന കുട്ടിയാനയുടെ കാഴ്ചകൾ ആസ്വദിച്ചിരുന്ന് സമയം പോയത് ഞങ്ങൾ അറിഞ്ഞില്ല... ദൂരക്കൂടുതൽ എന്ന പരിമിതി ഉണ്ടായിരുന്നുവെങ്കിലും, കുറച്ച് ചിത്രങ്ങളും ഞങ്ങൾ പകർത്തി. പക്ഷെ ക്യാമറയിലേയ്ക്ക് നിശ്ചലമായ കുറെ ചിത്രങ്ങൾ പകർത്തുന്നതിനേക്കാൾ പതി‌ന്മടങ്ങ് ആസ്വാദ്യകരമായിരുന്നു കാട്ടാനകളെ കണ്മുൻപിൽ കണ്ടാസ്വദിയ്ക്കുവാൻ ലഭിച്ച ഈ മണി‌യ്‌ക്കൂറുകൾ.
ചെളിയിലൊരു നീരാട്ട്...
പെട്ടന്ന് കിളി ചിലയ്ക്കുന്നതുപോലെ ഗണപതിയുടെ ചൂളമടി...... തിരികെ മടങ്ങാമെന്ന് ആംഗ്യഭാഷയിൽ നിർദ്ദേശം. ഇറ്റലിക്കാർ ആനക്കാഴ്ചകൾ അവസാനിപ്പിച്ച് മടങ്ങിപ്പോകുവാനായി തിരക്ക് കൂട്ടുകയാണ്.. അവർക്ക് ഇന്നുതന്നെ മൂന്നാറിന് പോകണം..... ആഗ്രയാണെങ്കിൽ ആനക്കാഴ്ചകളിൽ ഹരം പിടിച്ചു നിൽക്കുകയാണ്. ആദ്യമായിട്ടാണത്രെ കാട്ടാനകളെയും, കുട്ടികളെയും വനത്തിനുള്ളിൽ ഇത്രയും അടുത്ത് കാണുന്നത്. അതിന്റെ ആവേശത്തിൽ ആനക്കുട്ടിയുടെ കുസൃതികൾ അസ്വദിച്ച് അല്പസമയംകൂടി  ഇവിടെ ചിലവഴിയ്ക്കുവാൻ ആഗ്ര തയ്യാറായിരുന്നു. ഇതിനിടയിൽ ഞങ്ങളുടെ വലതുവശത്തായി, ഇടതൂർന്നു വളരുന്ന മരക്കൂട്ടത്തിനിടയിൽ നിന്നും കാടുകൾ ഒടിയുന്ന ശബ്ദം കേട്ടുതുടങ്ങി.... അല്പം മുകളിൽനിന്നായി ഒരു ചിന്നംവിളികൂടി മുഴങ്ങിയതോടെ ഞങ്ങൾ വേഗത്തിൽ ബാഗുകൾ എടുത്ത് തയ്യാറായി. മറ്റൊരു ആനക്കൂട്ടം കുന്നിന്മുകളിൽനിന്നും ചതുപ്പിലേയ്ക്ക് ഇറങ്ങിവരികയാണ്. നടന്നുവന്ന വഴിയിലേയ്ക്ക് ആനക്കൂട്ടം ഇറങ്ങിക്കഴിഞ്ഞാൽ മൂന്നുവശവും വലയംചെയ്തു കിടക്കുന്ന ചതുപ്പിനും, ആനക്കൂട്ടത്തിനും ഇടയിൽ ഞങ്ങൾ അകപ്പെട്ടുപോകുവാനുള്ള സാധ്യത ഏറെയാണ്... ചിന്നംവിളി ഒരിയ്ക്കൽക്കൂടി മുഴങ്ങി..ഇത്തവണ അത് ഏറെ അടുത്തായിരിയ്ക്കുന്നു എന്ന് മനസ്സിലായതോടെ പിന്നെ നിൽക്കുവാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല.അതിവേഗം തിരിച്ചുനടന്ന് കൈത്തോട് മുറിച്ചുകടന്ന് സുരക്ഷിതമായ അകലത്തിൽ എത്തിക്കഴിഞ്ഞപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. ചെരിഞ്ഞുകിടക്കുന്ന മലഞ്ചെരുവിലെ ഈറ്റക്കാടുകൾ അപ്പോഴും ഇളകുന്നുണ്ടായിരുന്നു. മലയിറങ്ങിവരുന്ന ആനക്കൂട്ടത്തിന്റെ കാഴ്ചകൾക്കായി അല്പസമയംകൂടി ഞങ്ങൾ കാത്തുനിന്നുവെങ്കിലും, നിരാശയായിരുന്നു ഫലം...

മടക്കയാത്രയ്ക്കുള്ള സമയമായിരിയ്ക്കുന്നു. ഇതിനിടെ ഓഫീസിൽനിന്നും ഗണപതിയുടെ മൊബൈൽ ഫോണിലേയ്യ്ക്ക് വിവരങ്ങൾ അന്വേഷിച്ചുള്ള സന്ദേശവും എത്തി.. രാവിലെ സന്ദർശകർക്കുനേരെ ആന‌യുടെ ആക്രമണമുണ്ടായതുകൊണ്ടുള്ള അന്വേഷണമാണ്. അതിനൊപ്പം ഇറ്റലിക്കാരുടെ തിരക്കുകൂട്ടലും ഏറിവന്നതോടെ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു.. കുറുമ്പുകാട്ടി നടക്കുന്ന കുട്ടിയാനയെ ഉന്തിത്തള്ളി കരയ്ക്കുകയറ്റിയ ആനക്കൂട്ടം അല്പംകൂടി മുൻപോട്ട് അടുത്തിരുന്നു. ഒരിയ്ക്കൽക്കൂടി തിരിഞ്ഞ് ആനക്കൂട്ടത്തിന്റെ കാഴ്ചകളോട് വിട പറഞ്ഞ് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.
മടക്കയാത്രയ്ക്കായി, വയലിനോട് ചേർന്നുപോകുന്ന മറ്റൊരു വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.. പേരറിയാപക്ഷികളുടെ കളകൂജനങ്ങളും, കാട്ടുപ്പൂക്കൾക്കു മീതേ തുള്ളിക്കളിയ്ക്കുന്ന ചിത്രശലഭങ്ങളുടെ വർണ്ണപ്പകിട്ട് ആസ്വദിച്ചും ഞങ്ങൾ നടന്നു. വഴിയ്ക്കുകുറുകെ വീണുകിടക്കുന്ന ഒരു മരത്തിന്റെ ചുവട്ടിൽ കാട്ടുതേനീച്ചയുടെ കൂട്. പൂന്തേനും, പൂമ്പൊടിയുമായി മൂളിയെത്തുന്ന തേനീച്ചക്കൂട്ടത്തിന് ശല്യമാകാതെ, വീണുകിടക്കുന്ന മരത്തിനെ ചുറ്റിക്കറങ്ങി വീണ്ടും യാത്ര..... വയൽ അവസാനിയ്ക്കുന്ന ഭാഗത്ത് ഒരു മരത്തിന്റെ വിശേഷങ്ങളുമായി ഗണപതി വീണ്ടും നിന്നു.. കറുവാപ്പട്ടയാണ്.... വനം കൊള്ളക്കാരുടെ മറ്റൊരു ഇഷ്ടവൃക്ഷമായ  അതിന്റെ ഓഷധഗുണത്തെക്കുറിച്ചും, സുഗന്ധത്തെക്കുറിച്ചും  വിശദീകരിച്ച് നടന്ന ഞങ്ങൾ മറ്റൊരു കാഴ്ചക്കരികിലെത്തി..... കുറച്ചുനാൾ മുൻപ് കടുവ പിടികൂടിയ ഒരു മ്ലാവിന്റെ തലയോട്ടി.
ആരോ കലാപരമായി ഒരു മരത്തിന്റെ കവരകൾക്കിടയിൽ സ്ഥാപിച്ചിരിയ്ക്കുകയാണ്.. നീണ്ടുവളർന്നു നിൽക്കുന്ന കൊമ്പുകൾ, മ്ലാവിന്റെ വലിപ്പത്തേക്കുറിച്ച് ഒരു ഏകദേശ ധാരണ സന്ദർശകർക്ക് നൽകുന്നുണ്ട്. ഈ കൂറ്റൻ കൊമ്പുമുയർത്തിപ്പിടിച്ച്, ഈ കാടുകളുടെ  അവകാശികളിൽ ഒരാളായി എത്രയോ കാലം അവൻ മേഞ്ഞുനടന്നിരിയ്ക്കണം.. അവന്റെ തലയെടുപ്പ് കണ്ട് എത്രയോ സഞ്ചാരികൾ  മതിമറന്ന് നിന്നിട്ടുണ്ടാകണം.. ഇന്ന് കാടിന്റെ മറ്റൊരു അവകാശിയുടെ ഉദരപൂരണത്തിന് ഇരയായി അവന്റെ തലയോട്ടിയും കൊമ്പും മാത്രം കാഴ്ചക്കാർക്കായി ഈ വനത്തിനുള്ളിൽ അവശേഷിച്ചിരിയ്ക്കുന്നു. 'ദുർബലൻ ശക്തന്റെ ഇരയായിത്തീരണം' എന്ന ആഗോളതത്ത്വത്തിന്റെ, കാടിനുള്ളിലെ ഒരു ഉദാഹരണം. മ്ലാവിന്റെ കൊമ്പുകളിൽ പിടിച്ചുകൊണ്ടുള്ള കുറച്ചു ചിത്രങ്ങൾ ഞങ്ങൾ അവിടെനിന്നും പകർത്തി.
വനയാത്രകളിലെ സഹയാത്രികൻ...
സമയം രണ്ടുമണിയോടടുത്തിരുന്നു..ഇറ്റലിക്കാരായ സഹയാത്രികർ തിരക്കിട്ടു നടന്ന് ഏറെ മുൻപിലെത്തിയിരുന്നു. തേക്കടിയുടെ വനസൗന്ദര്യത്തിനേക്കാളുമുയരത്തിൽ, മടക്കുവീണുകിടക്കുന്ന പച്ചകരിമ്പടംപോലെയുള്ള മൂന്നാറിന്റെ തേയിലത്തോട്ടങ്ങളും, കോടമഞ്ഞിനടിയിൽനിന്നും തലയുയർത്തി നിൽക്കുന്ന നീലമലനിരകളും അവരെ കൂടുതൽ ഭ്രമിപ്പിയ്ക്കുന്നുവെന്ന് തീർച്ച... നിഗൂഢസൗന്ദര്യം നിറഞ്ഞ കാടിന്റെ  കാഴ്ചകൾ അവസാനിപ്പിച്ച്, ഞങ്ങളും നടപ്പിന്റെ വേഗത വർദ്ധിപ്പിച്ചു. സമയം അനുവദിച്ചാൽ തേക്കടിതടാകത്തിലൂടെ ഒരു ബോട്ട് യാത്രകൂടി നടത്തണം. കത്തിയെരിയുന്ന സൂര്യൻ പടിഞ്ഞാറേയ്ക്ക് താഴുവാൻ തുടങ്ങുന്ന നാലുമണിസമയങ്ങളിൽ, തടാകതീരത്ത് കാട്ടുമൃഗങ്ങളെ കാണുവാനുള്ള സാധ്യത കൂടുതലാണ്. കരിമലപോലെ തലയെടുപ്പുമായി എത്തുന്ന ആനക്കൂട്ടങ്ങൾ, വന്യതയും,കരുത്തും കണ്ണുകളിൽ ആവാഹിച്ചെത്തുന്ന കാട്ടുപോത്തിൻകൂട്ടങ്ങൾ, നിഷ്കളങ്ക സൗന്ദര്യം നിറഞ്ഞ മ്ലാവുകൾ, കാട്ടുപന്നികൾ.. ഇവയെല്ലാം വെള്ളംകുടിയ്ക്കുവാനായി താടകത്തിന്റെ തീരങ്ങളിലേയ്ക്ക് ഈ സമയത്താണ് സാധാരണ ഇറങ്ങിവരാറുള്ളത്. ഇതിനുമുൻപ് നടത്തിയ പല ബോട്ട് യാത്രകളിലും ഏറ്റവും അധികം മൃഗങ്ങളെ കാണുവാൻ സാധിച്ചതും ഈ സമയത്തായിരുന്നു എന്നതും, ഒരു ബോട്ട് യാത്രകൂടി നടത്തുവാൻ മനസ്സിനെ പ്രലോഭിപ്പിയ്ക്കുന്നുണ്ടായിരുന്നു. വഴിയിൽ  നേച്ചർവാക്ക് നടത്തുന്ന അടുത്ത സംഘങ്ങളെയും ഞങ്ങൾ കണ്ടുമുട്ടി. വിദേശികളായ യുവമിഥുനങ്ങളാണ് കാടകങ്ങളിൽ മറഞ്ഞിരിയ്ക്കുന്ന അപൂർവ്വമായ കാഴ്ചകളിലേയ്ക്ക് ഇപ്പോൾ നടന്നുകയറുന്നത്.. കുടിലിൽ വച്ച് മുൻപേ പരിചയപ്പെട്ടിരുന്ന തങ്കച്ചൻ എന്ന് വാച്ചറായിരുന്നു അവരോടൊപ്പമുണ്ടായിരുന്നത്.. വയലിൽ ആനകളുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ  സന്തോഷവും, ആകാംക്ഷയും ഒന്നിച്ച് തെളിഞ്ഞൂവന്നു.. ദേശങ്ങൾക്കും, ഭാഷകൾക്കും അതീതമായ, മനസ്സുനിറഞ്ഞ ഒരു പുഞ്ചിരികൊണ്ട് യാത്ര പറഞ്ഞ് അവർ നടന്നു..
കൃത്യം 2:30നുതന്നെ ഞങ്ങൾ യാത്ര ആരംഭിച്ച കുടിലിൽ മടങ്ങിയെത്തി. ബെന്നി,അനീഷ്, രവി.... മൂന്നു വാച്ചർമാർകൂടി മറ്റു സന്ദർശകർക്കൊപ്പമുള്ള യാത്രകൾ അവസാനിപ്പിച്ച് കുടിലിൽ എത്തിയിരുന്നു. ബെന്നി കട്ടപ്പനക്കാരനാണ്. അനീഷും, രവിയും കുമളി സ്വദേശികളും. എല്ലാവരെയും പരിചയപ്പെട്ട്, ഫോൺനമ്പറും കൈമാറി ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. ഇനി തേക്കടിതടാകക്കരയിലെ ബോട്ട് ലാന്റിംഗിലേയ്ക്കാണ് യാത്ര. വിവാദങ്ങളും, ശർക്കരയും, ചുണ്ണാമ്പും കൂട്ടിക്കുഴച്ച് നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാഴ്ചകൾക്കായി, ഒരു ബോട്ട് യാത്ര അവിടെനിന്നും ആരംഭിയ്ക്കുന്നു......

37 comments:

  1. ഷിബു ഭായി ...തേക്കടിയിലെ എക്കോടൂറിസത്തിന്റെ ഭാഗമായ കാനനയാത്രവളരെ തന്മയത്തോടെ പകര്‍ത്തി .. വായിച്ചു കഴിഞ്ഞപ്പോള്‍ കാനന യാത്ര മനസ്സു നിറയെ ആസ്വദിച്ച ഒരു പ്രതീതി . ഒരുപാടു നന്ദി ..കാടിന്റെ ഹരിതഛായയിലൂടെ കലർപ്പില്ലാത്ത പ്രകൃതിയെ അടുത്തറിയുക എന്നത് എന്റെ യും ഒരു സ്വപനമാണ് -
    വീണ്ടും വരാം... സ്നേഹാശംസകളോടെ....

    ഹരിതഭൂമിയെ ഒരു സ്വപ്നമായി എന്നും മനസ്സിൽ സൂക്ഷിയ്ക്കുന്ന ഒരു കൊച്ചു യാത്രികന്‍ ...

    ReplyDelete
    Replies
    1. ആഷ്, സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും ഏറെ നന്ദി.. ഹരിതവർണ്ണം പുതച്ച ഭൂമി ഏറെക്കാലമായി എന്റെയും ഒരു സ്വപ്നമാണ്..ഉടൻ തന്നെ അതിനായുള്ള ചില പ്രവർത്തനങ്ങൾ തുടങ്ങുന്നുണ്ട്.. എല്ലാ സഹകരണങ്ങളും പ്രതീക്ഷിയ്ക്കുന്നു. ഇനിയുള്ള യാത്രകൾ എല്ലാംതന്നെ വനയാത്രകൾ ആയിരിയ്ക്കും.. എല്ലാ യാത്രകളിലേയ്ക്കും ഹാർദ്ദവമായ സ്വാഗതം. സ്നേഹപൂർവ്വം ഷിബു തോവാള.

      Delete
  2. മനോഹരമായ ദൃശ്യങ്ങളും വിവരണവും. ഇനിയും ഇത്തരം 
    യാത്രക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. ഉണ്ണിച്ചേട്ടാ..തീർച്ചയായും.. ഉടൻ തന്നെ കൂടുതൽ യാത്രാക്കുറിപ്പുകളുമായി എത്തുന്നതായിരിയ്ക്കും.

      Delete
  3. What a nice description and pictures Shibu bhai. Excellent.

    ReplyDelete
    Replies
    1. ഫിയോനിക്സ്..വളരെ നന്ദി...തുടർന്നും താങ്കളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു.. സ്നേഹപൂർവ്വം

      Delete
  4. മനോഹരമായ ചിത്രങ്ങൾ. ഭംഗിയായ വിവരണം. ഏതാ കൂടുതൽ നല്ലതെന്നു പറയാൻ വയ്യ.

    ReplyDelete
    Replies
    1. വളരെ നന്ദി എഴുത്തുകാരീ.

      Delete
  5. വിവരണം നന്നാകുന്നുണ്ട് ഷിബു...ചിത്രങ്ങളും...

    ReplyDelete
    Replies
    1. വളരെ നന്ദി രഘുനാഥേട്ടാ...

      Delete
  6. ഷിബുവിന്റെ ചിത്രങ്ങളെക്കുറിച്ചു പറഞ്ഞു ഞാൻ മടുത്തു. ഓരോ യാത്രയിലും കൂടുതൽ മികച്ച ചിത്രങ്ങൾ. ഡൽഹിയിൽ നിന്ന് യാത്ര കേരളത്തിലെത്തിയപ്പോൾ ഭാഷക്കും ഒരു പച്ചപ്പ് കൂടിയ പോലെ....

    മുല്ലപ്പെരിയാറിന്റെ കാഴ്ച്ക്കൾക്കായി കാത്തിരിക്കുന്നു.

    സസ്നേഹം,
    പഥികൻ

    ReplyDelete
    Replies
    1. പഥികൻ, വളരെ നന്ദി. ഓരോ യാത്രയിലും ചിത്രങ്ങളൂം, എഴുത്തിന്റെ ശൈലിയും മെച്ചപ്പെടുത്തുവാൻ പരിശ്രമിയ്ക്കുന്നുണ്ട്.. യാത്രകൾ ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിയുന്നതിൽ വളരെ സന്തോഷം...
      മുല്ലപ്പെരിയാർ യാത്രയുമായി ഉടൻ എത്തുന്നതായിരിയ്ക്കും.
      സ്നേഹപൂർവ്വം ഷിബു തോവാള.

      Delete
  7. ഗംഭീര വിവരണം. ഷിബുവിനെപ്പോലെയോ സോജനെപ്പോലെയോ എഴുതാൻ പറ്റിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാണാവോ ഈ റൂട്ട് പിടിക്കാൻ ഭാഗ്യമുണ്ടാവുക. നാട്ടിൽ വന്ന് ഇമ്മാതിരി പരിപാടികളൊക്കെ നടത്തുമ്പോൾ ഈയുള്ളവനെക്കൂടെ ഒന്ന് അറിയിക്കാമ്മേലേ ? :)

    ഇറ്റലിക്കാർക്ക് എന്താ പ്രശ്നം? കപ്പലീന്ന് വെടിവെച്ച് ആളെക്കൊന്ന നാവികരെ അകത്തിട്ടിരിക്കുന്നതിന്റെ ചൊരുക്കോ മറ്റോ ആണോ ? :)

    ReplyDelete
    Replies
    1. നിരക്ഷരാ....ഇതൊക്കെ ഭയങ്കര പ്രശംസയായിപ്പോകുന്നു കേട്ടോ.. മനോജിന്റെ യാത്രാവിവരണം വായിച്ചാണ് ഞാൻ ബ്ലോഗെഴുത്തിൽ വന്ന് ചാടിയത്... പലപ്പോഴും നിരക്ഷരന്റെ വിവരണങ്ങൾ വായിച്ച്, അതിന്റെ ഒഴുക്ക് മനസ്സിലാക്കിയാണ് ഞാൻ എഴുത്ത് തുടങ്ങാറുള്ളത്.. എഴുത്ത് നന്നാകുന്നുവെങ്കിൽ, അതിന്റെ ഒരോഹരി നിരക്ഷരനും സ്വന്തം.
      (പണമായിട്ടില്ല കേട്ടോ :)

      നാട്ടിൽ ഉണ്ടായിരുന്നോ.. പോസ്റ്റുകൾ ഒന്നും കാണാതിരുന്നതുകൊണ്ട് ഞാനോർത്തു ഫീൽഡിലാണെന്ന്.. ഞാൻ കൊച്ചിയിലും എത്തിയിരുന്നു.. ഇനി വരുമ്പോൾ അറിയിക്കാം..

      ഇറ്റലിക്കാർക്ക് അതിന്റെ ചൊരുക്ക് ആണെന്ന് തോന്നുന്നില്ല.. അവർ ഒരു പ്രത്യേക രീതിക്കാർ ആയിരുന്നു.. കാടിനുള്ളിൽ സിഗററ്റും വലിച്ച്..അതും വേനൽക്കാലത്ത്. പറഞ്ഞിട്ട് മനസ്സിലാകുന്നുമില്ല...എന്തു ചെയ്യാം.. നമ്മുടെ എക്കോ ടൂറിസത്തിന്റെയും, കാടുകളുടെയും ഗതികേട്..

      Delete
  8. ഫോട്ടോകള്‍ എത്ര സുന്ദരം..വാക്കുകളും തഥൈവ.

    ReplyDelete
    Replies
    1. അജിത്, സന്ദർശനത്തിനും, അഭിപ്രായത്തിനും ഏറെ നന്ദി. :)

      Delete
  9. പ്രിയ ഷിബു,
    ഇത് വെറുമൊരു യാത്രാ വിവരണം മാത്രമല്ലല്ലോ .
    ഒരു സന്ദേശമായി എവിടെയൊക്കെയോ എത്തേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട് ഇതില്‍. കാടിന്റെ നശിപ്പിക്കുന്ന എല്ലാ ദുശക്തികള്‍ക്കുമെതിരെ ഉള്ള ആത്മരോഷം വായിച്ചെടുക്കാം. പക്ഷെ നമ്മുടെ രോഷമെല്ലാം വെറും വാക്കുകളില്‍ ഒതുക്കാനെ പറ്റൂ. വേലി വിളവു തിന്നുന്ന കാലത്ത് മറ്റെന്തു ചെയ്യാന്‍ .അല്ലേ..?
    ഇനി പോസ്റ്റിലേക്ക് വരാം.
    കാണുന്ന കാഴ്ചകളെ ജീവന്‍ നഷ്ടപ്പെടാതെ വരികളായും ചിത്രങ്ങളായും ഒരുക്കുന്നതില്‍ ഷിബുവിലെ എഴുത്തുക്കാരനും ഫോട്ടോ ഗ്രാഫറും ഒരിക്കലും നിരാശപ്പെടുത്താറില്ല. വനപര്‍വ്വത്തിന്റെ അതിമനോഹരമായ ഒരു വിവരണം തന്നെ ഒരുക്കിയിട്ടുണ്ട് ഇവിടെ. പോസ്റ്റില്‍ തുടക്കത്തിലേ മനോഹരമായ വരികള്‍ തന്നെ തുടര്‍ വായനക്ക് നമ്മെ താല്പര്യപ്പൂര്‍വ്വം ക്ഷണിക്കുന്നുണ്ട്‌. കാടിനെ പറ്റി, കാട്ടിലെ അനുഭവങ്ങളെ പറ്റി, ജീവികളെ പറ്റി, കൊള്ള വെടിഞ്ഞു കാടിന്റെ സംരക്ഷകരമായി മാറിയ ആദിവാസികളെ പറ്റി, എല്ലാം ഭംഗിയായി പറഞ്ഞു തന്നു. ചിത്രങ്ങളുടെ മിഴിവ് എടുത്ത് പറയുന്നു.
    യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും മനോഹരമായ വിശേഷങ്ങള്‍ ഒരുക്കുന്നു ശിഇബുവിന്റെ യാത്രാ ലോകം ഇനിയും വിശാലമാവട്ടെ.
    ഹൃദയംനിറഞ്ഞ ആശംസകള്‍ .

    ReplyDelete
    Replies
    1. പ്രിയ മൻസൂർ, ഇത്രയും വിശദമായി നൽകിയ അഭിപ്രായത്തിന് ആദ്യമേ നന്ദി പറയുന്നു.. പരിസ്ഥിതി നശീകരണം എന്നെ എന്നും വേദനിപ്പിയ്ക്കുന്ന ഒരു കാര്യം തന്നെയാണ്.. പരിസ്ഥിതി നശീകരണത്തിനെതിരായി പല പുതിയ പദ്ധതികളും ഞങ്ങൾ കുറെ സുഹൃത്തുക്കൾ ചേർന്ന് പ്ലാൻ ചെയ്യുന്നുണ്ട്. കാരണം ഈ ഭൂമി നമുക്കുവേണ്ടി മാത്രമുള്ളതല്ല.. കോടാനുകോടി ജീവജാലങ്ങൾക്കും, വരുവാനിരിയ്ക്കുന്ന പല തലമുറകൾക്കും കൂടിയുള്ളതാണ്. അവർക്കായി എന്തെങ്കിലും നാം ബാക്കി വയ്ക്കണ്ടേ...?
      നമ്മൾ പലരും ബ്ലോഗിൽക്കൂടി നടത്തുന്ന പരിസ്ഥിതി വാദമാല്ല ഇന്നത്തെ ഭൂമിയ്ക്ക് ആവശ്യം..നമ്മൾ നട്ടുവളർത്തുന്ന ഒരു ചെറു ചെടി, ഒരു മരം, ഒരു ചെറിയ പുൽനാമ്പുപോലും നമ്മുടെ ഈ ഭൂമിയ്ക്ക് ഒരു മുതൽക്കൂട്ടാവുകയാണ്.. ഈ യാഥാർഥ്യം പൊതുസമൂഹത്തിൽ എത്തിയ്ക്കുവാനുള്ള പ്രയത്നത്തിലാണ് ഞങ്ങൾ.. അന്നന്നത്തെ അപ്പത്തിനുപോലും വകയില്ലാതിരുന്നിട്ടും, ഈ പ്രകൃതിയെ സംരക്ഷിയ്ക്കുവാൻ വിശ്രമമില്ലാതെ പണീയെടുക്കുന്ന ധാരാളം ആളുകൾ കേരളത്തിലുണ്ട്..അവരെയും, അവരുടെ പ്രവർത്തനങ്ങളെയും നിങ്ങൾക്ക് പരിചയപ്പെടുത്തണമെന്നുണ്ട്.. മുൻപോട്ടുള്ള എല്ലാ യാത്രകളിലും നിങ്ങളുടെയൊക്കെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
      സ്നേഹപൂർവ്വം ഷിബു തോവാള.

      Delete
  10. good narration and good pictures

    ReplyDelete
  11. “കാടകങ്ങളിൽ വസന്തത്തിന്റെ വിരുന്നുവിളി മുഴങ്ങിത്തുടങ്ങിയിരുന്നു... വനകന്യകമാരുടെ മംഗല്യകാലം വിളിച്ചറിയിച്ച്, കാട് കൂടുതൽ സുന്ദരിയാകുന്ന കാലമാണിത്.. സ്വയംവരപ്പന്തലിന് വർണ്ണത്തൊങ്ങലുകൾ ചാർത്തിയതുപോലെ, കാട്ടുമരങ്ങൾ അടിമുടി പൂത്തുലഞ്ഞു നിൽക്കുന്നു..... നിറഭേദങ്ങളുടെ തലപ്പാവ് കെട്ടിയൊരുങ്ങിയ, കാട്ടുമുരിയ്ക്കും, കുരങ്ങാട്ടിയും, വെള്ളിലയും പേരറിയാത്ത അനവധി വൃക്ഷങ്ങളും മലനിരകളെ തഴുകിയെത്തുന്ന ഇളംകാറ്റിന്റെ താളത്തിനൊത്ത് നൃത്തമാടുന്ന നയനാനന്ദകരമായ കാഴ്ചകളാണ് എവിടെയും.... “

    ഇത്രമനോഹരമായ ഭാഷയിലൂടെ സാഹിത്യത്തിന്റെ മേമ്പോടി
    ചേർത്ത് നമ്മുടെ ബൂലോഗത്തിൽ ആരും തന്നെ എഴുതാറില്ല എന്നത് സത്യം..

    നമ്മുടെ കാടകങ്ങളുടെ വശീകരണ സുന്ദരമായ വന
    ഭംഗിയുടെ മുഖഛായ മുഴുവൻ പകർത്തിവെച്ചിരിക്കുകയാണല്ലോ ഷിബു ഇവിടെ അല്ലേ...
    മൻസൂർ ചെറുവാടിയുടെ അഭിപ്രായത്തിന്റടിയിൽ
    ഞാനും തുല്ല്യം ചാർത്തുന്നൂ...

    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
    Replies
    1. മുരളിയേട്ടാ....ഏട്ടന്റെ അഭിനന്ദനങ്ങൾക്കും, പ്രശംസയ്ക്കും ഏറെ നന്ദി... പച്ചപ്പു നിറഞ്ഞ നമ്മുടേ കാടിനെക്കുറിച്ചാകുമ്പോൾ വർണ്ണിച്ചെഴുതുവാൻ ഏറെ ഉണ്ടല്ലോ.അറിയാവുന്നതെല്ലാം ഈ യാത്രയിൽ എഴുതിക്കൂട്ടി..പക്ഷെ ഇനിയും കാട്ടിലേയ്ക്കുള്ള യാത്രാവിവരണങ്ങൾ ഏറെ അവശേഷിയ്ക്കുന്നുണ്ട്..അപ്പോൾ എന്താ എഴുതുക എന്നു മാത്രം അറിയില്ല.
      സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും ഏറെ നന്ദി..
      സ്നേഹപൃവ്വം...

      Delete
  12. ഷിബു... വളരെ നല്ല വിവരണം. മനോഹരങ്ങളായ ചിത്രങ്ങളും കൂടി ചേര്‍ന്നപ്പോള്‍ ശരിക്കും കണ്ടതുപോലെ തന്നെ. പല പ്രാവശ്യം തേക്കടിയില്‍ ബോട്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അവിടെ ട്രെക്കിങ്ങിന് പോകുവാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും അടുത്ത തവണ ആ കുറവ്‌ തീര്‍ക്കണം...

    ReplyDelete
    Replies
    1. ജിമ്മി, ബോട്ടുയാത്രകളേക്കാൾ ഏറെ ആകർഷണം, ഈ വനയാത്രകൾ ആണ്...ഒരിയ്ക്കലെങ്കിലും പോയിരിയ്ക്കണം...വളരെയേറെ പാക്കേജുകൾ അവിടെയുണ്ട്...ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.ചിലതൊക്കെ അല്പം ചിലവേറിയതാണെന്നു മാത്രം..യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നന്നായിരിയ്ക്കും. എല്ലാവിധ ആശംസകളും നേരുന്നു..

      Delete
  13. വൊവ് ....അതി മനോഹരം...
    അന്ച്ചുരുളിയില്‍ ഞാനും ഒന്ന് പോയിരുന്നു, സമയം കിട്ടിയാല്‍ ഈ ലിങ്ക് ഒന്ന് നോക്കിയേക്കണേ.




    http://nazhika.blogspot.in/2012/02/blog-post.html

    ReplyDelete
    Replies
    1. പ്രിയ സുമേഷ്...തുരങ്കമുള്ള അഞ്ചുരുളിയും, തേക്കടിയിലെ അഞ്ചുരുളിയും രണ്ട് സ്ഥലങ്ങളാണ്..
      തുരങ്കം ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുമാണ് ആരംഭിയ്ക്കുന്നത്( ഇരട്ടയാർ).അതിൽക്കൂടി ഞങ്ങൾ നടന്നുപോയിട്ടുമുണ്ട്...

      തേക്കടിയിലെ അഞ്ചുരുളി, കാടിന്റെ നടുവിലുള്ള ഒരു പ്രദേശമാണ്...
      സന്ദ്ർശനത്തിന് പ്രത്യേകം നന്ദി പറയുന്നു.
      സ്നേഹപൂർവ്വം ഷിബു തോവാള.

      Delete
  14. പ്രിയപ്പെട്ട ഷിബു,
    ഇത്രയും മനോഹരമായ കാടിന്റെ വര്‍ണനകള്‍ എവിടെയും വായിച്ചിട്ടില്ല. മനസ്സില്‍ കുളിര് കോരി, കണ്ണിനു വിരുന്നേകി, കവിതയൊഴുകുന്ന വരികളും,വിസ്മയിപ്പിക്കുന്ന ഫോട്ടോസും ! ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍, അതൊരനുഭവമായി മാറുകയായിരുന്നു. ഷിബുവിന്റെ കൂടെ, യാത്രയിലെ ഉത്സാഹവും,വന്യമൃഗങ്ങളെ കാണാനുള്ള ആകാംക്ഷയും,പേരറിയാപൂക്കളുടെ സൗന്ദര്യവും എല്ലാം മറക്കാനാവാത്ത അനുഭൂതിയായി.
    തത്തമ്മയും ശീമക്കൊന്നമരങ്ങളുടെ പൂക്കളും എന്ത് രസമാണ് !
    ആനക്കൂട്ടം ശരിക്കും മോഹിപ്പിച്ചു..........!
    യാത്ര.......അതീവസൂക്ഷ്മതയുള്ള നിരീക്ഷണം......അതിനു ശേഷം, ഇത്രയും ആത്മാര്‍ത്ഥതയോടെയുള്ള അനുഭവസമര്‍പ്പണം.....!Hats off to you for this visual treat ! Heartfelt Congrats....!Keep writing........keep rocking. I will share your link in facebook.
    ശുഭരാത്രി !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനുപമ..നിങ്ങളെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഞാൻ ഏറെ വിലമതിയ്ക്കുന്നുണ്ട്.. ഒപ്പം നന്ദിയും അറിയിയ്ക്കുന്നു.. എന്റെ ഇഷ്ടപ്പെടുന്ന പോസ്റ്റുകളുടെ ലിങ്കുകൾ ഫെയ്സ്ബുക്കിൽ പബ്ലിഷ് ചെയ്യുന്നതിൽ സന്തോഷമേയുള്ളു.(ഞങ്ങൾക്ക് ഓഫീസിൽ ഫെയ്സ്ബുക്ക്, ബ്ലോക് ആണേ :) )
      തുടർന്നും എല്ലാ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്...

      Delete
  15. ഇത് വെറും യാത്രാ വിവരണം എന്ന് പറയാന്‍ പറ്റില്ല. പ്രകൃതിയില്‍ നിന്നാവാഹിച്ച അടയാള പ്പെടുത്തലുകള്‍ ആണ്. കാഴ്ചകളുടെ ആത്മാവിലേക്ക് വായനക്കാരനെ കൊണ്ടുപോകാനുള്ള ഷിബു വിന്റെ കഴിവ് അപാരമാണ്. ഞാന്‍ കഥ പറയുകയല്ല. എന്നിലൂടെ നിങ്ങളും കഥ അനുഭവിക്കുക യാണ് എന്ന് ഇദ്ദേഹം നമ്മൂടെ പറയുന്നു. പൂര്‍ണ്ണ തൃപ്തി നല്‍കി. ആശംസകള്‍

    ReplyDelete
    Replies
    1. അബ്ദുൾ നിസ്സാറിക്ക... സന്ദർശനത്തിനും, ആത്മാർത്ഥമായ അഭിപ്രായങ്ങൾക്കും ഏറെ നന്ദി അറിയിയ്ക്കുന്നു..
      സ്നേഹപൂർവ്വം..

      Delete
  16. ഷിബു ..വളരെ വളരെ നല്ലൊരു യാത്രാ വിവരണം !!!!
    ഒന്ന് നാട് വരെ ഓടി പോയി എല്ലാം കണ്ടു തിരിച്ചു വന്നത് പ്പോലെ ..,കാട്ടിലൂടെ നടന്ന് ,കിളികളുടെ സ്വരവും കേട്ട് ,പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്ന യാത്ര അത്രയ്ക്ക് മനസ്സില്‍ പതിഞ്ഞ യാത്രാ വിശേഷങ്ങള്‍ ..
    നന്നായി ഷിബു .ഇനിയും യാത്രകള്‍ തുടരട്ടെ .

    ReplyDelete
    Replies
    1. വളരെ നന്ദി സിയ..........

      Delete
  17. നിങ്ങളുടെ വിവരണങ്ങളേക്കാൾ പതിന്മടങ്ങ് ശക്തിയേറിയതാണ് അതിനോടനുബന്ധിച്ചുള്ള ചിത്രങ്ങൾ. പിന്നെ,'മനുഷ്യരെയോ, കടുവ, പുലി തുടങ്ങിയ ഹിംസ്രമൃഗങ്ങളെയോ കണ്ടാൽ എല്ലാ ചെറു മൃഗങ്ങൾക്കും മുന്നറിയിപ്പ് കൊടുക്കും.' ഇങ്ങനേയൊരു വാചകം വിവരണത്തിൽ വായിച്ചു. മനുഷ്യരേക്കാൾ വലിയ ഹിംസ്ര മൃഗമോ, എന്ന് ഞാൻ സംശയിച്ചു. എന്തായാലും ഹൃദയസ്പർശിയായ വിവരണം, ചിത്രങ്ങൾ. ആശംസകൾ.

    ReplyDelete
    Replies
    1. മനേഷ്, താങ്കൾ പറഞ്ഞത് തികച്ചും സത്യം തന്നെയാണ്.. മനുഷ്യനേക്കാൾ വലിയ ഹിംസ്രമൃഗം ഭൂമിയിലില്ല..എല്ലാം തച്ചുടച്ചു നശിപ്പിയ്ക്കുന്നതും, കൊന്നൊടുക്കി അതിൽ ആനന്ദം കണ്ടെത്തുന്നതും മനുഷ്യൻ മാത്രമാണ്.. പിന്നെ കാടിനെ സംബന്ധിച്ച് എഴുതിയതുകൊണ്ട് ഈ രീതിയിൽ വിവരിച്ചു എന്നേയുള്ളു. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി ...

      Delete
  18. താങ്കളുടെ ബ്ലോഗുകളുടെ വലിയ പ്രത്യേകത മികവുറ്റ ചിത്രങ്ങള്‍ ആയിരിക്കും എന്നുള്ളതാണ് വളരെ ഇഷ്ടപ്പെട്ടു ഭാവുകങ്ങള്‍ !!

    ReplyDelete
  19. പ്രിയ സ്നേഹിതാ..
    ആവേശത്തോടെയാണ് വായിച്ചത്. ആറിയുവാനാഗ്രഹിച്ചുകൊണ്ടിരുന്ന വിവരങ്ങൾ.
    വളരെ നല്ല ചിത്രങ്ങളും. ഇനിയും യാത്ര തുടരൂ...

    ReplyDelete
  20. അഭിപ്രായം എഴുതുവാൻ വാക്കുകൾ വയ്ക്കാത്ത വിവരണം...ഫോട്ടോകളൊക്കെ ഞാൻ കൊണ്ടോണൂട്ടോ...ഹിഹി..( പബ്ലിഷുമ്പോ കടപ്പാട് വച്ചോളാം )കൊതിപ്പിച്ചു കാടിന്റെ കഥ പറഞ്ഞ്..ആ കാഴ്ചകൾ മനസ്സിൽ നിന്നും പടിയിറങ്ങുന്നില്യാ...ഇനി അടുത്ത ഭാഗം വായിക്കട്ടെ..

    { പേരിൽ ക്ലിക്കിയപ്പോ ജി പ്ലസിലേക്കാ പോയെ..അപ്പോ വിഷമം ആയി...പോസ്റ്റ്സ് ഒന്നും വായിക്കാൻ പറ്റില്യാല്ലോ എന്നു..ഇപ്പോഴാ സമാധാനായെ...ഒന്നു മെയിൽ ചെയ്യണേ പുത്യ പോസ്റ്റ് ഇടുമ്പോ }

    ReplyDelete
  21. ചിത്രം വരച്ചു വെച്ചപോലുള്ള അതിമനോഹരമായ വിവരണം. മിഴിവാർന്ന ചിത്രങ്ങളും. ഇതൊരു യാത്രാ വിവരണം മാത്രമല്ല, അതിമനോഹരമായ ഒരു കാവ്യം പോലെ പ്രകൃതിയെ വായനക്കാരിലേക്ക് അതിന്റെ സൗന്ദര്യം ഒട്ടും ചോർന്നുപോവാതെ എത്തിച്ചു തന്ന അതുല്യമായ ഒരു ലേഖനം തന്നെ. 

    ReplyDelete